Saturday, July 28, 2007

സാധു

ഒന്ന്
"അമ്മവഴിയുള്ള കാരണവന്മാര്‍ ഒരുപാട് ക്രൂരതകള്‍ ചെയ്തിട്ടുണ്ട്."
പണിക്കര്‍ ഭര്‍ത്താവിനോട് പറഞ്ഞു. "നാട്ടിലുള്ളവര്‍ മനസ്സു നിറഞ്ഞ് അനുഗ്രഹിക്കണം അനപത്യദു:ഖം മാറാന്‍"
ഭാര്യയും ഭര്‍ത്താവും പരസ്പരം നോക്കി.

"ഇപ്പോഴത്തെ കാലത്ത് മനസ്സു നിറയുന്നവരില്ല. എനിക്ക് നിങ്ങളമ്പതു രൂപ തന്നാല്‍ ഞാന്‍ ഇയാള്‍ നൂറു രൂപ തന്നില്ലല്ലോഎന്നേ ആലോചിക്കൂ. അതുകൊണ്ട്-" പണിക്കര്‍ ഇരുവരെയും നോക്കി. "- അടുത്ത വീടുകളിലെല്ലാമുള്ള കുട്ടികളെ വിളിച്ച് സദ്യയും മിഠായിയും കൊടുക്കൂ. അവര്‍ നിറഞ്ഞ് ചിരിക്കുന്നത് കാണാം. ഇപ്പോഴൊക്കെ കുഞ്ഞുങ്ങള്‍ക്കേ അനുഗ്രഹിക്കാന്‍ കഴിവുള്ള മനസ്സുള്ളൂ. ങാ. ആ ഉമ്മണനുംകൂടി ചോറുകൊടുക്കാന്‍ മറക്കേണ്ട."

കുട്ടികള്‍ നിറച്ചൂണുകഴിഞ്ഞ് തട്ടത്തില്‍ നിന്നും ചോക്കലേറ്റുകളെടുത്ത് കൂട്ടമായി കലപില പറഞ്ഞോടി. ഉമ്മണന്‍ കൈ കഴുകി കാക്കി നിക്കറില്‍ തുടച്ച് അവിടെ നിന്നതേയുള്ളു.
"ഉമ്മണാ, നിനക്ക് പായസം ഒരു കുപ്പിയിലാക്കി തരട്ടേ , കൊണ്ടുപോവാന്‍?"
ഭര്‍ത്താവ് ചോദിച്ചു.

അയാള്‍ തല കുലുക്കി.
"വേറെന്തെങ്കിലും വേണോ?" ഭാര്യ തിരക്കി.
"പത്തിരീം എറച്ചീം വേണം" തന്റെ ഭീമാകാരമായ ശരീരം ചുരുക്കി ഉമ്മണന്‍ ആശയോടെ പറഞ്ഞു.

"അമ്പലത്തിലെങ്ങനാടാ പത്തിരീം ഇറച്ചീം ? ഇതു കൊടുത്ത് ഇന്നും നാളെയും ഒക്കെ നീ കുട്ടമ്പിള്ളേടെ കടേന്നു വാങ്ങിച്ചു കഴിച്ചോ. " ഭര്‍ത്താവ് മൂന്നു നാലു പത്തിന്റെ നോട്ടുകള്‍ നീട്ടി.
ഉമ്മണന്‍ മഞ്ഞപ്പല്ലുകളെല്ലാം പുറത്തു കാട്ടി ചിരിച്ചു.

"ഡാ, ഇവര്‍ക്ക് വേഗം മക്കളുണ്ടാവട്ടേന്ന് പ്രാര്‍ത്ഥിക്ക്" വിളമ്പുകാരന്‍ പറഞ്ഞു.
"വേഗം മക്കളുണ്ടാവും കേട്ടോ ഇവരേ."

അടുത്ത ദിവസം രാവിലേ പത്രമെടുക്കാന്‍ ഗേറ്റിലെത്തിയ ഭര്‍ത്താവ് അവിടെ
കാത്തു നില്‍ക്കുന്ന ഉമ്മണനെ കണ്ടു.
"മക്കള്‍ ഉണ്ടായോ ഇവരേ?"

പിന്നെ എപ്പോള്‍ ഇവരെ കണ്ടാലും ഉമ്മണന്‍ മക്കളെ തിരക്കി. കാലം കുറെ കഴിഞ്ഞ് ഇവര്‍ ഒരു കുഞ്ഞുവാവയെ കാട്ടിക്കൊടുക്കും വരെ.

രണ്ട്
പട്ടിണി കിടന്നു കിടന്ന് ഉമ്മണന്റെ കുടല്‍ മുഴുവന്‍ പുണ്ണുപിടിച്ചു പോയി.വിശന്നാല്‍ അവന്‍ ചോര ശര്‍ദ്ദിക്കും. വേദനിച്ചു നിലവിളിച്ച് വഴിയേ ഓടും,പിന്നെ നിലത്തു കിടന്നുരുളും. സാംസ്കാരിക വേദികളും ക്ലബ്ബുകളുമൊക്കെ ഉമ്മണനെ ചികിത്സിക്കാന്‍ വര്‍ഷാവര്‍ഷം തുക നീക്കിവച്ചു. അതിനൊന്നും അവന്റെ രോഗത്തിന്റെ കാഠിന്യമൊന്നു കുറയ്ക്കാന്‍ പോലും കഴിഞ്ഞില്ല. ശര്‍ദ്ദില്‍ സഹിക്ക വയ്യാതെ വരുമ്പോള്‍ അവന്‍ കടകളില്‍ കൈ നീട്ടും. കടകളൊന്നും തുറന്നില്ലെങ്കില്‍ സ്കൂള്‍ കുട്ടികളുടെ ചോറുപൊതി തട്ടിപ്പറിച്ചുകൊണ്ടോടും. ചോറു പോയ കുട്ടികള്‍ സന്തോഷിച്ചു. അവരെയന്ന്സാറടിക്കില്ല. പരീക്ഷ ദിനമാണെങ്കിലോ, രക്ഷപ്പെട്ടു.

ഒരു പിറന്നാള്‍ സദ്യ വിളമ്പുമ്പോഴോ, എന്തിന്‌ ആദായവിലയ്ക്ക് കുറേ നല്ല മീന്‍ കിട്ടിയ ദിവസം ഉണ്ണാനിരുന്നാലോ മതി, കേള്‍ക്കാം ദൂരെ റോഡിലെങ്ങോ ഒരലര്‍ച്ച:
"വിശക്കുന്നെറേ.. വിശന്നിട്ടു ചാവുന്നറേ..."

വീട്ടുകാരന്‍ എഴുന്നേറ്റ് പോയി നാറുന്ന ഉടുപ്പില്‍ ചോരയും തുപ്പലുമൊഴുക്കി ഭയാനകരൂപിയായി നില്‍ക്കുന്ന ഉമ്മണനു ഒരില ചോറു വയ്ച്ചുകൊടുക്കും, തെരുവിലോ കടയോരത്തോ അവനെവിടെ നില്‍ക്കുന്നോ അവിടെ. വിശന്നാല്‍ ഉമ്മണനു പിന്നെ നടക്കാനാവില്ല. നിന്ന നില്പ്പില്‍ അല്ലെങ്കില്‍ കിടന്ന കിടപ്പില്‍ അതു കഴിച്ചു തീര്‍ക്കുമ്പോള്‍ അവന്റെ വിളി നില്‍ക്കും.

മൂന്ന്
കോളേജില്‍ മെഡലുകള്‍ക്കൊപ്പം റെസ്‌ലിങ്ങിലെ കേമത്തം നല്‍കിയ ഞണ്ടെന്ന പട്ടം പുതുമണമുള്ള യൂണിഫോമില്‍ നക്ഷത്രങ്ങള്‍ക്കൊപ്പമണിഞ്ഞ ഇന്‍‌സ്പെക്റ്റര്‍ ചാര്‍ജ്ജെടുത്ത് ദിനമധികമായിട്ടില്ല, എങ്കിലും അയാളെ എല്ലാവരും അറിഞ്ഞു പെരുമാറാന്‍ പഠിച്ചുകഴിഞ്ഞതാണ്‌. രാത്രി രണ്ടു മണിക്ക് നടുറോഡില്‍ കണ്ടാല്‍ മുക്കുടിയനെന്ന് തോന്നുന്ന രൂപം പുലമ്പിക്കൊണ്ട് നില്‍ക്കുന്നത് തന്റെ ശാസനങ്ങളോടുള്ള വെല്ലുവിളിയായാണ്‌ ഞണ്ടു രാജീവിനു തോന്നിയത്. ജീപ്പ് നിര്‍ത്തി സത്വത്തെ വിരല്‍ ഞൊടിച്ചു അടുത്തു വിളിച്ചു.

"എന്താടാ രാത്രി വഴിയില്‍ നില്‍ക്കുന്നത്?"
"വിശന്നിട്ട്."

എന്തൊരു ധിക്കാരവും പരിഹാസവും! ഞണ്ട് റോഡിലേക്ക് ചാടിയിറങ്ങി.
"കള്ളം പറയുന്നോടാ റാസ്കല്‍? വിളച്ചിലെടുത്താലുണ്ടല്ലോ..."
ഏകവും കേവലവുമായ പരമസത്യത്തെ, തന്റെ വിശപ്പിനെ, ചോദ്യം ചെയ്തത് ഉമ്മണനു താങ്ങാവുന്നതിലുമപ്പുറത്തായിരുന്നു. ഇരുമുഷ്ടികളും ജീപ്പിന്റെ ബോണറ്റിലിടിച്ച് അവനട്ടഹസിച്ചു:
"സത്യമായിട്ടും എനിക്കു വിശക്കുന്നെറാ പട്ടീ."

സെല്ലിലെ അഴികളില്‍ തലയറഞ്ഞ് മൂക്കിലൂടെയും വായിലൂടെയും ചോരയൊലിപ്പിച്ച് ഉമ്മണന്‍ നിലവിളിച്ചു.
"വിശന്നിട്ടു ചാവാന്‍ പോണെറാ പട്ടികളേ, അയ്യോ."

ഞണ്ടിന്റെ ലാത്തിക്കും ചൂരലിനും ലെതര്‍ ബെല്‍റ്റിനും ആ ശബ്ദത്തെ അടക്കാന്‍ കഴിയാതായപ്പോള്‍ പോലീസുകാര്‍ അവന്റെ കയ്യും കാലും കൂട്ടി കെട്ടി വായില്‍ തുണി തിരുകി.

പബ്ലിക്ക് ന്യൂയിസന്‍സിനൊരു ജാമ്യമെടുക്കാന്‍ സേതു വക്കീലിനും കഴിയാതെ വന്നപ്പോള്‍ നാട്ടുകാര്‍ രാഷ്ട്രീയ സ്വാധീനം തേടി. അവനെ എടുത്തു തോളിലിട്ട് ഉണ്ണൂണ്ണി മാപ്ല സ്റ്റേഷന്‍ പടിയിറങ്ങുമ്പോള്‍ ഉമ്മണന്‍‍ നീരുകെട്ടി വീര്‍ത്ത കണ്ണുകള്‍ വലിച്ചു തുറന്ന് പോര്‍ച്ചിലിട്ടിരുന്ന ഞണ്ടിന്റെ ജീപ്പിനു നേരേ നോക്കി.
"നിന്നെ കാലന്‍ പാമ്പു കൊത്തുമെറാ."

കൈതാകോടിയില്‍ ചെന്ന് പാപ്പനെ കീഴടക്കുക ആരും ഉദ്യമിക്കാത്ത കാര്യമാണെന്ന് കൂടെയുള്ളവരെല്ലാം മുന്നറിയിപ്പു കൊടുത്തിട്ടും ഞണ്ടിന്റെ ആത്മവിശ്വാസത്തിനു ഒരു കുറവുമുണ്ടായില്ല, ഒരു ചെറ്റപ്പുരയില്‍ മൂടിപ്പുതച്ചു കിടന്നിരുന്ന പാപ്പന്‍ മിന്നലിനെക്കാള്‍ വേഗത്തില്‍ ഒരു തള്ളിന്‌ ഞണ്ടിനെ നിലത്തിട്ടുകൊണ്ട് ചാടിയെഴുന്നേല്‍ക്കും‌വരെ. വീണയിടത്തുനിന്നും കുതിച്ചെഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ തന്റെ ഇറുക്കുകാലുകള്‍ ശക്തിയെല്ലാം വാര്‍ന്ന് കുഴഞ്ഞുപോകുന്നതെന്തെന്ന് അയാള്‍ അതിശയിച്ചു.

"വലിച്ചൂരാന്‍ നോക്കാതെ ആശുപത്രീല്‍ കൊണ്ടുപോയാല്‍ അവന്റെ ജീവന്‍ കെടന്നോളുമെടാ"
എന്ന് പിന്നാലെയോടുന്ന പോലീസുകാരോട് വിളിച്ചു പറഞ്ഞ് പാപ്പന്‍ കൈതാകോടി കായലിലേക്ക് ഊളിയിട്ടശേഷമേ ഞണ്ട് തന്റെ വയറില്‍ പിടിയോളം തറഞ്ഞു കയറിയ ലാന്‍സലോട്ട് കത്തിയും നിലത്തൊഴുകിപ്പരക്കുന്ന ചോരയും കണ്ടുള്ളു.

കാലന്‍ പാമ്പുകള്‍ ആ സര്‍ക്കിളില്‍ തീരെ ഇല്ലാത്തതിനാല്‍ ദൈവം പ്ലാനില്‍ ഒരു ഭേദഗതി വരുത്തിയതാണെന്നായിരുന്നു ചായക്കട കുട്ടന്‍ പിള്ളയുടെ വിശകലനം. പക്ഷേ ഉണ്ണൂണ്ണി മാപ്ല നിരീക്ഷിച്ചത് ഉമ്മണന്‍ കാലന്‍ പാമ്പെന്നു പറഞ്ഞത് പാമ്പായി നടക്കുന്ന ഒരു കാലമാടന്‍ എന്നുദ്ദേശിച്ചാണെന്ന് ആവും ദൈവം മനസ്സിലാക്കിയതെന്നും നാക്കു ശരിക്കു തിരിയാത്ത അവന്‍ "കൊത്തും" എന്നു പറഞ്ഞത് "കുത്തും" എന്നാണു കേട്ടത് എന്നുമായിരുന്നു. അനുമാനങ്ങളില്‍ വ്യത്യാസമുണ്ടായെങ്കിലും മേലില്‍ കൈതാകോടി പാപ്പനെ കാലന്‍പാമ്പ് പാപ്പന്‍ എന്നാണു വിളിക്കേണ്ടതെന്ന തീരുമാനത്തിനു നൂറു ശതമാനം വോട്ടും കിട്ടി.

Sunday, July 15, 2007

ജി കെ കഥകള്‍ 2- അയിത്തം

ദിസ് സെയില്‍ ഡീഡ് ഡേറ്റഡ്.. എക്സിക്യൂട്ടഡ് ബിറ്റ്വീന്‍ ഗോപകുമാര്‍ ...ആന്‍ഡ് മുരുകേശന്‍ കുമരന്‍ റിസൈഡിങ്ങ്.. ഹീയറിനാഫ്റ്റര്‍"

നില്ല് വക്കീലേ. ജീ കെ ആധാരപാരായണത്തിനിടയില്‍ കയറി. രേഖകളില്‍ ഞാന്‍ ഗോപകുമാര്‍ അല്ല, ഗോപകുമാരന്‍ നായര്‍. തിരുത്തിക്കോ.

"അത് കുഴപ്പമില്ല സര്." വക്കീല്‍ പറഞ്ഞു.
"ഇതിപ്പോ ഡ്രാഫ്റ്റല്ലേ, കുഴപ്പം ഉണ്ടെങ്കിലും ഇല്ലെങ്കിലും തിരുത്തി ശരിയാക്കാമല്ലോ?"
"സാറേ, ഉള്ള കാര്യം പറയാം. ഇവിടത്തെ രെജിസ്റ്റ്രാര്‍ പിന്നോക്ക ജാതിയില്‍ പെട്ടയാളാണ്‌. നായര്‍, അയ്യര്‍, മുതലിയാര്‍, തേവര്‍ എന്നൊക്കെ കണ്ടാല്‍ ആധാരം രെജിസ്റ്റര്‍ ചെയ്യാന്‍ വെറുതേ താമസിപ്പിക്കുകയും സാറിനെ ഇട്ടു തെക്കു വടക്കു നടത്തുകയും ചെയ്യും. വെറുതേ ഒരു നായരു ചേര്‍ക്കാന്‍ വസ്തു വില്പ്പന താമസിപ്പിക്കണോ?"

"എന്ത്? എന്റെ മുഴുവന്‍ പേര്‍ ചേര്‍ത്താല്‍ വസ്തു കൈമാറ്റം ചെയ്യില്ലെന്നോ? എന്നാല്‍ പിന്നെ അതൊന്നു കണ്ടിട്ടു തന്നെ കാര്യം. വക്കീലു ധൈര്യമായി നായര്‍ എന്ന് അടിച്ചു ചേര്‍ത്തോ, ഇയാള്‍ രെജിസ്റ്റര്‍ ചെയ്യുമോ ഇല്ലയോ എന്ന് ഞാന്‍ നോക്കട്ടെ."

സാറു വെറുതേ ചൂടാവണ്ട. രെജിസ്റ്റ്രാരെ ഇങ്ങനെ ആക്കി കളഞ്ഞത് ഈ നാട്ടുകാര്‍ തന്നെയാണ്‌. അക്കഥ കേട്ടാല്‍ ചിലപ്പോ സാറു വിശ്വസിക്കുക പോലുമില്ല, ഈ തമിഴുനാട് കേരളം പോലെ അല്ലല്ലോ. എന്തായാലും പറയാം. രെജിസ്ദ്റ്റാര്‍ പുതിയതായി ഇവിടെ ജോയിന്‍ ചെയ്യാന്‍ വന്നപ്പോള്‍ കുറച്ചു ലോക്കല്‍ ആളുകളുടെ കൂടെ ഭക്ഷണം കഴിക്കാന്‍ ഇവിടെയുള്ള ഒരു ഹോട്ടലില്‍ പോയി. കൂട്ടിക്കൊണ്ടു പോയ ആളുകള്‍ക്ക് ഇദ്ദേഹം ഏതു ജാതിക്കാരന്‍ ആണെന്ന് തിരക്കാനുള്ള വിവരക്കേട് ഇല്ലായിരുന്നു, പക്ഷേ ഹോട്ടലുടമയ്ക്ക് അത് പിടി കിട്ടി. എല്ലാവര്‍ക്കും ചോറു വിളമ്പി, പക്ഷേ കറികള്‍ വിളമ്പി വിളമ്പി വന്ന് ഒടുക്കം റെജിസ്റ്റ്രാര്‍ക്കു മാത്രം വിളമ്പിയില്ല. കൂടെ വന്നവര്‍ അപ്പോഴേക്ക് കഴിച്ചു തുടങ്ങിയിരുന്നു. പുള്ളിക്കും വിളമ്പാന്‍ പറഞ്ഞപ്പോള്‍ കറിയൊക്കെ കഴിഞ്ഞു, എന്നു പറഞ്ഞ് വിളമ്പുകാരന്‍ അകത്തു കയറിപ്പോയി. കൂടെ വന്നവര്‍ക്ക് കാര്യം മനസ്സിലായത് അപ്പോഴാണ്‌. എല്ലാവരും ഊണു നിര്‍ത്തി ഇറങ്ങി പോയി. അതില്‍ തീര്‍ന്നില്ല, അടുത്ത അപമാനം ഇദ്ദേഹം താമസിക്കാന്‍ വീടു വാടകയ്ക്ക് കിട്ടാനായി .."

"ഇതൊക്കെ ഏതു കാലത്ത് നടന്ന കഥയാണു വക്കീലേ?" ജീ കെ അന്തം വിട്ടു പോയി.
"കഴിഞ്ഞ വര്‍ഷം. സാറിനു വിശ്വസിക്കാന്‍ പറ്റില്ല ഈ ഗ്രാമത്തിലെ കാര്യമെന്ന് ഞാനാദ്യമേ പറഞ്ഞില്ലേ, അതാണു നാടുകള്‍ തമ്മിലുള്ള വത്യാസം."

"ശരി, വക്കീല്‍ നായര്‍ എന്നു ചേര്‍ത്തോ, ഞാന്‍ സംസാരിക്കാം റെജിസ്റ്റട്രാറോട്."
"ശരി സാറിന്റെ ഇഷ്ടം, ഞാന്‍ പറഞ്ഞെന്നേയുള്ളു."

രെജിസ്റ്റ്രാറോഫീസില്‍ എത്തി. ആധാരം കൊടുത്തു കാത്തിരുന്നു. ഉച്ച കഴിഞ്ഞു. ആരുമില്ലാഞ്ഞിട്ടും തന്നെ വിളിക്കുന്നില്ല. നാലുമണിയായപ്പോള്‍ വിളിച്ചു.

"ഗോപ കുമാരന്‍ നായര്‍ അല്ലേ?" തമിഴു ചുവയ്ക്കുന്ന മലയാളത്തില്‍ റെജിസ്റ്റ്രാര്‍ പറഞ്ഞ ആ വാചകത്തില്‍ നായരില്‍ ഒരു കടുപ്പം അനുഭവപ്പെട്ടു.
"അതേ."
"ഡീഡ് ഞാന്‍ ഒന്നു പഠിക്കട്ടെ, പോയിട്ട് നാളെ രാവിലെ വരൂ."
"ഓഹ്. അതു ബുദ്ധിമുട്ടായല്ലോ. എന്റെ വീട് തിരുവനന്തപുരത്താണ്‌. ഇന്നു പോയി പോയി നാളെ രാവിലെ തിരിച്ചെത്താന്‍ ‍ ബുദ്ധിമുട്ട്. ഇവിടെ തങ്ങാന്‍ തീരെ താല്പ്പര്യമില്ല. റൂം ചോദിക്കുമ്പോള്‍ തിരിച്ചു ജാതിയും കുടുംബവും ചോദിക്കുന്ന ലോഡ്ജ് ഉള്ള നശിച്ചൊരു നാട്."

രജിസ്റ്റ്രാര്‍ അറിയാതെ പഴയ ഹോട്ടല്‍ സംഭവം പറഞ്ഞുപോയി. ആദ്യമായി കേള്‍ക്കുന്നെന്ന് അഭിനയിച്ച് ജീ കെ മുഴുവന്‍ കേട്ടു.

"ഓ ഹോ. കാര്യങ്ങള്‍ അത്ര വഷളാണോ ഇവിടെ? സാറു വിഷമിക്കേണ്ട, അവനിട്ട് ഒരു പണി കൊടുത്തിട്ട് ബാക്കി കാര്യം."

അവിടെ ഇരുന്നു തന്നെ സുരേഷിനെ വിളിച്ചു ഈ ഏരിയയില്‍ ചെറിയ ഡോസ് കൊടുക്കാന്‍ പറ്റുന്ന ലോക്കല്‍ പാര്‍ട്ടികളെ വല്ലതും പരിചയമുണ്ടോ എന്ന് തിരക്കി. ഇങ്ങനെ ഒരു പട്ടിക്കാട് കേട്ടിട്ടില്ലാത്ത സുരേഷ് അടുത്തു ഏതാണു നഗരമെന്ന് തിരക്കി.
"നാഗര്‍ കോവില്‍."
"ഓഹോ, നാഗര്‍കോവില്‍ വേലായുധന്‍ എന്നൊരാളുണ്ട്. നമ്മുടെ മലയാളി തന്നെ, അബ്കാരി ഫീല്‍ഡില്‍ ആണ്‌, അടുത്തറിയാം. എന്താ പരിപാടി?"
"പ്രത്യേകിച്ചൊന്നുമില്ല, അയാള്‍ ഒന്നിത്രടം വരാന്‍ പറയുക. ഇവിടെ ഒരു ലക്ഷ്മി ഹോട്ടല്‍ ഉണ്ട്. ചില ജാതിക്കാരെ അവിടെ കയറ്റില്ലെന്ന്. ഈ ഏരിയയിലെ അങ്ങനെയുള്ള ജാതിയില്‍ പെട്ട നാലഞ്ചാളെയും വിളിച്ച് ഭക്ഷണം കഴിക്കാന്‍ കയറുക. വിളമ്പുകാരന്‍ അവര്‍ക്കു വിളമ്പില്ല, അവനെക്കൊണ്ട് വിളമ്പിക്കണം. അത്രേയുള്ളു."

"അത്രേയുള്ളോ? വേലായുധന്‍ സ്വന്തം ആളാ, ഒരു ചിലവും വരില്ല." സുരേഷ് പറഞ്ഞു.
"അതു വേണ്ട, രൊക്കം പൈസ കൊട്. ഇല്ലെങ്കില്‍ നാളെ അയാള്‍ നമുക്ക് ബാദ്ധ്യതയാവും."

റെജിസ്റ്റ്രാര്‍ ഇതെല്ലാം കൗതുകം നിറഞ്ഞ സന്തോഷത്തില്‍ നോക്കി ഇരിപ്പായിരുന്നു.
"നിങ്ങള്‍ ആരാണ്‌? ഈ ഗുണ്ടകളെ എല്ലാം എന്തിനു കൊണ്ടു നടക്കുന്നു?" അദ്ദേഹം ചോദിച്ചു പോയി.

"ഹേയ്, ഗുണ്ടകളെ ഒന്നും കൊണ്ടു നടക്കുന്നില്ലല്ലോ ഞാന്‍. പിന്നെ ചെയ്യുന്ന കച്ചവടത്തില്‍ ബാര്‍ ഹോട്ടലുകളും അതുപോലെ കുറേശ്ശെ വിരട്ടു പണി ചെയ്യേണ്ട ചില കാര്യങ്ങളുമൊക്കെയുണ്ട്. അതുകൊണ്ട് ഈ സുരേഷിനെപ്പോലെ ഒന്നു രണ്ടാള്‍ ആവശ്യമാണ്‌."

"താങ്കളെ കണ്ടതില്‍ വളരെ സന്തോഷം. ഡീഡ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്."
"സാറിനെ പരിചയപ്പെട്ടതില്‍ എനിക്കും സന്തോഷം. എന്തോ വളരെ നല്ല കാര്യം ചെയ്ത ഒരു സംതൃപ്തിയും തോന്നുന്നു."
"ഹ ഹ. തല്ലാണോ നല്ല കാര്യം?"
"ചില കാര്യങ്ങളില്‍‍ തല്ലോളം നല്ല മറ്റൊരു കാര്യവുമില്ല സാര്‍." ജീ കെയും ചിരിച്ചു

Wednesday, July 04, 2007

ജീ കെ കഥകള്‍ 1- രോഗശുശ്രൂഷ

കുന്നിന്റെ മുകളില്‍ നിന്നും ജീ കെ തന്റെ കൈകള്‍ വീശി സൂപ്പര്‍മാനെപ്പോലെ, ഒരു സൂപ്പര്‍ പരുന്തിനെപ്പോലെ, താഴേക്ക് പറന്നു. മേലെ ആകാശം, താഴെ ഭൂമി, നടുവില്‍ അപ്പൂപ്പന്‍ താടി പോലെ പാറി നടക്കാന്‍ നല്ല രസം.
"ക്രീ...ങ്" .എന്താത്? പറക്കലിനിടയില്‍ കളസം കീറിയോ?

"ക്രീ..ങ്". നാശം, സ്വപ്നം മുറിഞ്ഞു. ജീ കെ കട്ടിലില്‍ മൂന്നാലുരുണ്ടു. ഫോണ്‍ പിന്നെയും മണിയടിച്ചു.
"ഹലോ?"
"സാറേ, ഞാന്‍ തോമാസാ."
ഏതു തോമാസ്? ആ. ഡ്രൈവര്‍ തോമാസ്. അയാള്‍ക്കെന്താ രാവിലേ? ഓ പൊന്നയ്യായെ കാണാന്‍ പോയിരിക്കുകയായിരുന്നു.

പൊന്നയ്യാ പത്തു മുപ്പതു വര്‍ഷമായി വീട്ടില്‍ ഒരു സഹായി ആയി നില്‍ക്കുന്ന ഒരു തമിഴ്‌നാട്ടുകാരനാണ്‌. പ്രായം വളരെ ആയിട്ടും മക്കളെല്ലാം നല്ല നിലയിലായിട്ടും പൊന്നയ്യാ തിരിച്ചു വീട്ടില്‍ പോകാന്‍ താല്പ്പര്യമൊന്നും കാണിക്കാതെ ഒരു കാരണവരെപ്പോലെ ജീകെയുടെ വീട്ടുകാര്യങ്ങളെല്ലാം നോക്കി നടത്തി അങ്ങനെ ജീവിച്ചു പോരുമ്പോഴാണ്‌ ഒരുദിവസം പനിയും ശര്‍ദ്ദിലുമൊക്കെയായി വീട്ടില്‍ പോകണമെന്ന് പറഞ്ഞത്. ആശുപത്രിയില്‍ കാണിക്കാമെന്ന് പറഞ്ഞപ്പോള്‍ പ്രായമേറുന്നതിന്റെയാണെന്നും കുറച്ചു ദിവസം മക്കളോടൊത്തു താമസിക്കണമെന്നും ഒരാഴ്ച്ചയില്‍ മടങ്ങി വരാമെന്നുമായി പൊന്നയ്യ. കൊടുത്ത കാശും വാങ്ങി നാഗര്‍കോവിലിലേക്ക് ഡിസ്റ്റ്രിബ്യൂഷനു പോയ ലോറിയില്‍ അയാള്‍ വീട്ടില്‍ പോയിട്ട് മാസമൊന്നാകുന്നു. അയാളുടെ വീടുവരെ ഒന്നു പോയി അസുഖം ഭേദമുണ്ടോ എന്ന് തിരക്കാന്‍ തോമാസിനോട് പറഞ്ഞിരുന്നു.

"പൊന്നയ്യായ്ക്ക് എങ്ങനെ ഉണ്ട് ?"
"അതു പറയാനാ വിളിച്ചത്. സാറേ അങ്ങോര്‍ക്ക് അസുഖം വളരെ കൂടുതലാ, സാറൊന്ന് ഇത്രടം വരണം."
ഇത്രടം നൂറ്റമ്പത് കിലോമീറ്റര്‍ ദൂരെയാണ്‌. ഉച്ച കഴിയും എത്തുമ്പോള്‍.
"അവിടെ ഏതാശുപത്രിയിലാ ആള്‍, തോമാസേ?"
"അതാ സാറു വന്നേ പറ്റൂ എന്ന് പറഞ്ഞത്. പൊന്നയ്യയെ ആശുപത്രിയില്‍ ഒന്നും കാണിച്ചിട്ടില്ല, മക്കളും കുറച്ചു ദൈവവിളിക്കാരും ചുറ്റും കൂടിയിരുന്നു പ്രാര്‍ത്ഥിക്കുവാ. നമ്മളെന്തെങ്കിലും ചെയ്തില്ലേല്‍ വീട്ടി കിടന്നയാളു ചാകും സാറേ, വേഗം വാ."
"ശരി, ഞാന്‍ ദാ ഇറങ്ങി."

പറഞ്ഞ ഇടം എത്തുന്നതിനും രണ്ടു കിലോമീറ്റര്‍ അപ്പുറം തന്നെ വഴിവക്കില്‍ കാറുമിട്ട് തോമാസ് കാത്തു നില്പ്പുണ്ടായിരുന്നു. അടുത്ത് ഒരു ബൈക്കിന്റെ പുറത്ത് ജീ കെ ബാറില്‍ "ലാ അറ്റ് ബാര്‍" പരിപാലിക്കാന്‍ നിയമിച്ച സുരേഷും ഇരിപ്പുണ്ട്.
"സുരേഷെന്താ ഇവിടെ?" ബാര്‍ തുറക്കുന്ന സമയം കഴിഞ്ഞല്ലോ, ഇയാള്‍‍ അവധിയെടുത്തോ?
"തോമാച്ചന്‍ ഫോണ്‍ ചെയ്തു വരുത്തിയതാ സാര്‍‌‍."
സുരേഷിന്റെ ആവശ്യം വരും. പൊന്നയ്യനെ ബലപ്രയോഗമില്ലാതെ വിട്ടുകിട്ടില്ല, അവരുടെ കുടുംബം ബലത്ത പെന്തക്കോസ്തുകാരാണ്‌, നാട്ടുകാരാണെങ്കില്‍ വിവരമില്ലാത്ത പാണ്ടികളും, സാറു വരാന്‍ പറഞ്ഞത് അതുകാരണമാണ്‌. നമ്മളിടപെട്ടില്ലെങ്കില്‍ ആ പാവം വയസ്സന്‍ മരുന്നു കിട്ടാതെ മരിക്കും. തോമാസ് വിശദീകരിച്ചു.

ജീ കെ പൊന്നയ്യന്റെ വീട്ടില്‍ കയറിയതും രോഗിയെ നിലത്തു കിടത്തി ചുറ്റും കൂടിയിരുന്നവര്‍ എഴുന്നേറ്റു. പൊന്നയ്യന്റെ മക്കള്‍ക്ക് ജീ കെയെ കണ്ട് പരിചയമുണ്ട്. പലപ്പോഴും പഠിപ്പിനും മറ്റും പണവും വാങ്ങിയിട്ടുണ്ട്.
"അയ്യാ വന്താച്ച്, രൊമ്പ സന്തോഷം. ഉക്കാരുങ്കെ. അയ്യാ അപ്പാവുക്ക് മേല്‍ രൊമ്പ പാശം വച്ചിരുക്കിറ ആള്‌. പ്രാര്‍ത്ഥനയില്‍ അയ്യാവോടെ ഇരുന്താ താന്‍ കടവുള്‍ അതേ കേള്‍ക്കും." ഒരു മകന്‍ മലയാളവും തമിഴുമെല്ലാം ചേര്‍ത്ത് പറഞ്ഞു.

താന്‍ പ്രാര്‍ത്ഥിക്കാന്‍ വന്നതല്ലെന്നും പൊന്നയ്യനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വന്നതാണെന്നും പറഞ്ഞതോടെ തമിഴരുടെ മട്ടു മാറി.
"അപ്പാവെ എങ്കെയും കൊണ്ടു പോക മുടിയാത്. അത് നാങ്കളോടെ തീര്‍പ്പ്. എങ്കളോടെ അപ്പാവുടെ കാര്യം നാങ്കള്‍ പാപ്പോം. നീങ്കള്‍ അതേ പറ്റി യോസിക്കവേണ്ടാം."

ജീ കെ സുരേഷിനെ നോക്കി.
"തോമാച്ചാ, അങ്ങേരെ എടുത്ത് വണ്ടിയേല്‍ കേറ്റ്. ആരാ തടയുന്നേന്ന് ഞാനൊന്ന് കാണട്ടെ." സുരേഷ് മുന്നോട്ടു കയറി നിന്നു.

"ഡായ്, വണ്ടിയേല്‍ ഏറ്റുമാടാ? നാന്‍ യാര്‍ തെരിയുമാ? ഇവങ്ക യാര്‍ തെരിയുമാ, പെരിയ സെയില്‍സ് ടാക്സ് ആഫീസര്‍. ഇവന്‍ മകന്‍ വന്ത് മിന്‍സാര എഞ്ചിനീയര്‍. "
"അവന്റമ്മേടെ ഓഫീസര്‍. വഴീന്നു മാറെടാ." സുരേഷൊന്നു തള്ളിയപ്പോഴേക്ക് തടഞ്ഞവന്‍ ആള്‍ക്കൂട്ടത്തില്‍ വീണ്‌ അപ്രത്യക്ഷമായി.

പൊന്നയ്യനെയും കൊണ്ട് രണ്ടു കാറും ഒരു ബുള്ളറ്റും മിഷന്‍ ഹോസ്പിറ്റലിലെത്തി. അവിടത്തെ ഡോക്റ്ററെ ജീ കേ ക്ക് ചെറിയ പരിചയമുണ്ട്. ആള്‍ അഡ്മിറ്റായി.

"ജീ കെ, നിങ്ങളുടെ സ്റ്റാഫിന്റെ നില ആകെ പരുങ്ങലിലാണ്‌. ഒരു രണ്ടാഴ്ച്ച മുന്നേ എങ്കിലും കിട്ടിയാല്‍ പ്രതീക്ഷക്ക് വകയുണ്ടായിരുന്നു. പ്രായവും വളരെ ഏറിയ രോഗിയല്ലേ, സംശയമാണല്ലോ."

കൂടെ നില്‍ക്കാനും മറ്റും ആളെ ഏര്‍പ്പാടാക്കി, രോഗിയെ ബലം പ്രയോഗിച്ചു ഡിസ്ച്ചാര്‍ജ്ജ് ചെയ്യിക്കാന്‍ ആരെങ്കിലും വന്നാല്‍ വഴങ്ങരുതെന്ന് നിര്‍ദ്ദേശവും കൊടുത്ത് ജീ കെ പുറത്തിറങ്ങി. വണ്ടിയൊരെണ്ണം അവിടെ തന്നെ ഇട്ടു. അത്യാവശ്യത്തിനു എവിടേക്കെങ്കിലും പോകാനോ വരാനോ ആവശ്യം വന്നേക്കും. അത്യാവശ്യം ദേഹരക്ഷ വേണ്ടിവരുമെന്ന് തോന്നിയതിനാല്‍ സുരേഷിനെയും അവിടെ നിര്‍ത്തി.

തോമാസ് ഓടിക്കുന്ന കാറില്‍ ആപ്പു വലിച്ച കപിശ്രേഷ്ഠന്റെ ഭാവത്തില്‍ ജീകേ തലയ്ക്കു കൈ കൊടുത്ത് ഇരുന്നു.
"തോമാസെ, പൊന്നയ്യന്റെ കാര്യം വളരെ സീരിയസ്സ് ആണ്‌. ആളെ കിട്ടുന്ന കാര്യം സംശയമാണെന്നാണു ഡോക്റ്റര്‍ പറയുന്നത്."
"സാറെ, മെഡിക്കല്‍ കോളെജിലോ മറ്റോ കൊണ്ടു പോകണോന്ന് ചോദിച്ചില്ലേ?"
"കൊണ്ടുപോയിട്ടും പ്രയോജനമില്ല, പിന്നെ അത്രയും യാത്രയും താങ്ങില്ല എന്നാണു പറഞ്ഞത്."
"സാറേ. നമ്മളു പെട്ടു പോകുമല്ലോ. അങ്ങോരു പോയാല്‍ സാറിനേം എന്നേം പാണ്ടികളു മിച്ചം വെച്ചേക്കില്ല. മതപ്രശ്നത്തിലല്ലേ കേറി കൈ വച്ചത്. പ്രാര്‍ത്ഥന നമ്മള്‍ തടസ്സപ്പെടുത്തിയാണു പൊന്നയ്യന്‍ മരിച്ചതെന്നേ വരൂ."
"മിണ്ടരുത്! താനൊരാളാ വെറുതേ ഇരുന്ന എന്നെ ഈ പുലിവാല്‍ പിടിപ്പിച്ചത്."

തോമാസ് പിന്നെ മിണ്ടിയില്ല. വഴിവക്കില്‍ ഒരു കുരിശ്ശടിയുടെ മുന്നില്‍ വണ്ടി നിര്‍ത്തി.
"സാറേ, നല്ലവണ്ണം പ്രാര്‍ത്ഥിച്ച് ഒരു നൂറു രൂപ ഇങ്ങു തന്നേ."
"എടോ, താനല്ലേ പറഞ്ഞത് രോഗത്തിനു പ്രാര്‍ത്ഥനയല്ല മരുന്നാണൂ വേണ്ടതെന്ന്?"
"ശവത്തില്‍ കുത്താതെ സാറേ, കാശു താ."
കൊടുത്തു.

പിന്നെ നിര്‍ത്തിയത് വെടിവച്ചാന്‍ കോവിലില്‍. ദയനീയമായി തോമാസ് വീണ്ടും കൈ നീട്ടി.
"പൊന്നയ്യാവുക്ക് രോഗശാന്തി"
അഞ്ചാറു വെടിയൊച്ച മുഴങ്ങി.

വണ്ടിയില്‍ തിരിച്ചു കയറി തോമാസ് മൊബലെടുത്തു .
"ഷഫീക്കേ, എവിടെയാടോ? ആ ഓച്ചിറയില്‍ ലോഡിറക്കി വരുവാന്നോ? വരുന്ന വഴി കടുവാത്തങ്ങള്‍ പള്ളിയില്‍ കയറി പൊന്നയ്യായ്ക്ക് രോഗശാന്തിക്ക് പൈസയിട്ടു പ്രാര്‍ത്ഥിക്കണം. ആ പൈസ ഞാന്‍ വാങ്ങിച്ചു തരാമെന്ന്... ഏതു പൊന്നയ്യായോ? താന്‍ പൊന്നയ്യാ എന്നങ്ങു പറഞ്ഞാ മതി, തങ്ങള്‍ക്ക് ആളെ മനസ്സിലാവും.."

അന്നു രാത്രി കുന്നിനു മുകളില്‍ നിന്നും താഴേക്ക് കൈ വീശി ചാടിയ ജീ കെ പറന്നില്ല. ചക്ക വെട്ടിയിട്ട പോലെ നിലത്തു വന്നു വീണു. വീണയിടത്ത് കുന്തവും വടിവാളും വെട്ടുകത്തിയുമായി കാത്തു നിന്നിരുന്ന ആയിരക്കണക്കിനു പാണ്ടികള്‍ വെളുക്കുവോളം ജീ കെയെ കൊല്ലാനിട്ടോടിച്ചു.

മാസമൊന്നു കഴിഞ്ഞാണ്‌ പൊന്നയ്യനെയും കൂട്ടി വെളുക്കെ ചിരിച്ച് തോമാസ് വീട്ടില്‍ കയറി വന്നത്. ഒരു വെളുപ്പാന്‍ കാലത്ത്.
"സാറും തോമാസും‍ എന്റെ ജീവന്‍ രക്ഷിച്ചു. പ്രാര്‍ത്ഥനയെന്നും പറഞ്ഞ് മക്കളും ധ്യാനക്കാരും കൂടി എന്നെ വീട്ടിലിട്ടിരുന്നെങ്കില്‍ ഞാന്‍ ശത്തു പോയേനെ. ദെണ്ണത്തിനു മരുന്ന് മട്ടും താന്‍ വേണം, പ്രാര്‍ത്ഥന അല്ലൈ." പൊന്നയ്യാ പ്രഖ്യാപിച്ചു.

"എന്തു പറയുന്നു തോമാസേ?" ജീ കെ ചോദിച്ചു.
"അത് പിന്നെ.. വല്യപ്പാ, രോഗത്തിനു മരുന്നു വേണം, പിന്നെ ഒക്കെ ദൈവത്തിന്റെ കയ്യിലല്ലേ, പ്രാര്‍ത്ഥനയും വേണം. താന്‍ പാതി ദൈവം പാതി എന്നൊക്കെ പറയുന്നത് ശരിയാ. ആശുപത്രിയിലെ മരുന്നും പിന്നെ മക്കളുടെയും ഞങ്ങളുടെയും ഒക്കെ പ്രാര്‍ത്ഥന ഫലിച്ചെന്നു കരുതിയാ മതി."

ജീ കെ തിരിച്ചു പോയി കിടന്നു പുതപ്പെടുത്തു മൂടി. നാളെത്രയായി സ്വൈരമായൊന്നു പറന്നു നടന്നിട്ട്.