Tuesday, December 20, 2005

പൊടവൊട

ഞാന്‍ താലികെട്ടി. വധു മാലയിട്ടു. ഞാന്‍ തിരിച്ചുമിട്ടു. മേളക്കാര്‍ പീപ്പീ വിളിച്ചു, തകിലടിച്ചു. ആയണിപ്പലകയില്‍ വന്നിരുന്നവള്‍ എഴുന്നേറ്റത്‌ എന്റെ ഭാര്യയായിട്ട്‌.

എഴുന്നേറ്റ എന്റെ പാതി ഇരിക്കുന്ന ഞാന്‍പാതിക്ക്‌ ഒരര്‍ദ്ധപ്രദക്ഷിണം വച്ച്‌ മുന്നില്‍ വന്നു നിന്നു. പിറകില്‍ നിന്നാരോ എന്റെ മടിയില്‍ ഒരു ട്രേയിനുള്ളിൽ വച്ചൊരു സാരി വച്ചു.
"ഞാന്‍ പുടവകൊടുക്കട്ടേ എന്നു മൂന്നു തവണ കരക്കാരോട്‌ ചോദിച്ചിട്ട്‌ കുട്ടിക്കതു കൊടുക്കു" ചേട്ടനെന്റെ ചെവിയില്‍ പറഞ്ഞു.ഞാന്‍ ചിരിച്ചു പോയി. പലതരം ഫ്ലാഷുകള്‍ മിന്നി.

എങ്ങനെ ചിരിക്കാതിരിക്കും? കഴിഞ്ഞയാഴ്ച്ച കോഞ്ഞാമ്പാച്ചന്റെ കല്യാണമായിരുന്നു. സംസാരിക്കുമ്പോൾ ഇത്തിരി കൊഞ്ഞയുണ്ടെന്നുകരുതി പാച്ചനൊരു കല്യാണം കഴിക്കാന്‍പാടില്ലെന്നില്ലല്ലോ. സ്വന്തം അമ്മാവന്റെ മോളെ തന്നെ കിട്ടി.

ഞാനിപ്പോള്‍ ചെയ്തതെല്ലാം എന്നെക്കാള്‍ ധൈര്യത്തില്‍ പാച്ചന്‍ ചെയ്തു. എന്നിട്ട്‌ പൂത്താലം ഉയര്‍ത്തി നാലുചുറ്റും നിന്ന കരക്കാരോട്‌
"ഞാന്‍ പൊതവൊതുക്കത്തേ? പൊതവൊതുക്കത്തേ? പൊതവൊതുക്കത്തേ?"

ഒന്നുരണ്ടുപേര്‍ പൊട്ടിച്ചിരിച്ചുപോയി, ബാക്കിയുള്ളവര്‍ അടക്കിയും.നാണക്കേടും സങ്കടവും സഹിക്കാതെ വധുവിനും വരനും അപ്പൂപ്പനായ കോന്നന്‍ അമ്മാച്ചന്‍
"മിണ്ടാതങ്ങോട്ട്‌ കൊടുക്കടാ നായിന്റെ മോനേ" എന്നു പറഞ്ഞു.

ഞാനും കരക്കാരുടെ സമ്മതം വാങ്ങി പുടവ നീട്ടി. എന്റെ ചിരി കണ്ട്‌ മനം കുളിര്‍ത്ത വധൂമണി, ഒരരപ്പുഞ്ച്ചിരിയില്‍ പുടവ വാങ്ങി.ചടങ്ങെല്ലാം കഴിഞ്ഞ്‌ കാറില്‍ വച്ച്‌ ഞാന്‍ അവളോടും എന്റെ ചേട്ടനോടും ചിരിച്ചതെന്തിനെന്ന് കുറ്റസമ്മതം നടത്തി. ഒരു പ്രേമത്തിന്‍ മുകുളം പൊട്ടിയിട്ടായിരുന്നില്ല ആ ക്രൂരഹാസം എന്ന അറിവില്‍ ഡിസില്ല്യൂഷന്‍ ആയ എന്റെ പുത്തനച്ചി , വയ്യാത്തൊരാളിനെ കളിയാക്കി ചിരിച്ചത്‌ കഷ്ടമെന്ന് ധ്വനിപ്പിച്ചൊരു പരാമര്‍ശം നടത്തി.

"വയ്യാത്തവന്‍, വികലന്‍, ഊമ എന്നൊക്കെ മനുഷ്യനെ ഒറ്റ തിരിക്കുന്നതും സഹതപിക്കുന്നതും നഗരത്തിന്റെ കാപട്യം, എന്റെ പാതീ". ഞാന്‍ പറഞ്ഞു." നിന്റെ കണവനും, ഞൊണ്ടിപ്പാക്കരനും, കലക്റ്റര്‍ മധുവും കോഞ്ഞാമ്പാച്ചനും ഭേദമെന്യേ പ്രശംസക്കും കളിയാക്കലിനും ഇരയാകുന്ന, നന്മകളാല്‍ സമൃദ്ധമായ എന്റെ ഗ്രാമത്തിലേക്ക്‌ ഭവതിക്കു സ്വാഗതം, വെല്‍ക്കം റ്റൊ ഊട്ടി, ഗ്ലാഡ്‌ റ്റു മീറ്റ്‌ യൂ."

13 comments:

അതുല്യ said...

ദേവാ, ഇതു സിമ്പിൾ ലോജിക്, എന്റെ ഏട്ടന്റെ മകളെ, എന്റെ അപ്പൂ, തടിച്ചി ജാനകീന്ന് വിളിക്കും, വിലയ്ക്കിയാ പറയും, പിന്നെ തടിച്ചീക്കോ, ക്യാ ബുലായഗാ ?

വിവരം വയ്കുമ്പോ നാട്ടുകാരുടെ കൊട്ട് വാങ്ങുമ്പോ, പതാ ചലേഗാ, ക്യാ ഒർ ക്യൈസ ബുലാനേക്കാ, എന്ന്!

പോസ്റ്റ് നന്നായീ, ഭാഷ അതിലേറയും.

സിദ്ധാര്‍ത്ഥന്‍ said...

അന്ത ഡയലോഗിനിന്ത പട്ടു്.

സഹതാപമുള്ള പരിഹാസത്തിനേ ഹാസ്യം ജനിപ്പിക്കാൻ കഴിയൂ എന്നു് സ്ഥാപിച്ചു് കുഞ്ചൻ നമ്പ്യാരുടെ കൃതിയിൽ ഹാസ്യമില്ലെന്നു് മാരാരോ മറ്റോ ആക്ഷേപിച്ചതോർക്കുന്നു. അതുകേട്ടപ്പോഴിതുപറയാനെനിക്കു തോന്നിയില്ലല്ലോ!!

Adithyan said...

അരങ്ങൊരുങ്ങി....
അങ്കം തുടങ്ങട്ടെ.... :-)

വിഷ്‌ യു ഓൾ ദി ബെസ്റ്റ്‌.... :-))

Visala Manaskan said...

അതിരസകരം. :)
താങ്കൾ ബ്ലോഗിലെ VKN.

myexperimentsandme said...

"ഞാന്‍ പൊതവൊതുക്കത്തേ? പൊതവൊതുക്കത്തേ? പൊതവൊതുക്കത്തേ?"

"വയ്യാത്തവന്‍, വികലന്‍, ഊമ എന്നൊക്കെ മനുഷ്യനെ ഒറ്റ തിരിക്കുന്നതും സഹതപിക്കുന്നതും നഗരത്തിന്റെ കാപട്യം..........”

അപ്പപ്പിന്നെ പറയാമല്ലേ... ഇതുപോലത്തെ പ്രോബമുള്ള, വണ്ടിയുടെ കിളി വണ്ടി ബായ്ക്കെടുത്തപ്പോൾ പറഞ്ഞത്:

“പോതത്തെ പോതത്തെ, പൊതകി വന്തി പൊതകി വന്തി, മുത്തും മുത്തും മുത്തും മുത്തും .... ആന്തെ #$%^%$# മുത്തി”

Adithyan said...

വക്കാരിടെ കിളി പോലെ ഒരു കിളി നമ്മ നാട്ടിലും ഉണ്ടായിരുന്നു. സന്ദർഭവും അതു തന്നെ. വണ്ടി പുറകോട്ടെടുക്കുന്നു. കിളിയാണു പുറകു നോക്കുന്നത്‌...

“പോസ്തെ, പോസ്തെ, പോസ്തെ.... “ കിളി അലച്ചുകൊണ്ടിരുന്നു. വണ്ടി പുറകോട്ടു വന്നു ഒരു പോസ്റ്റിൽ ഇടിച്ചു നിന്നു. ഡ്രൈവർ ഇറങ്ങി വന്നു കിളിയുടെ കരണം നോക്കി ഒന്നു വീക്കി. അടക്കാനാവാത്ത വിഷമത്തോടെ കിളി കരഞ്ഞു കൊണ്ടു ഞ്യായീകരിച്ചു. “പോസ്ത്‌ ഒണ്ടെന്നു ഞാൻ എത്ര വട്ടം പറഞ്ഞതാ?”

സിദ്ധാര്‍ത്ഥന്‍ said...

വക്കാരീടെ കമന്റിലെ ‘#$%^%$#‘ എന്താ‍യിരിക്കുമെന്നു കുറേനേരമാലോചിച്ചു. ‘മൈതു്‘ ഇട്ടുനോക്കിയപ്പോൾ കറക്റ്റ്!

viswaprabha വിശ്വപ്രഭ said...

മലയിറങ്ങിവരുന്നൂ ബൂലോഗങ്ങൾ

Kumar Neelakandan © (Kumar NM) said...

നല്ല രീതി. നല്ല ഭാഷ. വായിക്കാൻ സുഖം. ബ്ലോഗുകളിൽ ഇവൻ ഒരു stand out!

രാജീവ് സാക്ഷി | Rajeev Sakshi said...

ഹാസ്യത്തിനെന്നും ഏകലോചന ഭാവമാണ്.
അതാരുടേയും കുറ്റമല്ല. കൂടുതല്‍ പേരെ അതു ചിരിപ്പിക്കുമ്പോള്‍ കുറച്ചുപേരെ അതുകരയിക്കുന്നു.
നന്നായിട്ടുണ്ട്. നല്ല ശൈലി.

myexperimentsandme said...

സിദ്ധാർത്ഥാ.... താങ്കൾ സിദ്ധൻ തന്നെ.. ആരാ പറഞ്ഞത് ഇവിടെ ജീനിയസ്സുകളുടെ കുറവുണ്ടെന്ന്.....

nalan::നളന്‍ said...

അതേ ദേവോ, ഈ കളിയക്കിപ്പേരുകളുടെ അപ്പുറത്ത് കാണാന്‍ കഴിയുക നന്മയുടേയും സൌഹൃദത്തിന്റേയും ഒരു ലോകത്തെയാണു്. എന്റെ എല്ലാ ചങ്ങാതിമാര്‍ക്കും (എനിക്കുള്‍പ്പടെ) ഇരട്ടപ്പേരുകള്‍ ഉള്ളതും, അതിലൂടെ മാത്രെമേ ഞങ്ങള്‍ പരസ്പരം അഭിസംബോധന ചെയ്തിരുന്നുള്ളുവെന്നും ഇതു വായിച്ചപ്പോള്‍ ഓര്‍ത്തുപോയി. ആ വിളി ഇഷ്ട്പ്പെട്ടിരുന്നുവെന്നു പലപ്പോഴും തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഇപ്പൊഴുമത് തിരിച്ചറിയുന്നു.

ദേവന്‍ said...

രണ്ടു കൊത്തലക്കിളികള്‍ ഉണ്ടല്ലോ. കണ്ട്രാക്ക്‌, ഡ്രൈവര്‍ എന്നീ തസ്തികകള്‍ എക്സിക്യൂറ്റിവ്‌ ല്‍ കാറ്റഗറിയും കിളി ഒരു നീലക്കോളര്‍ ജോലിയുമാണെന്ന് പണ്ടെവിടെയോ വായിച്ചിട്ടുണ്ട്‌. അതാവും.

കിളിയുടെ വെകിളി അത്യന്താപേക്ഷികമാണെന്ന് ബസ്സുടമയോ യാത്രക്കാരനോ സമ്മതിക്കില്ല. ബസ്സിനകത്തും പുറത്തുമല്ലാതെ, സ്ഥിരജോലിപോലുമില്ലാതെ, ഡ്രൈവന്റെയും യാത്രക്കാരന്റെയും മുതലാളിയുടെയും തെറിയേറ്റുവാങ്ങി.. പാവം

നളാ, കൊല്ലം-കുണ്ടറ കോമോസില്‍ (കൊല്ലത്തുകാര്‍ അല്ലാത്തവരേ, അവശ ആറെസ്പീ പ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള ഒരു കോ-ഓപെറേറ്റിവ്‌ പ്രസ്ഥാനമാണു കോമോസ്‌) പള്ളിക്കവിള എന്നൊരു കിളിയുണ്ടായിരുന്നു- അറിയുമോ?. ഒരിക്കല്‍ ആ ബസ്സില്‍ കയറിയവര്‍ മറക്കില്ല, കാരണം മഹോദരം വന്നു വീര്‍ത്ത വയറുമായി പുള്ളിക്കാരന്‍ ഡോറില്‍ നില്‍ക്കുന്നത്‌ ഒരു കാഴ്ച്ച തന്നെയായിരുന്നു(പാവം പള്ളിക്കവിള ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്‌)

വയ്യാത്തവര്‍, കൈക്കുഞ്ഞുമായി
ബസ്സില്‍ കയറുന്നവര്‍ ഒക്കെ അടുത്തുവന്നാല്‍ കുട്ടികള്‍ എഴുന്നേറ്റു കൊടുക്കണമെന്നല്ലേ ബസ്സ്‌ യാത്രയുടെ അലിഖിത നിയമം, വശം പിശകായി അമ്മൂമ്മമാരോ മറ്റോ കയറീയാല്‍ ഞങ്ങള്‍ പിന്ന്നെ ആ വശത്തോട്ടു നോക്കുകയേ ഇല്ല.

ഒരു പൂര്‍ണ്ണ ഗര്‍ഭിണി ബസ്സില്‍ കയറി. കണ്‍കോണില്‍ അവരെക്കണ്ടതും കുട്ടികള്‍ ദൂരേക്കു നോക്കിയിരിപ്പു തുടങ്ങി.

" ആ 'വയറ്റുകണ്ണിയെ' ഒന്നിരുത്തെന്റെ
കൊച്ചുങ്ങളേ" ബസ്സിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി കണ്‍സഷന്‍ റ്റികട്ടുകാരാണെന്ന ഭാവത്തില്‍ കണ്ടക്റ്റര്‍ കൂക്കി.

"വയറിന്റെ കണക്കിലാ ആളെ ഇരുത്തുന്നതെങ്കില്‍ ആദ്യം പള്ളിക്കവിള മാമനെ ഇരുത്തണ്ടേ"? എന്റെ ക്ലാസ്സിലെ ജാസ്മിന്‍ തിരിച്ചടിച്ചു.
(ജാസ്മിന്‍, താങ്കളെവിടെയാണിപ്പോള്‍? ബ്ലോഗ്‌ വായിക്കുന്നൂണ്ടോ?)