Tuesday, June 13, 2006
സ്റ്റാനിന്റെ ഇരുപത്തിനാലാം തവണ
"N3161P ഫോര്‍ B2" എന്നു കേട്ടതും പാര്‍ക്കിംഗ് ബേ രണ്ടില്‍ സ്വീകരിക്കാനോടിയെത്തിയ ഈ രണ്ടു പേര്‍
ആകാംഷയോടെ കൈ കൊടുക്കാന്‍ കാത്തു നിന്നത് എതെങ്കിലും ഒരു വയസ്സന്‍ പൈലറ്റിനെയാണ്. വയസ്സുകാലത്ത് കടക്കെണിയിലായിട്ടോ ഇനിയും ഒന്നും സമ്പാദിക്കാനായില്ല എന്ന നിരാശ കൊണ്ടോ ഒരു പ്രൊപെല്ലര്‍ എഞ്ജിനും നാലു സീറ്റുമുള്ള ചെറു വിമാനത്തെ അറ്റ്ലാന്റിക്ക് മരണക്കെണിക്കു കുറുക്കേ ചാടിച്ച് ക്വിക്ക് മണി ഉണ്ടാക്കാന്‍ തുനിഞ്ഞ ഒരാളിനെ.
ഷഡൌണ്‍ ചെക്ക് നടത്തുന്ന തന്നെ ഇവര്‍ അതിശയത്തോടെ നോക്കി നിന്നു. പിന്നെ ഡെവണ്‍ ചോദിച്ചു . "ഗ്രീന്‍ലന്റില്‍ നിന്നും എറ്റെടുത്തതാണോ അതോ.. ആദ്യം മുതല്‍ക്കേ?"
"നിന്റെ ഈ സുന്ദരി ഫീനിക്സിലെ ഷോപ്പ് വിട്ടതു മുതല്‍ എന്റെ കയ്യിലായിരുന്നു." കാരൊലിന്‍ ചിരിച്ചുകൊണ്ട് താക്കോല്‍ നീട്ടി. "അവളെ ഇനി നീയെടുത്തോ." അവന്റെ കണ്ണുകള്‍ അതിശയം കൊണ്ട് വിടര്‍ന്നിരുന്നു അപ്പോള്‍.
മറ്റൊരു ബീര്‍ ഒഴിഞ്ഞു. മൌനം തികട്ടിയ ലഹരിച്ചിരികള്‍ സഹിക്കാതായപ്പോള്‍ പാത്രിയാര്‍ക്കിസ് ചോദിച്ചു " ട്രാന്‍സ് അറ്റ്‌ലാന്റിക്ക് ഫെറി പുരുഷന്റെ കുത്തകയാണല്ലോ, എന്തുകൊണ്ടാണത്? ഒരു സ്ത്രീക്ക് എന്തെങ്കിലും അധികമായ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ?"
"ഉണ്ടല്ലോ. സ്ത്രീക്ക് നിങ്ങളെപ്പോലെ പീ ബാഗില്‍ മൂത്രമൊഴിക്കാന്‍ പറ്റില്ല" കാരൊലിന്‍ വീണ്ടും ചിരിച്ചു. "ഇതുപോലത്തെ ചോദ്യം ചോദിക്കാന്‍ നീ ആരു? റ്റീവീ റിപ്പോര്‍ട്ടറോ?"
"കാരൊലിന്‍, നീ എന്തുകൊണ്ട് എയര്‍ലൈനില്‍ ചേരാതെ ഈ പ്രായത്തില്‍ ജീവന്‍ പണയപ്പെടുത്തുന്ന കളിക്കിറങ്ങി? നിനക്കു വീട്ടില്‍ ആരുമില്ലേ?" ഡേവണ്‍ ചോദിച്ചു.
"അങ്ങനെ ചോദിക്ക്." കാരൊലിന്‍ പഴ്സില്‍ നിന്നും മൂന്നു ഫോട്ടോ എടുത്ത് അവര്‍ക്കു നീട്ടി. "ഇത് എന്റെ മകള്‍, ഇത് എന്റെ അമ്മ, ഇത് അമ്മയുടെ അമ്മ.
സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാനും അമ്മയും മാത്രമായിരുന്നു വീട്ടില്‍. ഞെരുക്കമായിരുന്നു പണത്തിന്‌അമ്മ ഒരിക്കലും പുറത്തൊന്നും പോയിരുന്നില്ല, ഞാനാകട്ടെഎന്നും പുതിയ കാര്യങ്ങള്‍ കാണാന്‍ ആശിച്ചു. അതാ ആ മൂലക്ക് ബീയര്‍ കുടിച്ചിരിക്കുന്ന തടിയന്മാരെ കണ്ടോ? എതു ബാറില്‍ ചെന്നാലും ഇതുപോലെ വയസ്സരെ കാണാം. ഒന്നിനും കൊള്ളാത്ത ഈ കിഴവന്മാര്‍ക്ക് ഒരിക്കലും പെണ്ണുങ്ങളെ കിട്ടില്ല. ചെറുപ്പക്കാരികള്‍ അടുത്തിരിക്കാന്‍ അവര്‍ എന്തും ചെയ്തു തരും. ഞാന്‍ എവിടെപ്പോയാലും ഈ തരം വയസ്സരെ ഉന്നമിട്ടു തുടങ്ങി. പിന്നെ പഠിത്തം സ്കൂളില്‍ തന്നെ നിറുത്തി എപ്പോഴും ഇവരോടൊപ്പമായി. രാവിലെ തുടങ്ങുന്ന കുടി ബോധം കെട്ട് ആരുടെയെങ്കിലും കിടക്കയില്‍ വീഴും വരെ.
അതങ്ങനെ തുടര്‍ന്നു ഒന്നുരണ്ടു വര്‍ഷം.ഒരിക്കല്‍ എനിക്കു വേണ്ടി രണ്ടു കിഴവന്മാര്‍ തല്ലു കൂടി. ഇടയില്‍ പെട്ടു ഞാന്‍ തല്ലു കൊള്ളുന്നതു കണ്ടപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടി വന്നു, എന്നെ കൂട്ടിക്കൊണ്ട് പോയി. എന്റെ ജീവിതത്തിലെ ആദ്യ സുഹൃത്ത് അയാളായി-സ്റ്റാന്‍.
സ്റ്റാന്‍ എന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് പോയി.അതുവരത്തേതുപോലെ ഒരൊഴിഞ്ഞ, പുളിച്ച ബീയറും പഴന്തുണിയും നാറുന്ന മുറിയിലേക്കല്ല,അയളുടെ അമ്മയുടെ അടുത്ത്. "ഇവളെ നമുക്കു നേരേയാക്കണം" സ്റ്റാന്‍ എപ്പോഴും അങ്ങനെയാണ്. ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം, കുടിക്കും വരെ. കുടിച്ചാലോ പിന്നെ എന്തൊരു സംസാരം. "മിണ്ടാതിരിക്ക്" എന്നു പറഞ്ഞു പോകും.
സ്റ്റാന്‍ അരിസോണയിലെ ഒരു ഫ്ലയിംഗ് സ്കൂളില്‍ ഇന്‍സ്ട്രക്റ്റര്‍ ആയിരുന്നു. എനിക്ക് ഫ്രണ്ട് ഓഫീസില്‍ സഹായികയായി ഒരു ജോലി വാങ്ങി തന്നു. ആ പണം കൊണ്ടും സ്റ്റാനിന്റെ ശമ്പളം കൊണ്ടും ഞാന്‍ ആ സ്കൂളില്‍ ഫ്ലൈയിംഗ് പഠിച്ചു, പി പി എലും പിന്നെ അങ്ങോട്ട് trainer റേറ്റിങ്ങും കിട്ടി, ഞാനും ആ സ്കൂളില്‍ഇന്‍സ്ട്രക്റ്റര്‍ ആയി. രണ്ടുവര്‍ഷം കഴിഞ്ഞു.
ഞാന്‍ മോളെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്റ്റാനിന് അവന്റെ സ്വപ്നമായിരുന്ന അറ്റ്ലാന്റിക്ക് ഫെറിക്ക് അവസരം കിട്ടി. ഈസ്റ്റ് യൂറോപ്യന്‍ എയര്‍ റേസിനുള്ള 65 വിമാനങ്ങളെ എത്തിച്ചു കൊടുക്കുന്നവരില്‍ ഒരാള്‍ ആയിട്ടായിരുന്നു വിളിച്ചത്. റോളര്‍ കോസ്റ്റര്‍ കണ്ട കുട്ടിയെപ്പോലെ സ്റ്റാന്‍ സന്തോഷത്തിലായി. പ്രസവിക്കാന്‍ അവധിയെടുത്ത് വീട്ടിലിരിക്കുന്ന എന്നെ അവന്‍ നിര്‍ബ്ബന്ധിച്ചു കടയില്‍ വിളിച്ചുകൊണ്ടു പോയി ഇമ്മേര്‍ഷന്‍ സ്യൂട്ടും ജാക്കറ്റും വാങ്ങി. ഫെറിക്കുള്ള സെസ്നാകള്‍ നിരന്നു കിടക്കയിടത്ത് അനേകം ആളുകളുടെ ഇടയില്‍ സ്റ്റാനും വലിയ വയറുമായി ഞാനും പരസഹായമില്ലാതെ ഫെറി ടാങ്കുകള്‍ കൊണ്ടുപോകേണ്ട വിമാനത്തിനു ഘടിപ്പിച്ചു. വീട്ടില്‍ നിന്നും നിറയെ ഭക്ഷണം കഴിച്ചു. രണ്ടു പഴം കൂടി വാങ്ങിയിരുന്നു ഞാന്‍. ക്യാനഡയിലെത്തുമ്പോഴേക്ക് അവനു സുഖ ശോധന കഴിഞ്ഞ് അസ്വസ്ഥതകളില്ലാതെ 'കുളം താണ്ടാന്‍' . കൊച്ചു കാസറോളില്‍ ഒലിവ് ഉപ്പിലിട്ടതും, ഒരു കുപ്പി ഓറഞ്ച് ജ്യൂസും ഇവിടന്നേ പൊതിഞ്ഞു കൊടുത്തു വിട്ടു.
ഗൂസ് ബേയില്‍ നിന്നും സ്റ്റാന്‍ വലിയ ആവേശത്തിലാണ് വിളിച്ചത്. "ഡാര്‍ലിംഗ്, എന്തു രസം, ഇവിടെ നിറച്ചു വിമാനങ്ങള്‍. ഞങ്ങള്‍ ഒരു വ്യോമസേനാ ഫോര്‍മേഷന്‍ പോലെ തോന്നുന്നു. ഓ, പിന്നെ നിന്റെ സൂത്രം ഫലിച്ചു. വയറ്റില്‍ നിന്നും മുഴുവന്‍ പോയി.ഇമ്മേര്‍ഷന്‍ സ്യൂട്ട് ഇട്ടു നില്‍ക്കുകയാണു ഞാന്‍, ആസകലം ചൊറിയുന്നു ലാറ്റെക്സ് എനിക്കു പിടിക്കുന്നില്ല."
ഗ്രീന്‍ലന്റില്‍ നിന്നു വിളിക്ക് സ്റ്റാന്‍, ഞാന്‍ കാത്തിരിക്കാം..ഞാനന്ന് ഉറങ്ങിയില്ല. ഭയമൊന്നുമില്ലായിരുന്നു. വെറുതേ റ്റീവീ നോക്കി ഇരുന്നു.
ഗ്രീന്‍ലന്റില്‍ നിന്നും കാള്‍ വന്നതും ഓടിപ്പോയി എടുത്തു.തണുത്തു മരവിച്ച ഒരു ശബ്ദം മെല്ലെ പറയുന്നു"അറുപത്തിരണ്ടുപേരേ ഇവിടെ വന്നുള്ളു. അറ്റ്‌ലാന്റിക്ക് കൊണ്ടുപോയ മൂന്നുപേരില്‍ ഒന്ന് നമ്മുടെ സ്റ്റാന്‍ലി ഫ്രീമാന്‍.."
കുറച്ചു നേരം കഴിഞ്ഞ് ഞാന്‍ സ്റ്റാനിന്റെ അമ്മയെ വിളിച്ചു. "അവന്‍ ആറായിരം അടി വെള്ളത്തിനു താഴെ. ശ്വാസം മുട്ടുന്നു കാരൊലിന്‍" അമ്മ വിതുമ്പി.
സ്റ്റാനില്ലാതെ എനിക്കും ജീവിതം ബാക്കി ഒന്നുമില്ലല്ലോ."കരയരുത് അമ്മ, ഞാന്‍ പറഞ്ഞു. ഞാനാണ് ഇനി അമ്മയുടെ സ്റ്റാന്‍. അടുത്തയാഴ്ച്ച അമ്മക്കൊരു പേരക്കുട്ടി ഉണ്ടാവും. പെണ്‍കുട്ടി. അവളുടെ അച്ഛന്‍ ക്യാപ്റ്റന് സ്റ്റാനും ഞാനാണ്."
കാരൊലിന്‍ മേശപ്പുറത്തേക്കു ചാഞ്ഞു.
"ഇതു നിന്റെ എത്രാമത്തെ ഫെറി, സുഹൃത്തേ?" പാത്രിയാര്‍ക്കീസ് ചോദിച്ചു.കാരൊലിന്‍ എന്നോ സ്റ്റാന്‍ എന്നോ വിളിക്കേണ്ടൂ എന്ന് തിട്ടമില്ലാതെ സുഹൃത്തേ എന്നവന്‍ വിളിച്ചതാണെന്നു തോന്നുന്നു.
"ഇത് എന്റെഇരുപത്തി നാലാം ഉദ്യമം, ഇരുപത്തി മൂന്നാമത്തെ പൂര്‍ത്തിയായ ഫെറി."
Monday, June 05, 2006
പൈതൃകം
കൌണ്ടര്‍ അധികാരി ടിപ്പിക്കല്‍ തിരുവല്ലാക്കാരന്‍ ഐപ്പു ചേട്ടന്‍. നരച്ച മീശ. ദേ ഇപ്പോ ഞാന്‍ റിട്ടയര്‍ ചെയ്യും എന്നു പറയുന്ന മുഖം. ആരേയും ശ്രദ്ധിക്കുന്നില്ലെങ്കിലും നാട്ടിലെപ്പോലെ ഉറക്കമല്ല, ഇടക്കൊക്കെ പണിയെടുക്കുന്നുണ്ട്.
വല്ലാത്ത മണം. ക്യൂവില്‍ എന്റെ തൊട്ടു മുന്നിലെ കണ്ണിയായി നില്‍ക്കുന്ന സത്വം കോക് ടെയില്‍ പെര്‍ഫ്യൂം അടിച്ചു വന്നിരിക്കുന്നു. കരിയോയില്‍ പുരട്ടി വിട്ട ഹിപ്പോപ്പൊട്ടാമസ് പോലെ സുന്ദരകളേബരം ലെതര്‍ ജാക്ക്റ്റില്‍ പൊതിഞ്ഞ് മുകളിലൂടെപട്ടിച്ചങ്ങല കെട്ടിയിരിക്കുന്നു. നാലഞ്ചു നിറത്തില്‍ മുടി. എന്തൊക്കെ ചെയ്തിട്ടും മുഖത്തെ ആ മലബാര്‍ ടച്ച്! അതു മാറില്ലല്ലോ..
ഇവന്‍ എന്തു പണിയെടുത്തു ജീവിക്കുന്നെന്നാലോചിച്ചിട്ട് എനിക്കൊരു കണ്‍ക്ലൂഷനെത്താന്‍ കഴിയും മുന്നേ അവന്‍ ജനാലക്കല്‍ എത്തി.
പേര്? പെരിയ കൌണ്ടര്‍ വാഴും ഐപ്പ്
എക്സ്യൂസ് മീ? സത്വന്‍
ഓ മലയാളി അല്ലിയോ.
നാം?
ഉം?
ഹിന്ദിയും അല്ലേ, ഐപ്പേട്ടന്‍ ആംഗലേയത്തില്‍ പ്രവേശിച്ചു
നെയിം പ്ലീസ്
റോനന്‍
ഇത്തവണ എക്സ്യൂസ് മീ പറഞ്ഞത് ഐപ്പേട്ടന്‍ ആണ്.
"റോ-ന-ണ്‍. റോമിയോ , ഓസ്‌കാര്‍, നവംബര്‍, ആല്‍ഫാ, നവംബര്‍" കൂടത്തില്‍ ഇവന്‍ ആരെടാ മന്ദബുദ്ധി എന്ന രീതിയില്‍ ഒരു നോട്ടവും.
ഐപ്പു ചേട്ടന്‍ ഫൊണറ്റിക്ക് ആല്‍ഫബറ്റ് ആദ്യമായി കേട്ടതാണെന്നു തോന്നുന്നു, ഒന്നും മനസ്സിലാകാതെ ചമ്മി. പിന്നെ പാസ്സ് പോര്‍ട്ട് ചോദിച്ചു വാങ്ങി അതു നോക്കി പേരെഴുതി . റോണന്‍ കോണ്‍സുലര്‍ ഓഫീസിനെ പുശ്ച്ചം നിറഞ്ഞ കണ്ണാലെ വട്ടത്തില്‍ ഉഴിഞ്ഞു.
"ഫാദേര്‍സ് നെയിം?" ആത്മ വിശ്വാസം പോയ ഐപ്പേട്ടന്‍ ദുര്‍ബ്ബലമായ ശബ്ദത്തില്‍ ചോദിച്ചു.
"മതുപിലാ"
സോറീ?!
"മതുപിലാ, മൈക്ക്, ആല്‍ഫാ, ടാംഗോ, യൂണിഫോം.."
അയ്യോ. ഗുമസ്തേട്ടന്‍ മരിച്ചാല്‍ ഈ ആപ്പീസിനു അവധിയാകും, ഞാന്‍ കണ്ണൂസ് നാട്ടില്‍ നിന്നും ഇത്രയൂം ദൂരം താണ്ടി കുറുമാന്‍ നാടുവരെ നാളെയും വരണം. ഇടപെടണം. റെസ്ക്യൂവര്‍ ആയി ഞാന്‍ ഇടപെട്ടു
"സാറേ മാതുപിള്ള എന്ന ഈ ആള്‍ പറഞ്ഞത്"
റോണന്‍ കുത്തു കൊണ്ട പോലെ ഒന്നു പുളഞ്ഞു.
"ആന്നോ? വീട്ടുപേര്‍ എന്താ?" വരമ്പത്തു നിന്നും തേക്കു കണ്ടത്തിലേക്ക് വഴുതിയിറങ്ങിയ വരാലിനെപ്പോലെ ഗുമസ്ത്ജി ജീവിതം ആഞ്ഞുള്‍ക്കൊണ്ടുകൊണ്ട് ചോദിച്ചു
"തണ്ണിത്തൊടി" ഇത്തവണ റോണനു മലയാളവും മനസ്സിലായി അവന്‍ പറഞ്ഞത് ഐപ്പിനും
നല്ലപോലെ മനസ്സിലായി- റേഡിയോ കാള്‍ ഇല്ലാതെ തന്നെ.
റോണന്റെ ഊഴം കഴിഞ്ഞു ഞാന്‍ കൌണ്ടറിലെത്തി. പക്ഷേ, എന്നെ പരിചരിക്കും മുന്നേ ഐപ്പ് മൈക്ക്
എടുത്ത് ഒരൊറ്റ അനൌണ്‍സ്‌മന്റ്
"തണ്ണിത്തൊടി വീട്ടില്‍ മാതു പിള്ള മകന്‍ റോനന്‍, പ്ലീസ് റിട്ടേണ്‍ റ്റു കൌണ്ടര്‍" ജനക്കൂട്ടം മുഴുവന്‍ റിട്ടേണിയെ നോക്കുമ്പോള്‍ പരസ്യമായി അപ്പനു വിളി കേട്ടമാതിരി അപമാനം കൊണ്ട് മുഖം കുനിച്ച് മാതു പിള്ളക്കു പൊടിച്ച പാഴ് തിരിച്ച് കൌണ്ടറിലെത്തി,
ഐപ്പു പറഞ്ഞ സ്ഥലത്ത് ഒപ്പിട്ടു, പോകാന്‍ പറഞ്ഞതും ആവിയായി മറഞ്ഞു. ഞാന്‍ ചിരിച്ചു പോയി.
എനിക്കത്ര ചിരിയും മറ്റും വരുന്നില്ല, ഐപ്പുസാര്‍ പറഞ്ഞു
അതെന്താ സാറേ?
ആ മാതുപിള്ള മരിച്ചിട്ടില്ലെങ്കില്‍ അയാള്‍ വഴിയിലോ മറ്റോ ആയിരിക്കും. തണ്ണിത്തൊടി വീട്ടില്‍ നിന്നും അയാളെ ഈ ചെറുക്കന്‍ അടിച്ചിറക്കി കാണുംഎന്നത് ഉറപ്പാണ്. എതു തന്തക്കും നാളെ ഇതുപോലെ വരാം.
"ആരും മതുപിലയായി ജനിക്കുന്നില്ല സാര്‍, വൃത്തികെട്ട ഈ സമൂഹ..." എന്ന ഡയലോഗ് എനിക്കു വായില്‍ വന്നു. ഐപ്പു ചൂടാകുമെന്ന് ഭയന്ന് പറയാതെ അടക്കിക്കളഞ്ഞു
(അരവിന്നന്‍ കുട്ടി പറയുമ്പോലെ തീരെ നേരമില്ലെങ്കിലും എന്റെ ബ്ലോഗ്ഗെഴുത്ത് മരിച്ചിട്ടില്ലെന്ന് സ്വയം ഒരു ഉറപ്പിനു ഞാന്‍ ഈ
റോണനെ ഇറക്കി വിട്ടോട്ടേ ഇവിടെ)
Tuesday, April 25, 2006
ബിസ്മി
പോലീസുകാരന്‍ സ്റ്റേഷനു മുന്നില്‍ വണ്ടി നിറുത്തിച്ച് ഒരു നന്ദിവാക്കു പോലും പറയാതെ ഇറങ്ങിപ്പോയിക്കഴിഞ്ഞ് ഞങ്ങള്‍ ഈ വൃദ്ധന്‍ അയാള്‍ക്ക് ഇരിക്കാന്‍ ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കേണ്ടിയിരുന്നില്ലെന്ന് പ്രമേയം പാസ്സാക്കി.
"ഒരു ഏ എസ് ഐ എന്നാല്‍ വെറും ഒരു ക്ലെര്‍ക്ക് അല്ലേ? എന്തിനാണു എഴുപതു വയസ്സായ അലിയാരുകാക്ക പെട്ടിയും കുടുക്കയും താങ്ങി എഴുന്നേറ്റ് എമ്മാനെ ഇരുത്തുന്നത്? കെ എസ് ഈ ബിയിലെ ഒരു ക്ലാര്‍ക്കായിരുന്നു വന്നതെങ്കില്‍ ഇങ്ങനെ എഴുന്നേറ്റു കൊടുക്കുമായിരുന്നോ? കാക്കായെപ്പോലുള്ളവരാണീ നാട്ടില്‍ പോലീസിനെ.."
പുള്ളേരേ, ഈ വഴിയോരത്ത് ഓടപ്പുറത്ത് ഞാനെന്റെ കച്ചവടം നടത്തുന്നു. എന്നും കാണുന്ന മുഖങ്ങള്‍ പോലീസുകാര്‍, അവരിലൊരാള്‍ക്ക് എന്റെ മുഖം തിരിച്ചറിയാനായാല്‍.
ചിന്നക്കടയെത്തി. "എല്ലാരും ഇറങ്ങണം." കണ്ടക്റ്റര്‍ അറിയിച്ചു.
"യേഷ് ഖമിംഗ്" ബിസ്മിയലി പെട്ടിയെടുത്തു. തുവര്‍ത്ത് തോളിലൊരു ഷാള്‍ പോലെ ഇട്ടു. മുണ്ടു മടക്കി കുത്തി ഇറങ്ങിപ്പോയി.
ബിസ്മി പൌണ്ടന്‍ പേനകള്‍, ഞെക്കുമ്പോ നിബ്ബ് വരികയും വീണ്ടും ഞെക്കുമ്പോളത് ഉള്‍വലിയുകയും ചെയ്യുന്ന ജൂബിലി ആട്ടോമാത്തിക്ക് പേനകള്‍, റീഫില്‍, ക്യാമല്‍ മഷി, ചെല്‍പ്പാര്‍ക്ക് മഷി, റൂളിപ്പെന്‍സില്‍, ഡബ്ബര്‍. എഴുത്തു സാമഗ്രികളെല്ലാം വില്‍പ്പനക്ക് അലിയാരുടെ കയ്യിലുണ്ട്. ഒരു ചിലന്തി വല കെട്ടിയിരിക്കുമ്പോലെ ഓടപ്പുറത്തു വിരിച്ച ടാര്‍പ്പാളിനില്‍ ഇതെല്ലാം നിരത്തി തിമിരത്തിന്റെ വെളുത്ത വളയങ്ങള്‍ വീണ കണ്ണാലെ നടന്നു പോകുന്നവരെ നോക്കി ആ കിഴവന്‍ അങ്ങനെ വെയിലിലേക്കു കാല്‍ നീട്ടി കടത്തിണ്ണയിലിരിക്കും.വഴിപോക്കരില്‍ ആരുടെയെങ്കിലും കണ്ണ്‍ പേനകളില്‍ തടഞ്ഞുനിന്നാല്‍ ഉറക്കെ ക്ഷണിക്കും"യേഷ് ഖമോണ്‍!"വിലപേശലൊഴിച്ചാല്‍ അലിയാരുടെ കച്ചവടത്തില്‍ ആര്‍ക്കും കുറ്റമോ കുറവോ കണ്ടുപിടിക്കാനൊന്നുമില്ല.
ചെറുപ്പകാലത്ത് മട്രിക്കുലേഷന്‍ എഴുതാന്‍ താന്‍ അലിയാരുടെ കയ്യില്‍ നിന്നും വാങ്ങിയ അതേ പേന താന്‍ പെന്‍ഷന്‍ മസ്റ്റ്രോള്‍ ഒപ്പിടാനും കൊണ്ടുപോകുന്നെന്നും മറ്റുമുള്ള പഴങ്കഥകള്‍ പറഞ്ഞ് കൊച്ചു മകനു പേനവാങ്ങാന്‍ വരുന്ന സമപ്രായക്കാരെ കാണുമ്പോള്‍ ആ കച്ചവടക്കാരന്‍ സംതൃപ്തിയോടെ പറയും "യേഷ്, റൈറ്റ്!"
അമ്പതു വര്‍ഷത്തെ റൈറ്റുകളുടെ കഥ ഞങ്ങളോടു പങ്കിടുന്ന ബസ് യാത്രകളിലൊന്നിലാണ് ആദ്യമായി ഒരു റോങ്ങ് കണ്ടെത്തിയതും. ജാസ്മിന്റെ ഫയലില്‍ കുത്തിക്കണ്ട ആ റോങ്ങിനെ താല്‍പ്പര്യപൂര്‍വ്വം ഊരിയെടുത്ത് ബിസ്മിയലി ചോദിച്ചു "പേര്‍ഷ്യേന്നു കൊണ്ടുതന്നതാണോയിത്?"
"അല്ല കാക്കാ, ഇതു ബ്യൂട്ടി പാലസില്‍ നിന്നു വാങ്ങിയതാ."
അലി റെയ്നോള്‍ഡ് പേനയെ തുറന്ന് ഗുണപരിശോധന നടത്തി.
യേഷ്. ഏറിയാലൊരാറു മാസം. പിന്നെ പിരിച്ചടക്കുന്നയിടത്തുവച്ച് പൊട്ടിപ്പോകും. എത്തര കൊടുത്ത്?അഞ്ചു രൂപായോ? യേഷ് ഖമോണ്‍. ആറുമാസത്തേക്കഞ്ചേ .വര്‍ഷത്തേല്‍ പത്ത്. മോള്‍ക്ക് അമ്പതു വര്‍ഷം എഴുതണമെങ്കില്‍ അഞ്ഞൂറുരൂപാ. അള്ളോ, ഇതു പറ്റിപ്പാ കച്ചോടം.
ജാസ്മിന്‍ തലയറഞ്ഞു ചിരിച്ചു."പൊന്നലിയാരു കാക്കാ. എന്റെ നാളത്തെക്കാര്യം പോലും എനിക്കറിഞ്ഞൂടാ. അമ്പതു വര്‍ഷത്തേക്കു പേനായോ."
ക്ലാസ്സില്‍ ഞാന്‍ ഒറ്റക്കൊരു ബഞ്ചിലായി . മഞ്ഞ നിറം തുടങ്ങിയ വെയിലിലേക്ക് നോക്കി ഉറക്കം തൂങ്ങുമ്പോള്‍ കണ്ണടക്കു മുകളിലൂടെ അലസമായി നോക്കിക്കൊണ്ട് പ്രൊഫസര്‍ വായിച്ചു "hence the decision to s set up a cell to wind up those companies referred to the Board for Industrial and Financial Reconstruction as per the new SICA, for which no viable rehabilitation package could be formulated. Those organizations that cannot keep adrift in the gush of the modern technological.. എഴുന്നേറ്റു. "സര്‍ സുഖമില്ല". ഹാങ്ങോവര്‍ പോലെ ഒരു പരവേശം.
ലേഡി അതലെറ്റ്‌സ് ഹോസ്റ്റല്‍ ജനാലയില്‍ നിന്നും നാലായി മടക്കിയ അരപ്പായ പ്രണയലേഖനം ചിറകുകളാക്കി ഒരു റോട്ടോമാക്ക് പേന താഴെ കൈക്കുമ്പിള്‍ നീട്ടില്‍ നില്‍ക്കുന്ന ചെറുക്കന്റെ നേര്‍ക്ക് പറന്നിറങ്ങി. അവന്‍ ഇതു കണ്ടോടാ ലവ്വ് എന്ന മട്ടില്‍ എന്നെ നോക്കി. എഴുതി എഴുതി പ്രണയം തെളിയട്ടെയെന്ന് രവീണ ഠണ്ടന്‍ അനുഗ്രഹിച്ച കമിതാക്കള്‍.
ഐലണ്ട് എക്സ്‌പ്രസ്സ് വന്നു നിന്നു. പത്തിരുനൂറോളം പേര്‍ ഒരു ജാഥപോലെ ചീനക്കാര്‍ നിര്‍മ്മിച്ച റെയില്‍ച്ചരക്കു പാണ്ടികശാലത്തിണ്ണയിലൂടെ നിരത്തിലെത്തി. എന്നാല്‍ ആരുടെയും കണ്ണുകള്‍ ഓടപ്പുറത്ത് നിരത്തിയ ബിസ്മിയിലും ജൂബിലിയിലും തടഞ്ഞുനില്‍ക്കുന്നില്ല.
"യേഷ് ഖമോണ്‍" ബിസ്മിയലി ആശയറ്റ് ആരെയെന്നില്ലാതെ ഉറക്കെ വിളിച്ചു.
തള്ളിവന്ന മഹാജനാവലിയുടെ കീശകള്‍ അലിക്കു നോട്ടുകള്‍ കൊടുക്കാതെ തിരക്കിട്ടു വഴിയിടുക്ക് കടന്നു പുറത്തു പോയി.
വെള്ളിയുടെ നിറമുണ്ടായിരുന്ന വെയില്‍ പെട്ടെന്നു മഞ്ഞയും പിന്നെ ബ്രൌണും ആയി. ബിസ്മിയലി താനറിയാതെ അടച്ചിട്ട കടയുടെ തുരുമ്പു ഷട്ടറിലേക്ക് ചാഞ്ഞു.
"യേഷ്?" ഒന്നും കഴിക്കാഞ്ഞിട്ടാവുമോ?
തള്ളി വന്ന ദീര്‍ഘശ്ശ്വാസം പ്രാണവായുവിന്‍ കണികകളൊന്നും അലിക്ക് കൊടുക്കാതെ നെഞ്ചിന്‍കൂട് കടന്നു പുറത്തു പോയി.
"യേഷ് ഖമിംഗ്".ബിസ്മില്ലാഹ്.
Tuesday, April 11, 2006
Police Story-3 ഗാന്ധിമാര്‍ഗ്ഗം
"എന്നെ ക്യാമ്പില്‍ വിട്ടേക്കു"
പറ്റെവെട്ടിയ മുടിയും കര്‍ക്കശമായ നോട്ടവുമായി ഒരെണ്ണം വടവി വരുന്നതു കണ്ടപ്പോഴേ ആട്ടോക്കാരന്‍ നിനച്ചതാ പോലീസാണെന്ന്. പിന്നേ, ചില്ലിക്കാശിനു ഇക്കണ്ട ദൂരമത്രേം പോകാന്‍ വട്ടല്ലേ അവന്.
"പെട്രോളില്ലല്ലോ സാറേ".
കലി കയറാതെ എന്തു ചെയ്യും?
"പെട്രോളില്ലാതെ ഈ വഴിയരുകില്‍ ഇതെന്തിനാടാ പയലേ? എന്നാ പിന്നെ ഇതൊരു കംഫര്‍ട്ടു സ്റ്റേഷനായി ഉപയോഗിക്കാം" ഒരമ്പതു പൈസാത്തുട്ട് ഡ്രൈവറുടെ നേരേ എറിഞ്ഞ് ഗാന്ധി ആട്ടോയില്‍ മൂത്രമൊഴിച്ചു!
ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, മീറ്റ് റിസര്‍വ്വ് പോലീസ് കോണ്‍സ്റ്റബിള്‍ മിസ്റ്റര്‍ ഗാന്ധി:- പാവം മഹാത്മാവിനെ ദഹിപ്പിച്ചത് നന്നായി. അടക്കം ചെയ്തതായിരുന്നെങ്കില്‍ ഹേ റാം എന്നു പറഞ്ഞു കിടന്ന രാഷ്ട്രപിതാവ് സ്വന്തം കുടുമ്മപ്പേരു എഴുതി വാങ്ങി കുട്ടിച്ചോറാക്കുന്ന പോലീസുകാരനെ കണ്ട് ഹറാം എന്നു പറഞ്ഞ് എഴുന്നേറ്റോടി വന്നേനെ. എതോ ഗാന്ധിയനു പിറന്ന ഈ തലതെറിച്ചോനും സാക്ഷാല്‍ ഗാന്ധിയുമായി ആകെയുള്ള മലബന്ധം ഇരുവരുടെയും മദ്യവിരോധം മാത്രം.
സര്‍പ്പബലി
3000 ചെറുപ്പക്കാര്‍, അരോഗ ദൃഢഗാത്രര്‍, ജഗജില്ലികള്‍ - മാത്രം വസിക്കുന്നൊരു സ്ഥലം. അവിടെ ഒന്നു വിലസണേല്‍ ചില്ലറ നമ്പരൊന്നും പോരാ കയ്യില്‍. ആട്ടുകല്ലിന്‍ കുഴവി എടുത്ത് മുതുകത്തു വച്ചു 301 പുഷ് അപ്പെടുക്കും എന്നൊക്കെയാ ഓരോരുത്തരുടെ വീരവാദം. എന്നാല്‍ വെറും ഒരാവറേജ് തടിയുടെ ഓണറായ ഗാന്ധിയാണവിടെ ഹീറോ. 2999 പേര്‍ക്കും ഇല്ലാത്ത ഒരു മുതലേ ഗാന്ധിക്കുള്ളൂ. നിഷ്കളങ്കത. അതും ഒറിജിനലല്ല. വെറും കാക്കപ്പൊന്നായ നിഷ്കളങ്കത. അതെടുത്ത് എന്‍ക്യാഷ് ചെയ്ത് ആടിനെ പട്ടിയാക്കിയും പട്ടിയെ ചിക്കനാക്കിയും ഇയാള്‍ ക്യാമ്പില്‍ ആര്‍മ്മാദിച്ചു. അവസരത്തിനൊത്ത് പൊട്ടനായും ചെട്ടിയായും മാറുന്ന ഗാന്ധിയന്‍ തന്ത്രങ്ങള്‍ക്കു മുന്നില്‍ അടിപതറാത്ത പോലീസുകാരനില്ലെന്ന് സര്‍വീസ് ചരിത്രം കാക്കി അക്ഷരങ്ങളില്‍ കുറിച്ചു വച്ചിരിക്കുന്നു.
ട്രെയിനര്‍ നാടാര്‍ക്ക് ചില തുറുപ്പു ചീട്ടുകളുണ്ട്, കൂടെ ഭയങ്കര പക്ഷപാതവും. അന്യം നിന്നു പോകുന്ന ചില കളരി മര്‍മ്മ പ്രയോഗങ്ങള്‍- "വെറും കൈ" എന്നൊക്കെ പറയുന്നത്- നാടാര്‍ക്കറിയാം. അതില്‍ നിന്നിത്തിരി പഠിക്കണേല്‍ ഗുരു ദക്ഷിണയായി സ്കോച്ചു വിസ്കീ, ട്രിവാന്‍ഡ്രം കോര്‍ണര്‍ ചിക്കന്‍ ഒക്കെ വയ്ക്കണമെന്നു മാത്രം. ബറ്റാലിയനില്‍ കൈയ്യില്‍ കാശുള്ളവന്‍ കളരി പഠിച്ചു, കാശില്ലാത്തവന്‍ കവാത്തും.
ആറരയടി പൊക്കവും നാലടി വീതിയും പോന്ന ഗുരുവിന്റെ ഗുരുകളേബരം മെയിന്റൈന്‍ ചെയ്യാന്‍ മെസ്സിലെ ചോറും ശിഷ്യരുടെ ചട്ടീല്‍ കൈയിട്ടുവാരുന്നതും പോരാത്തതിനാല്‍ അദ്ദേഹം വൈകിട്ട് ഒരു ബൈക്ക് റൈഡ് നടത്താറുണ്ട് - ഒറ്റക്ക്. തട്ടുകടയിലെ പോത്തിറച്ചി, അതു ദഹിക്കാന്‍ മൂന്നു പിടി ചാരായവും ഇതിന്റെയെല്ലാം അസിഡിറ്റി പോകണമെങ്കില്‍ രണ്ടു കവര്‍ മില്‍മ ഫുള്‍ ക്രീമിലും, ജീവിതം എന്തൊരു ചിലവാണപ്പോ.
ഈ മനുഷ്യന്‍ എല്ലാ ദിവസവും കള്ളുകുടിയോ? ഗാന്ധിയന്‍ രക്തം തിളച്ചു. നാടാരെ ഉപദേശിച്ചാല്‍ തെറിയും ചോദ്യം ചെയ്താല്‍ മരണവും ഉറപ്പ്. പരാതിപ്പെടാന്‍ വകുപ്പുമില്ല. എന്നാലും വെയര്‍ ദെയറീസേ വില്ല് ദെയറീസേ വെയര്‍ എന്നല്ലേ വില്ലടിമച്ചാന്‍പാട്ട്.
ഗാന്ധിക്ക് വേ ആയി അവതരിച്ചത് കമാന്‍ഡന്റ് സാക്ഷാല്‍ ജയച്ചന്ദ്ര വര്‍മ്മ. ഹനുമാന്റെ മുഖലക്ഷണം മാത്രമല്ല, ഭക്തിയും ഉള്ളയാള്‍. അണ്ണാന്റെ മുതുകിലെ പോലെ ഭസ്മം കൊണ്ട് അഞ്ചാറു വരയുണ്ടത്രെ മൂപ്പര്‍ക്ക് ( "മൈ വേടക്കമ്മാന്‍ഡ്" [my word o' command] എന്ന് ഇടക്കിടക്കു ഗര്‍ജ്ജിക്കാറുള്ള വര്‍മ്മയെ ഗാന്ധി [രഹസ്യമായി]വിളിക്കുന്നത് വേടക്കമാന്‍ഡര്‍ എന്നാണ്).
വര്‍മ്മസ്സാര്‍ കയറിവന്നത് ഒരു വൈകുന്നേരം. നാടാര്‍ ഫൂഡ് & ബിവറേജ് സപ്ലിമെന്റിനു പുറത്തുമാറിയ നേരം. ഏ എസ്സ് ഐ പ്രസന്നന്‍ ആരതിയായി നിലംകുലുക്കി സല്യൂട്ടൊരെണ്ണം തന്റെ പരമാവധി ശക്തിയെടുത്ത് അടിച്ചു.
"സീ ഐ ക്യാമ്പിലില്ലേ?" വര്‍മ്മ കുശലം പോലെ തിരക്കി
"നാടാര്‍ സാര്‍ നൂറും പാലും കഴിക്കാന്‍ പോയിരിക്കുകയാണു സാര്‍" ഗാന്ധി ചാടി പറഞ്ഞു.
ഐസുമുട്ടായി വിഴുങ്ങിയപോല്‍ ഭക്തമാനസം കുളിര്‍ത്തു. " ഒരു ക്രിസ്ത്യാനിയായ നാടാര്‍ ശനിയും ഞായറും പള്ളിയില്‍ പോകുന്നതിനു പുറമേ നാഗാരാധനയും നടത്തുന്നുണ്ടല്ലേ? കണ്ടു പഠിക്കുക, ഭക്തി എന്താണെന്ന്, അയാള്‍ക്കു നല്ലതേ വരൂ.എന്നാല്‍ നീയൊക്കെ ഇങ്ങനെ ബീഡിയും വലിച്ച് തേരാപ്പാരാ..ആട്ടേ, എതു കാവിലാ നാടാരു നൂറും പാലും കഴിക്കാന്‍ പോയത്?"
"സര്‍. പാലു മില്‍മയുടെ ബൂത്തില്‍ നിന്നാണു പുള്ളി കഴിക്കുക.. നൂറ്.. അതു സാറിനറിയാമല്ലോ ഡെയിലി ബാറില്‍ പോകാനുള്ള ശമ്പളമൊന്നും സീ ഐ യുടെ സ്കെയിലില്‍ ഇല്ലല്ലോ സാര്‍.. ഷാപ്പില്‍ നിന്നാ നൂറു കഴിക്കുന്നത്. നാടാര്‍ സാര്‍ നല്ല അദ്ധ്വാനിയാണു സര്‍, മൂപ്പര്‍ക്കെന്തെങ്കിലും അഡീഷണല്‍ അലവന്‍സ് കൊടുത്താല്‍ ഷാപ്പൊഴിവാക്കി വല്ല ബാറില്‍ പോയിക്കോളും".
വേടക്കമാന്‍ഡര്‍ "ശിവ ശിവാ" എന്നു വിളിച്ച് വേഗം മഹീന്ദ്ര കമാന്‍ഡര്‍ വണ്ടിയില്‍ സ്ഥലം വിട്ടു. ദീര്‍ഘ സര്‍വീസ് കണക്കിലെടുത്ത് നാടാര്‍ക്ക് കുടിച്ച് വാഹനമോടിച്ചതിനും ക്യാമ്പില്‍ മദ്യപിച്ചു വന്നതിനും അച്ചടിച്ച താക്കീതില്‍ ഒതുങ്ങി ശിക്ഷ.
"എന്തു തന്തയില്ലാഴികയാ ഗാന്ധീ ഈ കാട്ടിയേ?" കിട്ടിയ മെമോ വീശിക്കാട്ടി നാടാര്‍ പല്ലു ഞെരിച്ചു.
"സാറിനു വല്ല അലവന്‍സും കൂട്ടി കിട്ടിയാ സുഖമായി വൈകുന്നേരം ഈ പന്ന ചാരായത്തിനു പകരം വിസ്കിയോ ബ്രാണ്ടിയോ മറ്റോ അടിക്കാമല്ലോ എന്നു കരുതി പറഞ്ഞതാ" നിഷ്കളങ്കത മുഖത്തു വിരിച്ചിട്ട് ഗാന്ധി പറഞ്ഞു "കെട്ടതു ഞാന്‍ നിരുവിക്കത്തില, സത്യം".
സത്യമായിരിക്കുമോ.. അതോ ഇവന്‍ വഹിക്കുകയാണോ? സീ ഐക്കു ഒന്നും മനസ്സിലായില്ല.
നിലംപരിശ്
KeraLa Police - Sabarimala Bandobust എന്നടിച്ച കാര്‍ഡ് കയ്യില്‍ കിട്ടിയതും തുടങ്ങി ഗാന്ധിക്കു ഡിപ്രഷന്‍. കട്ടിപ്പണിയാണു ശബരിമലയില്‍- മഞ്ഞ്, മല, ആളെ ചുമന്നു പടികയറ്റം ഓട്ടം, ചാട്ടം.. ഇതിനെല്ലാം പുറമേ പോലീസ് ജീവിതവും പറ്റില്ല. വെജിറ്റേറിയന്‍ ശാപ്പാട്, നോ സ്മോക്കിംഗ്, അശ്ലീലം വിളിക്കാന്‍ തീരെയും പാടില്ല.. ബന്തവസ്സ് പോലീസിന്നു മൃതിയെക്കാള്‍ ഭയാനകം. സര്‍ക്കാര്‍ ശീട്ടു തന്നതല്ലേ, പോകാതെ പറ്റില്ല. സോപ്പിട്ട് മുങ്ങാമെന്നുവച്ചാല്‍ മെമോ സംഭവത്തിനു ശേഷം ട്രെയിനറുമായി തീരെ നല്ല ബന്ധവുമില്ല.
നാടാര്‍ക്കും ചുണക്കുട്ടന്മാര്‍ക്കും ശബരിമല ഡ്യൂട്ടി ട്രെക്കിംഗ് ക്യാമ്പ് പോലെ വലിയ ഇഷ്ടമാണ്. അവരവിടെ ഓടിച്ചാടി നടക്കവേ ഒരു മത്സരമായി. ബാക്ക് പാക് (15 കിലോയുണ്ട്) സഹിതം പമ്പ മുതല്‍ സന്നിധാരം വരെ നെട്ടനെ കിടക്കുന്ന മല മൂന്നു തവണ നോണ്‍ സ്റ്റോപ്പ് ഓടിക്കയറുകയും ഓടി ഇറങ്ങുകയും ചെയ്യുന്നവര്‍ക്ക് ഒരാഴ്ച്ച ഓഫ്. വീട്ടില്‍ പോയി ചുമ്മാ ഉറങ്ങാന്‍ ചുമ്മാ ഓഫ്.
14 ആംഡ് പോലീസുകാര്‍ ഓടി. ഇവന്മാര്‍ വഴീല്‍ നില്‍ക്കുന്നില്ലാ എന്ന് പാറാവുകാര്‍ മോണിറ്റര്‍ ചെയ്തു. 5 പേര്‍ പൂര്‍ത്തിയാക്കി കെട്ടും കെട്ടി നാട്ടില്‍ പോയി. പ്രലോഭനം സഹിക്കവയ്യാതെ ഗാന്ധി നാടാരുടെ ടെന്റില്‍ കയറിച്ചെന്നു
"ന്താടോ?" നാടാര്‍ക്ക് പഴേപോലെ ഒരു മൈന്‍ഡ് ഇല്ല മെമ്മോക്കു ശേഷം.
"സര്‍, എനിക്കു ഈ നോണ്‍ സ്റ്റോപ്പൊന്നും ഒക്കില്ല സാര്‍. പക്ഷേ സാറിനു വേണ്ടി ആര്‍ക്കും ഒക്കാത്ത ഒന്നൊപ്പിക്കാനൊക്കും."
" എന്താണത്" ഗൌരവം ഇത്തിരി കുറഞ്ഞു.
"എന്റെ നാട്ടില്‍ സ്കോച്ച് തോറ്റുപോകുന്ന വാറ്റുണ്ട് സാര്‍. ഫേയിമസ് സാധനം"
മദ്യവിരുദ്ധരുടെ നേതാവ് സാക്ഷാല്‍ ഗാന്ധിയാണതു പറയുന്നത്!. നാടാരു വീണു പോയി. അങ്ങത്തെ ആ വീഴ്ച്ചയില്‍ നിന്നെഴുന്നേല്‍ക്കും മുന്നേ ഗാന്ധി മുങ്ങി. കഥയറിഞ്ഞവര്‍ മൂക്കത്തു വിരല്‍ വച്ചു. പിന്നെ രഹസ്യമായി വാറ്റിന്റെ ഷെയറും ചോദിച്ചു.ശബരിമലയിലെ മഞ്ഞില്‍ സ്മാള്‍ ഇസ് ബ്യൂട്ടിഫുള്‍! മാലാഖയെപ്പോലെ ഗാന്ധി കയ്യില്‍ ചാരായക്കുപ്പീമായി പറന്നു വരുന്നത് സ്വപ്നം കണ്ടാണതേ നാടാരുടെ ബറ്റാലിയന്‍ E മുഴുവന്‍ ഉറങ്ങിയത്.
ദിവസം എഴു കഴിഞ്ഞു. ഓട്ടക്കാരും ഗാന്ധിയും അവരവരുടെ വീടുകളില്‍ നിന്നും അച്ചാറും മീന്‍ വറുത്തതുമൊക്കെയായി തിരിച്ചെത്തി. സംഭവം പരസ്യമായിരുന്നെങ്കിലും ചോദിക്കുന്നതു വാറ്റല്ലേ. നാടാര്‍ ടെന്റിന്റെ ഒരരികില്‍ കൊണ്ടു പോയി അടക്കത്തില്‍ ചോദിച്ചു
"സാധനം എന്ത്യേടോ?"
ഗാന്ധി "ഞാനറിഞ്ഞില്ലാ അമ്മേ" എന്നു പറയുമ്പോ കുഞ്ഞിനു മുഖത്തു വരുന്ന ഭാവം എടുത്തണിഞ്ഞു"അതു പിന്നെ സാറേ വാറ്റുകാരന്റെ അമ്മായിയമ്മ മരിച്ചു പോയി. ചാവുപുലയുള്ള വീട്ടില്‍ വാറ്റാന്‍ പാടില്ലാത്രേ. അതുകൊണ്ട് ചത്തവരുടെ 41 കഴിയാതെ സാധനം കിട്ടില്ല. ഞാനിങ്ങു പോന്നു"
പ്രകോപിതമാവുമ്പോള്‍ തേളു വാലു ചുഴറ്റുന്നതുപോലെ സ്വാഭാവികമായൊരു പ്രതികരണമാവാം, നാടാരുടെ മാരകമായ വെറും കൈ ഒരു ലാന്‍സലോട്ടു കഠാരിയുടെ രൂപമെടുത്ത് ഗാന്ധിയുടെ പതക്കരളിനു നേരേ ഉയര്‍ന്നു. "വാറ്റു വാങ്ങി കൊടുക്കാത്തതിനു കോണ്‍സ്റ്റബിളിനെ മേലധികാരി അടിച്ചുകൊന്നു" എന്ന വാര്‍ത്ത പത്രത്തില്‍ വന്നാലുള്ള ഭവിഷ്യത്തോര്‍ത്തപ്പോള്‍ ആ കൈ ഉയര്‍ന്നയത്ര വേഗത്തില്‍ തന്നെ താഴുകയും ചെയ്തു.
Monday, April 03, 2006
Police Story 2- ഉത്തരവുകള്‍
ജെന്റില്‍മാന്‍ എന്ന സ്ഥാനപ്പേരു കിട്ടിയ വടക്കേയിന്ത്യക്കാരന്‍ മേധാവി സല്യൂട്ടടിച്ചു നിന്ന അയാളെ ഏറെനേരം മനപ്പൂര്‍വ്വം ശ്രദ്ധിക്കുന്നില്ലെന്ന് നടിച്ച് എത്ര നിസ്സാരനാണെന്ന് നിശബ്ദതകൊണ്ടയാളെ ഓര്‍മ്മപ്പെടുത്തിയ ശേഷം കണ്ണട മുഖത്തു വച്ചു ചെരിഞ്ഞൊന്നു നോക്കി.
കോണ്‍സ്റ്റബിള്‍..
യെസ് സര്?
ഹും. 16 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഞാനാദ്യമായാണ് ഒരു സാധാരണ കോണ്‍സ്റ്റബിളിനെ വിശദീകരണത്തിനു എന്റെ ഓഫീസില്‍ വിളിക്കുന്നത്, വടിവൊത്ത ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു. അതില്‍ നിന്നു തന്നെ നീ ചെയ്തത് എത്ര ഗുരുതരമായ കാര്യമെന്ന് നിനക്കു മനസ്സിലായല്ലോ .
ചാക്കു പോലത്തെ പരുത്ത സ്റ്റോര്‍ ഇഷ്യൂ തുണിയിലൂടെ അരിച്ചു കയറുന്ന തണുപ്പില്‍ കുമാറിനു നെഞ്ചു വേദനിച്ചു.
നീ കോടാലികൊണ്ട് ഒരു പൌരന്റെ കാലു വെട്ടി. എത്ര ഹീനമായ പ്രവര്‍ത്തി. അവനവകാശപ്പെട്ട അവന്റെ നാട്ടില്‍ അവന്‍ തരുന്ന ശമ്പളം വാങ്ങിക്കുന്ന നീ അവന്റെ കാലു തന്നെ വെട്ടി! നീ മനുഷ്യനോ മൃഗമോ? ഒരു പട്ടി പോലും മറ്റൊരു പട്ടിയോട് ഇങ്ങനെ ചെയ്യില്ല. ജെന്റില്‍മാന്റെ ശബ്ദം നാടാരുടേതു പോലെ ഉയരുകയോ കയര്‍ക്കുകയോ ചെയ്തില്ല കുമാറിനോട്. ഒരു കോടതി വിധി വായനപോലെ അത് സാത്വികതയില്ലതെ നിര്‍വികാരതയും തണുപ്പും നിറഞ്ഞ് അയാളുടെ നേര്‍ക്കെത്തിക്കൊണ്ടിരുന്നു.
സര്‍, വേട്ടിയാളന്‍ ഒരു സാധാരണ പൌരനെന്നതിനെക്കാള്‍ ഗൂണ്ടാത്തലവനെന്ന്..
ഛുപ്പ്! വേട്ടിയാളനോ? നായെയെ വിളിക്കുമ്പോലെ ഇരട്ടപ്പേരുകള്‍ പറയാന്‍ നാണമില്ലേ. ആ മനുഷ്യനൊരു പേരുണ്ടെടോ.
ആ മനുഷ്യനൊരു പേരുണ്ട്. അയാള്‍ക്ക് ജനാധിപതിയുടെ അളിയനെന്ന വിലാസമുണ്ട്. എനിക്ക് വെറുമൊരു നമ്പര്‍. അയാള്‍ക്ക് സിവിലിയന്റെ മനുഷ്യാവകാശങ്ങളുണ്ട്.. എനിക്കോ? പീ സീ കുമാര്‍ പറയാന്‍ ആഗ്രഹിച്ചു.
പാമ്പിനെപോലെ തണുപ്പും കാളിമയുമുള്ള അധികാരത്തിന്റെ ഔന്നത്യമേ, ദയവുണ്ടായി കേള്‍ക്കണമിത്, വേട്ടിയാളന്‍ മനുഷ്യനല്ല, ഭരണകേന്ദ്രത്തിലിരുന്ന് നിന്റെ നേര്‍ക്കു കാര്‍ക്കിച്ചു തുപ്പുന്നവന്‍ നിനക്കു ദൈവമായതിനാല്‍ അയാളുടെ അളിയനായ രാക്ഷസ്സനെ നിനക്കു മാലാഖയായി തോന്നുന്നുണ്ടാവാം. അസ്സാള്‍ട്ട് റൈഫിളേന്തിയ പാറാവുകാര്‍ പടിപ്പുരയും അകത്തളവും കാക്കുന്ന അന്തപ്പുരത്തിലിരിക്കുന്ന നീ തുരുത്തിയിലെ വാറ്റുകേന്ദ്രവും അതിനെ ഭരിക്കുന്ന ഗൂണ്ടാ സംഘത്തേയും ഇതുവരെ കണ്ടിട്ടില്ല. നീ അവിടത്തെ തെരുവില്‍ ചോര ചിന്തുന്നത് കണ്ടില്ല. ആ നശിച്ച ദിവസം ആ തുറയില്‍ കാലില്‍ പിടിച്ച് പാറയിലടിച്ചു കൊല്ലപ്പെട്ട കുഞ്ഞിന്റെ നിലവിളിയും പോലീസ് ക്ലബിലോ നിന്റെ അന്തപ്പുരത്തിലോ വരെ എത്തിയിട്ടുമുണ്ടാവില്ല.
ഔഗ്യോഗികതവുടെ ചുവന്ന മുദ്രയണിഞ്ഞ നിന്റെ ഫൂള്‍സ് കാപ്പ് പേപ്പര്‍ ഇണ്ടാസ് ഞങ്ങളോടു ആവശ്യപ്പെടുന്നു ഈ ചെയ്തതെല്ലാം ആരുത്തരവിട്ടിട്ടാണെന്ന് എഴുതി ബോധിപ്പിക്കാന്‍.
ആരുത്തരവിട്ടിട്ടായിരുന്നു എസ് ഐ ഹക്കീം തെരുവില്‍ തല തല്ലിക്കീറുന്നവരുടെ നിലവിളിയും കുടിലുകള്‍ കത്തിയുയരുന്ന തീയും കണ്ടതെന്നോ?ദൈവം.
ആരുത്തരവിട്ടിട്ടയിരുന്നു 4 മനുഷ്യരും 2 ലാത്തിയും ഒരു റിവോള്‍വറും മാത്രമുള്ള ഒരു ജീപ്പില്‍ ഹക്കീം അങ്ങോട്ടു പോകാന്‍ തീരുമാനിച്ചതെന്നോ? നീ പഠിച്ചിട്ടില്ലേ, ശിങ്കാരവേലു എഴുതിയ പാഠപുസ്തകം? അതില്‍ പരതുക -മനസ്സാക്ഷി, ചുമതലാബോധം, കൂട്ടായ്മ, അര്‍പ്പണബോധം എന്നീ വാക്കുകള്‍ക്ക്. ഹക്കീം എന്തിനു തിരിച്ചെന്നും ഞങ്ങളെന്തിനു കൂടെ പോയെന്നും സ്വയം ബോധ്യപ്പെടുത്തുക.
അടിയും ചവിട്ടും കൊണ്ടു ചോരതുപ്പി എല്ലുകള്‍ നുറുങ്ങി വീണ എസ് ഐ ഹക്കീമിനെ ജീപ്പിലിട്ട് അവിറ്റെന്നിന്നും രക്ഷിക്കാന്‍ പീ സീ ഗോപനോട് ഉത്തരവിട്ടത് അവന്റെ സഹജാവബോധം. വലിയ ലഹളക്കും കൊള്ളിവയ്പ്പിനും പുകയ്ക്കും തീയ്ക്കും നടുവില്‍ ഒറ്റപ്പെട്ടാല്‍ എങ്ങനെയുണ്ടാവുമെന്ന് നീ അനുഭവിച്ചിട്ടില്ലല്ലോ? അനുഭവിച്ചാല്‍ നിനക്കും ആ ബോധമുണരും.
ബാക്കിയായ രണ്ടുപേര്‍- ഞാനും കോണ്‍സ്റ്റബിള്‍ ആന്റണിയും- പുറത്തോടു പുറം ചേര്‍ന്നു നിന്ന് കയ്യില്‍ കിട്ടിയ ലാത്തിയും തടിക്കഷണവുമയി ഇരുവശത്തുകൂടിയും അലറിപ്പാഞ്ഞു വരുന്ന ജനത്തിന്റെ അടിയും വെട്ടും ഏറും തടുക്കാന്‍ ഉത്തരവായത് സ്വരക്ഷക്കു പരതുന്ന ഇരുവരുടെ പ്രാണന്‍.
എന്റെ കഴുത്തിനു നേരേ വീശപ്പെട്ട കോടാലിക്കു മുന്നില്‍ ബുള്ളറ്റ് പ്രൂഫ് ഹെല്‍മറ്റിട്ട തല കാട്ടി എന്റെ ജീവന്‍ രക്ഷിക്കാന്‍ ആന്റണിയോടുത്തരവിട്ടത് വയസ്സുകാലത്ത് ചിത കത്തിക്കാനൊരുത്തന്‍ ബാക്കി കാണണമെന്നാഗ്രഹിക്കുന്ന എന്റെ അമ്മ.
കോടാലിയോങ്ങി നില്‍ക്കുന്ന നേതാവിനോടത് പിടിച്ചു വാങ്ങി ഒരൊറ്റ വെട്ടിനവന്റെ കാലു തുണ്ടമാക്കി ജനത്തെ വിരട്ടിയോടിക്കാനും അങ്ങനെ എനിക്കും ആന്റണിക്കും രക്ഷപ്പെടാനൊരു പഴുത് തെളിക്കാനും എന്നോടുത്തരവിട്ടതോ? ഇനിയും പള്ളിയില്‍ കൊണ്ടു പോയി ഒരു പേരിട്ടിട്ടില്ലാത്ത ആന്റണിയുടെ കുഞ്ഞ്. നീ പോയി കാരണം ചോദിക്ക്.
കയ്യില്‍ കിട്ടിയ അച്ചടിച്ച കടലാസ്സില്‍ ഡിസ്മിസ്സല്‍ എന്നും ടെര്‍മിനേഷന്‍ എന്നും വാക്കുകളില്ലെന്നു മാത്രം ഉറപ്പു വരുത്തി കുമാര്‍ ഇറങ്ങി വെയിലില്‍ കുറെ നേരം നിന്നു.
"എസ്സൈക്കെങ്ങനെ കുമാറേ, പണിയെടുത്തു ജീവിക്കാന്‍ കഴിയുമോ" എന്നൊരു കുശലം ചോദിച്ച സെന്റ്രിയോട് ഉത്തരമറിയാത്തതുകൊണ്ട് വെറുതേ തലയാട്ടി കാണിച്ചു.
"ഇയാളേ ലോക്കലിലോട്ടു തട്ടിയല്ലേ, ഒരു തരത്തില്‍ നന്നായി സര്‍വീസ് ബെനിഫിറ്റെല്ലാം പോയാലും ജീവഭയമില്ലാതെ ഉറങ്ങാമല്ലോ" അയാള്‍ തുടര്‍ന്നു.
"അതേ, അമ്മ ഒറ്റക്കല്ലേ, എനിക്കവരുടെ കൂടെ നില്‍ക്കുകയും ചെയ്യാം" കുമാര്‍ പുറത്തേക്കു നടന്നു.
"വേട്ടിയാളന്‍ തവളയെപ്പോലെ ചാടി നടന്നുപോകുന്നത് നമുക്കൊരു ദിവസം പോയൊന്നു കാണേണ്ടേ" സെന്റ്രി പിറകില്‍ നിന്നും ഒരനുമോദനം പോലെ വിളിച്ചു പറഞ്ഞു. ഇവരുടെ ഓര്‍മ്മയില്‍ തനിക്കൊരു ഹീറോ ഇമേജ് കിടക്കട്ടെ, കുമാര്‍ വെറുതേ ചിരിച്ചു.
Saturday, April 01, 2006
വിയോഗം ,വിവാഹം,വിരാഗം
1. വിയോഗം
പലതരം റ്റ്യൂബുകളിലും കതീറ്ററുകളിലും ഈ സീ ജീ ലീഡുകളിലും കുരുങ്ങി
മിക്കാവാറും നഗ്നനായിക്കിടക്കുന്ന പ്രതാപ് സിംഗിന്റെ കൈയില്‍ ഞാന്‍
ഭയപ്പാടോടെയാണ് തൊട്ടത്, അതും എന്റെ കൈയില്‍ നഴ്സ് ഒരു പോളിത്തീന്‍ കൈയുറഇടുവിച്ചതിന്റെ ധൈര്യത്തില്‍ . തലമുതല്‍ കാല്‍ വരെ നുറുങ്ങിപ്പോയിരിക്കുന്നു. എന്റെ കരം പതിഞ്ഞപ്പോള്‍ ഒരു തുണിയുലയുന്നയത്ര ദുര്‍ബ്ബലമായൊരു ശബ്ദത്തില്‍ പ്രതാപ് വിളിച്ചു "ആഷാ?"
ഈശ്വരാ. ആരാണീ ആഷ? ഭാര്യ സംഗീതയെ ഓമനിച്ചു വിളിച്ചിരുന്ന പേരാണോ? അതോ മകള്‍ മേഘനയുടെ ചെല്ലപ്പേരോ? അപകടത്തില്‍ അവര്‍ രണ്ടും മരിച്ചെന്നും കുറഞ്ഞ പരിക്കുകളോടെ അതതിജീവിച്ച മകന്‍ ഇരുവരുടെയും ചിതക്ക് ജബല്‍ അലി ഖബര്‍ സ്ഥാനില്‍ അന്ത്യ പൂജകള്‍ നടത്തുകയാണെന്നും അറിയുന്നതിനു മുന്നെ ഈ മനുഷ്യന്‍ മരിക്കുന്നതായിരിക്കും അയാള്‍ക്ക് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് എനിക്കു തോന്നി.തൊട്ടരുകില്‍ നില്‍ക്കുന്ന മാസ്കണിഞ്ഞ വൃദ്ധന്‍ നാട്ടില്‍ നിന്ന് മകന്റെ കുടുംബത്തിനു സംഭവിച്ച അപകടമറിഞ്ഞെത്തിയ ഡോ. റാണാ സിംഗ് ആണെന്ന് മുഖച്ഛായയാല്‍ തിരിച്ചറിഞ്ഞ എനിക്ക് ഡ്യൂട്ടി ഡോക്റ്ററോട് ഈ സഹപ്രവ്ര്ത്തകന്‍ മരിക്കുകയാണോ എന്ന് ചോദിക്കാനായില്ല. ഞാന്‍ മെല്ലെ കൈ എടുക്കവേ അതിശക്തമായ ലഹരിമരുന്നുകളുടെ മയക്കത്തെയും തോല്‍പ്പിച്ച് പ്രതാപിന്റെ ബോധം വീണ്ടുമൊരിക്കല്‍ക്കൂടി ആഷയെത്തിരഞ്ഞു.
2. വിവാഹം
ഒരാണ്ടു പിന്നിട്ടപ്പോഴൊരു ദിവസം അപ്രതീക്ഷിതമായി പ്രതാപും വധുവും വീട്ടിലെത്തി. അയാള്‍ ആശുപത്രി വിട്ടിറങ്ങി ഏറെ താമസിയാതെ വീണ്ടും വിവാഹിതനായെന്നും ചടങ്ങുകളൊന്നുമില്ലാതെയിരുന്നതിനാല്‍ ആരെയും ക്ഷണിച്ചില്ലെന്നും ഞാനറിഞ്ഞിരുന്നു. എങ്കിലും ഒരു വല്ലായ്ക തോന്നി, എന്നും സംഗീതയും മേഘനയുമൊത്ത് ഓടിക്കയറി വന്നിരുന്ന കൊച്ചു റാണാസിംഗ് അച്ഛനെയും നവവധുവിനെയും വിട്ട് ഇത്തിരി പിറകില്‍ മാറി അധോമുഖനായി നടന്നു വരുന്നതു കണ്ടപ്പോള്‍. നിറയെ ചിരിച്ച് പ്രതാപ് എനിക്ക് വധുവിനെ പരിചയപ്പെടുത്ത് - ഇതെന്റെ ഭാര്യ, ആഷ.
ആഷയും പ്രതാപും ഒരേ സ്കൂളില്‍ പഠിച്ചു. പിന്നെ ഒരു കോളേജിലും. കുഞ്ഞു നാളിലേ പ്രണയബദ്ധരായി അവര്‍. തമിഴ് വംശജയായ ആഷയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചാല്‍ തന്നിലോടുന്ന രാജ രക്തം അത് പൊറുക്കില്ലെന്നും അപമാനത്തില്‍ നിന്നു രക്ഷപെടാന്‍ വേറേ വഴിയില്ലെങ്കില്‍ മകനേയും ഭാര്യയേയും കൊന്ന് ആത്മഹത്യ ചെയ്യുകയേയുള്ളുവെന്നും ഡോ. റാണാ വ്യക്തമാക്കി. രജപുത്രനു വാക്കൊന്നേയുള്ളു, അതു പറഞ്ഞു കഴിഞ്ഞു.
പ്രതാപ് അച്ഛന്‍ കണ്ടുപിടിച്ച കുട്ടിയെ വിവാഹം കഴിച്ചു. ആഷയെ മറക്കാന്‍ എളുപ്പവഴി നാടുവിടല്‍ ആയിരുന്നു. അയാളും സംഗീതയും ദുബായില്‍ ചേക്കേറി. ഇരുപതു വര്‍ഷം ഒരുമിച്ചു ജീവിച്ചു.രണ്ടു കുട്ടികളെ വളര്‍ത്തി. റാണക്കു പത്തും മേഘനക്ക് പതിനേഴും വയസ്സായ സമയത്താണ് ബുറൈമിയില്‍ വച്ച് കുടുംബത്തിന്റെ സ്ത്രീ പ്രജകളെയത്രയും കൊണ്ടുപോയ വാഹനാപകടമുണ്ടായത്.
ആശുപത്രിയില്‍ അര്‍ദ്ധബോദ്ധാവസ്ഥയില്‍ അമ്മയെയൊ മകനെയോ ഭാര്യയേയോ തിരയാതെ ആഷയെ വിളിക്കുന്ന മകനും കാമുകന്റെ വിവാഹം കഴിഞ്ഞ് ഇരുപതു വര്‍ഷമായിട്ടും വിവാഹം കഴിക്കാതെ ഡോ. റാണാ ക്ലിനിക്കിനു സമീപത്തു തന്നെ താമസിച്ച് തന്നെ ഇഞ്ചിഞ്ചായി കുറ്റബോധത്തില്‍ മുക്കിക്കൊല്ലുന്ന അവന്റെ പെണ്ണും ചേരേണ്ടത് ദൈവഹിതമാണെന്ന് കരുതി ഡോ. റാണ ആഷയെ ദുബായില്‍ വിളിച്ചു വരുത്തി അവരുടെ വിവാഹം കോടതിയില്‍ നടത്തിക്കൊടുക്കുകയായിരുന്നു.
ആഷയും പ്രതാപും ഈ കഥയുടെ അവസാനഭാഗങ്ങള്‍ പറയുമ്പോള്‍ അതു കേട്ട് എന്റെ ഭാര്യ കരഞ്ഞു.
"ഫെയറി ടെയില്‍ എന്‍ഡിംഗ്" എന്നത്രേ ഇത്തരം പുനസ്സമാഗമങ്ങള്‍ക്കു പറയുക.
3. വിരാഗം
വര്‍ഷം വീണ്ടുമൊന്നു കഴിഞ്ഞു. പ്രതാപൊരിക്കല്‍ എന്റെ ഓഫീസില്‍ തല
കാട്ടി.
ഇല്ല, അവള്‍ സ്ഥിരമായി പ്രസവാവധിയാണ്, പ്രതാപിനെന്താ വേണ്ടത്, ഞാന്‍ ചെയ്യാം.
എന്റെ എംപ്ലോയീ ഇന്‍ഫോ അപ്ഡേറ്റ് ചെയ്യണം.
അതു ചെയ്തു കഴിഞ്ഞതല്ലേ? ആഷയുടേ പേരു തന്റെ കുടുംബത്തില്‍ എന്നേ ചേര്‍ത്തു. മറന്നോ?
“എന്റെ കുടുംബത്തില്‍ ആഷയെന്ന പേര്‍ കളയണം ദേവ്.“
“എന്ത്? “
“ഞങ്ങള്‍ ബന്ധം വേര്‍പെടുത്തി . എനിക്കെന്നും വിരഹിയായിരിക്കാനാണു വിധി.“ ശരിയാണ്, ഇരുപതു കൊല്ലമൊക്കെ കാത്തിരുന്നാല്‍ പിന്നെ എന്തെങ്കിലും ഇവരുടെ പ്രതീക്ഷക്കൊത്തുയരുമോ? അവരുടെ വിധി.
ആഷയും പ്രതാപും പിരിയാന്‍ കാരണമെന്തെന്നു ഞാന്‍ തിരക്കിയില്ല. നിസ്സാരമായൊരു എന്തെങ്കിലും ഒരു കാരണം മതിയല്ലോ അവര്‍ പിരിയാന്‍- ടോയിലറ്റ് സീറ്റ് താഴ്തി വയ്ക്കാന്‍ അയാള്‍ മറന്നെന്നോ അവള്‍ കറിക്കുപ്പിട്ടില്ലെന്നോ ടൈയില്‍ കറ പുരണ്ടിരുന്നത്ചൂണ്ടിക്കാട്ടിയില്ലെന്നോ ആവും.
Tuesday, March 21, 2006
Police Story 1 - അതിദ്രുതം
നൈറ്റു കഴിഞ്ഞ് 5 കിലൊമീറ്റര്‍ സൈക്കിളും ചവിട്ടി കൊച്ചുവെളുപ്പാങ്കാലത്തു വീട്ടിലെത്തി മാത്തച്ചന്‍ ഒരു പോള കണ്ണൊന്നടച്ചതേയുള്ളു, കേട്ടു പൊറത്തൊരു അലമ്പന്‍ ചെക്കന്റെ വിളി. എന്തൊരു കഷ്ടമാ.
കടമ്പനാട്ടു ചെല്ലമ്മ അമ്മൂമ്മ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ നാണിക്കുന്ന നിശ്ചയദാര്‍ഢ്യത്തോടെ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്നു. തള്ളേടെ സ്റ്റേറ്റ് ഓഫ് അഫൈര്‍സ് കണ്ട ആ വാര്‍ഡിലെ ചാവാടിയന്തിര വിദഗ്ദ്ധര്‍ "ഇത്തള്ളേടെ വക ഇഡ്ഡലി അടുത്ത ഒരിരുപത് വര്‍ഷത്തേക്കു പ്രതീക്ഷിക്കേണ്ട" എന്നു എഴുതി തള്ളിയതുമാണ്. ഹുല്ലാ ഹൂപ്പ് നൃത്തക്കാരിയെപ്പോലെ 84 വാര്‍ഷിക വളയങ്ങളെ ചുറ്റും ഇട്ടു തുള്ളിക്കളിച്ച ഇവര്‍ക്ക് പെട്ടന്നിപ്പോ ഇതെന്താ തോന്നിയെ? മാത്തച്ചന്‍ പോലീസ് ഒരു കാക്കി സുപ്രഭാതം ഉരുവിട്ടു കണ്ണു തിരുമ്മി എഴുന്നേറ്റു.
മൂപ്പര്‍ക്ക് ഡ്യൂട്ടിയൊന്നുമില്ല അന്ന്- തലേന്ന് ഉത്സവ ബന്തവസ്സിലായിരുന്നു, ഇളമ്പള്ളൂര്‍ക്കാവില്‍. ഉത്സവത്തിരക്കില്‍ അമ്പലത്തിനടുത്ത ഷാപ്പില്‍ "മിക്സിങ്ങ്" കണക്കു തെറ്റി കണ്ട തൊട്ടിക്കെല്ലാം കണക്ഷന്‍ ഷോര്‍ട്ടായി ആള്‍ക്കൂട്ടത്തിനെടേല്‍ക്കിടന്ന് എന്തൊരു ഊദാരി ആയിരുന്നു! എളമ്പള്ളൂക്കാവാണോ, ഓച്ചിറപ്പടനിലമാന്നോ, കൊടുങ്ങല്ലൂര്‍ക്കാവാണോ എന്നറിയാതെ അവന്മാരു പടയെടുപ്പും പൂരപ്പാട്ടും തുടങ്ങിയതോടെ മാത്തച്ചനു ഇടിയൊന്നു നിറുത്തി കെ എസ് ചിത്രയുടെ പാട്ടൊന്നു കേള്‍ക്കാന്‍ കൂടി സമയം കിട്ടിയില്ല. ആ ക്ഷീണത്തില്‍ വന്നു കിടന്നപ്പോഴാ ചെല്ലമ്മച്ചേച്ചിടെ തൂങ്ങല്‍. അമ്മച്ചീടെ വല്യ ദോസ്സായിരുന്നു ഇച്ചത്തവര്, സ്നേഹം കാണിക്കണമല്ലോ. മൂപ്പര്‍ കട്ടിലില്‍ അഞ്ചാറുരുണ്ട് മയക്കമൊന്നു കളഞ്ഞെഴുന്നേറ്റു. യൂണിഫോമിന്റെ ഷര്‍ട്ടും ഒരൊറ്റമുണ്ടും എടുത്തുടുത്ത് ചാക്കാലവീട്ടിലോട്ട് നടന്നു.
സ്റ്റേഷനിലെ പഴേ നീല വില്ലീസ് അവിടെത്തിക്കഴിഞ്ഞിരുന്നു . പുതിയ സീ ഐ ഒരു ഉത്സാഹക്കാരന്‍ കൊച്ചനാ. മീശപോലും ആയി വരുന്നേയുള്ളു. എഞ്ചിനീറിങ്ങും കഴിഞ്ഞ് എസ്സൈ സെലെക്ഷന്‍ എഴുതീതാ. ഇത്ര വെക്കം സര്‍ക്കിളുമായി. എത്തറ പെന്‍ഷന്‍ വാങ്ങിക്കാം.
ചെറുക്കനാണേലും എഞ്ജിനീയറാണേലും സര്‍ക്കിളല്യോ, ബഹുമാനിച്ചു. അയ്യാള്‍ടെയൊരു ജാഡ! പോ പുല്ല്‌ന്ന് വച്ചു മാത്തച്ചന്‍ തെങ്ങുമ്മൂട്ടിലോട്ട് മാറി നിന്നു. സീ ഐ ചോദ്യം ചെയ്യുന്നു, കെളവി തൂങ്ങി നിക്കുന്ന പടമെടുക്കുന്നു ഫോട്ടോഗ്രാഫറ് കോവന്‍, മ്മടെ സുര ഇരുന്ന് എഫ്ഫൈയ്യാറു കുറിക്കുന്നു. നടക്കട്ട്.
ഉറക്കക്ഷീണം തെളിയുന്നില്ല. മദ്യപാനം, പുകവലി, വ്യായയ്മമില്ലായ്മ തുടങ്ങി ലക്ഷണമൊത്ത പോലീസ് ജീവിതം നയിക്കുന്നയാളായതുകൊണ്ട് ഇങ്ങേരു ബൂട്ട് വൈറസ് പിടിച്ച കമ്പ്യൂട്ടര്‍ പോലെ വളരെ പതുക്കയേ മൊത്തമായി ഉണരൂ. ഡ്രൈവര്‍ വാസുദേവന്‍ പിള്ളയോട് ഒരു ബീഡി വാങ്ങിച്ച് മാത്തന്‍ ജീപ്പിനു മറഞ്ഞു നിന്നു വലിച്ചു. ചോക്ക് പിടിച്ചടിച്ച വില്ലീസ് പോലെ മാത്തച്ചന്‍ സ്റ്റാര്‍ട്ടായി.
ചെല്ലമ്മച്ചീടെ ജഡം താഴെയിറക്കുന്നു- കൂഴച്ചക്ക കയറേക്കെട്ടി ഇറക്കുമ്പോലെ. എസ്സൈയും സീയൈയ്യും ഒരേ ഡിസ്കഷന്‍- അതു കണ്ടാത്തോന്നും ചത്തവരെ എഴുന്നേൽപ്പിക്കാനുള്ള വഴിയാലോചിക്കുകയാണെന്ന്. പോലീസ് സര്‍ജ്ജനെ ഇങ്ങോട്ടു കൊണ്ടു വന്ന് കീറിക്കാന്‍ എമ്മെല്ലേ ശുപാര്‍ശ ചെയ്തിട്ടുണ്ട്, ആമ്പുലന്‍സിന്റെ കാശു ലാഭിക്കാമല്ലോ. "ഹെനിക്കെന്റമ്മേക്കീറുന്നതു കാണാന്‍ മേലേ" എന്നൊരലര്‍ച്ചയോടെ ചെല്ലമ്മച്ചേച്ചിയുടെ മോള്‍ ലീല ഒരാട്ടോയും വിളിച്ചു വന്നു കയറി. കാണാമ്മേലെങ്കി പിന്നെന്തിനാ നാവായിക്കൊളത്തു ജോലിക്കു നിക്കുന്നിടത്തുന്നു ആട്ടോയും വിളിച്ചിവരു പാഞ്ഞു കേറി വന്നത്? ചെല്ലമ്മച്ചേച്ചിടെ ജഡം പായില്‍ കിടത്തി. കൈലി മുണ്ടു മാറി ഒരു വെള്ളമുണ്ടുടുപ്പിക്കാന്‍ തുടങ്ങുകയായിരുന്നു. ബീഡി വലിച്ചുകയറ്റുന്നതിനനുസരിച്ച് സിഗ്‌മോമാനോമീറ്ററില്‍ മെര്‍ക്കുറി കയറുമ്പോലെ ബോധം കേറിക്കേറി വന്നുകൊണ്ടിരുന്ന മാത്തച്ചനു അതും നോക്കി നില്‍ക്കവേ ഇടി ചായ്ച്ചപോലെ പെട്ടെന്ന് ഒരൊറ്റ വെളിപാടുണ്ടായി.
"ആരാ യെവരു തൂങ്ങി നില്‍ക്കുന്നതാദ്യം കണ്ടെ?“
ബീഡി ദൂരെയെറിഞ്ഞ് മാത്തച്ചന്‍ മുന്നോട്ടു ചെന്ന് ഉറക്കെ ചോദിച്ചു. എസ്സൈയും സീയൈയും മാത്തചനെ ദേഷ്യത്തില്‍ നോക്കി. ഒരൌചിത്യബോധമില്ലാതെ കിടന്നലക്കുന്നു.
"ദേ ചെല്ലമ്മച്ചേച്ചീടെ കൊച്ചുമോന്‍ ഈ രതീഷാണ് ഇവരു തൂങ്ങിച്ചത്തു നിക്കുന്നത് കണ്ട് നിലവിളിച്ചാളെ കൂട്ടിയത് സാറേ"
ഒരു ഇരുപതു വയസ്സുള്ള ചെക്കന്‍ വലിയവായിലേ നിലവിളിച്ചുകൊണ്ട് നില്‍ക്കുന്നിടത്തേക്ക് കൈ ചൂണ്ടി ചായക്കട കുട്ടമ്പിള്ള പറഞ്ഞു.
മാത്തച്ചനും രതീഷും കണ്ണില്‍ കണ്ണില്‍ നോക്കി .
ധിം. രതീഷിന്റെ പുറത്ത് മാത്തച്ചനൊന്നു വീക്കിയതിന്റെ ഒച്ച ബുദ്ധവിഹാരത്തിലെ മണി മുഴക്കം പോലെ നീണ്ടുമുഴങ്ങി. ചാക്കാല നടക്കുന്നേടത്ത് ?! ജനം പലവട്ടം ഞെട്ടി. ഞെട്ടി ഞെട്ടി പലരുടെയും ജെട്ടി പൊട്ടി. അടി തടുക്കാന്‍ ചാടിയ സീയൈയെ "സാറു മാറ്" എന്നാജ്ഞാപിച്ച് മാത്തമ്പോലീസ് ശിലയാക്കി.
"പറയെടാ, എന്തിനാ നീ നിന്റെ അമ്മൂമ്മേ കൊന്നതെന്ന് പറയാന്‍"
വീണ്ടും തന്റെ നേരേ കൈയ്യുയരുന്നതു കണ്ട രതീഷ് തോല്വി സമ്മതിച്ചു.
"പൊന്നു സാറെ ഇനിയടിക്കല്ലേ . ഞാന്‍ ഒരു റ്റീ വീ വേടിക്കാന്‍ കാശു ചോദിച്ചിട്ട് ഇവരു തന്നില്ല, അങ്ങനെ അകത്തിരിക്കുന്ന കാശെടുക്കാന്‍ പോയപ്പോ യെവരു വന്നു പിടിച്ച്. ഉന്തും തള്ളുമായി. ഞാനവരുടെ കഴുത്തിനിട്ടൊന്നു കുത്തി പിടിച്ച്, പയ്യെപ്പിടിച്ചാലും കൊരവള്ളി പൊട്ടുവെന്ന് അറിഞ്ഞില്ല സാറേ. അമ്മുമ്മ ചത്തെന്നു കണ്ടപ്പോ ഞാന്‍ കയറേ തൂക്കിയതാ."
ആരും പറയാതെ തന്നെ രതീഷ് ജീപ്പില്‍ കയറി. റിസര്‍വ്ഡ് ഫോര്‍ കുറ്റവാളീസ് സീറ്റായ വണ്ടീടെ പ്ലാറ്റ്ഫോമില്‍ ചമ്രം പടിഞ്ഞിരുന്നു.എഞ്ജിനീര്‍ റ്റേര്‍ണ്ഡ് ഏമാന്റ്റെ മനസ്സില്‍ താന്‍ കോളേജില്‍ പഠിക്കുമ്പ്പോള്‍ കണ്ട സിനിമയിലെ നായകനു ഷോണ്‍ കോണറിയുടെ ഛായ മാഞ്ഞ് മാത്തമ്പോലീസിന്റെ രൂപം വന്നു തുടങ്ങി.
" കൊന്നതാണെന്നും ഇയാളാണു പുള്ളിയെന്നും എങ്ങനെ മനസ്സിലായി ചേട്ടാ?" പ്രോട്ടോക്കോളുകള്‍ മറന്ന് വീഡിയോ ഗെയിം രാജകുമാരിയെ മോചിപ്പിച്ച വല്യ കളിക്കാരനെ നോക്കുന്ന നോവിസിനെ പോലെ നോക്കിക്കൊണ്ട് സീ ഐ തിരക്കി.
" മുണ്ടു മാറിയപ്പോ അവരുടെ ജഡത്തിലു കണ്ടില്യോ സാറേ മുതുക് മൊത്തം ഉരഞ്ഞ പാട്. തൂങ്ങാന്‍ പോകുന്നവര്‍ മലര്‍ന്നു നിരങ്ങിയാണോ പോകുന്നത്? തൂക്കിയവനോ നാലുപേരു കണ്ട് ആത്മഹത്യയെന്നു പറഞ്ഞാലല്ലാ ഒരു മനസ്സമാധാനം വരുവൊള്ള്? അതോണ്ട് അവനായിരിക്യേം ചെയ്യും ആദ്യം ആളെ കൂട്ടാന്നോക്കുന്നത്. അല്ലാതെന്ത്വാ."
സീന്‍ ഒഫ് ക്രൈമിനു പുറന്ത്തിരിഞ്ഞ് വികാരരഹിതമായൊരു മുഖഭാവവുമായി മെല്ലെ നടന്നു നീങ്ങുന്ന പോലീസിനെ കണ്ടു നിന്ന ഒരു സൈക്കിള്‍ ജാക്സന്‍ ചെറുക്കനു ആ രംഗത്തിനു മുന്നേ കുറേ വളയങ്ങള്‍ ഓടി കളിച്ചിരുന്നെന്നും അവയ്ക്കു നടുവിലൂടെ നടന്നു വരുമ്പോ മാത്തച്ചന്‍ പെട്ടെന്നു തോക്കെടുത്ത് ഒരു വെടി വച്ചുകൊണ്ടാണു കയറി വന്നതെന്നും തോന്നിപ്പോയി.
ഠെ- ഠെ- ഠെ- ഠെണാങ്ങ് ണാങ്ങ് എന്നൊരു ശബ് ദം അപ്പോള്‍ കേട്ടതുപോലെ തോന്നി ആട്ടോക്കലാധന്. കുട്ടമ്പിള്ള ചായക്കടയില്‍ സീ ബീ ഐ ഡയറിടെ ശബ്ദരേഖ ഇട്ടതാണോ?
സമര്‍പ്പണം - ചുമ്മാതിരുന്ന എന്നെക്കൊണ്ട് ഒരെപ്പിഡോസ് എഴുതിച്ച് നിങ്ങളെ കൊലക്കു കൊടുത്ത നമ്മുടെ അരവിന്ദിന്
Thursday, March 09, 2006
സാഹിത്യമോക്ഷണം
വെട്ടിയും തിരുത്തിയും ഒരു കമ്പനിയുടെ ആസ്തിബാദ്ധ്യതകളെ കൂട്ടി മുട്ടിച്ചുകൊണ്ട് ഷീബ ചോദിച്ചു. എഴുതിക്കുത്തിയ കുന്തം കൊണ്ടു കൊടുക്കാന്‍ ഓഫീസില്‍ ചെല്ലുമ്പോ പ്രിന്‍സിപ്പലിനോട് തന്നെപ്പഠിപ്പിക്കുന്ന പേരോര്‍മ്മയില്ലാത്ത സാറിനെക്കാണണമെന്ന് പറയാന്‍ പറ്റുമോ?അവളെയല്ല, മലയാളം അറിയാതെയെങ്ങാന്‍ പറഞ്ഞുപോയാല്‍ കുട്ടികളെ ശൂലത്തില്‍ കയറ്റുന്ന ഇക്കാലത്ത് ട്യൂട്ടോറിയല്‍ വാദ്ധ്യാരായി ജോലി നോക്കാന്‍ അവതരിച്ച സ്വജനു പുരന്ദരന്‍ എന്നു പേരിട്ട അച്ഛനെയാണ് പറയേണ്ടത്. അങ്ങേരെയും പറയേണ്ടതുണ്ടോ? 20 വര്‍ഷം പ്രാര്‍ത്ഥിച്ച് കിട്ടിയ ഉരുപ്പടിക്ക് താനെന്നും വിളിക്കുന്ന രണ്ടുമൂന്നു ദൈവങ്ങളുടെ പൊതുവായൊരു പേരിടണമെന്നാഗ്രഹിച്ചത് തെറ്റാണോ?
അവളുണ്ടാക്കിയ കണക്കു പകര്‍ത്തിയെഴുതിക്കൊണ്ടിരുന്ന ശ്രീകുമാര്‍ സാറിന്റെ പേരു പറഞ്ഞുകൊടുത്തു. ഷീബയത് രണ്ടുമൂന്നു തവണ ഉറക്കെയുരുവിട്ട് കാണാപ്പാഠം പഠിച്ചു. ഇതു കേട്ട റസ്റ്റ് ഓഫ് ദീ ക്ലാസ്സില്‍ മിക്കവരും ഞെട്ടി ,ഞെട്ടാത്തവന്‍ തൊട്ടി:- അവനും മനസ്സിലായില്ലല്ലോ ശ്രീകുമാരന്‍ കുത്തിയ വാരിക്കുഴി.
സ്വതേ പരുങ്ങല്‌റാണിയായ അവള്‍ ഉത്തരമെഴുതിയ ബുക്കുമായി മീന്‍ വെട്ടുന്നയിടത്ത് പൂച്ചവരുമ്പോലെ പമ്മി പമ്മി സ്റ്റാഫ് ഷെഡ്ഡിലെത്തി. പാരലല്‍ കോളേജ് പ്രിന്‍സിപ്പലായിപ്പോയെങ്കിലും ഉത്തരാധുനിക സാഹിത്യമെഴുത്തിലെ എണ്ണം പറഞ്ഞ കിടമത്സരക്കാരനെന്ന ഉയരത്തിലേക്ക് പറന്നു കയറാനുള്ള പരിശ്രമത്തില്‍ വാക്കിലും നോക്കിലുമെല്ലാം വേദനയും പുശ്ചവും നിരാശയും നീരസവുമെല്ലാം തേകിനിറക്കല്‍ ജീവിതചര്യയാക്കിയ ശ്രീമന്‍ കാജാബീഡി വലിച്ചുവലിച്ച് ബാസ്സ് കൂട്ടിയെടുത്ത ശബ്ദം സ്ലോമോഷനില്‍ പുറത്തേക്കുവിട്ട് "എന്താ" എന്നു തിരക്കി
"ഭഗന്ദരന്‍ സാറിനെക്കാണാന്‍ വന്നതാണ് . ബുക്കു കാണിക്കാന്‍"
മീശമുളച്ചകാലം മുതല്‍ പ്രിന്സ്ജി നോമ്പുനോറ്റ് ആധുനികവല്‍ക്കരിച്ച മുഖഭാവം ഊരി താഴെ വീണു പൊട്ടിപ്പോയി.
"എന്തു കാണാനെന്ന്?"
" ഭഗന്ദരന്‍ സാറിനെ .."
പ്രിന്‍സേട്ടന്‍ അലറിച്ചിരിച്ചെഴുന്നേറ്റു
"തന്റെ ഭഗന്ദരം എന്തിനാ സാറിനെ കാണിക്കുന്നത് ഷീബേ, ഒരു ഡോക്റ്ററെ കൊണ്ട് കാണിക്ക്"
ഭഗന്ദരദര്‍ശനം നല്‍കിയ ബോധോദയത്തില്‍ എഴുത്തും താടിയും കുടിയുമുപേക്ഷിച്ചയദ്ദേഹമിന്ന് ഓലക്കോളേജും വിട്ട് വലിയ ഉദ്യോഗസ്ഥനായി അന്തസ്സായി മൂന്നു പിള്ളേരുടെ അച്ഛനായി ജീവിക്കുന്നു.
ഒരു ആധുനികബാധയില്‍ നിന്നും മലയാള സാഹിത്യത്തെ രക്ഷിച്ച, അതോടൊപ്പം ഒരു താടിയറ്റാക്കില്‍നിന്നും പാവം പ്രിന്‍സിപ്പലിനെയും രക്ഷിച്ച ശ്രീകുമാറും പുരന്ദരന്‍ സാറും ഷീബയും തങ്ങളില്‍ത്തങ്ങളില്‍
ആലുവാ മണപ്പുറത്തു വച്ചു കണ്ട ഒരു പരിചയം ഉണ്ടായിരുന്നത് അന്നത്തോടെ മറന്നുപോയി.
Wednesday, March 08, 2006
കാമ്യവരദം
ഉച്ചക്കു തുടങ്ങി എതാണ്ട് രാത്രി എട്ടുമണിവരെ നീണ്ട ശുഭം അവസാനിച്ചത് എട്ടുപത്തുപേരുടെ പണ്ടം കുത്തി പുറത്തെടുത്തവനും വെറുതെ വിട്ടതും വിചരാണ അനന്തമായി നീളുന്നതും ചേർത്ത് പലതരം കേസിൽ പ്രതിയും ഒക്കെയായ കൈതാകോടി പാപ്പൻ ചെറിയ ചാറ്റൽ മഴയത്ത് ചന്തക്കവലയിലെത്തിയപ്പോഴാണ്.
“എതു പെരിനാട്ടുകാരൻ ........ ആണെടാ എന്റെ മോനെ പത്തലിനടിച്ചത്? മഴ കൊള്ളാതെ കടവരാന്തകളിൽ അഭയം തേടിയ കുടരഹിതരെ പൊതുവായി നോക്കി അയാൾ ചോദിച്ചു.
ഉത്തരമായി ഒന്നു രണ്ട് കടയുടെ ഷട്ടർ വീണ ശബ്ദം മാത്രം.
“ഇറങ്ങിവരിനെടാ കൂ.. മക്കളേ, രണ്ടിലൊന്നറിഞ്ഞേ ഞാൻ പോകൂ.“
ഇത്തവണ വെറും നിശബ്ദതയായിരുന്നു പകരം കിട്ടിയത്.
“ആണായിട്ടൊരുത്തനുമില്ലേടാ ഇന്നാട്ടിൽ? പാപ്പന്റെ മോനെയടിച്ച... എന്തിയേടാ?”
സോഡാക്കടയിൽ ഗ്യാസ് നിറച്ചുകൊണ്ടിരുന്ന ഉണ്ണൂണ്ണിമാപ്ല ഇറങ്ങിവന്നു.
“പൊന്നച്ചായാ ക്ഷമിച്ചുകള. പിള്ളേരു കളിക്കുമ്പോ എതാണ്ട് നടന്നെന്നുവച്ച്....”
“അവന്‍റമ്മച്ചീടെ മദ്ദ്യസ്സം പറച്ചില്” എന്ന നിരീക്ഷണത്തോടൊപ്പം പാപ്പന്‍ ഉണ്ണൂണ്ണിയെ പുറങ്കാലിനടിച്ച് തെറിപ്പിച്ചു.
ഏറുകൊണ്ട പട്ടിയെപ്പോലെ ഞരങ്ങിക്കൊണ്ട് പാവം ഉണ്ണൂണ്ണി ഫെയ്ഡൌട്ടായി.
“ഫൂ ചെറ്റകളേ, ഇറങ്ങി വരിനെടാ, കൈതാവടിപ്പാപ്പന്‍റെ മോനെയടിക്കാന്‍ ധൈര്യം കാണിച്ചവന്മാരെ ഒന്നു കാണാന്‍ തന്നെയാടാ ഞാന്‍ വിളിക്കുന്നത്”
വായനശാലക്കകത്ത് ഞങ്ങള്‍ പെരിനാടന്‍ ചുണക്കുട്ടന്മാര്‍ പരസ്പരം നോക്കി. ആറടി ഉയരത്തില്‍ കാരിരുമ്പില്‍ തീര്‍ത്ത ഈ ഭയങ്കരനെ- നൂറുകിലോ കുടവയറിനു മാത്രം തൂക്കമുള്ള ഉണ്ണൂണ്ണി മാപ്ലയെ തൊഴിച്ചോടിച്ച രാക്ഷസ്സനെ, ഒറ്റക്കോ ഒന്നിച്ചോ നേരിടാന്‍ മാത്രം ചങ്കൂറ്റം ഞങ്ങള്‍ക്കില്ല.
“ആരുമില്ലേടാ ഷണ്ണന്മാരേ?” ഓരോ വെല്ലുവിളിയിലും പാപ്പന്‍ ശബ്ദം കൂടുതല്‍ ഉയര്‍ത്തി. അതിനനുപാതമായി അഭിമാനോമീറ്ററില്‍ പെരിനാടിന്‍റെ റീഡിങ് താഴോട്ടു താഴോട്ടിറങ്ങിവന്നു. കൈതാകോടിയുടെ വെന്നിക്കൊടി പുളകാതിരേകത്താല്‍ പുളഞ്ഞു.
അപ്പോഴതു സംഭവിച്ചു- ഹിരണ്യന്‍റെ മാറുപിളര്‍ക്കാന്‍ നരസിംഹം തൂണുപിളര്‍ന്ന് അവതാരം കൊണ്ടപോലെ ഷാപ്പിന്‍റെ ചെറ്റ തള്ളിത്തുറന്ന് വരദനാശാന്‍ ഒരു മാലാഖയെപ്പോലെ പ്രത്യക്ഷപ്പെട്ടു. മാലാഖയെപ്പോലെ എന്നു പറഞ്ഞത് ആലങ്കാരികമായല്ല. സൂപ്പര്‍സ്റ്റാര്‍ കൃഷ്ണന്‍ കുട്ടി നായരെ പതിനാറായി കീറിയതില്‍ ഒരു കഷണം വൈറ്റ് വാഷ് ചെയ്ത പോലത്തെ വെള്ളയീര്‍ക്കിലിക്കളേബരം മൂടുന്ന വെളുത്ത ഷര്‍ട്ടും മുണ്ടും. അപ്പൂപ്പന്‍ താടി പോലെ സില്‍ക്കി ഹെയര്‍. മുട്ടനൊരു വെള്ളക്കൊമ്പന്‍ മീശ. കാലിലെ വെള്ള ലൂണാറിലേക്ക് കയ്യിലെ ന്യൂസ് പേപ്പര്‍ പൊതി മഴയത്ത് അലുത്തുപോയതില്‍ നിന്നും പഞ്ചസാര ഒരു കൊച്ചുവെള്ളച്ചാട്ടം പോലെ തൂര്‍ന്നുവീണുകൊണ്ടേയിരിക്കുന്നു. ഷാപിന്‍റെ വാതില്‍ മലര്‍ക്കെ തുറന്നപ്പോള്‍ ഉള്ളിലെ പെട്രോമാക്സിന്‍റെ വെളിച്ചം പുറത്തേക്ക് ഉജ്ജ്വലപ്രഭയുള്ളൊരു വെള്ളിപ്പരവതാനി വിരിച്ചതിലേക്ക് വരദനാശാന്‍ ആടിയാടി നടന്നിറങ്ങി. റോഡിലെത്തി രംഗ നിരീക്ഷണം നടത്തിയ അദ്ദേഹം കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെയായ കൈയ്യിലെ പഞ്ചസാരപ്പൊതി ഓടയിലെറിഞ്ഞ് ഒരിഷ്ടിക കഷണമെടുത്ത് ടാറിട്ടതിനു കുറുകേ ഒരു വര വരച്ചു.
“ടാ വരത്തന്‍ പ-- - പൂ-- മോനേ, നീ തന്തക്കു പെറന്നതാണെങ്കില്‍ ഈ വര കടന്നു കേറിവാടാ. കൈതാവടീല്‍ ആണുങ്ങളുണ്ടെന്ന് പെരിനാട്ടുകാര്‍ സമ്മതിച്ചു തരാമെടാ ക- കാ- മോനേ“
പൂവായി തുടങ്ങി കായിലവസാനിച്ച ലക്ഷണമൊത്ത ചലഞ്ച്. പെരിനാടിന്‍റെ റെപ്രെസെന്‍റേറ്റീവായി കരിക്കാടിക്കൊഞ്ചു പോലെ കൂനിയ ഒരു 70 വയസ്സുകാരന്‍ കുടിയന്, മഹാ റൌഡികള്‍ക്കു പേരുകേട്ട കൈതാകോടിയുടെ അഭിമാനത്തിനു നേരേ ഉയര്‍ത്തിയ ആ വെല്ലുവിളി പാപ്പനെ ഭയങ്കരമായി ഉലച്ചുകളഞ്ഞു. ഇടി തട്ടിയതുപോലെ കുലുങ്ങിപ്പോയ റൌഡി ലക്ഷ്മണരേഖക്കു നേരേ ഒരടി വച്ചു. വരദനാശാനും ഒരു ചുവട് മുന്ന്നോട്ടു നടന്നു. പാപ്പന്‍ അരയില്‍ നിന്നും ഒരു കഠാരിയൂരി- സാദാ മടക്കുപിച്ചാത്തിയൊന്നുമല്ല, അടിതടക്കാര് ഉപയോഗിക്കുന്ന പിടിക്കു ഗാര്‍ഡും അലകിനു സൂചിയുടെ മുനയുമുള്ള അസ്സല്‍ ലാന്‍സലോട്ട് . ഇന്നേവരെ പാക്കുവെട്ടാന്‍ പോലും ഒരു കത്തി തൊട്ടിട്ടില്ലാത്ത വരദനപ്പൂപ്പന്‍ പകരം എന്തോന്നൂരാന്‍ ഷര്‍ട്ടല്ലാതെ? ഷര്‍ട്ടൂരി റോഡരികിലേക്ക് ഒറ്റയേറ്. കൈതാകോടി വാര്‍ഡ് കത്തി നീട്ടിക്കൊണ്ട് ഒരു ചുവടു കൂടെ അഡ്‍വാന്‍സ് ചെയ്തു . വെറും കൈ വീശിക്കൊണ്ട് പെരിനാടും ഒരു കാല്‍ വച്ചു.
അടുത്ത മൂന്നു സെക്കന്‍ഡ് ഫ്രീസ് ഷോട്ട്. “പക്ഷികള്‍ പാടിയില്ലാടിയില്ലാലില ഇക്ഷിതി തന്നെ മരവിച്ചപോലെ..“ എന്നൊക്കെ ജി എഴുതിയത് ഇജ്ജാതി ഷോട്ട് കണ്ടിട്ടാവും.
കൈതാകോടി പാപ്പന്‍ ഒരു ചുവട് പിന്നോട്ടു വച്ചു!!. വാടാ -- എന്നു വിളിച്ച് വരദനപ്പൂപ്പന്‍ മുന്നോട്ടെന്നു കരുതി ഇടത്തോട്ടൊരടി കൂടി നടന്നു. “ നിന്നെ ഞാനെടുത്തോളാമെടാ” എന്ന് പാപ്പന്‍ ട്രൂസ് പ്രപ്പോസ് ചെയ്യുന്നതിനെ തടസ്സപ്പെടുത്തിക്കൊണ്ട് പാണ്ടിത്തൈരു കയറ്റിയ ഒരു ലോറി അവര്‍ക്കിടയിലൂടെ പാഞ്ഞു പോയി. ഹെഡ് ലൈറ്റടിച്ച ഫ്ലാഷാലെ മഞ്ഞളിച്ച കണ്ണു തിരുമ്മി നോക്കിയ ഞങ്ങള്‍ രണ്ടു പിന്‍ വശങ്ങള്‍ മാത്രം കണ്ടു:
പാണ്ടിലോറിയുടെ ചുവന്ന പിന്‍ വെളിച്ചത്തിലൂടെ ദൂരേക്കു മറയുന്ന പാപ്പന്‍റേറ്തും ലോറി പോയ കാറ്റടിച്ച് ഓടയിലേക്കു മറിയുന്ന വരദനാശാന്‍റേതും.
(നിത്യയശ:ശ്ശരീരനായ ഞങ്ങളുടെ വരദനാശാനെ
നെടുമങ്ങാടന്‍ കണ്ണന്‍കോവിക്ക് സമര്‍പ്പിക്കുന്നു.)
Friday, March 03, 2006
ലതെഴുത്ത്
The CI of Police,
RC Puram, BHEL.
Dear Sir,
Sub: Dying Statement
Should there be any casuality or dubious abscence of any or all of us, please take cognizance of the fact that Mahindra, Sekhar Rao and PVR Raju of ...Ltd. are responsible for any act of crime that has caused such casuality or abduction.
This holographic inscription of Dev may please be concerned as our dying statement for all evidence purposes.
In witness of the rest of the undersigned, we have signed the statement.
Dev (s/d)
Rajesh (s/d)
Deepak
Kuruvilla (s/d)
"ഇതെന്തുവാടേ???"
സ്റ്റോക്ക് ഇന്‍സ്‌പെക്ഷനു പോയിരുന്ന ദീപക് വൈകുന്നേരം തിരിച്ച് ഗസ്റ്റ് ഹൌസിലെത്തിയപ്പോള്‍ മറ്റു മൂന്നുപേര്‍ ചേര്‍ന്നു നീട്ടിയ പേപ്പറാണ്. എങ്ങനെ അന്തം വിടാതിരിക്കും?
"ദീപു, ഒരാള്‍ മരിക്കുമ്പോ മൊഴി കൊടുത്തിട്ടില്ലെങ്കില്‍ അവസാനം എഴുതിയത് തെളിവായി എടുക്കണമെന്നാണല്ലോ.. " രാജേഷ് വിശദീകരിച്ചു തുടങ്ങിയതിനെ ദീപു ഇടക്കു തന്നെ തടുത്തു
"എവിഡന്‍സ് ആക്റ്റ് നീയെന്നെ പഠിപ്പിക്കണ്ടടേ. മഹീന്ദ്രയും ശേഖറുമൊക്കെ നമ്മളെക്കൊല്ലുന്നതെന്തിനാണെന്നാ ചോദിച്ചത്"
അതു പറയാം ആദ്യം നീ ഒപ്പിട്, നേരം പോകുന്നു. കുരുവിള പറഞ്ഞു. മറ്റു റ്റീം അംഗങ്ങളില്‍ അചഞ്ചലവിശ്വാസമുള്ള ദീപു ഒപ്പിട്ടു. ഞാന്‍ കത്ത് പെട്ടിയിലൊളിപ്പിച്ചു. പെട്ടി പൂട്ടി താക്കോലുമൊളിപ്പിച്ചു. ഞങ്ങളെക്കൊല്ലുന്നവര്‍ ചിലപ്പോ രേഖകള്‍ക്കായി തിരച്ചില്‍ നടത്തിയേക്കും.
"ഇനിയെങ്കിലും പറയിനെടാ തെണ്ടികളേ" ദീപുവിന്റെ ക്ഷമ നെല്ലിപ്പടി താണ്ടി കീഴോട്ടു പോയി.
തെണ്ടികള്‍ രഹസ്യത്തിന്റെ ചുരുള്‍ നിവര്‍ത്തു.
പെറ്റിപിടി
ഈ ട്രിപ്പില്‍ ആഡിറ്റന്മാരു അരിച്ചു പെറുക്കിയിട്ടും ഒന്നും കിടച്ചിട്ടില്ലായിരുന്ന്നു. അങ്ങനെ വെറും കൈയ്യോടെ തിരിച്ച് പോകാന്‍ മടിയായിട്ട് ചുമ്മാതിരുന്ന ചിലതിലൊക്കെ ചുണ്ണാമ്പിട്ടു നീറ്റിയതാണ് - വന്നപാടേ ക്യാഷ് വേരിഫിക്കേഷനൊക്കെ കഴിഞ്ഞെങ്കിലും പോകുന്ന ദിവസം രാജേഷൊരു സര്‍പ്രൈസ് വേരിഫിക്കേഷന്‍ കൂടി നടത്തി.
അതാ കുരുങ്ങി വലയില്‍- ഒരു കൊഞ്ചിന്റെ കുഞ്ഞ്. പെറ്റി ക്യാഷില്‍ ഇരുന്നൂറു രൂപാ കുറവ്. ക്യാഷ്യറേട്ടന്മാര്‍ അത്യാവശ്യം പെറ്റി ക്യാഷെടുത്ത് അരിയോ മണ്ണെണ്ണയോ വാങ്ങുകയോ കാപ്പി കുടിക്കുകയോ സാധാരണയാണ്- സെറ്റില്‍ ചെയ്യുന്ന സമയത്തോ പീരിയഡ് എന്‍ഡിലോ തിരിച്ചു വച്ചാല്‍ മതിയല്ലോ. വലിയ തുകയൊന്നുമല്ലതാനും.
സാധാരണ ചെയ്യാറുള്ളതും എന്നാല്‍ ഗുരുതരവുമായ കുറ്റം- എം പി 3 പാട്ടുകള്‍ കൂട്ടുകാര്‍ക്കയച്ചുകൊടുക്കുന്നതു പോലെ.
കാഷ്യര്‍ മഹീന്ദ്രയെ വിളിപ്പിച്ചു. ഒരത്യാവശ്യത്തിനെടുത്തെന്നും ഉടനേ തന്നെ തിരിച്ചിട്ട് പ്രശ്നം തീര്‍ക്കാമെന്നുമായി മഹാവേന്ദ്രന്‍. രാജേഷ് വഴങ്ങിയില്ല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം. അതിപ്പോ ഉപ്പുമാങ്ങ തിന്നവനായാല്‍പ്പോലും.
ഹൈ. മാറീല്ലോ തെലുങ്കന്റെ ഭാവം
"എന്റെ കഞ്ഞിയില്‍ കല്ലിട്ടാല്‍ നിന്റെയൊക്കെ പണ്ടത്തില്‍ ഡെക്കാണ്‍ പീഠഭൂമിയിലെ എക്കല്‍ മണ്ണു പറ്റും" എന്നാണു പോലും അവന്‍ രാജേഷിനോട് ഹിന്ദിയില്‍ ബോല്‍ത്തിയത്.
"ഭാ പോടാ വിന്ധ്യന്റെ മോനേ വന്ധ്യാ" എന്നു പറഞ്ഞ് ഞങ്ങളുമെഴുന്നേറ്റു പോന്നു.
ആഹവഭേരി
മഹീന്ദ്രനുയര്‍ത്തിയ ഭീഷണി ഒരു ചുമ്മാ പറച്ചിലെന്നേ കരുതിയുള്ളു . പക്ഷേ പുറത്തിറങ്ങിയതും ആളുകള്‍ കൂടി - സാറേ വേഗം സ്ഥലം വിട്ടോ. നക്സല്‍ യൂണിയനായ ....... ന്റെ വലിയ പ്രവര്‍ത്തകനാണ് അയാള്‍. കമ്പനിയിലെ യൂണിയന്‍ നേതാക്കള്‍ ശേഖറും രാജുവും ഭാവിയിലെ സീതാരമയ്യയും കോട്ടേശ്വരറാവുമുമാണ്. ഇവിടെയിനി നിന്നാല്‍ നക്സലൈറ്റുകള്‍ സാറന്മാര്‍ടെ തലകൊണ്ട് ഫൂട്ട്ബാള്‍ കളിക്കും. തടി കേടാകാതെ വേഗം മാറിക്കോ..
മാനേജുമെന്റിലാരും പട്ടിക്കാട് ബ്രാഞ്ചില്‍ അന്നില്ല- തൊട്ടടുത്ത ദിവസം ഹോളിയായതുകൊണ്ട് ഒക്കെയും നഗരത്തിലായിരുന്നു. ബി എച് ഈ എല്‍ ടാക്‌സി സ്റ്റാന്‍ഡില്‍ വണ്ടി ഒറ്റയെണ്ണം പോലും മിച്ചമില്ല. ഹോളി ഹോളീ ഡേ. കമ്പനി വണ്ടികളില്‍ കയറിയാല്‍ നേരേ യൂണിയനാപ്പീസിലേക്ക് അവരെത്തിക്കാനാണ് സാധ്യത. സിറ്റി ഓഫീസില്‍ വിളിച്ചു. രണ്ടു മണിക്കൂര്‍ എടുക്കും വണ്ടി അറേഞ്ച് ചെയ്യാന്‍, മീതെ സിറ്റിയില്‍ നിന്നും രണ്ടുമൂന്നു മണിക്കൂര്‍ എടുക്കും ഈ കാട്ടിലെത്താന്‍. വഴിയില്‍ ഹോളിക്കാര്‍ വല്ല ജാഥയോ മറ്റോ നടത്തിയിട്ടുണ്ടെങ്കില്‍ കൂടുതല്‍ താമസിക്കും. ഇറങ്ങി പ്രാണനും കൊണ്ടോടാന്‍ പോലും വയ്യ. നാലുവശവും വെറും ചതുപ്പാണ്. ഗസ്റ്റ് ഹൌസിന്റെ ചുറ്റും ജോലിക്കാരുടെ കോളനിയാണ്. അതു കടന്ന് ഓടി രക്ഷപെടാമെന്ന് ഒരു പ്രതീക്ഷയും വേണ്ടാ.
പുരകത്തുമ്പോള്‍..
ഒരു കുഴപ്പവുമില്ലാതിരുന്ന ഞങ്ങളെങ്ങനെ ആസന്നമരണരായെന്ന കഥ കേട്ട് ദീപു ഒരു സിഗററ്റ് കത്തിച്ച് അങ്ങ്നോട്ടും ഇങ്ങോട്ടും നടന്നു.
"എടാ ദ്രോഹികളേ, ഇതൊക്കെ നടക്കുമ്പോള്‍ ഞാന്‍ പ്ലാന്റിലല്ലായിരുന്നോ? ഞാനെന്തിനാടാ നിന്റേയൊക്കെ കൂടെ ചാകുന്നത്? എനിക്കിതിലൊന്നും പങ്കില്ലെന്ന് പറഞ്ഞാല്‍ പോരേ?"
റ്റീമില്‍ ആരെങ്കിലും മാപ്പുസാക്ഷിയാകാന്‍ ശ്രമിച്ചാല്‍ അവനെക്കൊല്ലുന്നത് നക്സലായിരിക്കില്ല, ഞാനായിരിക്കും." രാജേഷ് ഉഗ്രശാസനം പുറപ്പെടുവിച്ചു.
"എന്നാല്‍ പിന്നെ കൊലയാളി ലിസ്റ്റില്‍ പ്രൊഡക്ഷന്‍ മാനേജര്‍ സുബ്ബരാമയ്യായുടെ പേരുകൂടെ വയ്ക്കാമോടേ?" ദീപു അന്വേഷിച്ചു
"അതെന്തിനാ?"
"ആങ്ങ്.. എനിക്കയാളെ ഒട്ടും ഇഷ്ടമല്ലെടേ. ഒരുമാതിരി വൃത്തികെട്ട സ്വഭാവമാ അയ്യാള്‍ക്ക്. എതായാലും നമ്മളു തൊലഞ്ഞ്. അവനിട്ടൊരു പണികൂടെയിരിക്കട്ടെന്നേ."
"സാമദ്രോഹീ. ചാകാന്‍ നേരത്തും മനസ്സില്‍ ദുഷ്ടത്തരമാ അല്ലേടോ? മരണമൊഴീല്‍ മായം ചേര്‍ക്കാന്‍ നീയാരു വടക്കന്‍ വീരഗാഥയിലെ ആരോമല്‍ ചേകവരോ?. നിന്റെയൊക്കെ ദുഷ്ടചിന്ത കൊണ്ടാണെടാ വല്ല നാട്ടിലും വന്ന് അടി കൊണ്ട് ചാകേണ്ട ഗതി വന്നത്"
"കിടന്നടികൂടാതെ നമ്മുടെ ടാക്സി വേഗം വരാന്‍ പ്രാര്‍ത്ഥിക്കെടേയ്" - രാജേഷ് പറഞ്ഞു.
കുരുവിളക്ക് മരണഭയം താങ്ങാന്‍ വയ്യാ. ധൈര്യത്തിന് ഒരു കുപ്പിയോര്‍ഡര്‍ ചെയ്തോട്ടേ എന്നന്വേഷിച്ചു
"നീ കുറച്ച് ടെന്‍ഷനടിച്ചാലും വേണ്ടില്ല, ഇപ്പോ കള്ളു തൊട്ടുപോകരുത്. അടിപിടിയോ ഓടേണ്ട സാഹചര്യമോ വന്നാല്‍ പാമ്പായിരിക്കുന്ന നീ ഒരു പ്രശ്നമാകും" ഞാന്‍.
"പേടിച്ചിട്ടാണേ. കള്ളില്ലേല്‍ വേണ്ടാ, ഒരു ബീര്‍ പറഞ്ഞോട്ടേ"
"വേണ്ടാ"
"എന്നാലിത്തിരി വൈന്‍"
"നോ!"
കുരുവിള ഇന്റര്‍കോം എടുത്തു
"ശംഭൂ, ഏക് ചായ്"
പാവം അവന്റെ അന്ത്യാഭിലാഷമായിരിക്കുമോ ഇത്തിരി കള്ളുകുടിക്കാന്‍? എങ്കില്‍ എനിക്കു പരലോകത്തും സമാധാനം കിട്ടില്ലല്ലോ എന്റീശ്വരാ.
തീവ്രാദികളുടെ വരവ്.
ടാക്സിയും കാത്ത് ഞങ്ങളിരുന്നു. മുന്നിലെ വര്‍ക്കേഴ്സ്കോളനിയില്‍ ആളുകള്‍ രണ്ടും മൂന്നുമായി സംസാരിച്ചു നിന്നിരുന്നത് മിന്നല്‍ വേഗത്തില്‍ വലിയ ഒരൊറ്റ കൂട്ടമായി. സംസാരം നിലച്ചു. അവര്‍ ഒരോപ്പറേഷന്‍ പ്ലാന്‍ ചെയ്യുകയാണെന്ന് ഞങ്ങള്‍ക്കു തോന്നി. ഒരാട്ടോറിക്ഷാ വന്നു നിന്നു. സാധാരണ കമ്പനിയുടെ ഉടമസ്ഥതയിലല്ലാത്ത വാഹനങ്ങളെ ഗേറ്റിനകത്തു വിടാറില്ല- കമ്പനിക്ക് ഓട്ടോറിക്ഷയില്ലല്ലോ.
രാജേഷ് അടുക്കളയില്‍ നിന്നൊരു ചെറിയ കറിക്കത്തി ഇടുപ്പില്‍ തിരുകി
"ഇനിയിപ്പോ ടാക്സി വന്നാലും നമുക്കു രക്ഷയില്ല. ഞാന്‍ റെഡിയാ ചാകാന്‍. പക്ഷേ ആദ്യം എന്റെ ദേഹത്തു കൈ വയ്ക്കുന്നവന്റെ കൊടലും കൊണ്ടേ ഞാന്‍ പോകൂ." അപ്പോഴത്തെ സാഹചര്യത്തില്‍ എടുക്കാവുന്നതില്‍ വച്ച് ഏറ്റവും നല്ല തീരുമാനമാണെന്ന് എനിക്കും തോന്നി. ഞാനുമെടുത്തു ഒരു കത്തി. കുരുവിളയും ദീപുവും ഓരോന്നെടുത്തു. കുക്ക് ശംഭൂ മഹാരാജ് അന്തം വിട്ടു നോക്കി നിന്നു.
വലിയ ആള്‍ക്കൂട്ടത്തില്‍ നിന്നും എട്ടുപത്തു പേരുടെ ഒരു ചെറിയ കൂട്ടം അടര്‍ന്നു. അതു ഗസ്റ്റ് ഹൌസിനു നേരേ നീങ്ങിത്തുടങ്ങി. ഞങ്ങളെ വകവരുത്താന്‍ ഇത്രപേര്‍ മതിയെന്നാവും. ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി. "ല്ലെ എഴുത്തിട്ട പെട്ടി പൂട്ടിയോടേ? അവന്മാര്‍ക്കതു കിട്ടരുത്" കുരുവിള എന്റെ ചെവിയില്‍ ചോദിച്ചു. ഞാന്‍ തല കുലുക്കി.
ആഗതര്‍ ഗസ്റ്റ് ഹൌസിന്റെ റിസപ്ഷനില്‍ വന്നപ്പോഴേക്ക് ഞങ്ങളും അവിറ്റെയെത്തി. പിഞ്ഞിത്തുടങ്ങിയ പാന്റും ആര്‍മി ഗ്രീന്‍ ടീ ഷര്‍ട്ടും ധരിച്ച മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ മുന്നോട്ടു വന്നു.
"ആഡിറ്റിനു വന്നവര്‍ നിങ്ങളാണോ?? എനിക്കല്‍പ്പം സംസാരിക്കണം" ഇംഗ്ലീഷിലായിരുന്നു
ഞങ്ങള്‍ ഊരും പേരും സഹിതം പരിചയപ്പെടുത്തി. വന്നയാള്‍ അതു ശ്രദ്ധിച്ചില്ല. ഇങ്ങോട്ടാരെയും പരിചയപ്പെടുത്തിയുമില്ല. അത്യാവശ്യമുള്ള കാര്യങ്ങള്‍ മാത്രം അയാള്‍ പറഞ്ഞു- “മഹീന്ദ്ര ഒരു തെറ്റു ചെയ്തു. കുറ്റകൃത്യമെന്നോ ആരും ചെയ്യാത്തതെന്നോ പറയാവുന്ന കാര്യമല്ല. എങ്കിലും അതൊരു തെറ്റാണ് എന്നതില്‍ തര്‍ക്കവുമില്ല. ഇനിയവന്‍ അതാവര്‍ത്തിക്കില്ലയെന്ന് ഉറപ്പു തരുന്നു. അവന് മാത്രമല്ല ഞാനും ഉറപ്പു തരുന്നു. മേല്‍ നടപടികളെടുക്കേണ്ട ആവശ്യമുണ്ടോ? അവനൊരു കുടുംബമുണ്ട്, അമ്മയുണ്ട്, ഭാര്യയുണ്ട്, കുട്ടിയുമുണ്ട്. “
“ഞങ്ങളുടെ കണ്ടെത്തലുകള്‍ ഓഫീസിനു കൈമാറുന്നതോടെ തീരുന്നതാണ് അധികാര പരിധി. ആരെയും ശിക്ഷിക്കാന്‍ അധികാരമുള്ളവരല്ല ഞങ്ങളെന്ന് താങ്കള്‍ക്കറിയാമല്ലോ“.. ഞാന്‍ ഒരനുനയ സ്വരത്തിലും എന്നാല്‍ അയാളുടെ ഉപദേശത്തിനു വഴങ്ങുന്നയാളല്ലെന്നു ധ്വനിപ്പിച്ചും പറഞ്ഞു .
“എനിക്കറിയാമത്. നേതാവു പറഞ്ഞു. നിങ്ങളുടെ ഓഫീസ് ഇതു മാനേജുമെന്റിനെ അറിയിച്ചാല്‍ ഒരു യൂണിയന്‍ പ്രവര്‍ത്തകനെന്ന വിരോധം വച്ച് വ്യക്തിവിരോധം തീര്‍ക്കാന്‍ അവര്‍ അത് പയോഗിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. “
“ഇങ്ങനെയൊരു സംഭവം ഉണ്ടായെന്നും അതിനിയാവര്‍ത്തിക്കില്ലയെന്ന് യൂണിയന്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഞങ്ങളുടെ ഓഫീസിലറിയിക്കാം ഞങ്ങള്‍ എന്നാല്‍, ഉചിതമായ ഒരു തീരുമാനം അവരെടുക്കുമെന്നാണ് എന്റെ വിശ്വാസം“- ദീപു പറഞ്ഞു.
“ശരി.“ തീവ്രന്‍ സാര്‍ എഴുന്നേറ്റു. “നിങ്ങള്‍ക്കു ചെയ്യാവുന്നത് ചെയ്യു. മാനേജുമന്റ് ഇയാളെ അളവില്‍ കൂടുതല്‍ ശിക്ഷിച്ചാല്‍ ഞങ്ങള്‍ തടഞ്ഞോളാം, അനിഷ്ടമായി ഒന്നും കമ്പനിയില്‍ സംഭവിക്കാന്‍ നിങ്ങളെപ്പോലെ തന്നെ ഞങ്ങള്‍ക്കും ആഗ്രഹമില്ല. “ഇടുപ്പില്‍ ഒന്നു തപ്പിക്കൊണ്ടാണ് എഴുന്നേറ്റതെന്നെനിക്ക് തോന്നി. തോക്കവിടെയുണ്ടോ എന്നു നോക്കിയതാണോ? നക്സലുകള്‍ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൊല്ലുന്നത് ആന്ധ്രയില്‍ സര്‍വ്വ സാധാരണമാണ്.
റീജോയിസ് വിത്ത് ബിജോയിസ്.
കള്ളേതാ ഉള്ളത് ശംഭൂ? കുരുവിള ചോദിച്ചു
"ബിജോയിസ്, സാബ്"
"ഒഴി മൂന്നു നാലെണ്ണം എനിക്ക്"
"മൂന്നോ നാലോ, സാബ്?"
നിനക്കിഷ്ടമുള്ളയത്രയും. എനിട്ട് ഇഷ്ടമുള്ള പൈസാ വാങ്ങിക്കൂ"
ശംഭു ചിരിച്ചുകൊണ്ട് പോയി. ഞങ്ങള്‍ ബാക്കിയുള്ളവര്‍ മുഖത്തോട് മുഖം നോക്കി വെറുതേയിരുന്നു. കൂറേ കഴിഞ്ഞപ്പോള്‍ ശംഭു കാപ്പിയും ഉഴുനുവടയും
കൊണ്ടു തന്നു - ഓണ്‍ ദ ഹൌസ്.
രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ടാക്സി വന്നു. ഞങ്ങള്‍ പെട്ടിയും വട്ടിയുമൊക്കെ അര പാക്ക്‌ഡ് കണ്ടീഷനില്‍ വാരിയിട്ടു.
കുരു സാബ് ....... ശംഭൂ പറഞ്ഞു. ഞാനെഴുതാത്ത ഭാഗം എനിക്കു മനസ്സിലാകാത്ത വാക്കുകള്‍. മനസ്സിലാകാത്തത് എങ്ങനെ ഓര്‍ത്തിരിക്കും? കുരുവിളയിലെ ‘ള‘ വഴങ്ങാത്തതു കാരണം നാക്കുവടിക്കാക്കുക്ക് ശംഭു വിള കളഞ്ഞ് ഉരുപ്പടിയെ കുരു സാബ് ആക്കി. കുരുവംശത്തില്‍പ്പെട്ടതാണെന്ന് വിചാരിക്കുന്നുണ്ടാവും.
ക്യാ?
കുരുസാബ് ഉധര്‍ ....
മനസ്സിലായി. കുരു പാമ്പായിരിപ്പുണ്ട് എടുത്തുകൊണ്ട് പോകാന്‍ മറക്കരുതെന്നാണ് ഇവന്‍ പറയുന്നത്.
ഡൈനിംഗ് ഹാളില്‍ റ്റീവിയുടെ മുന്നിലെ സോഫായില്‍ കുരുവിള കണ്ണും പൂട്ടി കിടപ്പുണ്ട്.
"ഡോ, വാ പോകാം" ഞാന്‍ തട്ടി വിളിച്ചു.
"ങേ?"
"പോകാം. കൊണ്ടു പോകാന്‍ ആളുവന്നെന്ന്."
"കൊണ്ടു പോകാന്‍ ആളു വന്നോ? ലത് എഴുതിയിട്ട പെട്ടി പൂട്ടിയോ?"
"നാശം. ഡോ, അടിക്കാന്‍ കൊണ്ടു പോകാനല്ല. സിറ്റിയില്‍ കൊണ്ടു പോകാന്‍, ഒന്നെണീറ്റേ"
ആന്റി ക്ലൈമാക്സ്
നാട്ടിലെത്തി. റ്റീമിന്റെ വര്‍ക്കിംഗ് പേപ്പറുകള്‍ ഓഫീസിനു കൈ മാറവേ പെറ്റി ക്യാഷിലെ കുറഞ്ഞ ഇരുനൂറു രൂപയുടെ കാര്യം ആഡിറ്റ് സീനിയര്‍ വര്‍ഗീസ് ഈപ്പനെ മഹാകാര്യമായി പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി:
"ഓ, എന്തുവാടോ ഇത്? ശകലം പെറ്റിക്യാഷ് അങ്ങോട്ടോ ഇങ്ങോട്ടോ മറിക്കുന്നത് മലമറിക്കുന്നതുപോലത്തെ
കാര്യമല്ലല്ലോ. നീയൊക്കെ ഒരുമാതിരി കാറുമോഷണം കാണാതെ ലൈറ്റില്ലാത്ത സൈക്കിളുകാരനെ പിടിച്ച് സ്റ്റേഷനിക്കൊണ്ടുവരുന്ന ചില ഊച്ചാളിപ്പോലീസുകാരെപ്പോലെ. കള"
Saturday, February 25, 2006
നാരീവേട്ട
ലാപ്പോയിന്റ് മനസ്സില്‍ വരുന്നുണ്ടല്ലേ? തീര്‍ത്തുതരാം. നിയമവശാല്‍ പറങ്കിമാവു കൃഷിയില്‍ നിന്നും കിട്ടുന്ന പറങ്കിയണ്ടി- തോട്ടകൊണ്ട് കുലുക്കിയോ അല്ലാതെയോ കശുമാവിന്‍ ചുവട്ടില്‍ നിന്നും ശേഖരിക്കുന്നവ- മാത്രമേ കാര്‍ഷിക വരുമാനമാവുന്നുള്ളു. അല്ലാതെ തെങ്ങ്, കവുങ്ങ്, താന്നി, ആയണി, മൂവാണ്ടന്‍ മാവ്, പാതിരി, പേഴ്, പൈയ്യാഴാന്ത എന്നിത്യാദി ശിഖരി ശിരോമണികളുടെ താഴെ നിന്നും പിന്നെ വെറും നിലത്തു നിന്നും ശേഖരിക്കുന്നവ എങ്ങനെ കാര്‍ഷിക വിളയാകും? അതു നമുക്ക് വാവലുകള്‍ സ്നേഹപൂര്‍വ്വം ഇട്ടുതരുന്നതല്ലേ. വാവല്‍ ശേഖരിച്ച് പറമ്പിലിട്ടുതരുന്ന കശുവണ്ടി, ബദാം മുതലായവ പെറുക്കല്‍ കാര്‍ഷികവൃത്തിയല്ല മറിച്ച് മറ്റാദായക്കണക്കില്‍ ചുങ്കവിധേയമാണെന്ന് എതോ നാട്ടിലെ ബഹു. ഹൈക്കോടതി ഏതോ സീ ഐ റ്റി വേര്‍സസ് ഏതോ തെലുങ്കന്‍ എന്ന കേസില്‍ വിധിച്ചതും പ്രസ്തുത വിധി മറ്റെല്ലാ കേസുകളിലും അംഗീകരിക്കപ്പെട്ടതുമാകുന്നു (സംശയാലുക്കള്‍ ഡോ. സിംഘാനിയയുടെ ഡി. റ്റി. എല്‍ ലോ ആന്‍ഡ് റൂള്‍സ് എന്ന പുസ്തകം കണ്ടമാനം കാശുമുടക്കി വാങ്ങി ചാര്‍ജ്ജബിള്‍ റെവന്യൂ എന്ന അദ്ധ്യായത്തില്‍ ഈ കേസിന്റെ വിശദാംശം വായിക്കുക- എന്റടുത്ത് പുസ്തകങ്ങളൊന്നുമില്ല).
ജീവിതം ഓരോ ദിവസവും ചിലവേറിയ വൃത്തിയായി വരുന്നു. എനിക്ക് ഐസു മുട്ടായി & എന്റെ പ്രാവുകള്‍ക്ക് പയര്‍ എന്ന ചുരുങ്ങിയ ആവശ്യങ്ങളുടെ ഗാന്ധിയന്‍ പ്രായമൊക്കെ കഴിഞ്ഞു; സിനിമായൊന്നിനു രൂപാ നാലു ചിലവ്, പുസ്തകങ്ങള്‍ - റഷ്യന്‍ മിതവില, മലയാളം, ന്യായവില, ഇംഗ്ലീഷ് അന്യായവില; ബിരിയാണി രൂപാ പത്ത്. ഇനിയിപ്പോ സിഗററ്റുവലി തുടങ്ങേണ്ട പ്രായവും അടുത്തു വരുന്നു. കശുവണ്ടിക്കു സര്‍ക്കാര്‍ തറവില കല്‍പ്പിച്ചില്ലായിരുന്നെങ്കില്‍.. ഓര്‍ക്കാന്‍ കൂടി വയ്യാ.
അന്നൊരു കാളവെളുപ്പാന്‍ കാലം . തലേല്‍ തോര്‍ത്തിന്റെ കെട്ടും അരയില്‍ മൂട്ടിയ മുണ്ടും കടവായില്‍ കോള്‍ഗേറ്റ് ബ്രഷുമായി ഞാന്‍ പറമ്പുചുറ്റാന്‍ ഇറങ്ങി. തെങ്ങിന്മൂടുകളില്‍ കശുവണ്ടി ഒരെണ്ണമ്പോലുമില്ല. കവുങ്ങും ഉദിയും വേങ്ങയും ഇലഞ്ഞിയും തഥൈവ. ഞാന്‍ വിഷണ്ണനായ അണ്ണാനെപ്പോലെ മടങ്ങി. വീട്ടിലാരെങ്കിലും പെറുക്കിയോ എന്നന്വേഷിച്ച് "ഇവിടെ ആകെയുള്ള പെറുക്കി നീയാണെടാ" എന്ന് അര്‍ത്ഥക്ഷയത്തിനു മേലേ അപമാനവും വാങ്ങിക്കെട്ടി.
അടുത്ത ദിവസവും അന്നത്തേതിന്റെ ഫോട്ടോക്കോപ്പി. രാത്രി കാതോര്‍ത്തിരുന്നു- രുരുബാഹുക്കള്‍ കാറ്റത്തു പറന്ന സിംഗപ്പൂരു കുട പോലെ പാഞ്ഞു പോകുന്നതിന്റെ ഒച്ചയൊക്കെയുണ്ട്, പക്ഷേ നേരം വെളുത്തപ്പോ നടത്തം ജാസ്തി, ഫലം നാസ്തി. പ്രധാനവരുമാനത്തിന്റെ സ്രോതസ്സടഞ്ഞാല്‍ പാളയെടുത്തു നടക്കേയുള്ളു. ക്രൈസിസ്. ക്രൈ, മൈ സിസ്.
വാവല്‍ വരുന്നു പക്ഷേ അണ്ടിയില്ല എന്നതിനര്‍ത്ഥം എനിക്കു മുന്നേ ആരോ അനധികൃത ശേഖരണം നടത്തുന്നു എന്നാണെന്ന് എതു ഐ പി എസ് കാരനും ഊഹിക്കാം. കള്ളനെ പിടിക്കണം, പിടിച്ചിടിച്ച് ഏപ്പ് നിവര്‍ത്ത് വിടണം.
സ്വസ്ഥന്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണമെന്ന് അഷ്ടാംഗ ഹൃദയം. ബൈ ഇമ്പ്ലിക്കേഷന്‍, അസ്വസ്ഥന്‍ അതിനു മുന്നേ എഴുന്നേല്‍ക്കണമല്ലൊ. രാവിലേ നാലുമണിക്കെഴുന്നേറ്റു. നേരേ എരുത്തിലില്‍ പോയി പമ്മി നിന്നു. (ഒളി സങ്കേതമായി എരുത്തില്‍ തിരഞ്ഞെടുക്കാന്‍ കാരണം:- അഥവാ ആരെങ്കിലും ആളനക്കം കണ്ടാലും കന്നുകാലിയാണെന്ന് ധരിച്ചോളും)
നേരം ചെറുതായി വെളുത്തു തുടങ്ങി. ഞാന്‍ വൈക്കോല്‍ത്തൊട്ടിയില്‍ കയറിയിരുന്നു. കൊക്കിണിപ്പശുവിന്റെ നവജാതകുമ്പന്‍ ഓടിവന്ന് അതിന്റെ സാന്‍ഡ് പേപ്പര്‍ നാക്കുകൊണ്ടു എന്റെ പുറത്തു നക്കി. ഉറക്കം ഞെട്ടിയ ദേഷ്യത്തില്‍ കണ്ണന്‍ കാള "ന്ത്രാാാ?" എന്ന് അമറി. വിജനമായിരുന്ന ഇടവഴിയേ പച്ചടി ദാമോദരന്‍ ആരും കാണുന്നില്ലെന്ന ധൈര്യത്തില്‍ കൈലിമുണ്ടു പൊക്കി ആസനം ചൊറിഞ്ഞുകൊണ്ട് നടന്നുപോയി. കൊട്ടുവടി-മുഴക്കോല്‍-പ്ലാസ്റ്റിക്ക് സഞ്ചിധാരിയായി കുട്ടന്‍ മേശിരി കടന്നു പോയി. കുറച്ചു കഴിഞ്ഞ് എനിക്കറിയാത്ത മൂന്നു പേര്‍ ഉറക്കെ സംസാരിച്ചുകൊണ്ട് നടന്നു മറഞ്ഞു. രംഗം വീണ്ടും ശൂന്യം.
കാത്തിരുന്നതു വെറുതേയായി എന്നു തോന്നിത്തുടങ്ങിയപ്പോഴാണ് അവള്‍ നടന്നു വരുന്നത് കണ്ടത്. ചുവന്ന പാവാടയും ബ്ലൌസുമിട്ട പത്തിരുപത്തഞ്ചു വയസ്സുള്ള ഒരു പെണ്ണ്‍- വരവു കണ്ടാല്‍ത്തന്നെയറിയാം അവള്‍ തന്നെ പുള്ളിയെന്ന്. ഇപ്പെണ്ണ്‍ എന്റെ കയ്യാലക്കല്‍ വന്ന് മുള്ളാനെന്ന വ്യാജേന കുത്തിയിരുന്നു രംഗ നിരീക്ഷണം നടത്തി- ആരുമില്ലെന്നു ധരിച്ച് അതിരു ചാടി പറമ്പിലോട്ടു കേറി. പാവാടത്തുമ്പ് ഇത്തിരി വളച്ച് അതിലോട്ട് പറങ്കിയണ്ടി പെറുക്കിയിട്ടു തുടങ്ങി.
എന്റെ പെരുവിരല്‍ മുതല്‍ ഉച്ചാന്തല വരെ അരിശത്തിന്റെ മിന്നല്‍പ്പിണര്‍ പാഞ്ഞു. "ആരെടീ അയ്യത്തു കേറിയത്" എന്നൊരലര്‍ച്ചയോടെ ഞാനെടുത്തു ചാടി. ചാട്ടത്തിന്റെ വക്രപഥത്തിന്റെ ഉച്ചസ്ഥാനത്തുവച്ച് പോത്തിനെയടിക്കാനുള്ള കാഞ്ഞിരവടി എരുത്തിലിന്റെ വാരിയില്‍ നിന്നും വലിച്ചൂരിയത് ബോധപൂര്‍വ്വമല്ലായിരുന്നെന്നാണോര്‍മ്മ.
ഓര്‍ക്കാപ്പുറത്തെന്നെക്കണ്ട പാവം അണ്ടിക്കള്ളിയുടെ അകവാള്‍ വെട്ടിപ്പോയി. ഞെട്ടിത്തെറിച്ച അവള്‍ ചാടിയോടി. പാവാടയില്‍ നിന്നും പറങ്കിയണ്ടി നാലുപാടും തെറിച്ചു. മരങ്ങള്‍ക്കിടയില്‍ അവള്‍ ഒരു എഫ്1 കാറുപോലെ അവ്യക്തമായൊരു ചുവന്ന പാച്ചിലായി. "നില്‍ക്കെടീ അവിടെ" മാനിന്റെ പിറകേയോടുന്ന ചീറ്റപ്പുലിയുടെ ക്രൂരതയോടെ ഞാന്‍ വടിയുമായി അവളുടെ പിറകേ പാഞ്ഞു.
പറങ്കിമാംവിള കുത്തനെ കയറ്റമാണ്. എനിക്കും പ്രാണനുംകൊണ്ടോടുന്ന അവള്‍ക്കുമിടയിലെ ദൂരം വര്‍ദ്ധിച്ചുവരുന്നതു കണ്ട ഞാന്‍ സര്‍വ്വ ശക്തിയുമെടുത്ത് വേഗത കൂട്ടി. മിനുമിനുത്ത കശുമാവിന്‍ കരിയിലമേലെ രാവിലത്തെ മഞ്ഞുവീണുകിടന്നതിനു ഇത്രയും വഴുക്കലുണ്ടാവുമെന്ന് ഓര്‍ത്തില്ല. കാലുതെറ്റിയ ഞാന്‍ ഞാന്‍ താഴേക്കുള്ള പോക്കിലെ ആദ്യത്തെ രണ്ടു കരണം തലകുത്തനെ മറിഞ്ഞു. പിന്നത്തെ 10 അടി ഉരുണ്ടു. അവസാനത്തെ പത്തടി നിരങ്ങി. അവസാനം നിശ്ചലനായി. ഒളിമ്പ്യത്തി മേരി ഡെക്കറിന്റെ അഡിഡാസ് ഷൂവിട്ട കാലുകളെ സോളാ ബഡ്ഡിന്റെ നഗ്നപാദങ്ങള്‍ നാണം കെടുത്തിയപോലെ എന്റെ ലൂണാര്‍ കാലുകളെ കള്ളി പെണ്ണിന്റെ ചെരുപ്പിടാക്കാലുകള്‍ കുഴിയില്‍ തള്ളി.
ഓടിയ കള്ളി പിറകേ എന്നെ കാണാതെ കുന്നിന്‍ മുകളില്‍ നിന്നു. പതിതനാം ഞാന്‍ പങ്കത്തില്‍ നിന്നും ആമ്പല്‍ ചന്ദ്രനെ കാണുമ്പോലെ അവളെ അങ്ങുയരത്തില്‍ കണ്ടു. പെണ്ണ്‍ രണ്ടു കയ്യും വായക്കു ചുറ്റും ചേര്‍ത്ത് ഒറ്റ വിളി"വീട്ടുകാരേ ഒന്നോടി വായോ ദാണ്ടേ നിങ്ങടെ ചെറുക്കന്‍ കല്ലുവെട്ടാങ്കുഴീ വീണേെ..."
തന്നെ കീഴടക്കിയ ശത്രുവിന്റെ കോളറിയില്‍ കയറിപ്പിടിച്ച് "നോക്കി നില്‍ക്കാതെ എന്റെ നെഞ്ചത്തേക്ക് നിറയൊഴിക്കെടാ നായേ" എന്നാജ്ഞാപിച്ചതാരായിരുന്നു? ജനറല്‍ മുട്ടാഗുച്ചിയോ? അതോ വേറാരെങ്കിലുമാണോ? ആരായാലും അതൊരസാമാന്യ ധീരനാണെന്നൊന്നും എനിക്കിന്നു തോന്നുന്നില്ല. തോല്‍വിയെക്കാല്‍ അപമാനകരവും മരണത്തെക്കാള്‍ ഭയാനകവുമാണ് ശത്രു കാട്ടുന്ന ദയ എന്ന് അനുഭവിച്ചറിഞ്ഞവനാണു ഞാന്‍.
പാലുകറക്കാന്‍ സൈക്കിളില്‍ ആ വഴി വന്ന സുകുമാരന്‍ എന്നെ പൊക്കിയെടുത്ത് ഇറയത്തു കിടത്തി പശുവിനു മുറിവില്‍ പുരട്ടുന്ന നാറുന്ന എണ്ണയിട്ടു എന്റെ മുട്ടു തടവിത്തന്നു. വീഴ്ച്ചയുടെ വേദനയെക്കാള്‍ വലുതായിരുന്നു സുകുമാരന്റെ തഴമ്പു വീണു പാറപോലെയായ കൈകള്‍ എന്റെ ദേഹത്തുരഞ്ഞപ്പോള്‍ (പാവം പശുവിന്റെ അകിടു പഞ്ച്ചറാവുന്നുണ്ടാവും ഇയാള്‍ പാലുകറക്കുമ്പോള്‍) എങ്കിലും തടവി തീര്‍ന്നപ്പോള്‍ എനിക്കു നടക്കാറായി. യുദ്ധത്തില്‍ പരിക്കേറ്റെങ്കിലും ധര്‍മ്മം ജയിച്ചു. ആ പെണ്ണ്‍ പിന്നെയൊരിക്കലും എന്റെ ചട്ടിയില്‍ കൈയ്യിട്ടു വാരിയിട്ടില്ല. ശുഭം.
Tuesday, January 17, 2006
വധകുശലൻ
ചാഴിക്കടിക്കാനുള്ള വച്ച വിഷമെടുത്തടിച്ച ആട്ടോക്കലാധരനെ ധർമ്മാശുപത്രിയിലാക്കിയെന്നു കേട്ട് അവിടെയെത്തിയതായിരുന്നു. വിഷാസക്തൻ ഐ സീ യു എന്ന ഐ ക്യാനോട്ട് സീ മുറിയിൽ ആയെന്നുകേട്ട് തിണ്ണക്കുധർണ്ണ നടത്തുന്ന സംഘത്തിൽ ഞാനും കയറി കുത്തിയിരുന്നു. അപ്പോഴാണോർത്തത് എന്റെ കൂടെ പ്പഠിച്ച ഒരു ശ്രീകുമാർ ഇവിടെ മെന്റൽ സെല്ല് ഗാർഡ് ഡ്യൂട്ടിയുള്ള കാര്യം എന്നോ പറഞ്ഞിരുന്നത്. മെന്റാലയം കണ്ടെത്തി. പക്ഷേ ശ്രീകുമാറല്ല ഡ്യൂട്ടിയിൽ അണ്ണാൻ കൂടു വയ്ക്കാൻ ചകിരി എടുത്തുകൊണ്ടു പോകുമ്പോലെ മീശ വച്ച ഒരു വയസ്സൻ പോലീസ്. അപ്രതീക്ഷിതമായി ചകിരിസ്സാറിന്റെ മുന്നിൽപ്പെട്ട എന്നെ "ഹൂം?" എന്ന് അദ്ദേഹം ചോദ്യം ചെയ്തു. കുചേലനെപ്പോലെ ഞാനും സതീർത്ഥ്യനെ തപ്പി വന്നെന്നു പറഞ്ഞപ്പോ ശ്രീകുമാർ സ്ഥലം മാറിയെന്നും, ആളിവിടെ ഉണ്ടായിരുന്നെങ്കിൽ എനിക്കു തരാന്‍ സാധ്യതയുള്ള ചായ, കസേര ഒക്കെ തരാൻ താനും തയ്യാറാണെന്നും മീശപ്പോലീസ് പറഞ്ഞു. മൂന്നു സെല്ലുകൾക്ക് മുന്നില്‍ ഇരുന്ന് ഞാനും സാറും ചായ കുടിച്ചു. പ്ലെയിൻന്‍ഗോൾഡ് വലിച്ചു. എൻ പ്രിയതോഴൻ ആട്ടോക്കല വിഷം തീണ്ടലിലിന്റെ മയക്കത്തിൽ നിന്നും ഉടൻ ഉയിർത്തെഴുന്നേല്‍ക്കുമെന്ന് ഒരുമിച്ചു പ്രത്യാശിച്ചു.
മീശച്ചേട്ടന്‍ ഇത്രയും കഴിഞ്ഞ് മനോരമ വീക്കിലി വായന തുടങ്ങിയപ്പോഴാണു ഞാന്‍ സെല്ലിലെ പുള്ളികളെ കാണാനിറങ്ങിയത്.
സെല്ല് ഒന്ന്- കാലി
സെല്ല് രണ്ട്- ഉറങ്ങുന്ന രോഗി
സെല്ല് മൂന്ന്- രാവിലെ തന്നെ ഉഷാറിലായിരുന്നു അന്തേവാസി.
എന്നോട് ചിരിച്ചു ആരെക്കാണാന്‍ വന്നതാണെന്ന് അന്വേഷിച്ചു. ഞാന്‍ വിഷക്കഥ പറഞ്ഞു. മനോരോഗേട്ടന്‍ "ഇവിടെ ഒരോരുത്തര്‍ ജീവിക്കാൻ പാടുപെടുന്നു, അപ്പോഴാ ഒരാത്മഹത്യക്കാരൻ, കളഞ്ഞേച്ചു പോ അനിയാ, അവൻ ചാകുന്നെൻകിൽ ചാകട്ടെ" എന്നു അഭിപ്രായം പറഞ്ഞു. ഇത്രയും മനോബലമുള്ളയാൾ പ്രാന്തനെന്നോ? ഞാൻ മൂപ്പരെങ്ങനെ ഇവിടെയെത്തിയെന്ന് തിരക്കി. അയാള്‍ പറഞ്ഞുതുടങ്ങി-
"സന്തോഷ് പോളെന്നാണ് എന്റെ പേര്‍. ട്രെയിനില്‍ കാപ്പിക്കച്ചവടമായിരുന്നു - ബാഡ്ജ് ഉണ്ട്. നിങ്ങളു വിചാരിക്കുണ്ടാവും ഞാൻ ഭ്രാന്തനാണെന്ന്, എനിക്കൊരു പ്രശ്നവുമില്ല."
ഞാൻ അന്തം വിട്ടു . അയാള്‍ തുടർന്നു
"എനിക്ക് ഒരു ഭ്രാന്തനെന്ന മെഡിക്കല്‍ രേഖ വേണം അതുകൊണ്ട് മാത്രം ഞാനിവിടെ കിടക്കുകയാണ്. കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഞാനിറങ്ങി പോകും"
ഇരുമ്പു പാട്ടയില്‍ നിന്നും അയാള്‍ വെള്ളമെടുത്തു കുടിച്ചു
"ഭ്രാന്തനെന്നു കേല്‍ക്കാന്‍ കൊതിക്കുന്നെന്നോ ഇതെന്തു തരം ഭ്രാന്തെന്ന് താൻ ആലോചിക്കുകയല്ലേ, പറയാം.15 വയസ്സിൽ തുടങ്ങിയതാ ഞാൻ ചായക്കെറ്റിലും താങ്ങി നടപ്പ്. എന്റപ്പൻ ബോട്ടിലു പോയിട്ട് വന്നില്ല, അതേപ്പിന്നെ ഞാനാ വീടു നടത്തിയേ.
പത്തുമുപ്പത് വയസ്സായപ്പോ പെങ്ങളേം കെട്ടിച്ചു വിട്ടു ഞാനും കെട്ടി. എന്റനിയത്തി കണ്ടുപിടിച്ച ബന്ധമാരുന്നു എനിക്ക്.
പെങ്ങളെക്കെട്ടിയോന്‍ കളക്റ്റ്രേറ്റില്‍ പോര്‍ട്ടറായിരുന്നു. ഇപ്പഴത്തെകാലത്ത് ഗവര്‍ണ്മെന്റാപ്പീസിലെ ലോഡിംഗ് തൊഴിലാളി പ്ലേറ്റിനു രൂപാ ഒരു ലക്ഷമാ വില. ഡെയിലി പത്തു മുന്നൂറു രൂപേടെ പണീം കിട്ടും. അതൊക്കെ വിചാരിച്ചാ എന്റെ കൊച്ചിനെ കെട്ടിച്ചു കൊടുത്തത്. ഇവനാണേല്‍ ചീട്ടുകളി ഇരുപത്തിനാലു മണിക്കൂറും. പണിക്കു പോകത്തില്ല.
കളിച്ചു കളിച്ച് കളിച്ച് എന്തായി?ലോഡിംഗ് തൊഴിലാളി പ്ലേറ്റ് മറിച്ചു വിറ്റു കടം തീര്‍ക്കാന്‍. അവന്റെ വീടു പട്ടിണിയായി, അവന്റെ വയസ്സായ തന്ത മരുന്നു കിട്ടാതെ ശാസം വെലങ്ങി ചത്തുപോയി- മൂപ്പിലാനു വലിവായിരുന്നു. കെളവന്റെ ശവടക്കിനു പോലും കാശില്ലാതെ വന്നപ്പഴാ എന്റെ കൊച്ചു കരഞ്ഞോണ്ട് വീട്ടിക്കേറി വന്നേ. എന്റേലേതാണ്ടിരിക്കുന്നോ. കൊല്ലം പ്ലാറ്റ്ഫോമിലു വടയും വാഴക്കാപ്പവും വില്‍ക്കുന്ന് അ ജോര്‍ജ്ജിനോട് ഞാനൊരു പതിനായിരം രൂപ അഞ്ചുപലിശക്ക് വാങ്ങി അവള്‍ക്ക് കൊടുത്ത് വിട്ടു.
അവിടെന്നാ എല്ലാം തൊടങ്ങിയേ. ജോർജ്ജെനിക്ക് കാശു തന്ന്, പിന്നെ ചോദിക്കാന്‍ വന്ന്, വീട്ടിക്കേറിവന്ന്. എന്തിനു പറയുന്നു, ഞാന്‍ കെട്ടിയ പെണ്ണും അവനുമായി ലയിനായി. അതു ചോദിക്കാന്‍ ചെന്നെന്നു പറഞ്ഞ് അവനും കൊറച്ച് കൂട്ടുകാരുംകൂടെ നമ്മളെ എടുത്തിട്ട് ഇടിച്ച്. ഇരുട്ടുവാക്കിനു പതുങ്ങിയിരുന്ന് വണ്ടീടെ ലിവറിനടിച്ചതാ ഇല്ലേല്‍ ഞാന്‍ അപ്പത്തന്നെ തീര്‍ത്തേനേ..
ഇടി കൊണ്ട് ആശുപത്രീല്‍ കിടന്നപ്പോ ആലോചിച്ചെടുത്തതാ ഈ പ്രാന്തിന്റെ പ്ലാന്‍. അനിയനറിയാവല്ലോ, പ്രാന്തമ്മാരെ തൂക്കാന്‍ വിധിക്കത്തില്ല.. അതിനു വകുപ്പില്ലാന്നേ..
ആശുപത്രീന്നിറങ്ങി വീട്ടില്‍ വന്നൌ രണ്ടു ദിവസം കഴിഞ്ഞപ്പോ ഞാന്‍ വെറുതേ സംസാരിച്ചു തുടങ്ങി.. അവളുടെ പേടിയൊക്കെ കണ്ടപ്പോ എനിക്ക് മനസ്സില്‍ ചിരിയാരുന്നനിയാ.. കൊറച്ചു ദിവസം കഴിഞ്ഞപ്പോ ഞാന്‍ വെറുതേ വീട്ടിനുള്ളില്‍ കിടന്നു പാട്ടും കളിയും തൊടങ്ങി. എനിക്കറിയാം അവള്‍ അവനെ വിളിച്ചിവിടെ വരുത്തുമെന്ന്.. അല്ലാതെവിടെപ്പോകാന്‍.. മൂന്നാം ദിവസം അവള്‍ ജോര്‍ജ്ജിനെ വിളിച്ചു കയറ്റി. ആ പട്ടി എന്റെ അടുത്തു വന്നു "സന്തോഷേ, ബാ, നമ്മക്ക് പോയി ഒരു ഡോക്റ്ററെ കണ്ടേമ്മ്ച്ചും വരാം " എന്നൊക്കെ പറഞ്ഞ് അടുത്തു വന്നതും.. ഞാന്‍ ഒറ്റക്കുതിപ്പിന് അവനെക്കേറി പിടിച്ച്, പെടച്ചിലു തീരും വരെ ഞെരിച്ചു. അവളു നോക്കി നില്‍ക്കുകയായിരുന്നനിയാ, അതാ എന്റെ സന്തോഷം.. അവന്‍ പെടച്ചു ചാകുന്നത് അവളുടെ മുന്നിക്കെടന്നാ.. എനിക്കതുമതി
അങ്ങനെ എല്ലാരൂടെ എന്നെ ആശുപത്രീലാക്കി.. വെളിവില്ലെന്ന് ഡോക്റ്ററു പേപ്പറും തന്ന്. ഇനിയിപ്പോ ഞാൻ കൊന്നെന്ന് പറഞ്ഞാലെന്താ ഇല്ലെന്നു പറഞ്ഞാലെന്താക്കി"
സന്തോഷ് പിന്നെ മിണ്ടിയില്ല. ദൂരേക്ക് നോക്കിയിരുന്നു. അരമണിക്കൂറോളം വേണ്ടിവന്നു എന്റെ നാവൊന്നു പൊന്താന്‍.
"ചേട്ടന്‍ അയാളുടെ കഴുത്തു ഞെരിച്ചപ്പോള്‍ അയാള്‍ കുതറിയോടാന്‍ നോക്കിയില്ലേ?" അവസാനം ഞാന്‍ ചോദിച്ചു.
"കഴുത്തോ? എടോ, നിനക്കറിയില്ലേ- വട വില്‍ക്കുന്നവരുടെ കഴുത്തില്‍ ഞെക്കിയാല്‍ അവരു ചാകില്ല. ഞാന്‍ അയാളുടെ കാലില്‍ പിടിച്ചു ഞെരിച്ചാ കൊന്നത്. വട വില്‍ക്കുന്നവര്‍, പഴമ്പൊരി വില്‍ക്കുന്നവര്‍, ടി ടി ആര്‍, എവരുടെയൊന്നും കഴുത്തു ഞെരിച്ചാല്‍ ചാകത്തില്ലാ, അറിയാമ്മേലേ? ഞാന്‍ ജോര്‍ജ്ജിന്റെ കാലേല്‍ പിടിച്ചു ഞെക്കി ശ്വാസം മുട്ടിച്ചാ .."
ഞാന്‍ പോകാനെഴുന്നേറ്റപ്പോളേക്കൊച്ചയുയര്‍ന്ന സംസാരം കേട്ട് കേട്ട് മീശപ്പോലീസ് വന്നു.
"സാറെ ഇയാളു ആരെയെങ്കിലും കൊന്നിട്ടുണ്ടോ?" ഞാന്‍ ചോദിച്ചു.
മീശ ആസ്വദിച്ചു ചിരിച്ചു
“അപ്പൊ ഇവന്‍ തന്നേയും വഹിച്ചോ? ഈ കഴുത റെയില്‍വേയിൽ കച്ചോടക്കാരനെ കൊന്നെന്നു മൊഴി കൊടുത്ത് ഈസ്റ്റ് പോലീസ് രണ്ടു മാസമാ അന്വേഷിച്ചത്. എത്ര പേരുടെ സമയം പാഴായി. ആരും ചത്തിട്ടുമില്ല, എവന്‍ പറയുന്ന പേരില്‍ ഒരാളുമില്ല“
"ഇയാളുടെ പേരു സന്തോഷെന്നാണോ? ഞാന്‍
"സന്തോഷോ? ആരു ഈ പ്രാന്തനോ? ഇവന്റെ പേരു രവീന്നാ"
അപ്പോഴേക്ക് കലയുടെ അനിയന്‍ ഓടി വന്നു"ദേവണ്ണാ കലക്ക് ബോധം വീണു കേട്ടോ.."
ബോധം.. എന്താണത്?
(എനിക്കോ അതോ വിഷം കഴിച്ചു ബാലൻസ് പോയ കലക്കോ അതുമല്ല രവിയെന്ന സന്തോഷ് പോളിനോ സത്യത്തിൽ ബോധമുള്ളത് എന്ന കുഴക്കുന്ന ചോദ്യമാണ് പി എം മാത്യു വെല്ലൂർ മനോരമ വീക്കിലിയിൽ എഴുതുന്ന പംക്തി വായിക്കേണ്ട പ്രായത്തിൽ ഞാൻ എറിക്‍ ബേൺ, യൂങ് മുതൽ മോറിസ്സിനെ വരെ അന്വേഷിച്ചറിയാൻ കാരണമായത്. സന്തോഷ് പോളെന്ന രവീ, നന്ദി)
Saturday, January 14, 2006
നാമക്രിയ
അ(ഡി)ലൈഡ്
കൊല്ലത്ത് ആദ്യമായി വന്ന വിദേശപദങ്ങൾ കമ്പനിപ്പേരുകളായിരുന്നു. ലീല, സരസു, ഉണ്ണൂണ്ണി എന്നിങനെ ഒറ്റപ്പേരുകള് ശീലിച്ച കൊല്ലത്തുകാർക്ക് കമ്പനികളുടെ ക്രിസ്ത്യൻ പേർ- നടുപ്പേർ- വംശപ്പേർ-തണ്ടപ്പേർ സഞ്ചയം തലവേദനയായി. ഓട്ടാപ്പീസ് എന്നു പറയുമ്പോലെ ആസ്പിൻ വാൾ & ക്രോസ്സ് ഫീൽഡ് കാഷ്യൂ ലിമിറ്റെഡ് എൽ എൽ സീ എന്നു പറയാനാകില്ലല്ലോ. ഏറ്റവും അന്യമായ പദത്തെ കൊല്ലത്തുകാർ പ്രൈമറി കീ ആക്കി. ഒരു മനുഷ്യനും മാൻ ജാതിയും ഇല്ലാത്തൊരു പൊന്തക്കാട്ടിൽ ദാസ് പ്രാൺലാൽ എന്നൊരു ഗുജറാത്തി സേഠ് ലക്ഷ്മി സ്റ്റാർച്ച് ഫാക്റ്ററി തുടങ്ങുന്നു- നാട്ടുകാർക്ക് ലക്ഷ്മിയെ അറിയാം, ഫാക്റ്ററിയേയും. അന്യൻ സ്റ്റാർച്ചാണ്. സ്റ്റാർച്ച് മുക്കിൽ അങ്ങനെ ഒരു സ്റ്റാർച്ച് കമ്പനിയുണ്ടായി. ഇതേ നിയമത്താൽ കേരളാ സെറാമിക്സ് എന്നത് വെറും സെറാമിക്സ് ആയി(കേരളമാർക്കാ അറിഞ്ഞുകൂടാത്തത്?). വെയിറ്റേമിനുട്ട്, ഈ നെയിമിങ് കൺവെൻഷൻ ഉൽപ്പന്നത്തിന്റെ പേരിനാൽ കമ്പനി അറിയുന്നുവെന്നും വന്നുകൂടേ? സ്റ്റാർച്ച് ഉണ്ടാക്കുന്ന കമ്പനി സ്റ്റാർച്ച്, സെറാമിക്ക് ഉണ്ടാക്കുന്ന കമ്പനി സെറാമിക്സ് എന്ന്? നൈഷദ്ധം- കുണ്ടറയിലെ Kerala Electricals & allied Industrieസ് Limited എന്ന കമ്പനിയുടെ ലോക്കലൈസ്‍ഡ് പേർ എന്തെന്ന് കണ്ടുപിടിക്കുക : ആദ്യപദം – കേരളാ .. ഓ നമുക്കറിയാവുന്നതാ. രണ്ടാമത്തത് എലക്രട്രിക്ക് – അതു വിളക്ക്-അറിയാം. ആൻഡ്, ഇൻഡസ്റ്റ്ട്രി, ലിമിറ്റഡ് എന്നതൊക്കെ കമ്പനികൾ സാധാരണയായി വയ്ക്കുന്ന പൊടിപ്പും തൊങ്ങലും.. അപ്പോ പിന്നെ അപരിചിതൻ ആർ? അലൈഡ് . അങ്ങനെ ആ കമ്പനിക്കും നാടൻ പേരായി. “പയ്യൻ അലൈഡിലെ ജോലിക്കാരനാ, അലൈഡിനടുത്ത് 5 സെന്റ് വസ്തു.. (അലിൻഡ്, ഐയ്യാറീ തുടങ്ങി പുത്തൻ ചുണ്ടന്മാർക്ക് ഈ നിയമം ബാധകമായില്ല)
സുസ്‍കീ
ഞാൻ വാരസ്സോപ്പിനു പകരം ഇന്ന് സർഫിട്ടു തുണി കഴുകി എന്നും മമ്മൂഞ്ഞിന്റെ മോൻ സിസ്സർ വലിക്കും എന്നും ഒക്കെ വിപണിയിൽ മേൽക്കോയ്മയുള്ളവന്റെ ബ്രാൻഡിനെ ജെനെറിക് പേരാക്കുന്നത് ആഗോള പ്രതിഭാസമാണല്ലോ (സീറോക്സ് കോപ്പി, സെലോഫേൻ ടേപ്, പോസ്റ്റ് ഇറ്റ് പാഡ് മുതൽ വാക്ക്മാൻ വരെ)
എസ്മാരിയോ, യമഹാ, കാവസാക്കി എന്നിവരൊക്കെ കേരളത്തിലെത്തുന്നതിനും വളരെ മുൻപേ Outboard Engine എന്ന യന്ത്ര-വള്ളം തുഴച്ചിൽക്കാരനെ ആദ്യമായി മലയാളിക്കു പരിചയപ്പെടുത്തിയത് സുസുകി എന്ന ജാപ്പ്നീസ് കമ്പനിയായിരുന്നു ആ നന്ദിക്ക് കടാപ്പൊറം ഈ സാധനത്തിനെ “സുസ്കീ“ എന്നു മലയാളത്തിൽ വിളിച്ചു.
കൊല്ലത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്റ്ററായിരിക്കവേ ശ്രീ. പ്രസാദ് ചന്ദ്രനു കിട്ടിയ ഒരപേക്ഷാ ഫോറത്തിൽ നിന്ന് [ബ്രാക്കറ്റിലുള്ളത് എന്റെ കമന്റ്]
30/11/1988
ബഹുമാനപ്പെട്ട ജായിന്റ് ഡെപ്യൂട്ടി അസ്സിസ്റ്റന്റു ഡയറക്റ്റർക്ക് , [ജായിന്റും അസ്സിസ്റ്റന്റും അപേക്ഷകൻ ബഹുമാനം ഇത്തിരി കൂടാൻ വേണ്ടി കനിഞ്ഞനുവദിച്ച ബഹുമതികൾ] മൂദാക്കര നികർത്തിൽ ആഗസ്തി [ശരിയായ പേരല്ല, ഞാൻ മാറ്റി] എഴുതുന്ന അപേക്ഷാ ഫാറം[ഫാറമൊന്നുമില്ല വെള്ളക്കടലാസിലാണെഴുത്ത്, ഒരു ഗമക്ക് പറഞ്ഞതാ].
വള്ളക്കാർക്ക് കൊടുക്കാൻ ഗവേണ്മെന്റ് അനുവദിച്ച 50 ലക്ഷം രൂപയിൽ നിന്ന് (അരമന രഹസ്യം = അങ്ങാടിപ്പാട്ട് ഫണ്ട് അനുവദിച്ചതിന്റെ എല്ലാ വിവരവും അപേക്ഷകനുണ്ട്) എനിക്കും ഒരു ലാൺ തരാൻ അഭ്യർത്തിക്കുന്നു (രാഷ്ട്രീയക്കാരിൽ നിന്നു കിട്ടിയ വാക്ക്). ആ പണം എനിക്ക് ഒരു യമഹായുടെ സുസ്‍കീ വാങ്ങാനാണ് . (യമഹായും സുസുകിയും അമാൽഗമേറ്റ് ചെയ്തെന്ന് ആരും സംശയിക്കരുതേ, യമഹായുടെ ഔട്ട് ബോർഡ് എഞ്ജിൻ വാങ്ങാൻ എന്നു പച്ചമലയാളത്തിൽ പറഞ്ഞതാ)
വിശ്വസ്തൻ,
ആഗസ്തി നികർത്തിൽ
മൂദാക്കര, കൊല്ലം
കൂ.
ഒരുതരത്തിലൊക്കെ നമ്മൾ ജീവിച്ചുപോകവേ സായിപ്പന്മാർ കൊല്ലത്ത് ക്രൌഥർ മേസണിക്ക് ഹാൾ നിർമ്മിച്ചു:- കീപ്പദമില്ലെന്നതോ പോകട്ടേ, വായിൽക്കൊള്ളാവുന്ന ഒരു പദം പോലുമില്ല. അറ്റ കൈക്ക് പരിഭാഷ തന്നെ . “കൂതറ മിഷ്യൻ ഹാൾ“!! കൊല്ലമെന്ന സുന്ദരൻ പേരിനെ കോയിലോൺ ആക്കിയ വൃത്തികെട്ട സായിപ്പിനെ വെറും കൂതറയാക്കി കൊല്ലത്തുകാർ മധുരമായി പ്രതികാരം ചെയ്തു. [തറ-വൃത്തികെട്ടവൻ എന്ന അർത്ഥത്തിലൂള്ളത്- പോസിറ്റീവ്, കാതറ കമ്പാരറ്റീവ് & കൂതറ സൂപ്പർലേറ്റീവ് എന്ന് ശബ്ദതാരാവലിയിൽ കാണുന്നു.]
ടൂറിസ്റ്റുകൾക്കൊരു ടിപ്പ് :
കൊല്ലം റെയിൽവേ/ബസ് സ്റ്റേഷനുകളിൽ നിന്നും ആട്ടോ വിളിച്ച് ക്രൌഥർ മേസണിക് ഹാളിൽ പോകാൻ ചാർജ്ജ് 25 രൂപയും കൂതറ മിഷ്യൻ വരെ പോകാൻ 10 രൂപയുമാണ് ചാർജ്ജ് – കൂതറ മിഷ്യൻ അറിയാവുന്നവനു കൊല്ലം നഗരം നല്ല പരിചയമാണെന്ന് ആട്ടോക്കാർക്കറിയാം.
Saturday, December 31, 2005
വന്മരങ്ങൾ വീഴുമ്പോൾ
പല സംഘങ്ങളായിപ്പിരിഞ്ഞ് പലയിടങ്ങളിൽ തമ്പടിച്ച് നിത്യവൃത്തിക്കായുള്ള അഭ്യാസം നടത്തുന്നവരാകയാൽ ആഡിറ്റ് ഉഴൈപ്പാളർ പലരും ഒരേ ആപ്പീസിൽ നിന്നും ശമ്പളവും ബത്തയും പറ്റുന്നവരാകിലും പരസ്പരം അറിയില്ല. ശിവസുബ്രഹ്മണ്യ അയ്യരും ദേവരാഗവും അങ്ങനെ പരസ്പരം അറിയാതെ ഒരേ മുതലാളിക്കുവേണ്ടി പണിയെടുത്തിരുന്നവരായിരുന്നു. പഠാൺചേരു എന്ന ഓണംകേറാമൂലയിൽനിന്നും ഹൈദരാബാദില്‍ മേവും പുലികള്‍ ഞങ്ങളെ താണുവണങ്ങി കമ്പനി കനിഞ്ഞു തരുന്ന സർവ്വാണി സദ്യ (ആംഗലേയത്തില്‍ ബുഫേ എന്നു പറയും) കഴിക്കാൻ സംഘാംഗമായെത്തുമ്പോളാണ് ചെറുപട്ടരും ഞാനും ആദ്യമായി മുട്ടിയത്. സീനിയർ, വലിപ്പം കൂടിയവൻ എന്നൊക്കെ ചില്ലറ ജാഡ ഞാൻ കാട്ടിയോ? ഇല്ലെന്ന് ഉറപ്പിച്ച് പറയവയ്യ.
സംഘദ്വയസംഗമം അന്നു വൈകുന്നേരം ഒരു ഹിന്ദി സിനിമക്കു പോകാൻ തീരുമാനിച്ചു . മർദ്ദം എന്ന അമിതഭക്ഷൺ-അമൃതസിംഹിനി ജോഡി അടിനയിച്ച ടെൻഷനോവിഷൻ ചിത്രത്തിലെ നായകൻ ഒരു വിമാനത്തിന്റെ വാലിൽ കൌ ബോയ് കുരുക്ക് ഇട്ടു തെങ്ങിൽ കൊണ്ട് കെട്ടി സായിപ്പിനെ തോല്‍പ്പിക്കുന്ന രംഗം കണ്ട ശേഷം ഇനിയൊരിക്കലും ഹിന്ദി കാണുകയോ കാണുന്നവനെക്കാണുകയോ ചെയ്യില്ല എന്നു തീരുമാനിച്ചിരുന്ന ഞാൻ ഇത്തരം
മൃഗീയഭൂരിപക്ഷഭോഷ്കിനെതിരേ ആകെ എനിക്കവകാശപ്പെട്ട പ്രതിഷേധമായ വാക്കൌട്ട് നടത്താൻ തീരുമാനിച്ചു. അയ്യർ ഹിന്ദി നമുക്കും അലർജിയെന്നു പറഞ്ഞ് എന്റെ കൂടെ ഇറങ്ങിവന്നു.
കുഞ്ഞയ്യർ , ഞാന്‍, നടുവില്‍ അപരിചിതത്വം പശ്ചാത്തലത്തില്‍ ഹിന്ദിയും തെലുങ്കും പാട്ടുകളും - ആകെ ഒരു സുഖമില്ലാത്ത വൈകുന്നേരം. നടന്നെത്തിയത് ബിർളാ മന്ദിറില്‍ (അയ്യരുമാർ എല്ലാം മഹാ ഭക്തർ എന്ന ഒരു തെറ്റിദ്ധാരണയിലാണ് ഞാൻ സാധനത്തിനെ വെങ്കിടീസന്നിധിയിലെത്തിച്ചത്)
കാറ്റൊക്കെ കൊണ്ട് പടികേറി മുകളിലെത്തി. വെറുതേ കുറെ നേരം മുകളിൽ നിന്നു. രൂക്ഷമായ ജമന്തിപ്പൂക്കളുടെ മണം സഹിക്കവയ്യാതെ താഴേക്കിറങ്ങാൻ തൂടങ്ങുമ്പോളാണ് ഉന്തിത്തള്ളി ഞങ്ങളുടെ പിന്നില്‍ പടിയിറങ്ങുന്ന ഒരു സ്ത്രീയെക്കണ്ടത്-ആരോ ശ്രദ്ധിക്കുന്നല്ലോ എന്ന് ആറാം ഇന്ദ്രിയം പറഞ്ഞപ്പോൾ അറിയാതെ നോക്കിപ്പോയതാണ്. അവർ ചിരിച്ചു. ഞാനും. പക്ഷേ ഒരു പരിചയവും തോന്നുന്നില്ലല്ലോ.
"ശിവസുബ്രഹ്മണ്യം, ഒരു സ്ത്രീ നോക്കി ചിരിക്കുന്നല്ലോ, നിങ്ങളെയാണോ?"
ചിന്നമ്പി സൂക്ഷിച്ചു നോക്കി.
"നല്ല പരിചയം. എന്റെ കൂടെ പഠിച്ച ഭാഗ്യശ്രീയുടെ ഒരു ചേച്ചി ഹൈദരാബാദിലാണെന്ന് പറഞ്ഞിരുന്നു. അവരായിരിക്കും"
ആണെന്നെനിക്കും തോന്നി, കാരണം അവര്‍ ഞങ്ങളുടെ നേരേ നടന്നു വരികയാണ്. പക്ഷേ...ഒരു ജാതി ചിരി. ഏയ് എന്റെ മനസ്സു ചീത്തയായോണ്ടാ.. ആണോ... അല്ലേ?
ബിർളാവിന്‍ ശമ്പളം വാങ്ങും ഒരു സെക്യൂരിറ്റി ഗാർഡ് അടുത്തുവന്ന് എന്നോട് തെലുങ്കിൽ എന്തൊക്കെയോ പറഞ്ഞു. ഒരക്ഷരം തിരിഞ്ഞില്ലെങ്കിലും ആ വാക്കുകളെ അനുഗമിച്ച കടക്കെടാ പുറത്ത് എന്ന ആംഗ്യത്തില്‍ നിന്നും എനിക്കെല്ലാം തെളിഞ്ഞു കത്തി.
"ഡോ, ഇതു മറ്റേതാ" (ശിവസുബ്രമണ്യം എന്ന എന്റെ കനം കയറ്റിയ വിളി വിളിക്കാന്‍ ടെന്‍ഷനില്‍ മറന്നു)
"മറ്റേതോ?" നിഷ്ക്കളങ്കപ്പട്ടർ
"അതൊരു കാൾ ഗേൾ ആണെന്ന്"
"അയ്യോ ദേവാ നമ്മളു ചിരിച്ചത് അബദ്ധമായല്ലോ" (ഒരു നിമിഷം മുന്നെ വരെ ഞാൻ സീനിയര്‍ മിസ്റ്റർര്‍ ദേവ് ആയിരുന്നു)
"വലിയാം, സ്പീഡിൽ നട ശിവാ"
ആൾത്തിരക്കിൽ സ്പീഡിനു പരിമിതിയുണ്ടല്ലോ. അവരും സ്പീഡ് കൂട്ടി ഞങ്ങൾക്കൊപ്പമെത്താൻ നോക്കുകയാണ്. തിരക്കുള്ള കസ്റ്റമർഎന്നു കരുതിയിട്ടുണ്ടാവും.
പാഞ്ചാലിയുടെ മാനം രക്ഷിക്കാൻ കൃഷ്ണന്‍ കണ്ടിന്യുവസ് സ്റ്റേഷനറിപോലെ തീരാച്ചേലയയച്ചെന്ന് ആ മുക്കുവച്ചെക്കൻ എഴുതിയത് സത്യമാണെന്ന് തോന്നുന്നു, കാരണം ഞങ്ങളുടെ മാനം കാക്കാൻ ബിർളാമന്ദിരേശൻ ഒരു ബീർ പാർലർ പ്രത്യക്ഷമാക്കിത്തന്നു മുന്നിൽ. ഓടിക്കേറി. തിരിഞ്ഞു നോക്കി. ബാറിംഗ് നടത്താൻ മാത്രം തറ ആയിരുന്നില്ല ധർഷിണീജ്ഞേയസുന്ദരി. ഹാവൂ.
സുരാസുരം
സുരശാലക്കുള്ളിൽ ഞാനും ശിവനും പരസ്പരം കണ്ണിൽ നോക്കി നിന്നു.
"ശിവാ യക്ഷിയെപ്പേടിച്ച് പനയിൽ കയറി. ഇവിടെയിരുന്ന് പാലുകുടിച്ചാലും..."
ഐസ് ഞാൻ തന്നെ പൊട്ടിച്ചു.
"ഞാനും അതു തന്നെ ആലോചിച്ചത്. ഓരോന്നടിക്കാം? പക്ഷേ ഞാനിന്നൊന്നും കഴിച്ചിട്ടില്ലല്ലോ?" ബ്രാഹ്മണർക്ക് ഒരു നിശ്ശത്തിന്റേ കൂടെ ഒരു സംശ്യം ഒറപ്പാന്നു പണ്ടു ആറ്റുവാശ്ശേരി തിരുമേനി പറഞ്ഞതെത്ര സത്യം.
"സർക്കാർ ഭോജനം വേണ്ടെന്നു വച്ച് ശാപ്പാടും ഇവിടാക്കാം ശിവാ" ഞാൻ ഉറപ്പിച്ചു.
ഇരുന്നു.
കഴിച്ചു- കടായി വെജിറ്റബിള്‍സ്, ആലു പറണ്ടാ.
കുടിച്ചു- ഹേയ്‌വാർഡ്‌സ് 2000
രാത്രി പത്തു മണി. ഇറങ്ങി നടന്നു. എന്തത്ഭുതം, ഒരൊറ്റ ഓട്ടോ പോലും ഈ നഗരത്തിന്റെ ഹൃദയത്തിന്റവുത്തില്ല പത്തുമണിയെന്ന യുവനിശാവേളയില്‍. പുല്ലാ, പുല്ല്. നീട്ടി നടന്നു ഹോട്ടലിലെത്തി.
അത്യാഹിതം
ഗോസായിഭക്തർ റൂമില്‍ത്തന്നെയുണ്ട്.
"എന്തരേ പയലുകളേ റ്റിക്കറ്റ് കിട്ടിയില്ലേ?" ഞാന്‍ അന്വേഷിച്ചു
"നിങ്ങളിതെവിടെയായിരുന്നു, ഞങ്ങളാകെ പേടിച്ചുപോയല്ലോ" എന്നു സിനിമകാണാത്തവർ
ഞാൻ കാര്യമെന്തെന്ന് തിരക്കി.
രാജീവ് ഗാന്ധി മരിച്ചു, മദ്രാസിനടുത്ത് പുലികൾ ബോംബ്ബു വച്ചു കൊന്നതാ.
"ങേ?" ഞാനും ശിവനും ഡി എസ് പിയെക്കാൾ ശക്തിയില്‍ ഞെട്ടി.
പിന്നെ വിശദവിവരങ്ങളറിയാൻ റ്റീവീ വച്ചു.. ങേ ഹേ. ആറ്റം പോലെ ഓടുന്ന വെള്ളപ്പൊട്ടുകൾ മാത്രം. ദുഷ്പ്രസരണം നിറുത്തിവച്ചിരിക്കുന്നു.
ശിവനടങ്ങുന്ന പഠാണിച്ചെരുവുവാസികൾക്ക് അടുത്ത ദിവസം ആക്ച്വലി ആക്ച്വറിയുമായി ഒരു മീറ്റിംഗ് ഉണ്ട്. ആരു മരിച്ചെന്നു പറഞ്ഞാലും അവിടെത്തിയേ പറ്റൂ. രാത്രി കിട്ടിയ റ്റാക്സി വിളിച്ചു. റോഡുകൾ അടയും മുന്നേ അവർ നഗ്ഗരം വിട്ടു. അടുത്ത ദിവസം ബന്ദ് ഉറപ്പ്. പരേതന്റെ കാര്യം കഷ്ടമാണെന്ന് പ്രമേയം പാസ്സാക്കിയിട്ട് ഞങ്ങള്‍ അലാറം വയ്ക്കാതെ കിടന്നു.
ആവണക്കിൻകുരുവും മാണിഭദ്രവുമില്ലാതെ
രാത്രി ഒരു വെടിയൊച്ച കേട്ട് ഞാനുണർന്നു. ഹേയ്. ബോംബു വാർത്ത് കേട്ടുകൊണ്ട് ഉറങ്ങാൻ കിടന്നിട്ടാവും. വീണ്ടും കിടക്കാനൊരുങ്ങുമ്പോൾ രണ്ടെണ്ണം കൂടി കേട്ടു. ജനാല തുറന്നു. തൊട്ടടുത്ത ചേരി നിന്നു കത്തുന്നു. നാലഞ്ചുവാൻ പോലീസുമുണ്ട് റൈഫിൾ ധാരികളായി. ഇത്തരം സാഹചര്യം കണ്ടാൽ "നൂറേൽ പാഞ്ഞോണം മോനേ" എന്നാണ് തമസ്സ് എന്ന നോവലിൽ ഭീഷ്മ സാഹ്നി പറഞ്ഞിട്ടുള്ളത്. ഞാൻ വേഗം ബാൽക്കണി അടച്ചു. ലൈറ്റ് അണച്ചു.
രണ്ടിനു പോകാൻ തോന്നി- അയ്യേ ഞാനെന്തൊരു പേടിത്തൊണ്ടൻ, ഒരു വെടി കാണുമ്പോഴേക്ക് എന്ന് ആലോചിക്കാൻ തുടങ്ങുംപ്പോളേക്ക് അതിശക്തമായി രണ്ടാമതും മുട്ടി. ഇടുക്കി ഡാംവാൾ എന്തുമാത്രം മർദ്ദം അനുഭവിക്കുമോ അത്രയും ഊക്കിൽ ..പിന്നെതർക്കം പറഞ്ഞില്ലയോമലാൾ.. ഓടിക്കയറി ബാത്‌റൂമിൽ. വെപ്രാളത്തിൽ ലൈറ്റ് ഇടാൻ മറന്നു. ഒരതിപ്പ്രാചീന തമിഴ് വാക്ക് ഉച്ചരിച്ച് തിരിച്ചിറങ്ങിവന്നു ലൈറ്റിട്ടു, വീണ്ടും കയറി.
തെരുവുലഹളയോടുള്ള പ്രതികരണമല്ല, ബാറിലെ ഭക്ഷണം ചതിച്ച ചതി.
കുറെ നേരം കഴിഞ്ഞു പുറത്തിറങ്ങി. ഇറങ്ങിയപാടെ വീണ്ടും കയറി.
ഇറങ്ങി, കയറി, ഇറങ്ങി.
വീണ്ടും കയറിയപ്പോൾ ഇ. ഡബ്ലിയു. കണ്ഡിഫ് , റിച്ചാറ്‍ഡ് സ്റ്റിൽ, നോർമൻ ഗോവണി എന്നിവർ ചേർന്നു രചിച്ച ഡിസിഷൻസ്, സ്റ്റ്റാറ്റജീസ് ആൻഡ് കേസസ് എന്ന യമകണ്ടൻ പുസ്തകവുമെടുത്ത് കയറി. പുലരേ വരേ വായിക്കാനുള്ള വകുപ്പുണ്ട്. വെളുക്കുംവരെ അങ്കം കണ്ടു, താളിയുമൊടിച്ചു.
റൂം സർവീസ് തുടങ്ങിയ നിമിഷം കട്ടൻ ചായയും നാരങ്ങയും വിളിച്ചു പറഞ്ഞു. ഈ സാധനങ്ങളും സഹതാപവും കൊണ്ട് വന്ന വെയിറ്റര്‍ ഒരു ചൂടുള്ള വാർത്തയും സൌജന്യമായി എത്തിച്ചു തന്നു.
നാരായൻ ഗുഡ എന്ന സ്ഥലത്ത് രാജീവിന്റെ പടം വച്ച് മാലയിട്ടിരുന്ന ഒരു ട്രാഫിക് റൌണ്ടിലേക്ക് കുടിച്ച് ബോധമില്ലാതെ ഒരുത്തൻ ട്രക്ക് ഓടിച്ച് കയറി. ജനങ്ങളുടെ കഷ്ടകാലത്തിന് റൌളിന്റെയും ബിയൻകയുടെയും പിതാവെന്ന് മാമ്മോദീസാ വെള്ളമിറ്റിച്ചുകൊടുത്ത അതേ നാവുകൊണ്ട് ആറെസ്സെസ്സുകാര്‍ രാജീവ് രത്ന ഫിറോസ് ഗാന്ധിയെന്ന തച്ചോളി വർഗ്ഗീസ് ചേകവരെ തൽക്കാലം ഹിന്ദുവാക്കി, കാരണം ട്രക്കോടിച്ച കുടിയൻ ഡൈവർ ഒരു മുസ്ലീമായിരുന്നു.
തൽഫലമായി ഹൈദരാബാദ് നഗരം കത്തിയെരിഞ്ഞു. രാത്രി വീട്ടിൽ ചുമ്മാ കിടന്നുറങ്ങിയ മുസ്ലീങ്ങളായ അഞ്ചുപേരെ ചേരിക്കകത്ത് സനാതന ഹിന്ദു ധർമ്മം പുലരാനായി പെട്രോൾ ഒഴിച്ച് തീവച്ചു കൊന്നു. പകരം വീട്ടാൻ മലേറിയാ പിടിച്ച് ആശുപത്രിയിൽ കിടന്ന അഞ്ച് ഹിന്ദുക്കളുടെ തല വെട്ടി പാലത്തിൽ നാട്ടി മറ്റവർ കണക്കു ടാലിയാക്കി.
പത്രം വെണ്ടക്കായുമായി എത്തി. ഹൈദരാബാദ് നഗരതില്‍ വർഗ്ഗീയ ലഹള, സൈന്യം ഫ്ലാഗ് മാർച്ച് നടത്തുന്നു. നഗരത്തിൽ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ്.
പിറകേ തെരുവിൽ നിന്നും ഉച്ചഭാഷിണിയും മുഴങ്ങി. പൊതുജനം തെരുവിലിറങ്ങരുത്, ജനാലകൾ തുറക്കരുത്, ബാൽക്കണിയില്‍ നിൽക്കൽ കർശ്ശനമായും അരുത്. ഭാഗ്യം കക്കൂസിൽ പോകരുതെന്ന് പട്ടാള ഉത്തരവില്ല. അല്ലെങ്കിൽ കുഴഞ്ഞേനേ. ഞാനെന്റെ പുസ്തകവുമായി ശൌചഗേഹത്തിലേക്ക് തിരിച്ചുപോയി. അവധിയായകാരണം എന്നെ അവിടെന്നിറക്കാൻ ഭൈമീകാമുകര്‍ ആരുമെത്തിയില്ല. പാപികൾ സുഖമായി കിടന്നുറങ്ങി.
ഉച്ചക്ക് പഠാൺചേരുവില്‍ വിളിച്ചു. അവിടെ വർഗ്ഗീയ പ്രശ്നമൊന്നുമില്ലാത്തതിനാൽ ശിവൻ രാവിലെ തന്നെ ആശുപത്രിയിലെത്തി- ആകെയുണ്ടായിരുന്നത് ഒരു ഡെന്റിസ്റ്റ്. അദ്ദേഹം വയറിളക്കത്തിനു ചികിത്സിച്ചു മുൻ പരിചയമില്ലേങ്കിലും ശിവനു മരുന്നു കൊടുത്തു, അതേറ്റു. പട്ടര്‍ മുന്നെത്തെക്കാളും ഉഷാറില്‍ തൈര്‍ സാദം കഴിക്കുന്നു, ഭാഗ്യവാനെന്നേ പറയാവൂ.
ശിവൻ എന്നോടും ഡോക്റ്ററെക്കാണാൻ പറഞ്ഞു.
പുറത്തിറങ്ങിയാൽ പട്ടാളം കൊല്ലുമെന്ന് പറഞ്ഞില്ല ഞാൻ പകരം
"ഈ തൂറ്റൽ ഞാൻ തൂറിത്തീർക്കും" ഞാന്‍ സമരപ്രഖ്യാപനം നടത്തി, അല്ല പിന്നെ
"ഈ തൂറ്റൽ തൂറി താൻ തീരും എന്നു പറ" പട്ടരു കരിനാക്കെടുത്ത് പറഞ്ഞു
കൂട്ടപ്പട്ടിണി
ദിവസം ഒന്നു കഴിഞ്ഞു. രണ്ടാം ദിവസവും പഴയതുപോലെ ആയപ്പോഴേക്ക് ഹോട്ടലിൽ ഭക്ഷണം തീർന്നു. റേഷനായി പഴമൊക്കെ കൊണ്ടു തന്നിരുന്നതും നിറുത്തി. പുറത്തുനിന്നും സാധനം വാങ്ങാൻ പോകാവുന്നതുവരെ പട്ടിണി.
ദിവസം മൂന്ന്- ഡീ ഹൈഡ്രേഷനും പട്ടിണിയും കൊണ്ട് എനിക്കു 10 കിലോ തൂക്കം കുറഞ്ഞുകഴിഞ്ഞു. ഇനിയും തൂറിത്തീർക്കാൻ ശ്രമിച്ചാൽ അപകടമെന്നു കണ്ട് നേരേ റിസപ്ഷനിസ്റ്റ് സതീഷിനെ വിളിച്ചു. സതീഷ് റായിഡു വര്‍ഷങ്ങൾ കൊണ്ടറിയാവുന്നൊരു പരിചയക്കാരനാണ്.
സതീശനു പ്രശ്നത്തിന്റെ ഗൌരവം മനസ്സിലായി, പക്ഷേ പുറത്തിറങ്ങിയാലല്ലേ ആശുപത്രിയിൽ പോകാൻ കഴിയൂ.
ഒരു കാര്യം ചെയ്യാം, പിറകിലെ ഓടപ്പുറത്തുകൂടി നടന്നാൽ കവിതാ മെറ്റേണിറ്റി ആശുപത്രിയിലെത്താം. എന്റെ ചേച്ചിയാണു ഡോ. കവിത. സതീശൻ പറഞ്ഞു. ഞാൻ ചേച്ചിയെ വിളിച്ചു പറഞ്ഞേക്കാം.
അതു പറ്റില്ലെന്നും സതീഷില്ലാതെ പേറ്റിച്ചിയെക്കാണുന്ന പ്രശ്നമില്ലെന്നുമായി ഞാൻ ഒടുക്കം അയാള്‍ ഒരുമണിക്കൂർ അവധിയെടുത്തു, എന്റെ കൂടെ
ഓടചാടിക്കടന്നു.
ഡോ. കവിത എന്നെ പരിശോധിച്ചു. നിങ്ങൾക്ക് നല്ല ഡീഹൈഡ്രേധനുണ്ട്. ഉടനേ ഡ്രിപ്പിടണം. ഇതൊരു പ്രസവാശുപത്രിയാണെന്നറിയാമല്ലോ, ഉടനടി പുരുഷന്മാരെ ചികിത്സിക്കുന്ന എവിടെയെങ്കിലും അഡ്മിറ്റാകണം
സതീഷറായിഡു തന്റെ സഹോദരിയോട് ദീർഘനേരം തെലുങ്കിൽ കെഞ്ചി. ഉരുപ്പടിയെ കൊണ്ടുകളയാൻ വേറേ ഇടമില്ലെന്നും തന്റെ പണിസ്ഥലത്തു കിടന്നു മയ്യത്തായാൽ പിന്നെ പൊല്ലാപ്പാകുമെന്നുമാണ് ആ പറയുന്നതെന്ന് ഞാൻ ഊഹിച്ചു. നടകീയ മുഹൂർത്തങ്ങൾക്കവസാനം ഞാന്‍ കവിതാ മെറ്റേണിറ്റി ക്ലിനിക്കിൽ അഡ്മിറ്റായി.
നിറവയറും ഒഴിവയറും
കവിതാ ക്ലിനിക്കിന് ആകെ ഒരു ജനറൽ വാർഡേ ഉണ്ടായിരുന്നുള്ളു നിറചനയുള്ള നീൾലോചനകൾക്കു നടുവിൽ ഞാനും ഒരു കിടക്കയിലെറിയപ്പെട്ടു. സ്ത്രീകൾ ഒന്നടങ്കം എന്നെ പ്രാകി, സ്വൈരമായി പ്രസവിക്കാനും സമ്മതിക്കാത്തെ പണ്ടാറക്കാലൻ ഇവിടെ വന്നുകിടക്കുന്നു.
സ്ത്രീകൾ മാത്രം പ്രവേശിക്കുന്ന കെട്ടിടമായോണ്ടാണോ എന്തോ ആകെയുള്ള കുളിമുറി കം ഒണ്‍ പ്ലസ് റ്റൂവിനു ഒരു തുണിക്കർട്ടൻ മാത്രമേയുള്ളു. അതാകട്ടെ വാർഡിലെ ഫാനിന്റെ കാറ്റിൽ പാറിക്കളിക്കുകയാണ്. മുത്തയ്യാ മുരളീധരന്റെ (ക്രെഡിറ്ററിയാൻ ഇവിടെ ഞെക്കുക)
മുഖഭാവവും അമർത്തിയ ആക്രോശങ്ങളുമായി ഇളകുന്ന തിരശീലക്കു പിന്നിൽ ആളിരിക്കുന്ന രംഗം കണ്ടാൽ കിർമ്മീരവധത്തിന്റെ തിരനോട്ടമെന്നേ കഥകളി കണ്ടിട്ടുള്ള ആരും കരുതൂ.
എനിക്കു പോകാൻ പറ്റുന്നില്ല. ഉള്ളിൽ ഖരമായിരിക്കേണ്ടത് ദ്രവരൂപത്തിലും വായുരൂപത്തിലുമായി ആന്തരികസമ്മർദ്ദം ചെലുത്തുന്നതിനാൽ പോകാതിരിക്കാൻ ഒട്ടും പറ്റുന്നില്ല. ഓന്തിനു മൂക്കിപ്പൊടി കൊടുത്തപോലെ ഞാൻ പ്രസവവാർഡിൽ നെട്ടോട്ടവും കുറിയോട്ടവുമോടി. എന്റെ പ്രാണവേദന കണ്ട് ആശുപത്രിയിലെ ഏക പുരുഷ ജോലിക്കാരൻ വാച്ചർ കെട്ടിടത്തിനോട് ചേർന്നുള്ള തന്റെ പുരയിലെ കക്കൂസ് ഉപയോഗിക്കാൻ എനിക്കനുവാദം തന്നു. ഞാന്‍ എന്റെ ജീവിതത്തിൽ ഇത്രയും മനസ്സു നിറഞ്ഞ് നന്ദി ആരോടും പറഞ്ഞിട്ടുണ്ടാവില്ല. ഒരു കയ്യിൽ ഗ്ലൂക്കോസ് ഡ്രിപ്പിന്റെ കുപ്പിയും കയ്യിലേന്തി ഞാൻ വാച്ച് മാന്റെ വീട്ടിലേക്കും അവിടെന്നു തിരിച്ചും നിറുത്താതോടുന്ന കാഴ്ച്ച കണ്ട സ്ത്രീകൾ അവരുടെ തുറുപ്പു ചീട്ടായ പ്രസവ വേദനയെക്കാൾ വലുതാണ് എന്റെ വേദനയെന്നു തോല്വി സമ്മതിച്ച് എന്നോട് സഹതപിച്ചു കൂട്ടുകൂടി . നിറവയറും താങ്ങി അവർ എനിക്കു ചായയിട്ടു തന്നു. വെള്ളം ചൂടാക്കി ഹോട്ട് വാട്ടർ ബാഗിലാക്കി തന്നു. എനിക്കറിയാവുന്ന മുറിത്തെലുങ്കിൽ ഞാൻ തീസ്കുനാരാ ബാവുന്നേനു എന്നൊക്കെ പറയുന്നത് നന്ദിയായി വരവു വച്ചുതന്നു. സ്ത്രീകൾ എത്ര ലോല മനസ്കരാണ്.
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു. വിച്ചുവിനു സുഖ പ്രസവം, പെൺ കുഞ്ഞിനെക്കിട്ടി. നീരജക്കു സിസേറിയനായിരുന്നു. ഇരട്ട ആൺട്ടികൾ. മിസ്സിസ് ( ഫോമിൽ പ്രിന്റ് ചെയ്തിരിക്കുന്ന ഭാഗം) ദേവൻ, നോൺ ഒബസ്റ്റ്ട്രിക്കൽ പേഷ്യന്റ് എന്ന ഡിസ്ചാര്‍ജ്ജ് കാർഡും വാങ്ങി പോകാനിറങ്ങവേ ഇത്രയും തവണ വയറൊഴിഞ്ഞിട്ടും ദൈവം ഒന്നിനെപ്പോലും എന്റെ കയ്യിൽ തന്നില്ലല്ലോ എന്നോർത്തുപോയി.
Monday, December 26, 2005
ആനപ്പക
കോടനാട് ആനക്കൂട്ടിലെ ഒരു സാധാരണ ട്രെയിനറായിരുന്നു നാരായണൻ. വാരിക്കുഴിയിൽ വീണ ആനകളെ താപ്പാനകളെക്കൊണ്ട് പൊക്കിക്കുക, ആനക്കൂട്ടിലിട്ട് അവരെ മനുഷ്യരെ അനുസരിക്കുന്ന ആട്ടിൻ കുട്ടികളാക്കുക എന്നിത്യാദി പണികളെടുത്ത് കഴിയവേ ഒരിക്കൽ ഒരാന കൂച്ചുവിലങ്ങ് പൊട്ടിച്ച് നാരായണനെ ഓടിച്ചെന്ന് കടന്നു പിടിക്കുകയും തലമണ്ട തുമ്പിക്കൈയ്യാലടിച്ച് കുട്ടികൾ മാങ്ങാ ചപ്പിയ അണ്ടി പോലെ വല്ലാതെ കോടിയ ഒരു ആകൃതിയാക്കുകയുമായിരുന്നു. ചോരയിൽ കുളിച്ച് ബോധം കെട്ടു വീണ ആ സാധു മനുഷ്യനെ പൊറോട്ടക്കു മാവു കൂട്ടും പോലെ കുറെനേരം നിലത്തിട്ടടിച്ചു, ഒടുക്കം മടുത്ത് കിണറ്റിൽ എടുത്തെറിഞ്ഞിട്ട് ആന അതിന്റെ പാട്ടിനു പോയി.
ഇരുപത്തഞ്ചാം വയസ്സിൽ മനുഷ്യനെന്നു പോലും തിരിച്ചറിയാത്ത രൂപത്തിലായി ഫോറസ്റ്റ് ഡിപ്പാർട്ടമെന്റിൽ നിന്നു നേരേ ധർമ്മാശുപത്രിയിലേക്ക് സ്ഥലം മാറ്റപ്പെട്ട നാരായണൻ ഏറെവർഷം ആശുപത്രിത്തിണ്ണയിൽ ജൈവവും മൃതവുമല്ലാത്തൊരവസ്ഥയിൽ കിടന്നു. എ ല്ലാവരും പ്രതീക്ഷിച്ചപോലെ "ആ കെടപ്പിലങ്ങു പോയ"തൊന്നുമില്ല. പക്ഷേ ആശുപത്രി വിട്ടൈറങ്ങിയ വികൃതരൂപം നാരായണൻ എന്ന ആനക്കാരന്‍ ആയിരുന്നില്ല, കോടനെന്ന ആനക്കാലനായിരുന്നു.
കോടന്‍ ഒരാനയുടെയും പാപ്പാനായില്ല. ഒരു ഉടമസ്ഥനും ആനയെ കോടനെയേല്‍പ്പിക്കാനുള്ള ധൈര്യം വന്നില്ല. പൈശാചികമായൊരു പകയൊന്നുമാത്രമായിരുന്നു അയാളെ മരണക്കിടക്കയിൽ നിന്നും ഞൊണ്ടിയിട്ടാണെങ്കിലും എഴുന്നേൽപ്പിച്ചത്. പിന്നെയങ്ങോട്ട് ആനകൾ ഈ പകുതി ചത്ത മനുഷ്യന്റെ മുന്നില്- മുട്ടുകുത്തിയ കഥകൾ മാത്രമായിരുന്നു. പാപ്പാനെ കൊന്ന് കൊലവിളിച്ചു നില്‍ക്കുന്ന കൊമ്പൻ കോടന്റെ കല്ലേറില്‍ ഭയന്ന് ആറ്റില്‍ ചാടിയെന്നും മദമിളകി പട്ടണത്തിലൂടെ ഓടിയ ഭയങ്കരനെ മരത്തിൽ നിന്നും പുറത്തേക്കു ചാടി അടിച്ചിരുത്തിയെന്നും ഭക്ഷണം കഴിക്കാതെ വാശി പിടിച്ച റാണിയെ മുഖത്തടിച്ച് ശാപ്പാടു കഴിപ്പിച്ചെന്നുമൊക്കെ അവിശ്വസനീയമായ കഥകൾ. എങ്കിലും ആനക്കഥകൾ, പ്രത്യേകിച്ച് ആന മനുഷ്യനോട് തോറ്റ കാര്യം, കേൾക്കാന്‍ സുഖമല്ലേ. അങ്ങനേ രസിച്ചു കേട്ടുമറന്നു, ഞാൻ ഈ ഭയങ്കരനെ നേരിട്ടൊരിക്കൽ കാണും വരെ.
ശിവനെന്ന കൊമ്പൻ (കടവൂർ ശിവൻകുട്ടി അല്ല, ഞങ്ങളുടെ ലോക്കൽ ശിവൻ) സന്ധിവാതം പിടിച്ച് കിടപ്പായിരുന്നു- കിടന്നു കിടന്ന് ബെഡ് സോർ വന്നു പഴുത്തുപോയ അവനെ ഒന്നു മറിച്ചു കിടത്തി മരുന്നുപുരട്ടാൻ നാട്ടുകാർ മൊത്തം വടവും കഴയുമായി ദിവസങ്ങളായി പരിശ്രമത്തിലാണ്. ആ സാധു മൃഗം ഓരോ തവണയും വടം ദേഹത്തമരുമ്പോൾ വേദന സഹിക്കാതെ കണ്ണീരൊഴുക്കി, പക്ഷേ നീരുവന്നു വീർത്ത കാലുകളുയർത്തി ഒന്നു നിവരാനാകതെ കിടന്നു പുളയാനേ കഴിയുന്നുള്ളു . ക്രെയിൻ അന്നുകാലത്ത് സാധാരണമല്ലല്ലോ. നാട്ടുകാർ കപ്പിയും കയറുമിട്ടുള്ള ശ്രമം നിറുത്തി, ഇതിനെ ഇങ്ങനെ നരകിപ്പിക്കാതെ അങ്ങു വിളിക്കണേ എന്നു പ്രാർത്ഥനയായി.
അപ്പോഴാണു ആരോ വിളിച്ചു പറഞ്ഞത് "ആണ്ടെടാ കോടൻ വരുന്നു"
വയലിനക്കരെ വേലിപ്പത്തലിൽ പിടിച്ചു പിടിച്ച് നടന്നു വരുന്നു മെല്ലിച്ചു കൂനി, ഒടിഞ്ഞ കുടപോലൊരു വയസ്സൻ. വരമ്പത്ത്എത്തിയപ്പോൾ പിടിക്കാനൊന്നുമില്ലാതെ നിന്നും നിരങ്ങിയും ആടിയാടി തപ്പിത്തടയലായി.
"ഡാ ബാവുലേ, മൂപ്പീന്നു തോട്ടിലെങ്ങാണും ഒലിച്ചു പോവും നീ പോയിങ്ങ് വിളിച്ചോണ്ടുവാ" ഒരു കാർന്നോർ പറഞ്ഞു.
ബാഹുലേയൻ ഒരോട്ടത്തിനു തോട്ടുങ്കരയിൽ ചെന്നു കോടച്ചാരെ പൊക്കിയെടുത്തു കൊണ്ടു വന്നു.
വരുന്ന വരവിലയാൾ വേതാളം പോലെ ഒക്കത്തിരുന്ന് " ഇച്ചെന്തു എത്രകാലമായെടാ ബാവുലേ ചക്രശ്ശാസം വലി തൊടങ്ങീട്ട്" എന്നൊക്കെ ചോദിച്ചറിയുന്നുണ്ടായിരുന്നു
ആൽത്തറയിൽ ലാൻഡ് ചെയ്ത മൂപ്പീന്ന് " എന്റെ ഫഗോതീ"എന്നൊരു വിളിയോടെ ഇരിക്കാനൊരുങ്ങവേ ആന ഞരങ്ങുന്ന സ്വരം കേട്ടു.
ഒരു നിമിഷം കൊണ്ട് കോടൻ ആളാകെ മാറി. ആൽത്തറയിൽ നിന്നു താഴെച്ചാടി പൂർണ്ണമായി നിവരാത്ത തന്റെ കാലുകൾ നീട്ടി ഒരോട്ടം- കുരങ്ങൻ പാമ്പിന്റെ പിറകേയോടുമ്പോലെ തത്തി തത്തിയാണെങ്കിലും ബയണറ്റ് ചാര്‍ജ്ജ് ചെയ്യുന്ന പട്ടാളക്കാരന്റെ ഉജ്ജ്വലതയുണ്ടായിരുന്നു അതിന്. ക്രോധംകൊണ്ട് അലറിക്കൊണ്ട് അയാള്‍ ശിവനു നേരേയടുത്തു. ആന ജലവും പഴുപ്പും നിറഞ്ഞ കണ്ണാലെ വരുന്നയാളിനെ ഒന്നേ നോക്കിയുള്ളു..
"ഛീ പട്ടീ, എഴുന്നേൽക്കെടാ " - കോടന്‍ ചുള്ളിക്കമ്പു പരുവമായ കാലുകൊണ്ട് ശിവന്റെ തലയിൽ തൊഴിച്ചു. ഒപ്പം കാർക്കിച്ച് ഒരു തുപ്പും!
ഒരലർച്ചയോടെ ആന നിലത്തു നിന്നു പൊങ്ങി. ആ ഒച്ച ഒരു കൊമ്പന്റെ ചിന്നംവിളിയായിരുന്നില്ല, ഇൻജക്ഷൻ കിട്ടിയ കൈക്കുഞ്ഞിന്റെപോലെ വേദനയും ഭയവും അമ്പരപ്പും കൂടിക്കലർന്ന ഒരു ദയനീയ ശബ്ദം. അവൻ ദേഹം നിവർത്തവേ നീരുവന്ന സന്ധികളിൽ അസ്ഥികൾ തമ്മിലുരുമ്മുന്ന ശബ്ദം പഴയ മരക്കതകടയുമ്പോലെ ഉച്ചത്തില്‍ കേട്ടെന്ന് അടുത്തു നിന്നവർ ആണയിട്ടു പറഞ്ഞു.
"കഴുതേടെ മോൻ ഇനി കെടക്കുമ്പ പഴുക്കാത്ത വശം കുത്തി കെടന്നോളും" കോടൻ തിരിച്ച് നടക്കവേ പറഞ്ഞു. "വയലിച്ചെളീലു എറങ്ങി എന്റെ കാലെല്ലാം മരച്ചെടാ, ആരേലും ഒരു കാപ്പിവാങ്ങിച്ചു തരുവോ?"
കുട്ടമ്പിള്ള തന്റെ കടയില്‍ നിന്ന് ഒരു കാപ്പിയുമായി ഇറങ്ങി വരവേ ഒരു തമാശപോലെ ചോദിച്ചു " പത്തിരീം പോത്തെറച്ചീമൊണ്ട് കോടച്ചാരേ, എടുക്കട്ടോ?"
“എനിക്കു പോത്തെറച്ചീടെ പൂതിയെല്ലാം തീർന്നെടാ.“ ആ വൃദ്ധന്‍ പല്ലില്ലാത്ത വായില്‍ ഒരു ബീഡി തിരുകിക്കോന്റ് ശിവനെ ഒന്നുഴിഞ്ഞു നോക്കി.
"ഈ നായിന്റെ മോൻ ഒടനേ ചാവും. പറ്റുമെങ്കി എവന്റെ ഒരു കഷണം നീ അന്നെനിക്കു മുറിച്ച് കൊണ്ടത്തന്നാമതീടാ"
ജനമതുകേട്ട് ആർത്തുചിരിച്ചു
"അതു ഞാനേറ്റു കോടച്ചാരേ" കുട്ടൻ പിള്ള ചിരിച്ച് വശം കെട്ട് ഗ്ലാസ്സിലെ കാപ്പി കൈയ്യിൽ തുളുമ്പിച്ചു പറഞ്ഞു.
കോടനു പക്ഷേ അതിലെ തമാശ മനസ്സിലായില്ല.
"ചൊറി വരാത്ത ഭാഗത്തുന്നു മുറിച്ചു തരാമ്പറയണേടാ കുട്ടാ, ഇല്ലേ പുഴു കാണും"
ശിവൻ പിന്നെ അധിക നാള്‍ ജീവിച്ചില്ല, കോടനും. പക്ഷേ ആനയെത്തിന്നാൻ കൊതിക്കുന്ന (ഒരു പക്ഷേ അയാള്‍ അതിനു മുന്നേ തിന്നിരുന്നും കാണും- ചെരിഞ്ഞ ആനകളെ പല തുണ്ടമായി വെട്ടി പലസ്ഥലങ്ങ്നളിലാണല്ലോ അടക്കിയിരുന്നത്, ഒരു കഷണം കിട്ടാനാനോ പ്രയാസം) കോടന്റെ മുഖമോർക്കുമ്പോൾ ഒരു കുളിര്- അറിയാതെ ഞാനൊരിക്കൽ കച്ചിത്തുറുവിനകത്ത് ഉറയൂരുന്ന പാമ്പിനെ
തൊട്ടുപോയപ്പോൾ തോന്നിയ അതേ കുളിര് -ഇന്നും ദേഹത്തില്‍ ഇഴയുന്നു.
Tuesday, December 20, 2005
പൊടവൊട
എഴുന്നേറ്റ എന്റെ പാതി ഇരിക്കുന്ന ഞാന്‍പാതിക്ക് ഒരര്‍ദ്ധപ്രദക്ഷിണം വച്ച് മുന്നില്‍ വന്നു നിന്നു. പിറകില്‍ നിന്നാരോ എന്റെ മടിയില്‍ ഒരു ട്രേയിനുള്ളിൽ വച്ചൊരു സാരി വച്ചു.
"ഞാന്‍ പുടവകൊടുക്കട്ടേ എന്നു മൂന്നു തവണ കരക്കാരോട് ചോദിച്ചിട്ട് കുട്ടിക്കതു കൊടുക്കു" ചേട്ടനെന്റെ ചെവിയില്‍ പറഞ്ഞു.ഞാന്‍ ചിരിച്ചു പോയി. പലതരം ഫ്ലാഷുകള്‍ മിന്നി.
എങ്ങനെ ചിരിക്കാതിരിക്കും? കഴിഞ്ഞയാഴ്ച്ച കോഞ്ഞാമ്പാച്ചന്റെ കല്യാണമായിരുന്നു. സംസാരിക്കുമ്പോൾ ഇത്തിരി കൊഞ്ഞയുണ്ടെന്നുകരുതി പാച്ചനൊരു കല്യാണം കഴിക്കാന്‍പാടില്ലെന്നില്ലല്ലോ. സ്വന്തം അമ്മാവന്റെ മോളെ തന്നെ കിട്ടി.
ഞാനിപ്പോള്‍ ചെയ്തതെല്ലാം എന്നെക്കാള്‍ ധൈര്യത്തില്‍ പാച്ചന്‍ ചെയ്തു. എന്നിട്ട് പൂത്താലം ഉയര്‍ത്തി നാലുചുറ്റും നിന്ന കരക്കാരോട്
"ഞാന്‍ പൊതവൊതുക്കത്തേ? പൊതവൊതുക്കത്തേ? പൊതവൊതുക്കത്തേ?"
ഒന്നുരണ്ടുപേര്‍ പൊട്ടിച്ചിരിച്ചുപോയി, ബാക്കിയുള്ളവര്‍ അടക്കിയും.നാണക്കേടും സങ്കടവും സഹിക്കാതെ വധുവിനും വരനും അപ്പൂപ്പനായ കോന്നന്‍ അമ്മാച്ചന്‍
"മിണ്ടാതങ്ങോട്ട് കൊടുക്കടാ നായിന്റെ മോനേ" എന്നു പറഞ്ഞു.
ഞാനും കരക്കാരുടെ സമ്മതം വാങ്ങി പുടവ നീട്ടി. എന്റെ ചിരി കണ്ട് മനം കുളിര്‍ത്ത വധൂമണി, ഒരരപ്പുഞ്ച്ചിരിയില്‍ പുടവ വാങ്ങി.ചടങ്ങെല്ലാം കഴിഞ്ഞ് കാറില്‍ വച്ച് ഞാന്‍ അവളോടും എന്റെ ചേട്ടനോടും ചിരിച്ചതെന്തിനെന്ന് കുറ്റസമ്മതം നടത്തി. ഒരു പ്രേമത്തിന്‍ മുകുളം പൊട്ടിയിട്ടായിരുന്നില്ല ആ ക്രൂരഹാസം എന്ന അറിവില്‍ ഡിസില്ല്യൂഷന്‍ ആയ എന്റെ പുത്തനച്ചി , വയ്യാത്തൊരാളിനെ കളിയാക്കി ചിരിച്ചത് കഷ്ടമെന്ന് ധ്വനിപ്പിച്ചൊരു പരാമര്‍ശം നടത്തി.
"വയ്യാത്തവന്‍, വികലന്‍, ഊമ എന്നൊക്കെ മനുഷ്യനെ ഒറ്റ തിരിക്കുന്നതും സഹതപിക്കുന്നതും നഗരത്തിന്റെ കാപട്യം, എന്റെ പാതീ". ഞാന്‍ പറഞ്ഞു." നിന്റെ കണവനും, ഞൊണ്ടിപ്പാക്കരനും, കലക്റ്റര്‍ മധുവും കോഞ്ഞാമ്പാച്ചനും ഭേദമെന്യേ പ്രശംസക്കും കളിയാക്കലിനും ഇരയാകുന്ന, നന്മകളാല്‍ സമൃദ്ധമായ എന്റെ ഗ്രാമത്തിലേക്ക് ഭവതിക്കു സ്വാഗതം, വെല്‍ക്കം റ്റൊ ഊട്ടി, ഗ്ലാഡ് റ്റു മീറ്റ് യൂ."
ഗൌര്‍ഖ്യം
ആയതിനാല്‍ ഈയുള്ളവന്‍ പോലീസിനെ ആദ്യം പരിചയപ്പെടുന്നത് കോളേജിലും, ഗൂര്‍ഖകളെ അറിയുന്നത് ആഡിറ്റുകാലത്തും. ആദ്യമായി ഗൂർഖാപ്പറ്റത്തെ അടുത്തറിഞ്ഞ ദിവസത്തെ കൈതിയിന്‍ ഡയറി 15 കൊല്ലത്തിനു ശേഷം ഒന്നെഴുതി നോക്കട്ടേ?
??/??/1990
മാന്നാര്‍
പ്രഭാതം- ബീറ് കേസ്
രണ്ടുമാസത്തെ ഹിരാക്കുഡിയന്‍ ജീവിതം അവസ്സാനിപ്പിച്ച് ഞാന്‍ കാലത്ത് "പമ്പയാറിന്‍ പൊന്‍ പുളിനത്തില്‍ പനിമതി പോലെ" എഴുന്നേറ്റു (ഇവിടേക്കിന്നലെ രാത്രി രംഗപ്രവേശം ഉറങ്ങിക്കൊണ്ടായിരുന്നു).
കടുകെണ്ണമണമില്ലാത്ത മലയാളി പ്രാതല്‍ മൂക്കറ്റം വെട്ടി കമ്പനിപ്പടിതാണ്ടവേ ഒരു പിന്‍വിളി
"ആഡിറ്റര്‍ സാബ്"- കമ്പനിയിലെ സെക്യൂരിട്ടി ഗാര്‍ഡ് ഒരു ഗൂര്‍ഖാ. (ഞാനാഡിറ്ററു ഭാഗത്തിന് പഠിക്കുന്നതല്ലേയുള്ളു, മൈക്കാട് മേസ്തിരിയെന്ന വിളികേട്ടാലെന്നപോലെ ഹർഷബാഷ്പം പൊഴിച്ച് നിലത്തുനിന്നൊരടി പൊങ്ങി)
"ഞാന്‍ സാബിനെ കാണാന്‍ നിന്നതാ" (ഭാഗ്യം, ഇവന്‍ മലയാളം പറയും. ഹിന്ദിയെങ്ങാന്‍ ബോല്‍ത്തിയാല്‍ മാനം പോയേനേ) "എന്റെ പേരു ബീര്‍ ബഹദൂര്‍, സാബ്. ഇവിടെ വേറൊരു ബീര്‍ ബഹദൂര്‍ ലോണെടുത്തത് എന്റെ ശമ്പളത്തില്‍ പിടിച്ചു സാബ്".
ഇത്രേയുള്ളൊ? നിങ്ങൾ പേറോൾ അക്കൌണ്ടന്റ് ബേബിയോട് കാര്യം പറ
"ഞാന്‍ പറഞ്ഞു സാബ്, ബേബിസാബ് പിടിച്ച കാശു അടുത്തമാസത്തെ ശമ്പളത്തില്‍ കൂട്ടുകയും ചെയ്തു"
പിന്നെന്താ പ്രശ്നം തീര്‍ന്നില്ലേ?
“തീര്‍ന്നില്ലാ സാബ്. തിരിച്ചു കൊടുത്തതും തെറ്റിപ്പോയി, അതു എന്റെ ശമ്പളത്തില്‍ വന്നില്ല, വേറൊരു ബീര്‍ ബഹദൂറിനു പോയി.
ഹെന്ത്? 50 പേര്‍ പണിയെടുക്കുന്ന ഫാക്റ്ററിയില്‍ മൂന്നു ബീര്‍ ബഹദൂരോ?
"മൂന്നല്ല നാലു ബീര്‍ ബഹദൂറുണ്ട് സാബ്"
ഞാൻ നോക്കട്ടെന്നെന്തോ പറഞ്ഞ് മുങ്ങി
ഓഫീസിലെത്തിയതും ബേബിയെ വരുത്തി. സെക്യൂരിറ്റിയില്‍ എത്രപേരാണെന്നന്വേഷിച്ചു.
"നാലുപേര്‍. പണ്ടാറടങ്ങാന്‍ നാലിന്റേം പേര്‍ ബീര്‍ ബഹദൂറെന്നാ"
കള്ളുകമ്പനിക്കാർ സ്പോൺസർ ചെയ്തതാണോ ഇവരെ? അതോ കേപ്പീയേസീ, കലാഭവനെന്നൊക്കെ പറയുമ്പോലെ ബീറുകൾ എന്തെൻകിലും സ്ഥാനപ്പേരാണോ?
“അല്ല മാഷേ. ഒരു വയസ്സൻ ബീറ് എവിടെന്നോ ഇവിടെ കയറി വന്നു, ഗാർഡായി. പിന്നെ ഒഴിവു വരുമ്പോഴെല്ലാം അയാൾ നേപ്പാളിലേക്ക് റ്റെലിഗ്രാമടിച്ച് ആളുകളെ ഇവിടെവരുത്തി. കാലക്രമേണ സെക്യൂരിറ്റിയിൽ ബീറ് ബഹദൂറുകൾ മാത്രമായി. “
മനസ്സിലായില്ല. ഇയാള് സ്വന്തം പേരുള്ളവരെ മാത്രം വരുത്തിയെന്നോ?
“അതല്ല. സ്വന്തം കുടുംബത്തിൽ നിന്നാണ് ഇയാളാളുകളെ ഇറക്കുമതി ചെയ്തത്. നെപ്പോട്ടിസം. പ്രസ്തുത ഗോത്രത്തിന്റെ സ്ഥാപകൻ ഒരു ബീർ ബഹദൂറായിരുന്നെന്നതിനാൽ മിക്കവാറും സ്ത്രീകൾ ആണ്മക്കൾക്കു ആ പേരിടുന്നത്രേ.“
“ശരി. ഇപ്പോൾ മനസ്സിലായി. എല്ലാത്തിന്റേം ഇനിഷ്യൽ ചേർത്ത് പേറോൾ മാസ്റ്റർ അപ് ഡേറ്റ് ചെയ്താൽ പ്രശ്നം തീർന്നില്ലേ?“
“സാറിനറിയാഞ്ഞിട്ടാ. ഈ ബീറുമാരുടേ സമുദായാചാരമനുസരിച്ച് അച്ഛന്റെ പേരു പറയുന്നത് ചാവുദോഷമുള്ള മഹാപാപമാ. ഇനിഷ്യല്‍ അച്ച്ഛന്റെ ചുരുക്കമല്ലേ അതു പറഞ്ഞുകൂടാ. ഞാനതു ചോദിച്ചിട്ടുവേണം അവന്മാർ കുക്രിയെടുത്ത് എന്റെ പണ്ടത്തിൽ കയറ്റാൻ“
പിന്നേം മനസ്സിലായില്ല. സ്വന്തമപ്പന്റെ പേരുപറഞ്ഞാലല്ലേ പ്രശ്നമുള്ളു. ഒരുത്തനെ വിളിച്ച് മറ്റവന്റപ്പന്റെ പേരു ചോദിക്ക്.
ബേബി അസഹ്യത മൂത്ത് തലചൊറിഞ്ഞു. “പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. ഒന്നാമത് തന്തപ്പേർ അപമാനമായ നാട്ടിൽ മിക്കവരും തന്തമാരെ അറിയില്ല. അറിഞ്ഞാൽ തന്നെ അതെല്ലാം തിരിച്ചറിയാൻ പറ്റാത്തപോലെ ഈ ഒരു പേരു തന്നെയായിരിക്കില്ലേ?“
എന്നാ പിന്നെ സീരിയൽ നംബറ് അടിച്ചു കേറ്റു ബേബി. സ്റ്റാഫ് നമ്പ്ര s.1- ബീർ ബഹദൂർ.1, സ്റ്റാഫ് s.2 -ബീർ ബഹദൂർ.2, അങ്ങനെ. എന്നിട്ടവന്മാർക്കും പറഞ്ഞുകൊട് അവരവരുടെ സീരിയൽ ചേർത്ത് പേരെഴുതാൻ എപ്പോഴും.
മദ്ധ്യാഹ്നം- പണ്ടാരപ്പേരുകാരൻ
ക്യാന്റീനിൽവച്ച് റിക്രൂട്ട്മെന്റിലെ പ്രേമയെകണ്ടവഴി ഇനിമുതൽ ആളെ എടുക്കുമ്പോൾ യുണീക്ക് പേരുകാർ ആണെന്ന് ബേബിയോടൊരു ക്ലീയറൻസ് വാങ്ങാൻ പറഞ്ഞു തമാശായി.
അടുത്ത റിക്രൂട്ട്മെന്റ് തടയാൻ എനിക്കോ ബേബിക്കോ സീ ഐ റ്റി യൂ അഖിലേന്ത്യാ സെക്രട്ടറിക്കോ കഴിയില്ലെന്നവൾ. കമ്പനിയിൽ അടുത്തതായി ചേരാൻ പോകുന്നത് പുതിയ ചീഫ് എക്സിക്യൂട്ടിവ്.
“എന്താ വിശാഖപട്ടണത്തു നിന്നും വരുന്ന വിശാല മനസ്കന്റെ പേർ ?“ ഞാൻ നാടോടിക്കാറ്റ് വീശി.
“കെ കെ കെ. “
“അതെന്തു പേർ? വിശദമാക്ക നീ സ്ത്രീയേ.”
“കേസരി ഖേഖുസ്രു ഖാബ്രാജി”
“ ഒരു ശിശുവിന്റെ മുഖത്തു നോക്കി ഇങ്ങനെ പേരു വിളിച്ച മഹാപാപി തള്ളയെ പൊങ്കാലയിട്ട് അടിച്ചു കൊല്ലണം. ഈ ലോകത്ത് ആ പേരിൽ രണ്ടെണ്ണം കാണാനൊരു സാദ്ധ്യതയുമില്ല. ഉദ്ദണ്ഡ കേസരി എഴുന്നെള്ളാൻ ഉത്തരവായാലും ദുഷ്കരി കുഞ്ജരീ.”
സായാഹ്നം- കഴുതകേറാമല
പമ്പാനദിയിൽ എരുമകളുടെ കുളിസ്സീനും കണ്ട് ഗസ്റ്റ് ഹൌസിലിരിക്കുമ്പോൾ ബീറ് ബഹദൂർ No. 1 സൈക്കിൾ ചവിട്ടി ആ വഴി വന്നു.
“പത്രമോ മാസികയോ സിഗററ്റോ വേണേൽ ഞാൻ വാങ്ങാം സാബ്. കുപ്പി വേണമെൻകിലും ഒറിജിനൽ കിട്ടും, എനിക്കു ബാറിൽ പരിചയമുണ്ട്“ ടിപ്പാഗ്രഹിച്ച് അയാൾ പറഞ്ഞു.
ഒറ്റപ്പേരുകാരുടെ ഗ്രാമത്തെപറ്റി ഞാനയാളോടാരാഞ്ഞു. “കൊനേരു ഹമ്പി“ എന്നതിനു സമാനമായ എന്തോ പ്രാകൃത ഗ്രാമപ്പേര്. പ്രവാസജീവിതത്തിനിടയിൽ നാട്ടിൽ പോയി ഭാര്യയേയും മക്കളേയും കണ്ടിട്ട് 10 വർഷമായത്രേ. ഒരു വർഷം കിട്ടുന്നത് ഇരുപത് ലീവ്. അതിൽ ഒന്നു രണ്ടെണ്ണം സിക്ക് ആയും മറ്റും പോകും. ഗ്രാമത്തിൽ പോകാൻ മൂന്നു ദിവസം ട്രെയിനിലിരിക്കണം പിന്നെ രണ്ടു ദിവസം ബസ്സിൽ, പിന്നെ രണ്ടു ദിവസ്സം കഴുതപ്പുറത്ത്. അതു കഴിഞ്ഞ് ഒരു ദിവസം നടക്കണം. അങ്ങനെ 8ഉം 8ഉം 16 ദിവസം യാത്ര. ലീവ് ബാക്കി 16 ദിവസം വരാറില്ല ഒരു വർഷവും സാബ്. ഒരാണ്ടത്തെ ലീവ് അടുത്താണ്ടിലേക്ക് കൂട്ടിത്തരില്ലെന്നല്ലേ കമ്പനി നിയമം, സാബ്. ഞാനെങ്ങനെ പോകാൻ?
ഉന്നതത്തിൽ വരാൻ പോകുന്ന കേസരിയോട് ഗൂർഖകളുടെ ആനുവൽ ലീവ് ക്യാരിഫോർവേറ്ഡ് ചെയ്യാൻ അഭ്യർത്ഥിച്ചാലെനിക്ക് കോടി പുണ്യം കിട്ടുമെന്ന് മനസ്സിലുറച്ചു ഞാൻ.
ഒരിക്കലെന്റെ ഗാവിൽ സാബ് വരണം. ഗൂർഖൻ ക്ഷണിച്ചു.
“കഴുതപോലും സഞ്ചരിച്ചെത്താത്ത നിന്റെ ഗാവ് എനിക്കു സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല. ഒരിക്കൽ എനിക്കു വരണം” ഞാൻ ക്ഷണം സ്വീകരിച്ചു.
എങ്ങനെ പോകാൻ? എന്നു പോകാൻ? ആരുടെ കൂടെ? പോയില്ല.