ഗുഹ്യാലേഖം
The CI of Police,
RC Puram, BHEL.
Dear Sir,
Sub: Dying Statement
Should there be any casuality or dubious abscence of any or all of us, please take cognizance of the fact that Mahindra, Sekhar Rao and PVR Raju of ...Ltd. are responsible for any act of crime that has caused such casuality or abduction.
This holographic inscription of Dev may please be concerned as our dying statement for all evidence purposes.
In witness of the rest of the undersigned, we have signed the statement.
Dev (s/d)
Rajesh (s/d)
Deepak
Kuruvilla (s/d)
"ഇതെന്തുവാടേ???"
സ്റ്റോക്ക് ഇന്‍സ്പെക്ഷനു പോയിരുന്ന ദീപക് വൈകുന്നേരം തിരിച്ച് ഗസ്റ്റ് ഹൌസിലെത്തിയപ്പോള്‍ മറ്റു മൂന്നുപേര്‍ ചേര്‍ന്നു നീട്ടിയ പേപ്പറാണ്. എങ്ങനെ അന്തം വിടാതിരിക്കും?
"ദീപു, ഒരാള്‍ മരിക്കുമ്പോ മൊഴി കൊടുത്തിട്ടില്ലെങ്കില്‍ അവസാനം എഴുതിയത് തെളിവായി എടുക്കണമെന്നാണല്ലോ.. " രാജേഷ് വിശദീകരിച്ചു തുടങ്ങിയതിനെ ദീപു ഇടക്കു തന്നെ തടുത്തു
"എവിഡന്‍സ് ആക്റ്റ് നീയെന്നെ പഠിപ്പിക്കണ്ടടേ. മഹീന്ദ്രയും ശേഖറുമൊക്കെ നമ്മളെക്കൊല്ലുന്നതെന്തിനാണെന്നാ ചോദിച്ചത്"
അതു പറയാം ആദ്യം നീ ഒപ്പിട്, നേരം പോകുന്നു. കുരുവിള പറഞ്ഞു. മറ്റു റ്റീം അംഗങ്ങളില്‍ അചഞ്ചലവിശ്വാസമുള്ള ദീപു ഒപ്പിട്ടു. ഞാന്‍ കത്ത് പെട്ടിയിലൊളിപ്പിച്ചു. പെട്ടി പൂട്ടി താക്കോലുമൊളിപ്പിച്ചു. ഞങ്ങളെക്കൊല്ലുന്നവര്‍ ചിലപ്പോ രേഖകള്‍ക്കായി തിരച്ചില്‍ നടത്തിയേക്കും.
"ഇനിയെങ്കിലും പറയിനെടാ തെണ്ടികളേ" ദീപുവിന്റെ ക്ഷമ നെല്ലിപ്പടി താണ്ടി കീഴോട്ടു പോയി.
തെണ്ടികള് രഹസ്യത്തിന്റെ ചുരുള്‍ നിവര്‍ത്തു.
പെറ്റിപിടി
ഈ ട്രിപ്പില്‍ ആഡിറ്റന്മാരു അരിച്ചു പെറുക്കിയിട്ടും ഒന്നും കിടച്ചിട്ടില്ലായിരുന്ന്നു. അങ്ങനെ വെറും കൈയ്യോടെ തിരിച്ച് പോകാന്‍ മടിയായിട്ട് ചുമ്മാതിരുന്ന ചിലതിലൊക്കെ ചുണ്ണാമ്പിട്ടു നീറ്റിയതാണ് - വന്നപാടേ ക്യാഷ് വേരിഫിക്കേഷനൊക്കെ കഴിഞ്ഞെങ്കിലും പോകുന്ന ദിവസം രാജേഷൊരു സര്‍പ്രൈസ് വേരിഫിക്കേഷന് കൂടി നടത്തി.
അതാ കുരുങ്ങി വലയില്‍- ഒരു കൊഞ്ചിന്റെ കുഞ്ഞ്. പെറ്റി ക്യാഷില്‍ ഇരുന്നൂറു രൂപാ കുറവ്. ക്യാഷ്യറേട്ടന്മാര്‍ അത്യാവശ്യം പെറ്റി ക്യാഷെടുത്ത് അരിയോ മണ്ണെണ്ണയോ വാങ്ങുകയോ കാപ്പി കുടിക്കുകയോ സാധാരണയാണ്- സെറ്റില്‍ ചെയ്യുന്ന സമയത്തോ പീരിയഡ് എന്‍ഡിലോ തിരിച്ചു വച്ചാല്‍ മതിയല്ലോ. വലിയ തുകയൊന്നുമല്ലതാനും.
സാധാരണ ചെയ്യാറുള്ളതും എന്നാല്‍ ഗുരുതരവുമായ കുറ്റം- എം പി 3 പാട്ടുകള്‍ കൂട്ടുകാര്‍ക്കയച്ചുകൊടുക്കുന്നതു പോലെ.
കാഷ്യര്‍ മഹീന്ദ്രയെ വിളിപ്പിച്ചു. ഒരത്യാവശ്യത്തിനെടുത്തെന്നും ഉടനേ തന്നെ തിരിച്ചിട്ട് പ്രശ്നം തീര്‍ക്കാമെന്നുമായി മഹാവേന്ദ്രന്‍. രാജേഷ് വഴങ്ങിയില്ല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം. അതിപ്പോ ഉപ്പുമാങ്ങ തിന്നവനായാല്‍പ്പോലും.
ഹൈ. മാറീല്ലോ തെലുങ്കന്റെ ഭാവം
"എന്റെ കഞ്ഞിയില്‍ കല്ലിട്ടാല്‍ നിന്റെയൊക്കെ പണ്ടത്തില്‍ ഡെക്കാണ് പീഠഭൂമിയിലെ എക്കല്‍ മണ്ണു പറ്റും" എന്നാണു പോലും അവന് രാജേഷിനോട് ഹിന്ദിയില്‍ ബോല്‍ത്തിയത്.
"ഭാ പോടാ വിന്ധ്യന്റെ മോനേ വന്ധ്യാ" എന്നു പറഞ്ഞ് ഞങ്ങളുമെഴുന്നേറ്റു പോന്നു.
ആഹവഭേരി
മഹീന്ദ്രനുയര്‍ത്തിയ ഭീഷണി ഒരു ചുമ്മാ പറച്ചിലെന്നേ കരുതിയുള്ളു . പക്ഷേ പുറത്തിറങ്ങിയതും ആളുകള്‍ കൂടി - സാറേ വേഗം സ്ഥലം വിട്ടോ. നക്സല്‍ യൂണിയനായ ....... ന്റെ വലിയ പ്രവര്‍ത്തകനാണ് അയാള്‍. കമ്പനിയിലെ യൂണിയന് നേതാക്കള്‍ ശേഖറും രാജുവും ഭാവിയിലെ സീതാരമയ്യയും കോട്ടേശ്വരറാവുമുമാണ്. ഇവിടെയിനി നിന്നാല്‍ നക്സലൈറ്റുകള്‍ സാറന്മാര്ടെ തലകൊണ്ട് ഫൂട്ട്ബാള്‍ കളിക്കും. തടി കേടാകാതെ വേഗം മാറിക്കോ..
മാനേജുമെന്റിലാരും പട്ടിക്കാട് ബ്രാഞ്ചില്‍ അന്നില്ല- തൊട്ടടുത്ത ദിവസം ഹോളിയായതുകൊണ്ട് ഒക്കെയും നഗരത്തിലായിരുന്നു. ബി എച് ഈ എല്‍ ടാക്സി സ്റ്റാന്‍ഡില്‍ വണ്ടി ഒറ്റയെണ്ണം പോലും മിച്ചമില്ല. ഹോളി ഹോളീ ഡേ. കമ്പനി വണ്ടികളില്‍ കയറിയാല്‍ നേരേ യൂണിയനാപ്പീസിലേക്ക് അവരെത്തിക്കാനാണ് സാധ്യത. സിറ്റി ഓഫീസില്‍ വിളിച്ചു. രണ്ടു മണിക്കൂര്‍ എടുക്കും വണ്ടി അറേഞ്ച് ചെയ്യാന്‍, മീതെ സിറ്റിയില്‍ നിന്നും രണ്ടുമൂന്നു മണിക്കൂര്‍ എടുക്കും ഈ കാട്ടിലെത്താന്‍. വഴിയില്‍ ഹോളിക്കാര്‍ വല്ല ജാഥയോ മറ്റോ നടത്തിയിട്ടുണ്ടെങ്കില്‍ കൂടുതല്‍ താമസിക്കും. ഇറങ്ങി പ്രാണനും കൊണ്ടോടാന്‍ പോലും വയ്യ. നാലുവശവും വെറും ചതുപ്പാണ്. ഗസ്റ്റ് ഹൌസിന്റെ ചുറ്റും ജോലിക്കാരുടെ കോളനിയാണ്. അതു കടന്ന് ഓടി രക്ഷപെടാമെന്ന് ഒരു പ്രതീക്ഷയും വേണ്ടാ.
പുരകത്തുമ്പോള്‍..
ഒരു കുഴപ്പവുമില്ലാതിരുന്ന ഞങ്ങളെങ്ങനെ ആസന്നമരണരായെന്ന കഥ കേട്ട് ദീപു ഒരു സിഗററ്റ് കത്തിച്ച് അങ്ങ്നോട്ടും ഇങ്ങോട്ടും നടന്നു.
"എടാ ദ്രോഹികളേ, ഇതൊക്കെ നടക്കുമ്പോള്‍ ഞാന്‍ പ്ലാന്റിലല്ലായിരുന്നോ? ഞാനെന്തിനാടാ നിന്റേയൊക്കെ കൂടെ ചാകുന്നത്? എനിക്കിതിലൊന്നും പങ്കില്ലെന്ന് പറഞ്ഞാല്‍ പോരേ?"
റ്റീമില്‍ ആരെങ്കിലും മാപ്പുസാക്ഷിയാകാന്‍ ശ്രമിച്ചാല്‍ അവനെക്കൊല്ലുന്നത് നക്സലായിരിക്കില്ല, ഞാനായിരിക്കും." രാജേഷ് ഉഗ്രശാസനം പുറപ്പെടുവിച്ചു.
"എന്നാല്‍ പിന്നെ കൊലയാളി ലിസ്റ്റില്‍ പ്രൊഡക്ഷന്‍ മാനേജര്‍ സുബ്ബരാമയ്യായുടെ പേരുകൂടെ വയ്ക്കാമോടേ?" ദീപു അന്വേഷിച്ചു
"അതെന്തിനാ?"
"ആങ്ങ്.. എനിക്കയാളെ ഒട്ടും ഇഷ്ടമല്ലെടേ. ഒരുമാതിരി വൃത്തികെട്ട സ്വഭാവമാ അയ്യാള്‍ക്ക്. എതായാലും നമ്മളു തൊലഞ്ഞ്. അവനിട്ടൊരു പണികൂടെയിരിക്കട്ടെന്നേ."
"സാമദ്രോഹീ. ചാകാന്‍ നേരത്തും മനസ്സില്‍ ദുഷ്ടത്തരമാ അല്ലേടോ? മരണമൊഴീല്‍ മായം ചേര്‍ക്കാന്‍ നീയാരു വടക്കന്‍ വീരഗാഥയിലെ ആരോമല്‍ ചേകവരോ?. നിന്റെയൊക്കെ ദുഷ്ടചിന്ത കൊണ്ടാണെടാ വല്ല നാട്ടിലും വന്ന് അടി കൊണ്ട് ചാകേണ്ട ഗതി വന്നത്"
"കിടന്നടികൂടാതെ നമ്മുടെ ടാക്സി വേഗം വരാന്‍ പ്രാര്‍ത്ഥിക്കെടേയ്" - രാജേഷ് പറഞ്ഞു.
കുരുവിളക്ക് മരണഭയം താങ്ങാന്‍ വയ്യാ. ധൈര്യത്തിന് ഒരു കുപ്പിയോര്‍ഡര്‍ ചെയ്തോട്ടേ എന്നന്വേഷിച്ചു
"നീ കുറച്ച് ടെന്‍ഷനടിച്ചാലും വേണ്ടില്ല, ഇപ്പോ കള്ളു തൊട്ടുപോകരുത്. അടിപിടിയോ ഓടേണ്ട സാഹചര്യമോ വന്നാല്‍ പാമ്പായിരിക്കുന്ന നീ ഒരു പ്രശ്നമാകും" ഞാന്‍.
"പേടിച്ചിട്ടാണേ. കള്ളില്ലേല്‍ വേണ്ടാ, ഒരു ബീര്‍ പറഞ്ഞോട്ടേ"
"വേണ്ടാ"
"എന്നാലിത്തിരി വൈന്‍"
"നോ!"
കുരുവിള ഇന്റര്‍കോം എടുത്തു
"ശംഭൂ, ഏക് ചായ്"
പാവം അവന്റെ അന്ത്യാഭിലാഷമായിരിക്കുമോ ഇത്തിരി കള്ളുകുടിക്കാന്‍? എങ്കില്‍ എനിക്കു പരലോകത്തും സമാധാനം കിട്ടില്ലല്ലോ എന്റീശ്വരാ.
തീവ്രാദികളുടെ വരവ്.
ടാക്സിയും കാത്ത് ഞങ്ങളിരുന്നു. മുന്നിലെ വര്‍ക്കേഴ്സ്കോളനിയില്‍ ആളുകള്‍ രണ്ടും മൂന്നുമായി സംസാരിച്ചു നിന്നിരുന്നത് മിന്നല്‍ വേഗത്തില്‍ വലിയ ഒരൊറ്റ കൂട്ടമായി. സംസാരം നിലച്ചു. അവര്‍ ഒരോപ്പറേഷന്‍ പ്ലാന്‍ ചെയ്യുകയാണെന്ന് ഞങ്ങള്‍ക്കു തോന്നി. ഒരാട്ടോറിക്ഷാ വന്നു നിന്നു. സാധാരണ കമ്പനിയുടെ ഉടമസ്ഥതയിലല്ലാത്ത വാഹനങ്ങളെ ഗേറ്റിനകത്തു വിടാറില്ല- കമ്പനിക്ക് ഓട്ടോറിക്ഷയില്ലല്ലോ.
രാജേഷ് അടുക്കളയില്‍ നിന്നൊരു ചെറിയ കറിക്കത്തി ഇടുപ്പില്‍ തിരുകി
"ഇനിയിപ്പോ ടാക്സി വന്നാലും നമുക്കു രക്ഷയില്ല. ഞാന്‍ റെഡിയാ ചാകാന്‍. പക്ഷേ ആദ്യം എന്റെ ദേഹത്തു കൈ വയ്ക്കുന്നവന്റെ കൊടലും കൊണ്ടേ ഞാന്‍ പോകൂ." അപ്പോഴത്തെ സാഹചര്യത്തില്‍ എടുക്കാവുന്നതില്‍ വച്ച് ഏറ്റവും നല്ല തീരുമാനമാണെന്ന് എനിക്കും തോന്നി. ഞാനുമെടുത്തു ഒരു കത്തി. കുരുവിളയും ദീപുവും ഓരോന്നെടുത്തു. കുക്ക് ശംഭൂ മഹാരാജ് അന്തം വിട്ടു നോക്കി നിന്നു.
വലിയ ആള്‍ക്കൂട്ടത്തില്‍ നിന്നും എട്ടുപത്തു പേരുടെ ഒരു ചെറിയ കൂട്ടം അടര്‍ന്നു. അതു ഗസ്റ്റ് ഹൌസിനു നേരേ നീങ്ങിത്തുടങ്ങി. ഞങ്ങളെ വകവരുത്താന്‍ ഇത്രപേര് മതിയെന്നാവും. ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി. "ല്ലെ എഴുത്തിട്ട പെട്ടി പൂട്ടിയോടേ? അവന്മാര്‍ക്കതു കിട്ടരുത്" കുരുവിള എന്റെ ചെവിയില്‍ ചോദിച്ചു. ഞാന്‍ തല കുലുക്കി.
ആഗതര്‍ ഗസ്റ്റ് ഹൌസിന്റെ റിസപ്ഷനില്‍ വന്നപ്പോഴേക്ക് ഞങ്ങളും അവിറ്റെയെത്തി. പിഞ്ഞിത്തുടങ്ങിയ പാന്റും ആര്‍മി ഗ്രീന്‍ ടീ ഷര്‍ട്ടും ധരിച്ച മെലിഞ്ഞ ഒരു ചെറുപ്പക്കാരന് മുന്നോട്ടു വന്നു.
"ആഡിറ്റിനു വന്നവര്‍ നിങ്ങളാണോ?? എനിക്കല്‍പ്പം സംസാരിക്കണം" ഇംഗ്ലീഷിലായിരുന്നു
ഞങ്ങള്‍ ഊരും പേരും സഹിതം പരിചയപ്പെടുത്തി. വന്നയാള്‍ അതു ശ്രദ്ധിച്ചില്ല. ഇങ്ങോട്ടാരെയും പരിചയപ്പെടുത്തിയുമില്ല. അത്യാവശ്യമുള്ള കാര്യങ്ങള്‍ മാത്രം അയാള്‍ പറഞ്ഞു- “മഹീന്ദ്ര ഒരു തെറ്റു ചെയ്തു. കുറ്റകൃത്യമെന്നോ ആരും ചെയ്യാത്തതെന്നോ പറയാവുന്ന കാര്യമല്ല. എങ്കിലും അതൊരു തെറ്റാണ് എന്നതില്‍ തര്‍ക്കവുമില്ല. ഇനിയവന് അതാവര്‍ത്തിക്കില്ലയെന്ന് ഉറപ്പു തരുന്നു. അവന് മാത്രമല്ല ഞാനും ഉറപ്പു തരുന്നു. മേല്‍ നടപടികളെടുക്കേണ്ട ആവശ്യമുണ്ടോ? അവനൊരു കുടുംബമുണ്ട്, അമ്മയുണ്ട്, ഭാര്യയുണ്ട്, കുട്ടിയുമുണ്ട്. “
“ഞങ്ങളുടെ കണ്ടെത്തലുകള്‍ ഓഫീസിനു കൈമാറുന്നതോടെ തീരുന്നതാണ് അധികാര പരിധി. ആരെയും ശിക്ഷിക്കാന്‍ അധികാരമുള്ളവരല്ല ഞങ്ങളെന്ന് താങ്കള്‍ക്കറിയാമല്ലോ“.. ഞാന്‍ ഒരനുനയ സ്വരത്തിലും എന്നാല്‍ അയാളുടെ ഉപദേശത്തിനു വഴങ്ങുന്നയാളല്ലെന്നു ധ്വനിപ്പിച്ചും പറഞ്ഞു .
“എനിക്കറിയാമത്. നേതാവു പറഞ്ഞു. നിങ്ങളുടെ ഓഫീസ് ഇതു മാനേജുമെന്റിനെ അറിയിച്ചാല്‍ ഒരു യൂണിയന് പ്രവര്‍ത്തകനെന്ന വിരോധം വച്ച് വ്യക്തിവിരോധം തീര്‍ക്കാന്‍ അവര്‍ അത് പയോഗിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. “
“ഇങ്ങനെയൊരു സംഭവം ഉണ്ടായെന്നും അതിനിയാവര്‍ത്തിക്കില്ലയെന്ന് യൂണിയന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഞങ്ങളുടെ ഓഫീസിലറിയിക്കാം ഞങ്ങള്‍ എന്നാല്‍, ഉചിതമായ ഒരു തീരുമാനം അവരെടുക്കുമെന്നാണ് എന്റെ വിശ്വാസം“- ദീപു പറഞ്ഞു.
“ശരി.“ തീവ്രന്‍ സാര്‍ എഴുന്നേറ്റു. “നിങ്ങള്‍ക്കു ചെയ്യാവുന്നത് ചെയ്യു. മാനേജുമന്റ് ഇയാളെ അളവില്‍ കൂടുതല്‍ ശിക്ഷിച്ചാല്‍ ഞങ്ങള്‍ തടഞ്ഞോളാം, അനിഷ്ടമായി ഒന്നും കമ്പനിയില്‍ സംഭവിക്കാന്‍ നിങ്ങളെപ്പോലെ തന്നെ ഞങ്ങള്‍ക്കും ആഗ്രഹമില്ല. “ഇടുപ്പില്‍ ഒന്നു തപ്പിക്കൊണ്ടാണ് എഴുന്നേറ്റതെന്നെനിക്ക് തോന്നി. തോക്കവിടെയുണ്ടോ എന്നു നോക്കിയതാണോ? നക്സലുകള്‍ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൊല്ലുന്നത് ആന്ധ്രയില്‍ സര്‍വ്വ സാധാരണമാണ്.
റീജോയിസ് വിത്ത് ബിജോയിസ്.
കള്ളേതാ ഉള്ളത് ശംഭൂ? കുരുവിള ചോദിച്ചു
"ബിജോയിസ്, സാബ്"
"ഒഴി മൂന്നു നാലെണ്ണം എനിക്ക്"
"മൂന്നോ നാലോ, സാബ്?"
നിനക്കിഷ്ടമുള്ളയത്രയും. എനിട്ട് ഇഷ്ടമുള്ള പൈസാ വാങ്ങിക്കൂ"
ശംഭു ചിരിച്ചുകൊണ്ട് പോയി. ഞങ്ങള്‍ ബാക്കിയുള്ളവര്‍ മുഖത്തോട് മുഖം നോക്കി വെറുതേയിരുന്നു. കൂറേ കഴിഞ്ഞപ്പോള്‍ ശംഭു കാപ്പിയും ഉഴുനുവടയും
കൊണ്ടു തന്നു - ഓണ്‍ ദ ഹൌസ്.
രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ടാക്സി വന്നു. ഞങ്ങള്‍ പെട്ടിയും വട്ടിയുമൊക്കെ അര പാക്ക്ഡ് കണ്ടീഷനില്‍ വാരിയിട്ടു.
കുരു സാബ് ....... ശംഭൂ പറഞ്ഞു. ഞാനെഴുതാത്ത ഭാഗം എനിക്കു മനസ്സിലാകാത്ത വാക്കുകള്‍. മനസ്സിലാകാത്തത് എങ്ങനെ ഓര്‍ത്തിരിക്കും? കുരുവിളയിലെ ‘ള‘ വഴങ്ങാത്തതു കാരണം നാക്കുവടിക്കാക്കുക്ക് ശംഭു വിള കളഞ്ഞ് ഉരുപ്പടിയെ കുരു സാബ് ആക്കി. കുരുവംശത്തില്‍പ്പെട്ടതാണെന്ന് വിചാരിക്കുന്നുണ്ടാവും.
ക്യാ?
കുരുസാബ് ഉധര്‍ ....
മനസ്സിലായി. കുരു പാമ്പായിരിപ്പുണ്ട് എടുത്തുകൊണ്ട് പോകാന്‍ മറക്കരുതെന്നാണ് ഇവന് പറയുന്നത്.
ഡൈനിംഗ് ഹാളില്‍ റ്റീവിയുടെ മുന്നിലെ സോഫായില്‍ കുരുവിള കണ്ണും പൂട്ടി കിടപ്പുണ്ട്.
"ഡോ, വാ പോകാം" ഞാന്‍ തട്ടി വിളിച്ചു.
"ങേ?"
"പോകാം. കൊണ്ടു പോകാന്‍ ആളുവന്നെന്ന്."
"കൊണ്ടു പോകാന്‍ ആളു വന്നോ? ലത് എഴുതിയിട്ട പെട്ടി പൂട്ടിയോ?"
"നാശം. ഡോ, അടിക്കാന്‍ കൊണ്ടു പോകാനല്ല. സിറ്റിയില്‍ കൊണ്ടു പോകാന്‍, ഒന്നെണീറ്റേ"
ആന്റി ക്ലൈമാക്സ്
നാട്ടിലെത്തി. റ്റീമിന്റെ വര്‍ക്കിംഗ് പേപ്പറുകള്‍ ഓഫീസിനു കൈ മാറവേ പെറ്റി ക്യാഷിലെ കുറഞ്ഞ ഇരുനൂറു രൂപയുടെ കാര്യം ആഡിറ്റ് സീനിയര്‍ വര്‍ഗീസ് ഈപ്പനെ മഹാകാര്യമായി പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി:
"ഓ, എന്തുവാടോ ഇത്? ശകലം പെറ്റിക്യാഷ് അങ്ങോട്ടോ ഇങ്ങോട്ടോ മറിക്കുന്നത് മലമറിക്കുന്നതുപോലത്തെ
കാര്യമല്ലല്ലോ. നീയൊക്കെ ഒരുമാതിരി കാറുമോഷണം കാണാതെ ലൈറ്റില്ലാത്ത സൈക്കിളുകാരനെ പിടിച്ച് സ്റ്റേഷനിക്കൊണ്ടുവരുന്ന ചില ഊച്ചാളിപ്പോലീസുകാരെപ്പോലെ. കള"
Friday, March 03, 2006
Subscribe to:
Post Comments (Atom)
12 comments:
അപ്പൊ ദേവേട്ടാ പെറ്റി കാഷ് വകമാറ്റല്‍ ഒരു കുറ്റമല്ല അല്ലെ..
പെറ്റി കാഷുകള്‍ ഇടക്കാല ആശ്വാസങ്ങളാണ്.
അത് കൈവശക്കാരന്റെ ആവശ്യങ്ങള്‍ക്കുള്ളതാണ്..
കള്ള ബില്ലുകളില്‍ വൈദഗ്ദ്യം നേടാന്‍ ഒന്നേ വേണ്ടൂ, പെറ്റി കാഷുകള്‍ സ്വന്തമെന്ന പോലെ ഉപയോഗിക്കുക.
ഇതൊക്കെ വര്‍ക്ക് സൈറ്റില്‍ പ്രയൊഗിച്ച് ഫലം കണ്ടവയാണ്.
ആഡിറ്റിങ്ങിന്റെ സമയത്ത് ബില്ലുകളാണ് അവയ്ക്ക് പകരം നില്ക്കുക.
എന്നിരുന്നാലും പെറ്റികാഷിന്റെ ക്രയവിക്രയം സങ്കീര്‍ണ്ണമെന്ന് വിദഗ്ദമതം.
പെറ്റീക്യാഷ് ഒരുമാതിരി എല്ലാ അക്കൌണ്ടന്റുമാരും മറിക്കുന്നതല്ലേ ദേവാ? അരി മേടിക്കാനോ, പച്ചക്കറി മേടിക്കാനോ, മീന്‍ മേടിക്കാനോ ഒക്കെ? അത് പിന്നെ കാശ് വരുന്നതനുസരിച്ച് അത് തിരിച്ച് വയ്ക്കുകയും ചെയ്യും. ചിലര്‍ വൌച്ചറുകളെഴുതി അത് മുക്കുകയും ചെയ്യും ...
ആഡിറ്ററുമാര്ക്ക് കള്ളത്തരം കണ്ടുപിടിക്കണമെങ്കില്‍ 100% കണ്ടുപിടിക്കാം - എല്ലാം 100% പെര്‍ഫക്റ്റ് ആയിരിക്കുമോ? പിന്നെ, ഒരേ തൂവല്പക്ഷികളായതുകൊണ്ട് ചെറിയ ചെറിയ മറിപ്പുകളും തിരിപ്പുകളുമൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ അഡ്ജസ്റ്റ് ചെയ്യില്ലേ?
ഏതായാലും സംഗതി പതിവുപോലെ ഉഷാര്‍!!!
"ആര്‍ട്ട് ഓഫ് പെറ്റി കാഷ് സ്പെന്‍ഡിങ്"
ഇബ്രു ഗുരോ, വെറ്റിലയും അടക്കയും
(ഈ പോസ്റ്റിനു കമെന്റെഴുതാന്‍ ഞാനാര്?)
പതിവുപല്ലവി പാടാന്‍ ഞാനില്ല. അപ്പോള്‍ ഇതെല്ലാം ചേര്‍ത്ത് എപ്പഴാ നമ്മള് ഒരു കിത്താബ് ആക്കുന്നത്?
കണക്കന്മാരായിരുന്നു ഒരുകാലത്തെന്റെ ഏറ്റവും വലിയ ശത്രുക്കള്‍. കടുകു് ചോരുന്നതു് നോക്കി നോക്കി ആമ ചോരുന്നതു് കാണാതെ പോകുന്നവര്‍. ഇവരേ ഞനെത്ര പറ്റിച്ചിട്ടുണ്ടെന്നോ! (പറ്റിച്ചോട്ടേന്നാ ദയാശീലര്‍ കരുതിയതാവനും സാധ്യതയുണ്ടു് കേട്ടോ)
200 രൂപയ്ക്കു് ഇത്രയും വലിയ റിസ്ക്കെടുക്കാന് തോന്നിയ അന്തക്കാലവും അനുഭവപരിചയങ്ങള്‍ രചിച്ച സൂത്രവാക്യങ്ങളുടെ ഇന്തക്കാലവും തമ്മിലൊരു താരതമ്യം ബ്ലോഗ്വിഷയമാക്കിയാലോ ദേവാ? ഭാവി കണക്കന്മാര്ക്കതൊരു മുതല്‍ക്കൂട്ടാവും, സംശയമില്ല. ധൃതിയില്ല. പതുക്കെ മതി.
അതിനൊരു മുന്‍കൂര്‍ നന്ദി, ഇന്‍ ആന്റിസിപേഷന്‍ ;)
കൂമന്പള്ളിയില് വെടിക്കെട്ട് തുടരട്ടെ..
ദൈവനാമത്തില്‍, ഞാനായിരുന്നു മഹീന്ദ്രയെങ്കില്‍, ആഡിറ്റന്മാരെ ഓരോന്നു പൂശിയിട്ടെ വിടുള്ളുമായിരുന്നു. അല്ല പിന്നെ...
ലവമ്മാര്ടെ മൊട; ചെല നേരത്ത് ചൊറിഞ്ഞുവരും.
പത്താം വര്‍ഷം ആഡിറ്റുമ്പോഴും ഒന്നാം വര്‍ഷം മുതല്‍ ചെയ്തുവരുന്ന സിസ്റ്റം സ്റ്റഡി ആവര്‍ത്തിക്കും. കേപ്പീയെംജി പോലുള്ള കൊടികെട്ടിയ അണ്ണന്മാരു പോലും. അതു കാണുമ്പോ തോന്നും ഇവന്മാരുടെ ആപ്പീസില് ക്ലയന്റിന്റെ ഫയലൊന്നും സൂക്ഷിക്കാറില്ലന്ന്.
ഇബ്രു/ കലേഷേ/ തുളസീ
പെറ്റി ക്യാഷ് വകമാറ്റല്‍ ഒരു കുറ്റം തന്നെ ആണ്. ഒരു നിരുപദ്രവിയും നിസ്സാരക്കാരനുമായ കുറ്റമെന്ന നിലക്കേ സാധാരണ ആളുകളിതിനെ കാണാറൂള്ളു (പേരു തന്നെ പെറ്റിയെന്നല്ലേ)
കുമാറേ, യാത്രാമൊഴീ, പ്രോത്സാഹിപ്പിച്ചാല്‍ ഞാന്‍ സാഹസം പ്രവര്ത്തിക്കുമേ.
കണ്ണൂസേ, അനിലേ,
ചില തൊഴില്‍ ചെയ്യുന്നവരെ ആര്‍ക്കും കണ്ടുകൂടാ
പോലീസ്, പിച്ചക്കാരന്, ഇന്‍ഷ്വറന്‍സ് ബ്രോക്കര്‍, ഇങ്കം ടാക്സ് ഓഫീസറ്.. അതുപോലെ ഒരു വെറുക്കപ്പെട്ട ജീവിതം ആണ് ആഡിറ്റന്റേയും (കെ പി എം ജിയെ മാതിരി ഫൈവ് സ്റ്റാര്‍ കക്ഷികളെ ആം ചെയറ് ആഡിറ്റന്‍ എന്നാണ് ഇവിടെ പറയാറ് അനിലേ, യെവന്മാര് തടി അനങ്ങാതെ ഫയല്‍ നിറക്കും പോലും)
ഫൈനലി, സിദ്ധാ, അനുഭവം കൊണ്ട് മാത്രം വരുന്ന ഒരു ക്വാളിറ്റി ആഡിറ്റനു വേണം - മെറ്റീരിയാലിറ്റി മനസ്സിലാക്കാനുള്ള കഴിവ്. അതു പുസ്തകത്തീന്നു പഠിക്കാന്‍ ഒക്കില്ല, കൂട്ടുകാരനോ ബോസ്സിനോ പറഞ്ഞു തരാനും പറ്റില്ല. ഒരു സാധനം കാണുമ്പോ ഈ പ്രസ്ഥാനത്തിനു കാശു മുടക്കിയവര്‍ക്കും ഇതില്‍ പണിയെടുക്കുന്നവര്‍ക്കും കാശു കൊടുത്ത് ഇതിന്റെ സാധനം വാങ്ങി ഉപയോഗിക്കുന്നവനും മറ്റീരിയല്‍ അല്ലാത്ത കാര്യമേതെന്ന് തിരിച്ചറിയാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കില്‍ 83 കോടി രൂപയുടെ ഒരു മെഷീന് ജോര്‍ഡാനു വില്ക്കാന് പ്ലാന്റില്‍ കിടക്കുന്ന സ്ഥലത്ത് ഇരുന്നൂറു രൂപയുടെ എച്ചിക്കണക്ക് പറയില്ലായിരുന്നു ഞങ്ങള്‍, അല്ലേ? അതെങ്ങനെ ഒരു പുസ്തകമാക്കണമെന്ന് അറിഞ്ഞുകൂടാ..
ഓഫ് ടോപ്പിക്കിനടുത്തെവിടയോ കിടക്കുന്നൊരു കഥ സിദ്ധാര്‍ത്ഥനു ഡെഡിക്കേറ്റുന്നു- മയിലന്‍ കുട്ടന് എന്നൊരു പഴയ റെസ്ലര് കൊല്ലത്തുണ്ടായിരുന്നു, മൂപ്പരു പറഞ്ഞതാ..
“നാടാരാശാന് മിടുക്കനായ ഒരു ശിഷ്യനെ കിട്ടി. സന്തോഷത്തില്‍ ആശാന് അറിയാവുന്ന ചുവടത്രയും പഠിപ്പിച്ചു. ഒക്കെ പഠി കഴിഞ്ഞെന്ന് ഉറപ്പു വരുത്തിക്കഴിഞ്ഞ് ശിഷ്യന് ആശാനെക്കയറി വെല്ലു വിളിച്ചു. പാമ്പിനാണ് പാലു കൊടുത്തതെന്ന് നാടാര്ക്കപ്പോഴേ ബോദ്ധ്യം വന്നുള്ളൂ. ഇനിയെന്തു ചെയ്യും? തനിക്കറിയാവുന്നതെല്ലാം അവനുമറിയാം. അവനു ചെറുപ്പം, നാടാര്‍ക്കു വയസ്സായി. ശിഷ്യനോട് ഒഴിയുന്നതിലും നല്ലത് ആത്മഹത്യയാണ്.
ശരി, ആശാന് പറഞ്ഞു. ന“മുക്ക് നാളെ കളരിയില്‍ കോര്‍ക്കാം. സൂക്ഷിക്കണേ കുഞ്ഞേ, നിനക്ക് വലിയൊരു ജീവിതം മുന്നിലുണ്ട്, എന്റെ കൈ കൊണ്ട് നിനക്കെന്തെങ്കിലും സംഭവിക്കുന്നത് ഓര്‍ക്കാനും വയ്യാ”.
അടുത്ത ദിവസമായി. ശിഷ്യന് ഉറുമിയും പരിചയും എടുത്ത് കളരിയിലിറങ്ങി. ആശാന് ഉറുമിയും ഒരു തവിക്കണയും (തവി = കയില്. തവിക്കണ കയിലിന്റെ ഹാന്‍ഡില്‍) എടുത്താണ് ഇറങ്ങിയത്. ശിഷ്യന് അന്തം വിട്ടു ഓടിപ്പോയി നാടാരുടെ കാലില്‍ വീണു. “എനിക്കെല്ലാമറിയാമെന്ന് ഞാനഹങ്കരിച്ചിരുന്നു ഗുരുക്കളേ, തെറ്റു പറ്റിപ്പോയി. ഈ തവിക്കണപ്രയോഗത്തെക്കുറിച്ച് ഞാന്‍ കേട്ടിട്ടുപോലുമില്ലല്ലോ, അതു കൂടി പറഞ്ഞു തരാമോ”
“അനുഭവം കൊണ്ട് മാത്രം പഠിക്കുന്ന ചില ചുവടുകള്‍ ഉണ്ട് കുഞ്ഞേ“ നാടാര്‍ പറഞ്ഞു “ അതാര്‍ക്കും ആരെയും പഠിപ്പിക്കാനാവില്ല. പ്രായം കൊണ്ട് നിനക്കുമത് മനസ്സിലാവും. ഇപ്പോ പോയിക്കൊള്ളൂ”
:-)) നന്നായി..
ഹൈദ്രാബാദുകാര് വളരെ സോഫ്റ്റാണെന്നാണ് എന്റെ അഭിപ്രായം. 2 കൊല്ലം അവിടെയുണ്ടായിരുന്നു.
നല്ല ദൈവഭക്തിയുള്ള മച്ചാന്മാര്.
ദേവാ,
രണ്ടുമൂന്നു തവണ തുടങ്ങിയതാണു് ഇതു വായിക്കാന്‍. ഇപ്പോഴാണു് ഇതു മൊത്തം വായിച്ചതു്.
സംഗതി കൊള്ളാം. പക്ഷേ ഇതൊരു സാധാരണ സംഭവവിവരണം എന്നതില്‍ക്കവിഞ്ഞു് ഒരു കൂമങ്കൊല്ലി ടച്ചു വന്നിട്ടില്ലല്ലോ.
അരവിന്ദേ,
ഹൈദരാബാദുകാര് നല്ല മനുഷ്യരാണ്. (ഇല്ലെങ്കില്‍ കണ്ണൂസു പറഞ്ഞപോലെ വീക്കിയേനേ) വാറങ്കല്‍, രാജമുണ്ട്രി തുടങ്ങിയ ഗ്രാമങ്ങളിലെ ആളുകളാകട്ടേ നല്ലവരെന്നതിനു പുറമേ കുട്ടികളെപ്പോലെ നിഷ്കളങ്കരുമാണ്.
ഉമേഷ് മാഷേ,
ഓപ്പണൊപ്പീനിയന് ഒരുപാട് നന്ദി. അത് പറയാന്‍ ആരുമില്ലെങ്കില്‍ നമ്മള് ബ്ലോഗന്മാര് കഥയേതാ കോതമംഗലം ഏതാണെന്ന് തിരിച്ചറിയാതെ കറങ്ങി നടക്കുകയേയുള്ളൂ- ഒരുമാതിരി ഹിന്ദിക്കാരുടെ കവിയരങ്ങ് പോലെ.
ഞാന്‍ നോബാള്‍ എറിഞ്ഞെന്ന് എനിക്കു തന്നെ തോന്നിയതായിരുന്നു.എഴുതി തുടങ്ങിയപ്പോഴേ സാധനം "ബന്ധുക്കളെയൊക്കെ അറിയിച്ചോ" കണ്ടീഷനായി കാണപ്പെരുന്നതാണ്.
പി എസ്: ഇക്കഥ ക്വാളിറ്റി ടെസ്റ്റ് ഫെയില്‍ ആയതാ. പല അനുഭവങ്ങളും ദരിദ്രയില്ലത്തെ യവാഗു പോലെ നിര്വ്വികാരമാന്ന് (വികാരത്തിനു ക്രെഡിറ്റ് തൃശ്ശൂര്‍ ജില്ലക്ക്) എന്റെ ഭാര്യ പറഞ്ഞതിനെ ബ്ലോഗ്ഗിന്റെ വീക്കമാണ് തൂക്കമല്ല മലയാളത്തിന്റെ ഭാവിയെന്നൊക്കെ മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് തടുത്തു ഞാന്‍. പെമ്പ്രന്നോരു റിജക്റ്റ് ചെയ്യാത്ത 4 പോസ്റ്റുകളേ കൂമന്പള്ളീലുള്ളു എന്ന സീക്രട്ടും ദേ ഞാന്‍ ദേ ബ്ലോഗ്ഗങ്ങാടിയില് പാടുന്നു.
Post a Comment