ഉറങ്ങാത്ത എന്നെ ഒതുക്കാൻ അമ്മ ഇൻക്രിമെന്റൽ കഥകൾ എനിക്കെതിരേ പ്രയോഗിച്ചിരുന്നു. സംഗതി വളരെ ലളിതം. ഹിന്ദി സിനിമാ പോലെ കഥയപ്പടി ആവർത്തനമാണ്. ഒരു വാക്കോ മറ്റോ ഓരോ വരിയിലും ഇൻക്രിമെന്റ്. ബാക്കിയെല്ലാം ibid. ആരാ ഉറങ്ങി പോകാത്തത്.?
ഒരു ഇൻക്രിക്കഥ- വല്ലാത്ത പോട്ടിൽ മുട്ടയിട്ട കിളി.
പണ്ടു പണ്ട് ഒരു കിളി വല്ലാത്തൊരു പോട്ടിൽ മുട്ടയിട്ടുപോയി. എടുക്കാൻ വയ്യാതെ വിഷമിച്ചു നിന്നു.
അപ്പോൾ ഒരു തച്ചപ്പണിക്കൻ വന്നു.
“വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരുമോ തച്ചപ്പണിക്കാ?“
“എനിക്കു വയ്യാ.“
അപ്പോ ഒരു പന്നി വന്നു.
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താമോ പന്നീ?
“എനിക്കു വയ്യാ.“
അപ്പോ ഒരു കാട്ടാളന് വന്നു.
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താത്ത പന്നിയെ എയ്യാമോ കാട്ടാളാ?
“എനിക്കു വയ്യാ.“
അപ്പോ ഒരു എലി വന്നു.
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താത്ത പന്നിയെ എയ്യാത്ത കാട്ടാളന്റെ വില്ലു മുറിക്കാമോ എലീ?
“എനിക്കു വയ്യാ.“
അപ്പോ ഒരു പൂച്ച വന്നു.
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താത്ത പന്നിയെ എയ്യാത്ത കാട്ടാളന്റെ വില്ലു മുറിക്കാത്ത എലിയെപ്പിടിക്കാമോ പൂച്ചേ?
“എനിക്കു വയ്യാ.“
അപ്പോ ഒരു പട്ടി വന്നു.
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താത്ത പന്നിയെ എയ്യാത്ത കാട്ടാളന്റെ വില്ലു മുറിക്കാത്ത എലിയെപ്പിടിക്കാത്ത് പൂച്ചയെക്കടിക്കാമോ പട്ടീ?
“എനിക്കു വയ്യാ.“
അപ്പോ ഒരു കുട്ടി വന്നു.
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താത്ത പന്നിയെ എയ്യാത്ത കാട്ടാളന്റെ വില്ലു മുറിക്കാത്ത എലിയെപ്പിടിക്കാത്ത് പൂച്ചയെക്കടിക്കാത്ത പട്ടിയെ എറിയാമോ കുട്ടീ?
“എനിക്കു വയ്യാ.“
അപ്പോ ഒരു ആശാൻ വന്നു.
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താത്ത പന്നിയെ എയ്യാത്ത കാട്ടാളന്റെ വില്ലു മുറിക്കാത്ത എലിയെപ്പിടിക്കാത്ത് പൂച്ചയെക്കടിക്കാത്ത പട്ടിയെ എറിയാത്ത കുട്ടിയെ അടിക്കാമോ ആശാനേ?
“എനിക്കു വയ്യാ.“
അപ്പോ തീ വന്നു
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താത്ത പന്നിയെ എയ്യാത്ത കാട്ടാളന്റെ വില്ലു മുറിക്കാത്ത എലിയെപ്പിടിക്കാത്ത് പൂച്ചയെക്കടിക്കാത്ത പട്ടിയെ എറിയാത്ത കുട്ടിയെ അടിക്കാത്ത ആശാന്റെ മീശക്കു പിടിക്കാമോ തീയേ?
“എനിക്കു വയ്യാ.“
അപ്പോ വെള്ളം വന്നു
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താത്ത പന്നിയെ എയ്യാത്ത കാട്ടാളന്റെ വില്ലു മുറിക്കാത്ത എലിയെപ്പിടിക്കാത്ത് പൂച്ചയെക്കടിക്കാത്ത പട്ടിയെ എറിയാത്ത കുട്ടിയെ അടിക്കാത്ത ആശാന്റെ മീശക്കു പിടിക്കാത്ത തീയെ അണക്കാമോ വെള്ളമേ?
“എനിക്കു വയ്യാ.“
അപ്പോ ഒരു പയ്യു വന്നു
വല്ലാത്ത പോട്ടിൽ മുട്ടയിട്ടു വെട്ടിയെടുത്തു തരാത്ത തച്ചപ്പണിക്കന്റെ മാറാഞ്ചേമ്പു കുത്താത്ത പന്നിയെ എയ്യാത്ത കാട്ടാളന്റെ വില്ലു മുറിക്കാത്ത എലിയെപ്പിടിക്കാത്ത് പൂച്ചയെക്കടിക്കാത്ത പട്ടിയെ എറിയാത്ത കുട്ടിയെ അടിക്കാത്ത ആശാന്റെ മീശക്കു പിടിക്കാത്ത തീയെ അണക്കാത്ത വെള്ളം കലക്കാമോ പയ്യേ?
“എനിക്കു വയ്യാ.“
പയ്യിനെ പുലി പിടിക്കാതെ പുലിയെ വേട്ടക്കാരൻ പിടിക്കാതെ അങ്ങനെ അന്തമായൊരു ഇൻക്രിമെന്റു കഥ കുഞ്ഞുറങ്ങുന്നവരെ മനോധർമ്മം പോലെ “സ്ത്രീ“ സീരിയൽ പോലെ
എന്റെ അനന്തിരവളോട് ഈ കഥ പറഞ്ഞു .അവള്ക്ക് ആദ്യ സ്റ്റെപ്പിൽ തന്നെ കഥ ഇഷ്ടപ്പെട്ടില്ല.
“വല്ലാത്ത പോട്ടിയല്ല. എന്റെ നീല കളർ പോട്ടി. അതിൽ കിളി വന്നിരുന്ന് മുട്ടയിട്ടാൽ ഞാനെവിടെ അപ്പിയിടും? ഈ കഥ വേണ്ടാ.”
9 comments:
കൊള്ളാം ദേവാ...
കുട്ടികളിഷ്ടപ്പെടുന്നതു് കഥയല്ല അതിന്റെ തുടർച്ചയാണെന്നെങ്ങോ വായിച്ചിട്ടുണ്ടു്. വിക്രമാദിത്യൻ കഥകളും ആയിരത്തൊന്നു രാവുകളും പഞ്ചതന്ത്രം കഥകളുമൊക്കെ ആ ജനുസ്സിൽ പെട്ടതത്രേ. ഗണദേവതയും കയറും അവകാശികളുമൊക്കെ (ഇതിൽ തന്നെ ചിലതു് ഭയാനകമാം വിധം വിരസമെന്നതു വേറെ കാര്യം) വായിച്ചെത്തിക്കാനിന്നാളുകൾ പാടുപെടുന്നതു് നഷ്ടപ്പെട്ട ഈ കുട്ടിമനസ്സു് കാരണമത്രേ.
കുട്ടികൾക്കും ആ കുട്ടിമനസ്സു് നഷ്ടപ്പെടുന്നുവെന്നതാണേറ്റവും സൻകടകരമായ കാര്യം. പണ്ടു പണ്ടു്.. എന്നു തുടങ്ങിയാൽ തന്നെ ലാസ്റ്റ് എന്തായി എന്നു ചോദിക്കുന്ന രണ്ടനന്തിരവ്ന്മാർ എനിക്കുണ്ടു്. ഇൻക്രിക്കഥകൾ അവരോടു പറയുന്നതു ഞാൻ നിർത്തി. കേൾക്കുന്നതവരും. ഇനി അതുല്യക്കഥകൾ പറഞ്ഞു നോക്കിയാലോ എന്നൊരാലോചനയുണ്ടു്:)
ചില കമന്റുകൾ കവലയിൽ വരാത്തതെന്തു് പെരിങ്ങോടരേ. പുട്ടിലിട്ടതു് പൊന്തിയതേയില്ല.
കഥ മാത്രമല്ല സിദ്ധാർത്ഥാ പാട്ടും ആവർത്തനമാണു കുട്ടികൾക്ക് ഇഷ്ടമെന്നു തോന്നുന്നു.
ഈ കഥ ഒബ്ജക്റ്റ്റ് ചെയ്തവൾക്ക് ആ കാലത്ത് ആകെ ഇഷ്ടമുണ്ടായിരുന്ന ഒരേ ഒരു പാട്ട് രാക്കുയിലിൻ രാഗസദസ്സിൽ എന്ന സിനിമയിലെ വള്ളിത്തിരുമണം ചൊല്ലിക്കളിക്കേടി എന്ന പാട്ടായിരുന്നു. രാവിലെ എഴുന്നേറ്റു തുടങ്ങൂം “എനിക്കു വയ്യിതിരുമണം കേയ്ക്ക്കണം” (ള അവളുറ്റെ അക്ഷരമാലയിൽ ലേറ്റ് എന്ട്രിയായിരുന്നു) കാസറ്റ്, റ്റേപ് റിക്കോറ്ഡർ, റ്റീവീ തുടങി ഓലേഞ്ഞാലി വരെ, ഒച്ച വരുന്ന എല്ലാ കുന്തവും അവൾക്ക് മൂന്നു വയസ്സാകുന്നവരെ വയ്യിതിരുമണം മാത്രം പാടി കൂമൻപള്ളിയിൽ. ആരെൻകിലും വേറെ എന്തെൻകിലും കേൽക്കാൻ ശ്രമിച്ചാൽ നിളവിളി, പടവിളി.
(കയറ് 15 പേജ് ഞാൻ വായിച്ചത. ഗണദേ & ശിവകാശികൾ ശ്രമിക്കാൻ ദൈര്യം കിട്ടിയിട്ടില്ല)
ഇതിന്റെ ക്ലൈമാക്സ് പറഞ്ഞില്ലാ.. ;-)
ഇതിനു ക്ലൈമാക്സില്ല ആദിത്യാ.
ഓരോ ചുറ്റിലും ഓരോ കഥാപാത്രത്തെക്കൂടി ഉൾപ്പെടുത്തി ഈ കഥയിങ്ങനെ അനന്തമായി നീളും, കുട്ടി ഉറങുന്നതുവരെ. വേഗമുറങാത്ത കുട്ടിയാണെൻകിൽ അവസ്സാനമൊക്കെ വാചകത്തിന്റെ നീളം കാരണം ഒരു “മധുമൊഴി രാധേ നിന്നേ തേടീ” എഫക്റ്റ് തോന്നും കഥ പറയുന്നയാൾക്ക്.
ആൽടർനേറ്റ് കറുപ്പും വെളുപ്പഊമ്മ് നിറം ആവർത്തിച്ചു കാട്ടി ഹിപ്നോട്ടിക് നിദ്രയുണ്ടാക്കുന്ന ഡോക്റ്ററുടെ അതേ തന്ത്രം പ്രയോഗിക്കുന്നു അമ്മ. ഹെന്റമ്മോ കൊച്ചുങ്ങളെ വളർത്തണേൽ എന്തെല്ലാം പഠിക്കണം.
ചിന്ത്യ (അരുൺ ഒഴികെ എല്ലാവരുടെയും അ വെട്ടി)ഈ പോസ്റ്റെങ്ങാൻ വായിക്കുന്നെൻകിൽ പകർപ്പവകാശം...
അയ്യോ ദേവാ my apologies. എല്ലാരുടെയും "A" വെട്ടിയ വിവരം ഞാൻ ഒരു ബ്ലോഗർ വിളിച്ചു പറഞ്ഞപ്പോഴാണറിഞ്ഞതു. ഇതിനു മുമ്പ് Censor Board ഇൽ ആയിരുന്നോ ജോലി??
എന്ന് സന്തോഷത്തോടെ, തുല്യ.
ഹിപ്നോട്ടിക് ആണെന്നു പറഞ്ഞു കൂടെന്നു തോന്നുന്നു ദേവാ. ഈ പറയപ്പെടുന്ന ഏതെൻകിലും നരിയുടേയൊ മുയലിന്റെയോ കൂടെ അവൻ പതുക്കെ അങ്ങു പോവുകയാണു ചെയ്യുന്നതെന്നാണെനിക്കു തോന്നുന്നതു്. കഥ ബാൿഗ്രൌണ്ടിൽ.
അതുല്യേടെ സന്തോഷം കണ്ടില്ലേ? എന്റെ കാലു പോയാലും വേണ്ടില്ല അന്യന്റെ മുക്കാലു പോയല്ലോ ല്ലേ? ഈ നിയമവും കൊണ്ടാ അനിലിന്റെ അടുത്തേക്കു ചെന്നേക്കരുതു്. ഇടി കിട്ടും രണ്ടാൾക്കും.
ഇതൊക്കെ ഇപ്പോഴും ഓർത്തിരിപ്പുണ്ടല്ലോ.. നന്നായിരിക്കുന്നു.... നാട്ടിലുള്ള കൊച്ചുപൈതങ്ങൾക്ക് ഇത്തരം കഥകളൊക്കെ കേൾക്കാനുള്ള ക്ഷമ കാണുമോ ആവോ.. നാട്ടിൽ പോകുമ്പോൾ പിള്ളേർക്ക് എന്തെങ്കിലുമൊക്കെ കൊടുക്കുമ്പോൾ വീഡിയോ ഗെയിം, തോക്ക് ഇത്യാദി സാധനങ്ങളൊന്നും കൊടുക്കില്ലാ എന്നൊരു അണ്ണാറക്കണ്ണനും തന്നാലായത് പരിപാടി നടത്തുന്നു.
എഗ്ഗ് ഹെഡ് എന്നാല് ദെവരാഗം. തല്ക്കുള്ളിലെ മസാല വരികളിലൂടെ പ്റകടമാവുന്നു.
ഇ എഗ്ഗ് ഹെഡ് ഉപയൊഗിച്ചു ബ്ളൊഗിലെ വല്ലാത്ത പോടുകളില് പെട്ടു പോകുന്ന മുട്ടകള് ഇനിയും എടുത്തു തരൂ ദേവരാഗമേ. ഞങ്ങള് ഉറങ്ങാതിരിക്കാം.
നിങ്ങള് പരയുമ്പോള് ഞങ്ങള്ക്കുറക്കം വരില്ല.
Post a Comment