Saturday, July 28, 2007

സാധു

ഒന്ന്
"അമ്മവഴിയുള്ള കാരണവന്മാര്‍ ഒരുപാട് ക്രൂരതകള്‍ ചെയ്തിട്ടുണ്ട്."
പണിക്കര്‍ ഭര്‍ത്താവിനോട് പറഞ്ഞു. "നാട്ടിലുള്ളവര്‍ മനസ്സു നിറഞ്ഞ് അനുഗ്രഹിക്കണം അനപത്യദു:ഖം മാറാന്‍"
ഭാര്യയും ഭര്‍ത്താവും പരസ്പരം നോക്കി.

"ഇപ്പോഴത്തെ കാലത്ത് മനസ്സു നിറയുന്നവരില്ല. എനിക്ക് നിങ്ങളമ്പതു രൂപ തന്നാല്‍ ഞാന്‍ ഇയാള്‍ നൂറു രൂപ തന്നില്ലല്ലോഎന്നേ ആലോചിക്കൂ. അതുകൊണ്ട്-" പണിക്കര്‍ ഇരുവരെയും നോക്കി. "- അടുത്ത വീടുകളിലെല്ലാമുള്ള കുട്ടികളെ വിളിച്ച് സദ്യയും മിഠായിയും കൊടുക്കൂ. അവര്‍ നിറഞ്ഞ് ചിരിക്കുന്നത് കാണാം. ഇപ്പോഴൊക്കെ കുഞ്ഞുങ്ങള്‍ക്കേ അനുഗ്രഹിക്കാന്‍ കഴിവുള്ള മനസ്സുള്ളൂ. ങാ. ആ ഉമ്മണനുംകൂടി ചോറുകൊടുക്കാന്‍ മറക്കേണ്ട."

കുട്ടികള്‍ നിറച്ചൂണുകഴിഞ്ഞ് തട്ടത്തില്‍ നിന്നും ചോക്കലേറ്റുകളെടുത്ത് കൂട്ടമായി കലപില പറഞ്ഞോടി. ഉമ്മണന്‍ കൈ കഴുകി കാക്കി നിക്കറില്‍ തുടച്ച് അവിടെ നിന്നതേയുള്ളു.
"ഉമ്മണാ, നിനക്ക് പായസം ഒരു കുപ്പിയിലാക്കി തരട്ടേ , കൊണ്ടുപോവാന്‍?"
ഭര്‍ത്താവ് ചോദിച്ചു.

അയാള്‍ തല കുലുക്കി.
"വേറെന്തെങ്കിലും വേണോ?" ഭാര്യ തിരക്കി.
"പത്തിരീം എറച്ചീം വേണം" തന്റെ ഭീമാകാരമായ ശരീരം ചുരുക്കി ഉമ്മണന്‍ ആശയോടെ പറഞ്ഞു.

"അമ്പലത്തിലെങ്ങനാടാ പത്തിരീം ഇറച്ചീം ? ഇതു കൊടുത്ത് ഇന്നും നാളെയും ഒക്കെ നീ കുട്ടമ്പിള്ളേടെ കടേന്നു വാങ്ങിച്ചു കഴിച്ചോ. " ഭര്‍ത്താവ് മൂന്നു നാലു പത്തിന്റെ നോട്ടുകള്‍ നീട്ടി.
ഉമ്മണന്‍ മഞ്ഞപ്പല്ലുകളെല്ലാം പുറത്തു കാട്ടി ചിരിച്ചു.

"ഡാ, ഇവര്‍ക്ക് വേഗം മക്കളുണ്ടാവട്ടേന്ന് പ്രാര്‍ത്ഥിക്ക്" വിളമ്പുകാരന്‍ പറഞ്ഞു.
"വേഗം മക്കളുണ്ടാവും കേട്ടോ ഇവരേ."

അടുത്ത ദിവസം രാവിലേ പത്രമെടുക്കാന്‍ ഗേറ്റിലെത്തിയ ഭര്‍ത്താവ് അവിടെ
കാത്തു നില്‍ക്കുന്ന ഉമ്മണനെ കണ്ടു.
"മക്കള്‍ ഉണ്ടായോ ഇവരേ?"

പിന്നെ എപ്പോള്‍ ഇവരെ കണ്ടാലും ഉമ്മണന്‍ മക്കളെ തിരക്കി. കാലം കുറെ കഴിഞ്ഞ് ഇവര്‍ ഒരു കുഞ്ഞുവാവയെ കാട്ടിക്കൊടുക്കും വരെ.

രണ്ട്
പട്ടിണി കിടന്നു കിടന്ന് ഉമ്മണന്റെ കുടല്‍ മുഴുവന്‍ പുണ്ണുപിടിച്ചു പോയി.വിശന്നാല്‍ അവന്‍ ചോര ശര്‍ദ്ദിക്കും. വേദനിച്ചു നിലവിളിച്ച് വഴിയേ ഓടും,പിന്നെ നിലത്തു കിടന്നുരുളും. സാംസ്കാരിക വേദികളും ക്ലബ്ബുകളുമൊക്കെ ഉമ്മണനെ ചികിത്സിക്കാന്‍ വര്‍ഷാവര്‍ഷം തുക നീക്കിവച്ചു. അതിനൊന്നും അവന്റെ രോഗത്തിന്റെ കാഠിന്യമൊന്നു കുറയ്ക്കാന്‍ പോലും കഴിഞ്ഞില്ല. ശര്‍ദ്ദില്‍ സഹിക്ക വയ്യാതെ വരുമ്പോള്‍ അവന്‍ കടകളില്‍ കൈ നീട്ടും. കടകളൊന്നും തുറന്നില്ലെങ്കില്‍ സ്കൂള്‍ കുട്ടികളുടെ ചോറുപൊതി തട്ടിപ്പറിച്ചുകൊണ്ടോടും. ചോറു പോയ കുട്ടികള്‍ സന്തോഷിച്ചു. അവരെയന്ന്സാറടിക്കില്ല. പരീക്ഷ ദിനമാണെങ്കിലോ, രക്ഷപ്പെട്ടു.

ഒരു പിറന്നാള്‍ സദ്യ വിളമ്പുമ്പോഴോ, എന്തിന്‌ ആദായവിലയ്ക്ക് കുറേ നല്ല മീന്‍ കിട്ടിയ ദിവസം ഉണ്ണാനിരുന്നാലോ മതി, കേള്‍ക്കാം ദൂരെ റോഡിലെങ്ങോ ഒരലര്‍ച്ച:
"വിശക്കുന്നെറേ.. വിശന്നിട്ടു ചാവുന്നറേ..."

വീട്ടുകാരന്‍ എഴുന്നേറ്റ് പോയി നാറുന്ന ഉടുപ്പില്‍ ചോരയും തുപ്പലുമൊഴുക്കി ഭയാനകരൂപിയായി നില്‍ക്കുന്ന ഉമ്മണനു ഒരില ചോറു വയ്ച്ചുകൊടുക്കും, തെരുവിലോ കടയോരത്തോ അവനെവിടെ നില്‍ക്കുന്നോ അവിടെ. വിശന്നാല്‍ ഉമ്മണനു പിന്നെ നടക്കാനാവില്ല. നിന്ന നില്പ്പില്‍ അല്ലെങ്കില്‍ കിടന്ന കിടപ്പില്‍ അതു കഴിച്ചു തീര്‍ക്കുമ്പോള്‍ അവന്റെ വിളി നില്‍ക്കും.

മൂന്ന്
കോളേജില്‍ മെഡലുകള്‍ക്കൊപ്പം റെസ്‌ലിങ്ങിലെ കേമത്തം നല്‍കിയ ഞണ്ടെന്ന പട്ടം പുതുമണമുള്ള യൂണിഫോമില്‍ നക്ഷത്രങ്ങള്‍ക്കൊപ്പമണിഞ്ഞ ഇന്‍‌സ്പെക്റ്റര്‍ ചാര്‍ജ്ജെടുത്ത് ദിനമധികമായിട്ടില്ല, എങ്കിലും അയാളെ എല്ലാവരും അറിഞ്ഞു പെരുമാറാന്‍ പഠിച്ചുകഴിഞ്ഞതാണ്‌. രാത്രി രണ്ടു മണിക്ക് നടുറോഡില്‍ കണ്ടാല്‍ മുക്കുടിയനെന്ന് തോന്നുന്ന രൂപം പുലമ്പിക്കൊണ്ട് നില്‍ക്കുന്നത് തന്റെ ശാസനങ്ങളോടുള്ള വെല്ലുവിളിയായാണ്‌ ഞണ്ടു രാജീവിനു തോന്നിയത്. ജീപ്പ് നിര്‍ത്തി സത്വത്തെ വിരല്‍ ഞൊടിച്ചു അടുത്തു വിളിച്ചു.

"എന്താടാ രാത്രി വഴിയില്‍ നില്‍ക്കുന്നത്?"
"വിശന്നിട്ട്."

എന്തൊരു ധിക്കാരവും പരിഹാസവും! ഞണ്ട് റോഡിലേക്ക് ചാടിയിറങ്ങി.
"കള്ളം പറയുന്നോടാ റാസ്കല്‍? വിളച്ചിലെടുത്താലുണ്ടല്ലോ..."
ഏകവും കേവലവുമായ പരമസത്യത്തെ, തന്റെ വിശപ്പിനെ, ചോദ്യം ചെയ്തത് ഉമ്മണനു താങ്ങാവുന്നതിലുമപ്പുറത്തായിരുന്നു. ഇരുമുഷ്ടികളും ജീപ്പിന്റെ ബോണറ്റിലിടിച്ച് അവനട്ടഹസിച്ചു:
"സത്യമായിട്ടും എനിക്കു വിശക്കുന്നെറാ പട്ടീ."

സെല്ലിലെ അഴികളില്‍ തലയറഞ്ഞ് മൂക്കിലൂടെയും വായിലൂടെയും ചോരയൊലിപ്പിച്ച് ഉമ്മണന്‍ നിലവിളിച്ചു.
"വിശന്നിട്ടു ചാവാന്‍ പോണെറാ പട്ടികളേ, അയ്യോ."

ഞണ്ടിന്റെ ലാത്തിക്കും ചൂരലിനും ലെതര്‍ ബെല്‍റ്റിനും ആ ശബ്ദത്തെ അടക്കാന്‍ കഴിയാതായപ്പോള്‍ പോലീസുകാര്‍ അവന്റെ കയ്യും കാലും കൂട്ടി കെട്ടി വായില്‍ തുണി തിരുകി.

പബ്ലിക്ക് ന്യൂയിസന്‍സിനൊരു ജാമ്യമെടുക്കാന്‍ സേതു വക്കീലിനും കഴിയാതെ വന്നപ്പോള്‍ നാട്ടുകാര്‍ രാഷ്ട്രീയ സ്വാധീനം തേടി. അവനെ എടുത്തു തോളിലിട്ട് ഉണ്ണൂണ്ണി മാപ്ല സ്റ്റേഷന്‍ പടിയിറങ്ങുമ്പോള്‍ ഉമ്മണന്‍‍ നീരുകെട്ടി വീര്‍ത്ത കണ്ണുകള്‍ വലിച്ചു തുറന്ന് പോര്‍ച്ചിലിട്ടിരുന്ന ഞണ്ടിന്റെ ജീപ്പിനു നേരേ നോക്കി.
"നിന്നെ കാലന്‍ പാമ്പു കൊത്തുമെറാ."

കൈതാകോടിയില്‍ ചെന്ന് പാപ്പനെ കീഴടക്കുക ആരും ഉദ്യമിക്കാത്ത കാര്യമാണെന്ന് കൂടെയുള്ളവരെല്ലാം മുന്നറിയിപ്പു കൊടുത്തിട്ടും ഞണ്ടിന്റെ ആത്മവിശ്വാസത്തിനു ഒരു കുറവുമുണ്ടായില്ല, ഒരു ചെറ്റപ്പുരയില്‍ മൂടിപ്പുതച്ചു കിടന്നിരുന്ന പാപ്പന്‍ മിന്നലിനെക്കാള്‍ വേഗത്തില്‍ ഒരു തള്ളിന്‌ ഞണ്ടിനെ നിലത്തിട്ടുകൊണ്ട് ചാടിയെഴുന്നേല്‍ക്കും‌വരെ. വീണയിടത്തുനിന്നും കുതിച്ചെഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ തന്റെ ഇറുക്കുകാലുകള്‍ ശക്തിയെല്ലാം വാര്‍ന്ന് കുഴഞ്ഞുപോകുന്നതെന്തെന്ന് അയാള്‍ അതിശയിച്ചു.

"വലിച്ചൂരാന്‍ നോക്കാതെ ആശുപത്രീല്‍ കൊണ്ടുപോയാല്‍ അവന്റെ ജീവന്‍ കെടന്നോളുമെടാ"
എന്ന് പിന്നാലെയോടുന്ന പോലീസുകാരോട് വിളിച്ചു പറഞ്ഞ് പാപ്പന്‍ കൈതാകോടി കായലിലേക്ക് ഊളിയിട്ടശേഷമേ ഞണ്ട് തന്റെ വയറില്‍ പിടിയോളം തറഞ്ഞു കയറിയ ലാന്‍സലോട്ട് കത്തിയും നിലത്തൊഴുകിപ്പരക്കുന്ന ചോരയും കണ്ടുള്ളു.

കാലന്‍ പാമ്പുകള്‍ ആ സര്‍ക്കിളില്‍ തീരെ ഇല്ലാത്തതിനാല്‍ ദൈവം പ്ലാനില്‍ ഒരു ഭേദഗതി വരുത്തിയതാണെന്നായിരുന്നു ചായക്കട കുട്ടന്‍ പിള്ളയുടെ വിശകലനം. പക്ഷേ ഉണ്ണൂണ്ണി മാപ്ല നിരീക്ഷിച്ചത് ഉമ്മണന്‍ കാലന്‍ പാമ്പെന്നു പറഞ്ഞത് പാമ്പായി നടക്കുന്ന ഒരു കാലമാടന്‍ എന്നുദ്ദേശിച്ചാണെന്ന് ആവും ദൈവം മനസ്സിലാക്കിയതെന്നും നാക്കു ശരിക്കു തിരിയാത്ത അവന്‍ "കൊത്തും" എന്നു പറഞ്ഞത് "കുത്തും" എന്നാണു കേട്ടത് എന്നുമായിരുന്നു. അനുമാനങ്ങളില്‍ വ്യത്യാസമുണ്ടായെങ്കിലും മേലില്‍ കൈതാകോടി പാപ്പനെ കാലന്‍പാമ്പ് പാപ്പന്‍ എന്നാണു വിളിക്കേണ്ടതെന്ന തീരുമാനത്തിനു നൂറു ശതമാനം വോട്ടും കിട്ടി.

10 comments:

ദേവന്‍ said...

ബ്ലോഗ്ഗാന്‍ തീരെ നേരം കിട്ടുന്നില്ല, ജീവിതമെന്തരു ബിസി!
ശറപറോന്നടിച്ച് ഒന്നു വായിക്കാന്‍ പോലും മിനക്കെടാതെ പോസ്റ്റ് ഒന്നങ്ങു കീച്ചി. പിന്നല്ല!

ഉറുമ്പ്‌ /ANT said...

nalla thirakkundu devan,
ennalum ithil oru coment idaathe pokaanaavunnilla.
a good one.
keep it up
appo aa thenga ente vaka.

Satheesh said...

ദേവേട്ടന്റെ “ബ്ലോഗ്ഗാന്‍ തീരെ നേരം കിട്ടുന്നില്ല“ എന്ന കമന്റ് വായിച്ചു സന്തോഷിച്ചു. ദൈവം എല്ലാര്‍ക്കും ഒരേപോലെ പണി കൊടുത്ത് തുടങ്ങിയല്ലോ! സമാധാനം!
ദേവേട്ടാ,
ഇത് കലക്കി. ഉഗ്രന്‍!

Kalesh Kumar said...

നന്നായിട്ടുണ്ട് ദേവേട്ടാ!

ചില നേരത്ത്.. said...

ദേവേട്ടന്റെ ‘സാധു’ വായിച്ച് കഴിഞ്ഞപ്പോള്‍ തിരൂരില്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ നടന്നയൊരു സംഭവത്തോട് ഇത് ചേര്‍ന്ന് നിക്കുന്നതായി എനിക്ക് തോന്നി. പുതിയങ്ങാടി നേര്‍ച്ചയ്ക്ക് കൊണ്ടു വന്നയൊരാനയെ കടപ്പുറം ഭാഗത്ത് നിന്ന് പിള്ളേരാരോ മര്‍മ്മഭാഗത്ത് കല്ലെടുത്ത് എറിഞ്ഞതാണെന്ന് കേള്‍ക്കുന്നു, മദമിളകിയ ആന ടിപ്പുസുല്‍ത്താന്‍ റോഡ് വഴി ഓടി, ഓടുന്ന വഴിയില്‍ അടുത്തുള്ള പള്ളിയില്‍ പരിഭ്രാന്തരായി ഓടിക്കയറിയ ആളെ എടുത്ത് കൊമ്പിന് കോര്‍ത്തു. വീണ്ടും ആന ഓടി. പിറകേ,പോലീസ് സ്റ്റേഷനു മുന്നില്‍ മുദ്രാവാക്യം വിളിച്ചു എന്നയൊരൊറ്റ കാരണത്തിന് ചെവിക്കുറ്റി നോക്കി വയോവൃദ്ധനായ കോണ്‍ഗ്രസുകാരന്റെ കേള്‍വി ഇല്ലാതാക്കിയ തരത്തില്‍ ആഞ്ഞടിച്ച എസ് ഐയും പാഞ്ഞു. ആന ഓടിയോടി അഴിമുഖത്തെത്തി പുഴയിലിറങ്ങി ചെളിയില്‍ പൂണ്ടു. കലക്ടര്‍ മയക്ക് വെടി വെയ്ക്കാന്‍ അനുമതി നല്‍കിയതിനിടയ്ക്ക് എസ് ഐ ആനയെ വെടിവെച്ച് കൊന്നു. വര്‍ഷങ്ങള്‍ അധികമാകും മുന്നെ അര്‍ദ്ധരാത്രിയില്‍ ഏതോ പാണ്ടിലോറി തട്ടിയിട്ട് എസ് ഐ തലക്കേറ്റ ക്ഷതവുമായി ഇന്നും ജീവിക്കുന്നുണ്ട്. അദ്ദേഹത്തെ പറ്റി പറയുമ്പോഴൊക്കെ ഈ ആനക്കഥയും ചേര്‍ത്ത് പറയും നാട്ടുകാര്‍. അന്നദ്ദേഹത്തിന് അതിനെ കൊല്ലേണ്ടിയിരുന്നില്ല എന്ന രീതിയില്‍.

സു | Su said...

ഉമ്മണന്റെ കഥ, മൂന്ന് ഭാഗം വായിച്ചു. ഇഷ്ടമായി.

Anonymous said...

ഇഷ്ടപ്പെട്ടു !

മുസാഫിര്‍ said...

ദേവ്ജി,വായിച്ചു,ഇഷ്ടപ്പെട്ടു.

Radheyan said...

ധര്‍മ്മ സംസ്ഥാപനാര്‍ഥം തമ്പുരാന്‍ പാമ്പായും പഴുതാരയായും വരും അല്ലേ ദേവേട്ടാ

ദേവന്‍ said...

ഉമ്മണനെ കണ്ടിട്ടു സന്തോഷം കൊണ്ടോ തസ്യ ദൈന്യം ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപം കൊണ്ടോ... എന്തുകൊണ്ടോ കണ്ണുനീരണിഞ്ഞ ശൗരികള്‍ക്കും ഗൗരികള്‍ക്കും നന്ദി.
സതീഷേ,
പണിയെടുത്താലേ ശമ്പളം കിട്ടൂ പോലും. അതെവിടത്തെ ന്യായമാ !

ഇബ്രൂ,
ദൈവശിക്ഷ സ്പോട്ടില്‍ തന്നെ കിട്ടും എന്നു വിശ്വസിക്കാനാണു ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഇഷ്ടം. അതൊരു സദാചാര നിയമമായി വര്‍ത്തിക്കട്ടെ.
രാധേയാ, അതേ.