അണ്ണാച്ചിയുടെ ബാര്‍ബര്‍ഷോപ്പിനും നവധാര ലൈബ്രറിക്കും നടുവിലായിരുന്നെന്ന് തോന്നുന്നു ബാലന് സാറിന്റെ പ്രസ്. നല്ല ഓര്‍മ്മയില്ല.
നിരയിട്ട ഒരു മുറി കട. അവിടെ വൈദ്യുതിയൊന്നുമില്ല, ബാലന് സാര്‍ എപ്പോഴും ഇരുട്ടത്താണ്. എന്തെങ്കിലും പണിയുണ്ടെങ്കില്‍ രണ്ടു മൂന്നു നിര മാറ്റി വയ്ക്കും. രാത്രി ജോലിയുണ്ടെങ്കില്‍ മെഴുകുതിരി കത്തിച്ചു വയ്ക്കും. ബാലന് സാര്‍ ഒറ്റയ്ക്കാണ്. ആരോടും സംസാരിച്ചു കണ്ട ഓര്‍മ്മയില്ല.
മില്ലില്‍ നെല്ലു കുത്താന്‍ പോയ പൊന്നന് ആണ് ഒരു ദിവസം പുസ്തകം വാങ്ങി വന്നത്. പൊന്നനു എഴുത്തും വായനയും അറിയാത്തതുകാരണം വീട്ടില്‍ കൊണ്ടു വന്നു. ബാലന് സാറിന്റെ പാട്ടുപുസ്തകം വാങ്ങിച്ച്, ഒന്ന് വായിച്ചു കേള്‍പ്പിക്കാമോ.
ക്വാര്‍ട്ടര്‍ സൈസില്‍ നൂലുകൊണ്ട് തുന്നിക്കെട്ടിയ എട്ടു പത്ത് പേജ് "ലോകം- തിരുനെല്ലൂര്‍ ബാലന്, വില ഇരുപത്തഞ്ചു പൈ."
ചുവന്ന മഷിയില്‍ അച്ചടിച്ച പുസ്തകം. അതിലെ വരികളും ഓര്‍മ്മയില്ല. എനിക്കഞ്ചാറു വയസ്സു കാണുമായിരിക്കും അന്ന്, പൊന്നന്റെ ഹെര്‍ക്കുലീസ് സൈക്കിളും അതില്‍ ബാലന്‍സ് ചെയ്ത വലിയൊരു ചാക്ക് അരിയുമാണ് കൂടുതല്‍ വ്യക്തമായി ഓര്‍ക്കുന്നത്.
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ചേട്ടനോട് ചോദിച്ചു. ബാലന് സാറിന്റെ കവിത ഓര്‍ക്കുന്നോ?
"അക്ഷരഹീനന്‍ ദൈവമിരുട്ടത്ത് അച്ചു നിരത്തും ലോകം
.... മിശിഹാപുത്രന്മാരുടെ ലോകം
.....
ചുട്ടിത്തോര്‍ത്തിന്‍ പഴുതുകളെണ്ണും നഗ്നന്മാരുടെ ലോകം...
....
കരിമീന്‍ കുഴിയില്‍ മുങ്ങി കൈപ്പന്‍ പരലു പിടിക്കും ലോകം..."
മറന്നെടാ. ബാലന്‍സാറിന്റെ ലോകം അധികമാര്‍ക്കും അറിയില്ല. മരുന്നുവാങ്ങാന്‍ വേണ്ടി പ്രസ് ആക്രിക്കാര്‍ക്ക് വിറ്റെന്ന് തോന്നുന്നു. ആ മുറിയില്‍ തന്നെ മരിച്ചെന്നാണോ അതോ വേറെവിടെയോ.
ബാലന് സാറിനു വീടുണ്ടായിരുന്നോ?
ഉവ്വ്. തിരുനെല്ലൂര്‍ കരുണാകരന്റെ ജ്യോഷ്ഠന്‍ ആയിരുന്നു. വേറൊന്നും അറിയില്ല. പണ്ടേ മരിച്ചില്ലേ.
Saturday, September 18, 2010
Subscribe to:
Post Comments (Atom)
2 comments:
എന്തൊക്കെയാണ് ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത്? അഥവാ എന്തൊക്കെയുണ്ടെങ്കിലാണ് ഒരുവന്റെ ജീവിതം അര്‍ത്ഥവത്തായി എന്ന് മറ്റുള്ളവര്‍ പറയുക?
അറിയില്ല.ജനിച്ചുമരിക്കുന്നതിനിടയില് മറ്റൊരാളുടെ ജീവിതത്തിലെ സങ്കീര്‍ണതള്‍ നമുക്ക് ഒന്നുമല്ല, പ്രത്യേകിച്ചും നമ്മുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ..
എത്രയോ ജന്മങ്ങള് ..ഇങ്ങനെ..
:(
Post a Comment