Wednesday, November 23, 2005

പാണപ്പണിക്കന്‍

ആറടിയിലധികം ഉയരം. 75 വയസ്സെങ്കിലും പ്രായം കാണും നല്ല വെളുത്ത നിറം, ദേഹത്തിനും മുടിക്കും മീശക്കും കുപ്പായത്തിനും മുണ്ടിനും. കയ്യില്‍ ഒരു ഗാന്ധി മോഡല്‍ ദണ്ഡ്‌. തോളത്ത്‌ മുണ്ടുകൊണ്ടൊരു മാറാപ്പും- വീട്ടിലേക്ക്‌ ഈ രൂപം കയറിവരുന്നതു കണ്ടാല്‍ കുട്ടികള്‍ക്കു പറഞ്ഞാല്‍ തീരാത്ത സന്തോഷമായി.

"അമ്മോ"
അടുക്കളയിലോ അകത്തോ നിന്നു അമ്മ വിളികേള്‍ക്കും "എന്താ?"
"ഓ"
ഈ ഏകാക്ഷരിക്കു പാണപ്പണിക്കന്റെ ഭാഷയില്‍ " ഞാനെത്തീ" എന്നര്‍ത്ഥം. അമ്മ ഒരു വലിയ പായ എടുത്തു പാണപ്പണിക്കനു കൊടുക്കും. പാണപ്പണിക്കന്‍ അതിലിരുന്നു എത്തിയ സമയമനുസരിച്ച്‌ ഊണ്‌ കാപ്പി കഞ്ഞി പുഴുക്ക്‌ എന്തെങ്കിലുമെത്തുന്നതും കഴിച്ച്‌ റെഡിയാകുമ്പോഴേക്ക്‌ ഞങ്ങള്‍ അവരവരുടെ മെത്ത, തലയിണ, വിരിപ്പുകള്‍ ഒക്കെ ഒരു കൂനപോലെ കൂട്ടും. പാണപ്പണിക്കന്റെ പണി ഇതൊക്കെ നന്നാക്കലാണ്‌. ഏറ്റവും ഇളയ ചട്ടമ്പികൂര്‍ക്കശ്രീ ദേവന്‍ മുഖം തലയിണയിലും ചന്തി ആകാശത്തുമാക്കി കമിഴ്നുറങ്ങുന്ന ദേഹമാകയാല്‍ മുന്‍പ്രാവശ്യം പാണപ്പണിക്കന്‍ തൂവെള്ള കവര്‍ തയ്ച്ചിട്ട തലയിണകള്‍ നോര്‍ത്ത്‌ അമേരിക്ക, ആഫ്രിക്ക, അന്റാര്‍ട്ടിക്ക എന്നീ രാജ്യങ്ങളുടെ മാപ്പുകള്‍ വരച്ച കോലത്തിലാണ്‌ തിരിച്ചേല്‍പ്പിക്കാറ്‌.

എന്നെ കിളിക്കുഞ്ഞെന്നായിരുന്നു പാണപ്പണിക്കന്‍ വിളിച്ചിരുന്നത്‌. എന്‍ എന്‍ പിള്ളയുടേതിനോട്‌ സാദൃശ്യമുള്ള ഹാ ഹാ ഹാ
ചിരിയോടെ പാണപ്പണിക്കന്‍ പറയും " ഈ തലയാണേല്‍ മുഴുവന്‍ കിളിക്കുഞ്ഞു പെടുത്തു"

മദാമ്മമ്മരുടെതുപോലെ തുന്നല്‍ പാത്രവും മടിയില്‍ വച്ച്‌ പിച്ചള കത്രികകൊണ്ട്‌ തലയിണയുടെയും മെത്തയുടെം കവര്‍ കീരി പുതിയത്‌ തുന്നുമ്പോള്‍ ഞങ്ങളും പാണപ്പണിക്കന്റെ ചുറ്റും പായിലിരിക്കും. ചിലപ്പോള്‍ പഞ്ഞി കടഞ്ഞ്‌ പുതിയ മെത്തയുണ്ടാക്കന്‍ സഹായിക്കുകയും ചെയ്യും.

പണിക്കന്‍ അസ്സാം റൈഫിള്‍സില്‍ കുക്ക്‌ ആയിരുന്നു പണ്ട്‌. പട്ടാളക്കഥകളും സഞ്ചാരിച്ചു കണ്ട നാടുകളിലെ വിശേഷവുമൊക്കെ പറഞ്ഞു തരും. അതിനെക്കാള്‍ രസം ചെമ്പു കൂറ്റത്തില്‍ തടി കൊണ്ട്‌ കൊട്ടിയപോലെ മുഴങ്ങുന്ന്ന സ്വരത്തില്‍ പാടുന്ന പാട്ടുകളാണ്‌

ചിലതൊക്കെ ചുമ്മാ വരികള്‍
"കുന്നത്തമ്മേടെ നെല്ലാണേ, കൂനന്‍ പട്ടരെ പയ്യാണേ തിന്നട്ടങ്ങനെ തിന്നട്ടേ" എന്നൊക്കെ

ചിലതിനു നാടന്‍ പാട്ടുകളുടെ രീതി
"കുണുക്കിട്ട പെണ്ണേ കുഞ്ഞുണ്ണിക്കാളീ
നിനക്കിട്ട മീന്‍തല നായ്‌ കൊണ്ടു പോയി
നായോട്‌ കൂത്താടി പല്ലൊന്നു പോയി
പല്ലു വയ്പ്പിക്കാന്‍ പണം പത്തു പോയി"

ജോലി കൂടുതലുണ്ടെങ്കില്‍ പാണപ്പണിക്കന്‍ നൈറ്റ്‌ ഷിഫ്റ്റും ചെയ്യും. കൊതുകിന്റെയും വണ്ടിന്റേയും കടി സഹിച്ച്‌ രാത്രി "പോയിക്കിടന്നുറങ്ങു കിളിക്കുഞ്ഞേ" എന്ന ഉപദേശവും കേള്‍ക്കാതെ ഞാന്‍ കഥ കേട്ടിരിക്കും. ഒരു കൂന പഴന്തുണി പറമ്പില്‍ട്ടു കത്തിച്ച്‌. "ഇതു കിളിക്കുഞ്ഞിന്റെ മത്തി തലയിണ, ഇതു വല്യകുഞ്ഞിന്റെ
കാളത്തലയിണ" എന്നിങ്ങനെ കോടിയുടെയും ഉണങ്ങിയ ഇലവിന്‍ പഞ്ഞിയുടെയും മണമുള്ള തലയിണയും വിതരനം ചെയ്തു കഴിഞ്ഞാല്‍ അമ്മ പാണപ്പണിക്കനു ഭക്ഷണമെത്തിക്കും. പൈസ, തുണി, അരി തുടങ്ങി എന്തും പാണപ്പണിക്കന്‍ കൂലിയായി വാങ്ങുകയും ചെയ്യും. ഇതെല്ലാം കഴിഞ്ഞാല്‍ ഭാണ്ഡവും വടിയുമെടുക്കും
"അമ്മോ"
"എന്താ"
"ഓ"
അതിനു " ഞാനിറങ്ങുന്നു" എന്നര്‍ത്ഥം.

2 comments:

വക്കാരിമഷ്‌ടാ said...

നോസ്റ്റാൾജിക്കാ..........നാട്ടിലിരിക്കുന്നതുപോലെ..... തലയിണയിൽ ഭൂലോകം വര ഇപ്പോഴും നിർബാധം തുടരുന്നു....വാ തുറന്നുറങ്ങിയുറങ്ങി പല്ലൊക്കെ പൊങ്ങി ആകാശത്തു മുട്ടാറായി. ഇന്നാള് ഫോട്ടോ ഫ്രെയിം ചെയ്യാൻ കൊടുത്തപ്പോൾ കടക്കാരൻ പറഞ്ഞു, ചില്ലിടാൻ പറ്റൂല്ലാന്ന്....പല്ല് ചില്ലേ മുട്ടുമത്രേ.....

കലേഷ്‌ കുമാര്‍ said...

സുഖമുള്ള നൊസ്റ്റാൾജിയ!