ഒന്നാം ക്ലാസ്സ് കഴിഞ്ഞപ്പോഴേക്ക് വേണ്ടി വന്നാല്‍ ഒരു കഥയൊക്കെ എഴുതാം എന്നൊരു വിശ്വാസമായി. പഴയൊരു റിക്കാര്‍ഡ് ബുക്ക് ചോദിച്ചു വാങ്ങി. വരി വളയാതെ എഴുതാന്‍ അന്ന് (ഇന്നും വലിയ വത്യാസമില്ല) പറ്റാത്തതിനാല്‍ സ്കെയില്‍ കൊണ്ട് വരയിട്ടു റൂള്‍ഡ് ബുക്ക് ആക്കി. തുടങ്ങി നോവല്‍ എഴുത്ത്. മൃഗശാലയില്‍ നിന്നു ഒളിച്ചു കടന്ന മയിലിനെ കണ്ടു പിടിച്ചില്ലെങ്കില്‍ ജോലി പോകുമെന്നാ ഭീഷണിയിലായ ഒരു പാവം പോലീസ് മേധാവിയുടെ കഥ. രത്നച്ചുരുക്കം. കഥാനായിക മയില്പ്പിട മൃഗശാലയില്‍ നിന്നു അബ്സ്ക്കോണ്ടി ഒരു മുരുകന്റെ അമ്പലത്തിലെ പൂവനെ ഗാന്ധര്‍വം ചെയ്ത് സുഖമായി താമസിക്കുന്നു. ഏമാന് തൊപ്പിക്കുമേലേറ്റ മന്ത്രിശ്ശാപം മാറ്റാന്‍ പഴനി ആണ്ടവനേ എന്നു വിളിച്ച് അമ്പലത്തിലെത്തുന്നു. അവിടെ കണ്ട ഞെട്ടിക്കുന്ന കാഴ്ച:
എക്സര്‍പ്റ്റ്
"ങേ മയിലിരുന്ന് മുട്ടയിടുന്നുവോ. ഡി എസ് പി ഞെട്ടിപ്പോയി"
കഥയെഴുത്ത് ഇത്രവരെ എത്തിയാപ്പോഴേക്കു ഞാന്‍ ഉറങ്ങിപ്പോയി.
ഞാന്‍ അടുത്ത ദിവസം സ്കൂളില്‍ നിന്നും വന്നു വീട്ടില്‍ കയറുമ്പോള്‍:
ചേട്ടന്-1 (നമ്മള് സാധാരണ പറയുമ്പോലെ അല്ല, അക്ഷരമാല വായിക്കുന്നതുപോലെ) "ങേ"
ചേട്ടന്-2 ചക്രവാളസീമയിലേക്ക് ചൂണ്ടി പ്രേം നസീറിനെപ്പോലെ " എന്ത്? മയിലിരുന്നു മുട്ടയിടുന്നുവോ"
ചേച്ചി (ചേട്ടനെ ചൂണ്ടിക്കാട്ടി) "അതാ ഡി എസ് പി ഞെട്ടി"
ഇന്നീനാളുവരെ അവരെല്ലാം ഒത്തുകൂടുമ്പോള്‍ (ഓണത്തിനോ സംക്രാന്തിക്കോ ഞങ്ങളെല്ലാം കണ്ടാലായി ഇല്ലെങ്കിലുമായി) ഡി എസ് പി ഞെട്ടുന്നത് ആരെങ്കിലും അവതരിപ്പിക്കും. കൂട്ടച്ചിരി. എന്നെ ആരു കളിയാക്കിയാലും ഒരു വിഷമവുമില്ലാതെ കൂടെ രസിക്കാറുള്ള എനിക്ക് ഇന്നും ഈ തമാശ കേള്‍ക്കുമ്പോള്‍ കാലമിത്ര കഴിഞ്ഞിട്ടും സങ്കടം വരും..പേരില്ലാത്ത, പൂര്‍ത്തിയാവാത്ത ഒളിച്ചോടി മുട്ടയിട്ട മയില്‍കഥ.. എന്റെ ആദ്യത്തെ സാഹിത്യ സൃഷ്ടി.അസാനത്തേതെന്നു പറയുന്നില്ല.. ഇതുവരെ പിന്നെ ശ്രമിച്ചിട്ടില്ലെങ്കിലും ഒരു കഥ പറയണമെന്ന് ആഗ്രഹമുണ്ട്, അതെന്നെങ്കിലും പറയും .. നോവലായോ..സിനിമയായോ
എന്റെ, ചേട്ടന്മാരേ, ചേച്ചിമാരേ.ഒരുപാടു കുഞ്ഞനിയന്മാര് ഡി എസ് പി മാരെ ഞെട്ടിച്ചുകളഞ്ഞിട്ടുണ്ട് മഞ്ജിത്തിന്റെ അനുജന്റെ കഥ കൂടെ വായിച്ചിട്ടു പോകണേ.നിങ്ങള്‍ക്കും ശകലം കുറ്റബോധം തോന്നട്ടെ.
6 comments:
ആഹ്ലാദം പകരുന്ന ചില വസ്തുതകള്‍:
ദേവന് എന്നെങ്കിലും ഒരിക്കല്‍ ഒരു കഥയെഴുതും.
(ടെക്ക്നിക്കല്‍:) ബാക്ക്ലിങ്കിലൂടെ നല്ലൊരു ബ്ലോഗിങ് കമ്മ്യൂണിറ്റി വളരുന്നുണ്ട്.
വളരെ നല്ല ഓർമ്മ. ഒരു നല്ല കഥയോ നോവലോ തീർച്ചായയും ഭാവിയിൽ എഴുതും. അന്ന് ഈ പാവം ബ്ലോഗിനെയും ബ്ലോഗന്മാരെയുമൊക്കെ ഓർക്കുമല്ലോ :)
മുട്ട നല്ല മുട്ട
മയിൽ ഇട്ട മുട്ട
മുട്ട നല്ല മുട്ട
ഡി എസ് പിയെ ഞെട്ടിച്ച മുട്ട.
enjoyed reading this:)
ദേവേട്ടാ
എനിക്കു കേള്‍ക്കണം ആ കഥ. എപ്പളാ എഴുതാ?
പേരില്ലാത്ത, പൂര്‍ത്തിയാവാത്ത ഒളിച്ചോടി മുട്ടയിട്ട മയില്‍കഥ.. എന്റെ ആദ്യത്തെ സാഹിത്യ സൃഷ്ടി.അസാനത്തേതെന്നു പറയുന്നില്ല.. ഇതുവരെ പിന്നെ ശ്രമിച്ചിട്ടില്ലെങ്കിലും ഒരു കഥ പറയണമെന്ന് ആഗ്രഹമുണ്ട്, അതെന്നെങ്കിലും പറയും .. നോവലായോ..സിനിമയായോ
മച്ചാന്,
എത്താന്‍ വൈകിയതോണ്ട് വായിക്കാനും ലേശം വൈകി..
മുഴുവന്‍ വായിച്ചു കഴിഞ്ഞിട്ടില്ല്യ.
നോവലായാലും സിനിമയായാലും ഇനി അമാന്തിക്കണ്ട.
ബഹു മച്ചാ,
പഴേതെല്ലാം കുത്തിയിരുന്ന് വായിച്ചോ? നന്റ്രി!.
ബൂലോഗത്ത് വന്നതിനു ശേഷം നാണോം മാനോം ഒക്കെ മാറി ചില്ലറ പരീക്ഷണമൊക്കെ നടത്തിത്തുടങ്ങി. എന്നാലും ഒരെഴുത്തങ്ങോട്ട് എഴുതാന്‍ മാത്രം തന്റേടമൊന്നുമായില്ല. ആകുമായിരിക്കണം..
Post a Comment