വധകുശലനെ കണ്ടത്താനായത് കൊല്ലം ജില്ലാശുപത്രിക്കകത്തെ ത്രീസെല്ല് മിനിയൂളൻ പാറയിൽ.
ചാഴിക്കടിക്കാനുള്ള വച്ച വിഷമെടുത്തടിച്ച ആട്ടോക്കലാധരനെ ധർമ്മാശുപത്രിയിലാക്കിയെന്നു കേട്ട് അവിടെയെത്തിയതായിരുന്നു. വിഷാസക്തൻ ഐ സീ യു എന്ന ഐ ക്യാനോട്ട് സീ മുറിയിൽ ആയെന്നുകേട്ട് തിണ്ണക്കുധർണ്ണ നടത്തുന്ന സംഘത്തിൽ ഞാനും കയറി കുത്തിയിരുന്നു. അപ്പോഴാണോർത്തത് എന്റെ കൂടെ പ്പഠിച്ച ഒരു ശ്രീകുമാർ ഇവിടെ മെന്റൽ സെല്ല് ഗാർഡ് ഡ്യൂട്ടിയുള്ള കാര്യം എന്നോ പറഞ്ഞിരുന്നത്. മെന്റാലയം കണ്ടെത്തി. പക്ഷേ ശ്രീകുമാറല്ല ഡ്യൂട്ടിയിൽ അണ്ണാൻ കൂടു വയ്ക്കാൻ ചകിരി എടുത്തുകൊണ്ടു പോകുമ്പോലെ മീശ വച്ച ഒരു വയസ്സൻ പോലീസ്. അപ്രതീക്ഷിതമായി ചകിരിസ്സാറിന്റെ മുന്നിൽപ്പെട്ട എന്നെ "ഹൂം?" എന്ന് അദ്ദേഹം ചോദ്യം ചെയ്തു. കുചേലനെപ്പോലെ ഞാനും സതീർത്ഥ്യനെ തപ്പി വന്നെന്നു പറഞ്ഞപ്പോ ശ്രീകുമാർ സ്ഥലം മാറിയെന്നും, ആളിവിടെ ഉണ്ടായിരുന്നെങ്കിൽ എനിക്കു തരാന്‍ സാധ്യതയുള്ള ചായ, കസേര ഒക്കെ തരാൻ താനും തയ്യാറാണെന്നും മീശപ്പോലീസ് പറഞ്ഞു. മൂന്നു സെല്ലുകൾക്ക് മുന്നില്‍ ഇരുന്ന് ഞാനും സാറും ചായ കുടിച്ചു. പ്ലെയിൻന്‍ഗോൾഡ് വലിച്ചു. എൻ പ്രിയതോഴൻ ആട്ടോക്കല വിഷം തീണ്ടലിലിന്റെ മയക്കത്തിൽ നിന്നും ഉടൻ ഉയിർത്തെഴുന്നേല്ക്കുമെന്ന് ഒരുമിച്ചു പ്രത്യാശിച്ചു.
മീശച്ചേട്ടന്‍ ഇത്രയും കഴിഞ്ഞ് മനോരമ വീക്കിലി വായന തുടങ്ങിയപ്പോഴാണു ഞാന്‍ സെല്ലിലെ പുള്ളികളെ കാണാനിറങ്ങിയത്.
സെല്ല് ഒന്ന്- കാലി
സെല്ല് രണ്ട്- ഉറങ്ങുന്ന രോഗി
സെല്ല് മൂന്ന്- രാവിലെ തന്നെ ഉഷാറിലായിരുന്നു അന്തേവാസി.
എന്നോട് ചിരിച്ചു ആരെക്കാണാന്‍ വന്നതാണെന്ന് അന്വേഷിച്ചു. ഞാന്‍ വിഷക്കഥ പറഞ്ഞു. മനോരോഗേട്ടന്‍ "ഇവിടെ ഒരോരുത്തര് ജീവിക്കാൻ പാടുപെടുന്നു, അപ്പോഴാ ഒരാത്മഹത്യക്കാരൻ, കളഞ്ഞേച്ചു പോ അനിയാ, അവൻ ചാകുന്നെൻകിൽ ചാകട്ടെ" എന്നു അഭിപ്രായം പറഞ്ഞു. ഇത്രയും മനോബലമുള്ളയാൾ പ്രാന്തനെന്നോ? ഞാൻ മൂപ്പരെങ്ങനെ ഇവിടെയെത്തിയെന്ന് തിരക്കി. അയാള്‍ പറഞ്ഞുതുടങ്ങി-
"സന്തോഷ് പോളെന്നാണ് എന്റെ പേര്. ട്രെയിനില്‍ കാപ്പിക്കച്ചവടമായിരുന്നു - ബാഡ്ജ് ഉണ്ട്. നിങ്ങളു വിചാരിക്കുണ്ടാവും ഞാൻ ഭ്രാന്തനാണെന്ന്, എനിക്കൊരു പ്രശ്നവുമില്ല."
ഞാൻ അന്തം വിട്ടു . അയാള്‍ തുടർന്നു
"എനിക്ക് ഒരു ഭ്രാന്തനെന്ന മെഡിക്കല്‍ രേഖ വേണം അതുകൊണ്ട് മാത്രം ഞാനിവിടെ കിടക്കുകയാണ്. കുറച്ചു നാള് കഴിഞ്ഞാല്‍ ഞാനിറങ്ങി പോകും"
ഇരുമ്പു പാട്ടയില്‍ നിന്നും അയാള്‍ വെള്ളമെടുത്തു കുടിച്ചു
"ഭ്രാന്തനെന്നു കേല്ക്കാന് കൊതിക്കുന്നെന്നോ ഇതെന്തു തരം ഭ്രാന്തെന്ന് താൻ ആലോചിക്കുകയല്ലേ, പറയാം.15 വയസ്സിൽ തുടങ്ങിയതാ ഞാൻ ചായക്കെറ്റിലും താങ്ങി നടപ്പ്. എന്റപ്പൻ ബോട്ടിലു പോയിട്ട് വന്നില്ല, അതേപ്പിന്നെ ഞാനാ വീടു നടത്തിയേ.
പത്തുമുപ്പത് വയസ്സായപ്പോ പെങ്ങളേം കെട്ടിച്ചു വിട്ടു ഞാനും കെട്ടി. എന്റനിയത്തി കണ്ടുപിടിച്ച ബന്ധമാരുന്നു എനിക്ക്.
പെങ്ങളെക്കെട്ടിയോന്‍ കളക്റ്റ്രേറ്റില്‍ പോര്‍ട്ടറായിരുന്നു. ഇപ്പഴത്തെകാലത്ത് ഗവര്‍ണ്മെന്റാപ്പീസിലെ ലോഡിംഗ് തൊഴിലാളി പ്ലേറ്റിനു രൂപാ ഒരു ലക്ഷമാ വില. ഡെയിലി പത്തു മുന്നൂറു രൂപേടെ പണീം കിട്ടും. അതൊക്കെ വിചാരിച്ചാ എന്റെ കൊച്ചിനെ കെട്ടിച്ചു കൊടുത്തത്. ഇവനാണേല് ചീട്ടുകളി ഇരുപത്തിനാലു മണിക്കൂറും. പണിക്കു പോകത്തില്ല.
കളിച്ചു കളിച്ച് കളിച്ച് എന്തായി?ലോഡിംഗ് തൊഴിലാളി പ്ലേറ്റ് മറിച്ചു വിറ്റു കടം തീര്‍ക്കാന്‍. അവന്റെ വീടു പട്ടിണിയായി, അവന്റെ വയസ്സായ തന്ത മരുന്നു കിട്ടാതെ ശാസം വെലങ്ങി ചത്തുപോയി- മൂപ്പിലാനു വലിവായിരുന്നു. കെളവന്റെ ശവടക്കിനു പോലും കാശില്ലാതെ വന്നപ്പഴാ എന്റെ കൊച്ചു കരഞ്ഞോണ്ട് വീട്ടിക്കേറി വന്നേ. എന്റേലേതാണ്ടിരിക്കുന്നോ. കൊല്ലം പ്ലാറ്റ്ഫോമിലു വടയും വാഴക്കാപ്പവും വില്‍ക്കുന്ന് അ ജോര്‍ജ്ജിനോട് ഞാനൊരു പതിനായിരം രൂപ അഞ്ചുപലിശക്ക് വാങ്ങി അവള്‍ക്ക് കൊടുത്ത് വിട്ടു.
അവിടെന്നാ എല്ലാം തൊടങ്ങിയേ. ജോർജ്ജെനിക്ക് കാശു തന്ന്, പിന്നെ ചോദിക്കാന്‍ വന്ന്, വീട്ടിക്കേറിവന്ന്. എന്തിനു പറയുന്നു, ഞാന്‍ കെട്ടിയ പെണ്ണും അവനുമായി ലയിനായി. അതു ചോദിക്കാന്‍ ചെന്നെന്നു പറഞ്ഞ് അവനും കൊറച്ച് കൂട്ടുകാരുംകൂടെ നമ്മളെ എടുത്തിട്ട് ഇടിച്ച്. ഇരുട്ടുവാക്കിനു പതുങ്ങിയിരുന്ന് വണ്ടീടെ ലിവറിനടിച്ചതാ ഇല്ലേല് ഞാന്‍ അപ്പത്തന്നെ തീര്‍ത്തേനേ..
ഇടി കൊണ്ട് ആശുപത്രീല് കിടന്നപ്പോ ആലോചിച്ചെടുത്തതാ ഈ പ്രാന്തിന്റെ പ്ലാന്‍. അനിയനറിയാവല്ലോ, പ്രാന്തമ്മാരെ തൂക്കാന്‍ വിധിക്കത്തില്ല.. അതിനു വകുപ്പില്ലാന്നേ..
ആശുപത്രീന്നിറങ്ങി വീട്ടില്‍ വന്നൌ രണ്ടു ദിവസം കഴിഞ്ഞപ്പോ ഞാന്‍ വെറുതേ സംസാരിച്ചു തുടങ്ങി.. അവളുടെ പേടിയൊക്കെ കണ്ടപ്പോ എനിക്ക് മനസ്സില്‍ ചിരിയാരുന്നനിയാ.. കൊറച്ചു ദിവസം കഴിഞ്ഞപ്പോ ഞാന്‍ വെറുതേ വീട്ടിനുള്ളില്‍ കിടന്നു പാട്ടും കളിയും തൊടങ്ങി. എനിക്കറിയാം അവള് അവനെ വിളിച്ചിവിടെ വരുത്തുമെന്ന്.. അല്ലാതെവിടെപ്പോകാന്‍.. മൂന്നാം ദിവസം അവള് ജോര്‍ജ്ജിനെ വിളിച്ചു കയറ്റി. ആ പട്ടി എന്റെ അടുത്തു വന്നു "സന്തോഷേ, ബാ, നമ്മക്ക് പോയി ഒരു ഡോക്റ്ററെ കണ്ടേമ്മ്ച്ചും വരാം " എന്നൊക്കെ പറഞ്ഞ് അടുത്തു വന്നതും.. ഞാന്‍ ഒറ്റക്കുതിപ്പിന് അവനെക്കേറി പിടിച്ച്, പെടച്ചിലു തീരും വരെ ഞെരിച്ചു. അവളു നോക്കി നില്‍ക്കുകയായിരുന്നനിയാ, അതാ എന്റെ സന്തോഷം.. അവന് പെടച്ചു ചാകുന്നത് അവളുടെ മുന്നിക്കെടന്നാ.. എനിക്കതുമതി
അങ്ങനെ എല്ലാരൂടെ എന്നെ ആശുപത്രീലാക്കി.. വെളിവില്ലെന്ന് ഡോക്റ്ററു പേപ്പറും തന്ന്. ഇനിയിപ്പോ ഞാൻ കൊന്നെന്ന് പറഞ്ഞാലെന്താ ഇല്ലെന്നു പറഞ്ഞാലെന്താക്കി"
സന്തോഷ് പിന്നെ മിണ്ടിയില്ല. ദൂരേക്ക് നോക്കിയിരുന്നു. അരമണിക്കൂറോളം വേണ്ടിവന്നു എന്റെ നാവൊന്നു പൊന്താന്‍.
"ചേട്ടന് അയാളുടെ കഴുത്തു ഞെരിച്ചപ്പോള്‍ അയാള്‍ കുതറിയോടാന്‍ നോക്കിയില്ലേ?" അവസാനം ഞാന്‍ ചോദിച്ചു.
"കഴുത്തോ? എടോ, നിനക്കറിയില്ലേ- വട വില്ക്കുന്നവരുടെ കഴുത്തില്‍ ഞെക്കിയാല്‍ അവരു ചാകില്ല. ഞാന്‍ അയാളുടെ കാലില്‍ പിടിച്ചു ഞെരിച്ചാ കൊന്നത്. വട വില്ക്കുന്നവര്, പഴമ്പൊരി വില്ക്കുന്നവര്, ടി ടി ആര്, എവരുടെയൊന്നും കഴുത്തു ഞെരിച്ചാല്‍ ചാകത്തില്ലാ, അറിയാമ്മേലേ? ഞാന്‍ ജോര്‍ജ്ജിന്റെ കാലേല് പിടിച്ചു ഞെക്കി ശ്വാസം മുട്ടിച്ചാ .."
ഞാന്‍ പോകാനെഴുന്നേറ്റപ്പോളേക്കൊച്ചയുയര്‍ന്ന സംസാരം കേട്ട് കേട്ട് മീശപ്പോലീസ് വന്നു.
"സാറെ ഇയാളു ആരെയെങ്കിലും കൊന്നിട്ടുണ്ടോ?" ഞാന്‍ ചോദിച്ചു.
മീശ ആസ്വദിച്ചു ചിരിച്ചു
“അപ്പൊ ഇവന് തന്നേയും വഹിച്ചോ? ഈ കഴുത റെയില്‍വേയിൽ കച്ചോടക്കാരനെ കൊന്നെന്നു മൊഴി കൊടുത്ത് ഈസ്റ്റ് പോലീസ് രണ്ടു മാസമാ അന്വേഷിച്ചത്. എത്ര പേരുടെ സമയം പാഴായി. ആരും ചത്തിട്ടുമില്ല, എവന് പറയുന്ന പേരില്‍ ഒരാളുമില്ല“
"ഇയാളുടെ പേരു സന്തോഷെന്നാണോ? ഞാന്‍
"സന്തോഷോ? ആരു ഈ പ്രാന്തനോ? ഇവന്റെ പേരു രവീന്നാ"
അപ്പോഴേക്ക് കലയുടെ അനിയന് ഓടി വന്നു"ദേവണ്ണാ കലക്ക് ബോധം വീണു കേട്ടോ.."
ബോധം.. എന്താണത്?
(എനിക്കോ അതോ വിഷം കഴിച്ചു ബാലൻസ് പോയ കലക്കോ അതുമല്ല രവിയെന്ന സന്തോഷ് പോളിനോ സത്യത്തിൽ ബോധമുള്ളത് എന്ന കുഴക്കുന്ന ചോദ്യമാണ് പി എം മാത്യു വെല്ലൂർ മനോരമ വീക്കിലിയിൽ എഴുതുന്ന പംക്തി വായിക്കേണ്ട പ്രായത്തിൽ ഞാൻ എറിക് ബേൺ, യൂങ് മുതൽ മോറിസ്സിനെ വരെ അന്വേഷിച്ചറിയാൻ കാരണമായത്. സന്തോഷ് പോളെന്ന രവീ, നന്ദി)
Tuesday, January 17, 2006
Subscribe to:
Post Comments (Atom)
24 comments:
വധകുശലൻ. വിഷാസക്തൻ. എനിക്കു തരാന്‍ സാധ്യതയുള്ള ചായ, കസേര... മനോരോഗേട്ടൻ.... ഇങ്ങനെ തുടങ്ങുന്ന പ്രയോഗങ്ങൾ അപാരം. ഇനിയും പോരട്ടെ, കൂമൻപള്ളി.
ഇങ്ങിനെയൊരു ക്ലൈമാക്സ് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. ദേവാ..., അടിപൊളി ...
'ഇത് താൻടാ പോസ്റ്റിങ്ങ്..!'
വക്കാരി ഇടുന്നപോലെ ഒരു ഡിസ്ക്ലെയിമർ ആദ്യം...
ഇനി കമന്റ്...
ആഡംബരം!!!
ആർക്കാണു ബോധം ഉള്ളതെന്നും പോയതെന്നും മാത്രം മനസിലായില്ല... എന്താണീ ബോധമെന്നും...
അസൂയ തോന്നുന്നു.
എഴുത്തിനോടും അതിലേയ്ക്ക് നയിച്ച ഭാവനയോടും(നടിയല്ല).
-ഇബ്രു-
ശരിക്കും ആസ്വദിച്ചു... കാലിൽ മാക്സി ഇതുപോലായിരുക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല...
“വർമ്മയായാലും ശർമ്മയായാലും മർമ്മം നോക്കി കർമ്മം ചെയ്യണമെന്നാണ് ശർമ്മഡോക്ടറോട് ഇതുപോലൊരു തത്വജ്ഞാനി മൊഴിഞ്ഞത്...“
താളവട്ടം, ഉള്ളടക്കം സിനിമകളുമോർത്തു..
പാവങ്ങൾ........
പിന്മൊഴി നേരാംവണ്ണം വർക്കു ചെയ്തില്ലെങ്കിൽ ഇതുപോലത്തെ പ്രശ്നങ്ങളുണ്ടാവുമോ, ആവോ...
പാതിരാ മഴയേതോ.....വെറുമൊരു പാവമാന്നാ ആദ്യം കരുതിയത്. "ഞാന്‍ അയാളുടെ കാലില്‍ പിടിച്ചു ഞെരിച്ചാ കൊന്നത്" എന്നെഴുതി പേടിപ്പിച്ചു.
ഇതൊക്കെ ഈ ബ്ലോഗില്‍ ഒതുക്കേണ്ടതാണോ?
പിള്ള ഈ കഥ എനിക്ക് ചായയും ചോറും വിരുന്നും തന്നിട്ടു നേരിട്ട് പറഞ്ഞുകേള്പ്പിച്ചതാ. അന്നേ എനിക്കറിയാമായിരുന്നു “കാലില്‍ പിടിച്ചു ഞെരിച്ചുകൊന്ന സംഭവം” ഈ ബ്ലോഗുലകത്തില്‍ ഒരു സംഭവമാകുമെന്നു്.
ഈ സന്തോഷ് പോളുമാരുടെ കൂടെ കൂടിയാണോ ദേവാ ഇത്രേം 'ക്രിയേറ്റീവ്' ആയത്?
'ശുഭയാത്ര!'
വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ബോധം പോയി.. കൂമന്പല്ലിയെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഒന്ന് കാലില്‍ പിടിച്ച് ഞെക്കിക്കൊല്ലണമെന്നുണ്ട്... കിട്ടുമോ ആവോ...
അടുത്ത സി.ബി.ഐ ഡയറികുറിപ്പ് സിനിമയില്‍ ക്ലൈമാക്സ് എഴുതാന്‍ വേറെ ആളെ തപ്പേണ്ട എന്ന് പറയാം...
കഥയൊക്കെ കൊള്ളാം. അടിപൊളി.
അപ്പം ദുബൈക്കാർക്കേ ചായയും ചോറും വിരുന്നുമൊക്കെയുള്ളു വീട്ടീന്ന് എന്നർത്ഥം! ദുബൈക്ക് വെളിയിലും ലോകമുണ്ടേ...
"ദുബൈക്ക് വെളിയിലും ലോകമുണ്ടേ...
"ഇതെത്രകാലായി ഞങള്‍ പറയാന്‍ തുടങിയിട്ട്!ഒരു യു.എ.ഇ ക്കാരനെങ്കിലും(!) ഇത്രയെങ്കിലും സമ്മതിച്ചല്ലോ!-സു-
'ഒരുമിച്ചു പ്രത്യാശിച്ച'താണെന്നെ ഇരുത്തി ചിന്തിപ്പിച്ച ശകലന്. ഈ ഉല്പന്നങ്ങള് കൂമന്പള്ളിയ്ക്കും ‘ഊണികള്ക്കും‘ ;) മാത്രമായി ഒതുക്കാന്‍ പറ്റില്ല, തുളസി പറഞ്ഞപോലെ
‘ഒരുവാട് ഇഷ്ടപ്പെട്ട്’
അപ്പോ സംഗതി ഏറ്റല്ലേ :) സമാധാനമായി. യൂയേയി/പുറം ലോകമേ, നാട്ടില്‍ പോയിട്ടു വന്നിട്ടു സന്ധിക്കലാമേ..
ആദിത്യാ
നമ്മള് വിശ്വസിക്കുന്ന കാര്യങ്ങള്‍ക്ക് നിരക്കുന്ന കാര്യങ്ങള്‍ പറയുന്ന ആളുകള്‍ക്ക് ബോധമുണ്ടെന്ന് നമ്മള് പറയും. അതായത് ബോധം ഒരു ആപേക്ഷിക വിശ്വാസമാണ്. ഞാനും ആദിത്യനും മഹാഭൂരിപക്ഷം ജനങ്ങളും ജോര്‍ജ്ജ് എന്നൊരു ആളില്ലെന്നും കാലില്‍ ഞെരിച്ചാല്‍ മരിക്കില്ലെന്നും വിശ്വസിക്കുന്നതിനാല്‍ രവി-സന്തോഷ് അകത്തായി. അയാളെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ബോധമുണ്ട്.
സൈക്കോ എന്ന കഥയിലെ സൈക്കോയുമായി നല്ല സാമ്യമുണ്ട് ഈ മനുഷ്യന്. (സൈക്കോ-നായകന് അയാളുടെ അമ്മക്ക് ഒരുത്തനുമായി അനാശാസ്യ ബന്ധമുണ്ടെന്നു കണ്ട് അവരെ വിഷം കൊടുത്തു കൊന്നുപോയി. രോഷം മാറിയപ്പോഴേക്ക് കുറ്റബോധം അയാളേ ഷൈസോഫ്രെനിക് ആക്കിക്കഴിഞ്ഞിരുന്നു. രഹസ്യമായി ശവക്കുഴി തോണ്ടി അമ്മയുടെ ശവം അയാള്‍ ഉപ്പിലിട്ടുണക്കിവച്ചു, എന്നിട്ട് അവരെ വീല്‍ ചെയറിലിരുത്തി കുട്ടികള്‍ പാവയെക്കളിപ്പിക്കുമ്പോലെ ഭക്ഷണമൊക്കെ കൊടുത്തു. പക്ഷേ അമ്മയുണ്ടെന്നു പറഞ്ഞാല്‍ ശവമടക്കിനു വന്ന നാട്ടുകാര്‍ വിശ്വസിക്കില്ലല്ലോ.. ഉന്മാദത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ അയാള്‍ സ്വന്തം വീടൊരു ലോഡ്ജാക്കി, ദൂരെനിന്നു വരുന്നവരോട് അമ്മയേ നോക്കാന്‍ വേണ്ടി താന്‍ ഒരു കല്യാണം പോലും കഴിക്കാതെ ജീവിക്കുന്ന കഷ്ടപ്പാടിന്റെ കഥകള്‍
പറഞ്ഞു.. അതില്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വരാന്‍ ഒരു പഴുതും ഇട്ടു.)
ഞാന്‍ കണ്ട സന്തോഷായിപ്പോയ രവിയെന്ന മനുഷ്യന്
ചിലപ്പോ കല്യാണം നടത്താതെ പെങ്ങള് ഒളിച്ചോടിയപ്പോഴോ അല്ലെങ്കിl അളിയനു കൊടുക്കാന്‍ വേണ്ടി പതിനായിരം കിട്ടാതെ ആയപ്പോഴോ വളവു തിരിഞ്ഞു പോയതാകാം.. ആ കുറ്റബോധത്തില്‍ നിന്നു രക്ഷപ്പെടാന്‍ അയാള്‍ ഒരു വിക്റ്റിം ആണെന്ന് സ്വയം വിശ്വസിപ്പിച്ചതാകാം..
പെങ്ങള്‍ക്കുവേണ്ടി.. ഭാര്യയുടെ ജാരനെക്കൊല്ലാന് വേണ്ടി എന്നൊക്കെ ഒരു ദയനീയ കഥാപാത്രമായി അറിയാതെ സ്വയം മാറി എന്തിന്റേയൊ കുറ്റബോധം മാറ്റാന്‍ ശ്രമിക്കുന്ന ഉന്മാദ രോഗിയാണു രവി
. കാലില്‍ ഞെക്കി കൊന്നെന്നുള്ള പിഴവ് രവിയെന്ന നമുക്ക് ബോദ്ധ്യമുള്ള വ്യക്തിത്വത്തിലേേക്ക് തിരിച്ചുവരാനുള്ള ഇമാജിനറി സന്തോഷിന്റെ വാതിലും..
ഈ ആളിനെ കണ്ടിട്ടുള്ളതുകൊണ്ട്
സൈക്കോ കണ്ട് ഞാന്‍ ആല്‍ഫ്രഡ് ഹിച്ച്ക്കോക്കിന്റെ ആരാധകനായിപ്പോയി..
ദേവന്റെ പോസ്റ്റും കമന്റും വായിച്ചപ്പോൾ പണ്ടെങ്ങാണ്ടു കണ്ട ഒരു തമിഴ് പടത്തിലെ സീനാണു് ഓർമ്മ വന്നതു്. നായകനായ ശിവാജിയെ തുറുങ്കലിലടച്ചശേഷം വില്ലൻ നായകനെ ഇരുമ്പഴിക്കു പിന്നിൽ കാണേണ്ടി വന്നതിൽ ദു:ഖമുണ്ടെന്നു കളിയാക്കുമ്പോൾ അല്പം പുറകോട്ടു വളഞ്ഞു് തലയുയർത്തിപ്പിടിച്ചു് നടികർ തിലകം “ഇങ്കിരുന്തു പാക്കുമ്പോതു് എനക്കും അപ്പടിത്താൻ തെരികിറതു് “ എന്നു ഗാംഭീര്യത്തോടെ പറയുന്നതു് ഈ സന്തോഷും രവിയും ഒക്കെ പറയുമായിരിക്കും ല്ലേ?
മീ..
ശോ..ശീ..
വധകുശലന്‍ കൊള്ളാം..
നാട്ടിലൊക്കെ പോയി തിരിച്ചു വന്ന് വീണ്ടും ബ്ലോഗാന്‍.. മംഗളം.. മനോരമ... മനോരാജ്യം..മാമാങ്കവേല..ഭവതു.
തള്ളേ, ഹതു കൊള്ളാം!! ഇക്കഥ കേട്ടേന്‍ പെരിങ്ങോടര്‍ക്ക് കാപ്പിയും കാശും കൊടുത്തോ???
എനിക്കൊന്നും കിട്ടീല്ലല്ല്!!!
ഇരുട്ട്മുറിയിൽ സൈക്കൊ-ലെ അമ്മയുടെ ശരീരം തടഞ്ഞ് വീണത് പോലുള്ള ക്ലൈമാക്സ് ട്ടോ!
നാട്ടിൽ അടിപൊളി.
കണ്ണൂസേ,
ഇതെന്തരു തിരുവന്തോരത്തെ ഭാഷകൾ പറയണത്? രായമാണിക്യം കണ്ടോഡേ അപ്പി? പക്ഷേ മമ്മൂട്ടി പറഞിട്ട് അതത്ര എറിച്ചില്ല കേട്ടോ. ലാൽ അണ്ണൻ മലപ്പൊറത്തെ ഭാഷകളു പറഞ്ഞപോലെ ഒരേ കൃത്രിമങ്ങള്‍. കല്ലെറാൻകൂട്ടിലു കല്ലെറിഞ്ഞപോലെ കലേപൊലേന്ന് ചെലച്ച് അത്രേം ചളമാക്കിക്കളഞ്ഞ്.
യാത്രാമൊഴീ, യാത്രാമൊഴി (ഹാവൂ സ്വാഗതതിൽ ശരിയാവാത്തത്..) പോയേമ്മച്ചും വരാവേ.
രേഷ്മ, ഹിച്ച്കോക്കേട്ടൻ പറയുന്നത് ഹൊററെന്നാൽ ഓർക്കാപ്പുറത്ത് കിട്ടുന്ന ഒരു നിമിഷാർത്ഥതിലെ കുത്താനെന്നാ. കാരണം 5 മിനുട്ട് തുടർച്ചയായി വിരട്ടിയാൽ നമ്മൾ വിരളലിൽ യൂസ്ഡ് ആകുമത്രേ. ആ ടെക്ക്നിക്കാണു ഇർട്ടത്ത് ശവം തടയുന്ന രംഗത്തിൽ.. അറപ്പും ബോറടീം മാത്രം തോന്നുന്ന ചില ഹൊററുകൾ കാണുമ്പോ മൂപ്പരെയോർത്തുപോകും..
സിദ്ധാർത്ഥാ,
വീരപാണ്ഡ്യ കട്ടബൊമ്മനാണോ ഇന്ത തിരൈപ്പടം?
(ഡ്രിസില്‍ നാട്ടിലാണോ ഇപ്പോൾ?)
അത്രേള്ളൂ. കതകിനു പിറകില്‍ ഒളിച്ചിരുന്നിട്ടു ഠോ ന്നു പറയുമ്പൊ പേടിക്കുന്ന പോലാണോ കുറച്ചു നേരം കൊണ്ടു മുമ്പിലിരിക്കുന്ന ഒരുത്തന് ഠോ ന്നു പറയുന്നതു്. ഭൂത് കണ്ടപ്പോഴാണു് ഈ സൂത്രം എനിക്കും പിടി കിട്ടിയതു്.
തിരുവിളയാടല്‍ ആണെന്നു തോന്നുന്നു ദേവാ അന്ത പടം. അതില്‍ ചങ്ങായി അഞ്ചാറു വേഷങ്ങളിട്ടിട്ടുള്ളതു കൊണ്ടു് തീര്‍ത്തു പറയാന്‍ വയ്യ.
പണ്ട്, കെട്ടുനിറകഴിഞ്ഞ് ശബരിമലക്ക്, ശരണം വിളിച്ച് പോകുന്ന രവിയേട്ടനെ നോക്കി, അപ്പുട്ടൻ; (തൃശ്ശൂർത്തെ പത്തൻസിൽ നിന്ന് ചോറുണ്ടപ്പോൾ, പായസം ചോറിലൊഴിച്ച് കഴിച്ചിട്ട്, വെയ്റ്ററോട്..' ചേത്താ ആ മധരം ഉള്ള കൂത്താൻ കൊറച്ചും കൂടെ' എന്ന് പറഞ്ഞ അതേ അപ്പുട്ടൻ:
'എത്ര സ്നേഹമുള്ള മനുഷ്യനായിരുന്നു.... പറഞ്ഞിട്ടെന്താ കാര്യം..'
എന്ന് പറഞ്ഞപോലെ, നാട്ടിൽ പോകുന്ന ദേവരാഗത്തിനോടും കലേഷിനോടും വക്കാരിയോടും എനിക്ക് ഇതേ പറയാനുള്ളൂ...
'എന്തൊരു മിടുക്കന്മാരായിരുന്നു! പറഞ്ഞിട്ടെന്ത് കാര്യം.., കൈ വിട്ടുപോയില്ലേ..'
ബൂലോഗർക്ക് കനത്ത മിസ്സിങ്ങുണ്ടാക്കി നാട്ടിൽ പോകുന്നവരേ, ഫുൾചാർജ്ജ് ചെയ്ത മനസ്സുമായി തിരിച്ചുവരുമ്പോൾ, നാട്ടിൽ വച്ച് കണ്ടതും കേട്ടതും പോസ്റ്റുകളായി അവതരിക്കുമെന്ന ആശ്വാസത്തിൽ ഞങ്ങൾ നിങ്ങളെ കാത്തിരിക്കും... യാത്ര സിനിമയിൽ ശോഭന കാത്തിരുന്നതുപോലെ...!!
ദേവോ,
വായിക്കാന്‍ താമസിച്ചു..
വായിച്ചുതുടങ്ങിയപ്പോള്‍ ആദ്യം കടന്നുവന്നതു ‘അഹം’ സിനിമയിലെ രംഗങ്ങളായിരുന്നു.
സൈക്കോ പരാമര്‍ശവും, ബോധവുമൊക്കെ ഒരന്തവും കുന്തവുമില്ലാത്ത വിഷയങ്ങളാ ല്ലേ?
ദേവാ,
കൂമന്‍പള്ളി, ഫയര്ഫോക്സിലിങ്ങനെയാണ് വരുന്നത്..
ശ്രദ്ധയില്‍ പെടുത്തിയേക്കാമെന്ന് കരുതി...
നന്നായിട്ടുണ്ട്! അടിപൊളി ...
എവൂരാനേ,
ശ്രദ്ധ തീരെക്കുറവായതുകൊണ്ട് ഇപ്പോഴേ വാണിംഗ് കണ്ടുള്ളൂ.
ഇതിനെന്തെങ്കിലും പോംവഴി? ഫയര്‍ഫോക്സ് വഴി പോസ്റ്റ് ചെയ്താല്‍ പരിഹാരമാവുമോ? കാപ്പാത്തുങ്കോ. ചില്ലക്ഷരം കാണുന്നില്ലെന്നു വിശ്വപ്രഭ അപ്പുറത്തും പറയുന്നു അതുമിതുമായി എന്തെങ്കിലും കണാകുണാക്ഷന്സ്??
Post a Comment