Monday, April 03, 2006

Police Story 2- ഉത്തരവുകള്‍

പരമാധികാരത്തിന്റെ പ്രഭവസ്ഥാനത്ത്‌ വെറും നിശബ്ദതയും അടച്ചുറപ്പിച്ചതിന്നുള്ളില്‍ ചുറ്റിത്തിരിയുന്ന ശൈത്യവാതവും പിന്നെ മദ്യശാലയിലേതു പോലെ അശ്ലീലമായ ഒരുതരം അരണ്ട വെളിച്ചവുമാണെന്നത്‌ ക്യാമ്പിലെ ആഞ്ഞിലി മരത്തണലിലിട്ട തുരുമ്പിച്ച ഇരുമ്പു കസേരയിലിരുന്നുകൊണ്ട്‌ വാഹനങ്ങളുടെയും പാത്രം കഴുകുന്നതിന്റേയും ഒച്ചക്കു മുകളിലൂടെ ട്രെയിനര്‍ നാടാര്‍ വിളിച്ചു കൂക്കുക്കുന്ന ആജ്ഞാരൂപമാര്‍ന്ന ഔദ്യോഗികനിര്‍ദ്ദേശങ്ങള്‍ കേട്ടു മാത്രം ശീലിച്ചതിനാലാവാം, കുമാറിനെ വല്ലാതെ അലോസരപ്പെടുത്തി.

ജെന്റില്‍മാന്‍ എന്ന സ്ഥാനപ്പേരു കിട്ടിയ വടക്കേയിന്ത്യക്കാരന്‍ മേധാവി സല്യൂട്ടടിച്ചു നിന്ന അയാളെ ഏറെനേരം മനപ്പൂര്‍വ്വം ശ്രദ്ധിക്കുന്നില്ലെന്ന് നടിച്ച്‌ എത്ര നിസ്സാരനാണെന്ന് നിശബ്ദതകൊണ്ടയാളെ ഓര്‍മ്മപ്പെടുത്തിയ ശേഷം കണ്ണട മുഖത്തു വച്ചു ചെരിഞ്ഞൊന്നു നോക്കി.

കോണ്‍സ്റ്റബിള്‍..
യെസ്‌ സര്?
‍ഹും. 16 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഞാനാദ്യമായാണ്‌ ഒരു സാധാരണ കോണ്‍സ്റ്റബിളിനെ വിശദീകരണത്തിനു എന്റെ ഓഫീസില്‍ വിളിക്കുന്നത്‌, വടിവൊത്ത ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു. അതില്‍ നിന്നു തന്നെ നീ ചെയ്തത്‌ എത്ര ഗുരുതരമായ കാര്യമെന്ന് നിനക്കു മനസ്സിലായല്ലോ .

ചാക്കു പോലത്തെ പരുത്ത സ്റ്റോര്‍ ഇഷ്യൂ തുണിയിലൂടെ അരിച്ചു കയറുന്ന തണുപ്പില്‍ കുമാറിനു നെഞ്ചു വേദനിച്ചു.

നീ കോടാലികൊണ്ട്‌ ഒരു പൌരന്റെ കാലു വെട്ടി. എത്ര ഹീനമായ പ്രവര്‍ത്തി. അവനവകാശപ്പെട്ട അവന്റെ നാട്ടില്‍ അവന്‍ തരുന്ന ശമ്പളം വാങ്ങിക്കുന്ന നീ അവന്റെ കാലു തന്നെ വെട്ടി! നീ മനുഷ്യനോ മൃഗമോ? ഒരു പട്ടി പോലും മറ്റൊരു പട്ടിയോട്‌ ഇങ്ങനെ ചെയ്യില്ല. ജെന്റില്‍മാന്റെ ശബ്ദം നാടാരുടേതു പോലെ ഉയരുകയോ കയര്‍ക്കുകയോ ചെയ്തില്ല കുമാറിനോട്‌. ഒരു കോടതി വിധി വായനപോലെ അത്‌ സാത്വികതയില്ലതെ നിര്‍വികാരതയും തണുപ്പും നിറഞ്ഞ്‌ അയാളുടെ നേര്‍ക്കെത്തിക്കൊണ്ടിരുന്നു.

സര്‍, വേട്ടിയാളന്‍ ഒരു സാധാരണ പൌരനെന്നതിനെക്കാള്‍ ഗൂണ്ടാത്തലവനെന്ന്..

ഛുപ്പ്‌! വേട്ടിയാളനോ? നായെയെ വിളിക്കുമ്പോലെ ഇരട്ടപ്പേരുകള്‍ പറയാന്‍ നാണമില്ലേ. ആ മനുഷ്യനൊരു പേരുണ്ടെടോ.

ആ മനുഷ്യനൊരു പേരുണ്ട്‌. അയാള്‍ക്ക്‌ ജനാധിപതിയുടെ അളിയനെന്ന വിലാസമുണ്ട്‌. എനിക്ക്‌ വെറുമൊരു നമ്പര്‍. അയാള്‍ക്ക്‌ സിവിലിയന്റെ മനുഷ്യാവകാശങ്ങളുണ്ട്‌.. എനിക്കോ? പീ സീ കുമാര്‍ പറയാന്‍ ആഗ്രഹിച്ചു.

പാമ്പിനെപോലെ തണുപ്പും കാളിമയുമുള്ള അധികാരത്തിന്റെ ഔന്നത്യമേ, ദയവുണ്ടായി കേള്‍ക്കണമിത്‌, വേട്ടിയാളന്‍ മനുഷ്യനല്ല, ഭരണകേന്ദ്രത്തിലിരുന്ന് നിന്റെ നേര്‍ക്കു കാര്‍ക്കിച്ചു തുപ്പുന്നവന്‍ നിനക്കു ദൈവമായതിനാല്‍ അയാളുടെ അളിയനായ രാക്ഷസ്സനെ നിനക്കു മാലാഖയായി തോന്നുന്നുണ്ടാവാം. അസ്സാള്‍ട്ട്‌ റൈഫിളേന്തിയ പാറാവുകാര്‍ പടിപ്പുരയും അകത്തളവും കാക്കുന്ന അന്തപ്പുരത്തിലിരിക്കുന്ന നീ തുരുത്തിയിലെ വാറ്റുകേന്ദ്രവും അതിനെ ഭരിക്കുന്ന ഗൂണ്ടാ സംഘത്തേയും ഇതുവരെ കണ്ടിട്ടില്ല. നീ അവിടത്തെ തെരുവില്‍ ചോര ചിന്തുന്നത്‌ കണ്ടില്ല. ആ നശിച്ച ദിവസം ആ തുറയില്‍ കാലില്‍ പിടിച്ച്‌ പാറയിലടിച്ചു കൊല്ലപ്പെട്ട കുഞ്ഞിന്റെ നിലവിളിയും പോലീസ്‌ ക്ലബിലോ നിന്റെ അന്തപ്പുരത്തിലോ വരെ എത്തിയിട്ടുമുണ്ടാവില്ല.

ഔഗ്യോഗികതവുടെ ചുവന്ന മുദ്രയണിഞ്ഞ നിന്റെ ഫൂള്‍സ്‌ കാപ്പ്‌ പേപ്പര്‍ ഇണ്ടാസ്‌ ഞങ്ങളോടു ആവശ്യപ്പെടുന്നു ഈ ചെയ്തതെല്ലാം ആരുത്തരവിട്ടിട്ടാണെന്ന് എഴുതി ബോധിപ്പിക്കാന്‍.


ആരുത്തരവിട്ടിട്ടായിരുന്നു എസ്‌ ഐ ഹക്കീം തെരുവില്‍ തല തല്ലിക്കീറുന്നവരുടെ നിലവിളിയും കുടിലുകള്‍ കത്തിയുയരുന്ന തീയും കണ്ടതെന്നോ?ദൈവം.

ആരുത്തരവിട്ടിട്ടയിരുന്നു 4 മനുഷ്യരും 2 ലാത്തിയും ഒരു റിവോള്‍വറും മാത്രമുള്ള ഒരു ജീപ്പില്‍ ഹക്കീം അങ്ങോട്ടു പോകാന്‍ തീരുമാനിച്ചതെന്നോ? നീ പഠിച്ചിട്ടില്ലേ, ശിങ്കാരവേലു എഴുതിയ പാഠപുസ്തകം? അതില്‍ പരതുക -മനസ്സാക്ഷി, ചുമതലാബോധം, കൂട്ടായ്മ, അര്‍പ്പണബോധം എന്നീ വാക്കുകള്‍ക്ക്‌. ഹക്കീം എന്തിനു തിരിച്ചെന്നും ഞങ്ങളെന്തിനു കൂടെ പോയെന്നും സ്വയം ബോധ്യപ്പെടുത്തുക.

അടിയും ചവിട്ടും കൊണ്ടു ചോരതുപ്പി എല്ലുകള്‍ നുറുങ്ങി വീണ എസ്‌ ഐ ഹക്കീമിനെ ജീപ്പിലിട്ട്‌ അവിറ്റെന്നിന്നും രക്ഷിക്കാന്‍ പീ സീ ഗോപനോട്‌ ഉത്തരവിട്ടത്‌ അവന്റെ സഹജാവബോധം. വലിയ ലഹളക്കും കൊള്ളിവയ്പ്പിനും പുകയ്ക്കും തീയ്ക്കും നടുവില്‍ ഒറ്റപ്പെട്ടാല്‍ എങ്ങനെയുണ്ടാവുമെന്ന് നീ അനുഭവിച്ചിട്ടില്ലല്ലോ? അനുഭവിച്ചാല്‍ നിനക്കും ആ ബോധമുണരും.

ബാക്കിയായ രണ്ടുപേര്‍- ഞാനും കോണ്‍സ്റ്റബിള്‍ ആന്റണിയും- പുറത്തോടു പുറം ചേര്‍ന്നു നിന്ന് കയ്യില്‍ കിട്ടിയ ലാത്തിയും തടിക്കഷണവുമയി ഇരുവശത്തുകൂടിയും അലറിപ്പാഞ്ഞു വരുന്ന ജനത്തിന്റെ അടിയും വെട്ടും ഏറും തടുക്കാന്‍ ഉത്തരവായത്‌ സ്വരക്ഷക്കു പരതുന്ന ഇരുവരുടെ പ്രാണന്‍.

എന്റെ കഴുത്തിനു നേരേ വീശപ്പെട്ട കോടാലിക്കു മുന്നില്‍ ബുള്ളറ്റ്‌ പ്രൂഫ്‌ ഹെല്‍മറ്റിട്ട തല കാട്ടി എന്റെ ജീവന്‍ രക്ഷിക്കാന്‍ ആന്റണിയോടുത്തരവിട്ടത്‌ വയസ്സുകാലത്ത്‌ ചിത കത്തിക്കാനൊരുത്തന്‍ ബാക്കി കാണണമെന്നാഗ്രഹിക്കുന്ന എന്റെ അമ്മ.

കോടാലിയോങ്ങി നില്‍ക്കുന്ന നേതാവിനോടത്‌ പിടിച്ചു വാങ്ങി ഒരൊറ്റ വെട്ടിനവന്റെ കാലു തുണ്ടമാക്കി ജനത്തെ വിരട്ടിയോടിക്കാനും അങ്ങനെ എനിക്കും ആന്റണിക്കും രക്ഷപ്പെടാനൊരു പഴുത്‌ തെളിക്കാനും എന്നോടുത്തരവിട്ടതോ? ഇനിയും പള്ളിയില്‍ കൊണ്ടു പോയി ഒരു പേരിട്ടിട്ടില്ലാത്ത ആന്റണിയുടെ കുഞ്ഞ്‌. നീ പോയി കാരണം ചോദിക്ക്‌.

കയ്യില്‍ കിട്ടിയ അച്ചടിച്ച കടലാസ്സില്‍ ഡിസ്മിസ്സല്‍ എന്നും ടെര്‍മിനേഷന്‍ എന്നും വാക്കുകളില്ലെന്നു മാത്രം ഉറപ്പു വരുത്തി കുമാര്‍ ഇറങ്ങി വെയിലില്‍ കുറെ നേരം നിന്നു.

"എസ്സൈക്കെങ്ങനെ കുമാറേ, പണിയെടുത്തു ജീവിക്കാന്‍ കഴിയുമോ" എന്നൊരു കുശലം ചോദിച്ച സെന്റ്രിയോട്‌ ഉത്തരമറിയാത്തതുകൊണ്ട്‌ വെറുതേ തലയാട്ടി കാണിച്ചു.

"ഇയാളേ ലോക്കലിലോട്ടു തട്ടിയല്ലേ, ഒരു തരത്തില്‍ നന്നായി സര്‍വീസ്‌ ബെനിഫിറ്റെല്ലാം പോയാലും ജീവഭയമില്ലാതെ ഉറങ്ങാമല്ലോ" അയാള്‍ തുടര്‍ന്നു.

"അതേ, അമ്മ ഒറ്റക്കല്ലേ, എനിക്കവരുടെ കൂടെ നില്‍ക്കുകയും ചെയ്യാം" കുമാര്‍ പുറത്തേക്കു നടന്നു.

"വേട്ടിയാളന്‍ തവളയെപ്പോലെ ചാടി നടന്നുപോകുന്നത്‌ നമുക്കൊരു ദിവസം പോയൊന്നു കാണേണ്ടേ" സെന്റ്രി പിറകില്‍ നിന്നും ഒരനുമോദനം പോലെ വിളിച്ചു പറഞ്ഞു. ഇവരുടെ ഓര്‍മ്മയില്‍ തനിക്കൊരു ഹീറോ ഇമേജ്‌ കിടക്കട്ടെ, കുമാര്‍ വെറുതേ ചിരിച്ചു.

12 comments:

Kalesh Kumar said...

ദേവാ‍, ലൈന്‍ മാറ്റി ചവിട്ടുവാണല്ലോ?
കൊള്ളാം.

കണ്ണൂസ്‌ said...

വേട്ടിയാളന്മാര്‍ വെളിയിലിറങ്ങുമ്പോള്‍ കുമാറിനെ നായാടുമല്ലോ.. :-(

എന്താ ഇതിന്റെ ആന്റി-ക്ലൈമാക്സ്‌ ദേവേ?

ദേവന്‍ said...

കണ്ണൂസേ,
ഇതിന്റെ ആന്റി ക്ലൈമാക്സ്‌ കുമാറു വെട്ടിയെടുത്ത കാലിനു പകരം പത്തു മറ്റുകാലുകള്‍ മുളച്ചെന്നും വേട്ടിയാളനെത്തടുക്കാന്‍ പ്രാണന്‍ പണയം വയ്ക്കാന്‍ തയ്യാറായ ഹക്കീമിന്റെ കസേരയില്‍ വാറ്റുകാരില്‍ നിന്നും മാസപ്പടി പറ്റുന്ന ഏമാന്മാര്‍ വന്നെന്നുമൊക്കെയാകും.

എനിക്കീ കുമാറിനെ അറിയില്ല. ഓര്‍മ്മ അപ്പടി എഴുതുകയാണെങ്കില്‍ അതിങ്ങനെ തുടങ്ങുന്നു
"എന്ത്വാടേ ആന്റണി ഷോക്കേസില്‍ ഒരു വെട്ടിപ്പിളര്‍ന്ന ഹെല്‍മറ്റ്‌? നിന്റെ കൊച്ചിനു കളിക്കാന്‍ ഡാമേജായ സര്‍ക്കാരു സാധനം ചൂണ്ടിക്കോണ്ട്‌ വന്നതാണോ?"

"അതൊരു വല്ലാത്ത സംഭവത്തിന്റെ സ്മാരകമാ ദേവാ ഞാനും എന്റെയൊരു കൂട്ടുകാരനും തുരുതിയില്‍ ചതിക്കെണിയില്‍ പെട്ടുപോയ കഥ. കേള്‍ക്കണേല്‍ പറയാം.."

ഉമേഷ്::Umesh said...

നല്ല കഥ, ദേവാ. യാഥാര്‍ത്ഥ്യം കമന്റില്‍ കണ്ടതുപോലെയാണെങ്കില്‍ കൂടുതല്‍ വേദനാജനകവും.

രാജ് said...

ദേവാ,
ആദ്യത്തെ പാര-യില്‍ തട്ടിത്തടഞ്ഞു വീണതൊഴിച്ചാല്‍ ഞാനിതൊരു വെമ്പലോടെ വായിച്ചു തീര്‍ത്തു (ഒരു പക്ഷെ ആ വീഴ്ച കാരണമായതുമാകാം)

ദേവന്‍ സീരിയസ് ആയി കഥയെഴുത്തു തുടങ്ങിയതു് ഞാന്‍ ഈയടുത്താണു് മനസ്സിലാക്കുന്നതു്. യാതൊരു മുന്‍‌വിധികളുമില്ലാതെ ഒരു കഥ വായിച്ചെടുക്കുന്നതിന്റെ സുഖം ഒന്നു വേറെയാണു് (ഒരു കഥയാണെന്നുള്ള തിരിച്ചറിവു കൂടിയില്ലാതെ)

അടുത്ത കഥയ്ക്കുവേണ്ടി കാത്തിരിക്കുന്നു (ആ മുന്‍‌വിധി ദേവന്‍ പൊളിച്ചു കൈയില്‍ തരുമെന്നു നല്ല ഉറപ്പുണ്ടു് ;-) )

Unknown said...

പോലീസ് സ്റ്റോറി 2 കൊള്ളാം ദേവരാഗം. വെടിക്കെട്ടിനൊപ്പം തീപ്പൊരിയും വഴങ്ങുന്നല്ലോ. തുടര്‍ന്നാലും..

മനൂ‍ .:|:. Manoo said...

ദേവരാഗം,

മറ്റു പലയിടത്തേതുമെന്നപോലെ, ഒരു സ്ഥിരം വായനക്കാരനാണു ഞാന്‍, കൂമന്‍പള്ളിയുടേയും.

കഥയെഴുത്തിലേയ്ക്കുള്ള ചുവടുമാറ്റം(?) എന്നു തോന്നിപ്പോകുന്നത്‌ ഓര്‍മ്മ മാത്രമെഴുതിയിരുന്നെങ്കിലുള്ള വ്യത്യസ്തത ഓര്‍ത്തു മാത്രം.

-------------------

ഒരിക്കല്‍ ഒരു സുഹൃത്തിന്റെ അച്ഛനെ പരിചയപ്പെട്ടതോര്‍മ്മ വന്നു. സര്‍വീസില്‍ നിന്നു പുറത്താക്കപ്പെട്ട്‌ പിന്നെ, രണ്ടു കാലും നഷ്ടപ്പെട്ടും, രാഷ്ട്രീയ-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന ഒരു സാധാരണ പൊലീസുകാരനെ.

അരവിന്ദ് :: aravind said...

ദേ ദേവ്‌ജി സീരിയസ്സായി.
സീരിയസ്സാകുമ്പോ ദേവ്ജി ഒടുക്കത്തെ സീരിയസ്സ്.
(ഭാഗ്യം..ഉന്മാദത്തിന്റെ ആന്തോളനത്തിനൊടുവില്‍ അന്തരാത്മാവില്‍ ഒരു നീല നികുംഭില തെക്കോട്ട് പാഞ്ഞു പോയി..ആ ഒരു ലൈന്‍ എനിക്കു മനസ്സിലാവാത്ത തരം സീരിയസ്സല്ല..)
തമാശയാണെങ്കില്‍ തമാശേടെ അപ്പ്രത്തെ തമാശ.
അപ്പോ തമാശ തന്നെ എനിക്കിഷ്ടം.
ബൂലോഗത്തില്‍ ചിതറിക്കിടക്കുന്ന ദേവ്ജിയുടെ കമന്റുകള്‍ എല്ലാം കൂട്ടി വച്ചൊരു ബ്ലോഗുണ്ടാക്കിയാല്‍ അതാകും നമ്പ്ര വണ്‍ ബ്ലോഗ്!
സീരിയസ്സാകുമ്പോഴും ഇടക്കിടെ തമാശ്ശിക്കണേ ജീ.:-)

രാജീവ് സാക്ഷി | Rajeev Sakshi said...

ദേവാ മനോഹരം.
എഴുതിയതിലും ഒരുപാടൊരുപാട് വായിച്ചപോലെ. ഇനിയും എന്തൊക്കെയോ ബാക്കിയായപോലെ.
നന്ദി.

ദേവന്‍ said...

ഒരു സ്റ്റൈല്‍ ബ്രാന്‍ഡ്‌ ഉണ്ടാക്കാതെ ഓരോ ദിവസത്തേം മൂഡിനു ചേര്‍ന്ന ഓര്‍മ്മകളെ വലിച്ചിഴച്ച്‌ അങ്ങാടീല്‍ കൊണ്ടിടാനുള്ള ഒരു എളിയ ശ്രമമായിരുന്നു കഴിഞ്ഞ മൂന്നു പോസ്റ്റ്‌, കൂട്ടുകാരേ. ആപ്പീസില്‍ പാരകിട്ടുന്ന ദിവസം ക്രൂരമായ ചുറ്റുപാടുകളെക്കുറിച്ചും പാട്ടുകേട്ട്‌ ഫിറ്റാകുന്ന ദിവസം സ്റ്റേജില്‍ ഞാന്‍ പാടിയ കഥയും ശമ്പളദിവസം വര്‍ഗ്ഗസമരത്തെക്കുറിച്ക്‌ ശകലം ആവേശവും എഴുതാന്‍ ഒരു ആഗ്രഹം (അയലോക്കത്തുള്ള ബ്ലോഗ്ഗു വായനക്കാര്‍ സഖാക്കള്‍ സിദ്ധനും കണ്ണൂസും ഇബ്രുവും അതുല്യയും കൂടി മതിലിനു പാത്തിരുന്ന് പാറക്കല്ലിനെന്നെ അടിക്കുന്നതുവരെ തോന്ന്യാസം പരീക്ഷിക്കും.. അടി കിട്ടിയാല്‍ നന്നാകുമോ എന്ന് കിട്ടുമ്പോ പറയാം.) ഈ അതിക്രമമെല്ലാം സഹിച്ച്‌ വായിച്ച്‌ അഭിപ്രായം പറയുന്നവരോട്‌ നന്ദി പറഞ്ഞാല്‍ തീരില്ല അതുകൊണ്ട്‌ പറയുന്നില്ലാ.

മഴനൂലുകളേ,
എനിക്കും അതുപോലെ ഒരാളിനെ അറിയാം നൌഷാദ്‌ എന്നാണു ആ മനുഷ്യന്റെ പേര്‍ (നമ്മള്‍ ഒരാളിനെ ആണോ ഉദ്ദേശിച്ചതെന്നറിയാന്‍ പേരു പറഞ്ഞതാ)

അരവിന്ദ സാമിയേ
നീല നികുംഭില സ്വന്തമാണോ എന്നാല്‍ എനിക്കും കൂടെ എടുത്തു പ്രയൊഗിക്കാന്‍ ലൈസന്‍സ്‌ തരണേ ഞാന്‍ ഓരോ തവണയും ക്രെഡിറ്റ്‌ തരാം..

അരവിന്ദ് :: aravind said...

ദേവ്‌ ജീ..
ഈ ലോകത്ത് സ്വന്തമെന്നു പറയാന്‍ എന്തുണ്ട് കുഞ്ഞേ? :-))

നികുംഭില എന്റെ സ്വന്തം. ദൈര്യായി എടുത്ത് കീച്ചിക്കോ.(ദേവ്‌ ജി മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു ശരിക്കും കണ്ടില്ലെനു തോന്നുന്നു. ഭാഗ്യം:-))

വള്ളുവനാടന്‍ said...

കോണ്‍സ്റ്റബിള്‍ ആന്റണിയും- പുറത്തോടു പുറം ചേര്‍ന്നു നിന്ന് കയ്യില്‍ കിട്ടിയ ലാത്തിയും തടിക്കഷണവുമയി,

ഹി ഹി ഹി, ഓര്‍മകള്‍