Friday, November 11, 2005
ഇരുള്‍ മൂടിയ ഏടുകള്‍..
ചരിത്രം ജനിക്ക്കും മുന്നേ കൂമന്‍പള്ളി മന ജനിച്ചു. പക്ഷേ എന്റെ പൂര്‍വികന്‍ അതിന്റെ ബ്രാഹ്മണവാലായ മന വെട്ടിക്കളഞ്ഞു വെറും കൂമന്‍പള്ളി ആക്കും മുന്നേയുള്ള കാര്യം എനിക്കറിയേണ്ടതില്ലല്ലോ..കൂമന്‍പള്ളി മനയ്ക്കല്‍ നമ്പൂതിരിമാരുടെ കയ്യില്‍ നിന്നും പ്രസ്തുത സ്ഥാവരം ശ്രീ പരമേശ്വരപിള്ള വാങ്ങിയെന്നാണ് ചരിത്രം. കൂമന്‍പള്ളി മനക്കല്‍ നമ്പൂരിശ്ശന്മാര്‍ വെറും മനക്കല്‍ നമ്പൂതിരികള്‍ ആയും വെറും പരമേശ്വരപിള്ള കൂമന്‍പള്ളി പരമേശ്വരപിള്ളയായും ഭവിക്കാന്‍ ഈ വിക്രയവിക്രിയ കാരണമായത്രേ.പരമേശ്വരപിള്ള ആയിരത്തി എഴുന്നൂറുകളുടെ അവസ്സാനമാണ് കൂമന്‍പള്ളിയിലെത്തിയതെന്ന് ഒരു ഇളംകുളം കുഞ്ഞപിള്ളക്കണക്കില്‍ അനുമാനിക്കാം. ഗായകനായിരുന്ന അദ്ദേഹം കൂമന്‍പള്ളിക്കു താഴേക്കുള്ള വയലും അക്കരയിലെ കാടും നോക്കി ഇറയത്തിരുന്നാല്‍ പാടാത്ത വീണവും പാടുമെന്നുകണ്ട് മോഹിച്ചാണത്രേ മനക്കു മോഹവില പറഞ്ഞ് നമ്പൂതിരിമാരെ കുടിയൊഴിപ്പിച്ചത്. ഇദ്ദേഹം വയലില്‍ ഇരുന്നു പാടിയതും അക്കരെ തെങ്കര മാമ്പുഴ ഭാഗത്തെ കാറ്റുവീഴ്ച്ചയുമായി എന്തെങ്കിലും ബന്ധമുണ്ടൊ എന്നു വ്യക്തമല്ല. വീട്ടുപേരു ചുരുക്കി കൂ പ പരമേശ്വരാ എന്നു ആരെങ്കിലും വിളിക്കുമോ എന്നു ഭയന്നാറൊ എന്തോ കൂമന്‍പള്ളിയില്‍ ലോപിച്ച് കൂമ്പള്ളിയിലും കുമ്പേലിലും ഒക്കെ ആയി.പരമേശ്വരപിള്ള ചെയര്‍മാനായിരുന്ന കാലത്തെ കൂമന്‍പള്ളിയെക്കുറിച്ച് മറ്റൊരു വിവരവും തല്‍ക്കാലം ലഭ്യമല്ല, ഗവേഷണം പുരോഗമിക്കുന്നതനുസരിച്ച് ഈ ഭാഗങ്ങള്‍ എഡിറ്റ് ചെയ്യപ്പെടും..പരമേശ്വര പിള്ളക്കും ഈച്ചരന്‍ മില്ലക്കാരനും ഇടക്ക് ഒരു തലമുറയുടെ ഗ്യാപ്പും ഇപ്പോഴുണ്ട്.. ഇതും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു..വെറും പിള്ളമാരായിരുന്ന കൂമന്‍പള്ളിക്കാരെ "മില്ലക്കാര്‍" എന്ന സ്ഥാനാര്‍ഹരാക്കിയത് ഈച്ചരന്‍ മില്ലക്കാരന്‍ ആയിരുന്നു. (മില്ലക്കാര്‍, സ്വരൂപക്കാര്‍ ,പാദമംഗലക്കാര്‍, മണിഗ്രാമക്കാര്‍ എന്നിങ്ങനെ കൊല്ലം നായന്മാര്‍ നാലു സ്ഥാനക്കാര്‍) പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ എന്നു പാടി പ്രണയിച്ച പരമേശ്വര പിള്ളയുടെ കൊച്ചനന്തിരവന്‍ ഈച്ചരപിള്ള വാളെടുത്തു. ദേശിങ്ങനാട്ടു കളരി സ്ഥാപിച്ചു. ഈച്ചരന്‍ മില്ലക്കാരനായി. ഈമെയില്‍ക്കാരന്റെ കഥകളും അറിയില്ല (പിന്നെന്തിനാ ഈ പാതകത്തിറങ്ങി പുറപ്പെട്ടതെന്ന തെറി ഞാന്‍ കേള്‍ക്കുന്നു, ക്ഷമീരു പിള്ളേരേ)ഈ മില്ലക്കാരന്റെ അടുത്ത തലമുറയില്‍ പപ്പുവമ്മാവന്‍ ജനിച്ചു. അടുത്തോട്ടു കൂടിയിരിക്കിന്‍ കുട്ടികളെ, ഇനിയുള്ള കഥകള്‍ ഞാന്‍ പറയാം...
Subscribe to:
Post Comments (Atom)
No comments:
Post a Comment