Saturday, December 31, 2005

വന്മരങ്ങൾ വീഴുമ്പോൾ

ഹാവൂ
പല സംഘങ്ങളായിപ്പിരിഞ്ഞ്‌ പലയിടങ്ങളിൽ തമ്പടിച്ച്‌ നിത്യവൃത്തിക്കായുള്ള അഭ്യാസം നടത്തുന്നവരാകയാൽ ആഡിറ്റ്‌ ഉഴൈപ്പാളർ പലരും ഒരേ ആപ്പീസിൽ നിന്നും ശമ്പളവും ബത്തയും പറ്റുന്നവരാകിലും പരസ്പരം അറിയില്ല. ശിവസുബ്രഹ്മണ്യ അയ്യരും ദേവരാഗവും അങ്ങനെ പരസ്പരം അറിയാതെ ഒരേ മുതലാളിക്കുവേണ്ടി പണിയെടുത്തിരുന്നവരായിരുന്നു. പഠാൺചേരു എന്ന ഓണംകേറാമൂലയിൽനിന്നും ഹൈദരാബാദില്‍ മേവും പുലികള്‍ ഞങ്ങളെ താണുവണങ്ങി കമ്പനി കനിഞ്ഞു തരുന്ന സർവ്വാണി സദ്യ (ആംഗലേയത്തില്‍ ബുഫേ എന്നു പറയും) കഴിക്കാൻ സംഘാംഗമായെത്തുമ്പോളാണ്‌ ചെറുപട്ടരും ഞാനും ആദ്യമായി മുട്ടിയത്‌. സീനിയർ, വലിപ്പം കൂടിയവൻ എന്നൊക്കെ ചില്ലറ ജാഡ ഞാൻ കാട്ടിയോ? ഇല്ലെന്ന്‌ ഉറപ്പിച്ച്‌ പറയവയ്യ.

സംഘദ്വയസംഗമം അന്നു വൈകുന്നേരം ഒരു ഹിന്ദി സിനിമക്കു പോകാൻ തീരുമാനിച്ചു . മർദ്ദം എന്ന അമിതഭക്ഷൺ-അമൃതസിംഹിനി ജോഡി അടിനയിച്ച ടെൻഷനോവിഷൻ ചിത്രത്തിലെ നായകൻ ഒരു വിമാനത്തിന്റെ വാലിൽ കൌ ബോയ്‌ കുരുക്ക്‌ ഇട്ടു തെങ്ങിൽ‍ കൊണ്ട്‌ കെട്ടി സായിപ്പിനെ തോല്‍പ്പിക്കുന്ന രംഗം കണ്ട ശേഷം ഇനിയൊരിക്കലും ഹിന്ദി കാണുകയോ കാണുന്നവനെക്കാണുകയോ ചെയ്യില്ല എന്നു തീരുമാനിച്ചിരുന്ന ഞാൻ ഇത്തരം
മൃഗീയഭൂരിപക്ഷഭോഷ്കിനെതിരേ ആകെ എനിക്കവകാശപ്പെട്ട പ്രതിഷേധമായ വാക്കൌട്ട്‌ നടത്താൻ തീരുമാനിച്ചു. അയ്യർ ഹിന്ദി നമുക്കും അലർജിയെന്നു പറഞ്ഞ്‌ എന്റെ കൂടെ ഇറങ്ങിവന്നു.

കുഞ്ഞയ്യർ , ഞാന്‍, നടുവില്‍ അപരിചിതത്വം പശ്ചാത്തലത്തില്‍ ഹിന്ദിയും തെലുങ്കും പാട്ടുകളും - ആകെ ഒരു സുഖമില്ലാത്ത വൈകുന്നേരം. നടന്നെത്തിയത്‌ ബിർളാ മന്ദിറില്‍ (അയ്യരുമാർ എല്ലാം മഹാ ഭക്തർ എന്ന ഒരു തെറ്റിദ്ധാരണയിലാണ്‌ ഞാൻ സാധനത്തിനെ വെങ്കിടീസന്നിധിയിലെത്തിച്ചത്‌)

കാറ്റൊക്കെ കൊണ്ട്‌ പടികേറി മുകളിലെത്തി. വെറുതേ കുറെ നേരം മുകളിൽ നിന്നു. രൂക്ഷമായ ജമന്തിപ്പൂക്കളുടെ മണം സഹിക്കവയ്യാതെ താഴേക്കിറങ്ങാൻ തൂടങ്ങുമ്പോളാണ്‌ ഉന്തിത്തള്ളി ഞങ്ങളുടെ പിന്നില്‍ പടിയിറങ്ങുന്ന ഒരു സ്ത്രീയെക്കണ്ടത്‌-ആരോ ശ്രദ്ധിക്കുന്നല്ലോ എന്ന്‌ ആറാം ഇന്ദ്രിയം പറഞ്ഞപ്പോൾ അറിയാതെ നോക്കിപ്പോയതാണ്‌. അവർ ചിരിച്ചു. ഞാനും. പക്ഷേ ഒരു പരിചയവും തോന്നുന്നില്ലല്ലോ.

"ശിവസുബ്രഹ്മണ്യം, ഒരു സ്ത്രീ നോക്കി ചിരിക്കുന്നല്ലോ, നിങ്ങളെയാണോ?"
ചിന്നമ്പി സൂക്ഷിച്ചു നോക്കി.

"നല്ല പരിചയം. എന്റെ കൂടെ പഠിച്ച ഭാഗ്യശ്രീയുടെ ഒരു ചേച്ചി ഹൈദരാബാദിലാണെന്ന്‌ പറഞ്ഞിരുന്നു. അവരായിരിക്കും"
ആണെന്നെനിക്കും തോന്നി, കാരണം അവര്‍ ഞങ്ങളുടെ നേരേ നടന്നു വരികയാണ്‌. പക്ഷേ...ഒരു ജാതി ചിരി. ഏയ്‌ എന്റെ മനസ്സു ചീത്തയായോണ്ടാ.. ആണോ... അല്ലേ?

ബിർളാവിന്‍ ശമ്പളം വാങ്ങും ഒരു സെക്യൂരിറ്റി ഗാർഡ് അടുത്തുവന്ന്‌ എന്നോട്‌ തെലുങ്കിൽ എന്തൊക്കെയോ പറഞ്ഞു. ഒരക്ഷരം തിരിഞ്ഞില്ലെങ്കിലും ആ വാക്കുകളെ അനുഗമിച്ച കടക്കെടാ പുറത്ത്‌ എന്ന ആംഗ്യത്തില്‍ നിന്നും എനിക്കെല്ലാം തെളിഞ്ഞു കത്തി.

"ഡോ, ഇതു മറ്റേതാ" (ശിവസുബ്രമണ്യം എന്ന എന്റെ കനം കയറ്റിയ വിളി വിളിക്കാന്‍ ടെന്‍ഷനില്‍ മറന്നു)

"മറ്റേതോ?" നിഷ്ക്കളങ്കപ്പട്ടർ
"അതൊരു കാൾ ഗേൾ ആണെന്ന്‌"
"അയ്യോ ദേവാ നമ്മളു ചിരിച്ചത്‌ അബദ്ധമായല്ലോ" (ഒരു നിമിഷം മുന്നെ വരെ ഞാൻ സീനിയര്‍ മിസ്റ്റർര്‍ ദേവ്‌ ആയിരുന്നു)

"വലിയാം, സ്പീഡിൽ നട ശിവാ"

ആൾത്തിരക്കിൽ സ്പീഡിനു പരിമിതിയുണ്ടല്ലോ. അവരും സ്പീഡ്‌ കൂട്ടി ഞങ്ങൾക്കൊപ്പമെത്താൻ നോക്കുകയാണ്‌. തിരക്കുള്ള കസ്റ്റമർഎന്നു കരുതിയിട്ടുണ്ടാവും.

പാഞ്ചാലിയുടെ മാനം രക്ഷിക്കാൻ കൃഷ്ണന്‍ കണ്ടിന്യുവസ്‌ സ്റ്റേഷനറിപോലെ തീരാച്ചേലയയച്ചെന്ന്‌ ആ മുക്കുവച്ചെക്കൻ എഴുതിയത്‌ സത്യമാണെന്ന്‌ തോന്നുന്നു, കാരണം ഞങ്ങളുടെ മാനം കാക്കാൻ ബിർളാമന്ദിരേശൻ ഒരു ബീർ പാർലർ‍ പ്രത്യക്ഷമാക്കിത്തന്നു മുന്നിൽ. ഓടിക്കേറി. തിരിഞ്ഞു നോക്കി. ബാറിംഗ്‌ നടത്താൻ മാത്രം തറ ആയിരുന്നില്ല ധർഷിണീജ്ഞേയസുന്ദരി. ഹാവൂ.

സുരാസുരം
സുരശാലക്കുള്ളിൽ ഞാനും ശിവനും പരസ്പരം കണ്ണിൽ നോക്കി നിന്നു.
"ശിവാ യക്ഷിയെപ്പേടിച്ച്‌ പനയിൽ കയറി. ഇവിടെയിരുന്ന്‌ പാലുകുടിച്ചാലും..."
ഐസ്‌ ഞാൻ തന്നെ പൊട്ടിച്ചു.

"ഞാനും അതു തന്നെ ആലോചിച്ചത്‌. ഓരോന്നടിക്കാം? പക്ഷേ ഞാനിന്നൊന്നും കഴിച്ചിട്ടില്ലല്ലോ?" ബ്രാഹ്മണർക്ക് ഒരു നിശ്ശത്തിന്റേ കൂടെ ഒരു സംശ്യം ഒറപ്പാന്നു പണ്ടു ആറ്റുവാശ്ശേരി തിരുമേനി പറഞ്ഞതെത്ര സത്യം.

"സർക്കാർ‍ ഭോജനം വേണ്ടെന്നു വച്ച്‌ ശാപ്പാടും ഇവിടാക്കാം ശിവാ" ഞാൻ ഉറപ്പിച്ചു.
ഇരുന്നു.
കഴിച്ചു- കടായി വെജിറ്റബിള്‍സ്‌, ആലു പറണ്ടാ.
കുടിച്ചു- ഹേയ്‌വാർ‍ഡ്‌സ്‌ 2000

രാത്രി പത്തു മണി. ഇറങ്ങി നടന്നു. എന്തത്ഭുതം, ഒരൊറ്റ ഓട്ടോ പോലും ഈ നഗരത്തിന്റെ ഹൃദയത്തിന്റവുത്തില്ല പത്തുമണിയെന്ന യുവനിശാവേളയില്‍. പുല്ലാ, പുല്ല്‌. നീട്ടി നടന്നു ഹോട്ടലിലെത്തി.

അത്യാഹിതം
ഗോസായിഭക്തർ റൂമില്‍ത്തന്നെയുണ്ട്‌.
"എന്തരേ പയലുകളേ റ്റിക്കറ്റ്‌ കിട്ടിയില്ലേ?" ഞാന്‍ അന്വേഷിച്ചു
"നിങ്ങളിതെവിടെയായിരുന്നു, ഞങ്ങളാകെ പേടിച്ചുപോയല്ലോ" എന്നു സിനിമകാണാത്തവർ
ഞാൻ കാര്യമെന്തെന്ന് തിരക്കി.
രാജീവ്‌ ഗാന്ധി മരിച്ചു, മദ്രാസിനടുത്ത്‌ പുലികൾ ബോംബ്ബു വച്ചു കൊന്നതാ.
"ങേ?" ഞാനും ശിവനും ഡി എസ്‌ പിയെക്കാൾ ശക്തിയില്‍ ഞെട്ടി.

പിന്നെ വിശദവിവരങ്ങളറിയാൻ‍ റ്റീവീ വച്ചു.. ങേ ഹേ. ആറ്റം പോലെ ഓടുന്ന വെള്ളപ്പൊട്ടുകൾ മാത്രം. ദുഷ്പ്രസരണം നിറുത്തിവച്ചിരിക്കുന്നു.

ശിവനടങ്ങുന്ന പഠാണിച്ചെരുവുവാസികൾക്ക് അടുത്ത ദിവസം ആക്ച്വലി ആക്ച്വറിയുമായി ഒരു മീറ്റിംഗ്‌ ഉണ്ട്‌. ആരു മരിച്ചെന്നു പറഞ്ഞാലും അവിടെത്തിയേ പറ്റൂ. രാത്രി കിട്ടിയ റ്റാക്സി വിളിച്ചു. റോഡുകൾ അടയും മുന്നേ അവർ നഗ്ഗരം വിട്ടു. അടുത്ത ദിവസം ബന്ദ്‌ ഉറപ്പ്‌. പരേതന്റെ കാര്യം കഷ്ടമാണെന്ന്‌ പ്രമേയം പാസ്സാക്കിയിട്ട്‌ ഞങ്ങള്‍ അലാറം വയ്ക്കാതെ കിടന്നു.

ആവണക്കിൻകുരുവും മാണിഭദ്രവുമില്ലാതെ
രാത്രി ഒരു വെടിയൊച്ച കേട്ട്‌ ഞാനുണർന്നു. ഹേയ്‌. ബോംബു വാർത്ത് കേട്ടുകൊണ്ട്‌ ഉറങ്ങാൻ കിടന്നിട്ടാവും. വീണ്ടും കിടക്കാനൊരുങ്ങുമ്പോൾ രണ്ടെണ്ണം കൂടി കേട്ടു. ജനാല തുറന്നു. തൊട്ടടുത്ത ചേരി നിന്നു കത്തുന്നു. നാലഞ്ചുവാൻ പോലീസുമുണ്ട്‌ റൈഫിൾ‍ ധാരികളായി. ഇത്തരം സാഹചര്യം കണ്ടാൽ "നൂറേൽ പാഞ്ഞോണം മോനേ" എന്നാണ്‌ തമസ്സ്‌ എന്ന നോവലിൽ ഭീഷ്മ സാഹ്നി പറഞ്ഞിട്ടുള്ളത്‌. ഞാൻ‍ വേഗം ബാൽക്കണി അടച്ചു. ലൈറ്റ്‌ അണച്ചു.

രണ്ടിനു പോകാൻ തോന്നി- അയ്യേ ഞാനെന്തൊരു പേടിത്തൊണ്ടൻ, ഒരു വെടി കാണുമ്പോഴേക്ക്‌ എന്ന് ആലോചിക്കാൻ തുടങ്ങുംപ്പോളേക്ക്‌ അതിശക്തമായി രണ്ടാമതും മുട്ടി. ഇടുക്കി ഡാംവാൾ എന്തുമാത്രം മർദ്ദം അനുഭവിക്കുമോ അത്രയും ഊക്കിൽ ..പിന്നെതർക്കം പറഞ്ഞില്ലയോമലാൾ.. ഓടിക്കയറി ബാത്‌റൂമിൽ. വെപ്രാളത്തിൽ ലൈറ്റ്‌ ഇടാൻ മറന്നു. ഒരതിപ്പ്രാചീന തമിഴ്‌ വാക്ക്‌ ഉച്ചരിച്ച്‌ തിരിച്ചിറങ്ങിവന്നു ലൈറ്റിട്ടു, വീണ്ടും കയറി.

തെരുവുലഹളയോടുള്ള പ്രതികരണമല്ല, ബാറിലെ ഭക്ഷണം ചതിച്ച ചതി.

കുറെ നേരം കഴിഞ്ഞു പുറത്തിറങ്ങി. ഇറങ്ങിയപാടെ വീണ്ടും കയറി.
ഇറങ്ങി, കയറി, ഇറങ്ങി.

വീണ്ടും കയറിയപ്പോൾ ഇ. ഡബ്ലിയു. കണ്ഡിഫ്‌ , റിച്ചാറ്‍‍ഡ്‌ സ്റ്റിൽ, നോർമൻ‍ ഗോവണി എന്നിവർ ചേർന്നു രചിച്ച ഡിസിഷൻസ്, സ്റ്റ്റാറ്റജീസ്‌ ആൻഡ് കേസസ്‌ എന്ന യമകണ്ടൻ പുസ്തകവുമെടുത്ത്‌ കയറി. പുലരേ വരേ വായിക്കാനുള്ള വകുപ്പുണ്ട്. വെളുക്കുംവരെ അങ്കം കണ്ടു, താളിയുമൊടിച്ചു.

റൂം സർവീസ്‌ തുടങ്ങിയ നിമിഷം കട്ടൻ ചായയും നാരങ്ങയും വിളിച്ചു പറഞ്ഞു. ഈ സാധനങ്ങളും സഹതാപവും കൊണ്ട്‌ വന്ന വെയിറ്റര്‍ ഒരു ചൂടുള്ള വാർത്തയും സൌജന്യമായി എത്തിച്ചു തന്നു.

നാരായൻ ഗുഡ എന്ന സ്ഥലത്ത് രാജീവിന്റെ പടം വച്ച്‌ മാലയിട്ടിരുന്ന ഒരു ട്രാഫിക്‌ റൌണ്ടിലേക്ക്‌ കുടിച്ച്‌ ബോധമില്ലാതെ ഒരുത്തൻ ട്രക്ക്‌ ഓടിച്ച്‌ കയറി. ജനങ്ങളുടെ കഷ്ടകാലത്തിന്‌ റൌളിന്റെയും ബിയൻകയുടെയും പിതാവെന്ന്‌ മാമ്മോദീസാ വെള്ളമിറ്റിച്ചുകൊടുത്ത അതേ നാവുകൊണ്ട്‌ ആറെസ്സെസ്സുകാര്‍ രാജീവ്‌ രത്ന ഫിറോസ്‌ ഗാന്ധിയെന്ന തച്ചോളി വർഗ്ഗീസ് ചേകവരെ തൽക്കാലം ഹിന്ദുവാക്കി, കാരണം ട്രക്കോടിച്ച കുടിയൻ ഡൈവർ ഒരു മുസ്ലീമായിരുന്നു.

തൽഫലമായി ഹൈദരാബാദ്‌ നഗരം കത്തിയെരിഞ്ഞു. രാത്രി വീട്ടിൽ ചുമ്മാ കിടന്നുറങ്ങിയ മുസ്ലീങ്ങളായ അഞ്ചുപേരെ ചേരിക്കകത്ത്‌ സനാതന ഹിന്ദു ധർമ്മം പുലരാനായി പെട്രോൾ ഒഴിച്ച്‌ തീവച്ചു കൊന്നു. പകരം വീട്ടാൻ മലേറിയാ പിടിച്ച്‌ ആശുപത്രിയിൽ‍ കിടന്ന അഞ്ച് ഹിന്ദുക്കളുടെ തല വെട്ടി പാലത്തിൽ നാട്ടി മറ്റവർ കണക്കു ടാലിയാക്കി.

പത്രം വെണ്ടക്കായുമായി എത്തി. ഹൈദരാബാദ്‌ നഗരതില്‍ വർഗ്ഗീയ ലഹള, സൈന്യം ഫ്ലാഗ്‌ മാർച്ച് നടത്തുന്നു. നഗരത്തിൽ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ്‌.

പിറകേ തെരുവിൽ നിന്നും ഉച്ചഭാഷിണിയും മുഴങ്ങി. പൊതുജനം തെരുവിലിറങ്ങരുത്‌, ജനാലകൾ തുറക്കരുത്‌, ബാൽക്കണിയില്‍ നിൽക്കൽ‍ കർശ്ശനമായും അരുത്‌. ഭാഗ്യം കക്കൂസിൽ പോകരുതെന്ന്‌ പട്ടാള ഉത്തരവില്ല. അല്ലെങ്കിൽ കുഴഞ്ഞേനേ. ഞാനെന്റെ പുസ്തകവുമായി ശൌചഗേഹത്തിലേക്ക്‌ തിരിച്ചുപോയി. അവധിയായകാരണം എന്നെ അവിടെന്നിറക്കാൻ ഭൈമീകാമുകര്‍ ആരുമെത്തിയില്ല. പാപികൾ സുഖമായി കിടന്നുറങ്ങി.

ഉച്ചക്ക്‌ പഠാൺചേരുവില്‍ വിളിച്ചു. അവിടെ വർഗ്ഗീയ പ്രശ്നമൊന്നുമില്ലാത്തതിനാൽ ശിവൻ രാവിലെ തന്നെ ആശുപത്രിയിലെത്തി- ആകെയുണ്ടായിരുന്നത്‌ ഒരു ഡെന്റിസ്റ്റ്‌. അദ്ദേഹം വയറിളക്കത്തിനു ചികിത്സിച്ചു മുൻ പരിചയമില്ലേങ്കിലും ശിവനു മരുന്നു കൊടുത്തു, അതേറ്റു. പട്ടര്‍ മുന്നെത്തെക്കാളും ഉഷാറില്‍ തൈര്‍ സാദം കഴിക്കുന്നു, ഭാഗ്യവാനെന്നേ പറയാവൂ.

ശിവൻ എന്നോടും ഡോക്റ്ററെക്കാണാൻ പറഞ്ഞു.
പുറത്തിറങ്ങിയാൽ പട്ടാളം കൊല്ലുമെന്ന്‌ പറഞ്ഞില്ല ഞാൻ പകരം
"ഈ തൂറ്റൽ ഞാൻ തൂറിത്തീർക്കും" ഞാന്‍ സമരപ്രഖ്യാപനം നടത്തി, അല്ല പിന്നെ
"ഈ തൂറ്റൽ തൂറി താൻ തീരും എന്നു പറ" പട്ടരു കരിനാക്കെടുത്ത്‌ പറഞ്ഞു

കൂട്ടപ്പട്ടിണി
ദിവസം ഒന്നു കഴിഞ്ഞു. രണ്ടാം ദിവസവും പഴയതുപോലെ ആയപ്പോഴേക്ക്‌ ഹോട്ടലിൽ ഭക്ഷണം തീർന്നു. റേഷനായി പഴമൊക്കെ കൊണ്ടു തന്നിരുന്നതും നിറുത്തി. പുറത്തുനിന്നും സാധനം വാങ്ങാൻ പോകാവുന്നതുവരെ പട്ടിണി.
ദിവസം മൂന്ന്‌- ഡീ ഹൈഡ്രേഷനും പട്ടിണിയും കൊണ്ട്‌ എനിക്കു 10 കിലോ തൂക്കം കുറഞ്ഞുകഴിഞ്ഞു. ഇനിയും തൂറിത്തീർക്കാൻ ശ്രമിച്ചാൽ അപകടമെന്നു കണ്ട്‌ നേരേ റിസപ്ഷനിസ്റ്റ്‌ സതീഷിനെ വിളിച്ചു. സതീഷ്‌ റായിഡു വര്‍ഷങ്ങൾ കൊണ്ടറിയാവുന്നൊരു പരിചയക്കാരനാണ്‌.

സതീശനു പ്രശ്നത്തിന്റെ ഗൌരവം മനസ്സിലായി, പക്ഷേ പുറത്തിറങ്ങിയാലല്ലേ ആശുപത്രിയിൽ പോകാൻ കഴിയൂ.

ഒരു കാര്യം ചെയ്യാം, പിറകിലെ ഓടപ്പുറത്തുകൂടി നടന്നാൽ കവിതാ മെറ്റേണിറ്റി ആശുപത്രിയിലെത്താം. എന്റെ ചേച്ചിയാണു ഡോ. കവിത. സതീശൻ പറഞ്ഞു. ഞാൻ ചേച്ചിയെ വിളിച്ചു പറഞ്ഞേക്കാം.

അതു പറ്റില്ലെന്നും സതീഷില്ലാതെ പേറ്റിച്ചിയെക്കാണുന്ന പ്രശ്നമില്ലെന്നുമായി ഞാൻ ഒടുക്കം അയാള്‍ ഒരുമണിക്കൂർ അവധിയെടുത്തു, എന്റെ കൂടെ
ഓടചാടിക്കടന്നു.


ഡോ. കവിത എന്നെ പരിശോധിച്ചു. നിങ്ങൾക്ക് നല്ല ഡീഹൈഡ്രേധനുണ്ട്‌. ഉടനേ ഡ്രിപ്പിടണം. ഇതൊരു പ്രസവാശുപത്രിയാണെന്നറിയാമല്ലോ, ഉടനടി പുരുഷന്മാരെ ചികിത്സിക്കുന്ന എവിടെയെങ്കിലും അഡ്മിറ്റാകണം

സതീഷറായിഡു തന്റെ സഹോദരിയോട്‌ ദീർഘനേരം തെലുങ്കിൽ കെഞ്ചി. ഉരുപ്പടിയെ കൊണ്ടുകളയാൻ വേറേ ഇടമില്ലെന്നും തന്റെ പണിസ്ഥലത്തു കിടന്നു മയ്യത്തായാൽ പിന്നെ പൊല്ലാപ്പാകുമെന്നുമാണ്‌ ആ പറയുന്നതെന്ന്‌ ഞാൻ ഊഹിച്ചു. നടകീയ മുഹൂർത്തങ്ങൾക്കവസാനം ഞാന്‍ കവിതാ മെറ്റേണിറ്റി ക്ലിനിക്കിൽ അഡ്മിറ്റായി.

നിറവയറും ഒഴിവയറും
കവിതാ ക്ലിനിക്കിന്‌ ആകെ ഒരു ജനറൽ വാർഡേ ഉണ്ടായിരുന്നുള്ളു നിറചനയുള്ള നീൾലോചനകൾക്കു നടുവിൽ ഞാനും ഒരു കിടക്കയിലെറിയപ്പെട്ടു. സ്ത്രീകൾ ഒന്നടങ്കം എന്നെ പ്രാകി, സ്വൈരമായി പ്രസവിക്കാനും സമ്മതിക്കാത്തെ പണ്ടാറക്കാലൻ ഇവിടെ വന്നുകിടക്കുന്നു.

സ്ത്രീകൾ മാത്രം പ്രവേശിക്കുന്ന കെട്ടിടമായോണ്ടാണോ എന്തോ ആകെയുള്ള കുളിമുറി കം ഒണ്‍ പ്ലസ്‌ റ്റൂവിനു ഒരു തുണിക്കർട്ടൻ മാത്രമേയുള്ളു. അതാകട്ടെ വാർഡിലെ ഫാനിന്റെ കാറ്റിൽ പാറിക്കളിക്കുകയാണ്‌. മുത്തയ്യാ മുരളീധരന്റെ (ക്രെഡിറ്ററിയാൻ ഇവിടെ ഞെക്കുക)
മുഖഭാവവും അമർത്തിയ ആക്രോശങ്ങളുമായി ഇളകുന്ന തിരശീലക്കു പിന്നിൽ ആളിരിക്കുന്ന രംഗം കണ്ടാൽ കിർമ്മീരവധത്തിന്റെ തിരനോട്ടമെന്നേ കഥകളി കണ്ടിട്ടുള്ള ആരും കരുതൂ.

എനിക്കു പോകാൻ പറ്റുന്നില്ല. ഉള്ളിൽ ഖരമായിരിക്കേണ്ടത് ദ്രവരൂപത്തിലും വായുരൂപത്തിലുമായി ആന്തരികസമ്മർദ്ദം ചെലുത്തുന്നതിനാൽ പോകാതിരിക്കാൻ ഒട്ടും പറ്റുന്നില്ല. ഓന്തിനു മൂക്കിപ്പൊടി കൊടുത്തപോലെ ഞാൻ‍ പ്രസവവാർഡിൽ നെട്ടോട്ടവും കുറിയോട്ടവുമോടി. എന്റെ പ്രാണവേദന കണ്ട്‌ ആശുപത്രിയിലെ ഏക പുരുഷ ജോലിക്കാരൻ വാച്ചർ‍ കെട്ടിടത്തിനോട്‌ ചേർന്നുള്ള തന്റെ പുരയിലെ കക്കൂസ്‌ ഉപയോഗിക്കാൻ എനിക്കനുവാദം തന്നു. ഞാന്‍ എന്റെ ജീവിതത്തിൽ ഇത്രയും മനസ്സു നിറഞ്ഞ്‌ നന്ദി ആരോടും പറഞ്ഞിട്ടുണ്ടാവില്ല. ഒരു കയ്യിൽ ഗ്ലൂക്കോസ്‌ ഡ്രിപ്പിന്റെ കുപ്പിയും കയ്യിലേന്തി ഞാൻ വാച്ച്‌ മാന്റെ വീട്ടിലേക്കും ‍ അവിടെന്നു തിരിച്ചും നിറുത്താതോടുന്ന കാഴ്ച്ച കണ്ട സ്ത്രീകൾ‍ അവരുടെ തുറുപ്പു ചീട്ടായ പ്രസവ വേദനയെക്കാൾ‍ വലുതാണ്‌ എന്റെ വേദനയെന്നു തോ‍ല്വി സമ്മതിച്ച് എന്നോട്‌ സഹതപിച്ചു കൂട്ടുകൂടി . നിറവയറും താങ്ങി അവർ എനിക്കു ചായയിട്ടു തന്നു. വെള്ളം ചൂടാക്കി ഹോട്ട്‌ വാട്ടർ ബാഗിലാക്കി തന്നു. എനിക്കറിയാവുന്ന മുറിത്തെലുങ്കിൽ ഞാൻ‍ തീസ്കുനാരാ ബാവുന്നേനു എന്നൊക്കെ പറയുന്നത് നന്ദിയായി വരവു വച്ചുതന്നു. സ്ത്രീകൾ എത്ര ലോല മനസ്കരാണ്‌.

അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു. വിച്ചുവിനു സുഖ പ്രസവം, പെൺ കുഞ്ഞിനെക്കിട്ടി. നീരജക്കു സിസേറിയനായിരുന്നു. ഇരട്ട ആൺട്ടികൾ. മിസ്സിസ്‌ ( ഫോമിൽ പ്രിന്റ്‌ ചെയ്തിരിക്കുന്ന ഭാഗം) ദേവൻ, നോൺ ഒബസ്റ്റ്ട്രിക്കൽ പേഷ്യന്റ്‌ എന്ന ഡിസ്ചാര്‍ജ്ജ്‌ കാർഡും വാങ്ങി പോകാനിറങ്ങവേ ഇത്രയും തവണ വയറൊഴിഞ്ഞിട്ടും ദൈവം ഒന്നിനെപ്പോലും എന്റെ കയ്യിൽ തന്നില്ലല്ലോ എന്നോർത്തുപോയി.

Monday, December 26, 2005

ആനപ്പക

ചെറുപ്പത്തില്‍ കേട്ട ആനക്കഥകളില്‍ മിക്കതിലും നിറഞ്ഞുനിന്നിരുന്ന ഒരമാനുഷിക കഥാപാത്രമാണ്‌ കോടനെന്ന ആനക്കാരന്റേത്‌. എനിക്കോര്‍മ്മവച്ചപ്പോഴേക്ക്‌ അയാള്‍ സ്‍കർ‍‍വി പോലെ എന്തോ മാരകമായ അസ്ഥിരോഗം ബാധിച്ച്‌ തീരെ കിടപ്പായിരുന്നു. ഒരു ചവിട്ടിനു ആനയെ ഇരുത്തി, കണ്ണിൽ‍ നോക്കി ആനയെ വിരട്ടിക്കളഞ്ഞു, മദയാനയെ ഓടിച്ച്‌ ചെളിക്കുഴിയിൽ‍ വീഴിച്ചു പിടിച്ചു എന്നിങ്ങനെ കോടന്റെ വീര സാഹസ കഥകൾ‍ പറമ്പുപണിക്കാരും മറ്റും വർ‍ണ്ണിക്കുമ്പോൾ‍ പറഞ്ഞു പറഞ്ഞു "മൂന്നു ചക്ക മുള്ളോടെ തിന്നെന്ന്" ഒരു അര വിശ്വാസത്തിലാണെങ്കിൽ‍ കൂടി രസം പിടിച്ചിരുന്നു ഞാൻ കേൾ‍ക്കും.

കോടനാട്‌ ആനക്കൂട്ടിലെ ഒരു സാധാരണ ട്രെയിനറായിരുന്നു നാരായണൻ‍. വാരിക്കുഴിയിൽ‍ വീണ ആനകളെ താപ്പാനകളെക്കൊണ്ട്‌ പൊക്കിക്കുക, ആനക്കൂട്ടിലിട്ട്‌ അവരെ മനുഷ്യരെ അനുസരിക്കുന്ന ആട്ടിൻ‍ കുട്ടികളാക്കുക എന്നിത്യാദി പണികളെടുത്ത്‌ കഴിയവേ ഒരിക്കൽ‍ ഒരാന കൂച്ചുവിലങ്ങ്‌ പൊട്ടിച്ച്‌ നാരായണനെ ഓടിച്ചെന്ന് കടന്നു പിടിക്കുകയും തലമണ്ട തുമ്പിക്കൈയ്യാലടിച്ച്‌ കുട്ടികൾ‍ മാങ്ങാ ചപ്പിയ അണ്ടി പോലെ വല്ലാതെ കോടിയ ഒരു ആകൃതിയാക്കുകയുമായിരുന്നു. ചോരയിൽ കുളിച്ച് ബോധം കെട്ടു വീണ ആ സാധു മനുഷ്യനെ പൊറോട്ടക്കു മാവു കൂട്ടും പോലെ കുറെനേരം നിലത്തിട്ടടിച്ചു, ഒടുക്കം മടുത്ത്‌ കിണറ്റിൽ എടുത്തെറിഞ്ഞിട്ട്‌ ആന അതിന്റെ പാട്ടിനു പോയി.

ഇരുപത്തഞ്ചാം വയസ്സിൽ‍ മനുഷ്യനെന്നു പോലും തിരിച്ചറിയാത്ത രൂപത്തിലായി ഫോറസ്റ്റ്‌ ഡിപ്പാർട്ടമെന്റിൽ‍ നിന്നു നേരേ ധർ‍മ്മാശുപത്രിയിലേക്ക്‌ സ്ഥലം മാറ്റപ്പെട്ട നാരായണൻ‍ ഏറെവർ‍ഷം ആശുപത്രിത്തിണ്ണയിൽ‍ ജൈവവും മൃതവുമല്ലാത്തൊരവസ്ഥയിൽ‍ കിടന്നു. എ ല്ലാവരും പ്രതീക്ഷിച്ചപോലെ "ആ കെടപ്പിലങ്ങു പോയ"തൊന്നുമില്ല. പക്ഷേ ആശുപത്രി വിട്ടൈറങ്ങിയ വികൃതരൂപം നാരായണൻ‍ എന്ന ആനക്കാരന്‍ ആയിരുന്നില്ല, കോടനെന്ന ആനക്കാലനായിരുന്നു.

കോടന്‍ ഒരാനയുടെയും പാപ്പാനായില്ല. ഒരു ഉടമസ്ഥനും ആനയെ കോടനെയേല്‍പ്പിക്കാനുള്ള ധൈര്യം വന്നില്ല. പൈശാചികമായൊരു പകയൊന്നുമാത്രമായിരുന്നു അയാളെ മരണക്കിടക്കയിൽ‍ നിന്നും ഞൊണ്ടിയിട്ടാണെങ്കിലും എഴുന്നേൽ‍പ്പിച്ചത്‌. പിന്നെയങ്ങോട്ട്‌ ആനകൾ‍ ഈ പകുതി ചത്ത മനുഷ്യന്റെ മുന്നില്-‍ മുട്ടുകുത്തിയ കഥകൾ മാത്രമായിരുന്നു. പാപ്പാനെ കൊന്ന് കൊലവിളിച്ചു നില്‍ക്കുന്ന കൊമ്പൻ‍ കോടന്റെ കല്ലേറില്‍ ഭയന്ന് ആറ്റില്‍ ചാടിയെന്നും മദമിളകി പട്ടണത്തിലൂടെ ഓടിയ ഭയങ്കരനെ മരത്തിൽ‍ നിന്നും പുറത്തേക്കു ചാടി അടിച്ചിരുത്തിയെന്നും ഭക്ഷണം കഴിക്കാതെ വാശി പിടിച്ച റാണിയെ മുഖത്തടിച്ച്‌ ശാപ്പാടു കഴിപ്പിച്ചെന്നുമൊക്കെ അവിശ്വസനീയമായ കഥകൾ‍. എങ്കിലും ആനക്കഥകൾ‍, പ്രത്യേകിച്ച്‌ ആന മനുഷ്യനോട് തോറ്റ കാര്യം, കേൾ‍ക്കാന്‍ സുഖമല്ലേ. അങ്ങനേ രസിച്ചു കേട്ടുമറന്നു, ഞാൻ ഈ ഭയങ്കരനെ നേരിട്ടൊരിക്കൽ‍ കാണും വരെ.

ശിവനെന്ന കൊമ്പൻ‍ (കടവൂർ‍ ശിവൻ‍കുട്ടി അല്ല, ഞങ്ങളുടെ ലോക്കൽ‍ ശിവൻ‍) സന്ധിവാതം പിടിച്ച്‌ കിടപ്പായിരുന്നു- കിടന്നു കിടന്ന് ബെഡ്‌ സോർ വന്നു പഴുത്തുപോയ അവനെ ഒന്നു മറിച്ചു കിടത്തി മരുന്നുപുരട്ടാൻ‍ നാട്ടുകാർ‍ മൊത്തം വടവും കഴയുമായി ദിവസങ്ങളായി പരിശ്രമത്തിലാണ്‌. ആ സാധു മൃഗം ഓരോ തവണയും വടം ദേഹത്തമരുമ്പോൾ‍ വേദന സഹിക്കാതെ കണ്ണീരൊഴുക്കി, പക്ഷേ നീരുവന്നു വീർ‍ത്ത കാലുകളുയർ‍ത്തി ഒന്നു നിവരാനാകതെ കിടന്നു പുളയാനേ കഴിയുന്നുള്ളു . ക്രെയിൻ‍ അന്നുകാലത്ത്‌ സാധാരണമല്ലല്ലോ. നാട്ടുകാർ‍ കപ്പിയും കയറുമിട്ടുള്ള ശ്രമം നിറുത്തി, ഇതിനെ ഇങ്ങനെ നരകിപ്പിക്കാതെ അങ്ങു വിളിക്കണേ എന്നു പ്രാർ‍ത്ഥനയായി.

അപ്പോഴാണു ആരോ വിളിച്ചു പറഞ്ഞത്‌ "ആണ്ടെടാ കോടൻ‍ വരുന്നു"
വയലിനക്കരെ വേലിപ്പത്തലിൽ‍ പിടിച്ചു പിടിച്ച്‌ നടന്നു വരുന്നു മെല്ലിച്ചു കൂനി, ഒടിഞ്ഞ കുടപോലൊരു വയസ്സൻ‍. വരമ്പത്ത്എത്തിയപ്പോൾ‍ പിടിക്കാനൊന്നുമില്ലാതെ നിന്നും നിരങ്ങിയും ആടിയാടി തപ്പിത്തടയലായി.

"ഡാ ബാവുലേ, മൂപ്പീന്നു തോട്ടിലെങ്ങാണും ഒലിച്ചു പോവും നീ പോയിങ്ങ് വിളിച്ചോണ്ടുവാ" ഒരു കാർ‍ന്നോർ‍ പറഞ്ഞു.

ബാഹുലേയൻ‍ ഒരോട്ടത്തിനു തോട്ടുങ്കരയിൽ‍ ചെന്നു കോടച്ചാരെ പൊക്കിയെടുത്തു കൊണ്ടു വന്നു.
വരുന്ന വരവിലയാൾ‍ വേതാളം പോലെ ഒക്കത്തിരുന്ന് " ഇച്ചെന്തു എത്രകാലമായെടാ ബാവുലേ ചക്രശ്ശാസം വലി തൊടങ്ങീട്ട്‌" എന്നൊക്കെ ചോദിച്ചറിയുന്നുണ്ടായിരുന്നു

ആൽത്തറയിൽ‍ ലാൻ‍ഡ്‌ ചെയ്ത മൂപ്പീന്ന് " എന്റെ ഫഗോതീ"എന്നൊരു വിളിയോടെ ഇരിക്കാനൊരുങ്ങവേ ആന ഞരങ്ങുന്ന സ്വരം കേട്ടു.

ഒരു നിമിഷം കൊണ്ട്‌ കോടൻ‍ ആളാകെ മാറി. ആൽ‍ത്തറയിൽ‍ നിന്നു താഴെച്ചാടി പൂർ‍ണ്ണമായി നിവരാത്ത തന്റെ കാലുകൾ‍ നീട്ടി ഒരോട്ടം- കുരങ്ങൻ‍ പാമ്പിന്റെ പിറകേയോടുമ്പോലെ തത്തി തത്തിയാണെങ്കിലും ബയണറ്റ്‌ ചാര്‍ജ്ജ്‌ ചെയ്യുന്ന പട്ടാളക്കാരന്റെ ഉജ്ജ്വലതയുണ്ടായിരുന്നു അതിന്‌. ക്രോധംകൊണ്ട്‌ അലറിക്കൊണ്ട്‌ അയാള്‍ ശിവനു നേരേയടുത്തു. ആന ജലവും പഴുപ്പും നിറഞ്ഞ കണ്ണാലെ വരുന്നയാളിനെ ഒന്നേ നോക്കിയുള്ളു..

"ഛീ പട്ടീ, എഴുന്നേൽ‍ക്കെടാ " - കോടന്‍ ചുള്ളിക്കമ്പു പരുവമായ കാലുകൊണ്ട്‌ ശിവന്റെ തലയിൽ തൊഴിച്ചു. ഒപ്പം കാർ‍ക്കിച്ച്‌ ഒരു തുപ്പും!

ഒരലർ‍ച്ചയോടെ ആന നിലത്തു നിന്നു പൊങ്ങി. ആ ഒച്ച ഒരു കൊമ്പന്റെ ചിന്നംവിളിയായിരുന്നില്ല, ഇൻ‍ജക്ഷൻ‍ കിട്ടിയ കൈക്കുഞ്ഞിന്റെപോലെ വേദനയും ഭയവും അമ്പരപ്പും കൂടിക്കലർ‍ന്ന ഒരു ദയനീയ ശബ്ദം. അവൻ ‍ദേഹം നിവർ‍ത്തവേ നീരുവന്ന സന്ധികളിൽ‍ അസ്ഥികൾ‍ തമ്മിലുരുമ്മുന്ന ശബ്ദം പഴയ മരക്കതകടയുമ്പോലെ ഉച്ചത്തില്‍ കേട്ടെന്ന് അടുത്തു നിന്നവർ‍ ആണയിട്ടു പറഞ്ഞു.


"കഴുതേടെ മോൻ‍ ഇനി കെടക്കുമ്പ പഴുക്കാത്ത വശം കുത്തി കെടന്നോളും" കോടൻ‍ തിരിച്ച്‌ നടക്കവേ പറഞ്ഞു. "വയലിച്ചെളീലു എറങ്ങി എന്റെ കാലെല്ലാം മരച്ചെടാ, ആരേലും ഒരു കാപ്പിവാങ്ങിച്ചു തരുവോ?"

കുട്ടമ്പിള്ള തന്റെ കടയില്‍ നിന്ന് ഒരു കാപ്പിയുമായി ഇറങ്ങി വരവേ ഒരു തമാശപോലെ ചോദിച്ചു " പത്തിരീം പോത്തെറച്ചീമൊണ്ട്‌ കോടച്ചാരേ, എടുക്കട്ടോ?"

“എനിക്കു പോത്തെറച്ചീടെ പൂതിയെല്ലാം തീർ‍ന്നെടാ.“ ആ വൃദ്ധന്‍ പല്ലില്ലാത്ത വായില്‍ ഒരു ബീഡി തിരുകിക്കോന്റ്‌ ശിവനെ ഒന്നുഴിഞ്ഞു നോക്കി.
"ഈ നായിന്റെ മോൻ‍ ഒടനേ ചാവും. പറ്റുമെങ്കി എവന്റെ ഒരു കഷണം നീ അന്നെനിക്കു മുറിച്ച്‌ കൊണ്ടത്തന്നാമതീടാ"
ജനമതുകേട്ട്‌ ആർ‍ത്തുചിരിച്ചു


"അതു ഞാനേറ്റു കോടച്ചാരേ" കുട്ടൻ‍ പിള്ള ചിരിച്ച്‌ വശം കെട്ട്‌ ഗ്ലാസ്സിലെ കാപ്പി കൈയ്യിൽ തുളുമ്പിച്ചു പറഞ്ഞു.

കോടനു പക്ഷേ അതിലെ തമാശ മനസ്സിലായില്ല.
"ചൊറി വരാത്ത ഭാഗത്തുന്നു മുറിച്ചു തരാമ്പറയണേടാ കുട്ടാ, ഇല്ലേ പുഴു കാണും"

ശിവൻ‍ പിന്നെ അധിക നാള്‍ ജീവിച്ചില്ല, കോടനും. പക്ഷേ ആനയെത്തിന്നാൻ‍ കൊതിക്കുന്ന (ഒരു പക്ഷേ അയാള്‍ അതിനു മുന്നേ തിന്നിരുന്നും കാണും- ചെരിഞ്ഞ ആനകളെ പല തുണ്ടമായി വെട്ടി പലസ്ഥലങ്ങ്നളിലാണല്ലോ അടക്കിയിരുന്നത്‌, ഒരു കഷണം കിട്ടാനാനോ പ്രയാസം) കോടന്റെ മുഖമോർ‍ക്കുമ്പോൾ‍ ഒരു കുളിര്- അറിയാതെ ഞാനൊരിക്കൽ‍ കച്ചിത്തുറുവിനകത്ത് ഉറയൂരുന്ന പാമ്പിനെ
തൊട്ടുപോയപ്പോൾ‍ തോന്നിയ അതേ കുളിര്‌ -ഇന്നും ദേഹത്തില്‍ ഇഴയുന്നു.

Tuesday, December 20, 2005

പൊടവൊട

ഞാന്‍ താലികെട്ടി. വധു മാലയിട്ടു. ഞാന്‍ തിരിച്ചുമിട്ടു. മേളക്കാര്‍ പീപ്പീ വിളിച്ചു, തകിലടിച്ചു. ആയണിപ്പലകയില്‍ വന്നിരുന്നവള്‍ എഴുന്നേറ്റത്‌ എന്റെ ഭാര്യയായിട്ട്‌.

എഴുന്നേറ്റ എന്റെ പാതി ഇരിക്കുന്ന ഞാന്‍പാതിക്ക്‌ ഒരര്‍ദ്ധപ്രദക്ഷിണം വച്ച്‌ മുന്നില്‍ വന്നു നിന്നു. പിറകില്‍ നിന്നാരോ എന്റെ മടിയില്‍ ഒരു ട്രേയിനുള്ളിൽ വച്ചൊരു സാരി വച്ചു.
"ഞാന്‍ പുടവകൊടുക്കട്ടേ എന്നു മൂന്നു തവണ കരക്കാരോട്‌ ചോദിച്ചിട്ട്‌ കുട്ടിക്കതു കൊടുക്കു" ചേട്ടനെന്റെ ചെവിയില്‍ പറഞ്ഞു.ഞാന്‍ ചിരിച്ചു പോയി. പലതരം ഫ്ലാഷുകള്‍ മിന്നി.

എങ്ങനെ ചിരിക്കാതിരിക്കും? കഴിഞ്ഞയാഴ്ച്ച കോഞ്ഞാമ്പാച്ചന്റെ കല്യാണമായിരുന്നു. സംസാരിക്കുമ്പോൾ ഇത്തിരി കൊഞ്ഞയുണ്ടെന്നുകരുതി പാച്ചനൊരു കല്യാണം കഴിക്കാന്‍പാടില്ലെന്നില്ലല്ലോ. സ്വന്തം അമ്മാവന്റെ മോളെ തന്നെ കിട്ടി.

ഞാനിപ്പോള്‍ ചെയ്തതെല്ലാം എന്നെക്കാള്‍ ധൈര്യത്തില്‍ പാച്ചന്‍ ചെയ്തു. എന്നിട്ട്‌ പൂത്താലം ഉയര്‍ത്തി നാലുചുറ്റും നിന്ന കരക്കാരോട്‌
"ഞാന്‍ പൊതവൊതുക്കത്തേ? പൊതവൊതുക്കത്തേ? പൊതവൊതുക്കത്തേ?"

ഒന്നുരണ്ടുപേര്‍ പൊട്ടിച്ചിരിച്ചുപോയി, ബാക്കിയുള്ളവര്‍ അടക്കിയും.നാണക്കേടും സങ്കടവും സഹിക്കാതെ വധുവിനും വരനും അപ്പൂപ്പനായ കോന്നന്‍ അമ്മാച്ചന്‍
"മിണ്ടാതങ്ങോട്ട്‌ കൊടുക്കടാ നായിന്റെ മോനേ" എന്നു പറഞ്ഞു.

ഞാനും കരക്കാരുടെ സമ്മതം വാങ്ങി പുടവ നീട്ടി. എന്റെ ചിരി കണ്ട്‌ മനം കുളിര്‍ത്ത വധൂമണി, ഒരരപ്പുഞ്ച്ചിരിയില്‍ പുടവ വാങ്ങി.ചടങ്ങെല്ലാം കഴിഞ്ഞ്‌ കാറില്‍ വച്ച്‌ ഞാന്‍ അവളോടും എന്റെ ചേട്ടനോടും ചിരിച്ചതെന്തിനെന്ന് കുറ്റസമ്മതം നടത്തി. ഒരു പ്രേമത്തിന്‍ മുകുളം പൊട്ടിയിട്ടായിരുന്നില്ല ആ ക്രൂരഹാസം എന്ന അറിവില്‍ ഡിസില്ല്യൂഷന്‍ ആയ എന്റെ പുത്തനച്ചി , വയ്യാത്തൊരാളിനെ കളിയാക്കി ചിരിച്ചത്‌ കഷ്ടമെന്ന് ധ്വനിപ്പിച്ചൊരു പരാമര്‍ശം നടത്തി.

"വയ്യാത്തവന്‍, വികലന്‍, ഊമ എന്നൊക്കെ മനുഷ്യനെ ഒറ്റ തിരിക്കുന്നതും സഹതപിക്കുന്നതും നഗരത്തിന്റെ കാപട്യം, എന്റെ പാതീ". ഞാന്‍ പറഞ്ഞു." നിന്റെ കണവനും, ഞൊണ്ടിപ്പാക്കരനും, കലക്റ്റര്‍ മധുവും കോഞ്ഞാമ്പാച്ചനും ഭേദമെന്യേ പ്രശംസക്കും കളിയാക്കലിനും ഇരയാകുന്ന, നന്മകളാല്‍ സമൃദ്ധമായ എന്റെ ഗ്രാമത്തിലേക്ക്‌ ഭവതിക്കു സ്വാഗതം, വെല്‍ക്കം റ്റൊ ഊട്ടി, ഗ്ലാഡ്‌ റ്റു മീറ്റ്‌ യൂ."

ഗൌര്‍ഖ്യം

കൊടകരപോലെ ഒരു ക്രമസമാധാനപ്രശ്നമുള്ള ഗ്രാമമായിരുന്നില്ല പെരിനാടെന്ന എന്റെ ചിന്നനാട്‌. ആകെ നടക്കുന്ന കുറ്റകൃത്യം ചില്ലറ വാഴക്കുലയോ തേങ്ങാക്കുലയോ മോഷണം. ആകെ ഒരു കുറ്റകൃത്യനുള്ളത് പൂച്ചപ്രഭാകരനും. ചത്തത് ഇനിയിപ്പോ പാണ്ഡുവായാൽപ്പോലും കൊന്നത് ഭീമൻ തന്നെ. കളവു പോകുന്ന സാധനത്തിന്റെ വിലയനുസരിച്ച്‌ ഞങ്ങള്‍ പതിവായി പ്രഭാകരനിട്ടു ചവിട്ട്, ഇടി, തെറി, മാപ്പ്‌ എന്നിവ ഒറ്റക്കോ ഒന്നിച്ചോ കൊടുത്തു പോന്നു. ഇത്ര ഭദ്രമായൊരു നിയമവാഴ്ച്ചാസംവിധാനമുള്ളതിനാല്‍ പോലീസ്‌-ഗൂര്‍ഖാദികള്‍ ഞങ്ങള്‍ക്ക്‌ അനാവശ്യം. (പ്രഭാകരം മറ്റൊരദ്ധ്യായമാക്കാം)

ആയതിനാല്‍ ഈയുള്ളവന്‍ പോലീസിനെ ആദ്യം പരിചയപ്പെടുന്നത്‌ കോളേജിലും, ഗൂര്‍ഖകളെ അറിയുന്നത്‌ ആഡിറ്റുകാലത്തും. ആദ്യമായി ഗൂർഖാപ്പറ്റത്തെ അടുത്തറിഞ്ഞ ദിവസത്തെ കൈതിയിന്‍ ഡയറി 15 കൊല്ലത്തിനു ശേഷം ഒന്നെഴുതി നോക്കട്ടേ?

??/??/1990
മാന്നാര്‍

പ്രഭാതം- ബീറ് കേസ്
രണ്ടുമാസത്തെ ഹിരാക്കുഡിയന്‍ ജീവിതം അവസ്സാനിപ്പിച്ച്‌ ഞാന്‍ കാലത്ത്‌ "പമ്പയാറിന്‍ പൊന്‍ പുളിനത്തില്‍ പനിമതി പോലെ" എഴുന്നേറ്റു (ഇവിടേക്കിന്നലെ രാത്രി രംഗപ്രവേശം ഉറങ്ങിക്കൊണ്ടായിരുന്നു).

കടുകെണ്ണമണമില്ലാത്ത മലയാളി പ്രാതല്‍ മൂക്കറ്റം വെട്ടി കമ്പനിപ്പടിതാണ്ടവേ ഒരു പിന്‍വിളി
"ആഡിറ്റര്‍ സാബ്‌"- കമ്പനിയിലെ സെക്യൂരിട്ടി ഗാര്‍ഡ്‌ ഒരു ഗൂര്‍ഖാ. (ഞാനാഡിറ്ററു ഭാഗത്തിന് പഠിക്കുന്നതല്ലേയുള്ളു, മൈക്കാട് മേസ്തിരിയെന്ന വിളികേട്ടാലെന്നപോലെ ഹർഷബാഷ്പം പൊഴിച്ച് നിലത്തുനിന്നൊരടി പൊങ്ങി)

"ഞാന്‍ സാബിനെ കാണാന്‍ നിന്നതാ" (ഭാഗ്യം, ഇവന്‍ മലയാളം പറയും. ഹിന്ദിയെങ്ങാന്‍ ബോല്‍ത്തിയാല്‍ മാനം പോയേനേ) "എന്റെ പേരു ബീര്‍ ബഹദൂര്‍, സാബ്. ഇവിടെ വേറൊരു ബീര്‍ ബഹദൂര്‍ ലോണെടുത്തത്‌ എന്റെ ശമ്പളത്തില്‍ പിടിച്ചു സാബ്‌".

ഇത്രേയുള്ളൊ? നിങ്ങൾ പേറോൾ അക്കൌണ്ടന്റ് ബേബിയോട്‌ കാര്യം പറ
"ഞാന്‍ പറഞ്ഞു സാബ്‌, ബേബിസാബ്‌ പിടിച്ച കാശു അടുത്തമാസത്തെ ശമ്പളത്തില്‍ കൂട്ടുകയും ചെയ്തു"
പിന്നെന്താ പ്രശ്നം തീര്‍ന്നില്ലേ?

“തീര്‍ന്നില്ലാ സാബ്‌. തിരിച്ചു കൊടുത്തതും തെറ്റിപ്പോയി, അതു എന്റെ ശമ്പളത്തില്‍ വന്നില്ല, വേറൊരു ബീര്‍ ബഹദൂറിനു പോയി.

ഹെന്ത്‌? 50 പേര്‍ പണിയെടുക്കുന്ന ഫാക്റ്ററിയില്‍ മൂന്നു ബീര്‍ ബഹദൂരോ?

"മൂന്നല്ല നാലു ബീര്‍ ബഹദൂറുണ്ട്‌ സാബ്‌"
ഞാൻ നോക്കട്ടെന്നെന്തോ പറഞ്ഞ് മുങ്ങി

ഓഫീസിലെത്തിയതും ബേബിയെ വരുത്തി. സെക്യൂരിറ്റിയില്‍ എത്രപേരാണെന്നന്വേഷിച്ചു.
"നാലുപേര്‍. പണ്ടാറടങ്ങാന്‍ നാലിന്റേം പേര്‍ ബീര്‍ ബഹദൂറെന്നാ"

കള്ളുകമ്പനിക്കാർ സ്പോൺസർ ചെയ്തതാണോ ഇവരെ? അതോ കേപ്പീയേസീ, കലാഭവനെന്നൊക്കെ പറയുമ്പോലെ ബീറുകൾ എന്തെൻകിലും സ്ഥാനപ്പേരാണോ?

“അല്ല മാഷേ. ഒരു വയസ്സൻ ബീറ് എവിടെന്നോ ഇവിടെ കയറി വന്നു, ഗാർഡായി. പിന്നെ ഒഴിവു വരുമ്പോഴെല്ലാം അയാൾ നേപ്പാളിലേക്ക് റ്റെലിഗ്രാമടിച്ച് ആളുകളെ ഇവിടെവരുത്തി. കാലക്രമേണ സെക്യൂരിറ്റിയിൽ ബീറ് ബഹദൂറുകൾ മാത്രമായി. “

മനസ്സിലായില്ല. ഇയാള് സ്വന്തം പേരുള്ളവരെ മാത്രം വരുത്തിയെന്നോ?

“അതല്ല. സ്വന്തം കുടുംബത്തിൽ നിന്നാണ് ഇയാളാളുകളെ ഇറക്കുമതി ചെയ്തത്. നെപ്പോട്ടിസം. പ്രസ്തുത ഗോത്രത്തിന്റെ സ്ഥാപകൻ ഒരു ബീർ ബഹദൂറായിരുന്നെന്നതിനാൽ മിക്കവാറും സ്ത്രീകൾ ആണ്മക്കൾക്കു ആ പേരിടുന്നത്രേ.“

“ശരി. ഇപ്പോൾ മനസ്സിലായി. എല്ലാത്തിന്റേം ഇനിഷ്യൽ ചേർത്ത് പേറോൾ മാസ്റ്റർ അപ് ഡേറ്റ് ചെയ്താൽ പ്രശ്നം തീർന്നില്ലേ?“

“സാറിനറിയാഞ്ഞിട്ടാ. ഈ ബീറുമാരുടേ സമുദായാചാരമനുസരിച്ച്‌ അച്ഛന്റെ പേരു പറയുന്നത്‌ ചാവുദോഷമുള്ള മഹാപാപമാ. ഇനിഷ്യല്‍ അച്ച്ഛന്റെ ചുരുക്കമല്ലേ അതു പറഞ്ഞുകൂടാ. ഞാനതു ചോദിച്ചിട്ടുവേണം അവന്മാർ കുക്രിയെടുത്ത് എന്റെ പണ്ടത്തിൽ കയറ്റാൻ“

പിന്നേം മനസ്സിലായില്ല. സ്വന്തമപ്പന്റെ പേരുപറഞ്ഞാലല്ലേ പ്രശ്നമുള്ളു. ഒരുത്തനെ വിളിച്ച് മറ്റവന്റപ്പന്റെ പേരു ചോദിക്ക്.

ബേബി അസഹ്യത മൂത്ത് തലചൊറിഞ്ഞു. “പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. ഒന്നാമത് തന്തപ്പേർ അപമാനമായ നാട്ടിൽ മിക്കവരും തന്തമാരെ അറിയില്ല. അറിഞ്ഞാൽ തന്നെ അതെല്ലാം തിരിച്ചറിയാൻ പറ്റാത്തപോലെ ഈ ഒരു പേരു തന്നെയായിരിക്കില്ലേ?“

എന്നാ പിന്നെ സീരിയൽ നംബറ് അടിച്ചു കേറ്റു ബേബി. സ്റ്റാഫ് നമ്പ്ര s.1- ബീർ ബഹദൂർ.1, സ്റ്റാഫ് s.2 -ബീർ ബഹദൂർ.2, അങ്ങനെ. എന്നിട്ടവന്മാർക്കും പറഞ്ഞുകൊട് അവരവരുടെ സീരിയൽ ചേർത്ത് പേരെഴുതാൻ എപ്പോഴും.

മദ്ധ്യാഹ്നം- പണ്ടാരപ്പേരുകാരൻ
ക്യാന്റീനിൽവച്ച് റിക്രൂട്ട്മെന്റിലെ പ്രേമയെകണ്ടവഴി ഇനിമുതൽ ആളെ എടുക്കുമ്പോൾ യുണീക്ക് പേരുകാർ ആണെന്ന് ബേബിയോടൊരു ക്ലീയറൻസ് വാങ്ങാൻ പറഞ്ഞു തമാശായി.
അടുത്ത റിക്രൂട്ട്മെന്റ് തടയാൻ എനിക്കോ ബേബിക്കോ സീ ഐ റ്റി യൂ അഖിലേന്ത്യാ സെക്രട്ടറിക്കോ കഴിയില്ലെന്നവൾ. കമ്പനിയിൽ അടുത്തതായി ചേരാൻ പോകുന്നത് പുതിയ ചീഫ് എക്സിക്യൂട്ടിവ്‌.
“എന്താ വിശാഖപട്ടണത്തു നിന്നും വരുന്ന വിശാല മനസ്കന്റെ പേർ ?“ ഞാൻ നാടോടിക്കാറ്റ് വീശി.
“കെ കെ കെ. “
“അതെന്തു പേർ? വിശദമാക്ക നീ സ്ത്രീയേ.”
“കേസരി ഖേഖുസ്രു ഖാബ്രാജി”
“ ഒരു ശിശുവിന്റെ മുഖത്തു നോക്കി ഇങ്ങനെ പേരു വിളിച്ച മഹാപാപി തള്ളയെ പൊങ്കാലയിട്ട്‌ അടിച്ചു കൊല്ലണം. ഈ ലോകത്ത് ആ പേരിൽ രണ്ടെണ്ണം കാണാനൊരു സാദ്ധ്യതയുമില്ല. ഉദ്ദണ്ഡ കേസരി എഴുന്നെള്ളാൻ ഉത്തരവായാലും ദുഷ്കരി കുഞ്ജരീ.”

സായാഹ്നം- കഴുതകേറാമല
പമ്പാനദിയിൽ എരുമകളുടെ കുളിസ്സീനും കണ്ട് ഗസ്റ്റ് ഹൌസിലിരിക്കുമ്പോൾ ബീറ് ബഹദൂർ No. 1 സൈക്കിൾ ചവിട്ടി ആ വഴി വന്നു.
“പത്രമോ മാസികയോ സിഗററ്റോ വേണേൽ ഞാൻ വാങ്ങാം സാബ്. കുപ്പി വേണമെൻകിലും ഒറിജിനൽ കിട്ടും, എനിക്കു ബാറിൽ പരിചയമുണ്ട്“ ടിപ്പാഗ്രഹിച്ച് അയാൾ പറഞ്ഞു.
ഒറ്റപ്പേരുകാരുടെ ഗ്രാമത്തെപറ്റി ഞാനയാളോടാരാഞ്ഞു. “കൊനേരു ഹമ്പി“ എന്നതിനു സമാനമായ എന്തോ പ്രാകൃത ഗ്രാമപ്പേര്. പ്രവാസജീവിതത്തിനിടയിൽ നാട്ടിൽ പോയി ഭാര്യയേയും മക്കളേയും കണ്ടിട്ട് 10 വർഷമായത്രേ. ഒരു വർഷം കിട്ടുന്നത് ഇരുപത് ലീവ്. അതിൽ ഒന്നു രണ്ടെണ്ണം സിക്ക് ആയും മറ്റും പോകും. ഗ്രാമത്തിൽ പോകാൻ മൂന്നു ദിവസം ട്രെയിനിലിരിക്കണം പിന്നെ രണ്ടു ദിവസം ബസ്സിൽ, പിന്നെ രണ്ടു ദിവസ്സം കഴുതപ്പുറത്ത്. അതു കഴിഞ്ഞ് ഒരു ദിവസം നടക്കണം. അങ്ങനെ 8ഉം 8ഉം 16 ദിവസം യാത്ര. ലീവ് ബാക്കി 16 ദിവസം വരാറില്ല ഒരു വർഷവും സാബ്. ഒരാണ്ടത്തെ ലീവ് അടുത്താണ്ടിലേക്ക് കൂട്ടിത്തരില്ലെന്നല്ലേ കമ്പനി നിയമം, സാബ്. ഞാനെങ്ങനെ പോകാൻ?

ഉന്നതത്തിൽ വരാൻ പോകുന്ന കേസരിയോട് ഗൂർഖകളുടെ ആനുവൽ ലീവ് ക്യാരിഫോർവേറ്ഡ് ചെയ്യാൻ അഭ്യർത്ഥിച്ചാലെനിക്ക് കോടി പുണ്യം കിട്ടുമെന്ന് മനസ്സിലുറച്ചു ഞാൻ.

ഒരിക്കലെന്റെ ഗാവിൽ സാബ് വരണം. ഗൂർഖൻ ക്ഷണിച്ചു.
“കഴുതപോലും സഞ്ചരിച്ചെത്താത്ത നിന്റെ ഗാവ് എനിക്കു സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല. ഒരിക്കൽ എനിക്കു വരണം” ഞാൻ ക്ഷണം സ്വീകരിച്ചു.

എങ്ങനെ പോകാൻ? എന്നു പോകാൻ? ആരുടെ കൂടെ? പോയില്ല.

Saturday, December 17, 2005

ഇൻക്രിക്കഥ


ഉറങ്ങാത്ത എന്നെ ഒതുക്കാൻ അമ്മ ഇൻക്രിമെന്റൽ കഥകൾ എനിക്കെതിരേ പ്രയോഗിച്ചിരുന്നു. സംഗതി വളരെ ലളിതം. ഹിന്ദി സിനിമാ പോലെ കഥയപ്പടി ആവർത്തനമാണ്. ഒരു വാക്കോ മറ്റോ ഓരോ വരിയിലും ഇൻക്രിമെന്റ്. ബാക്കിയെല്ലാം ibid. ആരാ ഉറങ്ങി പോകാത്തത്.?

ഒരു ഇൻക്രിക്കഥ- വല്ലാത്ത പോട്ടിൽ മുട്ടയിട്ട കിളി.

പണ്ടു പണ്ട് ഒരു കിളി വല്ലാത്തൊരു പോട്ടിൽ മുട്ടയിട്ടുപോയി. എടുക്കാൻ വയ്യാതെ വിഷമിച്ചു നിന്നു.

അപ്പോൾ ഒരു തച്ചപ്പണിക്കൻ വന്നു.
“വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരുമോ തച്ചപ്പണിക്കാ?“
“എനിക്കു വയ്യാ.“

അപ്പോ ഒരു പന്നി വന്നു.
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താമോ പന്നീ?
“എനിക്കു വയ്യാ.“

അപ്പോ ഒരു കാട്ടാളന് വന്നു.
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താത്ത പന്നിയെ എയ്യാമോ കാട്ടാളാ?
“എനിക്കു വയ്യാ.“

അപ്പോ ഒരു എലി വന്നു.
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താത്ത പന്നിയെ എയ്യാത്ത കാട്ടാളന്റെ വില്ലു മുറിക്കാമോ എലീ?
“എനിക്കു വയ്യാ.“
അപ്പോ ഒരു പൂച്ച വന്നു.
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താത്ത പന്നിയെ എയ്യാത്ത കാട്ടാളന്റെ വില്ലു മുറിക്കാത്ത എലിയെപ്പിടിക്കാമോ പൂച്ചേ?
“എനിക്കു വയ്യാ.“

അപ്പോ ഒരു പട്ടി വന്നു.
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താത്ത പന്നിയെ എയ്യാത്ത കാട്ടാളന്റെ വില്ലു മുറിക്കാത്ത എലിയെപ്പിടിക്കാത്ത് പൂച്ചയെക്കടിക്കാമോ പട്ടീ?
“എനിക്കു വയ്യാ.“

അപ്പോ ഒരു കുട്ടി വന്നു.
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താത്ത പന്നിയെ എയ്യാത്ത കാട്ടാളന്റെ വില്ലു മുറിക്കാത്ത എലിയെപ്പിടിക്കാത്ത് പൂച്ചയെക്കടിക്കാത്ത പട്ടിയെ എറിയാമോ കുട്ടീ?
“എനിക്കു വയ്യാ.“

അപ്പോ ഒരു ആശാൻ വന്നു.
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താത്ത പന്നിയെ എയ്യാത്ത കാട്ടാളന്റെ വില്ലു മുറിക്കാത്ത എലിയെപ്പിടിക്കാത്ത് പൂച്ചയെക്കടിക്കാത്ത പട്ടിയെ എറിയാത്ത കുട്ടിയെ അടിക്കാമോ ആശാനേ?
“എനിക്കു വയ്യാ.“

അപ്പോ തീ വന്നു
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താത്ത പന്നിയെ എയ്യാത്ത കാട്ടാളന്റെ വില്ലു മുറിക്കാത്ത എലിയെപ്പിടിക്കാത്ത് പൂച്ചയെക്കടിക്കാത്ത പട്ടിയെ എറിയാത്ത കുട്ടിയെ അടിക്കാത്ത ആശാന്റെ മീശക്കു പിടിക്കാമോ തീയേ?
“എനിക്കു വയ്യാ.“

അപ്പോ വെള്ളം വന്നു
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താത്ത പന്നിയെ എയ്യാത്ത കാട്ടാളന്റെ വില്ലു മുറിക്കാത്ത എലിയെപ്പിടിക്കാത്ത് പൂച്ചയെക്കടിക്കാത്ത പട്ടിയെ എറിയാത്ത കുട്ടിയെ അടിക്കാത്ത ആശാന്റെ മീശക്കു പിടിക്കാത്ത തീയെ അണക്കാമോ വെള്ളമേ?
“എനിക്കു വയ്യാ.“

അപ്പോ ഒരു പയ്യു വന്നു
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താത്ത പന്നിയെ എയ്യാത്ത കാട്ടാളന്റെ വില്ലു മുറിക്കാത്ത എലിയെപ്പിടിക്കാത്ത് പൂച്ചയെക്കടിക്കാത്ത പട്ടിയെ എറിയാത്ത കുട്ടിയെ അടിക്കാത്ത ആശാന്റെ മീശക്കു പിടിക്കാത്ത തീയെ അണക്കാത്ത വെള്ളം കലക്കാമോ പയ്യേ?
“എനിക്കു വയ്യാ.“

പയ്യിനെ പുലി പിടിക്കാതെ പുലിയെ വേട്ടക്കാരൻ പിടിക്കാതെ അങ്ങനെ അന്തമായൊരു ഇൻക്രിമെന്റു കഥ കുഞ്ഞുറങ്ങുന്നവരെ മനോധർമ്മം പോലെ “സ്ത്രീ“ സീരിയൽ പോലെ

എന്റെ അനന്തിരവളോട് ഈ കഥ പറഞ്ഞു .അവള്ക്ക് ആദ്യ സ്റ്റെപ്പിൽ തന്നെ കഥ ഇഷ്ടപ്പെട്ടില്ല.
“വല്ലാത്ത പോട്ടിയല്ല. എന്റെ നീല കളർ പോട്ടി. അതിൽ കിളി വന്നിരുന്ന് മുട്ടയിട്ടാൽ ഞാനെവിടെ അപ്പിയിടും? ഈ കഥ വേണ്ടാ.”

Sunday, December 11, 2005

പൊറാട്ടുവേഷങ്ങൾ പൊതുനിരത്തിൽ

കാഴ്ച്ച: തൊലി ഉരിഞ്ഞുപോകുന്നതരം

വെന്യൂ: പലചരക്കു കട

കാലം: 2004 ഷോപ്പിങ് ഫെസ്റ്റ്

കഥാപാത്രങ്ങൾ: കറിച്ചട്ടീൽ പൂച്ച തലയിട്ടപോലെ
മോന്തായം നിറയെ എതാണ്ടു റൂഷൊക്കെ
കോരിത്തേച്ച ചാനലിൽ മലയാലം കൊരക്കുന്ന ഒരു
പെണ്ണ്, 40 വയസ്സിൽ 17 വയസ്സുള്ളവളെപ്പോലെ
ചിരിക്കുന്ന അമ്മ ഒന്ന്, 3 വയസ്സുകാരിയുടെ തുണിയുടുത്ത 17 വയസ്സുകാരി മകൾ ഒന്ന്, വൈറ്റ് വാഷ് ചിരിയുമായി അഴകൊഴമ്പൻ നാണത്തിൽ 50കാരൻ ഭർത്താവ് ഒന്ന്. ഷൂട്ടിങ് ക്രൂ ശകലം, കാണികൾ കണ്ടമാനം.

പെണ്ണ്> ക്രൂ: എന്നാ ട്രയൽ എടുക്കാം?

ക്രൂ>പെണ്ണ്: ഓ കേ

പെണ്ണ്>നാട്യകുടുംബം: നിങൾ ഈ പാവക്കായ എടുത്തോണ്ട് നിൽക്കണം അപ്പോ ഞാൻ അടുത്തു വന്നു മോൾടെ തോളിൽ തട്ടും, അപ്പോഴ് നിങ്ങളെല്ലാരും ഞെട്ടും. അപ്പോ ചോദ്യത്തിന്റെ ഉത്തരം അറിയാമല്ലോ? വിദ്യാസാഗർ.

കൂട്ടത്തല കുലുക്കൽ

ക്രൂവിലൊരാൾ: ആക്ഷൻ!

പെണ്ണു വന്നു തോളിൽത്തൊട്ടു. കുടുംബം ഞെട്ടുന്നു. അൻകിൾ ഞെട്ടിയത് ഒരുമാതിരി കോച്ചുവാതം പിടിച്ചവന്റെ കണക്കായി. 2ആം ട്രയൽ.

ടേക്ക്.

പെണ്ണ്> 40-17: ഹളോ, ഇവിടെ എന്താ ചെയ്യുന്നേ?

ദേവരാഗം>ദേവരാഗം: അമ്മച്ചി പാവക്കയിൽ എന്തു ചെയ്യാനാ
...
...
പെണ്ണ്>17-3 : സമ്മാനമറിയാമല്ലോ ....

ചോദ്യം. അഴകിയ രാവണൻ എന്ന ചിത്രത്തിന്റെ സംഗീത സം‍വിധായകൻ ആരാണ്?
17-3>പെണ്ണ് : വിദ്യാസാഗർ.

ക്രൂ കയ്യടിക്കുന്നു.

ദേവരാഗം>ദേവരാഗം: ഛീ.

[പീയെസ്സ് :പൊറാട്ടുവേഷങ്ങൾ പൊതു നിരത്തിൽ എന്നത്. ശ്രീ. ഏ എസ് വരച്ച ഒരു കാർട്ടൂണിന്റെ തലക്കെട്ട്)

Tuesday, December 06, 2005

ശിവശങ്കരനും കലയും പിന്നെ ഞാനും

വക്കാരിമഷ്ടൻ കണ്ട സിനിമാ ഞാനും കണ്ടിട്ടുണ്ട്. രണ്ടുഖണ്ഡമായി.

പ്രിയാ 70 എം എം യാസി കൊല്ലത്തേ ഏക വിസ്താര സ്ക്രീന്‍ ആയതിനാല്‍ ഹൈ റ്റെക്ക്‌ പടങ്ങളെല്ലാം അവിടെയാണ്‌ വന്നിരുന്നത്‌.റ്റെര്‍മിനേറ്റര്‍ രണ്ടാം ഭാഗം എന്ന സിനിമ കണ്ടു തുടങ്ങിയതും പ്രിയയിലാണ്‌(ഇതെന്താ ഇങ്ങനെ പറയുന്നേ എന്നു തോക്കില്‍ കയറി വെടി വയ്ക്കാതെ).

റിലീസ്‌ ദിവസം. തീയറ്റരിന്റടുത്തുള്ള മൂന്നു കോളേജില്‍ നിന്നും അങ്ങകലെ ടി കെ എം , ഡി ബി കോളേജില്‍ നിന്നൊക്കെ പിള്ളേര്‍ ഇടിച്ചു തള്ളിവരുമെന്ന് മുന്നില്‍ക്കണ്ട്‌ വിലപിടിപ്പും സോളില്‍ മുള്ളുകളും ഉള്ള ആക്ഷന്‍ ഷൂസ്‌ ഇട്ടാണ്‌ ഞങ്ങള്‍ പോയത്‌ ( ക്യൂവില്‍ നില്‍ക്കുന്നവന്റെ തലക്കു മുകളിലൂടെ പായണമെങ്കില്‍ ആക്ഷന്‍ പോലെ പറ്റിയ ഷൂവില്ലെന്ന് കെ എസ്‌ ഗോപാലകൃഷ്ണന്‍ ഫാന്‍സ്‌ അസ്സോസിയേഷന്‍ കൊല്ലം യൂണിറ്റ്‌ സെക്രട്ടറി ഷണ്ണന്‍ ഷോവി -കണ്ണന്‍ ഗോപി എന്ന പേരിനു ഗാംഭീര്യം പോരാഞ്ഞ്‌ ഒന്നു പരിഷ്കരിച്ചതാ- കണ്ടുപിടിച്ചതില്‍ പിന്നെ തീയറ്ററുകളില്‍ ആക്ഷന്‍ ഷൂവിന്റെ "അയ്യരു കളി" തന്നെ.)പ്രകാശും ഞാനും നേരത്തേ തന്നെതീയറ്ററിലെത്തി. അവിടെ മൊത്തം നിറഞ്ഞു നില്‍ക്കുന്ന ജനം- മിക്കവാറും കോളേജ്‌ പിള്ളേര്‍ കൂക്കിവിളി, പേപ്പര്‍ ചുരുട്ടി ഏറു തുടങ്ങി വയലന്റ്‌ പരിപാടികളിലേര്‍പ്പെടുന്ന കാഴ്ച്ചയാണു കണ്ടത്‌.

തീയറ്ററാപ്പീസില്‍ കാര്യമന്വേഷിച്ചു.
"പ്രൊജക്ഷന്‍ സിസ്റ്റം തകരാറിലാ. ഫോട്ടോഫോണ്‍ 70 എം എം ന്റെ പണി ചെയ്യുന്ന ആളുകള്‍ തിരുവന്തപുരത്തേയുള്ളു ഇന്നു ഷോ നടക്കത്തില്ല."
ഞങ്ങള്‍ തിരിച്ചൂ നടക്കാന്‍ തൂടങ്ങിയപ്പോഴാണ്‍ പ്രകാശിനു ഒരൈഡിയാ വന്നത്‌
" എടാ നമുക്ക്‌ കലാധരനെക്കൊണ്ട്‌ ഒന്നു നോക്കിച്ചാലോ?"

ആട്ടോക്കലാധരന്‍ ആട്ടോ മുതല്‍ വീഡിയോ ക്യാമറ വരെ റിപ്പയര്‍ ചെയ്യുന്ന ഒരു ജീനിയസ്‌ ആണ്‌. മറ്റു ജീനിയസ്സുകളെപ്പോലെ ഇദ്ദേഹവും പള്ളിക്കൂടപ്പ്പടിവാതില്‍ പുശ്ചിച്ചു തള്ളിയവനും, നല്ല മദ്യപാനിയും, മേലനങ്ങി ഒരു പണിയുമെടുക്കാതെ എപ്പോഴും വീട്ടില്‍ കിടന്നുറങ്ങുന്നയാളുമായിരുന്നു.കലാധരനെ പൊക്കി തീയറ്ററിലെത്തി. നിഷ്പ്രയാസം മൂപ്പര്‍ ഫോട്ടോഫോണിനെ ശരിയാക്കി. തീയറ്റര്‍ ജോലിക്കാര്‍ ആരാധനയോടെ ആട്ടോക്കലധരന്റെ മായാജലം നോക്കി നിന്നുപോയി. കാശു കിട്ടാന്‍ പക്ഷേ മുതലാളി വരണം. അതുവരെ ഞങ്ങളോടൊപ്പം പടം കാണാന്‍ കല തീരുമാനിച്ചു. പ്രൊജക്ഷന്‍ റൂമില്‍ നിന്നും ഞങ്ങല്‍ വി വി ഐ പി കള്‍ നേരേ ബോക്സിലേക്ക്കു നടന്നു. അവിടെ ഒരു ഹോളിവൂഡ്‌ പ്രതീതി. കുറച്ചു പൊമറേനിയന്‍ പെണ്ണുങ്ങളും ആട്ടിന്‍ താടി വച്ച പയ്യമ്മാരും മാത്രം.


കല പ്രോജക്സ്നിസ്റ്റിനെ നോക്കി എന്നാ പടം തൂടങ്ങിക്കൊ എന്നാംഗ്യം കാണിച്ചു. തുടങ്ങി.

ഇരുട്ടില്‍ സാറാ കോനാരുടെ ശബ്ദം:"ത്രീ ബില്ലിയൺ‍ ലൈവ്സ്‌ എന്‍ഡഡ്‌ ഇന്‍ 1997.."

കല: "എടാ ഈ പൊട്ടമ്മാരു കാര്‍ബണ്‍ വച്ചില്ലേ, പടം തെളിഞ്ഞില്ല"

അടുത്തിരുന്ന കറുത്ത മദാമ്മ പുശ്ചത്തില്‍ കലയേയും എന്നേയും നോക്കി.ഞാന്‍ അയാളുടെ കാലില്‍ ചവിട്ടി- ബുദ്ധിമാന്മാര്‍ക്ക്‌ കാര്യം പെട്ടെന്നു മനസ്സിലാവുമല്ലോ എന്തെടാ ചവിട്ടിയേന്നു അയാള്‍ ചോദിച്ചില്ല!

സാറ തുടരുന്നു" ദേ പ്ലാന്‍ഡ്‌ റ്റൊ കില്‍ ലീഡര്‍ ഒഫ്‌ ഹ്യൂമന്‍ ഫോഴ്‍സസ്‌ - ജോണ്‍ കോണര്‍, മൈ സണ്‍"സ്ക്രീനില്‍ ഒരു പ്രകാശ പ്രളയം, ഒരു തലയോടിന്‍ കൂമ്പാരത്തിനു മുകളില്‍ യന്ത്രമനുഷ്യന്റെ കാലുകൊണ്ടുള്ള ചവിട്ട്‌.
കല: "ആഹാഹ സംവിധാനം വിടുന്നവന്റെ ഒരു കഴിവേ.." (ജീനിയസ്സിനല്ലേ ജീനിയസ്സിനെ തിരിച്ചറിയൂ)

രണ്ടു മിനുട്ട്‌ കഴിഞ്ഞു. അര്‍നോള്‍ഡ്‌ ശിവശങ്കരന്‍ ബൊക്കെയില്‍ തോക്കുമായി ആശുപത്രിയില്‍ എത്തുന്ന രംഗം ആയി.

നാരൻ കൊഞ്ച്ചു പരുവത്തിൽ എലുമ്പു മാത്രമായ കലക്ക്‌ അസൂയ സഹിക്കുന്നില്ല "എടാ ഇവന്‍ ബോഡീ ഇത്രേം ഉള്ളതാണോ അതോ ഇതും ടെക്നിക്കല്‍ ആന്നോ"

അതുവരെ ash push dash to wash‌ എന്നൊക്കെ മാത്രം പറഞ്ഞിരുന്ന മദാമ്മിണി‍ പച്ച മലയാളത്തില്‍ എന്റെ ചെവിയില്‍
" പൊന്നു ചേട്ടാ അങ്ങേരോടൊന്നു മിണ്ടാതിരിക്കാന്‍ പറ"
ഞാന്‍ എഴുന്നേറ്റു"കലാധരണ്ണാ ഞാനൊരു സിഗററ്റ്‌ വലിച്ചിട്ടു വരാം".
ഞാന്‍ ആ സിനിമയുടെ ബാക്കി കണ്ടത്‌ 8 വര്‍ഷത്തിനു ശേഷം ഹൈദരാബാദില്‍ വച്ച്‌.

Saturday, December 03, 2005

ഡി എസ്‌ പി ഞെട്ടിയ ദിവസം..

കിണ്ടല്‍ ഗാര്‍ട്ടനില്‍ പോകാതെ വീട്ടിലിരുന്ന് പഠികാനുള്ള ഭാഗ്യമുണ്ടായതുകൊണ്ട്‌ ഞാന്‍ മൂന്നു വയസ്സിലേ എഴുത്തും വായനയും പഠിച്ചു. വയലില്‍ ഞാറു നടുന്ന പണിക്കാര്‍ക്കും പറമ്പു പണിക്കാര്‍ക്കും അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെയും എം എന്‍ സത്യാര്‍ഥിയുടെയും അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള ലേഖനങ്ങള്‍ വായിച്ചുകൊടുക്കുക എന്ന ദൌത്യം ഏറ്റെടുക്കുക വഴി അക്ഷരങ്ങള്‍ക്കുമേല്‍ എനിക്കുള്ള ആധിപത്യത്തിനു ഏറ്റവും പ്രയോജനപ്രദമായ ഉപയോഗം കാട്ടി തന്നത്‌ അന്നു ഹൈസ്കൂളിലും കോളെജിലും പഠിച്ചിരുന്ന എന്റെ ജ്യേഷ്ഠനും സഹോദരിയുമായിരുന്നു (അഞ്ചു വയസ്സില്‍ മിസാ തടവുകാരന്‍ ആരെന്നും അവനെ ഗരുഡന്‍ തൂക്കുന്നത്‌ എന്തിനെന്നും ഒന്നും വായിക്കുന്ന എനിക്കറിയില്ലെങ്കിലും അക്ഷരമറിയാത്ത പാവങ്ങള്‍ എന്റെ വാക്കുകള്‍ കേട്ട്‌ രോഷം കൊള്ളുകയും ആവേശഭരിതരാകുകയും ചെയ്യുന്നത്‌ കാണുമ്പോള്‍ ഒരു പര്‍വതം കീഴടക്കിയപോലെ എനിക്കു തോന്നിയിരുന്നു)


ഒന്നാം ക്ലാസ്സ്‌ കഴിഞ്ഞപ്പോഴേക്ക്‌ വേണ്ടി വന്നാല്‍ ഒരു കഥയൊക്കെ എഴുതാം എന്നൊരു വിശ്വാസമായി. പഴയൊരു റിക്കാര്‍ഡ്‌ ബുക്ക്‌ ചോദിച്ചു വാങ്ങി. വരി വളയാതെ എഴുതാന്‍ അന്ന് (ഇന്നും വലിയ വത്യാസമില്ല) പറ്റാത്തതിനാല്‍ സ്കെയില്‍ കൊണ്ട്‌ വരയിട്ടു റൂള്‍ഡ്‌ ബുക്ക്‌ ആക്കി. തുടങ്ങി നോവല്‍ എഴുത്ത്‌. മൃഗശാലയില്‍ നിന്നു ഒളിച്ചു കടന്ന മയിലിനെ കണ്ടു പിടിച്ചില്ലെങ്കില്‍ ജോലി പോകുമെന്നാ ഭീഷണിയിലായ ഒരു പാവം പോലീസ്‌ മേധാവിയുടെ കഥ. രത്നച്ചുരുക്കം. കഥാനായിക മയില്‍പ്പിട മൃഗശാലയില്‍ നിന്നു അബ്‌സ്ക്കോണ്ടി ഒരു മുരുകന്റെ അമ്പലത്തിലെ പൂവനെ ഗാന്ധര്‍വം ചെയ്ത്‌ സുഖമായി താമസിക്കുന്നു. ഏമാന്‍ തൊപ്പിക്കുമേലേറ്റ മന്ത്രിശ്ശാപം മാറ്റാന്‍ പഴനി ആണ്ടവനേ എന്നു വിളിച്ച്‌ അമ്പലത്തിലെത്തുന്നു. അവിടെ കണ്ട ഞെട്ടിക്കുന്ന കാഴ്ച:


എക്‌സര്‍പ്റ്റ്‌

"ങേ മയിലിരുന്ന് മുട്ടയിടുന്നുവോ. ഡി എസ്‌ പി ഞെട്ടിപ്പോയി"

കഥയെഴുത്ത്‌ ഇത്രവരെ എത്തിയാപ്പോഴേക്കു ഞാന്‍ ഉറങ്ങിപ്പോയി.

ഞാന്‍ അടുത്ത ദിവസം സ്കൂളില്‍ നിന്നും വന്നു വീട്ടില്‍ കയറുമ്പോള്‍:
ചേട്ടന്‍-1 (നമ്മള്‍ സാധാരണ പറയുമ്പോലെ അല്ല, അക്ഷരമാല വായിക്കുന്നതുപോലെ) "ങേ"
ചേട്ടന്‍-2 ചക്രവാളസീമയിലേക്ക്‌ ചൂണ്ടി പ്രേം നസീറിനെപ്പോലെ " എന്ത്‌? മയിലിരുന്നു മുട്ടയിടുന്നുവോ"
ചേച്ചി (ചേട്ടനെ ചൂണ്ടിക്കാട്ടി) "അതാ ഡി എസ്‌ പി ഞെട്ടി"


ഇന്നീനാളുവരെ അവരെല്ലാം ഒത്തുകൂടുമ്പോള്‍ (ഓണത്തിനോ സംക്രാന്തിക്കോ ഞങ്ങളെല്ലാം കണ്ടാലായി ഇല്ലെങ്കിലുമായി) ഡി എസ്‌ പി ഞെട്ടുന്നത്‌ ആരെങ്കിലും അവതരിപ്പിക്കും. കൂട്ടച്ചിരി. എന്നെ ആരു കളിയാക്കിയാലും ഒരു വിഷമവുമില്ലാതെ കൂടെ രസിക്കാറുള്ള എനിക്ക്‌ ഇന്നും ഈ തമാശ കേള്‍ക്കുമ്പോള്‍ കാലമിത്ര കഴിഞ്ഞിട്ടും സങ്കടം വരും..പേരില്ലാത്ത, പൂര്‍ത്തിയാവാത്ത ഒളിച്ചോടി മുട്ടയിട്ട മയില്‍കഥ.. എന്റെ ആദ്യത്തെ സാഹിത്യ സൃഷ്ടി.അസാനത്തേതെന്നു പറയുന്നില്ല.. ഇതുവരെ പിന്നെ ശ്രമിച്ചിട്ടില്ലെങ്കിലും ഒരു കഥ പറയണമെന്ന് ആഗ്രഹമുണ്ട്‌, അതെന്നെങ്കിലും പറയും .. നോവലായോ..സിനിമയായോ


എന്റെ, ചേട്ടന്മാരേ, ചേച്ചിമാരേ.ഒരുപാടു കുഞ്ഞനിയന്മാര്‍ ഡി എസ്‌ പി മാരെ ഞെട്ടിച്ചുകളഞ്ഞിട്ടുണ്ട്‌ മഞ്ജിത്തിന്റെ അനുജന്റെ കഥ കൂടെ വായിച്ചിട്ടു പോകണേ.നിങ്ങള്‍ക്കും ശകലം കുറ്റബോധം തോന്നട്ടെ.