Tuesday, December 06, 2005

ശിവശങ്കരനും കലയും പിന്നെ ഞാനും

വക്കാരിമഷ്ടൻ കണ്ട സിനിമാ ഞാനും കണ്ടിട്ടുണ്ട്. രണ്ടുഖണ്ഡമായി.

പ്രിയാ 70 എം എം യാസി കൊല്ലത്തേ ഏക വിസ്താര സ്ക്രീന്‍ ആയതിനാല്‍ ഹൈ റ്റെക്ക്‌ പടങ്ങളെല്ലാം അവിടെയാണ്‌ വന്നിരുന്നത്‌.റ്റെര്‍മിനേറ്റര്‍ രണ്ടാം ഭാഗം എന്ന സിനിമ കണ്ടു തുടങ്ങിയതും പ്രിയയിലാണ്‌(ഇതെന്താ ഇങ്ങനെ പറയുന്നേ എന്നു തോക്കില്‍ കയറി വെടി വയ്ക്കാതെ).

റിലീസ്‌ ദിവസം. തീയറ്റരിന്റടുത്തുള്ള മൂന്നു കോളേജില്‍ നിന്നും അങ്ങകലെ ടി കെ എം , ഡി ബി കോളേജില്‍ നിന്നൊക്കെ പിള്ളേര്‍ ഇടിച്ചു തള്ളിവരുമെന്ന് മുന്നില്‍ക്കണ്ട്‌ വിലപിടിപ്പും സോളില്‍ മുള്ളുകളും ഉള്ള ആക്ഷന്‍ ഷൂസ്‌ ഇട്ടാണ്‌ ഞങ്ങള്‍ പോയത്‌ ( ക്യൂവില്‍ നില്‍ക്കുന്നവന്റെ തലക്കു മുകളിലൂടെ പായണമെങ്കില്‍ ആക്ഷന്‍ പോലെ പറ്റിയ ഷൂവില്ലെന്ന് കെ എസ്‌ ഗോപാലകൃഷ്ണന്‍ ഫാന്‍സ്‌ അസ്സോസിയേഷന്‍ കൊല്ലം യൂണിറ്റ്‌ സെക്രട്ടറി ഷണ്ണന്‍ ഷോവി -കണ്ണന്‍ ഗോപി എന്ന പേരിനു ഗാംഭീര്യം പോരാഞ്ഞ്‌ ഒന്നു പരിഷ്കരിച്ചതാ- കണ്ടുപിടിച്ചതില്‍ പിന്നെ തീയറ്ററുകളില്‍ ആക്ഷന്‍ ഷൂവിന്റെ "അയ്യരു കളി" തന്നെ.)പ്രകാശും ഞാനും നേരത്തേ തന്നെതീയറ്ററിലെത്തി. അവിടെ മൊത്തം നിറഞ്ഞു നില്‍ക്കുന്ന ജനം- മിക്കവാറും കോളേജ്‌ പിള്ളേര്‍ കൂക്കിവിളി, പേപ്പര്‍ ചുരുട്ടി ഏറു തുടങ്ങി വയലന്റ്‌ പരിപാടികളിലേര്‍പ്പെടുന്ന കാഴ്ച്ചയാണു കണ്ടത്‌.

തീയറ്ററാപ്പീസില്‍ കാര്യമന്വേഷിച്ചു.
"പ്രൊജക്ഷന്‍ സിസ്റ്റം തകരാറിലാ. ഫോട്ടോഫോണ്‍ 70 എം എം ന്റെ പണി ചെയ്യുന്ന ആളുകള്‍ തിരുവന്തപുരത്തേയുള്ളു ഇന്നു ഷോ നടക്കത്തില്ല."
ഞങ്ങള്‍ തിരിച്ചൂ നടക്കാന്‍ തൂടങ്ങിയപ്പോഴാണ്‍ പ്രകാശിനു ഒരൈഡിയാ വന്നത്‌
" എടാ നമുക്ക്‌ കലാധരനെക്കൊണ്ട്‌ ഒന്നു നോക്കിച്ചാലോ?"

ആട്ടോക്കലാധരന്‍ ആട്ടോ മുതല്‍ വീഡിയോ ക്യാമറ വരെ റിപ്പയര്‍ ചെയ്യുന്ന ഒരു ജീനിയസ്‌ ആണ്‌. മറ്റു ജീനിയസ്സുകളെപ്പോലെ ഇദ്ദേഹവും പള്ളിക്കൂടപ്പ്പടിവാതില്‍ പുശ്ചിച്ചു തള്ളിയവനും, നല്ല മദ്യപാനിയും, മേലനങ്ങി ഒരു പണിയുമെടുക്കാതെ എപ്പോഴും വീട്ടില്‍ കിടന്നുറങ്ങുന്നയാളുമായിരുന്നു.കലാധരനെ പൊക്കി തീയറ്ററിലെത്തി. നിഷ്പ്രയാസം മൂപ്പര്‍ ഫോട്ടോഫോണിനെ ശരിയാക്കി. തീയറ്റര്‍ ജോലിക്കാര്‍ ആരാധനയോടെ ആട്ടോക്കലധരന്റെ മായാജലം നോക്കി നിന്നുപോയി. കാശു കിട്ടാന്‍ പക്ഷേ മുതലാളി വരണം. അതുവരെ ഞങ്ങളോടൊപ്പം പടം കാണാന്‍ കല തീരുമാനിച്ചു. പ്രൊജക്ഷന്‍ റൂമില്‍ നിന്നും ഞങ്ങല്‍ വി വി ഐ പി കള്‍ നേരേ ബോക്സിലേക്ക്കു നടന്നു. അവിടെ ഒരു ഹോളിവൂഡ്‌ പ്രതീതി. കുറച്ചു പൊമറേനിയന്‍ പെണ്ണുങ്ങളും ആട്ടിന്‍ താടി വച്ച പയ്യമ്മാരും മാത്രം.


കല പ്രോജക്സ്നിസ്റ്റിനെ നോക്കി എന്നാ പടം തൂടങ്ങിക്കൊ എന്നാംഗ്യം കാണിച്ചു. തുടങ്ങി.

ഇരുട്ടില്‍ സാറാ കോനാരുടെ ശബ്ദം:"ത്രീ ബില്ലിയൺ‍ ലൈവ്സ്‌ എന്‍ഡഡ്‌ ഇന്‍ 1997.."

കല: "എടാ ഈ പൊട്ടമ്മാരു കാര്‍ബണ്‍ വച്ചില്ലേ, പടം തെളിഞ്ഞില്ല"

അടുത്തിരുന്ന കറുത്ത മദാമ്മ പുശ്ചത്തില്‍ കലയേയും എന്നേയും നോക്കി.ഞാന്‍ അയാളുടെ കാലില്‍ ചവിട്ടി- ബുദ്ധിമാന്മാര്‍ക്ക്‌ കാര്യം പെട്ടെന്നു മനസ്സിലാവുമല്ലോ എന്തെടാ ചവിട്ടിയേന്നു അയാള്‍ ചോദിച്ചില്ല!

സാറ തുടരുന്നു" ദേ പ്ലാന്‍ഡ്‌ റ്റൊ കില്‍ ലീഡര്‍ ഒഫ്‌ ഹ്യൂമന്‍ ഫോഴ്‍സസ്‌ - ജോണ്‍ കോണര്‍, മൈ സണ്‍"സ്ക്രീനില്‍ ഒരു പ്രകാശ പ്രളയം, ഒരു തലയോടിന്‍ കൂമ്പാരത്തിനു മുകളില്‍ യന്ത്രമനുഷ്യന്റെ കാലുകൊണ്ടുള്ള ചവിട്ട്‌.
കല: "ആഹാഹ സംവിധാനം വിടുന്നവന്റെ ഒരു കഴിവേ.." (ജീനിയസ്സിനല്ലേ ജീനിയസ്സിനെ തിരിച്ചറിയൂ)

രണ്ടു മിനുട്ട്‌ കഴിഞ്ഞു. അര്‍നോള്‍ഡ്‌ ശിവശങ്കരന്‍ ബൊക്കെയില്‍ തോക്കുമായി ആശുപത്രിയില്‍ എത്തുന്ന രംഗം ആയി.

നാരൻ കൊഞ്ച്ചു പരുവത്തിൽ എലുമ്പു മാത്രമായ കലക്ക്‌ അസൂയ സഹിക്കുന്നില്ല "എടാ ഇവന്‍ ബോഡീ ഇത്രേം ഉള്ളതാണോ അതോ ഇതും ടെക്നിക്കല്‍ ആന്നോ"

അതുവരെ ash push dash to wash‌ എന്നൊക്കെ മാത്രം പറഞ്ഞിരുന്ന മദാമ്മിണി‍ പച്ച മലയാളത്തില്‍ എന്റെ ചെവിയില്‍
" പൊന്നു ചേട്ടാ അങ്ങേരോടൊന്നു മിണ്ടാതിരിക്കാന്‍ പറ"
ഞാന്‍ എഴുന്നേറ്റു"കലാധരണ്ണാ ഞാനൊരു സിഗററ്റ്‌ വലിച്ചിട്ടു വരാം".
ഞാന്‍ ആ സിനിമയുടെ ബാക്കി കണ്ടത്‌ 8 വര്‍ഷത്തിനു ശേഷം ഹൈദരാബാദില്‍ വച്ച്‌.

2 comments:

Visala Manaskan said...

പൊന്നു ചേട്ടാ അങ്ങേരോടൊന്നു മിണ്ടാതിരിക്കാന്‍ പറ"
അതാണ്‌ ഹൈലൈറ്റ്‌ ല്ലേ?

ഗോപാലേട്ടന്റെ (വളരെ വേണ്ടപ്പെട്ട ആൾക്കാരെ പൊതുവേ പേർ വിളിച്ച്‌ കൂപ്പിടാറില്ലല്ലോ.!) ഫാൻസ്‌ അസോസിയേഷനെപ്പറ്റി കേട്ടു ചിരിച്ചു പോയി.

ഏത്‌ കാര്യത്തേക്കുറിച്ചും ഇങ്ങിനെ ഘോരഘോരം കമന്റാനുള്ള കഴിവിന്റെ മുൻപിൽ ഞാൻ പകച്ചിടുന്നു ഭവാൻ

myexperimentsandme said...

ഷണ്ണൻ ഷോവി- അതു കൊള്ളാം!

താങ്കളുടെ വിവരണങ്ങൾ വായിച്ചപ്പോൾ ത്യാഗങ്ങളൊക്കെ സഹിച്ചുള്ള (ചവിട്ട്, തുപ്പ്, തൊഴി, ഇടി) നാട്ടിലെ സിനിമാ കാണലൊക്കെ ഓർത്തു പോയി. നൂണും, മാറ്റിനിയും, ഫസ്റ്റുമെല്ലാം ഒറ്റദിവസം തന്നെ കണ്ടിട്ടുണ്ട്. പലതവണ കണ്ടിട്ടും, ഈ ശിവശങ്കരൻ എന്തിനാ ഇങ്ങനത്തെ പടങ്ങളെടുക്കുന്നതെന്ന് ഒരു പിടിയും ഇതുവരെ കിട്ടിയിട്ടില്ല.

വിശാലമൻസ്കൻ പറഞ്ഞതുപോലെ, താങ്കളുടെ കമന്റടിക്കാനുള്ള കഴിവ് അപാരം തന്നെ.