ഈ സാറിന്റെ മുടിഞ്ഞ പേര് ഞാനെപ്പോഴും മറന്നുപോകുന്നല്ലോ. എന്തുവാടേയത്?"
വെട്ടിയും തിരുത്തിയും ഒരു കമ്പനിയുടെ ആസ്തിബാദ്ധ്യതകളെ കൂട്ടി മുട്ടിച്ചുകൊണ്ട് ഷീബ ചോദിച്ചു. എഴുതിക്കുത്തിയ കുന്തം കൊണ്ടു കൊടുക്കാന്‍ ഓഫീസില്‍ ചെല്ലുമ്പോ പ്രിന്‍സിപ്പലിനോട് തന്നെപ്പഠിപ്പിക്കുന്ന പേരോര്‍മ്മയില്ലാത്ത സാറിനെക്കാണണമെന്ന് പറയാന്‍ പറ്റുമോ?അവളെയല്ല, മലയാളം അറിയാതെയെങ്ങാന്‍ പറഞ്ഞുപോയാല്‍ കുട്ടികളെ ശൂലത്തില്‍ കയറ്റുന്ന ഇക്കാലത്ത് ട്യൂട്ടോറിയല്‍ വാദ്ധ്യാരായി ജോലി നോക്കാന്‍ അവതരിച്ച സ്വജനു പുരന്ദരന്‍ എന്നു പേരിട്ട അച്ഛനെയാണ് പറയേണ്ടത്. അങ്ങേരെയും പറയേണ്ടതുണ്ടോ? 20 വര്‍ഷം പ്രാര്‍ത്ഥിച്ച് കിട്ടിയ ഉരുപ്പടിക്ക് താനെന്നും വിളിക്കുന്ന രണ്ടുമൂന്നു ദൈവങ്ങളുടെ പൊതുവായൊരു പേരിടണമെന്നാഗ്രഹിച്ചത് തെറ്റാണോ?
അവളുണ്ടാക്കിയ കണക്കു പകര്‍ത്തിയെഴുതിക്കൊണ്ടിരുന്ന ശ്രീകുമാര്‍ സാറിന്റെ പേരു പറഞ്ഞുകൊടുത്തു. ഷീബയത് രണ്ടുമൂന്നു തവണ ഉറക്കെയുരുവിട്ട് കാണാപ്പാഠം പഠിച്ചു. ഇതു കേട്ട റസ്റ്റ് ഓഫ് ദീ ക്ലാസ്സില്‍ മിക്കവരും ഞെട്ടി ,ഞെട്ടാത്തവന്‍ തൊട്ടി:- അവനും മനസ്സിലായില്ലല്ലോ ശ്രീകുമാരന്‍ കുത്തിയ വാരിക്കുഴി.
സ്വതേ പരുങ്ങല്റാണിയായ അവള് ഉത്തരമെഴുതിയ ബുക്കുമായി മീന്‍ വെട്ടുന്നയിടത്ത് പൂച്ചവരുമ്പോലെ പമ്മി പമ്മി സ്റ്റാഫ് ഷെഡ്ഡിലെത്തി. പാരലല്‍ കോളേജ് പ്രിന്‍സിപ്പലായിപ്പോയെങ്കിലും ഉത്തരാധുനിക സാഹിത്യമെഴുത്തിലെ എണ്ണം പറഞ്ഞ കിടമത്സരക്കാരനെന്ന ഉയരത്തിലേക്ക് പറന്നു കയറാനുള്ള പരിശ്രമത്തില്‍ വാക്കിലും നോക്കിലുമെല്ലാം വേദനയും പുശ്ചവും നിരാശയും നീരസവുമെല്ലാം തേകിനിറക്കല്‍ ജീവിതചര്യയാക്കിയ ശ്രീമന്‍ കാജാബീഡി വലിച്ചുവലിച്ച് ബാസ്സ് കൂട്ടിയെടുത്ത ശബ്ദം സ്ലോമോഷനില്‍ പുറത്തേക്കുവിട്ട് "എന്താ" എന്നു തിരക്കി
"ഭഗന്ദരന്‍ സാറിനെക്കാണാന്‍ വന്നതാണ് . ബുക്കു കാണിക്കാന്‍"
മീശമുളച്ചകാലം മുതല്‍ പ്രിന്സ്ജി നോമ്പുനോറ്റ് ആധുനികവല്‍ക്കരിച്ച മുഖഭാവം ഊരി താഴെ വീണു പൊട്ടിപ്പോയി.
"എന്തു കാണാനെന്ന്?"
" ഭഗന്ദരന്‍ സാറിനെ .."
പ്രിന്‍സേട്ടന്‍ അലറിച്ചിരിച്ചെഴുന്നേറ്റു
"തന്റെ ഭഗന്ദരം എന്തിനാ സാറിനെ കാണിക്കുന്നത് ഷീബേ, ഒരു ഡോക്റ്ററെ കൊണ്ട് കാണിക്ക്"
ഭഗന്ദരദര്‍ശനം നല്കിയ ബോധോദയത്തില്‍ എഴുത്തും താടിയും കുടിയുമുപേക്ഷിച്ചയദ്ദേഹമിന്ന് ഓലക്കോളേജും വിട്ട് വലിയ ഉദ്യോഗസ്ഥനായി അന്തസ്സായി മൂന്നു പിള്ളേരുടെ അച്ഛനായി ജീവിക്കുന്നു.
ഒരു ആധുനികബാധയില്‍ നിന്നും മലയാള സാഹിത്യത്തെ രക്ഷിച്ച, അതോടൊപ്പം ഒരു താടിയറ്റാക്കില്‍നിന്നും പാവം പ്രിന്‍സിപ്പലിനെയും രക്ഷിച്ച ശ്രീകുമാറും പുരന്ദരന്‍ സാറും ഷീബയും തങ്ങളില്‍ത്തങ്ങളില്‍
ആലുവാ മണപ്പുറത്തു വച്ചു കണ്ട ഒരു പരിചയം ഉണ്ടായിരുന്നത് അന്നത്തോടെ മറന്നുപോയി.
Thursday, March 09, 2006
Subscribe to:
Post Comments (Atom)
40 comments:
ദേവാ..
ഒരര മണിക്കൂറോളം ചിരിക്കേണ്ടി വന്നു ഇതു വായിച്ചിട്ട്..
ഉഗ്രന്‍.!
ഹയ്യോ..!!
:-)) കൊള്ളാം!, ദേവ്ജീ..
എന്റമ്മോ, കൊല്ലുന്നേ!! ദേ കിടക്കുന്നു അടുത്ത കൊലപാതകം!! എല്ലാരും കൂടി എന്നെ ഓഫീസിലിരുത്തി ഉറക്കുമല്ലോ ഭഗവാനേ...
ഒരു പേരിലെന്തിരിക്കുന്നു എന്നു പറഞ്ഞവനെ കണ്ടിരുന്നേൽ.....!
അപ്പടിയാ? :)
‘സാഹിത്യമോഷണം‘ എന്ന തല എന്താന്നാലോചിച്ചു വഷളായി.
അത് ഉമേഷിന്റെ ഒരു കമന്റീന്ന് വന്നതാണോ?
മലയാളസാഹിതിക്ക് ഒരു താടിക്കാരന്റെ ബലാല്‍ക്കാരത്തില്‍ നിന്നു മോക്ഷം കൊടുത്ത കഥയാണല്ലോ അനിലേ, അതാ മോക്ഷണമെന്നാക്കിയത് - സാഹിത്യ വിമോചനമെന്നായാലും മതിയായിരുന്നു ഒരു റൈമിങ് വേണമല്ലോ (റൈമിങ്ങ് റ്റൈറ്റില്‍ പ്രയോഗത്തിനു ക്രെഡിറ്റ് പെരിങ്ങോടന്)
ഇതും നന്നായിട്ടുണ്ട്.
മാഷേ ഒരു സംശയം. 'സ്വജനു പുരന്ദരന്‍' ഇങ്ങനൊരു പേര് ശരിക്കും ആര്‍ക്കെങ്കിലുമുണ്ടോ.
പെറ്റിക്കേസ് ചാര്‍ജ്ജ് ചെയ്യാന്‍ നേരത്ത് വയില്കൊള്ളാത്ത പേര് കേട്ടപ്പോഴുള്ള പോലീസിന്റെ മറുപടിയാണ് ഓര്‍മ്മ വരുന്നത്.
"പിന്നെ, കോപ്പ. ബാബൂന്ന് എഴുതും"
ശരിക്കും നടന്ന കാര്യങ്ങളാ സാക്ഷി.പുരന്ദരന്‍ സാറ് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.
പണ്ടൊക്കെ ആളുകളുടെ പേരു മാറ്റി എഴുതുമായിരുന്നു. വിശാലന് ധൈര്യം കാണിച്ചതില്‍ പിന്നെ ഊരും പേരും പി ഓ ബോക്സും ഒക്കെ മാറ്റല്‍ നിര്‍ത്തി.
‘ക്ഷ’ പിടിച്ചു.
അക്ഷരം നോക്കിവായിക്കാന്‍ പഠിക്കണം.
കിടിലം!
ഞാന്‍ RECയില്‍ പഠിക്കുന്ന കാലത്തു്, കോഴിക്കോടു് മെഡിക്കല്‍ കോളേജില്‍ പഠിച്ചിരുന്ന ഒരു “ദ്രുഹിണ”നെ പരിചയപ്പെട്ടിരുന്നു. “എന്റെ അച്ഛന് ഒരു സംസ്കൃതപണ്ഡിതനായിപ്പോയെടോ, അതാണു ഞാന്‍ അനുഭവിക്കുന്നതു്” എന്നാണു് അവന് വിലപിച്ചതു്. പാവത്തിന്റെ പേരു പറയാന്‍ നാക്കു വഴങ്ങാത്തതുകൊണ്ടു് ആളുകള്‍ “ദ്രോഹന്നാന്” എന്നാണു വിളിച്ചിരുന്നതു്!
വീട്ടില്‍ പോയപ്പോള്‍ ആദ്യം ചെയ്തതു “ശബ്ദതാരാവലി” നോക്കുകയായിരുന്നു. “ദ്രുഹിണന്‍” എന്ന വാക്കിനു ബ്രഹ്മാവു്, വിഷ്ണു, ശിവന് ഇത്യാദി ഒരുപാടു ഗംഭീരന്‍ അര്‍ത്ഥങ്ങള്‍ ഉണ്ടത്രേ! പാവം ദ്രോഹന്നാന്!
ഈ ദ്രുഹിണേട്ടന് ഇപ്പോ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രാന്തിനു ചികിത്സിക്കുന്നുണ്ട് ഉമേഷേ :)
(ഞാന്‍ മൂപ്പരുടെ പേഷ്യന്റല്ല, ഒരുജാതി പേര് കേട്ടു ഇയാള്‍ എതു നാട്ടുകാരനാണെന്ന് തിരക്കിപ്പോയെന്നേയുള്ളു)
വേറെ ആരുടെയാ ദേവാ? ;)
അല്പട്ടോപിക്:
എന്റെ ഒരു സഹപാഠിയുടെ പേര് പാംസുല എന്നായിരുന്നു. വെറുതെ ഒരു കൌതുകത്തിനു പാംസുല എന്നതിന്റെ അര്‍ഥം ഞാന്‍ നോക്കി. ഞെട്ടിപ്പോയി. ഹോ.. സ്വന്തം മകള്‍ക്ക് ഈ പേരിട്ട അപ്പനേം അമ്മേം സമ്മതിക്കണം. കൂടെ ഒരു സംശയവും എനിക്കു തോന്നി. ശിവന്റെ മറ്റൊരു പേരാണല്ലോ പാംസുലന്‍. അതിന്റെ സ്ത്രീലിംഗമാണെന്നു കരുതി പാംസുല എന്നിട്ടതാകാം. അല്ല ഇനി പാംസുലയെന്നാല് പാര്‍വതി എന്നുതന്നെയാണോ?? ഏതായാലും എന്റെ മനസില്‍ നില്‍ക്കുന്നത് ആ ഞെട്ടിപ്പിക്കുന്ന അര്‍ഥം തന്നെ.
എന്റെ അമ്മയുടെ കൂടെ പഠിപ്പിച്ച ഒരു teacher ഉണ്ടായിരുന്നു. സമാധാന റാണി. ഇവരുടെ ചേട്ടന്റെ പേരു കേള്‍ക്കണോ? വിപ്ലവനാഥന്!!!
വിശാലാ, ഇവര്‍ കൊടകരക്കാരായിരുന്നു. കേട്ടിട്ടുണ്ടോ?
i had a collegue back in india,in defence, he is Vijayan Paripoliyth.
but actually name board infront of the house in malayalam reads "പാറിപോളിയത്ത്"
ഇല്ലല്ലോ കണ്ണൂസേ.. ‘സമാധാന റാണി‘, ശാരദ ടീച്ചറാണോ?
അനിലേ, എനിക്ക്കു ഡോക്റ്റരല്ല എഞ്ചിനീയറാ ചികിത്സ. പള്ളിവാസല്‍ ജലവൈദ്യുത പ്രോജക്ര് സൈറ്റ് എഞ്ചിനീയര്‍.
ഈ പേരുകളെല്ലാം എങ്ങനെ വന്നുപെട്ടു?
പാംസുലക്കു പാര്വതിയെന്നര്ത്ഥമില്ലെന്നാണറിവ് മന്ഞിത്തേ, ഇനിയിപ്പോ കൊച്ചിനു പേരിടാന്‍ വന്നപ്പോ അത് അപ്പിയിലും മൂത്രത്തിലും കുളിച്ചു കിടക്കുന്നത് കണ്ട് ദേഷ്യം വന്നു വിളിച്ചതാകും.
കണ്ണൂസിന്റെ റ്റീചറ് ജനിച്ച സമയത്ത് ഗാന്ധിയുടെയും പുള്ളിക്കാരിയുടെ അനിയന് ജനിച്ച സമയത്ത് ചെ യുടെയും ആത്മകഥ വായിച്ചുകൊണ്ടിരുന്നതാകാം അവരുടെ അപ്പനമ്മ്മാര്.
വടക്കോട്ടൊക്കെ വീട്ടുപേരു ചേര്‍ത്ത് പേരിടുന്നത് മഹാ കഷ്ടമാ അതുല്ല്യേ, ചെറ്റപ്പുരക്കന്, പട്ടിക്കാത്തൊടി എന്നൊക്കെ കാര്‍ന്നോമ്മാരു പേരിടും. ചെറുക്കന് വളര്‍ന്ന് വല്ല നാട്ടിലും പോകുമ്പോ കണ്ട എരപ്പയൊക്കെ വന്ന് മിസ്റ്റര്‍ ചെറ്റ, മി. പട്ടീ എന്നൊക്കെ വിളിക്കും.
കൊല്ലം സിവിത്സ്റ്റേഷനിലെ ഒരു ജീവനക്കാരന്റെ പേരു “ദു:ഖാര്ത്തന്“. ഇനി സ്കൂള്‍
സര്‍ട്ടിഫിക്കേറ്റില്‍ വന്ന പ്രശ്നം മൂലം കുളമായ പേരുകള്‍:
R. Chairman തൂത്തുക്കുടിയിലെ പ്രശസ്ത ഉപ്പു വ്യാപാരി. ചേരമാന്‍ എന്നായിരുന്നു അപ്പനുമമ്മയും ഉദ്ദേശിച്ചത്
Sanderson Iyyengar എസ് ബി റ്റി മാനേജര്‍. വിശദീകരണം വേണ്ടല്ലോ!
അച്ഛന്റെ കൂടെ പഠിച്ച ഒരാളുടെ പേര് സൌന്ദര്യകുലതിലകസന്തോഷചിന്താമണി എന്നായിരുന്നുവത്രേ. അവസാനരണ്ടക്ഷരമേ വിളിക്കൂ. ന്നാല് പിന്നെ അതുമാത്രമിട്ടാല് പോരേ ല്ലേ?
ഇലക്ട്രോണ്‍ പ്രോട്ടോണ്‍ എന്നൊക്കെ മക്കള്‍ക്കു പേരിട്ടവര്‍ കേരളത്തിലുണ്ടെന്നു് മുന്‍പൊരിക്കല്‍ ഒരു ടിവി പരിപാടിയില്‍ കണ്ടതോര്‍ക്കുന്നു. ഓരോരോ ബാലചാപല്യങ്ങളേയ്.
പാംസുലയുടെ, മന്‍ജിത്തിനെ ഞെട്ടിപ്പിച്ച, അര്ഥമെന്താണെന്നരെങ്കിലും പറഞ്ഞു തരുമോ? പാംസു എന്നാല്‍ പൂഴി എന്നോ മണ്ണു് എന്നോ മറ്റോ അല്ലേ അര്‍ഥം?
സ്വജനു പുരന്ദരന്റെ അര്‍ഥവുമറിയില്ല. ദേവാ കാപ്പാത്തു്.
വിശാലാ, റ്റീച്ചറുടെ ഒറിജിനല്‍ പേരു തന്നെയായിരുന്നു സമാധാനറാണി. അവരുടെ വീട്ടു പേരും വളരെ വിചിത്രമായിരുന്നു. ഓര്‍മ്മ വരുന്നില്ല ഇപ്പോ.
പാലക്കാട് ഉണ്ടായിരുന്ന ഒരു കവിയുടെ പേര് പി.കെ. മലയാളി എന്നായിരുന്നു. ആദ്യം വിചാരിച്ചത് ഇത് അങ്ങേരുടെ തൂലികാ നാമം ആണെന്നാണ്. പിന്നെയാണ് മനസ്സിലായത് ഇതദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരു തന്നെയാണെന്ന്.
OFF TOPIC: ഈ മലയാളിയുടെ കവിതയെപറ്റി കൃഷ്ണന് നായര്‍ സര് ഒരിക്കല്‍ സാഹിത്യ വാരഫലത്തിലെഴുതി. ആ മൂന്ന് ലൈന്‍ comment ഇങ്ങനെ ആയിരുന്നു.
ശ്രീരാമന് ജനിച്ചത് രാവണനെ കൊല്ലാനാണ്, കൃഷ്ണന് ജനിച്ചത് കംസനെ കൊല്ലാനും. ഈ കൃഷ്ണന് നായര്‍ ജനിച്ചത് പി.കെ.മലയാളിയെ കൊല്ലാന്‍ ആണോ എന്നറിയില്ല, പക്ഷേ പി.കെ.മലയാളി ജനിച്ചത് എന്തായാലും കവിത എഴുതാനല്ല.
"പാംസുല” എന്നാല്‍ “മലിനയായവള്” എന്നര്‍ത്ഥം. “പാംസു” എന്നതിനു് പൊടി, അഴുക്കു് എന്നൊക്കെ അര്‍ത്ഥം.
ഈ അര്‍ത്ഥത്തില്‍ നിന്നു് പാംസുലയ്ക്കു് വ്യഭിചാരിണി എന്നും രജസ്വല എന്നും അര്‍ത്ഥമുണ്ടു്. പൊടിപിടിച്ചുകിടക്കുന്നവള് എന്നര്‍ത്ഥത്തില്‍ ഭൂമി എന്നും അര്‍ത്ഥമുണ്ടു്. പാര്‍വ്വതി എന്നില്ല.
“സുഷുമ്ന” എന്നു് ഒരു പെണ്‍കുട്ടിക്കു പേരിട്ടതോര്മ്മ വരുന്നു. കേട്ടപ്പോള്‍ എന്റെ ഒരു സുഹൃത്തു പറഞ്ഞു: “നന്നായി, അടുത്ത കൊച്ചിനു് മെഡുല്ല ഒബ്ലങ്ങേറ്റാ എന്നിടാമല്ലോ!“
എന്റെ നാട്ടിലെ മൂന്നു സഹോദരങ്ങളുടെ പേരുകള്‍:
വിജയരാഘവകുമാര്
അജയരാഘവകുമാര്
രാജരാജകുമാരി
ഈ. വി. കൃഷ്ണപിള്ള “ചിരിയും ചിന്തയും” എന്ന കൃതിയില്‍ “വേണുഗോപാലവീണഗീതരസബാലഗംഗാധരന്” എന്നു പേരുള്ള ഒരാളെപ്പറ്റി പറയുന്നുണ്ടു്. അവന്റെ അച്ഛന് വയസ്സുകാലത്തു മുറ്റത്തോ മറ്റോ വീണാല്‍ മോന്റെ പേരു വിളിക്കുന്നതിനു മുമ്പു വടിയാകും എന്നും അദ്ദേഹം അനുമാനിക്കുന്നു.
പാംസുവിനു മണ്ണ്, പൊടി, വിസര്‍ജ്ജ്യം എന്നൊക്കെയാണര്‍ത്ഥം. പൊടിയാക്കിക്കളയുന്ന കണ്ണുള്ള പൊടിയന് പാംസുലന്‍ -
പാംസുലമായവള് - ചെളിപുരണ്ടവള്, രജ്വസ്വ്ലയായിരിക്കുന്നവള്, ദുര്ന്നടത്തകാരി, ദുര്ഗ്ഗന്ധമുള്ളവള് എന്നൊക്കെ അര്ത്ഥാര്ത്ഥം.
സ്വജന് പുരന്ദരന്‍ എന്നു പേരു വിളിച്ചെന്നാണു പറഞ്ഞത് സിദ്ധാ, നിര്‍ത്തി നിര്‍ത്തി പാടൂ. ചെക്കന്റെ പേരു പുരന്ദരന്‍. സ്വജന് = തനിക്ക് ജനിച്ചവന്, (ഒടുവില്‍ യോദ്ധായില്‍ പറയുന്നപോലെ) തന്റെ മ്വോന്‍.
പുരം+ ദരന്‍ എല്ലാ ദൈവത്തിനേയും പുരം ദരിക്കുന്ന സാറെന്നു പറയാമെങ്കിലും 3മൂര്‍ത്തികളെയും ഇന്ദ്രനെയുമാണ് സാധാരണ പുരന്ദരായെന്നു വിളിക്കാറ്
ഉമേഷിട്ട കമന്റു കണ്ടില്ല.
ഞാന്ഇട്ടതു ഫലത്തില്‍ ഡ്യൂപ്ലി
പി കെ മലയാളി എന്നത് പി കെ മന്ത്രികുമാരന്റെ (കാര്‍ട്ടൂണിസ്റ്റ് മന്ത്രിയുടെ ശരിക്കുള്ള പേര്) ആരെങ്കിലുമാണോ?
വെറുതേയല്ല സംവൃതോകാരം വിവൃതോകാരം ന്നൊക്കെ പറഞ്ഞു് ഉമേശന്മാഷു് ചെവിക്കുപിടിക്കുന്നതു്. ഉകാരം വിവൃതമായിട്ടും ഞാനതു് ആദ്യം നിര്‍ത്തി നിര്‍ത്തി വായിച്ചതുമാണു് പക്ഷേ വേറെയാരുടേയോ കമന്റില്‍ അതു് നിര്‍ത്താതെ കണ്ടപ്പൊഴുണ്ടായൊരിണ്ടല് ബത.......
നന്ദി.ഇനിയാ ദരിക്കുന്നതിന്റെ കൂടി അര്‍ഥം.....
ഈ പാതിരാത്രിക്കും ( അതോ അവിടെ നേരം വെളുത്തോ?) ഈ വക മണ്ടന്മരുടെ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞു തരുന്ന ഉമേഷിനു് പെരുത്തു നന്ദി.
ഓക്കെ ദേവാ. സംഗതി സാങ്കേതികമാണെന്നറിഞ്ഞിരുന്നെങ്കില് ചോദിക്കില്ലായിരുന്നു. :))
സ്വതന്ത്രകുമാരി ഞങ്ങളുടെ അയല്വക്കത്തു തന്നെയുണ്ട്.
പിന്നെയൊരു നാട്ടില്‍ പേരുകള്‍ ഏറെയും അസാധാരണമാണ്.
സാരമതി, ഭാസുരാംഗി, സൈന്ധവി, ഹരിണാക്ഷി...
പി.കെ.മലയാളി സര് പി.കെ.മന്ത്രിയുടെ ആരെങ്കിലും ആവാന്‍ വഴിയില്ല. ഇദ്ദേഹം ഇസ്ലാം മതത്തില്‍ ജനിച്ച ആള് ആണ്. മകന്റെ പേര് അഷ്റഫ് മലയാളി എന്നായിരുന്നു. ടി പുമാന് വിക്റ്റോറിയയിലെ മാഗസിന് എഡിറ്ററോ മറ്റ്എന്തരോ ആയിരുന്നു എന്നാണ് ഓര്‍മ്മ.
Disclaimer: ഇതെല്ലാം സെക്കന്റ് ഹാന്റ് ഇന്‍ഫര്‍മേഷന്‍. തെറ്റുണ്ടെങ്കില്‍ അറിയാവുന്നവര്‍ ക്ഷമിക്കുക.
കുറെ റ്റിപ്പിക്കല് പാലക്കാടന്‍ പേരുകള്‍ കേള്‍ക്കണോ?
തത്ത, കുപ്പു, കുപ്പ, വീമ്പന്‍, താമി, ചാമു, പറങ്ങോടന്, പറക്കാടന്‍, കോത, ഭവദാസന്‍, കറപ്പന്, വെള്ളച്ചി, ചെല്ലമണി, കുട്ടിമണി, കുണ്ടു, കണ്ടു, ചെമ്പി, തായു, വേശ, രാശ, ചുപ്പന് / ചുപ്പു, തങ്കന്, ചീരന്‍.
വാല്‍ക്കഷണം : ഗിസൈസ് ശരവണഭവന് ഹോട്ടെലില്‍ ഊണ് കഴിക്കാന്‍ പോയതായിരുന്നു. സപ്ലയറുടെ പേരു നോക്കി, ചിരിയടക്കി ഭാര്യയോട് ചിരിക്കാതെ തിരിഞ്ഞു നോക്കാന്‍ പറഞ്ഞു. നോക്കിയ വാമഭാഗം വായില്‍ ചോറു കിടക്കുന്നത് പോലും ഓര്‍ക്കാതെ അട്ടഹസിച്ചപ്പോള്‍, ചീത്തയായത് എന്റെ പുതിയ വെള്ള ആരോ ഷര്‍ട്ട്.
കക്ഷിയുടെ പേര് സി. രാജീവ് ഗാന്ധി ചന്ദ്രബോസ് എന്നായിരുന്നു.
ദരമെന്നാല് ഹിന്ദിക്കാരന്റെ ‘ഡര്’ ഭയപ്പാടുണ്ടാക്കല്, പാംസുലം -പൊടി, ചെളി എനൊക്കെയാണര്ത്ഥം, സിദ്ധാര്‍ത്ഥാ. പുരത്തെ പൊടിപ്പരുവമാക്കിക്കളയുന്നവന് പുരത്തിനെ “ഡര്ത്തീ” ചെയ്യുന്നവന് എന്നൊക്കെയും പറയാം വേണമെങ്കില്‍
മന്‍ജിത്തേ, ആ പാംസുലയ്ക്കു് ഒരു അനിയത്തിയുണ്ടാവുകയാണെങ്കില് ഇടാന്‍ ഒരു പേരു് എന്റെ കയ്യിലുണ്ടെന്നു് അതിന്റെ അമ്മയോടു പറയണേ - പുംശ്ചലി. ‘പ’ പ്രാസവുമുണ്ടു്, അര്‍ത്ഥത്തില്‍ സാമ്യവുമുണ്ടു്, ശബ്ദസൌകുമാര്യവുമുണ്ടു്, വേറേ എങ്ങുമില്ലാത്ത പേരുമാണു്. ഇതൊക്കെയാണല്ലോ നല്ല പേരിന്റെ ഇന്നത്തെ ലക്ഷണം!
:-)
ഉമേഷ് മാഷേ,
അവള്‍ക്കിനി അനിയത്തിയുണ്ടാകാന് വഴിയില്ല. ദൈവമേ ഓളെങ്ങാനും ഗൂഗിളില്‍ വന്നു സ്വന്തം പേരു തപ്പിയാല്‍ ഞാന്‍ കുഴയുമല്ലോ...
പതിവ്രതാ എകപതൌ
ദ്വിതിയേ കുലടാ സ്മൃതാ
ത്രിതീയേ ധര്‍ഷിണീ ത്യപി
ചതുര്‍ത്ഥേ പുംശ്ചലീ ജ്നേയാ
എന്നൊക്കെ തുടങ്ങി പലതരം സ്വൈരിണികളുടെ പേരു പറയുന്ന ഒരു ശ്ലോകമില്ലേ മാസ്റ്റ്രേ? അതെന്തിലേതാണെന്നോര്ക്കുന്നോ?
ആ ശ്ളോകതിന്റെ ആണ് പതിപ്പു ഇങ്ങിനെ...
പരസ്ത്റീ ദറ്‍ശനേ പാപ
സ്പര്‍ശനേ പാപ മോചന
ചുംബേനേ പുണ്യ വറ്ധന
ഭോഗേനേ മോക്ഷ ദായക
ഉച്ച ചൂടാണു ദേവ- ക്ഷമിക്കു. രസത്തിനു എഴുതിയതാണൂ. എങ്കിലും ഒരു മെയില്‍ ചൌവനിസ്റ്റ് എല്ലാ ആണുങ്ങളിലും ഇല്ലേ?....
“പതിവ്രതാ ഏക..”
അറിയില്ലല്ലോ ദേവാ. പിന്നെ കേട്ടപ്പോള്‍ എവിടെയോ കേട്ട ഒരു തോന്നലും.
“സ്വൈരിണി” സ്വജാതിയിലുള്ളവരുടെ മാത്രം അടുത്തു പോകുന്നവളും, “പുംശ്ചലി” വിജാതീയരുടെ അടുത്തു പോകുന്നവളുമാണു് എന്നെവിടെയോ വായിച്ചതും ഓര്‍മ്മവരുന്നു.
എനിക്കാകെ “അമരകോശ” ത്തിലെ
കാന്താര്ത്ഥിനീ തു യാ യാതി
സങ്കേതം സാഭിസാരികാ
പുംശ്ചലീ ധര്‍ഷിണീ ബന്ധ-
ക്യസതീ കുലടേത്വരീ
സ്വൈരിണീ പാംസുലാഥ സ്യാദ്
...
എന്നതേ ഓര്‍മ്മയുള്ളൂ.
“അമരകോശ”ത്തില്‍ എത്രയോ നല്ല കാര്യങ്ങള്‍ ഉണ്ടായിട്ടു് എന്തിനു് അഭിസാരികയുടെ പര്യായങ്ങള്‍ മാത്രം ഓര്‍ത്തിരിക്കുന്നു എന്നു ചോദിച്ചാല്‍.... ശേഷം ചിന്ത്യം!
അമരകോശത്തിലെ ആദ്യത്തെ ശ്ലോകത്തെ
അമരാ നിര്‍ജ്ജരാ ദേവാ
കൊമരാ കള്ളു കൊണ്ടു വാ
എന്നു ചൊല്ലിക്കൊണ്ടു നടന്ന കുടിയന് ശങ്കരപ്പിള്ളച്ചേട്ടനേയും ഓര്‍മ്മവരുന്നു. (ഇതില്‍ “ദേവാ” എന്നുള്ളതു് തികച്ചും യാദൃച്ഛികം. “ദേവാ” എന്നു വിളിച്ചിട്ടു കള്ളു കൊണ്ടു വരാന്‍ പറഞ്ഞതല്ല :-) )
ഗന്ധര്വ്വന് ചൊല്ലിയ ശ്ലോകവും കേട്ടിട്ടുണ്ടു്. കുറഞ്ഞതു് പൂര്വാര്ദ്ധമെങ്കിലും. ദര്‍ശനം, സ്പര്‍ശനം എന്നാണു ഞാന്‍ കേട്ടിട്ടുള്ളതു്.
ദേവന്റെ ശ്ലോകത്തില്‍ മൂന്നാം വരി “ധര്‍ഷിണീ ചൈവ” എന്നോ മറ്റോ ആക്കിയാല്‍ വൃത്തം ശരിയാവും. നാലാം വരിയില്‍ “ജ്നയോ” എന്നു തന്നെയാണോ? ഒരു പക്ഷേ ഇങ്ങനെയായിരിക്കും
തൃതീയേ ധര്‍ഷിണീ ജ്ഞേയാ
ചതുര്‍ത്ഥേ പുംശ്ചലീത്യപി
ഗന്ധര്‍വന്റെ ശ്ലോകത്തില്‍ മൂന്നാം വരിയില്‍ വൃത്തഭംഗമുണ്ടു്. “പുണ്യവര്‍ദ്ധന” എന്നു തന്നെയാണോ? നാലിലെ “ഭോഗേനേ” എന്നതും ശരിയാണെന്നു തോന്നുന്നില്ല. ഒന്നുകൂടി ആഞ്ഞു് ഓര്‍ത്തുനോക്കിക്കേ...
എവിടെങ്കിലും എടുത്തു കാച്ചാവുന്ന രണ്ടു ശ്ലോകങ്ങളുടെ ശരിയായ രൂപം കിട്ടാനുള്ള ആഗ്രഹത്തിനു പറയുന്നതാണേ. കുറ്റം പറയുന്നതല്ല :-)
തൃതീയേ ധര്‍ഷിണീ ജ്ഞേയാ ചതുര്‍ത്ഥേ പുംശ്ചലീത്യപി
ഐവാ, അങ്ങനെ തന്നെ എഴുതിയവഴി തിരിഞ്ഞതാ (കേട്ടിട്ടില്ലാത്ത ശ്ലോകത്തിലെ തെട്ടും തിരുത്തിയോ ഹെന്റെ മുടിപ്പെര അമ്മച്ചീ, അണ്ണനെ സമ്മതിച്ച്!) പക്ഷേ ഇതെവിടുന്നാണെന്ന് ഒരോര്‍മ്മയും വരുന്നില്ല.. ഒന്നന്വേഷിച്ചു നോകാമെന്നു വച്ചാല്‍ .. നാണക്കേടല്ലിയോ..
മലയാളം ബൂലോഗത്തിലെ (ബുദ്ധി+ഓര്‍മ്മ)*രാക്ഷസ്സന്മാരുടെ വിളയാട്ടമാണല്ലോ ഈ ത്രെഡില്‍ :)
ദേവേട്ടാ - ഇപ്പോള്‍ മനസ്സിലായി ഷീബയേയും, പുരന്ദര, ഭഗന്ദരന്മാരേയും........എന്റെ കാപ്പിരി ഒരു പാവം.....താങ്ക്സ്
ഗന്ധര്വന് പറഞ്ഞ ശ്ലോകം ഞാന്‍
മുന്‍പൊരിക്കല്‍ ഇങ്ങനെ
ചൊല്ലിയിട്ടുണ്ടു്. അതും ഓര്‍മ്മയില്‍ നിന്നാണു്. ഏതാണാവോ ശരി?
ദേവാ, ഷീബേനെ ഒന്നു കിട്ട്വോ? ആ കുട്ടിക്കിവടെ കൊറച്ചും കൂടി പണി ണ്ട്റ്റായിരുന്നു.
കണ്ണൂസ്സേ....കണ്ണൂസ്സ് പറഞ്ഞ സമാധാനറാണി മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജില്‍ എന്റമ്മേടെ വിദ്യാര്ത്ഥിനിയായിരൂന്നു. അവര്‍ മാത്രല്ല അവരടെ രണ്ട് ചേച്ഛിമാരും. ചേച്ചിമാരടെ പേരു - കസ്തൂരിഭായി, സ്വാതന്ത്ര്യ ബിന്ദു .സഹോദരന്റെ പേര് വിപ്ലവനാഥന് ന്നാണോ?വിപ്ലവാരംഭസ്മാരന് ന്ന് അമ്മ പറഞ്ഞ് കേട്ട ഒരോര്‍മ്മ.
ചേട്ട്ന്മാരൊക്കെ ശ്ലോകങ്ങള്‍ മത്സരിച്ച് ഓര്‍മ്മ പുതുക്കു.
പാംസുലകളുടെ ശ്ലൊകങ്ങള്‍ പിന്നെയും ബാക്കി.
സിദ്ധാര്ത്ഥന് സൂചിപ്പിച്ച ത്രെഡ് വായിച്ചിരുന്നില്ല. ഇതാണു സിദ്ധാര്ത്ഥശ്ലോകം:
വേശ്യാ സ്ത്രീ ദര്‍ശനം പുണ്യം
സ്പര്‍ശനം പാപനാശനം
ചുംബനം കോടി തീര്ത്ഥനം
മൈഥുനം മോക്ഷസാധനം(കം?)
ഇതുതന്നെയാവണം ഗന്ധര്വ്വശ്ലോകവും. മൂന്നാംവരിയില്‍ “തീര്ത്ഥനം” എന്നിടത്തു വൃത്തഭംഗമുണ്ടു്. ഒന്നുകൂടി ഓര്‍ത്തുനോക്കിക്കേ...
നാലാം വരിയില്‍ “സാധകം” ആകാനാണു സാദ്ധ്യത.
സിദ്ധാര്‍ത്ഥോ, ഉത്തരം ഞാന്‍ പറയും മുന്നേ ഉമേഷ് പറഞ്ഞുപോയല്ലോ. ഇല്ലെങ്കില്‍ ഞാന്‍ "ആ ഞാനിത് കേട്ടിട്ടില്ല, അറിയാന്മ്മേലാ." എന്നു മറുപടി കൃത്യമായി എഴുതിയേനേ.
അചിന്ത്യേ,
ഷീബ ഇപ്പോ എവിടാന്ന് ഒരു പിടീമില്ല. താടി സാഹിത്യം നശിപ്പിക്കാന്‍ ആണെങ്കില്‍ ഞാന്‍ തന്നെ മുന്നേ ഇറങ്ങാം. സേവ് മലയാളം!
വിചിത്രമായ പേരുകളുടെ കഥകള്‍ പറഞ്ഞപ്പോള്‍ എനിക്കും ഓര്‍മ്മ വന്നു ചിലത്. വിദ്യാഭ്യാസകാലത്ത് ഞാന്‍ കണ്ട ഒരു രോഗിയുടെ പേര് ‘പിച്ചക്കാരന്’ കൂലിപ്പണിക്കാരനായിരുന്നെങ്കിലും അധ്വാനിയായിരുന്ന അദ്ദേഹം അതു വരെ പിച്ച തെണ്ടിയിട്ടല്ല ജീവിച്ചത്. പ്രാര്‍ഥനയും വഴിപാടും കൊണ്ട് ഉണ്ടായ കുട്ടിക്ക് വീട്ടുകാരിട്ട നേര്ച്ചപ്പേരാണത്രെ ‘പിച്ചക്കാരന്’ മറ്റൊരു രണ്ടു വയസ്സുകാരന് രോഗിയുടെ പേര് അനസ്. നേഴ്സിങ് അസിസ്റ്റന്റ് അതു റെകോഡില്‍ കുറിച്ചത് 'Anus' എന്ന്. പറ്റുമെങ്കില്‍ ഇനിയും പേരു മാറ്റാന്‍ സമയമുണ്ടല്ലൊ എന്ന് ആ കുട്ടിയുടെ വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കളോട് പറഞ്ഞിരുന്നു
Post a Comment