Friday, November 11, 2005

ആശാന്‍

Image hosted by Photobucket.com
ആശാന്റെ ചിത്രമൊന്നും കയ്യിലില്ലാത്തതുകൊണ്ടും ചിത്രമെടുക്കാനായി അവന്‍ തിരിച്ചു വരാത്തതുകൊണ്ടും അവന്റെ പരമ്പരയില്‍ ഇപ്പോഴുള്ള ചെറുപ്പക്കാരിയും സുന്ദരിയുമായ ബ്ലാക്കിയുടെ ചിത്രം കൊടുക്കുന്നു.ഞാന്‍ ജനിക്കുമ്പോഴേ ആശാന്‍ വീട്ടിലുള്ളതുകൊണ്ട്‌ അവന്‍ എവിടെന്നു വന്നെന്ന ചോദ്യം ചോദിച്ചിട്ടില്ല.. ആലപ്പുഴയില്‍ കയര്‍ വില്‍ക്കാന്‍ പോയ അലെക്‌ അവനെ വള്ളക്കടവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട്‌ എടുത്തുകൊണ്ടുപോരുകയായിരുന്നെന്ന് പിന്നീടാരോ പറഞ്ഞറിഞ്ഞു (അലക്സ്‌ എന്ന പേരു അക്ഷമറിയാത്ത സാധുക്കള്‍ പറയാനുള്ള എളുപ്പത്തിനു അലക്കെന്നാക്കിയതാണെന്ന് ഞാന്‍ കുറച്ചു മുതിരുംവരെ ധരിച്ചിരുന്നു.. പാവങ്ങള്‍ക്കു റോമിലും ലണ്ടനിലും പരിചയപ്പെട്ട സായിപ്പന്മാരുടെ ഓര്‍മ്മക്കു പേരിടുന്നത്‌ പള്ളീലച്ചന്മാരുടെ ഒരു തമാശയാണെന്ന് മുതിര്‍ന്നപ്പോഴാണ്‌ തിരിച്ചറിയുന്നത്‌. കുണ്ടറ ചന്തയില്‍ ഉണക്കമീന്‍ വില്‍ക്കുന്ന ഒരു അമ്മാമ്മയുണ്ട്‌, ഞങ്ങല്‍ "മക്കി" എന്നു വിളിക്കും, പള്ളിയിലിട്ട പേര്‌ മാര്‍ഗരിറ്റ-ആ പാവം അതെങ്ങനെ പറയാന്‍.)

ബ്രൌണില്‍ മഞ്ഞ വരകളുള്ള ശരീരം, ഊളന്റെ പോലെ കൂര്‍ത്ത മുഖം, പഴയ ഗാര്‍ഡന്‍ ഓസിന്റെ കഷണംപോലെ തളന്നു നിവര്‍ന്നൊരു വാലും നെറ്റിയില്‍ വെള്ളപ്പാണ്ടുമുള്ള ഒരു തരം രൂപം. പോരെങ്കില്‍ എന്തു കഴിച്ചാലും വീര്‍ത്തു നിറയാത്ത ഓട്ടിയൊരു വയറും. പട്ടിശാസ്ത്രപ്രകാരം ആശാന്‍ "നെടുംഗോപി"-എന്നുവച്ചാല്‍ വെറും പാഴ്‌.

ആശാന്‍ വളര്‍ന്നു. എന്നു വെറുതേ പറഞ്ഞാല്‍പ്പോരാ, ഒരു പശുക്കുട്ടിയോളം വളര്‍ന്നു. മീനും മുട്ടയും അവനു വലിയ താല്‍പ്പര്യമില്ല, അവന്റെ ഇഷ്ടഭക്ഷണം തേങ്ങാപ്പിണ്ണാക്ക്‌. ഇതെന്തു പട്ടിയെന്ന് കേട്ടവര്‍ അത്ഭുതം കൂറി. അത്യാവശ്യത്തിനു സംസാരിക്കുകയും ചെയ്യും, പക്ഷെ അതവന്റെ ഭാഷയിലാണെന്നുമാത്രം. "ഡാ ആശാനേ" എന്നു വിളിച്ചാല്‍ "ബാവു" "എന്നു വിളികേള്‍ക്കും. ആശാനേ??" എന്നു ചോദ്യരൂപേണ വിളിച്ചാല്‍ "ബൌവ്ഹൂ?" എന്നു മറുചോദ്യം ചോദിക്കും.. അങ്ങനെ..

കര്‍മ്മ നിരതമായ ഒരു ജീവിതമായിരുന്നു ആശാന്റേത്‌. പറമ്പില്‍ പാമ്പുകള്‍ ഒരു ഭീഷണിയാണെന്നൂ കണ്ട അവന്‍ ചെറുപ്പത്തിലേ പാമ്പു പിടിത്തക്കാരനായി.. ഷാവൊലിന്‍ സന്യാസിമാര്‍ മറ്റു ജന്തുക്കളില്‍ നിന്നു യുധമുറ സ്വീകരിച്ചപോലെ ആശാനും ജന്മ സഹജമായ നായ സ്റ്റൈലിനു പുറമേ കീരി സ്റ്റൈലിലും പാമ്പു പിടിത്തം സ്വായത്തമാക്കിയതോടെ വീട്ടുമുറ്റം പാമ്പുകളുടെ ശവക്കോട്ടയായി..എന്നും രാവിലെ തുണ്ടം തുണ്ടമായി കടിച്ചുകീറപ്പെട്ട നിലയില്‍ പാമ്പുകള്‍ മുറ്റത്തു കിടക്കുന്നത്‌ കണിയും കണ്ട്‌ ഞങ്ങള്‍ എഴുന്നേറ്റു. കണ്ണടയും കൊമ്പന്‍ മീശയുമുള്ള 8 മൂര്‍ഖന്മാര്‍, പുല്ലാനി മൂര്‍ഖന്മാര്‍, അണലികള്‍, ശംഖുവരയര്‍, വില്ലൂന്നികള്‍ മുതല്‍ ചുരുട്ടകളും ചേരയും വരെ സിദ്ധികൂടി മുറുക്കാന്‍ ചവച്ചു തുപ്പിയ പരുവത്തിലായി ( പറമ്പിലാകെ എലിയും പെരുച്ചാഴീം കൂടി, പാമ്പിനെക്കണ്ട്‌ പേടിക്കുന്ന പിള്ളേരുടെയെണ്ണം കൂറഞ്ഞു).

വര്‍ഗ്ഗബോധം തീരെയില്ലാത്ത ആശാന്‍ പറമ്പില്‍ക്കയറുന്ന മറ്റു പട്ടികളെക്കൂടി വക വരുത്തി.. സാധാരണ പട്ടികള്‍ എതിരാളി തോറ്റാല്‍ വെറുതെ വിടുകയാണല്ലോ പതിവ്‌, ഇവന്‍ അറംഗസീബിനെപ്പോലെ തോറ്റോടുന്നവരെ കശാപ്പു ചെയ്തു രസിച്ചു.ആശാനു ചങ്ങല അലര്‍ജിയായിരുന്നു. ചങ്ങല കിലുങ്ങുന്ന ശബ്ദം കേട്ടാല്‍ അവന്‍ മുങ്ങും.." അശാനെ പിടിച്ചു പൂട്ടിയിടെടാ" എന്നു ഉറക്കെയൊന്നു പറഞ്ഞാല്‍ മതി അവന്‍ ഒറ്റയോട്ടത്തിനു ദൂരെയെത്തും എന്നിട്ട്‌ ഒരു വെല്ലുവിളി " ബവൂവൂൊവൂ??" അതിന്റെ മനുഷ്യ ഭാഷയിലെ അര്‍ത്ഥ ചുണയുണ്ടെങ്കില്‍ പൂട്ടെടാ മോനേ" എന്നായിരിക്കണം.. പക്ഷേ അതിരുകള്‍ നല്ല നിശ്ചയമായിരുന്നു അവന്‌, ഒരിക്കലും വേലിക്കപ്പുറത്തോ വഴിയിലോ പോയി ആശാന്‍ ആരെയും ഒന്നും ചെയ്തിട്ടില്ല..

കാലമേറെക്കടന്നു.. ആശാന്‍ വൃദ്ധനായി, എങ്കിലും ശൌര്യത്തിനൊരു കുറവുമില്ല. ഒരു ഉത്സവദിവസം രാത്രി.. ആശാനെ പൂട്റ്റിയിടാനുല്ല ശ്രമം ഒരിക്കല്‍ക്കൂടി പരാജയപ്പെടുത്തി അവന്‍ ഇരുട്ടിലേക്കു മുങ്ങി.. രാവിലെ ആശാനില്ല, ഭക്ഷണംകഴിക്കാനെത്തിയില്ല.. തിരക്കാവുന്നിടത്തെല്ലാം നോക്കി, പൊട്ടക്കിണറുകലിലും ചതുപ്പിലുമെല്ലാം.. അവന്റെ മരണം കണ്ട്‌ അവനേറ്റവും പ്രിയപ്പെട്ട ഞങ്ങള്‍ കുട്ടികള്‍ വിഷമിക്കരുതെന്നു കരുതി അവന്‍ വാനപ്രസ്ഥം സ്വീകരിച്ചതാവും.. നായക്കാശിയിലോ നായരാമേശ്വരത്തോ ആശാന്റെ ആത്മാവ്‌ പരമാത്മാവില്‍ ലയിച്ചിട്ടുണ്ടാവും..കാലമേറെക്കടന്നു.. ഒരു പണിയുമില്ലാതെ റ്റീവീ വച്ചുനോക്കിയതാണ്‌ ആശാനതാ മനേകാ ഗാന്ധിയുടെ കൂടെ!! ഒന്നല്ല, പത്തിരുപത്‌ ആശാന്മാര്‍ ഫോട്ടോക്കോപ്പി പോലെ നിരന്നു കിടക്കുന്നു അവരുടെ ചുറ്റും!! ഇതെന്താ കഥയെന്നു മിഴിച്ചിരിക്കുമ്പ്പോള്‍ അവര്‍ ഒരാശാനെ തലോടിക്കൊണ്ട്‌ പറയുന്നു " ഈ ഇനം നായകളാണ്‌ രാജപാളയം ഹൌണ്ടുകള്‍.. ഈ വീരന്മാര്‍ ശതാബ്ദങ്ങളായി വേട്ടനായ്ക്കളെന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം...." ആശാന്‍ നെടുംഗോപിയായിരുന്നില്ല.. ഒരു ഹൌണ്ട്‌ ആയിരുന്നു..

ആശാന്റെ പരമ്പരയിലെ അടുത്തവന്‍ കുട്ടപ്പന്‍ ഒരു നാടന്‍ നായ ആയിരുന്നു.. അവനും പാമ്പുപിടി ആശാനില്‍ നിന്നു സ്വായത്തമാക്കിയിരുന്നെങ്കില്‍ ശാരീരികമായ പരിമിതികളുണ്ടായിരുന്നു.. കുട്ടപ്പന്‍ 100% നായയായി ജീവിച്ചു. 100% വിശ്വസ്ഥന്‍ 100% അധ്വാനി.. 12 വയസ്സില്‍ തിമിരം ബാധിച്ചുതുടങ്ങി.. ഏറെത്താമസിയാതെ ഒരു ദിവസം മൂക്കൊക്കെ നീല നിറമായി തെങ്ങിന്‍ ചുവട്ടില്‍നിന്നവന്റെ ശരീരം കിട്ടി.. ആശാനു കൊടുക്കാന്‍ കഴിയാതിരുന്ന ബഹുമതികളോടെ കുട്ടപ്പനെ സംസ്കരിച്ചു..

വര്‍ഷങ്ങള്‍ക്കുശേഷം നോട്ടി എന്ന ഡോബര്‍മാന്‍ എത്തി. ഇമോഷണലാകുന്നതില്‍ അവന്‍ ശ്യാം സുന്ദറിനെപ്പോലും തോല്‍പ്പിക്കും. സ്നേഹം വന്നാല്‍ ചാടി മുഖത്തു നക്കും. സങ്കടം വന്നാല്‍ നിലത്തുരുണ്ടു കരയും. കോപിച്ചാലോ.. പിന്നെ പറയണ്ട.. 3 വയസ്സെത്തും മുന്നെ ഹൃദയത്തിലൊരു അണുബാധയേറ്റ്‌ അവന്‍ പോയി..അവന്‍ പോകാറായപ്പോഴാണ്‌ ബ്ലാക്കിയെന്ന ഈ ജര്‍മനിക്കാരിയെത്തിയത്‌. സ്വതേ ശാന്തശീലയാണിവള്‍. വീട്ടില്‍നിന്ന് ആരും ഒന്നും എടുത്തുകൊണ്ട്‌ പോകരുതെന്നുമാത്രം.. ഞാന്‍ പ്രവാസം സ്വീകരിച്ചു കഴിഞ്ഞശേഷം കൂമന്‍പള്ളിയിലെത്തിയവളായത്തുകൊണ്ട്‌ എന്നെ അത്ര പരിചയം പോരാ, കഴിഞ്ഞ അവധിക്കു ഞാന്‍ നാട്ടിലുള്ളപ്പോല്‍ ഒരു കാവടിക്കാരന്‍ പാത്രമെടുത്ത്‌ തെണ്ടാനെത്തി.. കാവടിയേട്ടന്‍ ഹരഹരോ വിളിച്ചെത്തിയപ്പോള്‍ ബ്ലാക്കി ആ ഭക്തനെ അലസമായൊന്നു നോക്കിയിട്ട്‌ വീണ്ടും കിടന്നു.. ഞാന്‍ ഒരു രൂപ തട്ടിലിട്ടു കൊടുത്തു. ഇടിവെട്ടിയപോലെ ഒരു കുര.. ഞാന്‍ വീട്ടിനുള്ളില്‍, ഭക്തശിരോമണി പേരമരത്തിന്റെ മുകളില്‍, വേല്‍ നിലത്ത്‌, ബ്ലാക്കി ഗേറ്റ്‌ മറച്ചു പിടിച്ച്‌ ഗാര്‍ഡ്‌ മോഡില്‍. കാവടി പട്ടിക്കൂട്ടിനുള്ളില്‍ കാറുകയറിയ മാക്രിപോലെ..

8 comments:

രാജ് said...

ആശാന്‍ ആശയഗംഭീരന്‍ തന്നെ! പക്ഷെ എന്തരു ഈ ഇരട്ടബ്ലോഗു നയം? ദേവരാഗത്തില്‍ കാണാനില്ലാത്തവയിനി കൂമന്‍പള്ളി വരെ ചെന്നു കാണണം എന്നാണോ ദേവനേ?

ദേവന്‍ said...

പെരിങ്ങോടഗുരുക്കളേ,
കൂമന്‍പള്ളിയിലേക്കു സ്വാഗതം..
കണ്ടറിവും കേട്ടാറിവും പറഞ്ഞറിവും ചേര്‍ത്ത്‌ കൂമന്‍പള്ളിയുടെ ചരിത്രം ഇന്നത്തെ തലമുറ പൂര്‍ത്തിയാക്കിയശേഷം മൊത്തതില്‍ പൊളിച്ചെഴുതിയാലേ ഈ പണി തീരൂ എന്നതുകൊണ്ട്‌ ഈ ഉരുപ്പടി ഇങ്ങനെ ഒക്കെ ഇട്ടിരിക്കുകയാണ്‌.. പൊതുജനം കണ്ടാന്‍ ബോറടിക്കുന്ന ഈ ആശാരിപ്പണി നാട്ടുകാര്‍ വായിക്കുന്ന ദേവരാഗത്തില്‍ ഉള്‍പ്പെടുത്തിയില്ലാ.. താങ്കള്‍ പക്ഷേ ഞാന്‍ അസ്ഥിവാരം കെട്ടിപ്പൊക്കും മുന്നേ കണ്ടുപിടിച്ചു!!

എന്തായാലും വല്യുപ്പാപ്പ കണ്ട്‌, ഒരു കുപ്പി മൂത്ത് തും രണ്ടു മൊട്ടേം പോരട്ടെ..

സിദ്ധാര്‍ത്ഥന്‍ said...

ആഹാ! ഇവിടെ തച്ചിനിരുന്നു പണിയാണല്ലേ?
പിള്ളയുടേതിനു പുറമെ ഈ പള്ളിയുടെ ചരിത്രത്തിലും എനിക്കുണ്ടു താല്പര്യം. വേറെ ഏതെൻകിലും മനയ്ക്ക് പള്ളി ചേർത്ത പേരുണ്ടോ? മേത്തന്മാരും നസ്രാണികളും പണിയാൻ തുടങ്ങിയ ശേഷം ഇല്ലാതായതാണോ ഇത്തരം പള്ളികൾ?

ദേവന്‍ said...

പള്ളിയെന്ന ആദിദ്രാവിഡവാക്കിനു പരിശുദ്ധമായ ഇടമെന്നര്‍ത്ഥമുണ്ട്‌ സിദ്ധാര്‍ത്ഥാ. ആ അര്‍ത്ഥത്തിലാണ്‌ പള്ളിയരമന, പള്ളിവാള്‍, പള്ളിയോടം, പള്ളികൊള്ളുന്നു എന്നൊക്കെ കരുനാഗപള്ളി മുതല്‍ വെറും പള്ളിവരെ ഉണ്ടായത്‌. നമ്പൂതിരിമാറും ക്ഷത്രിയരും പരിശുദ്ധ മനകള്‍ക്കും മറ്റും ഇല്ലങ്ങള്‍ക്കും പള്ളിചേര്‍ത്ത്‌ മാമ്പള്ളി,അയ്യമ്പള്ളി, മുല്ലപ്പള്ളി, മാടമ്പള്ളി, കിഴക്കമ്പള്ളി എന്നിങ്ങനെ പേരിടുന്നത്‌ സാധാരണയാണ്‌.

സിദ്ധാര്‍ത്ഥന്‍ said...

തീർന്നില്ല. പള്ളിയുറക്കത്തിലും പള്ളിക്കഞ്ഞിയിലും തമിഴിലെ പള്ളിവാസലിലുമൊക്കെ അതാദ്യം വന്നപ്പോൾ അതിരമ്പള്ളിയിലും കൂമൻ‍പള്ളിയിലും അതെങ്ങനെ അവസാനമായി? ഇനി കൂമൻ പള്ളിമന എന്നാണെന്നു വരുമോ യഥാർത്ഥനാമം?
പിന്നെ ലാറി ബേക്കർ നിരപ്പാക്കും മുൻപു് വരെ പരമേശ്വരൻ പിള്ള വാങ്ങിയ മന തന്നെയായിരുന്നോ അവിടെ? ആയതിന്റെ പടം വല്ലതും?

Kalesh Kumar said...

ആ‍ഹാ, ഒളിച്ചിരുന്നു പോസ്റ്റുകയാണല്ലേ???
കൊള്ളാം !

ദേവന്‍ said...

കൂമന്‍പള്ളിയിലേക്ക്‌ സ്വാഗതം കലേഷ്‌ കുമാറേ..

സിദ്ധാര്‍ത്താ,
1. മുന്‍പള്ളിയുടെയും പിന്‍പള്ളിയുടെയും കണക്ക്‌ എനിക്കു ഒരു പിടിയും കിട്ടുന്നില്ല.. നാട്ടില്‍ പോകുന്നവേളയില്‍ ആരൊടെങ്കിലും ചോദിക്കാം

2. പരമേശ്വരന്‍ പിള്ള വാങ്ങിയശേഷം എത്രതവണയെന്നറിയില്ല, ഞാന്‍ ജനിചശേഷം തന്നെ 3 തവണ മൊത്തത്തിലും രണ്ടു തവണ ഭാഗികമായും കൂ പ ഇടിച്ച്‌ പുതുത്‌ പണിഞ്ഞു.. എനിക്ക്‌ ഒരു ക്യാമറ ഉണ്ടായശേഷമുള്ള രൂപമാണ്‌ ഇത്‌. പഴയ വല്ല വിവാഹ ഫോടോയിലും വീടിന്റെ പഴേ രൂപം ഉണ്ടെങ്കില്‍ ഇടാം

paarppidam said...

ദേവേട്ടാ നന്നായിരിക്കുന്നു ഈ ശ്വാനപുരാണം. ഈ ആശാന്‍ ആളു കൊള്ളാം കെട്ടോ. ഫോട്ടോയും അടിപൊളി. പിന്നേ ഈ കമന്റിനിടയില്‍ നിന്നും ലിങ്കിടുന്ന പരിപാടി ഒന്ന് പറഞ്ഞു തരാമോ?

paarppidam@yahoo.com