ഹാവൂപല സംഘങ്ങളായിപ്പിരിഞ്ഞ് പലയിടങ്ങളിൽ തമ്പടിച്ച് നിത്യവൃത്തിക്കായുള്ള അഭ്യാസം നടത്തുന്നവരാകയാൽ ആഡിറ്റ് ഉഴൈപ്പാളർ പലരും ഒരേ ആപ്പീസിൽ നിന്നും ശമ്പളവും ബത്തയും പറ്റുന്നവരാകിലും പരസ്പരം അറിയില്ല. ശിവസുബ്രഹ്മണ്യ അയ്യരും ദേവരാഗവും അങ്ങനെ പരസ്പരം അറിയാതെ ഒരേ മുതലാളിക്കുവേണ്ടി പണിയെടുത്തിരുന്നവരായിരുന്നു. പഠാൺചേരു എന്ന ഓണംകേറാമൂലയിൽനിന്നും ഹൈദരാബാദില്‍ മേവും പുലികള്‍ ഞങ്ങളെ താണുവണങ്ങി കമ്പനി കനിഞ്ഞു തരുന്ന സർവ്വാണി സദ്യ (ആംഗലേയത്തില്‍ ബുഫേ എന്നു പറയും) കഴിക്കാൻ സംഘാംഗമായെത്തുമ്പോളാണ് ചെറുപട്ടരും ഞാനും ആദ്യമായി മുട്ടിയത്. സീനിയർ, വലിപ്പം കൂടിയവൻ എന്നൊക്കെ ചില്ലറ ജാഡ ഞാൻ കാട്ടിയോ? ഇല്ലെന്ന് ഉറപ്പിച്ച് പറയവയ്യ.
സംഘദ്വയസംഗമം അന്നു വൈകുന്നേരം ഒരു ഹിന്ദി സിനിമക്കു പോകാൻ തീരുമാനിച്ചു . മർദ്ദം എന്ന അമിതഭക്ഷൺ-അമൃതസിംഹിനി ജോഡി അടിനയിച്ച ടെൻഷനോവിഷൻ ചിത്രത്തിലെ നായകൻ ഒരു വിമാനത്തിന്റെ വാലിൽ കൌ ബോയ് കുരുക്ക് ഇട്ടു തെങ്ങിൽ കൊണ്ട് കെട്ടി സായിപ്പിനെ തോല്‍പ്പിക്കുന്ന രംഗം കണ്ട ശേഷം ഇനിയൊരിക്കലും ഹിന്ദി കാണുകയോ കാണുന്നവനെക്കാണുകയോ ചെയ്യില്ല എന്നു തീരുമാനിച്ചിരുന്ന ഞാൻ ഇത്തരം
മൃഗീയഭൂരിപക്ഷഭോഷ്കിനെതിരേ ആകെ എനിക്കവകാശപ്പെട്ട പ്രതിഷേധമായ വാക്കൌട്ട് നടത്താൻ തീരുമാനിച്ചു. അയ്യർ ഹിന്ദി നമുക്കും അലർജിയെന്നു പറഞ്ഞ് എന്റെ കൂടെ ഇറങ്ങിവന്നു.
കുഞ്ഞയ്യർ , ഞാന്‍, നടുവില്‍ അപരിചിതത്വം പശ്ചാത്തലത്തില്‍ ഹിന്ദിയും തെലുങ്കും പാട്ടുകളും - ആകെ ഒരു സുഖമില്ലാത്ത വൈകുന്നേരം. നടന്നെത്തിയത് ബിർളാ മന്ദിറില്‍ (അയ്യരുമാർ എല്ലാം മഹാ ഭക്തർ എന്ന ഒരു തെറ്റിദ്ധാരണയിലാണ് ഞാൻ സാധനത്തിനെ വെങ്കിടീസന്നിധിയിലെത്തിച്ചത്)
കാറ്റൊക്കെ കൊണ്ട് പടികേറി മുകളിലെത്തി. വെറുതേ കുറെ നേരം മുകളിൽ നിന്നു. രൂക്ഷമായ ജമന്തിപ്പൂക്കളുടെ മണം സഹിക്കവയ്യാതെ താഴേക്കിറങ്ങാൻ തൂടങ്ങുമ്പോളാണ് ഉന്തിത്തള്ളി ഞങ്ങളുടെ പിന്നില്‍ പടിയിറങ്ങുന്ന ഒരു സ്ത്രീയെക്കണ്ടത്-ആരോ ശ്രദ്ധിക്കുന്നല്ലോ എന്ന് ആറാം ഇന്ദ്രിയം പറഞ്ഞപ്പോൾ അറിയാതെ നോക്കിപ്പോയതാണ്. അവർ ചിരിച്ചു. ഞാനും. പക്ഷേ ഒരു പരിചയവും തോന്നുന്നില്ലല്ലോ.
"ശിവസുബ്രഹ്മണ്യം, ഒരു സ്ത്രീ നോക്കി ചിരിക്കുന്നല്ലോ, നിങ്ങളെയാണോ?"
ചിന്നമ്പി സൂക്ഷിച്ചു നോക്കി.
"നല്ല പരിചയം. എന്റെ കൂടെ പഠിച്ച ഭാഗ്യശ്രീയുടെ ഒരു ചേച്ചി ഹൈദരാബാദിലാണെന്ന് പറഞ്ഞിരുന്നു. അവരായിരിക്കും"
ആണെന്നെനിക്കും തോന്നി, കാരണം അവര്‍ ഞങ്ങളുടെ നേരേ നടന്നു വരികയാണ്. പക്ഷേ...ഒരു ജാതി ചിരി. ഏയ് എന്റെ മനസ്സു ചീത്തയായോണ്ടാ.. ആണോ... അല്ലേ?
ബിർളാവിന്‍ ശമ്പളം വാങ്ങും ഒരു സെക്യൂരിറ്റി ഗാർഡ് അടുത്തുവന്ന് എന്നോട് തെലുങ്കിൽ എന്തൊക്കെയോ പറഞ്ഞു. ഒരക്ഷരം തിരിഞ്ഞില്ലെങ്കിലും ആ വാക്കുകളെ അനുഗമിച്ച കടക്കെടാ പുറത്ത് എന്ന ആംഗ്യത്തില്‍ നിന്നും എനിക്കെല്ലാം തെളിഞ്ഞു കത്തി.
"ഡോ, ഇതു മറ്റേതാ" (ശിവസുബ്രമണ്യം എന്ന എന്റെ കനം കയറ്റിയ വിളി വിളിക്കാന്‍ ടെന്‍ഷനില്‍ മറന്നു)
"മറ്റേതോ?" നിഷ്ക്കളങ്കപ്പട്ടർ
"അതൊരു കാൾ ഗേൾ ആണെന്ന്"
"അയ്യോ ദേവാ നമ്മളു ചിരിച്ചത് അബദ്ധമായല്ലോ" (ഒരു നിമിഷം മുന്നെ വരെ ഞാൻ സീനിയര്‍ മിസ്റ്റർര്‍ ദേവ് ആയിരുന്നു)
"വലിയാം, സ്പീഡിൽ നട ശിവാ"
ആൾത്തിരക്കിൽ സ്പീഡിനു പരിമിതിയുണ്ടല്ലോ. അവരും സ്പീഡ് കൂട്ടി ഞങ്ങൾക്കൊപ്പമെത്താൻ നോക്കുകയാണ്. തിരക്കുള്ള കസ്റ്റമർഎന്നു കരുതിയിട്ടുണ്ടാവും.
പാഞ്ചാലിയുടെ മാനം രക്ഷിക്കാൻ കൃഷ്ണന്‍ കണ്ടിന്യുവസ് സ്റ്റേഷനറിപോലെ തീരാച്ചേലയയച്ചെന്ന് ആ മുക്കുവച്ചെക്കൻ എഴുതിയത് സത്യമാണെന്ന് തോന്നുന്നു, കാരണം ഞങ്ങളുടെ മാനം കാക്കാൻ ബിർളാമന്ദിരേശൻ ഒരു ബീർ പാർലർ പ്രത്യക്ഷമാക്കിത്തന്നു മുന്നിൽ. ഓടിക്കേറി. തിരിഞ്ഞു നോക്കി. ബാറിംഗ് നടത്താൻ മാത്രം തറ ആയിരുന്നില്ല ധർഷിണീജ്ഞേയസുന്ദരി. ഹാവൂ.
സുരാസുരംസുരശാലക്കുള്ളിൽ ഞാനും ശിവനും പരസ്പരം കണ്ണിൽ നോക്കി നിന്നു.
"ശിവാ യക്ഷിയെപ്പേടിച്ച് പനയിൽ കയറി. ഇവിടെയിരുന്ന് പാലുകുടിച്ചാലും..."
ഐസ് ഞാൻ തന്നെ പൊട്ടിച്ചു.
"ഞാനും അതു തന്നെ ആലോചിച്ചത്. ഓരോന്നടിക്കാം? പക്ഷേ ഞാനിന്നൊന്നും കഴിച്ചിട്ടില്ലല്ലോ?" ബ്രാഹ്മണർക്ക് ഒരു നിശ്ശത്തിന്റേ കൂടെ ഒരു സംശ്യം ഒറപ്പാന്നു പണ്ടു ആറ്റുവാശ്ശേരി തിരുമേനി പറഞ്ഞതെത്ര സത്യം.
"സർക്കാർ ഭോജനം വേണ്ടെന്നു വച്ച് ശാപ്പാടും ഇവിടാക്കാം ശിവാ" ഞാൻ ഉറപ്പിച്ചു.
ഇരുന്നു.
കഴിച്ചു- കടായി വെജിറ്റബിള്‍സ്, ആലു പറണ്ടാ.
കുടിച്ചു- ഹേയ്‌വാർഡ്‌സ് 2000
രാത്രി പത്തു മണി. ഇറങ്ങി നടന്നു. എന്തത്ഭുതം, ഒരൊറ്റ ഓട്ടോ പോലും ഈ നഗരത്തിന്റെ ഹൃദയത്തിന്റവുത്തില്ല പത്തുമണിയെന്ന യുവനിശാവേളയില്‍. പുല്ലാ, പുല്ല്. നീട്ടി നടന്നു ഹോട്ടലിലെത്തി.
അത്യാഹിതംഗോസായിഭക്തർ റൂമില്‍ത്തന്നെയുണ്ട്.
"എന്തരേ പയലുകളേ റ്റിക്കറ്റ് കിട്ടിയില്ലേ?" ഞാന്‍ അന്വേഷിച്ചു
"നിങ്ങളിതെവിടെയായിരുന്നു, ഞങ്ങളാകെ പേടിച്ചുപോയല്ലോ" എന്നു സിനിമകാണാത്തവർ
ഞാൻ കാര്യമെന്തെന്ന് തിരക്കി.
രാജീവ് ഗാന്ധി മരിച്ചു, മദ്രാസിനടുത്ത് പുലികൾ ബോംബ്ബു വച്ചു കൊന്നതാ.
"ങേ?" ഞാനും ശിവനും ഡി എസ് പിയെക്കാൾ ശക്തിയില്‍ ഞെട്ടി.
പിന്നെ വിശദവിവരങ്ങളറിയാൻ റ്റീവീ വച്ചു.. ങേ ഹേ. ആറ്റം പോലെ ഓടുന്ന വെള്ളപ്പൊട്ടുകൾ മാത്രം. ദുഷ്പ്രസരണം നിറുത്തിവച്ചിരിക്കുന്നു.
ശിവനടങ്ങുന്ന പഠാണിച്ചെരുവുവാസികൾക്ക് അടുത്ത ദിവസം ആക്ച്വലി ആക്ച്വറിയുമായി ഒരു മീറ്റിംഗ് ഉണ്ട്. ആരു മരിച്ചെന്നു പറഞ്ഞാലും അവിടെത്തിയേ പറ്റൂ. രാത്രി കിട്ടിയ റ്റാക്സി വിളിച്ചു. റോഡുകൾ അടയും മുന്നേ അവർ നഗ്ഗരം വിട്ടു. അടുത്ത ദിവസം ബന്ദ് ഉറപ്പ്. പരേതന്റെ കാര്യം കഷ്ടമാണെന്ന് പ്രമേയം പാസ്സാക്കിയിട്ട് ഞങ്ങള്‍ അലാറം വയ്ക്കാതെ കിടന്നു.
ആവണക്കിൻകുരുവും മാണിഭദ്രവുമില്ലാതെരാത്രി ഒരു വെടിയൊച്ച കേട്ട് ഞാനുണർന്നു. ഹേയ്. ബോംബു വാർത്ത് കേട്ടുകൊണ്ട് ഉറങ്ങാൻ കിടന്നിട്ടാവും. വീണ്ടും കിടക്കാനൊരുങ്ങുമ്പോൾ രണ്ടെണ്ണം കൂടി കേട്ടു. ജനാല തുറന്നു. തൊട്ടടുത്ത ചേരി നിന്നു കത്തുന്നു. നാലഞ്ചുവാൻ പോലീസുമുണ്ട് റൈഫിൾ ധാരികളായി. ഇത്തരം സാഹചര്യം കണ്ടാൽ "നൂറേൽ പാഞ്ഞോണം മോനേ" എന്നാണ് തമസ്സ് എന്ന നോവലിൽ ഭീഷ്മ സാഹ്നി പറഞ്ഞിട്ടുള്ളത്. ഞാൻ വേഗം ബാൽക്കണി അടച്ചു. ലൈറ്റ് അണച്ചു.
രണ്ടിനു പോകാൻ തോന്നി- അയ്യേ ഞാനെന്തൊരു പേടിത്തൊണ്ടൻ, ഒരു വെടി കാണുമ്പോഴേക്ക് എന്ന് ആലോചിക്കാൻ തുടങ്ങുംപ്പോളേക്ക് അതിശക്തമായി രണ്ടാമതും മുട്ടി. ഇടുക്കി ഡാംവാൾ എന്തുമാത്രം മർദ്ദം അനുഭവിക്കുമോ അത്രയും ഊക്കിൽ ..പിന്നെതർക്കം പറഞ്ഞില്ലയോമലാൾ.. ഓടിക്കയറി ബാത്‌റൂമിൽ. വെപ്രാളത്തിൽ ലൈറ്റ് ഇടാൻ മറന്നു. ഒരതിപ്പ്രാചീന തമിഴ് വാക്ക് ഉച്ചരിച്ച് തിരിച്ചിറങ്ങിവന്നു ലൈറ്റിട്ടു, വീണ്ടും കയറി.
തെരുവുലഹളയോടുള്ള പ്രതികരണമല്ല, ബാറിലെ ഭക്ഷണം ചതിച്ച ചതി.
കുറെ നേരം കഴിഞ്ഞു പുറത്തിറങ്ങി. ഇറങ്ങിയപാടെ വീണ്ടും കയറി.
ഇറങ്ങി, കയറി, ഇറങ്ങി.
വീണ്ടും കയറിയപ്പോൾ ഇ. ഡബ്ലിയു. കണ്ഡിഫ് , റിച്ചാറ്‍ഡ് സ്റ്റിൽ, നോർമൻ ഗോവണി എന്നിവർ ചേർന്നു രചിച്ച ഡിസിഷൻസ്, സ്റ്റ്റാറ്റജീസ് ആൻഡ് കേസസ് എന്ന യമകണ്ടൻ പുസ്തകവുമെടുത്ത് കയറി. പുലരേ വരേ വായിക്കാനുള്ള വകുപ്പുണ്ട്. വെളുക്കുംവരെ അങ്കം കണ്ടു, താളിയുമൊടിച്ചു.
റൂം സർവീസ് തുടങ്ങിയ നിമിഷം കട്ടൻ ചായയും നാരങ്ങയും വിളിച്ചു പറഞ്ഞു. ഈ സാധനങ്ങളും സഹതാപവും കൊണ്ട് വന്ന വെയിറ്റര്‍ ഒരു ചൂടുള്ള വാർത്തയും സൌജന്യമായി എത്തിച്ചു തന്നു.
നാരായൻ ഗുഡ എന്ന സ്ഥലത്ത് രാജീവിന്റെ പടം വച്ച് മാലയിട്ടിരുന്ന ഒരു ട്രാഫിക് റൌണ്ടിലേക്ക് കുടിച്ച് ബോധമില്ലാതെ ഒരുത്തൻ ട്രക്ക് ഓടിച്ച് കയറി. ജനങ്ങളുടെ കഷ്ടകാലത്തിന് റൌളിന്റെയും ബിയൻകയുടെയും പിതാവെന്ന് മാമ്മോദീസാ വെള്ളമിറ്റിച്ചുകൊടുത്ത അതേ നാവുകൊണ്ട് ആറെസ്സെസ്സുകാര്‍ രാജീവ് രത്ന ഫിറോസ് ഗാന്ധിയെന്ന തച്ചോളി വർഗ്ഗീസ് ചേകവരെ തൽക്കാലം ഹിന്ദുവാക്കി, കാരണം ട്രക്കോടിച്ച കുടിയൻ ഡൈവർ ഒരു മുസ്ലീമായിരുന്നു.
തൽഫലമായി ഹൈദരാബാദ് നഗരം കത്തിയെരിഞ്ഞു. രാത്രി വീട്ടിൽ ചുമ്മാ കിടന്നുറങ്ങിയ മുസ്ലീങ്ങളായ അഞ്ചുപേരെ ചേരിക്കകത്ത് സനാതന ഹിന്ദു ധർമ്മം പുലരാനായി പെട്രോൾ ഒഴിച്ച് തീവച്ചു കൊന്നു. പകരം വീട്ടാൻ മലേറിയാ പിടിച്ച് ആശുപത്രിയിൽ കിടന്ന അഞ്ച് ഹിന്ദുക്കളുടെ തല വെട്ടി പാലത്തിൽ നാട്ടി മറ്റവർ കണക്കു ടാലിയാക്കി.
പത്രം വെണ്ടക്കായുമായി എത്തി. ഹൈദരാബാദ് നഗരതില്‍ വർഗ്ഗീയ ലഹള, സൈന്യം ഫ്ലാഗ് മാർച്ച് നടത്തുന്നു. നഗരത്തിൽ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ്.
പിറകേ തെരുവിൽ നിന്നും ഉച്ചഭാഷിണിയും മുഴങ്ങി. പൊതുജനം തെരുവിലിറങ്ങരുത്, ജനാലകൾ തുറക്കരുത്, ബാൽക്കണിയില്‍ നിൽക്കൽ കർശ്ശനമായും അരുത്. ഭാഗ്യം കക്കൂസിൽ പോകരുതെന്ന് പട്ടാള ഉത്തരവില്ല. അല്ലെങ്കിൽ കുഴഞ്ഞേനേ. ഞാനെന്റെ പുസ്തകവുമായി ശൌചഗേഹത്തിലേക്ക് തിരിച്ചുപോയി. അവധിയായകാരണം എന്നെ അവിടെന്നിറക്കാൻ ഭൈമീകാമുകര്‍ ആരുമെത്തിയില്ല. പാപികൾ സുഖമായി കിടന്നുറങ്ങി.
ഉച്ചക്ക് പഠാൺചേരുവില്‍ വിളിച്ചു. അവിടെ വർഗ്ഗീയ പ്രശ്നമൊന്നുമില്ലാത്തതിനാൽ ശിവൻ രാവിലെ തന്നെ ആശുപത്രിയിലെത്തി- ആകെയുണ്ടായിരുന്നത് ഒരു ഡെന്റിസ്റ്റ്. അദ്ദേഹം വയറിളക്കത്തിനു ചികിത്സിച്ചു മുൻ പരിചയമില്ലേങ്കിലും ശിവനു മരുന്നു കൊടുത്തു, അതേറ്റു. പട്ടര്‍ മുന്നെത്തെക്കാളും ഉഷാറില്‍ തൈര്‍ സാദം കഴിക്കുന്നു, ഭാഗ്യവാനെന്നേ പറയാവൂ.
ശിവൻ എന്നോടും ഡോക്റ്ററെക്കാണാൻ പറഞ്ഞു.
പുറത്തിറങ്ങിയാൽ പട്ടാളം കൊല്ലുമെന്ന് പറഞ്ഞില്ല ഞാൻ പകരം
"ഈ തൂറ്റൽ ഞാൻ തൂറിത്തീർക്കും" ഞാന്‍ സമരപ്രഖ്യാപനം നടത്തി, അല്ല പിന്നെ
"ഈ തൂറ്റൽ തൂറി താൻ തീരും എന്നു പറ" പട്ടരു കരിനാക്കെടുത്ത് പറഞ്ഞു
കൂട്ടപ്പട്ടിണിദിവസം ഒന്നു കഴിഞ്ഞു. രണ്ടാം ദിവസവും പഴയതുപോലെ ആയപ്പോഴേക്ക് ഹോട്ടലിൽ ഭക്ഷണം തീർന്നു. റേഷനായി പഴമൊക്കെ കൊണ്ടു തന്നിരുന്നതും നിറുത്തി. പുറത്തുനിന്നും സാധനം വാങ്ങാൻ പോകാവുന്നതുവരെ പട്ടിണി.
ദിവസം മൂന്ന്- ഡീ ഹൈഡ്രേഷനും പട്ടിണിയും കൊണ്ട് എനിക്കു 10 കിലോ തൂക്കം കുറഞ്ഞുകഴിഞ്ഞു. ഇനിയും തൂറിത്തീർക്കാൻ ശ്രമിച്ചാൽ അപകടമെന്നു കണ്ട് നേരേ റിസപ്ഷനിസ്റ്റ് സതീഷിനെ വിളിച്ചു. സതീഷ് റായിഡു വര്‍ഷങ്ങൾ കൊണ്ടറിയാവുന്നൊരു പരിചയക്കാരനാണ്.
സതീശനു പ്രശ്നത്തിന്റെ ഗൌരവം മനസ്സിലായി, പക്ഷേ പുറത്തിറങ്ങിയാലല്ലേ ആശുപത്രിയിൽ പോകാൻ കഴിയൂ.
ഒരു കാര്യം ചെയ്യാം, പിറകിലെ ഓടപ്പുറത്തുകൂടി നടന്നാൽ കവിതാ മെറ്റേണിറ്റി ആശുപത്രിയിലെത്താം. എന്റെ ചേച്ചിയാണു ഡോ. കവിത. സതീശൻ പറഞ്ഞു. ഞാൻ ചേച്ചിയെ വിളിച്ചു പറഞ്ഞേക്കാം.
അതു പറ്റില്ലെന്നും സതീഷില്ലാതെ പേറ്റിച്ചിയെക്കാണുന്ന പ്രശ്നമില്ലെന്നുമായി ഞാൻ ഒടുക്കം അയാള്‍ ഒരുമണിക്കൂർ അവധിയെടുത്തു, എന്റെ കൂടെ
ഓടചാടിക്കടന്നു.
ഡോ. കവിത എന്നെ പരിശോധിച്ചു. നിങ്ങൾക്ക് നല്ല ഡീഹൈഡ്രേധനുണ്ട്. ഉടനേ ഡ്രിപ്പിടണം. ഇതൊരു പ്രസവാശുപത്രിയാണെന്നറിയാമല്ലോ, ഉടനടി പുരുഷന്മാരെ ചികിത്സിക്കുന്ന എവിടെയെങ്കിലും അഡ്മിറ്റാകണം
സതീഷറായിഡു തന്റെ സഹോദരിയോട് ദീർഘനേരം തെലുങ്കിൽ കെഞ്ചി. ഉരുപ്പടിയെ കൊണ്ടുകളയാൻ വേറേ ഇടമില്ലെന്നും തന്റെ പണിസ്ഥലത്തു കിടന്നു മയ്യത്തായാൽ പിന്നെ പൊല്ലാപ്പാകുമെന്നുമാണ് ആ പറയുന്നതെന്ന് ഞാൻ ഊഹിച്ചു. നടകീയ മുഹൂർത്തങ്ങൾക്കവസാനം ഞാന്‍ കവിതാ മെറ്റേണിറ്റി ക്ലിനിക്കിൽ അഡ്മിറ്റായി.
നിറവയറും ഒഴിവയറുംകവിതാ ക്ലിനിക്കിന് ആകെ ഒരു ജനറൽ വാർഡേ ഉണ്ടായിരുന്നുള്ളു നിറചനയുള്ള നീൾലോചനകൾക്കു നടുവിൽ ഞാനും ഒരു കിടക്കയിലെറിയപ്പെട്ടു. സ്ത്രീകൾ ഒന്നടങ്കം എന്നെ പ്രാകി, സ്വൈരമായി പ്രസവിക്കാനും സമ്മതിക്കാത്തെ പണ്ടാറക്കാലൻ ഇവിടെ വന്നുകിടക്കുന്നു.
സ്ത്രീകൾ മാത്രം പ്രവേശിക്കുന്ന കെട്ടിടമായോണ്ടാണോ എന്തോ ആകെയുള്ള കുളിമുറി കം ഒണ്‍ പ്ലസ് റ്റൂവിനു ഒരു തുണിക്കർട്ടൻ മാത്രമേയുള്ളു. അതാകട്ടെ വാർഡിലെ ഫാനിന്റെ കാറ്റിൽ പാറിക്കളിക്കുകയാണ്. മുത്തയ്യാ മുരളീധരന്റെ
(ക്രെഡിറ്ററിയാൻ ഇവിടെ ഞെക്കുക)മുഖഭാവവും അമർത്തിയ ആക്രോശങ്ങളുമായി ഇളകുന്ന തിരശീലക്കു പിന്നിൽ ആളിരിക്കുന്ന രംഗം കണ്ടാൽ കിർമ്മീരവധത്തിന്റെ തിരനോട്ടമെന്നേ കഥകളി കണ്ടിട്ടുള്ള ആരും കരുതൂ.
എനിക്കു പോകാൻ പറ്റുന്നില്ല. ഉള്ളിൽ ഖരമായിരിക്കേണ്ടത് ദ്രവരൂപത്തിലും വായുരൂപത്തിലുമായി ആന്തരികസമ്മർദ്ദം ചെലുത്തുന്നതിനാൽ പോകാതിരിക്കാൻ ഒട്ടും പറ്റുന്നില്ല. ഓന്തിനു മൂക്കിപ്പൊടി കൊടുത്തപോലെ ഞാൻ പ്രസവവാർഡിൽ നെട്ടോട്ടവും കുറിയോട്ടവുമോടി. എന്റെ പ്രാണവേദന കണ്ട് ആശുപത്രിയിലെ ഏക പുരുഷ ജോലിക്കാരൻ വാച്ചർ കെട്ടിടത്തിനോട് ചേർന്നുള്ള തന്റെ പുരയിലെ കക്കൂസ് ഉപയോഗിക്കാൻ എനിക്കനുവാദം തന്നു. ഞാന്‍ എന്റെ ജീവിതത്തിൽ ഇത്രയും മനസ്സു നിറഞ്ഞ് നന്ദി ആരോടും പറഞ്ഞിട്ടുണ്ടാവില്ല. ഒരു കയ്യിൽ ഗ്ലൂക്കോസ് ഡ്രിപ്പിന്റെ കുപ്പിയും കയ്യിലേന്തി ഞാൻ വാച്ച് മാന്റെ വീട്ടിലേക്കും അവിടെന്നു തിരിച്ചും നിറുത്താതോടുന്ന കാഴ്ച്ച കണ്ട സ്ത്രീകൾ അവരുടെ തുറുപ്പു ചീട്ടായ പ്രസവ വേദനയെക്കാൾ വലുതാണ് എന്റെ വേദനയെന്നു തോല്വി സമ്മതിച്ച് എന്നോട് സഹതപിച്ചു കൂട്ടുകൂടി . നിറവയറും താങ്ങി അവർ എനിക്കു ചായയിട്ടു തന്നു. വെള്ളം ചൂടാക്കി ഹോട്ട് വാട്ടർ ബാഗിലാക്കി തന്നു. എനിക്കറിയാവുന്ന മുറിത്തെലുങ്കിൽ ഞാൻ തീസ്കുനാരാ ബാവുന്നേനു എന്നൊക്കെ പറയുന്നത് നന്ദിയായി വരവു വച്ചുതന്നു. സ്ത്രീകൾ എത്ര ലോല മനസ്കരാണ്.
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു. വിച്ചുവിനു സുഖ പ്രസവം, പെൺ കുഞ്ഞിനെക്കിട്ടി. നീരജക്കു സിസേറിയനായിരുന്നു. ഇരട്ട ആൺട്ടികൾ. മിസ്സിസ് ( ഫോമിൽ പ്രിന്റ് ചെയ്തിരിക്കുന്ന ഭാഗം) ദേവൻ, നോൺ ഒബസ്റ്റ്ട്രിക്കൽ പേഷ്യന്റ് എന്ന ഡിസ്ചാര്‍ജ്ജ് കാർഡും വാങ്ങി പോകാനിറങ്ങവേ ഇത്രയും തവണ വയറൊഴിഞ്ഞിട്ടും ദൈവം ഒന്നിനെപ്പോലും എന്റെ കയ്യിൽ തന്നില്ലല്ലോ എന്നോർത്തുപോയി.