Wednesday, November 23, 2005

പാണപ്പണിക്കന്‍

ആറടിയിലധികം ഉയരം. 75 വയസ്സെങ്കിലും പ്രായം കാണും നല്ല വെളുത്ത നിറം, ദേഹത്തിനും മുടിക്കും മീശക്കും കുപ്പായത്തിനും മുണ്ടിനും. കയ്യില്‍ ഒരു ഗാന്ധി മോഡല്‍ ദണ്ഡ്‌. തോളത്ത്‌ മുണ്ടുകൊണ്ടൊരു മാറാപ്പും- വീട്ടിലേക്ക്‌ ഈ രൂപം കയറിവരുന്നതു കണ്ടാല്‍ കുട്ടികള്‍ക്കു പറഞ്ഞാല്‍ തീരാത്ത സന്തോഷമായി.

"അമ്മോ"
അടുക്കളയിലോ അകത്തോ നിന്നു അമ്മ വിളികേള്‍ക്കും "എന്താ?"
"ഓ"
ഈ ഏകാക്ഷരിക്കു പാണപ്പണിക്കന്റെ ഭാഷയില്‍ " ഞാനെത്തീ" എന്നര്‍ത്ഥം. അമ്മ ഒരു വലിയ പായ എടുത്തു പാണപ്പണിക്കനു കൊടുക്കും. പാണപ്പണിക്കന്‍ അതിലിരുന്നു എത്തിയ സമയമനുസരിച്ച്‌ ഊണ്‌ കാപ്പി കഞ്ഞി പുഴുക്ക്‌ എന്തെങ്കിലുമെത്തുന്നതും കഴിച്ച്‌ റെഡിയാകുമ്പോഴേക്ക്‌ ഞങ്ങള്‍ അവരവരുടെ മെത്ത, തലയിണ, വിരിപ്പുകള്‍ ഒക്കെ ഒരു കൂനപോലെ കൂട്ടും. പാണപ്പണിക്കന്റെ പണി ഇതൊക്കെ നന്നാക്കലാണ്‌. ഏറ്റവും ഇളയ ചട്ടമ്പികൂര്‍ക്കശ്രീ ദേവന്‍ മുഖം തലയിണയിലും ചന്തി ആകാശത്തുമാക്കി കമിഴ്നുറങ്ങുന്ന ദേഹമാകയാല്‍ മുന്‍പ്രാവശ്യം പാണപ്പണിക്കന്‍ തൂവെള്ള കവര്‍ തയ്ച്ചിട്ട തലയിണകള്‍ നോര്‍ത്ത്‌ അമേരിക്ക, ആഫ്രിക്ക, അന്റാര്‍ട്ടിക്ക എന്നീ രാജ്യങ്ങളുടെ മാപ്പുകള്‍ വരച്ച കോലത്തിലാണ്‌ തിരിച്ചേല്‍പ്പിക്കാറ്‌.

എന്നെ കിളിക്കുഞ്ഞെന്നായിരുന്നു പാണപ്പണിക്കന്‍ വിളിച്ചിരുന്നത്‌. എന്‍ എന്‍ പിള്ളയുടേതിനോട്‌ സാദൃശ്യമുള്ള ഹാ ഹാ ഹാ
ചിരിയോടെ പാണപ്പണിക്കന്‍ പറയും " ഈ തലയാണേല്‍ മുഴുവന്‍ കിളിക്കുഞ്ഞു പെടുത്തു"

മദാമ്മമ്മരുടെതുപോലെ തുന്നല്‍ പാത്രവും മടിയില്‍ വച്ച്‌ പിച്ചള കത്രികകൊണ്ട്‌ തലയിണയുടെയും മെത്തയുടെം കവര്‍ കീരി പുതിയത്‌ തുന്നുമ്പോള്‍ ഞങ്ങളും പാണപ്പണിക്കന്റെ ചുറ്റും പായിലിരിക്കും. ചിലപ്പോള്‍ പഞ്ഞി കടഞ്ഞ്‌ പുതിയ മെത്തയുണ്ടാക്കന്‍ സഹായിക്കുകയും ചെയ്യും.

പണിക്കന്‍ അസ്സാം റൈഫിള്‍സില്‍ കുക്ക്‌ ആയിരുന്നു പണ്ട്‌. പട്ടാളക്കഥകളും സഞ്ചാരിച്ചു കണ്ട നാടുകളിലെ വിശേഷവുമൊക്കെ പറഞ്ഞു തരും. അതിനെക്കാള്‍ രസം ചെമ്പു കൂറ്റത്തില്‍ തടി കൊണ്ട്‌ കൊട്ടിയപോലെ മുഴങ്ങുന്ന്ന സ്വരത്തില്‍ പാടുന്ന പാട്ടുകളാണ്‌

ചിലതൊക്കെ ചുമ്മാ വരികള്‍
"കുന്നത്തമ്മേടെ നെല്ലാണേ, കൂനന്‍ പട്ടരെ പയ്യാണേ തിന്നട്ടങ്ങനെ തിന്നട്ടേ" എന്നൊക്കെ

ചിലതിനു നാടന്‍ പാട്ടുകളുടെ രീതി
"കുണുക്കിട്ട പെണ്ണേ കുഞ്ഞുണ്ണിക്കാളീ
നിനക്കിട്ട മീന്‍തല നായ്‌ കൊണ്ടു പോയി
നായോട്‌ കൂത്താടി പല്ലൊന്നു പോയി
പല്ലു വയ്പ്പിക്കാന്‍ പണം പത്തു പോയി"

ജോലി കൂടുതലുണ്ടെങ്കില്‍ പാണപ്പണിക്കന്‍ നൈറ്റ്‌ ഷിഫ്റ്റും ചെയ്യും. കൊതുകിന്റെയും വണ്ടിന്റേയും കടി സഹിച്ച്‌ രാത്രി "പോയിക്കിടന്നുറങ്ങു കിളിക്കുഞ്ഞേ" എന്ന ഉപദേശവും കേള്‍ക്കാതെ ഞാന്‍ കഥ കേട്ടിരിക്കും. ഒരു കൂന പഴന്തുണി പറമ്പില്‍ട്ടു കത്തിച്ച്‌. "ഇതു കിളിക്കുഞ്ഞിന്റെ മത്തി തലയിണ, ഇതു വല്യകുഞ്ഞിന്റെ
കാളത്തലയിണ" എന്നിങ്ങനെ കോടിയുടെയും ഉണങ്ങിയ ഇലവിന്‍ പഞ്ഞിയുടെയും മണമുള്ള തലയിണയും വിതരനം ചെയ്തു കഴിഞ്ഞാല്‍ അമ്മ പാണപ്പണിക്കനു ഭക്ഷണമെത്തിക്കും. പൈസ, തുണി, അരി തുടങ്ങി എന്തും പാണപ്പണിക്കന്‍ കൂലിയായി വാങ്ങുകയും ചെയ്യും. ഇതെല്ലാം കഴിഞ്ഞാല്‍ ഭാണ്ഡവും വടിയുമെടുക്കും
"അമ്മോ"
"എന്താ"
"ഓ"
അതിനു " ഞാനിറങ്ങുന്നു" എന്നര്‍ത്ഥം.

Saturday, November 19, 2005

സര്‍വ്വശിക്ഷാ അഭിയാനം-1 സാമ്പത്തികപാഠം

ഞാന്‍ എന്റെ 100 രൂപാ വിലയുള്ള സൈക്കിള്‍ 150 രൂപാക്കു നിങ്ങള്‍ക്കു വിറ്റു. 50 രൂപാ എനിക്കു ലാഭം . ആ സൈക്കിള്‍ 200 രൂപാക്കു നിങ്ങള്‍ എനിക്കു വിറ്റു . നിങ്ങള്‍ക്ക്‌ 50 രൂപാ ലാഭം. ഞാനത്‌ ഇരുനൂറ്റന്‍പതു രൂപക്ക്‌ നിങ്ങള്‍ക്കു വിറ്റു വീണ്ടും എനിക്കമ്പത്‌, നിങ്ങള്‍ 300 നു തിരിച്ചെനിക്ക്‌. നിങ്ങള്‍ക്കും അമ്പത്‌. ദിവസം അവസാനിക്കുമ്പ്പോള്‍ എനിക്കു നൂറു രൂപാ ലാഭം, നിങ്ങള്‍ക്കും നൂറു രൂപാ ലാഭം. വിന്‍-വിന്‍ എന്നു മാനേജുമന്റ്‌ താത്വികര്‍ പറയുന്ന അസുലഭയോഗം. എന്തൊരു പൊട്ടത്തരം അല്ലേ? അല്ലല്ലോ.

എന്റെ സ്കൂള്‍ ശീമയീന്നു വന്ന അച്ചന്മാരു പണിതതായിരുനു.. "ജയന്‍" എന്നും "ബ്രൂസ്‌ ലീ" എന്നും അരുമപ്പേരു വിളിച്ച്‌ ഞങ്ങള്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന ലാബിലെ രണ്ട്‌ അസ്ഥികൂടങ്ങള്‍ മുതല്‍ പ്ലേഗ്രൌണ്ടിലെ വാട്ടര്‍ റ്റാപ്‌ വരെ എല്ലാം സായിപ്പചന്മാര്‍ യൂറൊപ്പില്‍ നിന്നു വരുത്തിയതായിരുന്നു. ഇതും കച്ചകപടവുമായി എന്തു ബന്ധമെന്നു ചോദിക്കൂ, പറയാം..

മേഡ്‌ ഇന്‍ ജെര്‍മ്മനി എന്നു സീല്‍ വച്ച ഒരു കിണ്ണമാണ്‌ മണിയടിക്കാന്‍ തൂക്കിയിക്കുന്നത്‌. ബുദ്ധവിഹാരത്തിലെ മണിയൊച്ച പോലെ ഇമ്പമുള്ള ശബ്ദ്ദം രസ്യന്‍ പിച്ചളയില്‍ ഒരു ദോശക്കല്ല്ലിന്റെ വലിപ്പത്തില്‍ റംസാന്‍ പിറയുടെ വര്‍ണ്ണത്തില്‍ കിടക്കുന്ന ഇവനെ അഴിച്ച്‌ കഥാനായകര്‍ 9എ എന്ന വെറും വാളി ക്ലാസ്സ്‌ ഒറ്റക്കെട്ടായി ഒരു പോക്കങ്ങു പോകുന്നു - കുണ്ടിയേല്‍ കാക്കായുടെ ആക്രിക്കടയിലേക്ക്‌ (ആരും ഇതില്‍ അസഭ്യമോ ഇരട്ടപ്പേരോ കാണരുതെന്നപേക്ഷ- ഹുണ്ടികയില്‍ എന്ന കാക്കയുടെ വീട്ടുപേരാണ്‌ ലോപിച്ച്‌ കോലംകെട്ടൊരു പേരായത്‌). സൈക്കിള്‍ ഉദാഹരണത്തില്‍ പറഞ്ഞ കളി തുടങ്ങുകയായി:- ആക്രിക്കാക്ക ഞങ്ങള്‍ക്ക്‌ ഇരുപതു രൂപ തന്നു കിണ്ണം വാങ്ങുന്നു, ഭയങ്കര വിലപിടിച്ച സാധനം ആയത്കോണ്ട്‌ എച്ച്‌ എം സാറ്‌ അന്വേഷിക്കാന്‍ പ്യൂണ്‍ തങ്കപ്പനണ്ണനെ വിടുന്നു. അണ്ണന്‍ ഒരു സൈക്കിളെടുത്ത്‌ നേരെ മെസ്സേര്‍സ്‌ കുണ്ടിയേത്സില്‍ വരുന്നു.. 40 രൂപാ കൊടുത്ത്‌ കിന്‍ണം വാങ്ങി സ്കൂളില്‍ തൂക്കുന്നു. കാക്കയെക്കൊണ്ട്‌ എഴുതിവാങ്ങിച്ച 60 രൂപായുടെ ചീട്ടു ആപ്പീസില്‍ കൊടുക്കുന്നു. 20 രൂപ വിദ്യാര്‍ത്ഥി ഐക്യത്തിനു ലാഭം, 20 ആക്രിക്കാക്കക്ക്‌, 20 തങ്കപ്പനണ്ണനും.. എച്ച്‌ എം 80 രൂപയുടെ പെറ്റി ക്യാഷ്‌ എഴുതിയെടുത്തിരുന്നോ എന്നു വ്യക്തമല്ല. അടുത്തമാസം ഐസുമുട്ടായിക്കും നാരങ്ങാ മുട്ടായിക്കും കൊതിവരുമ്പോള്‍ വീണ്ടും ഒരു ട്രിപ്‌ ബെല്ലു കിണ്ണവുമഴിച്ച്‌. ഞങ്ങളെ വിന്‍-വിന്‍ ഉം വിന്‍-ഡോസും ഒന്നും പഠിപ്പിക്കാന്‍ ഒരു ട്രക്കര്‍ പീറ്ററു ചേട്ടനും സ്റ്റീഫന്‍ കൂവേയും വേണ്ടായിരുന്നു. ഇതല്ലേ ഇന്നത്തെ ഡീപ്പീയീപ്പി?

Saturday, November 12, 2005

പുത്തന്‍ രൂപം


കൂമന്‍പള്ളി കാലത്തിനനുസരിച്ചു പുതിയ ചുട്ടികള്‍ കുത്തി . ഇതു ബേക്കര്‍ സായ്‌വിന്റെ ശിഷ്യരുടെ വക ചമയം..

Friday, November 11, 2005

ഇരുള്‍ മൂടിയ ഏടുകള്‍..

ചരിത്രം ജനിക്ക്കും മുന്നേ കൂമന്‍പള്ളി മന ജനിച്ചു. പക്ഷേ എന്റെ പൂര്‍വികന്‍ അതിന്റെ ബ്രാഹ്മണവാലായ മന വെട്ടിക്കളഞ്ഞു വെറും കൂമന്‍പള്ളി ആക്കും മുന്നേയുള്ള കാര്യം എനിക്കറിയേണ്ടതില്ലല്ലോ..കൂമന്‍പള്ളി മനയ്ക്കല്‍ നമ്പൂതിരിമാരുടെ കയ്യില്‍ നിന്നും പ്രസ്തുത സ്ഥാവരം ശ്രീ പരമേശ്വരപിള്ള വാങ്ങിയെന്നാണ്‌ ചരിത്രം. കൂമന്‍പള്ളി മനക്കല്‍ നമ്പൂരിശ്ശന്മാര്‍ വെറും മനക്കല്‍ നമ്പൂതിരികള്‍ ആയും വെറും പരമേശ്വരപിള്ള കൂമന്‍പള്ളി പരമേശ്വരപിള്ളയായും ഭവിക്കാന്‍ ഈ വിക്രയവിക്രിയ കാരണമായത്രേ.പരമേശ്വരപിള്ള ആയിരത്തി എഴുന്നൂറുകളുടെ അവസ്സാനമാണ്‌ കൂമന്‍പള്ളിയിലെത്തിയതെന്ന് ഒരു ഇളംകുളം കുഞ്ഞപിള്ളക്കണക്കില്‍ അനുമാനിക്കാം. ഗായകനായിരുന്ന അദ്ദേഹം കൂമന്‍പള്ളിക്കു താഴേക്കുള്ള വയലും അക്കരയിലെ കാടും നോക്കി ഇറയത്തിരുന്നാല്‍ പാടാത്ത വീണവും പാടുമെന്നുകണ്ട്‌ മോഹിച്ചാണത്രേ മനക്കു മോഹവില പറഞ്ഞ്‌ നമ്പൂതിരിമാരെ കുടിയൊഴിപ്പിച്ചത്‌. ഇദ്ദേഹം വയലില്‍ ഇരുന്നു പാടിയതും അക്കരെ തെങ്കര മാമ്പുഴ ഭാഗത്തെ കാറ്റുവീഴ്ച്ചയുമായി എന്തെങ്കിലും ബന്ധമുണ്ടൊ എന്നു വ്യക്തമല്ല. വീട്ടുപേരു ചുരുക്കി കൂ പ പരമേശ്വരാ എന്നു ആരെങ്കിലും വിളിക്കുമോ എന്നു ഭയന്നാറൊ എന്തോ കൂമന്‍പള്ളിയില്‍ ലോപിച്ച്‌ കൂമ്പള്ളിയിലും കുമ്പേലിലും ഒക്കെ ആയി.പരമേശ്വരപിള്ള ചെയര്‍മാനായിരുന്ന കാലത്തെ കൂമന്‍പള്ളിയെക്കുറിച്ച്‌ മറ്റൊരു വിവരവും തല്‍ക്കാലം ലഭ്യമല്ല, ഗവേഷണം പുരോഗമിക്കുന്നതനുസരിച്ച്‌ ഈ ഭാഗങ്ങള്‍ എഡിറ്റ്‌ ചെയ്യപ്പെടും..പരമേശ്വര പിള്ളക്കും ഈച്ചരന്‍ മില്ലക്കാരനും ഇടക്ക്‌ ഒരു തലമുറയുടെ ഗ്യാപ്പും ഇപ്പോഴുണ്ട്‌.. ഇതും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു..വെറും പിള്ളമാരായിരുന്ന കൂമന്‍പള്ളിക്കാരെ "മില്ലക്കാര്‍" എന്ന സ്ഥാനാര്‍ഹരാക്കിയത്‌ ഈച്ചരന്‍ മില്ലക്കാരന്‍ ആയിരുന്നു. (മില്ലക്കാര്‍, സ്വരൂപക്കാര്‍ ,പാദമംഗലക്കാര്‍, മണിഗ്രാമക്കാര്‍‍ എന്നിങ്ങനെ കൊല്ലം നായന്മാര്‍ നാലു സ്ഥാനക്കാര്‍) പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ എന്നു പാടി പ്രണയിച്ച പരമേശ്വര പിള്ളയുടെ കൊച്ചനന്തിരവന്‍ ഈച്ചരപിള്ള വാളെടുത്തു. ദേശിങ്ങനാട്ടു കളരി സ്ഥാപിച്ചു. ഈച്ചരന്‍ മില്ലക്കാരനായി. ഈമെയില്‍ക്കാരന്റെ കഥകളും അറിയില്ല (പിന്നെന്തിനാ ഈ പാതകത്തിറങ്ങി പുറപ്പെട്ടതെന്ന തെറി ഞാന്‍ കേള്‍ക്കുന്നു, ക്ഷമീരു പിള്ളേരേ)ഈ മില്ലക്കാരന്റെ അടുത്ത തലമുറയില്‍ പപ്പുവമ്മാവന്‍ ജനിച്ചു. അടുത്തോട്ടു കൂടിയിരിക്കിന്‍ കുട്ടികളെ, ഇനിയുള്ള കഥകള്‍ ഞാന്‍ പറയാം...

ആശാന്‍

Image hosted by Photobucket.com
ആശാന്റെ ചിത്രമൊന്നും കയ്യിലില്ലാത്തതുകൊണ്ടും ചിത്രമെടുക്കാനായി അവന്‍ തിരിച്ചു വരാത്തതുകൊണ്ടും അവന്റെ പരമ്പരയില്‍ ഇപ്പോഴുള്ള ചെറുപ്പക്കാരിയും സുന്ദരിയുമായ ബ്ലാക്കിയുടെ ചിത്രം കൊടുക്കുന്നു.ഞാന്‍ ജനിക്കുമ്പോഴേ ആശാന്‍ വീട്ടിലുള്ളതുകൊണ്ട്‌ അവന്‍ എവിടെന്നു വന്നെന്ന ചോദ്യം ചോദിച്ചിട്ടില്ല.. ആലപ്പുഴയില്‍ കയര്‍ വില്‍ക്കാന്‍ പോയ അലെക്‌ അവനെ വള്ളക്കടവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട്‌ എടുത്തുകൊണ്ടുപോരുകയായിരുന്നെന്ന് പിന്നീടാരോ പറഞ്ഞറിഞ്ഞു (അലക്സ്‌ എന്ന പേരു അക്ഷമറിയാത്ത സാധുക്കള്‍ പറയാനുള്ള എളുപ്പത്തിനു അലക്കെന്നാക്കിയതാണെന്ന് ഞാന്‍ കുറച്ചു മുതിരുംവരെ ധരിച്ചിരുന്നു.. പാവങ്ങള്‍ക്കു റോമിലും ലണ്ടനിലും പരിചയപ്പെട്ട സായിപ്പന്മാരുടെ ഓര്‍മ്മക്കു പേരിടുന്നത്‌ പള്ളീലച്ചന്മാരുടെ ഒരു തമാശയാണെന്ന് മുതിര്‍ന്നപ്പോഴാണ്‌ തിരിച്ചറിയുന്നത്‌. കുണ്ടറ ചന്തയില്‍ ഉണക്കമീന്‍ വില്‍ക്കുന്ന ഒരു അമ്മാമ്മയുണ്ട്‌, ഞങ്ങല്‍ "മക്കി" എന്നു വിളിക്കും, പള്ളിയിലിട്ട പേര്‌ മാര്‍ഗരിറ്റ-ആ പാവം അതെങ്ങനെ പറയാന്‍.)

ബ്രൌണില്‍ മഞ്ഞ വരകളുള്ള ശരീരം, ഊളന്റെ പോലെ കൂര്‍ത്ത മുഖം, പഴയ ഗാര്‍ഡന്‍ ഓസിന്റെ കഷണംപോലെ തളന്നു നിവര്‍ന്നൊരു വാലും നെറ്റിയില്‍ വെള്ളപ്പാണ്ടുമുള്ള ഒരു തരം രൂപം. പോരെങ്കില്‍ എന്തു കഴിച്ചാലും വീര്‍ത്തു നിറയാത്ത ഓട്ടിയൊരു വയറും. പട്ടിശാസ്ത്രപ്രകാരം ആശാന്‍ "നെടുംഗോപി"-എന്നുവച്ചാല്‍ വെറും പാഴ്‌.

ആശാന്‍ വളര്‍ന്നു. എന്നു വെറുതേ പറഞ്ഞാല്‍പ്പോരാ, ഒരു പശുക്കുട്ടിയോളം വളര്‍ന്നു. മീനും മുട്ടയും അവനു വലിയ താല്‍പ്പര്യമില്ല, അവന്റെ ഇഷ്ടഭക്ഷണം തേങ്ങാപ്പിണ്ണാക്ക്‌. ഇതെന്തു പട്ടിയെന്ന് കേട്ടവര്‍ അത്ഭുതം കൂറി. അത്യാവശ്യത്തിനു സംസാരിക്കുകയും ചെയ്യും, പക്ഷെ അതവന്റെ ഭാഷയിലാണെന്നുമാത്രം. "ഡാ ആശാനേ" എന്നു വിളിച്ചാല്‍ "ബാവു" "എന്നു വിളികേള്‍ക്കും. ആശാനേ??" എന്നു ചോദ്യരൂപേണ വിളിച്ചാല്‍ "ബൌവ്ഹൂ?" എന്നു മറുചോദ്യം ചോദിക്കും.. അങ്ങനെ..

കര്‍മ്മ നിരതമായ ഒരു ജീവിതമായിരുന്നു ആശാന്റേത്‌. പറമ്പില്‍ പാമ്പുകള്‍ ഒരു ഭീഷണിയാണെന്നൂ കണ്ട അവന്‍ ചെറുപ്പത്തിലേ പാമ്പു പിടിത്തക്കാരനായി.. ഷാവൊലിന്‍ സന്യാസിമാര്‍ മറ്റു ജന്തുക്കളില്‍ നിന്നു യുധമുറ സ്വീകരിച്ചപോലെ ആശാനും ജന്മ സഹജമായ നായ സ്റ്റൈലിനു പുറമേ കീരി സ്റ്റൈലിലും പാമ്പു പിടിത്തം സ്വായത്തമാക്കിയതോടെ വീട്ടുമുറ്റം പാമ്പുകളുടെ ശവക്കോട്ടയായി..എന്നും രാവിലെ തുണ്ടം തുണ്ടമായി കടിച്ചുകീറപ്പെട്ട നിലയില്‍ പാമ്പുകള്‍ മുറ്റത്തു കിടക്കുന്നത്‌ കണിയും കണ്ട്‌ ഞങ്ങള്‍ എഴുന്നേറ്റു. കണ്ണടയും കൊമ്പന്‍ മീശയുമുള്ള 8 മൂര്‍ഖന്മാര്‍, പുല്ലാനി മൂര്‍ഖന്മാര്‍, അണലികള്‍, ശംഖുവരയര്‍, വില്ലൂന്നികള്‍ മുതല്‍ ചുരുട്ടകളും ചേരയും വരെ സിദ്ധികൂടി മുറുക്കാന്‍ ചവച്ചു തുപ്പിയ പരുവത്തിലായി ( പറമ്പിലാകെ എലിയും പെരുച്ചാഴീം കൂടി, പാമ്പിനെക്കണ്ട്‌ പേടിക്കുന്ന പിള്ളേരുടെയെണ്ണം കൂറഞ്ഞു).

വര്‍ഗ്ഗബോധം തീരെയില്ലാത്ത ആശാന്‍ പറമ്പില്‍ക്കയറുന്ന മറ്റു പട്ടികളെക്കൂടി വക വരുത്തി.. സാധാരണ പട്ടികള്‍ എതിരാളി തോറ്റാല്‍ വെറുതെ വിടുകയാണല്ലോ പതിവ്‌, ഇവന്‍ അറംഗസീബിനെപ്പോലെ തോറ്റോടുന്നവരെ കശാപ്പു ചെയ്തു രസിച്ചു.ആശാനു ചങ്ങല അലര്‍ജിയായിരുന്നു. ചങ്ങല കിലുങ്ങുന്ന ശബ്ദം കേട്ടാല്‍ അവന്‍ മുങ്ങും.." അശാനെ പിടിച്ചു പൂട്ടിയിടെടാ" എന്നു ഉറക്കെയൊന്നു പറഞ്ഞാല്‍ മതി അവന്‍ ഒറ്റയോട്ടത്തിനു ദൂരെയെത്തും എന്നിട്ട്‌ ഒരു വെല്ലുവിളി " ബവൂവൂൊവൂ??" അതിന്റെ മനുഷ്യ ഭാഷയിലെ അര്‍ത്ഥ ചുണയുണ്ടെങ്കില്‍ പൂട്ടെടാ മോനേ" എന്നായിരിക്കണം.. പക്ഷേ അതിരുകള്‍ നല്ല നിശ്ചയമായിരുന്നു അവന്‌, ഒരിക്കലും വേലിക്കപ്പുറത്തോ വഴിയിലോ പോയി ആശാന്‍ ആരെയും ഒന്നും ചെയ്തിട്ടില്ല..

കാലമേറെക്കടന്നു.. ആശാന്‍ വൃദ്ധനായി, എങ്കിലും ശൌര്യത്തിനൊരു കുറവുമില്ല. ഒരു ഉത്സവദിവസം രാത്രി.. ആശാനെ പൂട്റ്റിയിടാനുല്ല ശ്രമം ഒരിക്കല്‍ക്കൂടി പരാജയപ്പെടുത്തി അവന്‍ ഇരുട്ടിലേക്കു മുങ്ങി.. രാവിലെ ആശാനില്ല, ഭക്ഷണംകഴിക്കാനെത്തിയില്ല.. തിരക്കാവുന്നിടത്തെല്ലാം നോക്കി, പൊട്ടക്കിണറുകലിലും ചതുപ്പിലുമെല്ലാം.. അവന്റെ മരണം കണ്ട്‌ അവനേറ്റവും പ്രിയപ്പെട്ട ഞങ്ങള്‍ കുട്ടികള്‍ വിഷമിക്കരുതെന്നു കരുതി അവന്‍ വാനപ്രസ്ഥം സ്വീകരിച്ചതാവും.. നായക്കാശിയിലോ നായരാമേശ്വരത്തോ ആശാന്റെ ആത്മാവ്‌ പരമാത്മാവില്‍ ലയിച്ചിട്ടുണ്ടാവും..കാലമേറെക്കടന്നു.. ഒരു പണിയുമില്ലാതെ റ്റീവീ വച്ചുനോക്കിയതാണ്‌ ആശാനതാ മനേകാ ഗാന്ധിയുടെ കൂടെ!! ഒന്നല്ല, പത്തിരുപത്‌ ആശാന്മാര്‍ ഫോട്ടോക്കോപ്പി പോലെ നിരന്നു കിടക്കുന്നു അവരുടെ ചുറ്റും!! ഇതെന്താ കഥയെന്നു മിഴിച്ചിരിക്കുമ്പ്പോള്‍ അവര്‍ ഒരാശാനെ തലോടിക്കൊണ്ട്‌ പറയുന്നു " ഈ ഇനം നായകളാണ്‌ രാജപാളയം ഹൌണ്ടുകള്‍.. ഈ വീരന്മാര്‍ ശതാബ്ദങ്ങളായി വേട്ടനായ്ക്കളെന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം...." ആശാന്‍ നെടുംഗോപിയായിരുന്നില്ല.. ഒരു ഹൌണ്ട്‌ ആയിരുന്നു..

ആശാന്റെ പരമ്പരയിലെ അടുത്തവന്‍ കുട്ടപ്പന്‍ ഒരു നാടന്‍ നായ ആയിരുന്നു.. അവനും പാമ്പുപിടി ആശാനില്‍ നിന്നു സ്വായത്തമാക്കിയിരുന്നെങ്കില്‍ ശാരീരികമായ പരിമിതികളുണ്ടായിരുന്നു.. കുട്ടപ്പന്‍ 100% നായയായി ജീവിച്ചു. 100% വിശ്വസ്ഥന്‍ 100% അധ്വാനി.. 12 വയസ്സില്‍ തിമിരം ബാധിച്ചുതുടങ്ങി.. ഏറെത്താമസിയാതെ ഒരു ദിവസം മൂക്കൊക്കെ നീല നിറമായി തെങ്ങിന്‍ ചുവട്ടില്‍നിന്നവന്റെ ശരീരം കിട്ടി.. ആശാനു കൊടുക്കാന്‍ കഴിയാതിരുന്ന ബഹുമതികളോടെ കുട്ടപ്പനെ സംസ്കരിച്ചു..

വര്‍ഷങ്ങള്‍ക്കുശേഷം നോട്ടി എന്ന ഡോബര്‍മാന്‍ എത്തി. ഇമോഷണലാകുന്നതില്‍ അവന്‍ ശ്യാം സുന്ദറിനെപ്പോലും തോല്‍പ്പിക്കും. സ്നേഹം വന്നാല്‍ ചാടി മുഖത്തു നക്കും. സങ്കടം വന്നാല്‍ നിലത്തുരുണ്ടു കരയും. കോപിച്ചാലോ.. പിന്നെ പറയണ്ട.. 3 വയസ്സെത്തും മുന്നെ ഹൃദയത്തിലൊരു അണുബാധയേറ്റ്‌ അവന്‍ പോയി..അവന്‍ പോകാറായപ്പോഴാണ്‌ ബ്ലാക്കിയെന്ന ഈ ജര്‍മനിക്കാരിയെത്തിയത്‌. സ്വതേ ശാന്തശീലയാണിവള്‍. വീട്ടില്‍നിന്ന് ആരും ഒന്നും എടുത്തുകൊണ്ട്‌ പോകരുതെന്നുമാത്രം.. ഞാന്‍ പ്രവാസം സ്വീകരിച്ചു കഴിഞ്ഞശേഷം കൂമന്‍പള്ളിയിലെത്തിയവളായത്തുകൊണ്ട്‌ എന്നെ അത്ര പരിചയം പോരാ, കഴിഞ്ഞ അവധിക്കു ഞാന്‍ നാട്ടിലുള്ളപ്പോല്‍ ഒരു കാവടിക്കാരന്‍ പാത്രമെടുത്ത്‌ തെണ്ടാനെത്തി.. കാവടിയേട്ടന്‍ ഹരഹരോ വിളിച്ചെത്തിയപ്പോള്‍ ബ്ലാക്കി ആ ഭക്തനെ അലസമായൊന്നു നോക്കിയിട്ട്‌ വീണ്ടും കിടന്നു.. ഞാന്‍ ഒരു രൂപ തട്ടിലിട്ടു കൊടുത്തു. ഇടിവെട്ടിയപോലെ ഒരു കുര.. ഞാന്‍ വീട്ടിനുള്ളില്‍, ഭക്തശിരോമണി പേരമരത്തിന്റെ മുകളില്‍, വേല്‍ നിലത്ത്‌, ബ്ലാക്കി ഗേറ്റ്‌ മറച്ചു പിടിച്ച്‌ ഗാര്‍ഡ്‌ മോഡില്‍. കാവടി പട്ടിക്കൂട്ടിനുള്ളില്‍ കാറുകയറിയ മാക്രിപോലെ..