Tuesday, December 20, 2005

ഗൌര്‍ഖ്യം

കൊടകരപോലെ ഒരു ക്രമസമാധാനപ്രശ്നമുള്ള ഗ്രാമമായിരുന്നില്ല പെരിനാടെന്ന എന്റെ ചിന്നനാട്‌. ആകെ നടക്കുന്ന കുറ്റകൃത്യം ചില്ലറ വാഴക്കുലയോ തേങ്ങാക്കുലയോ മോഷണം. ആകെ ഒരു കുറ്റകൃത്യനുള്ളത് പൂച്ചപ്രഭാകരനും. ചത്തത് ഇനിയിപ്പോ പാണ്ഡുവായാൽപ്പോലും കൊന്നത് ഭീമൻ തന്നെ. കളവു പോകുന്ന സാധനത്തിന്റെ വിലയനുസരിച്ച്‌ ഞങ്ങള്‍ പതിവായി പ്രഭാകരനിട്ടു ചവിട്ട്, ഇടി, തെറി, മാപ്പ്‌ എന്നിവ ഒറ്റക്കോ ഒന്നിച്ചോ കൊടുത്തു പോന്നു. ഇത്ര ഭദ്രമായൊരു നിയമവാഴ്ച്ചാസംവിധാനമുള്ളതിനാല്‍ പോലീസ്‌-ഗൂര്‍ഖാദികള്‍ ഞങ്ങള്‍ക്ക്‌ അനാവശ്യം. (പ്രഭാകരം മറ്റൊരദ്ധ്യായമാക്കാം)

ആയതിനാല്‍ ഈയുള്ളവന്‍ പോലീസിനെ ആദ്യം പരിചയപ്പെടുന്നത്‌ കോളേജിലും, ഗൂര്‍ഖകളെ അറിയുന്നത്‌ ആഡിറ്റുകാലത്തും. ആദ്യമായി ഗൂർഖാപ്പറ്റത്തെ അടുത്തറിഞ്ഞ ദിവസത്തെ കൈതിയിന്‍ ഡയറി 15 കൊല്ലത്തിനു ശേഷം ഒന്നെഴുതി നോക്കട്ടേ?

??/??/1990
മാന്നാര്‍

പ്രഭാതം- ബീറ് കേസ്
രണ്ടുമാസത്തെ ഹിരാക്കുഡിയന്‍ ജീവിതം അവസ്സാനിപ്പിച്ച്‌ ഞാന്‍ കാലത്ത്‌ "പമ്പയാറിന്‍ പൊന്‍ പുളിനത്തില്‍ പനിമതി പോലെ" എഴുന്നേറ്റു (ഇവിടേക്കിന്നലെ രാത്രി രംഗപ്രവേശം ഉറങ്ങിക്കൊണ്ടായിരുന്നു).

കടുകെണ്ണമണമില്ലാത്ത മലയാളി പ്രാതല്‍ മൂക്കറ്റം വെട്ടി കമ്പനിപ്പടിതാണ്ടവേ ഒരു പിന്‍വിളി
"ആഡിറ്റര്‍ സാബ്‌"- കമ്പനിയിലെ സെക്യൂരിട്ടി ഗാര്‍ഡ്‌ ഒരു ഗൂര്‍ഖാ. (ഞാനാഡിറ്ററു ഭാഗത്തിന് പഠിക്കുന്നതല്ലേയുള്ളു, മൈക്കാട് മേസ്തിരിയെന്ന വിളികേട്ടാലെന്നപോലെ ഹർഷബാഷ്പം പൊഴിച്ച് നിലത്തുനിന്നൊരടി പൊങ്ങി)

"ഞാന്‍ സാബിനെ കാണാന്‍ നിന്നതാ" (ഭാഗ്യം, ഇവന്‍ മലയാളം പറയും. ഹിന്ദിയെങ്ങാന്‍ ബോല്‍ത്തിയാല്‍ മാനം പോയേനേ) "എന്റെ പേരു ബീര്‍ ബഹദൂര്‍, സാബ്. ഇവിടെ വേറൊരു ബീര്‍ ബഹദൂര്‍ ലോണെടുത്തത്‌ എന്റെ ശമ്പളത്തില്‍ പിടിച്ചു സാബ്‌".

ഇത്രേയുള്ളൊ? നിങ്ങൾ പേറോൾ അക്കൌണ്ടന്റ് ബേബിയോട്‌ കാര്യം പറ
"ഞാന്‍ പറഞ്ഞു സാബ്‌, ബേബിസാബ്‌ പിടിച്ച കാശു അടുത്തമാസത്തെ ശമ്പളത്തില്‍ കൂട്ടുകയും ചെയ്തു"
പിന്നെന്താ പ്രശ്നം തീര്‍ന്നില്ലേ?

“തീര്‍ന്നില്ലാ സാബ്‌. തിരിച്ചു കൊടുത്തതും തെറ്റിപ്പോയി, അതു എന്റെ ശമ്പളത്തില്‍ വന്നില്ല, വേറൊരു ബീര്‍ ബഹദൂറിനു പോയി.

ഹെന്ത്‌? 50 പേര്‍ പണിയെടുക്കുന്ന ഫാക്റ്ററിയില്‍ മൂന്നു ബീര്‍ ബഹദൂരോ?

"മൂന്നല്ല നാലു ബീര്‍ ബഹദൂറുണ്ട്‌ സാബ്‌"
ഞാൻ നോക്കട്ടെന്നെന്തോ പറഞ്ഞ് മുങ്ങി

ഓഫീസിലെത്തിയതും ബേബിയെ വരുത്തി. സെക്യൂരിറ്റിയില്‍ എത്രപേരാണെന്നന്വേഷിച്ചു.
"നാലുപേര്‍. പണ്ടാറടങ്ങാന്‍ നാലിന്റേം പേര്‍ ബീര്‍ ബഹദൂറെന്നാ"

കള്ളുകമ്പനിക്കാർ സ്പോൺസർ ചെയ്തതാണോ ഇവരെ? അതോ കേപ്പീയേസീ, കലാഭവനെന്നൊക്കെ പറയുമ്പോലെ ബീറുകൾ എന്തെൻകിലും സ്ഥാനപ്പേരാണോ?

“അല്ല മാഷേ. ഒരു വയസ്സൻ ബീറ് എവിടെന്നോ ഇവിടെ കയറി വന്നു, ഗാർഡായി. പിന്നെ ഒഴിവു വരുമ്പോഴെല്ലാം അയാൾ നേപ്പാളിലേക്ക് റ്റെലിഗ്രാമടിച്ച് ആളുകളെ ഇവിടെവരുത്തി. കാലക്രമേണ സെക്യൂരിറ്റിയിൽ ബീറ് ബഹദൂറുകൾ മാത്രമായി. “

മനസ്സിലായില്ല. ഇയാള് സ്വന്തം പേരുള്ളവരെ മാത്രം വരുത്തിയെന്നോ?

“അതല്ല. സ്വന്തം കുടുംബത്തിൽ നിന്നാണ് ഇയാളാളുകളെ ഇറക്കുമതി ചെയ്തത്. നെപ്പോട്ടിസം. പ്രസ്തുത ഗോത്രത്തിന്റെ സ്ഥാപകൻ ഒരു ബീർ ബഹദൂറായിരുന്നെന്നതിനാൽ മിക്കവാറും സ്ത്രീകൾ ആണ്മക്കൾക്കു ആ പേരിടുന്നത്രേ.“

“ശരി. ഇപ്പോൾ മനസ്സിലായി. എല്ലാത്തിന്റേം ഇനിഷ്യൽ ചേർത്ത് പേറോൾ മാസ്റ്റർ അപ് ഡേറ്റ് ചെയ്താൽ പ്രശ്നം തീർന്നില്ലേ?“

“സാറിനറിയാഞ്ഞിട്ടാ. ഈ ബീറുമാരുടേ സമുദായാചാരമനുസരിച്ച്‌ അച്ഛന്റെ പേരു പറയുന്നത്‌ ചാവുദോഷമുള്ള മഹാപാപമാ. ഇനിഷ്യല്‍ അച്ച്ഛന്റെ ചുരുക്കമല്ലേ അതു പറഞ്ഞുകൂടാ. ഞാനതു ചോദിച്ചിട്ടുവേണം അവന്മാർ കുക്രിയെടുത്ത് എന്റെ പണ്ടത്തിൽ കയറ്റാൻ“

പിന്നേം മനസ്സിലായില്ല. സ്വന്തമപ്പന്റെ പേരുപറഞ്ഞാലല്ലേ പ്രശ്നമുള്ളു. ഒരുത്തനെ വിളിച്ച് മറ്റവന്റപ്പന്റെ പേരു ചോദിക്ക്.

ബേബി അസഹ്യത മൂത്ത് തലചൊറിഞ്ഞു. “പ്രയോജനമുണ്ടെന്നു തോന്നുന്നില്ല. ഒന്നാമത് തന്തപ്പേർ അപമാനമായ നാട്ടിൽ മിക്കവരും തന്തമാരെ അറിയില്ല. അറിഞ്ഞാൽ തന്നെ അതെല്ലാം തിരിച്ചറിയാൻ പറ്റാത്തപോലെ ഈ ഒരു പേരു തന്നെയായിരിക്കില്ലേ?“

എന്നാ പിന്നെ സീരിയൽ നംബറ് അടിച്ചു കേറ്റു ബേബി. സ്റ്റാഫ് നമ്പ്ര s.1- ബീർ ബഹദൂർ.1, സ്റ്റാഫ് s.2 -ബീർ ബഹദൂർ.2, അങ്ങനെ. എന്നിട്ടവന്മാർക്കും പറഞ്ഞുകൊട് അവരവരുടെ സീരിയൽ ചേർത്ത് പേരെഴുതാൻ എപ്പോഴും.

മദ്ധ്യാഹ്നം- പണ്ടാരപ്പേരുകാരൻ
ക്യാന്റീനിൽവച്ച് റിക്രൂട്ട്മെന്റിലെ പ്രേമയെകണ്ടവഴി ഇനിമുതൽ ആളെ എടുക്കുമ്പോൾ യുണീക്ക് പേരുകാർ ആണെന്ന് ബേബിയോടൊരു ക്ലീയറൻസ് വാങ്ങാൻ പറഞ്ഞു തമാശായി.
അടുത്ത റിക്രൂട്ട്മെന്റ് തടയാൻ എനിക്കോ ബേബിക്കോ സീ ഐ റ്റി യൂ അഖിലേന്ത്യാ സെക്രട്ടറിക്കോ കഴിയില്ലെന്നവൾ. കമ്പനിയിൽ അടുത്തതായി ചേരാൻ പോകുന്നത് പുതിയ ചീഫ് എക്സിക്യൂട്ടിവ്‌.
“എന്താ വിശാഖപട്ടണത്തു നിന്നും വരുന്ന വിശാല മനസ്കന്റെ പേർ ?“ ഞാൻ നാടോടിക്കാറ്റ് വീശി.
“കെ കെ കെ. “
“അതെന്തു പേർ? വിശദമാക്ക നീ സ്ത്രീയേ.”
“കേസരി ഖേഖുസ്രു ഖാബ്രാജി”
“ ഒരു ശിശുവിന്റെ മുഖത്തു നോക്കി ഇങ്ങനെ പേരു വിളിച്ച മഹാപാപി തള്ളയെ പൊങ്കാലയിട്ട്‌ അടിച്ചു കൊല്ലണം. ഈ ലോകത്ത് ആ പേരിൽ രണ്ടെണ്ണം കാണാനൊരു സാദ്ധ്യതയുമില്ല. ഉദ്ദണ്ഡ കേസരി എഴുന്നെള്ളാൻ ഉത്തരവായാലും ദുഷ്കരി കുഞ്ജരീ.”

സായാഹ്നം- കഴുതകേറാമല
പമ്പാനദിയിൽ എരുമകളുടെ കുളിസ്സീനും കണ്ട് ഗസ്റ്റ് ഹൌസിലിരിക്കുമ്പോൾ ബീറ് ബഹദൂർ No. 1 സൈക്കിൾ ചവിട്ടി ആ വഴി വന്നു.
“പത്രമോ മാസികയോ സിഗററ്റോ വേണേൽ ഞാൻ വാങ്ങാം സാബ്. കുപ്പി വേണമെൻകിലും ഒറിജിനൽ കിട്ടും, എനിക്കു ബാറിൽ പരിചയമുണ്ട്“ ടിപ്പാഗ്രഹിച്ച് അയാൾ പറഞ്ഞു.
ഒറ്റപ്പേരുകാരുടെ ഗ്രാമത്തെപറ്റി ഞാനയാളോടാരാഞ്ഞു. “കൊനേരു ഹമ്പി“ എന്നതിനു സമാനമായ എന്തോ പ്രാകൃത ഗ്രാമപ്പേര്. പ്രവാസജീവിതത്തിനിടയിൽ നാട്ടിൽ പോയി ഭാര്യയേയും മക്കളേയും കണ്ടിട്ട് 10 വർഷമായത്രേ. ഒരു വർഷം കിട്ടുന്നത് ഇരുപത് ലീവ്. അതിൽ ഒന്നു രണ്ടെണ്ണം സിക്ക് ആയും മറ്റും പോകും. ഗ്രാമത്തിൽ പോകാൻ മൂന്നു ദിവസം ട്രെയിനിലിരിക്കണം പിന്നെ രണ്ടു ദിവസം ബസ്സിൽ, പിന്നെ രണ്ടു ദിവസ്സം കഴുതപ്പുറത്ത്. അതു കഴിഞ്ഞ് ഒരു ദിവസം നടക്കണം. അങ്ങനെ 8ഉം 8ഉം 16 ദിവസം യാത്ര. ലീവ് ബാക്കി 16 ദിവസം വരാറില്ല ഒരു വർഷവും സാബ്. ഒരാണ്ടത്തെ ലീവ് അടുത്താണ്ടിലേക്ക് കൂട്ടിത്തരില്ലെന്നല്ലേ കമ്പനി നിയമം, സാബ്. ഞാനെങ്ങനെ പോകാൻ?

ഉന്നതത്തിൽ വരാൻ പോകുന്ന കേസരിയോട് ഗൂർഖകളുടെ ആനുവൽ ലീവ് ക്യാരിഫോർവേറ്ഡ് ചെയ്യാൻ അഭ്യർത്ഥിച്ചാലെനിക്ക് കോടി പുണ്യം കിട്ടുമെന്ന് മനസ്സിലുറച്ചു ഞാൻ.

ഒരിക്കലെന്റെ ഗാവിൽ സാബ് വരണം. ഗൂർഖൻ ക്ഷണിച്ചു.
“കഴുതപോലും സഞ്ചരിച്ചെത്താത്ത നിന്റെ ഗാവ് എനിക്കു സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല. ഒരിക്കൽ എനിക്കു വരണം” ഞാൻ ക്ഷണം സ്വീകരിച്ചു.

എങ്ങനെ പോകാൻ? എന്നു പോകാൻ? ആരുടെ കൂടെ? പോയില്ല.

6 comments:

അതുല്യ said...

ഉഗ്രനായീ‍ന്ന് ഞാൻ പറയ്............

രാജ് said...

കൂമന്‍പള്ളിയുടെ ക്യാന്‍‌വാസ് വിശാലമായി വരുന്നതില്‍ സന്തോഷം. ഒരു ദേശത്തിന്റെ കഥയെഴുതാനുള്ള വകയുണ്ടാക്കണം ദേവാ‍... കൂമന്‍‌പള്ളിയില്‍ മാത്രം ഒതുങ്ങാതിരിക്കട്ടെ.

കണക്കൻ said...

ithavalude laptop. athinal manglishil kamantunnu.mappakkuka.nnalum parayaathe vayya. pandu payyans vayichathu ormma varunnu. evide ningalu thanne VKN.

Visala Manaskan said...

' ഒരു ശിശുവിന്റെ മുഖത്തു നോക്കി ഇങ്ങനെ പേരു വിളിച്ച മഹാപാപി തള്ളയെ പൊങ്കാലയിട്ട്‌ അടിച്ചു കൊല്ലണം. ഈ ലോകത്ത് ആ പേരിൽ രണ്ടെണ്ണം കാണാനൊരു സാദ്ധ്യതയുമില്ല. ഉദ്ദണ്ഡ കേസരി എഴുന്നെള്ളാൻ ഉത്തരവായാലും ദുഷ്കരി കുഞ്ജരീ.”

sambavam post. hahahah..

അഭയാര്‍ത്ഥി said...

ഗൂറ്‍ഖകളെ ഉന്‍മൂല നാശം വരുത്താന്‍ എത്റ വിശാലമായ മനസ്സുണ്ടായാലും പറ്റില്ല!!!!!.
അവറ്‍ ദേവരാഗം ആലപിച്ചു 16 ദിവസമെടുക്കുന്ന കടുത്ത യാത്റയും കഴിഞ്ഞു അവരുടെ ദേവലൊകത്തില്‍ എത്തി സുഖമായിരിക്കും. ഇതു കട്ടായം.
വിശ്വാസം വരുന്നില്ലെങ്കില്‍ നിങ്ങള്‍ ഇവിടെ വരൂ- വരൂ. ഈ ദേവരാഗാലാപനം കേള്‍ക്കു.


അറിവുള്ളവര്‍ പറയുന്നതു ഏതു ഭാഷയില്‍?.

ദേവ ഭാഷയില്‍ എന്നു ഗന്ധറ്‍വോത്തരി.



Foot note: inspiration beer 1 2 3 4.

gandharvan's father used to say "I can't remember your names oh kids. It is tedious to remember".

He used to call No.1 , No.2 ,No 3, No.4...... .

Nostalgic

myexperimentsandme said...

കേസരി ഖേഖുസ്രു ഖാബ്രാജി”
“ ഒരു ശിശുവിന്റെ മുഖത്തു നോക്കി ഇങ്ങനെ പേരു വിളിച്ച മഹാപാപി തള്ളയെ ..........”

അതു കലക്കി...

ലീവിന്റെ കാൽക്കുലേഷനും കലക്കി..

അങ്ങിനെ മൊത്തത്തിൽ കലക്കി