Thursday, April 12, 2007

ഹീറോയുടെ പേന 3/3

ഭാ‍ഗം ഒന്ന്
ഭാഗം രണ്ട്

പനി. ശരീരം മുഴുവന്‍ നുറുങ്ങി പോകുന്നതുപോലെ.
"നീ എന്തിനാണു ഭയന്നു വിറയ്ക്കുന്നത്‌, ഞങ്ങള്‍ നിന്നെ കൊല്ലില്ല. കീഴടങ്ങിയവരെ വധിക്കുന്ന നാണം കെട്ട പണി ഞങ്ങള്‍ക്കില്ല."
"ഭയമോ? നിന്നെയോ? " ചിരിക്കാന്‍ ശമിച്ചു.

"ഓഹോ, അപ്പോള്‍ തണുത്തിട്ടാണ്‌ ഈ വിറ, അല്ലേ? നിനക്ക്‌ ഈ തണുപ്പ്‌ പറ്റില്ല, കാരണം ഈ മഞ്ഞെല്ലാം എന്റെ സ്വത്താണ്‌, എന്റെ സ്വന്തം"

ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാന്‍ പരിശീലിച്ചതുപോലെ തടങ്കല്‍പ്പാളയം കാക്കുന്ന ചീനക്കാര്‍ തടവുകാരെ മാനസികമായി തകര്‍ക്കുന്നതിലും പ്രാവീണ്യം നേടിയവര്‍ ആയിരുന്നു. അവര്‍ സംഘടിതമായി, ആസൂത്രിതമായി അന്തേവാസികളുടെ ആത്മാഭിമാനം നശിപ്പിച്ചുകൊണ്ടേയിരുന്നു, എന്നാല്‍ അവരെ ദേഹോപദ്രവം ചെയ്യാന്‍ ശ്രമിച്ചുമില്ല.

"തന്ത്രപരമായും സാമ്പത്തികമായും തയ്യാറെടുക്കാതെ ഒരു യുദ്ധത്തിന്‌ ഇറങ്ങിത്തിരിക്കുന്നത്‌ ആത്മഹത്യാപരമാണെന്ന് ചെയര്‍മാന്‍ മാവോയുടെ റെഡ്‌ ബുക്കിലുണ്ട്‌. നിങ്ങള്‍ അതൊന്നും വായിച്ചിട്ടില്ലേ" എന്നാവും ചിലപ്പോള്‍. പിന്നെ "നിങ്ങള്‍ എത്ര മിടുക്കരായ പോരാളികളാണ്‌, എന്നിട്ടും കൊള്ളരുതാത്ത ഗവര്‍ണ്മെന്റിന്റെ താഴെയായത്‌ എന്തൊരു കഷ്ടം" എന്നാവും പിന്നീട്‌.

"അപ്പൂപ്പനെ അവര്‍ ഒരുപാട്‌ അടിച്ചോ?" ഉമ്മിണിക്ക്‌ കരച്ചില്‍ പൊട്ടാന്‍ തുടങ്ങി.

തന്നെ അവര്‍ തല്ലിയതേയില്ല. യുദ്ധത്തടവുകാരെ പീഡിപ്പിക്കരുതെന്ന്
നിര്‍ദ്ദേശമുണ്ടായിരുന്നുകാണണം, എന്നാല്‍ അത്‌ എല്ലായ്പ്പോഴും പാലിച്ചതുമില്ല.

ഒരു കൈവണ്ടിയില്‍ ചോറും കിഴങ്ങു പുഴുങ്ങിയതുമായി കയറിവന്ന കാവല്‍ക്കാരന്‍ എല്ലാവരേയും ഒന്നു ഉഴിഞ്ഞു നോക്കി.
"നിങ്ങള്‍ മഞ്ഞില്‍പ്പെട്ട് മരിക്കാന്‍ പോകുമ്പോള്‍ ഞാന്‍ രക്ഷിച്ചു. നിങ്ങള്‍ക്കു ദാഹിച്ചപ്പോള്‍ വെള്ളം തരുന്നു. തണുക്കുമ്പോള്‍ തീ തരുന്നു. വിശക്കുമ്പോള്‍ ഭക്ഷണം തരുന്നു. ഞാനാണ്‌ നിങ്ങളുടെ ദൈവം. എല്ലാവരും പറയൂ, ആരാണു ഞാന്‍?"

നീയാരാണെന്നു ഞാന്‍ പറയാം. മഞ്ഞിലൂടെയുള്ള യാത്രയില്‍ രക്തയോട്ടം മുഴുവനായി നിലച്ചുപോയതിനാല്‍ ചീഞ്ഞളിഞ്ഞു തുടങ്ങിയ കാലുകള്‍ നിലത്ത്‌ ആഞ്ഞുറപ്പിച്ച്‌ മാത്തുക്കുട്ടി എഴുന്നേറ്റു.
"നീ ഒരു കുണ്ടന്‍. നിന്റെ അച്ഛന്‍ ഒരു ഷണ്ഡന്‍. നിന്റെ അമ്മയും പെങ്ങളും ഭൂലോക വേശ്യകള്‍. നിന്റെ സഹോദരന്‍ കൂട്ടിക്കൊടുപ്പുകാരന്‍."

ഓക്കുമരത്തിന്റെ കാതല്‍ കൊണ്ടു തീര്‍ത്ത റൈഫിള്‍ സ്റ്റോക്ക്‌ മുഖത്താഞ്ഞു പതിച്ചപ്പോള്‍ ഒരു കവിള്‍ ചോരയ്ക്കൊപ്പം മാത്തുക്കുട്ടിയുടെ പല്ലുകളും തെറിച്ചു വീണു.

മിസ്സിംഗ്‌ ഇന്‍ ആക്ഷന്‍. യുദ്ധഭൂവില്‍ നിന്നും കാണാതായി, എന്നാല്‍ മൃതദേഹം കണ്ടെടുക്കപ്പെട്ടിട്ടില്ല, ശത്രുപക്ഷം തടവുകാരാക്കിയവരുടെ പട്ടികയിലും പേരു വന്നിട്ടില്ല. കമ്പി കൈപ്പറ്റിയ ദിനം മുതല്‍ അവരുടെ ആയുസ്സിന്റെ അവസാനം വരെ പീരുമേട്ടിലെ ഒരു വൃദ്ധ ദമ്പതികള്‍ മാത്തുക്കുട്ടിയുടെ വരവിനായി എന്നും പ്രാര്‍ത്ഥിച്ചു. പിന്നെ അയാളെ ആരും ഓര്‍ക്കാതെയായി. അമര്‍ ജവാന്‍ ദീപത്തിനു പോലും ഭാഗാവകാശമില്ലാത്ത മിസ്സിംഗ്‌ മെന്‍ ലിസ്റ്റിലെ വെറുമൊരു പേര്‍-മാത്തുക്കുട്ടി.

വെടി നിര്‍ത്തല്‍ നാളെ പ്രഖ്യാപിക്കും എന്നുകാണിച്ച്‌ ചൈന അയച്ച സന്ദേശം തന്റെ ഓഫീസിലെത്തിയത്‌ അറിയാതെ പണ്ഡിറ്റ്ജി ഇന്ത്യയുടെ സുരക്ഷ അപകടത്തിലാണെന്നും ബംഗാള്‍ ഉള്‍ക്കടലിലേക്ക്‌ ഒരു വിമാനവാഹിനിക്കപ്പല്‍ അയച്ച്‌ സഹായിക്കണമെന്നും അമേരിക്കക്ക്‌ സന്ദേശമെഴുതി. അടുത്ത ദിവസം നേരത്തേ അറിയച്ചതുപോലെ തന്നെ തങ്ങള്‍ ഏകപക്ഷീയമായി വെടി നിറുത്തുന്നെന്നും കീഴടക്കിയ മേഖലകളില്‍ എഴുപതു ശതമാനം നിരുപാധികമായി ഇന്ത്യക്ക്‌ തിരിച്ചു നല്‍കുന്നെന്നും പ്രഖ്യാപിച്ച്‌ ചൌ എന്‍ ലായ്‌ യുദ്ധത്തിലെ നേട്ടത്തിനും മേലേ അന്താരാഷ്ട്ര പ്രതിഛായ ഉയര്‍ത്തുന്നതിലും വിജയം നേടി. എന്നാല്‍ ഇന്ത്യക്കു കൈവിട്ടുപോയ മുപ്പതു ശതമാനം സ്വിറ്റ്‌സര്‍ലന്‍ഡിനോളം വലിപ്പവും ഭംഗിയുമുള്ള ഒരു ഭൂപ്രദേശമായിരുന്നു.

എന്നാല്‍ യുദ്ധത്തടവുകാര്‍ ഇതൊന്നുമറിഞ്ഞില്ല. പക്ഷേ തങ്ങളോടുള്ള സമീപനം പെട്ടെന്നു മൃദുവായതില്‍ നിന്നും യുദ്ധം അവസാനിച്ചെന്ന് അവരൂഹിച്ചു. മാസങ്ങള്‍ കടന്നുപോകും തോറും ക്യാമ്പിലെ തടവുകാരും കാവല്‍ക്കാരും സൌഹൃദമെന്നു തന്നെ പറയാവുന്ന ഒരു ബന്ധത്തിലേക്ക്‌ കൂടുതല്‍ നീങ്ങി.

ചൈനീസ്‌ റെഡ്‌ ക്രോസ്‌ ആദ്യമായി ക്യാമ്പിലെത്തി സുഖവിവരങ്ങള്‍ തിരക്കിയ ദിവസം രാത്രി ഒരു പാറാവുകാരന്‍ അടുത്തു വന്നിരുന്നു.
"എന്താണു നിന്റെ പേര്‍?"
"നാണപ്പന്‍"
"ഞാന്‍ ചാങ്ങ്‌. എന്റെ നാടിനു മകൌ എന്നു പറയും"
"എന്റെ നാടിനു കേരളം എന്നും."
"എനിക്കു ഭാര്യയും ഒരു മകളും ഉണ്ട്‌"
"എനിക്ക്‌ രണ്ട്‌ ആണ്‍കുട്ടികള്‍, പത്തും എട്ടും വയസ്സ്‌"
കുറേ നേരം അവര്‍ സംസാരിച്ചില്ല. പിന്നെ ചാങ്ങ്‌ ശബ്ദം താഴ്ത്തി പറഞ്ഞു.
"നാളെ നിങ്ങളെയെല്ലാം അതിര്‍ത്തി കടത്തി ഇന്ത്യക്കു കൈമാറുകയാണ്‌"
നിലത്തേക്ക്‌ തല കുനിച്ച്‌ ഇരിക്കുന്ന അവന്റെ കൈ പിടിച്ച്‌ കണ്ണുകളിലേക്ക്‌ നോക്കി.
"എനിക്കു നിന്നോട്‌ ഒരു ദേഷ്യവുമില്ല ചാങ്ങ്‌. നീ നിന്റെ ജോലി ചെയ്തു. ഞാനും അതു തന്നെ ചെയ്തു."

അടുത്ത ദിവസം രാവിലെ റെഡ്‌ ക്രോസ്‌ എല്ലാവരോടും സന്തോഷവാര്‍ത്ത അറിയിച്ചു.

ചാങ്ങ്‌ ഒരു തുണിക്കെട്ട്‌ തന്നു. അവന്‍ ഉപയോഗിച്ചിരുന്നതാണ്‌, എങ്കിലും വിലകൂടിയ ഒരു കമ്പിളിപ്പുതപ്പ്‌. പിന്നെ ഒരു തൂവാലപ്പൊതിയില്‍ വഴിയാത്രയില്‍ കഴിക്കാന്‍ ചോറും കിഴങ്ങും ഒരു മുഴുവന്‍ കോഴി വറുത്തതും. ഒരുപക്ഷേ ക്യാമ്പ്‌ ഡ്യൂട്ടി കഴിഞ്ഞതിനു അവനു കിട്ടിയ വിരുന്നായിരിക്കണം പൊതിഞ്ഞെടുത്തു തന്നത്‌. നന്ദി പറഞ്ഞു നടക്കാന്‍ തുടങ്ങുമ്പൊള്‍ ചാങ്ങ്‌ ഒപ്പം നടന്നുകൊണ്ട്‌ രഹസ്യമായി രണ്ടു പേനകള്‍ ഉടുപ്പില്‍ കുത്തിത്തന്നു "ഇതു നിന്റെ മക്കള്‍ക്ക്‌ ഹീറോയുടെ പേന"

റെഡ്‌ ക്രോസ്‌ വാനുകള്‍ പുതിയ അതിര്‍ത്തിയായ ലൈന്‍ ഓഫ്‌ ആക്ച്വല്‍ കണ്ട്രോളില്‍ എത്തിയപ്പോള്‍ ചൈനീസ്‌ പട്ടാളം തടവുകാരെ ഇന്ത്യന്‍ പട്ടാളത്തെ ഏല്‍പ്പിച്ചു പരസ്പരം അഭിവാദ്യം ചെയ്ത്‌ പിരിഞ്ഞു. ആചാരവെടികള്‍ മുഴങ്ങിയില്ല, പതാകകള്‍ പുളഞ്ഞില്ല. തോറ്റവര്‍, പിടിക്കപ്പെട്ടവര്‍, ശത്രുവിന്റെ കൂടെ അജ്ഞാതവാസം കഴിഞ്ഞു വന്നവര്‍.

"നീയൊന്നും കൂറുമാറി ചാരന്മാരായിട്ടല്ലല്ലോ വരവ്‌?" എന്ന പുച്ഛം നിറഞ്ഞ ചോദ്യമെറിഞ്ഞ്‌ ഒരോഫീസര്‍ അവരെ സ്വീകരിച്ചു. രണ്ടു പേര്‍ പിടിച്ചു മാറ്റി നിര്‍ത്തി ശരീരമാകെ തപ്പി നോക്കി.
"ആഹാ ഇവന്‍ ചൈനയില്‍ നിന്നും നമുക്ക്‌ സമ്മാനം കൊണ്ടുവന്നിട്ടുണ്ട്‌" പരിഹാസച്ചിരിയോടെ ഒരുത്തന്‍ കമ്പിളി പിടിച്ചു വാങ്ങി മേശമേല്‍ വച്ചുകൊണ്ടു പറഞ്ഞു.
"പിന്നങ്ങനെയല്ലാതെ, ദൂരയാത്ര കഴിഞ്ഞു വരികയല്ലേ, എന്തെങ്കിലും വാങ്ങി വരാതെയിരിക്കുമോ." രണ്ടാമന്‍ പേനകള്‍ ഊരിയെടുത്ത്‌ അതിലൊന്ന് ഒന്നാമനു ദാനം ചെയ്തു.

ഇതും നിങ്ങള്‍ എടുത്തോളൂ. കോഴി വറുത്തതും ചോറും അവര്‍ക്കു നീട്ടി.

"പുതപ്പ്‌ അവരെടുത്തോട്ടെ, അവിടെ തണുപ്പല്ലേ. പക്ഷേ പേനകള്‍ അപ്പൂപ്പന്‍ ഹീറോ ആയതുകൊണ്ട്‌ ചൈനീസ്‌ ആര്‍മി കൊടുത്തതല്ലേ, ഹൌ കാന്‍ ദേ സ്റ്റീല്‍ ഇറ്റ്‌?" കൊച്ചുപൊടിയനു അരിശം കയറി.

"എടാ, ഹീറോയുടെ പേനയെന്നുവച്ചാല്‍ ഒരു ബ്രാന്‍ഡ്‌ ആണ്‌, പാര്‍ക്കറിന്റെ പെന്‍ എന്നു പറയുമ്പോലെ, അല്ലാതെ അപ്പൂപ്പന്‍ ഹീറോ ആയതുകൊണ്ട്‌ കിട്ടിയ ട്രോഫി എന്നല്ല." ചേട്ടന്‍ അനുജനെ തിരുത്തി.

"എന്നാലും അതെന്തിനാ എടുത്തേ അവര്‍. അതപ്പൂപ്പന്റെ മക്കള്‍ക്കുള്ളതല്ലേ." ഉമ്മിണിമോള്‍ക്ക്‌ വീണ്ടും കരച്ചില്‍ വന്നു.

ഗര്‍ഭപാത്രം ശക്തിയായി സങ്കോചിച്ചപ്പോള്‍ കൊക്കിണി ഞരക്കം പോലെ ഒരു ശബ്ദമുണ്ടാക്കി. എന്നിട്ട്‌ അക്ഷമയായി കുളമ്പ്‌ നിലത്തിട്ടടിച്ചു.
"മക്കള്‍ ഇനി ഇവിടെ നിന്നുകൂടാ, വേഗം വീട്ടില്‍ പോയിക്കോളൂ" നാണൂച്ചാര്‍ കസേരയില്‍ നിന്നെഴുന്നേറ്റ്‌ ഒരു ബീഡി കൂടി കൊളുത്തി.

Tuesday, April 10, 2007

ഹീറോയുടെ പേന 2/3

ചെഡോങ്ങില്‍ സ്വന്തം ചെക്ക്‌ പോസ്റ്റിലേക്ക്‌ പോയ അസ്സാം റൈഫിളിന്റെ പീരങ്കിപ്പട ക്യാപ്റ്റന്‍ രവി ഐപ്പ്‌ വെടിയേറ്റു തെറിച്ചു വീഴുന്നത്‌ കണ്ട്‌ തരിച്ചു പോയി. ഫോര്‍വേഡ്‌ ചെക്ക്‌ പോസ്റ്റുകള്‍ മിക്കതും ചീനക്കാര്‍ പിടിച്ചടക്കിയത്‌ അസ്സാം റൈഫിളുകള്‍ പോലും അറിഞ്ഞിരുന്നില്ല. പീരങ്കികളും യന്ത്രത്തോക്കുകളും നിറച്ച വാഹനങ്ങളുമായി മേഖലയാകെ കയ്യേറിയ ചൈനീസ്‌ പട്ടാളത്തിനു മുന്നില്‍ എണ്ണത്തില്‍ പോലും പിടിച്ചു നില്‍ക്കാന്‍ തണുപ്പും പട്ടിണിയും കൊണ്ട്‌ വലയുന്ന ഇന്ത്യന്‍ കാലാളുകള്‍ക്ക്‌ കഴിയുമായിരുന്നില്ല.ബര്‍മ്മയെന്ന സ്വപ്നമുപേക്ഷിച്ച്‌ അവശേഷിച്ച സിഖുകാരും ഗ്രനേഡിയറുകളും പാതകള്‍ വിട്ട്‌ വെറും മഞ്ഞിലൂടെ ഭൂട്ടാനിലേക്ക്‌ നടന്നു നീങ്ങി.

പലായനം ചെയ്യുന്നവര്‍ ബാക്കിയെല്ലായിടങ്ങളിലും തങ്ങള്‍ വിജയിക്കുകയാണെന്ന് വെറുതേ വിശ്വസിച്ചു. സത്യത്തില്‍ ചുഷൂലില്‍ ചൈനക്കു കനത്ത നാശനഷ്ടമുണ്ടാക്കിയ കുമയൂണുകളും മഹറുകളുമൊഴികെ എല്ലാവരും മരിച്ചു വീഴുകയോ മുറിവേറ്റും അല്ലാതെയും പിടിക്കപ്പെടുകയോ പിന്നാക്കം പായുകയോ ആയിരുന്നു. കീഴടങ്ങാന്‍ കൂട്ടാക്കാതെ പഞ്ചാബികളും രജപുത്രരും മദ്രാസികളും ദോഗ്രകളുമൊക്കെ "അവസാന ബുള്ളറ്റ്‌ വരെ, അവസാന ശ്വാസം വരെ" എന്നലറി പിടഞ്ഞു വീണു.

മഞ്ഞ്‌, വെറും മഞ്ഞ്‌. വഴിയിലൊരു പഴത്തിനോ കിഴങ്ങിനോ മാനത്തു നിന്നും വന്നു വീഴുന്നൊരു പൊതിക്കോ ഒക്കെ ആയിരുന്നു ആദ്യം ആഗ്രഹം. പിന്നെയത്‌ ഒരിലയനക്കം കാണാനായി. ഒരു മനുഷ്യജീവി- ശത്രുവായാല്‍ പോലും മുന്നില്‍ വരാന്‍ കൊതിച്ച്‌ രാത്രിയും പകലും ഇരുട്ടിന്റെ വത്യാസം കൊണ്ടു പോലും തിരിച്ചറിയാനാവാത്ത മലമടക്കുകളിയൂടെ ഗ്രനേഡുകളില്ലാത്ത ഗ്രനേഡിയറുകളും ബയണറ്റര്‍ മാത്രമായ റൈഫിളുകാരും ഉണ്ട തീര്‍ന്ന പീരങ്കികള്‍ വഴിയിലുപേക്ഷിച്ച കാലാള്‍പ്പടയും സംഘം ചേര്‍ന്നു നടന്നു. തണുപ്പും വിശപ്പും ദാഹവും മൂലം മരിച്ചു വീണവരെ തിരിഞ്ഞു നോക്കാതെ. ഒരാഴ്ച്ചകൊണ്ട്‌ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയിട്ടും എന്തിനെന്നറിയാതെ, എന്തിലേക്കെന്നറിയാതെ അവര്‍ നടന്നും ഇഴഞ്ഞും നിരങ്ങിയും പോയിക്കൊണ്ടേയിരുന്നു.

ശത്രുതയും സ്നേഹവും വിജയവും പരാജവും ജീവിതവും മരണവും ശരിയും തെറ്റും ധൈര്യവും ഭയവുമൊക്കെ തമ്മില്‍ ഒരു ഭേദവുമില്ലാത്ത അസംബന്ധങ്ങളായി തോന്നി അവര്‍ക്ക്‌. എന്നിട്ടും ദൂരെ കുന്നിന്‍ പുറത്ത്‌ പ്രത്യക്ഷപ്പെട്ട കാക്കി വേഷക്കാരെ കണ്ടപ്പോള്‍ യാന്ത്രികമായി നാണുവും ബയണറ്റ്‌ നീട്ടി മുന്നോട്ടു കുതിച്ചു. ഓടിയടുത്തെന്നാണു കരുതിയത്‌, എന്നാല്‍ വെറുതേ കുറച്ചടികള്‍ നടന്നു കുഴഞ്ഞു വീഴുകയായിരുന്നു.

മിറ്റ്‌സുബിഷി പിക്കപ്പിന്റെ ലോഹ പ്ലാറ്റ്ഫോമില്‍ കഴിയുന്നിടത്തോളം ദേഹം അമര്‍ത്തിപ്പിടിച്ചു കമിഴ്ന്നു കിടന്നു. ചൂട്‌. സ്വര്‍ണ്ണത്തെക്കാള്‍, സ്വര്‍ഗ്ഗത്തെക്കാള്‍, വിജയത്തെക്കാള്‍ വിലയുള്ള ചൂട്‌. അത്‌ നെഞ്ചിന്‍ കൂടിലേക്ക്‌ അരിച്ചു കയറിയപ്പോള്‍ ശാസ്വകോശത്തിന്റെ അറകളിലുറഞ്ഞ പഴുപ്പ്‌ ഉരുകി മൂക്കിലൂടെയും വായിലൂടെയും തറയിലേക്കൊഴുകിപ്പോയി. ഒരു വീര്‍പ്പ്‌ ശ്വാസം നിറച്ച പ്രാണവായുവുമായി രക്തം സിരകളിലേക്ക്‌ ഇരച്ചു പാഞ്ഞു. മതി. ഇനിയൊന്നും വേണമെന്നില്ല.

അടിവാരവുമിറങ്ങി കാതങ്ങളോളം പിന്നിട്ടുകഴിഞ്ഞശേഷം തടവുകാരുടെ കൈകള്‍ നൂല്‍ക്കമ്പികള്‍ പിരിച്ച്‌ കൂട്ടിക്കെട്ടി. പിന്നെ കുടിക്കാന്‍ വെള്ളവും അവര്‍ക്കു നല്‍കി. കമ്പിമുള്ളുകൊണ്ട്‌ വേലികെട്ടിയ യന്ത്രത്തോക്കുകള്‍ സ്ഥാപിച്ച കാവല്‍മാടങ്ങളുള്ള തടങ്കല്‍ പാളയത്തില്‍ വടിവൊത്ത ഹിന്ദി സംസാരിക്കുന്നൊരു ചീനപ്പട്ടാളക്കാരന്‍ അവര്‍ക്ക്‌ സ്വാഗതമരുളി
"ആയുധവും ആരോഗ്യവും അത്മവീര്യവുമില്ലാത്ത കൊള്ളരുതാത്തവരേ, ഇന്ത്യക്കാരേ, നിങ്ങള്‍ക്ക്‌ സ്വാഗതം. ആയുസ്സിന്റെ ശിഷ്ടകാലം കോമാളികളായി ഞങ്ങളെ രസിപ്പിച്ച്‌ ഇവിടെ ജീവിക്കുക നിങ്ങള്‍."

അവന്റെ മുഖത്തു തുപ്പാനാഗ്രഹിച്ചു. പക്ഷേ അനങ്ങിയതുപോലുമില്ല. ആയുധവും ആരോഗ്യവുമില്ലാത്ത യുദ്ധത്തടവുകാരുടെ ആത്മവീര്യം പണ്ടേ കെട്ടടങ്ങിയിരുന്നു. ഖത്വാളിനോടും മല്‍ക്കിയത്‌ സിംഗിനോടും റാവുവിനോടും അസൂയ തോന്നി. പിന്നെ ഗ്രനേഡിയറുകളുടെ പോര്‍വിളി മെല്ലെ ഉരുവിട്ടു "സര്‍വ്വദാ ശക്തിശാലി"

Sunday, April 08, 2007

ഹീറോയുടെ പേന 1/3

നാണൂച്ചാര്‌ വീട്ടില്‍ നിന്നും എരുത്തിലിലേക്ക്‌ ഒരു വയര്‍ വലിച്ച്‌ ഹോള്‍ഡറിട്ട്‌ ബള്‍ബ്‌ തൂക്കി. പഴയ തുണികള്‍ ശേഖരിച്ച്‌ വച്ചു. ചാണകം പറ്റിപ്പിടിച്ച തറയിലെ കല്ലുകള്‍ക്കു മീതേ വെള്ളമൊഴിച്ച്‌ കഴുകിയിട്ടു. കൊക്കിണിയുടെ പ്രസൂതീഗേഹം സജ്ജമായി. കൂമന്‍പള്ളിയില്‍ ഒരു പശുവിനു പ്രസവം ഇന്നു രാത്രി തന്നെയുണ്ടാവുമെന്ന് അറിയിച്ച് ആളയച്ചു വിളിപ്പിച്ചപ്പോള്‍ തന്നെ ഒരു കുപ്പി എള്ളെണ്ണയും വാങ്ങി മാങ്കൊമ്പും ഒടിച്ചു കൊണ്ടു വന്നു. പഴമ്പായ വേണ്ട. പശുവിന്‍ മാച്ച്‌ പാലമരക്കൊമ്പില്‍ തൂക്കുന്നത്‌ ഒരന്ധവിശ്വാസമാണെന്നും അത്‌ മണ്ണില്‍ കുഴിച്ചിടുകയാണു ശുചിത്വബോധമുള്ളവര്‍ ചെയ്യേണ്ടതെന്നും ഈ വീട്ടുകാര്‍ പറയുന്നു. ഓരോരുത്തര്‍ക്ക്‌ ഓരോ വിശ്വാസം. കൊക്കിണി നിന്നുറങ്ങുന്നു. നാണൂച്ചാര്‍ ഒരു ഇരുമ്പു കസേര കൊണ്ടിട്ട്‌ ഇരുന്ന് ഒരു ബീഡി കൊളുത്തി.

"അപ്പൂപ്പാ, അപ്പൂപ്പന്‍ കഥ പറഞ്ഞു തരുമ്ന്ന് പറഞ്ഞല്ലോ." മൂന്നു കുട്ടികള്‍ ഓടിവന്ന് ചുറ്റും കൂടി.
"മക്കളേതാ?"
"ബാംഗ്ലൂരിലെയാ. ഞാന്‍ പൊടിയന്‍, ഇവന്‍ കൊച്ചുപൊടിയന്‍, ഇവള്‍ ഉമ്മിണി" പത്തുവയസ്സുകാരന്‍ ഏട്ടുഴുവയസ്സുകാരനെയും ആറുവയസ്സുകാരിയേയും പരിചയപ്പെടുത്തുന്ന ജോലി കൂടി ഏറ്റെടുത്ത്‌ ചേട്ടന്‍ ചമഞ്ഞു.
"എന്നാ വന്നേ?"
"ഒരാഴ്ച്ചയായി."
"ഏതു കഥയാ മക്കള്‍ക്ക്‌ കേള്‍ക്കണ്ടേ? പഞ്ചതന്ത്രം വേണോ സിന്ധുബാദ്‌ കപ്പലോടിച്ച കഥ‍ വേണോ?"

"അതൊന്നും വേണ്ട, അപ്പൂപ്പന്‍ യുദ്ധം ചെയ്ത കഥയാ നല്ലതെന്ന് പറഞ്ഞു പയ്യന്‍ അണ്ണന്‍."

യുദ്ധത്തിന്റെ കഥ എവിടെ തുടങ്ങുന്നു? ഭാര്യയേയും കുട്ടികളേയും വീട്ടിലാക്കി എങ്ങോട്ടെന്നില്ലാതെ പുറപ്പെടുമ്പോള്‍ ഒരു ജോലി തരമാക്കണമെന്നു മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു. യാത്ര ചെയ്യും തോറും കൌതുകം കൂടി വന്നു. പുതിയ പട്ടണങ്ങള്‍, ഭാഷകള്‍, ആളുകള്‍, കാഴ്ച്ചകള്‍. അംബാലയില്‍ എത്തിപ്പെടും വരെ. കൂലിപ്പട്ടാളം എന്നതിലെ കൂലി എന്ന വാക്ക്‌ വല്ലാത്തൊരാകര്‍ഷണമായി.

"അപ്പൂപ്പാ, ഇന്ത്യ നല്ലതല്ലേ?"
സംശയമെന്താ മോനേ. നാണൂച്ചാര്‍ ചിരിച്ചു പോയി.
"പിന്നെ ആരാ ഇന്ത്യയോട്‌ യുദ്ധം ചെയ്തത്‌? പാകിസ്ഥാനാണോ?"

മക്മഹോന്‍ രേഖ ചൈന അംഗീകരിക്കുന്നില്ല, എങ്കിലും മാനിക്കുന്നുന്നെന്നും എന്നാല്‍ അതു കടന്നും കയറിവന്ന് ഇന്ത്യ ചൈനയുടെ മണ്ണില്‍ ചെക്ക്‌ പോസ്റ്റുകള്‍ സ്ഥാപിക്കുന്നത്‌ കണ്ട്‌ കയ്യും കെട്ടി നില്‍ക്കില്ലെന്നും ചൌവ്വന്‍ ലായി. ബാര്‍ബര്‍ ബാലന്‍ പത്രമെടുത്ത്‌ ദൂരെയെറിഞ്ഞു. "ജവഹരിലാല്‍ പറയുന്നത്‌ നുണയാണെന്ന് നമ്മള്‍ വിശ്വസിക്കുമെന്നാ ഈ കമ്യൂണിസ്റ്റുകളുടെ വിചാരം!"

"അപ്പൂപ്പാ, എത്ര വിമാനമുണ്ടായിരുന്നു നിങ്ങള്‍ക്ക്‌?"

സിയാച്ചിനില്‍ കോവര്‍ കഴുതകളും പട്ടാളക്കാരും ചുമട്ടുകാരുമെല്ലാം ഭാരം ചുമന്ന് മലകയറി. കൊടും തണുപ്പില്‍ കയ്യിലുള്ള പുതപ്പുകള്‍ മൂന്നും നാലും ചേര്‍ന്ന് പുതച്ചു. അതും തികയാതെ വന്നപ്പോള്‍ കഴുതകളെ കെട്ടിപ്പിടിച്ചു നടന്നു.
വഴിവക്കില്‍ ഒരിലപോലും വിശക്കുമ്പോള്‍ തിന്നാനില്ലാതെ.

കാര്‍പോ ല പാത ശത്രുക്കള്‍ പിടിച്ചെടുത്തിരിക്കുകയാണ്‌ . അസംഖ്യം ചൈനക്കാര്‍ യന്ത്രത്തോക്കുള്‍ നാട്ടിയ കാവല്‍പ്പുരകളും ബങ്കറുമായി അതു കാക്കുന്നു. തല്‍ക്കാലത്തേക്കെങ്കിലും മടങ്ങിപ്പോകണം.

തോറ്റോടുകയോ? ബഹദൂര്‍ ഖത്വാള്‍ നിന്ന് ജ്വലിച്ചു. ഗൂര്‍ഖയുടെ പട്ടി പോലും പിന്നോട്ടൊരടി നടന്നിട്ടില്ല. ചുരത്തിനു താഴെ അനന്തമായി നീളുന്ന നീല നിറമുള്ള മഞ്ഞിലേക്ക്‌ ഖത്വാള്‍ തോക്കു നീട്ടി. അമ്മേ, നിന്റെ മാറില്‍ കൈ വച്ചവന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഗൂര്‍ഖകള്‍ക്ക്‌ പിന്‍ തിരിയാനാവില്ല. വീരസ്വര്‍ഗ്ഗം ഞങ്ങള്‍ക്കു വേണ്ട, ഇനിയൊരു ജന്മം കൂടി തന്നാല്‍ മതി, നിനക്കു വേണ്ടി ഒരിക്കല്‍ കൂടി മരിക്കാന്‍. "ആയോ.. ഗൂര്‍ഖാലീ.." ശ്രോതാവിന്റെ രക്തം വെള്ളമാക്കുന്ന ഗൂര്‍ഖാ പോര്‍വിളി മുഴങ്ങി. ഇതാവരുന്നു ഗൂര്‍ഖകള്‍, പിന്നോട്ടൊരടി നടക്കാന്‍ മനസ്സില്ലാത്തവര്‍. യന്ത്രത്തോക്കുകളുടെ ഇടമുറിയാത്ത ഗര്‍ജ്ജനത്തിനുള്ളില്‍ വേര്‍തിരിഞ്ഞു കേട്ട എന്‍ഫീല്‍ഡ് റൈഫിളൊച്ചകള്‍ കുറഞ്ഞു കുറഞ്ഞ്‌ ഒടുക്കം തീരെയില്ലാതെയാകുമ്പോഴും ഒറ്റ ഗൂര്‍ഖയും പിന്നോട്ടൊരടി നടന്നില്ല. ഒരാര്‍ത്തനാദവും ഉയര്‍ത്തിയുമില്ല. അവസാനത്തെ ശത്രുവും മാംസത്തുണ്ടുകളായി ചിതറി വീണിട്ടും ചീനക്കാര്‍ വിജയാരവം മുഴക്കിയില്ല. ആഹ്ലാദിക്കാനൊന്നുമില്ലായിരുന്നു. വിജയിച്ചെന്നു തന്നെ അവര്‍ക്ക് തോന്നിയില്ല.

പിന്‍ തിരിഞ്ഞവരും മടങ്ങുകയല്ലായിരുന്നു. വാഹനങ്ങളെത്താത്ത പാതകളിലൂടെ അവര്‍ ബര്‍മ്മാ അതിര്‍ത്തിയിലേക്ക് പോയി.