Saturday, April 01, 2006

വിയോഗം ,വിവാഹം,വിരാഗം


1. വിയോഗം
പലതരം റ്റ്യൂബുകളിലും കതീറ്ററുകളിലും ഈ സീ ജീ ലീഡുകളിലും കുരുങ്ങി
മിക്കാവാറും നഗ്നനായിക്കിടക്കുന്ന പ്രതാപ്‌ സിംഗിന്റെ കൈയില്‍ ഞാന്‍
ഭയപ്പാടോടെയാണ്‌ തൊട്ടത്‌, അതും എന്റെ കൈയില്‍ നഴ്സ്‌ ഒരു പോളിത്തീന്‍ കൈയുറഇടുവിച്ചതിന്റെ ധൈര്യത്തില്‍ . തലമുതല്‍ കാല്‍ വരെ നുറുങ്ങിപ്പോയിരിക്കുന്നു. എന്റെ കരം പതിഞ്ഞപ്പോള്‍ ഒരു തുണിയുലയുന്നയത്ര ദുര്‍ബ്ബലമായൊരു ശബ്ദത്തില്‍ പ്രതാപ്‌ വിളിച്ചു "ആഷാ?"


ഈശ്വരാ. ആരാണീ ആഷ? ഭാര്യ സംഗീതയെ ഓമനിച്ചു വിളിച്ചിരുന്ന പേരാണോ? അതോ മകള്‍ മേഘനയുടെ ചെല്ലപ്പേരോ? അപകടത്തില്‍ അവര്‍ രണ്ടും മരിച്ചെന്നും കുറഞ്ഞ പരിക്കുകളോടെ അതതിജീവിച്ച മകന്‍ ഇരുവരുടെയും ചിതക്ക്‌ ജബല്‍ അലി ഖബര്‍ സ്ഥാനില്‍ അന്ത്യ പൂജകള്‍ നടത്തുകയാണെന്നും അറിയുന്നതിനു മുന്നെ ഈ മനുഷ്യന്‍ മരിക്കുന്നതായിരിക്കും അയാള്‍ക്ക്‌ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് എനിക്കു തോന്നി.തൊട്ടരുകില്‍ നില്‍ക്കുന്ന മാസ്കണിഞ്ഞ വൃദ്ധന്‍ നാട്ടില്‍ നിന്ന് മകന്റെ കുടുംബത്തിനു സംഭവിച്ച അപകടമറിഞ്ഞെത്തിയ ഡോ. റാണാ സിംഗ്‌ ആണെന്ന് മുഖച്ഛായയാല്‍ തിരിച്ചറിഞ്ഞ എനിക്ക്‌ ഡ്യൂട്ടി ഡോക്റ്ററോട് ഈ സഹപ്രവ്ര്ത്തകന്‍ മരിക്കുകയാണോ എന്ന് ചോദിക്കാനായില്ല. ഞാന്‍ മെല്ലെ കൈ എടുക്കവേ അതിശക്തമായ ലഹരിമരുന്നുകളുടെ മയക്കത്തെയും തോല്‍പ്പിച്ച്‌ പ്രതാപിന്റെ ബോധം വീണ്ടുമൊരിക്കല്‍ക്കൂടി ആഷയെത്തിരഞ്ഞു.

2. വിവാഹം
ഒരാണ്ടു പിന്നിട്ടപ്പോഴൊരു ദിവസം അപ്രതീക്ഷിതമായി പ്രതാപും വധുവും വീട്ടിലെത്തി. അയാള്‍ ആശുപത്രി വിട്ടിറങ്ങി ഏറെ താമസിയാതെ വീണ്ടും വിവാഹിതനായെന്നും ചടങ്ങുകളൊന്നുമില്ലാതെയിരുന്നതിനാല്‍ ആരെയും ക്ഷണിച്ചില്ലെന്നും ഞാനറിഞ്ഞിരുന്നു. എങ്കിലും ഒരു വല്ലായ്ക തോന്നി, എന്നും സംഗീതയും മേഘനയുമൊത്ത്‌ ഓടിക്കയറി വന്നിരുന്ന കൊച്ചു റാണാസിംഗ്‌ അച്ഛനെയും നവവധുവിനെയും വിട്ട്‌ ഇത്തിരി പിറകില്‍ മാറി അധോമുഖനായി നടന്നു വരുന്നതു‌ കണ്ടപ്പോള്‍. നിറയെ ചിരിച്ച്‌ പ്രതാപ്‌ എനിക്ക്‌ വധുവിനെ പരിചയപ്പെടുത്ത്‌ - ഇതെന്റെ ഭാര്യ, ആഷ.

ആഷയും പ്രതാപും ഒരേ സ്കൂളില്‍ പഠിച്ചു. പിന്നെ ഒരു കോളേജിലും. കുഞ്ഞു നാളിലേ പ്രണയബദ്ധരായി അവര്‍. തമിഴ്‌ വംശജയായ ആഷയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചാല്‍ തന്നിലോടുന്ന രാജ രക്തം അത്‌ പൊറുക്കില്ലെന്നും അപമാനത്തില്‍ നിന്നു രക്ഷപെടാന്‍ വേറേ വഴിയില്ലെങ്കില്‍ മകനേയും ഭാര്യയേയും കൊന്ന് ആത്മഹത്യ ചെയ്യുകയേയുള്ളുവെന്നും ഡോ. റാണാ വ്യക്തമാക്കി. രജപുത്രനു വാക്കൊന്നേയുള്ളു, അതു പറഞ്ഞു കഴിഞ്ഞു.

പ്രതാപ്‌ അച്ഛന്‍ കണ്ടുപിടിച്ച കുട്ടിയെ വിവാഹം കഴിച്ചു. ആഷയെ മറക്കാന്‍ എളുപ്പവഴി നാടുവിടല്‍ ആയിരുന്നു. അയാളും സംഗീതയും ദുബായില്‍ ചേക്കേറി. ഇരുപതു വര്‍ഷം ഒരുമിച്ചു ജീവിച്ചു.രണ്ടു കുട്ടികളെ വളര്‍ത്തി. റാണക്കു പത്തും മേഘനക്ക് പതിനേഴും വയസ്സായ സമയത്താണ്‌ ബുറൈമിയില്‍ വച്ച്‌ കുടുംബത്തിന്റെ സ്ത്രീ പ്രജകളെയത്രയും കൊണ്ടുപോയ വാഹനാപകടമുണ്ടായത്‌.

ആശുപത്രിയില്‍ അര്‍ദ്ധബോദ്ധാവസ്ഥയില്‍ അമ്മയെയൊ മകനെയോ ഭാര്യയേയോ തിരയാതെ ആഷയെ വിളിക്കുന്ന മകനും കാമുകന്റെ വിവാഹം കഴിഞ്ഞ്‌ ഇരുപതു വര്‍ഷമായിട്ടും വിവാഹം കഴിക്കാതെ ഡോ. റാണാ ക്ലിനിക്കിനു സമീപത്തു തന്നെ താമസിച്ച്‌ തന്നെ ഇഞ്ചിഞ്ചായി കുറ്റബോധത്തില്‍ മുക്കിക്കൊല്ലുന്ന അവന്റെ പെണ്ണും ചേരേണ്ടത്‌ ദൈവഹിതമാണെന്ന് കരുതി ഡോ. റാണ ആഷയെ ദുബായില്‍ വിളിച്ചു വരുത്തി അവരുടെ വിവാഹം കോടതിയില്‍ നടത്തിക്കൊടുക്കുകയായിരുന്നു.

ആഷയും പ്രതാപും ഈ കഥയുടെ അവസാനഭാഗങ്ങള്‍ പറയുമ്പോള്‍ അതു കേട്ട്‌ എന്റെ ഭാര്യ കരഞ്ഞു.
"ഫെയറി ടെയില്‍ എന്‍ഡിംഗ്‌" എന്നത്രേ ഇത്തരം പുനസ്സമാഗമങ്ങള്‍ക്കു പറയുക.




3. വിരാഗം

വര്‍ഷം വീണ്ടുമൊന്നു കഴിഞ്ഞു. പ്രതാപൊരിക്കല്‍ എന്റെ ഓഫീസില്‍ തല
കാട്ടി.

സാബ്രിയ ഉണ്ടോ?

ഇല്ല, അവള്‍ സ്ഥിരമായി പ്രസവാവധിയാണ്, പ്രതാപിനെന്താ വേണ്ടത്, ഞാന്‍ ചെയ്യാം.

എന്റെ എം‌പ്ലോയീ ഇന്‍ഫോ അപ്ഡേറ്റ് ചെയ്യണം.

അതു ചെയ്തു കഴിഞ്ഞതല്ലേ? ആഷയുടേ പേരു തന്റെ കുടുംബത്തില്‍ എന്നേ ചേര്‍ത്തു. മറന്നോ?


“എന്റെ കുടുംബത്തില്‍ ആഷയെന്ന പേര്‍ കളയണം ദേവ്.“

“എന്ത്? “


“ഞങ്ങള്‍ ബന്ധം വേര്‍പെടുത്തി . എനിക്കെന്നും വിരഹിയായിരിക്കാനാണു വിധി.“ ശരിയാണ്, ഇരുപതു കൊല്ലമൊക്കെ കാത്തിരുന്നാല്‍ പിന്നെ എന്തെങ്കിലും ഇവരുടെ പ്രതീക്ഷക്കൊത്തുയരുമോ? അവരുടെ വിധി.


ആഷയും പ്രതാപും പിരിയാന്‍ കാരണമെന്തെന്നു ഞാന്‍ തിരക്കിയില്ല. നിസ്സാരമായൊരു എന്തെങ്കിലും ഒരു കാരണം മതിയല്ലോ അവര്‍ പിരിയാന്‍- ടോയിലറ്റ് സീറ്റ് താഴ്തി വയ്ക്കാന്‍ അയാള്‍ മറന്നെന്നോ അവള്‍ കറിക്കുപ്പിട്ടില്ലെന്നോ ടൈയില്‍ കറ പുരണ്ടിരുന്നത്ചൂണ്ടിക്കാട്ടിയില്ലെന്നോ ആവും.

11 comments:

myexperimentsandme said...

കൊള്ളാം ദേവേട്ടാ‍..

മറ്റൊരു സംവാദത്തിന് സ്കോപ്പുണ്ടോ?

പ്രതാപ് ആശുപത്രിക്കിടക്കിയിൽ‌വെച്ച് ആഷയെ വിളിച്ചത് ശരിയായോ?

ആഷ പ്രതാപിന്റച്ഛന്റെ വീട്ടിനടുത്ത് താമസിച്ച് അദ്ദേഹത്തെ ഇഞ്ചിഞ്ചായി മുക്കിക്കൊന്നത് ശരിയായോ?

എന്തായിരിക്കും കൊച്ചുറാണയുടെ മനോഗതി? അവൻ വളർന്ന് വലുതാകുമ്പോൾ എങ്ങിനെയായിത്തീരും?

പ്രതാപ് സംഗീതയോട് നീതി പുലർത്തിയോ?

അച്ഛൻ റാണ ചെയ്തത് ശരിയാണോ? (ആദ്യം കെട്ടിക്കാതിരുന്നതും പിന്നെ കെട്ടിച്ചതും)

പ്രതാപ് ചെയ്തത് ശരിയാണോ? (ആദ്യം കെട്ടിയതും പിന്നെ കെട്ടിയതും)

ഹായ്...........സ്കോപ്പുണ്ട്.

Unknown said...

നല്ല അവതരണ ശൈലി..

ഇളംതെന്നല്‍.... said...

ഇവിടെ ആര്‍ക്കാണ്‌ തെറ്റുപറ്റിയത്‌...ഒരു കുടുംബജീവിതം ജീവിച്ചു തീര്‍ത്ത മനസ്സും,വലിയൊരു അപകടം നേരിട്ട ശരീരവും , ഇരുപത്‌ വര്‍ഷം കാത്തിരുന്ന പ്രതീക്ഷകള്‍ക്ക്‌ പകരമാകുമോ എന്നു പ്രതാപ്‌ ചിന്തിക്കേണ്ടിയിരിന്നു.... ഇരുപത്‌ വര്‍ഷം കാത്തിരുന്ന ആശയുടെ സഹനശക്തി ഏതു നിമിഷത്തിലാണ്‌ നഷ്‌ടപ്പെട്ടത്‌...
ദേവേട്ടാ നന്നായിരിക്കുന്നു...

സു | Su said...

ആഷയെ വിളിച്ചപോലെ തന്നെ പ്രതാപ് ഉറക്കത്തില്‍ സംഗീതയേയും വിളിച്ചുകാണും ;)(ഇത് തമാശ)

പ്രണയം മനസ്സിന്റെ വെറും തോന്നല്‍ ആവും. കൂടെ ജീവിച്ച് രണ്ടു കുട്ടികളെക്കൊടുത്ത സ്ത്രീയോട് അത്രയും കാലം താന്‍ നീതി പുലര്‍ത്തിയോ എന്ന തോന്നല്‍ ഒരു കുറ്റബോധം ആയി പ്രതാപിനെ ആഷയില്‍ നിന്ന് മാനസികമായി അകറ്റിയിരിക്കണം.
(ഇത് കാര്യം)

മരിച്ചാലല്ലേ മനുഷ്യനു വിലയുള്ളൂ. അതോര്‍ക്കുമ്പോള്‍ മരിക്കുന്നതാ നല്ലത് എന്ന് ഞാന്‍...
(ഇത് തിരിച്ചറിവ്)

പ്രതാപിനേയും അയാളുടെ അച്ഛനേയും, ആഷയേയും ഒന്നും വിലയിരുത്താന്‍ നമ്മള്‍ക്കാര്‍ക്കും അര്‍ഹതയില്ല. കാരണം ഓരോന്നും കാണുന്ന കണ്ണുകള്‍ വുത്യസ്തമാണ്. കണ്ണുകളിലൂടെ കാണുന്ന കാഴ്ചകളും.
(ഇത് വാസ്തവം )

രാജ് said...

"ഇരുപതു കൊല്ലമൊക്കെ കാത്തിരുന്നാല്‍ പിന്നെ എന്തെങ്കിലും ഇവരുടെ പ്രതീക്ഷക്കൊത്തുയരുമോ?"

ദേവന്‍ ചില കമിതാക്കളെ ഭയപ്പെടുത്തുന്നു.

ചില നേരത്ത്.. said...

കോളറക്കാലത്തെ പ്രണയം എന്ന നോവലില്‍ മാര്‍ക്കേസ് വാര്‍ദ്ധക്യ കാലത്തെ പ്രണയം അതി മനോഹരമായി വരച്ച് കാട്ടുന്നു. എന്നെ കുഴപ്പിക്കുന്ന ഒരു കാര്യമിതാണ്. പ്രണയിച്ചവര്‍, ഒരുമിച്ച് ജീവിച്ച് തുടങ്ങുമ്പോള്‍ താളപ്പിഴകള്‍ പതിവാകുന്നതെന്ത് കൊണ്ട്?.
മറ്റൊരു വേറിട്ട കഥ.

അതുല്യ said...

ദേവന്‍ "കഥ" പറഞ്ഞതല്ലാത്തത്‌ കൊണ്ട്‌, ഞാന്‍ വക്കാരീടെ സ്കോപ്പ്‌ ഇവിടെ പറയുന്നില്ല.


മനുഷ്യന്റെ ചിന്തകളിലും സ്വാതദ്ര്യയത്തിലുമൊക്കെ നമുക്ക്‌ കൈ വച്ച്‌, ഇവരെയൊക്കെ ഒരു വഴിക്കാക്കിയെടുക്കാന്‍ പറ്റുമെങ്കില്‍ ഈി ലോകം എത്ര മനോഹരം.

കാമുകി, (അതും ഒരിയ്കല്‍ വിധവയാവള്‍) വേറൊരു കാമുകനുമൊന്നിച്ച്‌ സ്വന്തം രണ്ടാമത്തെ ഭര്‍ത്താവിനു മയക്കു മരുന്നു കൊണ്ടുത്ത്‌, പിന്നെ ഏതോ ലോട്ജില്‍ കൊണ്ടുപോയി, പിന്നെയും മരുന്ന് കുത്തിവച്ച്‌, മരിയ്കാതെയായപ്പോ പിന്നെ രണ്ടുപേരും ഒന്നിച്ച്‌, (ഏഴാം ക്ലാസില്‍ പഠിയ്കുന്ന മകള്‍ നോക്കി നില്‍ക്കെ) കഴുത്ത്‌ ഞെരിച്ച്‌ കൊന്ന്, ഡിക്കിയിലാക്കി, ഊട്ടിയിലേ കൊക്കയിലേറിഞ്ഞ്‌, അതും കഴിഞ്ഞു കൈ കഴുകി, ഊട്ടി മൊത്തം ഹണിമൂണ്‍ ആഘോഷിച്ച്‌ ഫോട്ടോ എടുത്ത കഥ മാധ്യമങ്ങളില്‍ ഈയിടെ വായിച്ചതോര്‍മ്മ വരുന്നു. പ്രണയമേ... നീ എത്ര ക്രൂര.... നീ ഒപ്പമുള്ളപ്പോള്‍, ചിലരുടെ ബുദ്ധി എന്ത്‌ കൊണ്ട്‌ നീ അടിച്ചു മാറ്റുന്നു? അല്ല, കാമം കത്തി കയറ്റി നീ ബുദ്ധിയ്കു മറവയ്കുന്നുവോ? ധനലക്ഷ്മിയേ പോലെ, താമരയിലിരുന്ന് ആടിയുലഞ്ഞ്‌, ഇന്നിവിടെയെങ്കില്‍, നാളെ മറ്റോരാളില്‍ എന്തു കൊണ്ട്‌ നീ ചേക്കേറുന്നു? പിന്നെ സുക്ഷിയ്കാനറിയാത്തവരില്‍ നിന്ന്, എല്ലാം നശിപ്പിച്ച്‌ നീ പിന്നേയും വേറെ യാത്ര, മറ്റൊരു നല്ലതിനോ, അല്ലെങ്കില്‍ വേറോരു ആപത്തിനോ?

ആഷയേ വേണ്ട എന്നു ചിന്ത വന്ന ദേവന്റെ പ്രതാപിനു, മറ്റൊരു ഹീന പ്രവര്‍ത്തിയും ചെയ്യാന്‍ തോന്നാത്തതിനു ദൈവത്തിനു സ്തുതി. ഇവരുടെ കുഞ്ഞുങ്ങള്‍-പ്രതികരിയ്കാന്‍ കെല്‍പില്ലാത്ത പ്രായത്തില്‍, അമ്മ-അച്ഛനെടുക്കുന്ന തീരുമാനങ്ങള്‍ കൊണ്ട്‌,കൂട്ടിച്ചോറാകുന്ന ഏക ഇര.

അഭയാര്‍ത്ഥി said...

അസ്വഭാവികമായതൊന്നും ഇവിടെ സംഭവിച്ചിടില്ല. കേവലമനുഷ്യനായ പ്റതാപിനു കിം കരണീയം. സാധാരണ ഗതിയില്‍ 2 ആം കെട്ടു തിരഞ്ഞെടുപ്പില്‍ തന്നെ. അബദ്ധം കാണിച്ചു. തീറ്‍ച്ചയായും ഒരു 2ആം കെട്ടുകാരിയെ വേണ്ടതായിരുന്നു.
ഇതു 20 വര്‍ഷം മുമ്പത്തെ പ്റണയവും പ്റതീക്ഷിച്ചു വന്നാല്‍, സ്വയമാറ്‍ജിതമായുള്ള റ്റെന്‍ഷനുകളും, രോഗാതുരതക്കളും, മകനും, നഷ്ടബോധവും ചേറ്‍ന്നു പഴയ പ്റണയത്തെ കുഴിച്ചു മൂടി , വെറുപ്പായി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും.

2ആം കെട്ടുകാരി ആയാല്‍ , അവള്‍ കുടുമ്പ ജീവിതത്തിന്റെ ഗ്രാഫുകളെല്ലാം കണ്ടതായതു കൊണ്ടു സുഖകരമായ ഒരു സെറ്റ്‌ അപ്പ്‌ (ദാമ്പത്യം എന്നു വിളിക്കാം) ആയേനെ. നിസ്സംഗനായ പ്റതാപിനോടു ഗന്ധറ്‍വനു അനുതാപം മാത്റം.
കൂട്ടത്തില്‍ എടുത്തു പറയേണ്ടതു
അതുല്യയുടെ കമെന്റ്‌-
" മനുഷ്യന്റെ ചിന്തകളിലും സ്വാതദ്ര്യയത്തിലുമൊക്കെ നമുക്ക്‌ കൈ വച്ച്‌, ഇവരെയൊക്കെ ഒരു വഴിക്കാക്കിയെടുക്കാന്‍ പറ്റുമെങ്കില്‍ ഈി ലോകം എത്ര മനോഹരം."


അത്യുഗ്രം എന്നു ഞാന്‍ ഈ കമെന്റിനെ വിശേഷിപ്പിക്കട്ടെ

nalan::നളന്‍ said...

ചെക്കോവിന്റെ ‘ബെറ്റ്’ ഓര്‍മ്മയിലേക്കു വന്നു, പക്ഷെ ഇവിടെ മാറുന്ന മനുഷ്യനെയല്ലേ കാണുന്നത്.
ഓരൊ തവണ നാട്ടില്‍ ചെല്ലുമ്പോഴും കാഴ്ചകളള്‍ക്കൊരു പൊതു സ്വഭാവം ഇല്ല. ചിലര്‍ ഒട്ടും മാറിയിട്ടുണ്ടാവില്ല, ചിലര്‍ പാടേ മാറിയിട്ടുണ്ടാവും..
പ്രതാപിന്റെ മാറ്റവും ആഷയുടെ മാറ്റമില്ലായ്മയുമായേ എനിക്കു കാണാവുന്നുള്ളൂ

ദേവന്‍ said...

പശൂം ചത്തു മോരിന്റെ പുളിയും പോയെന്നു പറഞ്ഞതുപോലെ ഈ ആളുകളുടെ കാര്യത്തില്‍ ഇനി ശരിതെറ്റുകളെക്കുറിച്ചാലോചിട്ട്‌ ഒരു പ്രയോജനവുമില്ല വക്കാരീ. ആരുടെ കുറ്റം എന്ന ജാതി ചോദ്യമന്റ്‌5എ ജീവിതത്തിലുണ്ടായാല്‍ കോളിങ്ങ്‌ടന്‍ പറഞ്ഞതുപോലെ "എനിക്കു ചുറ്റും നടക്കുന്നതിലെ എറ്റവും അവിഭാജ്യ ഘടകം ഞാനായതിനാലും ഗുണ-ദോഷഭോക്താവും ഞാനായതിനാലും പരമാവധി കാര്യങ്ങളില്‍ എന്റേയും ചുറ്റുവട്ടത്തേയും- ഞാന്‍ തീരുമാനിച്ചതേ നടപ്പാക്കാന്‍ സമ്മതിക്കൂ" എന്നാണെന്റെ സ്റ്റാന്‍ഡ്‌. അബദ്ധം വാ സുബദ്ധം വാ.. അവനവന്‍ സഹിക്കും..

നന്ദി ഡ്രിസിലേ

ആരിഫേ, 20 വര്‍ഷം കാത്തിരുന്നപ്പോള്‍ തന്നെ ആഷ അവളുടെയും പ്രതാപ്‌ അവന്റേയും പ്രേമത്തെ ആറ്റിച്ചു കൊന്നു കുഴിച്ചിട്ടു കഴിഞ്ഞെന്നാണ്‌ എനിക്കു തോന്നുന്നത്‌. പണ്ടേ പിരിഞ്ഞെങ്കില്‍ നല്ല ഓര്‍മ്മയെങ്കിലും ബാക്കി കണ്ടേനെ. അതുമില്ലാതാക്കി.

സൂ,
തമാശ ആസ്വദിച്ചു, കാര്യം സമ്മതിച്ചു പക്ഷേ മൂന്നാമത്തെ പാര്‍ട്ട്‌ ; മരിച്ചാലേ വിലയുള്ളൂവെന്നതിനോട്‌ വത്യാസപ്പെടട്ടേ ഞാന്‍: ആരു മരിച്ചാലും ചാക്കാല വീട്ടില്‍ ഒരു നിലവിളീം നല്ല വര്‍ത്തമാനവും.. 10 കൊല്ലം വരെ വല്ലപ്പോഴും ഒരോര്‍മ്മ.. പിന്നെയതുമില്ല.. ഒരു 100 വര്‍ഷം കൂടെ കഴിഞ്ഞാല്‍ ഗാന്ന്ധിയെന്നത്‌ ഊതിപ്പെരുപ്പിച്ച ഒരു കഥാപാത്രമെന്നു പോലും കുട്ടികള്‍ വിശ്വസിക്കും..

പെരിങ്ങോടാ, ഇബ്രൂ.

ഷോറൂമില്‍ കിടക്കുന്ന വണ്ടിക്ക്‌ ബ്രഷിട്ടു കഴുകിയ സ്ക്രാച്ചില്ല, സ്പാര്‍ക്‌ പ്ലഗ്ഗില്‍ കരിയില്ല, സണ്‍ റൂഫില്‍ കാക്ക തൂറിയ പാടും അപ്പോള്‍സ്റ്റ്രിയില്‍ കുട്ടി മുള്ളിയ ഏഷ്യാവന്‍കരയുമില്ല. 10 കൊല്ലം ഒരു വണ്ടി ഷോറൂമില്‍ കിടന്നാല്‍ അതു പിന്നെ നേരെ ജങ്ക്‌ യാര്‍ഡിലേക്കെടുക്കാം.. 10 മാസം ക്യൂ നിന്ന് കെന്റക്കി ചിക്കന്‍ വാങ്ങിയാല്‍ അതിനു ചാണകപ്പുളിയുടെ ടേസ്റ്റ്‌ ആയിരിക്കില്ലേ? എങ്ങനെ തിന്നും..

അതുല്യേ,
പ്രതാപെന്ന വ്യാജപ്പേരിനു പിറകിലെ ആളെ മനസ്സിലായിക്കാണുമല്ലോ? പിന്നെ പ്രണയപ്രാന്ത്‌.. പ്രണയം ഒരു കുറ്റവാളിയോ പ്രാന്തനോ അല്ല, അത്‌ കേബിള്‍ റ്റീവീക്കാരന്റെ ബൂസ്റ്റര്‍ പോലെ ഒരു സാധനം.. ആമ്പ്ലിഫൈ ചെയ്യുന്നത്‌ അവനവനിലെ യഥാര്‍ത്ഥ സ്വത്വത്തെ തന്നെ. പ്രേമം ഉള്ളില്‍ ചെളിയില്‍ കിടക്കുന്നതെല്ലാം വലിച്ചു പുറത്തിടും.. കവിയേയും ഗായകനേയും എഴുത്തുകാരനേയും കൊലപാതകിയേയും തെരുവു ഗൂണ്ടയേയുമെല്ലാം.. എഷ്യാനെറ്റ്‌ കണ്ണീര്‍ സീരിയലും വീനസ്‌ അശ്ലീല സിനിമയും റ്റീവിയില്‍ വരുന്നതിനു ബൂസ്റ്ററെങ്ങനെ സമാധാനം പറയും അന്ത ഓപ്പറേറ്റര്‍ സെഞ്ച്ച കൊടുമൈ താനേ..

ഗന്ധര്‍വ്വരുടെ പക്വത ആ മറുപടിയില്‍ കാണാനുണ്ട്‌. മൂപ്പരു പറഞ്ഞതാണ്‌ സംഭവിച്ചതെന്ന് എനിക്കും തോന്നിത്തുടങ്ങി അതു വായിച്ചശേഷം.

നളാ,
ഇരുപതു വര്‍ഷം കൊണ്ട്‌ പ്രതാപനു സ്വാഭാവിക മാറ്റം വന്ന് പക്ഷേ ആഷ മാറാന്‍ കൂട്ടാക്കിയില്ല
എന്നു കണ്ട ദിവസമേ ഞാന്‍ വിചാരിച്ചിരുന്നു രണ്ടിന്റേം മാനം മുട്ടുന്ന പ്രതീക്ഷ തെറ്റി ഡിസപ്പോ ആകുമെന്ന്-ഡിവോര്‍സ്‌ പ്രതീക്ഷിചില്ലെങ്കിലും

Anonymous said...

"ഇരുപതു കൊല്ലമൊക്കെ കാത്തിരുന്നാല്‍ പിന്നെ എന്തെങ്കിലും ഇവരുടെ പ്രതീക്ഷക്കൊത്തു ഉയരുമോ?"