Saturday, February 25, 2006

നാരീവേട്ട

കേന്ദ്ര ആദായ നികുതി നിയമ(ഇന്ങ്കം ടാക്സ്‌ ആക്റ്റ്‌ 1961 ) പ്രകാരം കാര്‍ഷികേതരാദായങ്ങളെ ശമ്പളം, വാടകപ്പിരിവ്‌, വാണിജ്യാദായം, മൂലധനവര്‍ദ്ധന, മറ്റാദായം എന്നിങ്ങനെ അഞ്ചായി തരം തിരിക്കാവുന്നതാണ്‌. കൃഷികാദായം വിതച്ചവനുള്ളതെന്ന് ആപ്തവാക്യം, അതുകൊണ്ട്‌ ആ വകുപ്പില്‍ ഭൂരഹിതനായ എനിക്കു കൊയ്ത്തില്ല. വിദ്യാഭ്യാസം തീര്‍ന്ന് അദ്ധ്വാന പ്രാപ്തി എത്താത ഒരു പതിന്നാലുകാരനെന്ന നിലക്ക്‌ ശമ്പളാദ്യാദായങ്ങളില്‍ ആദ്യത്തെ നാലും "ഒരു നാള്‍ ഞാനും ഏട്ടനെപ്പോലെ" എന്ന സ്വപ്നത്തില്‍ മാത്രം അനുഭവിക്കാനുള്ള യോഗമേയുള്‍ലു. ശേഷമെന്തുണ്ട്‌? മറ്റാദായം. അതും കൂടി നിഷേധിച്ചാല്‍ ഞാന്‍ വട്ടച്ചിലവിനെന്തു ചെയ്യും, വട്ടിക്കു പണമെടുക്കണോ?. ഇന്‍കം ഫ്രം അദര്‍ സോഴ്‌സസ്‌ കയ്യാളുക തന്നെ.പഴയ പത്രം, ആക്രി മുതലായവ ശേഖരിച്ചു വില്‍ക്കല്‍, വോളന്ററി വര്‍ക്കുകള്‍ക്ക്‌ കിട്ടുന്ന ഹോണറേറിയം മുതലായവക്കുള്ള അവകാശം ഞാന്‍ പിടിച്ചുപറ്റി. എന്നാല്‍ വരുമാനത്തിന്റെ സിംഹഭാഗവും പറമ്പില്‍ കിടന്നു കിട്ടുന്ന കശുവണ്ടി സംഭരണമെന്ന സീസണല്‍ വൃത്തിയാലെ കരസ്ഥമാകുന്നതായിരുന്നു.

ലാപ്പോയിന്റ്‌ മനസ്സില്‍ വരുന്നുണ്ടല്ലേ? തീര്‍ത്തുതരാം. നിയമവശാല്‍ പറങ്കിമാവു കൃഷിയില്‍ നിന്നും കിട്ടുന്ന പറങ്കിയണ്ടി- തോട്ടകൊണ്ട്‌ കുലുക്കിയോ അല്ലാതെയോ കശുമാവിന്‍ ചുവട്ടില്‍ നിന്നും ശേഖരിക്കുന്നവ- മാത്രമേ കാര്‍ഷിക വരുമാനമാവുന്നുള്ളു. അല്ലാതെ തെങ്ങ്‌, കവുങ്ങ്‌, താന്നി, ആയണി, മൂവാണ്ടന്‍ മാവ്‌, പാതിരി, പേഴ്‌, പൈയ്യാഴാന്ത എന്നിത്യാദി ശിഖരി ശിരോമണികളുടെ താഴെ നിന്നും പിന്നെ വെറും നിലത്തു നിന്നും ശേഖരിക്കുന്നവ എങ്ങനെ കാര്‍ഷിക വിളയാകും? അതു നമുക്ക്‌ വാവലുകള്‍ സ്നേഹപൂര്‍വ്വം ഇട്ടുതരുന്നതല്ലേ. വാവല്‍ ശേഖരിച്ച്‌ പറമ്പിലിട്ടുതരുന്ന കശുവണ്ടി, ബദാം മുതലായവ പെറുക്കല്‍ കാര്‍ഷികവൃത്തിയല്ല മറിച്ച് മറ്റാദായക്കണക്കില്‍ ചുങ്കവിധേയമാണെന്ന് എതോ നാട്ടിലെ ബഹു. ഹൈക്കോടതി ഏതോ സീ ഐ റ്റി വേര്‍സസ്‌ ഏതോ തെലുങ്കന്‍ എന്ന കേസില്‍ വിധിച്ചതും പ്രസ്തുത വിധി മറ്റെല്ലാ കേസുകളിലും അംഗീകരിക്കപ്പെട്ടതുമാകുന്നു (സംശയാലുക്കള്‍ ഡോ. സിംഘാനിയയുടെ ഡി. റ്റി. എല്‍ ലോ ആന്‍ഡ്‌ റൂള്‍സ്‌ എന്ന പുസ്തകം കണ്ടമാനം കാശുമുടക്കി വാങ്ങി ചാര്‍ജ്ജബിള്‍ റെവന്യൂ എന്ന അദ്ധ്യായത്തില്‍ ഈ കേസിന്റെ വിശദാംശം വായിക്കുക- എന്റടുത്ത്‌ പുസ്തകങ്ങളൊന്നുമില്ല).

ജീവിതം ഓരോ ദിവസവും ചിലവേറിയ വൃത്തിയായി വരുന്നു. എനിക്ക്‌ ഐസു മുട്ടായി & എന്റെ പ്രാവുകള്‍ക്ക്‌ പയര്‍ എന്ന ചുരുങ്ങിയ ആവശ്യങ്ങളുടെ ഗാന്ധിയന്‍ പ്രായമൊക്കെ കഴിഞ്ഞു; സിനിമായൊന്നിനു രൂപാ നാലു ചിലവ്‌, പുസ്തകങ്ങള്‍ - റഷ്യന്‍ മിതവില, മലയാളം, ന്യായവില, ഇംഗ്ലീഷ്‌ അന്യായവില; ബിരിയാണി രൂപാ പത്ത്‌. ഇനിയിപ്പോ സിഗററ്റുവലി തുടങ്ങേണ്ട പ്രായവും അടുത്തു വരുന്നു. കശുവണ്ടിക്കു സര്‍ക്കാര്‍ തറവില കല്‍പ്പിച്ചില്ലായിരുന്നെങ്കില്‍.. ഓര്‍ക്കാന്‍ കൂടി വയ്യാ.

അന്നൊരു കാളവെളുപ്പാന്‍ കാലം . തലേല്‍ തോര്‍ത്തിന്റെ കെട്ടും അരയില്‍ മൂട്ടിയ മുണ്ടും കടവായില്‍ കോള്‍ഗേറ്റ്‌ ബ്രഷുമായി ഞാന്‍ പറമ്പുചുറ്റാന്‍ ഇറങ്ങി. തെങ്ങിന്മൂടുകളില്‍ കശുവണ്ടി ഒരെണ്ണമ്പോലുമില്ല. കവുങ്ങും ഉദിയും വേങ്ങയും ഇലഞ്ഞിയും തഥൈവ. ഞാന്‍ വിഷണ്ണനായ അണ്ണാനെപ്പോലെ മടങ്ങി. വീട്ടിലാരെങ്കിലും പെറുക്കിയോ എന്നന്വേഷിച്ച്‌ "ഇവിടെ ആകെയുള്ള പെറുക്കി നീയാണെടാ" എന്ന് അര്‍ത്ഥക്ഷയത്തിനു മേലേ അപമാനവും വാങ്ങിക്കെട്ടി.

അടുത്ത ദിവസവും അന്നത്തേതിന്റെ ഫോട്ടോക്കോപ്പി. രാത്രി കാതോര്‍ത്തിരുന്നു- രുരുബാഹുക്കള്‍ കാറ്റത്തു പറന്ന സിംഗപ്പൂരു കുട പോലെ പാഞ്ഞു പോകുന്നതിന്റെ ഒച്ചയൊക്കെയുണ്ട്‌, പക്ഷേ നേരം വെളുത്തപ്പോ നടത്തം ജാസ്തി, ഫലം നാസ്തി. പ്രധാനവരുമാനത്തിന്റെ സ്രോതസ്സടഞ്ഞാല്‍ പാളയെടുത്തു നടക്കേയുള്ളു. ക്രൈസിസ്‌. ക്രൈ, മൈ സിസ്‌.

വാവല്‍ വരുന്നു പക്ഷേ അണ്ടിയില്ല എന്നതിനര്‍ത്ഥം എനിക്കു മുന്നേ ആരോ അനധികൃത ശേഖരണം നടത്തുന്നു എന്നാണെന്ന് എതു ഐ പി എസ്‌ കാരനും ഊഹിക്കാം. കള്ളനെ പിടിക്കണം, പിടിച്ചിടിച്ച്‌ ഏപ്പ്‌ നിവര്‍ത്ത്‌ വിടണം.

സ്വസ്ഥന്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണമെന്ന് അഷ്ടാംഗ ഹൃദയം. ബൈ ഇമ്പ്ലിക്കേഷന്‍, അസ്വസ്ഥന്‍ അതിനു മുന്നേ എഴുന്നേല്‍ക്കണമല്ലൊ. രാവിലേ നാലുമണിക്കെഴുന്നേറ്റു. നേരേ എരുത്തിലില്‍ പോയി പമ്മി നിന്നു. (ഒളി സങ്കേതമായി എരുത്തില്‍ തിരഞ്ഞെടുക്കാന്‍ കാരണം:- അഥവാ ആരെങ്കിലും ആളനക്കം കണ്ടാലും കന്നുകാലിയാണെന്ന് ധരിച്ചോളും)

നേരം ചെറുതായി വെളുത്തു തുടങ്ങി. ഞാന്‍ വൈക്കോല്‍ത്തൊട്ടിയില്‍ കയറിയിരുന്നു. കൊക്കിണിപ്പശുവിന്റെ നവജാതകുമ്പന്‍ ഓടിവന്ന് അതിന്റെ സാന്‍ഡ്‌ പേപ്പര്‍ നാക്കുകൊണ്ടു എന്റെ പുറത്തു നക്കി. ഉറക്കം ഞെട്ടിയ ദേഷ്യത്തില്‍ കണ്ണന്‍ കാള "ന്ത്രാാാ?" എന്ന് അമറി. വിജനമായിരുന്ന ഇടവഴിയേ പച്ചടി ദാമോദരന്‍ ആരും കാണുന്നില്ലെന്ന ധൈര്യത്തില്‍ കൈലിമുണ്ടു പൊക്കി ആസനം ചൊറിഞ്ഞുകൊണ്ട്‌ നടന്നുപോയി. കൊട്ടുവടി-മുഴക്കോല്‍-പ്ലാസ്റ്റിക്ക്‌ സഞ്ചിധാരിയായി കുട്ടന്‍ മേശിരി കടന്നു പോയി. കുറച്ചു കഴിഞ്ഞ്‌ എനിക്കറിയാത്ത മൂന്നു പേര്‍ ഉറക്കെ സംസാരിച്ചുകൊണ്ട്‌ നടന്നു മറഞ്ഞു. രംഗം വീണ്ടും ശൂന്യം.

കാത്തിരുന്നതു വെറുതേയായി എന്നു തോന്നിത്തുടങ്ങിയപ്പോഴാണ്‌ അവള്‍ നടന്നു വരുന്നത്‌ കണ്ടത്‌. ചുവന്ന പാവാടയും ബ്ലൌസുമിട്ട പത്തിരുപത്തഞ്ചു വയസ്സുള്ള ഒരു പെണ്ണ്‍- വരവു കണ്ടാല്‍ത്തന്നെയറിയാം അവള്‍ തന്നെ പുള്ളിയെന്ന്. ഇപ്പെണ്ണ്‍ എന്റെ കയ്യാലക്കല്‍ വന്ന് മുള്ളാനെന്ന വ്യാജേന കുത്തിയിരുന്നു രംഗ നിരീക്ഷണം നടത്തി- ആരുമില്ലെന്നു ധരിച്ച്‌ അതിരു ചാടി പറമ്പിലോട്ടു കേറി. പാവാടത്തുമ്പ്‌ ഇത്തിരി വളച്ച്‌ അതിലോട്ട്‌ പറങ്കിയണ്ടി പെറുക്കിയിട്ടു തുടങ്ങി.

എന്റെ പെരുവിരല്‍ മുതല്‍ ഉച്ചാന്തല വരെ അരിശത്തിന്റെ മിന്നല്‍പ്പിണര്‍ പാഞ്ഞു. "ആരെടീ അയ്യത്തു കേറിയത്‌" എന്നൊരലര്‍ച്ചയോടെ ഞാനെടുത്തു ചാടി. ചാട്ടത്തിന്റെ വക്രപഥത്തിന്റെ ഉച്ചസ്ഥാനത്തുവച്ച്‌ പോത്തിനെയടിക്കാനുള്ള കാഞ്ഞിരവടി എരുത്തിലിന്റെ വാരിയില്‍ നിന്നും വലിച്ചൂരിയത്‌ ബോധപൂര്‍വ്വമല്ലായിരുന്നെന്നാണോര്‍മ്മ.

ഓര്‍ക്കാപ്പുറത്തെന്നെക്കണ്ട പാവം അണ്ടിക്കള്ളിയുടെ അകവാള്‍ വെട്ടിപ്പോയി. ഞെട്ടിത്തെറിച്ച അവള്‍ ചാടിയോടി. പാവാടയില്‍ നിന്നും പറങ്കിയണ്ടി നാലുപാടും തെറിച്ചു. മരങ്ങള്‍ക്കിടയില്‍ അവള്‍ ഒരു എഫ്‌1 കാറുപോലെ അവ്യക്തമായൊരു ചുവന്ന പാച്ചിലായി. "നില്‍ക്കെടീ അവിടെ" മാനിന്റെ പിറകേയോടുന്ന ചീറ്റപ്പുലിയുടെ ക്രൂരതയോടെ ഞാന്‍ വടിയുമായി അവളുടെ പിറകേ പാഞ്ഞു.

പറങ്കിമാംവിള കുത്തനെ കയറ്റമാണ്‌. എനിക്കും പ്രാണനുംകൊണ്ടോടുന്ന അവള്‍ക്കുമിടയിലെ ദൂരം വര്‍ദ്ധിച്ചുവരുന്നതു കണ്ട ഞാന്‍ സര്‍വ്വ ശക്തിയുമെടുത്ത്‌ വേഗത കൂട്ടി. മിനുമിനുത്ത കശുമാവിന്‍ കരിയിലമേലെ രാവിലത്തെ മഞ്ഞുവീണുകിടന്നതിനു ഇത്രയും വഴുക്കലുണ്ടാവുമെന്ന് ഓര്‍ത്തില്ല. കാലുതെറ്റിയ ഞാന്‍ ഞാന്‍ താഴേക്കുള്ള പോക്കിലെ ആദ്യത്തെ രണ്ടു കരണം തലകുത്തനെ മറിഞ്ഞു. പിന്നത്തെ 10 അടി ഉരുണ്ടു. അവസാനത്തെ പത്തടി നിരങ്ങി. അവസാനം നിശ്ചലനായി. ഒളിമ്പ്യത്തി മേരി ഡെക്കറിന്റെ അഡിഡാസ്‌ ഷൂവിട്ട കാലുകളെ സോളാ ബഡ്ഡിന്റെ നഗ്നപാദങ്ങള്‍ നാണം കെടുത്തിയപോലെ എന്റെ ലൂണാര്‍ കാലുകളെ കള്ളി പെണ്ണിന്റെ ചെരുപ്പിടാക്കാലുകള്‍ കുഴിയില്‍ തള്ളി.

ഓടിയ കള്ളി പിറകേ‍ എന്നെ കാണാതെ കുന്നിന്‍ മുകളില്‍ നിന്നു. പതിതനാം ഞാന്‍ പങ്കത്തില്‍ നിന്നും ആമ്പല്‍ ചന്ദ്രനെ കാണുമ്പോലെ അവളെ അങ്ങുയരത്തില്‍ കണ്ടു. പെണ്ണ്‍ രണ്ടു കയ്യും വായക്കു ചുറ്റും ചേര്‍ത്ത്‌ ഒറ്റ വിളി"വീട്ടുകാരേ ഒന്നോടി വായോ ദാണ്ടേ നിങ്ങടെ ചെറുക്കന്‍ കല്ലുവെട്ടാങ്കുഴീ വീണേെ..."

തന്നെ കീഴടക്കിയ ശത്രുവിന്റെ കോളറിയില്‍ കയറിപ്പിടിച്ച്‌ "നോക്കി നില്‍ക്കാതെ എന്റെ നെഞ്ചത്തേക്ക്‌ നിറയൊഴിക്കെടാ നായേ" എന്നാജ്ഞാപിച്ചതാരായിരുന്നു? ജനറല്‍ മുട്ടാഗുച്ചിയോ? അതോ വേറാരെങ്കിലുമാണോ? ആരായാലും അതൊരസാമാന്യ ധീരനാണെന്നൊന്നും എനിക്കിന്നു തോന്നുന്നില്ല. തോല്‍വിയെക്കാല്‍ അപമാനകരവും മരണത്തെക്കാള്‍ ഭയാനകവുമാണ്‌ ശത്രു കാട്ടുന്ന ദയ എന്ന് അനുഭവിച്ചറിഞ്ഞവനാണു ഞാന്‍.

പാലുകറക്കാന്‍ സൈക്കിളില്‍ ആ വഴി വന്ന സുകുമാരന്‍ എന്നെ പൊക്കിയെടുത്ത്‌ ഇറയത്തു കിടത്തി പശുവിനു മുറിവില്‍ പുരട്ടുന്ന നാറുന്ന എണ്ണയിട്ടു എന്റെ മുട്ടു തടവിത്തന്നു. വീഴ്ച്ചയുടെ വേദനയെക്കാള്‍ വലുതായിരുന്നു സുകുമാരന്റെ തഴമ്പു വീണു പാറപോലെയായ കൈകള്‍ എന്റെ ദേഹത്തുരഞ്ഞപ്പോള്‍ (പാവം പശുവിന്റെ അകിടു പഞ്ച്ചറാവുന്നുണ്ടാവും ഇയാള്‍ പാലുകറക്കുമ്പോള്‍) എങ്കിലും തടവി തീര്‍ന്നപ്പോള്‍ എനിക്കു നടക്കാറായി. യുദ്ധത്തില്‍ പരിക്കേറ്റെങ്കിലും ധര്‍മ്മം ജയിച്ചു. ആ പെണ്ണ്‍ പിന്നെയൊരിക്കലും എന്റെ ചട്ടിയില്‍ കൈയ്യിട്ടു വാരിയിട്ടില്ല. ശുഭം.