Wednesday, March 08, 2006

കാമ്യവരദം

പന്തുകളിയിൽ തല്ലും പിടിയും സാധാരണമാണല്ലോ. കുട്ടിക്കളിയിൽ പ്രത്യേകിച്ചും. പെരിനാട് ജൂനിയേർസ് വേർസസ് കൈതാകോടി ചെറുക്കൻസ് മാച്ചിനിടയിലും തല്ലു നടന്നു. കൂട്ടത്തിലൊരുത്തൻ പാറക്കല്ലിനു ചുറ്റുമുള്ളവരെ ഇടിക്കുന്നതു കണ്ട ഒരു പെരിനാടൻ സീനിയർ പത്തലൊടിച്ച് അവനെ വീക്കി. “വീട്ടിപ്പോടാ പിള്ളേരേ“ എന്ന് 144-‍ം വകുപ്പനുസരിച്ച് ഒരു നിരോധനാജ്ഞയും പുറപ്പെടുവിച്ച് ബാലജനക്കൂട്ടത്തെ പിരിച്ചുവിട്ടു. ശുഭം.

ഉച്ചക്കു തുടങ്ങി എതാണ്ട് രാത്രി എട്ടുമണിവരെ നീണ്ട ശുഭം അവസാനിച്ചത് എട്ടുപത്തുപേരുടെ പണ്ടം കുത്തി പുറത്തെടുത്തവനും വെറുതെ വിട്ടതും വിചരാണ അനന്തമായി നീളുന്നതും ചേർത്ത് പലതരം കേസിൽ പ്രതിയും ഒക്കെയായ കൈതാകോടി പാപ്പൻ‍ ചെറിയ ചാറ്റൽ മഴയത്ത് ചന്തക്കവലയിലെത്തിയപ്പോഴാണ്.

“എതു പെരിനാട്ടുകാരൻ ‍‍‍‍‍‍........ ആണെടാ എന്റെ മോനെ പത്തലിനടിച്ചത്? മഴ കൊള്ളാതെ കടവരാന്തകളിൽ അഭയം തേടിയ കുടരഹിതരെ പൊതുവായി നോക്കി അയാൾ ചോദിച്ചു.
ഉത്തരമായി ഒന്നു രണ്ട് കടയുടെ ഷട്ടർ വീണ ശബ്ദം മാത്രം.

“ഇറങ്ങിവരിനെടാ കൂ.. മക്കളേ, രണ്ടിലൊന്നറിഞ്ഞേ ഞാൻ പോകൂ.“
ഇത്തവണ വെറും നിശബ്ദതയായിരുന്നു പകരം കിട്ടിയത്.

“ആണായിട്ടൊരുത്തനുമില്ലേടാ ഇന്നാട്ടിൽ? പാപ്പന്റെ മോനെയടിച്ച... എന്തിയേടാ?”
സോഡാക്കടയിൽ ഗ്യാസ് നിറച്ചുകൊണ്ടിരുന്ന ഉണ്ണൂണ്ണിമാപ്ല ഇറങ്ങിവന്നു.
“പൊന്നച്ചായാ ക്ഷമിച്ചുകള. പിള്ളേരു കളിക്കുമ്പോ എതാണ്ട് നടന്നെന്നുവച്ച്....”
“അവന്‍റമ്മച്ചീടെ മദ്ദ്യസ്സം പറച്ചില്” എന്ന നിരീക്ഷണത്തോടൊപ്പം പാപ്പന്‍ ഉണ്ണൂണ്ണിയെ പുറങ്കാലിനടിച്ച് തെറിപ്പിച്ചു.
ഏറുകൊണ്ട പട്ടിയെപ്പോലെ ഞരങ്ങിക്കൊണ്ട് പാവം ഉണ്ണൂണ്ണി ഫെയ്ഡൌട്ടായി.

“ഫൂ ചെറ്റകളേ, ഇറങ്ങി വരിനെടാ, കൈതാവടിപ്പാപ്പന്‍റെ മോനെയടിക്കാന്‍ ധൈര്യം കാണിച്ചവന്മാരെ ഒന്നു കാണാന്‍ തന്നെയാടാ ഞാന്‍ വിളിക്കുന്നത്”
വായനശാലക്കകത്ത് ഞങ്ങള്‍ പെരിനാടന്‍ ചുണക്കുട്ടന്മാര്‍ പരസ്പരം നോക്കി. ആറടി ഉയരത്തില്‍ കാരിരുമ്പില്‍ തീര്‍ത്ത ഈ ഭയങ്കരനെ- നൂറുകിലോ കുടവയറിനു മാത്രം തൂക്കമുള്ള ഉണ്ണൂണ്ണി മാപ്ലയെ തൊഴിച്ചോടിച്ച രാക്ഷസ്സനെ, ഒറ്റക്കോ ഒന്നിച്ചോ നേരിടാന്‍ മാത്രം ചങ്കൂറ്റം ഞങ്ങള്‍ക്കില്ല.

“ആരുമില്ലേടാ ഷണ്ണന്മാരേ?” ഓരോ വെല്ലുവിളിയിലും പാപ്പന്‍ ശബ്ദം കൂടുതല്‍ ഉയര്‍ത്തി. അതിനനുപാതമായി അഭിമാനോമീറ്ററില്‍ പെരിനാടിന്‍റെ റീഡിങ് താഴോട്ടു താഴോട്ടിറങ്ങിവന്നു. കൈതാകോടിയുടെ വെന്നിക്കൊടി പുളകാതിരേകത്താല്‍ പുളഞ്ഞു.

അപ്പോഴതു സംഭവിച്ചു- ഹിരണ്യന്‍റെ മാറുപിളര്‍ക്കാന്‍ നരസിംഹം തൂണുപിളര്‍ന്ന് അവതാരം കൊണ്ടപോലെ ഷാപ്പിന്‍റെ ചെറ്റ തള്ളിത്തുറന്ന് വരദനാശാന്‍ ഒരു മാലാഖയെപ്പോലെ പ്രത്യക്ഷപ്പെട്ടു. മാലാഖയെപ്പോലെ എന്നു പറഞ്ഞത് ആലങ്കാരികമായല്ല. സൂപ്പര്‍സ്റ്റാര്‍ കൃഷ്ണന്‍ കുട്ടി നായരെ പതിനാറായി കീറിയതില്‍ ഒരു കഷണം വൈറ്റ് വാഷ് ചെയ്ത പോലത്തെ വെള്ളയീര്‍ക്കിലിക്കളേബരം മൂടുന്ന വെളുത്ത ഷര്‍ട്ടും മുണ്ടും. അപ്പൂപ്പന്‍ താടി പോലെ സില്‍ക്കി ഹെയര്‍. മുട്ടനൊരു വെള്ളക്കൊമ്പന്‍ മീശ. കാലിലെ വെള്ള ലൂണാറിലേക്ക് കയ്യിലെ ന്യൂസ് പേപ്പര്‍ പൊതി മഴയത്ത് അലുത്തുപോയതില്‍ നിന്നും പഞ്ചസാര ഒരു കൊച്ചുവെള്ളച്ചാട്ടം പോലെ തൂര്‍ന്നുവീണുകൊണ്ടേയിരിക്കുന്നു. ഷാപിന്‍റെ വാതില്‍ മലര്‍ക്കെ തുറന്നപ്പോള്‍ ഉള്ളിലെ പെട്രോമാക്സിന്‍റെ വെളിച്ചം പുറത്തേക്ക് ഉജ്ജ്വലപ്രഭയുള്ളൊരു വെള്ളിപ്പരവതാനി വിരിച്ചതിലേക്ക് വരദനാശാന്‍ ആടിയാടി നടന്നിറങ്ങി. റോഡിലെത്തി രംഗ നിരീക്ഷണം നടത്തിയ അദ്ദേഹം കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെയായ കൈയ്യിലെ പഞ്ചസാരപ്പൊതി ഓടയിലെറിഞ്ഞ് ഒരിഷ്ടിക കഷണമെടുത്ത് ടാറിട്ടതിനു കുറുകേ ഒരു വര വരച്ചു.
“ടാ വരത്തന്‍ പ-- - പൂ-- മോനേ, നീ തന്തക്കു പെറന്നതാണെങ്കില്‍ ഈ വര കടന്നു കേറിവാടാ. കൈതാവടീല്‍ ആണുങ്ങളുണ്ടെന്ന് പെരിനാട്ടുകാര്‍ സമ്മതിച്ചു തരാമെടാ ക- കാ- മോനേ“

പൂവായി തുടങ്ങി കായിലവസാനിച്ച ലക്ഷണമൊത്ത ചലഞ്ച്. പെരിനാടിന്‍റെ റെപ്രെസെന്‍റേറ്റീവായി കരിക്കാടിക്കൊഞ്ചു പോലെ കൂനിയ ഒരു 70 വയസ്സുകാരന്‍ കുടിയന്, മഹാ റൌഡികള്‍ക്കു പേരുകേട്ട കൈതാകോടിയുടെ അഭിമാനത്തിനു നേരേ ഉയര്‍ത്തിയ ആ വെല്ലുവിളി പാപ്പനെ ഭയങ്കരമായി ഉലച്ചുകളഞ്ഞു. ഇടി തട്ടിയതുപോലെ കുലുങ്ങിപ്പോയ റൌഡി ലക്ഷ്മണരേഖക്കു നേരേ ഒരടി വച്ചു. വരദനാശാനും ഒരു ചുവട് മുന്ന്നോട്ടു നടന്നു. പാപ്പന്‍ അരയില്‍ നിന്നും ഒരു കഠാരിയൂരി- സാദാ മടക്കുപിച്ചാത്തിയൊന്നുമല്ല, അടിതടക്കാര് ഉപയോഗിക്കുന്ന പിടിക്കു ഗാര്‍ഡും അലകിനു സൂചിയുടെ മുനയുമുള്ള അസ്സല്‍ ലാന്‍സലോട്ട് . ഇന്നേവരെ പാക്കുവെട്ടാന്‍ പോലും ഒരു കത്തി തൊട്ടിട്ടില്ലാത്ത വരദനപ്പൂപ്പന്‍ പകരം എന്തോന്നൂരാന്‍ ഷര്‍ട്ടല്ലാതെ? ഷര്‍ട്ടൂരി റോഡരികിലേക്ക് ഒറ്റയേറ്‌. കൈതാകോടി വാര്‍ഡ് കത്തി നീട്ടിക്കൊണ്ട് ഒരു ചുവടു കൂടെ അഡ്‍വാന്‍സ് ചെയ്തു . വെറും കൈ വീശിക്കൊണ്ട് പെരിനാടും ഒരു കാല്‍ വച്ചു.

അടുത്ത മൂന്നു സെക്കന്‍ഡ് ഫ്രീസ് ഷോട്ട്. “പക്ഷികള്‍ പാടിയില്ലാടിയില്ലാലില ഇക്ഷിതി തന്നെ മരവിച്ചപോലെ..“ എന്നൊക്കെ ജി എഴുതിയത് ഇജ്ജാതി ഷോട്ട് കണ്ടിട്ടാവും.

കൈതാകോടി പാപ്പന്‍ ഒരു ചുവട് പിന്നോട്ടു വച്ചു!!. വാടാ -- എന്നു വിളിച്ച് വരദനപ്പൂപ്പന്‍ മുന്നോട്ടെന്നു കരുതി ഇടത്തോട്ടൊരടി കൂടി നടന്നു. “ നിന്നെ ഞാനെടുത്തോളാമെടാ” എന്ന് പാപ്പന്‍ ട്രൂസ് പ്രപ്പോസ് ചെയ്യുന്നതിനെ തടസ്സപ്പെടുത്തിക്കൊണ്ട് പാണ്ടിത്തൈരു കയറ്റിയ ഒരു ലോറി അവര്‍ക്കിടയിലൂടെ പാഞ്ഞു പോയി. ഹെഡ് ലൈറ്റടിച്ച ഫ്ലാഷാലെ മഞ്ഞളിച്ച കണ്ണു തിരുമ്മി നോക്കിയ ഞങ്ങള്‍ രണ്ടു പിന്‍ വശങ്ങള്‍ മാത്രം കണ്ടു:
പാണ്ടിലോറിയുടെ ചുവന്ന പിന്‍ വെളിച്ചത്തിലൂടെ ദൂരേക്കു മറയുന്ന പാപ്പന്‍റേറ്തും ലോറി പോയ കാറ്റടിച്ച് ഓടയിലേക്കു മറിയുന്ന വരദനാശാന്‍റേതും.

(നിത്യയശ:ശ്ശരീരനായ ഞങ്ങളുടെ വരദനാശാനെ
നെടുമങ്ങാടന്‍ കണ്ണന്‍കോവിക്ക് സമര്‍പ്പിക്കുന്നു.)

27 comments:

സൂഫി said...

പൂവായി തുടങ്ങി കായിലവസാനിച്ച
മ.. എന്നു തോന്നിച്ച്…ത.. ആ‍യി മാറുന്ന
വരദനാശാന്റെ ചലഞ്ച്....
ദേവേട്ടാ.... ഈ സ്റ്റൈല്‍ താങ്കള്‍ക്കു മാത്രം സ്വന്തം!

Kumar Neelakantan © (Kumar NM) said...

കാമ്യവരദം വായിച്ചു. കണ്ണന്‍ കോവിയുടെ വക ഒരു മരണാനന്തര “ചിയേര്‍സ്” വരദനാശാന്. ചെല്ലാ കയ്യില് വ്യാറൊന്നുമില്ലപ്പീ തരാനക്കൊണ്ട്.

സിദ്ധാര്‍ത്ഥന്‍ said...

എന്റമ്മോ!
കോമഡി തന്നെയണ്ണോ!
എന്നു പറഞ്ഞു നിര്‍ത്തിയാല്‍ അവഹേളിക്കലാവും. അതു ചെയ്യുന്നില്ല.

കണ്ണൂസ്‌ said...

:-)

അരവിന്ദ് :: aravind said...

ദേവരാഗത്തിന്റെ പോസ്റ്റുകള്‍ക്കു മുന്നില്‍ വിസ്മയിച്ചിരിക്കുകയാണ് ഞാന്‍..എഴുത്തിന്റെ സ്റ്റൈലും, ഭാവനയും...ഉപമിയ്ക്കാന്‍ വാക്കുകളില്ല.
വരദനാശാന്റെ കഥ വായിച്ച് ചിരിച്ച് ചിരിച്ച്...
ദേവരാഗമേ, നീണാള്‍ വാഴ്ക.

ചില നേരത്ത്.. said...

മനോഹരമായി അവതരിപ്പിചിരിക്കുന്നു.
ഷാപിന്‍റെ വാതില്‍ മലര്‍ക്കെ തുറന്നപ്പോള്‍ ഉള്ളിലെ പെട്രോമാക്സിന്‍റെ വെളിച്ചം പുറത്തേക്ക് ഉജ്ജ്വലപ്രഭയുള്ളൊരു വെള്ളിപ്പരവതാനി വിരിച്ചതിലേക്ക് വരദനാശാന്‍ ആടിയാടി നടന്നിറങ്ങി.
ദേവരാഗം, ഇനിയുമറിയാത്ത രാഗങ്ങള്‍ കാത്തിരിക്കുന്നു.

രാജീവ് സാക്ഷി | Rajeev Sakshi said...

സ്വാഭാവിക നര്‍മ്മത്തില്‍ പൊതിഞ്ഞ താങ്കളുടെ പോസ്റ്റുകള്‍ ഭാഷകൊണ്ടും ഭാവനകൊണ്ടും വേറിട്ടുനില്‍ക്കുന്നു. അത് സമ്മാനിക്കുന്ന വയനസുഖം പറഞ്ഞറിയിക്കാന്‍ വയ്യ. നന്ദി.

Visala Manaskan said...

ദേവഗുരോ..!

ഞാന്‍ വീണ്ടും എന്റെ സീറ്റില്‍ നിന്നെണീറ്റ്‌, കരാട്ടെക്കാരെപ്പോലെ കുമ്പിടുന്നു."ഗൂ..ഷ്‌"
(കുമ്പിട്ട്‌ കുമ്പിട്ട്‌ വയറ്‌ കുറഞ്ഞുതുടങ്ങി.)

ഞാനിപ്പോള്‍ 'പയ്യന്‍ കഥകള്‍' വായനയിലാണ്‌. ആ പുസ്തകത്തിലെ പല കഥ കളേക്കാളും, ദേവരാഗത്തിന്റെ കഥകള്‍ എനിക്ക്‌ ഇഷ്ടമായി എന്ന് പറയാതിരിക്കാന്‍ കഴിയുന്നില്ല.

സമൂഹത്തില്‍ താങ്കളെപ്പോലെയുള്ള പ്രതിഭകള്‍, പച്ചപയര്‍ തൊണ്ടുപൊളിക്കുമ്പോള്‍ കിട്ടുന്ന വയലറ്റ്‌ നിറമുള്ള മണികളെ പോലെയും, ബീറുകുപ്പികള്‍ക്കിടയില്‍ കാണുന്ന പച്ചക്കുപ്പി പോലെയും വിരളമാണ്‌.

പെരിങ്ങോടന്‍, ഏവൂരാന്‍, ദേവരാഗം, സൂഫി, സാക്ഷി, സൂ, etc... തുടങ്ങിയവരുടെ പല പോസ്റ്റുകളും നമ്മള്‍ ബ്ലോഗേഴ്സാല്‍ മാത്രം വായിക്കപ്പെട്ട്‌ ആര്‍ക്കൈവായി മാറാന്‍ അനുവദിക്കുന്നത്‌, വായന ഇഷ്ടമുള്ള, 'ഇന്റര്‍നെറ്റും കമ്പ്യൂട്ടറുമൊന്നുമില്ലാത്ത' മലയാളികളോട്‌ ചെയ്യുന്ന പാപമാണ്‌.

സിബുവടക്കം പലരും സൂചിപ്പിച്ചത്‌ പോലെ, നമ്മളെല്ലാവരും ആത്മാര്‍ത്ഥമായി വിചാരിക്കുകയാണെങ്കില്‍.....

Kalesh Kumar said...

ദേവഗുരോ, സാഷ്ടാംഗ പ്രണാമം.
ഒരു പോളിസി ചെയ്ഞ്ച്.
കൂമന്‍പള്ളി പോസ്റ്റുകളും കൊടകര പോസ്റ്റുകളും നവോദയ പോസ്റ്റുകളും ഇനി ഓഫീസിലിരുന്ന് വായിക്കില്ല ഞാന്‍. പ്രിന്റെടുത്ത് വൈകിട്ട് വീട്ടില്‍ കൊണ്ടുവച്ചേ വായിക്കു. അല്ലേല്‍ ശരിയാകില്ല. ഓഫീസിലുള്ളവര്‍ ജോലിക്കിടയില്‍ മോണിറ്ററില്‍ നോക്കി പല ടൈപ്പ് ചിരികള്‍ ചിരിക്കുന്ന എനിക്ക് വട്ടാണെന്ന് പറയും.

ശനിയന്‍ \OvO/ Shaniyan said...

പ്രോഗ്രാമെഴുതിയെഴുതി വട്ടായിപ്പോയി പാവത്തിന്‌ എന്ന് ദാ എല്ലാരും പറഞ്ഞോണ്ടു പോണേ.. ഞാനൊരു പാവമാണേ.. എന്നെ കൊല്ലല്ലേ!! മദ്യം വിഷമാണ്‌ എന്നു പറഞ്ഞിട്ടാരെങ്കിലും കുടിക്കാതിരിക്കാറുണ്ടൊ? അതു പോലെ വായിച്ചാല്‍ ചിരിച്ച്‌ ചാവും എന്നു പറഞ്ഞ്‌ ഇതെല്ലാം വായിക്കാതിരിക്കുന്നതെങ്ങനെ?

"മദ്യം വിഷമാണ്‌, അത്‌ കിട്ടാഞ്ഞാല്‍ വിഷമമാണ്‌" എന്നല്ലേ പ്രപഞ്ച പുരാണം?

ഉമേഷ്::Umesh said...

“പൂവായി തുടങ്ങി കായിലവസാനിച്ച ലക്ഷണമൊത്ത ചലഞ്ച്...”

“അടുത്ത മൂന്നു സെക്കന്‍ഡ് ഫ്രീസ് ഷോട്ട്. “പക്ഷികള്‍ പാടിയില്ലാടിയില്ലാലില ഇക്ഷിതി തന്നെ മരവിച്ചപോലെ..“ എന്നൊക്കെ ജി എഴുതിയത് ഇജ്ജാതി ഷോട്ട് കണ്ടിട്ടാവും...”

“പാണ്ടിലോറിയുടെ ചുവന്ന പിന്‍ വെളിച്ചത്തിലൂടെ ദൂരേക്കു മറയുന്ന പാപ്പന്‍റേറ്തും ലോറി പോയ കാറ്റടിച്ച് ഓടയിലേക്കു മറിയുന്ന വരദനാശാന്‍റേതും...”

അപാരം, ദേവോ, അപാരം!

രാജ് said...

തൊട്ടാല്‍ ചാകുമോ എന്നു പേടിച്ചാണോ പാപ്പച്ചന്‍ ട്രൂസാക്കിയതു്. ദേവാ പുതിയ ടെമ്പ്ലേറ്റോടെ വാ‍യനാപ്രശ്നം ഒഴിവായിക്കിട്ടി.

Kuttyedathi said...

ദേവോ,

പൂ വും കാ യും മാ യുമൊക്കെ അതാതിന്റെ പൂര്‍ണരൂപങ്ങള്‍ കൊണ്ടു പൂരിപ്പിച്ചാസ്വദിച്ച്‌ വായിച്ചു. ഒന്നല്ല പലവട്ടം.

നാട്ടില്‍നിന്നു പോന്നതില്‍ പിന്നെ നല്ല നാല്‌ വര്‍ത്താനം കേട്ടിട്ടില്ലാരുന്നു. ഇന്നിപ്പോ തൃപ്തിയായി.

നല്ല നല്ല പ്രയോഗങ്ങളെടുത്ത്‌ quote ചെയ്യാമെന്ന് വച്ചാല്‍ എഴുതിയത്‌ മൊത്തമായും ഞാനിവിടെ പകര്‍ത്തിയെഴുതേണ്ടി വരും. ആ സാഹസത്തിനു മുതിരുന്നില്ല.

വീണ്ടും വീണ്ടും സാഷ്ടാംഗം നമിച്ചിരിക്കുന്നു, ദേവഗുരോ.

Unknown said...

ദേവാ,

കൈതകോടി ഫയല്‍‌വാന്‍ പാപ്പനും, പെരിനാട്ട് ഫയല്‍‌വാന്‍ വരദനാശാനും തമ്മിലുണ്ടായേക്കാവുന്ന ഒന്നാന്തരം റെസ്‌ലിങ്ങിനായി ആകാംഷയുടെ മുള്‍മുനയില്‍ കയറി, പിടിക്കാവുന്ന ശ്വാസമെല്ലാം പിടിച്ചങ്ങനെ നില്‍ക്കുമ്പോള്‍‍, ദാണ്ടെ വരുന്നു പണ്ടാറടങ്ങാന്‍ പാണ്ടിലോറി! ഭാഗ്യം രണ്ടുപേരും പടമായില്ലല്ലോ, ഇനിയുമൊരങ്കത്തിനു വരദനാശാനു ഷാപ്പുബാല്യമുണ്ടല്ലോ എന്നോര്‍ത്ത്, ശ്വാസം വലിച്ച് വിട്ട്, ഞാനും രംഗം കാലിയാക്കുന്നു. -ശുഭ-

അപ്പോ വെടിക്കെട്ട് തുടരട്ടെ!

evuraan said...

ദേവാ,

നന്നായിരിക്കുന്നു.

റ്റെം‌പ്ലേറ്റും ഉഗ്രന്‍. ഇപ്പോള്‍ ഫയര്‍ഫോക്സിനും വഴങ്ങുന്നു..!!

വര്‍ണ്ണമേഘങ്ങള്‍ said...

:സൂപ്പര്‍സ്റ്റാര്‍ കൃഷ്ണന്‍ കുട്ടി നായരെ പതിനാറായി കീറിയതില്‍ ഒരു കഷണം വൈറ്റ് വാഷ് ചെയ്ത പോലത്തെ"
:):) ഒന്നും പറയാനില്ലേ...!!

nalan::നളന്‍ said...

ദേവന്റെ ഈ പോസ്റ്റ് കൂമന്‍പള്ളിയുടെ മാനം രക്ഷിച്ചു എന്നു മാത്രം പറയാം.
ദേവനില്‍നിന്നും പ്രതീക്ഷിക്കുന്നത് ഇതിലും ഒരുപാടു മേലെയാണ്. കഴിയുമെന്നുറപ്പുള്ളതുകൊണ്ടുതന്നെ. വീക്കം കൂട്ടുന്നതൊക്കെക്കോള്ളാം തൂക്കം കുറയാന്‍ പാടില്ല

ദേവന്‍ said...

അഭിപ്രായങ്ങളെഴുതിയതിനു നന്ദിയുണ്ട്‌ കൂട്ടുകാരേ.

പൊന്നുവിശാലാ സത്യത്തില്‍ ഇങ്ങനെയൊക്കെ തോന്നിയെങ്കിലത്‌ നമ്മള്‍ തമ്മിലുള്ള ബ്ലോഗ്ഗസൌഹൃദം എനിക്കു തന്ന അതിഭയങ്കരമായ അണ്‍ഡ്യൂ വെയിറ്റേജ്‌ മൂലമാണ്‌, സംശയമില്ല. ഉയരമെത്രയുണ്ടെന്ന് ഇന്നോളമാരുമറിയാത്ത മഹാപര്‍വ്വതമായിരുന്നു വീക്കേയെന്‍സ്‌. ഞാന്‍ എതോ മണ്ണാങ്കട്ട.

നളാ ആത്മാര്‍ത്ഥമായി ശ്രമിക്കാം ഞാന്‍. ഇനിയിപ്പോ ഞാന്‍ ഫ്ലൂക്കിലടിച്ച ഒരടികണ്ട്‌ എതോ റ്റൈഗര്‍ വൂഡ്‌ ആണെന്നു തെറ്റിദ്ധരിച്ചതാണോ? എങ്കിലിനി പ്രതീക്ഷക്കു വകയുണ്ടാവില്ല.

ഫയര്‍ഫോക്സ്‌ കോമ്പാറ്റിബിള്‍ ടെമ്പ്ലേറ്റിനു ക്രെഡിറ്റ്‌ പെരിങ്ങോടനവകാശപ്പെട്ടതാണ്‌

ഉമേഷ്::Umesh said...

ദേവനോടു യോജിക്കുന്നു. ദേവനും വിശാലനും അരവിന്ദും വക്കാരിയുമൊക്കെ വലിയ എഴുത്തുകാര്‍ തന്നെ. പക്ഷേ, വി. കെ. എന്‍. -നൊപ്പമെത്താന്‍ കാലം കുറേ കഴിയണം. അങ്ങേരൊരു അസാധാരണ സൃഷ്ടിയാണേ.

“പയ്യന്‍ കഥകള്‍” എന്റെയൊരു പ്രിയപ്പെട്ട കൃതിയാണു്. “ആരോഹണ”വും “പിതാമഹ”നും കൂടി വായിക്കൂ വിശാലാ.

വി. കെ. എന്‍-ന്റേതു് മനഃപൂര്‍വ്വം ഉണ്ടാക്കിയ ഒരു കൃത്രിമ-ദുരൂഹ ഭാഷയായിരുന്നു. ദേവന്റേതും അതുതന്നെ. പക്ഷേ, പലപ്പോഴും ദേവന്റെ ഭാഷ അനാവശ്യമായി സങ്കീര്‍ണ്ണമാവുന്നില്ലേ എന്നൊരു ശങ്ക. വി. കെ. എന്‍-റ്റേതിനേക്കാള്‍ അതു മാര്‍ഷലിന്റെ ഭാഷയാവുന്നുണ്ടോ എന്നു്.

രണ്ടാമതു വായിച്ചുനോക്കി തിരുത്തുന്ന സ്വഭാവം ദേവനില്ലെന്നു തോന്നുന്നു. അതു ചെയ്താല്‍ കഥകള്‍ ഇതിലും മഹത്തരങ്ങളാവും. എനിക്കു ദേവന്റെ കമന്റുകളാണു കൂടുതലിഷ്ടം.

(വിമര്‍ശിച്ചു വിമര്‍ശിച്ചു കഴിവുള്ളവരില്‍ നിന്നു കൂടുതല്‍ നല്ല സൃഷ്ടികള്‍ ചോര്‍ത്തിയെടുക്കുക എന്നതാണു് എന്റെ ലക്ഷ്യം. (ലക്ഷ്യമെന്താ കാര്‍ത്തികയില്‍ ഇങ്ങനെ?) തെറ്റിദ്ധരിക്കരുതേ!)

ദേവന്‍ said...

വീക്കേയെന്‍ ടച്ച്‌ വരാതിരിക്കാന്‍ ശ്രമിക്കാം ഉമേഷ്‌ ഭായി (പണ്ട്‌ നാരായണപിള്ള പറഞ്ഞതുപോലെ വീക്കേയെന്റെ ബാധ കൂടിയാല്‍ ഒഴിഞ്ഞുപോകാന്‍ ഭയങ്കര ബുദ്ധിമുട്ടാണെന്നറിയാം). എനിക്കു മാര്‍ഷലാകേണ്ടാ- ഹയ്യേ.

റെക്റ്റിഫിക്കേഷന്‍ ശ്രമത്തിന്‍റെ ഭാഗമായി സാഹിത്യമോക്ഷണം
പരമാവധി എന്‍റെ സ്വാഭാവിക ഭാഷയിലാണ് പണിതത്.

എഴുതിയതു വായിക്കാറില്ലെന്നത്‌ ശരിയാണ്‌. ദേവരാഗത്തിലെ വിപ്രലംഭ കാണ്ഡത്തില്‍ ഓഫീസ്‌ വര്‍ക്കിനിടയില്‍ ഒരു 200 എക്സ്‌ 200 പിക്സല്‍ വിന്‍ഡോ തുറന്ന് അതിലൂടെ "മാനേ തേനേ" വിളി നടത്തി കിട്ടിയ മള്‍റ്റി ടാസ്കിംഗ്‌ എബിലിറ്റിയാണിന്ന് ബ്ലോഗ്ഗെഴുതാനും ഉപയോഗിക്കുന്നത്‌. എഴുതിവച്ച്‌ തിരുത്തുന്ന ഒരു ശീലം വേണമെന്ന് എപ്പോഴും വിചാരിക്കാറുണ്ട്‌ എങ്കിലും ടൈപ്പ്‌ ചെയ്തു തുടങ്ങുമ്പോള്‍ പഴയ ചാറ്റ്‌ ഓര്‍മ്മയാണ്‌ - ഇന്‍സ്റ്റന്റ്‌ റെസ്പോണ്‍സ്‌ ആഗ്രഹിക്കും!

സീരിയസ്‌ റിവ്യൂ എഴുതിയതിനു നന്റ്രി പ്രകടനമായി ഒരു പാണ്ടിത്തമാശ. " ബാല കാണ്ഡമാ സാര്‍? ബാലനെന്നാല്‍ ചിന്ന പുള്ളൈ താനേ? അവനെതുക്കു 'കാണ്ഡവും' പില്‍സും?)

കണ്ണൂസ്‌ said...

comparisons കണ്ടപ്പോള്‍ നേരത്തേ പറയണമെന്നു വിചാരിച്ചതായിരുന്നു. ദേവിന്റെ ആഖ്യാന ശെയിലിയില്‍ എവിടെയാണ്‌ വി.കെ.എന്‍. സ്വാധീനം കാണുന്നത്‌? കത്തിപ്പിടിക്കുന്ന ഓലപ്പടക്കത്തിനിടയില്‍ ഇടക്കിടക്ക്‌ ഡൈനാമിറ്റുകള്‍ പൊട്ടുന്ന പോലെ കറുത്ത ഫലിതങ്ങള്‍ implant ചെയ്യുന്ന ഒരു രീതിയായിരുന്നു വി.കെ.എന്‍. ന്റേത്‌. കൂടുതലും സംഭാഷണങ്ങളില്‍ കഥ പറയുന്ന പോലെ. ദേവിന്റേത്‌ അങ്ങിനെയാണോ?

അറിയില്ല. കാഴ്ച്ചപ്പാടുകളുടെ വ്യത്യാസമാവാം.

രാജ് said...

വി.കെ.എന്‍ ടച്ചെന്നു പറയാന്‍ കഴിയില്ല കണ്ണൂസെ, ഉമേഷ് പറഞ്ഞതുപോലെ സാമ്യതയുണ്ടെന്നു തോന്നുന്നതു് അവര്‍ ഉണ്ടാക്കിയെടുക്കുന്ന ഭാഷയിലാണു്, അതിനു വശ്യമായൊരു ദുരൂഹതയുണ്ടു്. ഒരൊറ്റ വായനയ്ക്ക് എഴുതിയതൊക്കെ മനസ്സിലാക്കാമെന്നുള്ളതൊരു വ്യാമോഹമാകും, എഴുത്തിനപ്പുറവും വേറെ ചിലതുകൂടി പ്രതിഫലിപ്പിക്കുന്നതു കൊണ്ടാകും ഒരു പക്ഷെ അതങ്ങിനെയാകുന്നതു്.

ഉമേഷ്::Umesh said...

കണ്ണൂസേ,

“വി. കെ. എന്‍-ന്റേതു് മനഃപൂര്‍വ്വം ഉണ്ടാക്കിയ ഒരു കൃത്രിമ-ദുരൂഹ ഭാഷയായിരുന്നു. ദേവന്റേതും അതുതന്നെ.“ എന്നാണു ഞാന്‍ പറഞ്ഞതു്. ദേവനു വി. കെ. എന്‍. ടച്ച് ഉണ്ടെന്നല്ല.

തന്റെ ഭാഷ കൃത്രിമമായി ഉണ്ടാക്കിയതാണെന്നു വി. കെ. എന്‍. തന്നെ പറഞ്ഞിട്ടുള്ളതാണു്.

വി. കെ. എന്‍. ടച്ചു വി.കെ. എന്‍-നു മാത്രമിരുന്നോട്ടേ. ദേവന്‍ ടച്ചു ദേവനും.

- ഉമേഷ്

Visala Manaskan said...

പുസ്തക വായന, ശീലമായിട്ടൊന്നുമില്ലാത്തൊരാളാണ് ഞാന്‍.

പതിനാല് വയസ്സില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിച്ചപ്പോള്‍, ഒരു പത്തുകൊല്ലം കൂടെ കഴിയുമ്പോള്‍ ഞാനൊന്നുകൂടെ മൂക്കും, അന്നേരം എനിക്ക് ഇതൊക്കെ വായിച്ചാല്‍ മനസ്സിലാകുമെന്നും രസിക്കുമെന്നും വിചാരിച്ച് സമാധാനിച്ചു.

പക്ഷേ, കൊല്ലം ഇരുപത് കഴിഞ്ഞിട്ടും അതിലെ പല കഥകളും ‘ഒറ്റയിരുപ്പിന് വായിച്ചവസാനിപ്പിക്കാന്‍ പോന്ന രസം‘ എനിക്കിപ്പോഴുമില്ല.

വി.കെ.എന്‍ കഥകളിലും പയ്യന്‍ കഥകളിലും ഭൂരിഭാഗവും എനിക്ക് അതിഭയങ്കരമായി ഇഷ്ടമായി എന്നിരിക്കലും, ചിലതൊന്നും ഇഷ്ടമായില്ല.(മനസ്സിലാകാത്തതുകൊണ്ടാവാം)

ദേവരാ‍ഗത്തിന് ആ ഒരു സ്റ്റൈലുള്ളതുകൊണ്ടും ദേവരാഗത്തിന്റെ കഥകള്‍ രസച്ചരട് പൊട്ടാതെ വായിച്ചവസാനിപ്പിക്കാന്‍ കഴിയുന്നതുകൊണ്ടും , എന്റെയൊരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ. അല്ലാതെ കമ്പയറ് ചെയ്തതല്ലാ.

സിദ്ധാര്‍ത്ഥന്‍ said...

ക്വോട്ട്‌ ചെയ്തവരൊന്നും വരദരാജമുതലിയാര്‍ മുന്നോട്ടെന്നു കരുതി ഇടത്തോട്ടൊരടിവച്ചതു പറഞ്ഞില്ല. അതില്‍ വി കെ എന്നുമില്ല മാര്‍ഷലുമില്ല വേളൂര്‍ കൃഷ്ണന്‍കുട്ടിയുമില്ല. വരദനാശാനും അതിന്റെ വയറ്റില്‍കിടക്കുന്ന സാധനവും മാത്രം. ഇത്തരം ധിഷണാവ്യാപാരങ്ങളുള്ളിടത്തോളം ധൈര്യമായി എഴുതിയിടണം ദേവാ. ഇതില്ലെന്നു വന്നാല്‍ പോസ്റ്റരുതു്‌. അത്രേ വേണ്ടൂ.

കണ്ണൂസ്‌ said...

വിശാലാ, ഉമേഷേ, പെരിങ്ങ്‌സേ,

ഈ ഒരു പോസ്റ്റില്‍ വന്ന comments വെച്ചു മാത്രമല്ല ഞാന്‍ കംപാരിസന്റെ കാര്യം പറഞ്ഞത്‌. ഇതിനു മുന്‍പും പലയിടത്തും ഞാന്‍ ദേവിന്റെ ഭാഷയെ വി.കെ.എന്‍. നോട്‌ തട്ടിച്ചു തൂക്കുന്നത്‌ കണ്ടിരുന്നു.

ഉമേഷിന്റേയും പെരിങ്ങോടന്റേയും റെഫറന്‍സ്‌ പോയന്റ്‌ മനസ്സിലായി. (ഭാഷയിലും പദ പ്രയോഗങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന സൂചനകള്‍ വിവരണത്തിന്‌ വേറൊരു dimension നല്‍കുന്നു എന്നാണ്‌ അതെങ്കില്‍) പക്ഷേ, കൃത്രിമമായ ഭാഷ കൊണ്ട്‌ സൃഷ്ടിക്കുന്ന ദുരൂഹത എന്നത്‌, ഒരു വായനക്കാരന്‍ എന്ന നിലയില്‍, എനിക്ക്‌ വി.കെ.എന്‍. കൃതികളിലും തോന്നിയിട്ടില്ല, ദേവിന്റെ പോസ്റ്റുകളിലും തോന്നിയിട്ടില്ല. നര്‍മ്മത്തിന്റെ ധാരയും, multi dimensions-ഉം ഒഴിച്ചു നിര്‍ത്തിയാല്‍ വേറെ സമാനതകള്‍ ഉണ്ടോ? (നേരത്തെ പറഞ്ഞപോലെ, വി.കെ.എന്‍. സാഹിത്യത്തെ കറുത്ത ഫലിതത്തിന്റെ / യാഥാര്‍ത്ഥ്യത്തിന്റെ സാഹിത്യമായി ഞാന്‍ കാണുന്നത്‌ കൊണ്ടുള്ള പരിമിതിയാവാം ഇത്‌). അങ്ങനെ നോക്കിയാല്‍, ദേവിന്റെ രീതി കൂടുതല്‍ അടുത്ത്‌ നില്‍ക്കുന്നത്‌ മലയാറ്റൂരിനോടല്ലേ?

ഞാന്‍ ഉദ്ദേശിക്കുന്നത്‌ മര്യാദക്ക്‌ express ചെയ്യാന്‍ പറ്റുന്നില്ല എന്ന് എനിക്കു തന്നെ തോന്നുന്നുണ്ട്‌. :-) ഒരു ഉദാഹരണം പറഞ്ഞു നോക്കാം. പശ്‌ഛാത്തലത്തിലും, ശൈലിയിലും വേറിട്ടു നില്‍ക്കുന്നുവെങ്കിലും സാക്ഷിയുടെ രചനകള്‍ ഭാഷയിലും അനുഭവത്തിലും എന്‍.പി.മുഹമ്മദിന്റെ രീതിയോട്‌ അടുത്തു നില്‍ക്കുന്നതായി എനിക്ക്‌ തോന്നുന്നു. അങ്ങിനെ ഒരു comparison വി.കെ.എന്‍.-ദേവ്‌ രചനകള്‍ തമ്മില്‍ identify ചെയ്യാന്‍ പറ്റുന്നില്ല.

അഭയാര്‍ത്ഥി said...

കോവിലന്‍ ബഷീര്‍,വിജയന്‍ തുടങ്ങിയവറ്‍ എഴുത്തില്‍ അനനുകരണീയരാണു. ഭാഷാശൈലിയിലെ ഓരോ അണുവിലും വ്യക്തിമുദ്ര ഉള്ളവറ്‍. വികെയെന്നിനു അനു കറ്‍ത്താക്കള്‍ ഇഷ്ടം പോലെ. ഉദാഹരണം- മാറ്‍ഷല്‍. ഓരോ ആറ്റത്തിലും ദേവ പ്റഭാവമുള്ള എഴുത്തു ദേവരാഗത്തിന്റേതു. ഇതു ഞാന്‍ പല്വുരു മുന്നെ പറഞ്ഞതാണു.

Devaragam's language is not artificial. I itereate a Hindi shahaari.

"Shareefom kaa sharaafath gareebi mem kum na hothe" karodom sone ke tukkade kam na hothe kimmath.

Split a gold in to thousand pieces,
still each piece got the same value.

Devaraagam writes in golden language and each letters cost the same value and represents devaraagam. This is true even when he writes about a poor subject.

Sorry for writing the later part of my comments in hinglish manglish.
Time constraints.