Saturday, January 05, 2008

ആകാശഗീതം

ഷോപ്പിങ്ങ് കാര്‍ട്ടുകള്‍ നിറച്ച് സാധനങ്ങള്‍ വാങ്ങി ഫെസ്റ്റിവല്‍ ടൂറിസ്റ്റുകള്‍ പരസ്പരം ഞെരുക്കി വഴിയുണ്ടാക്കി നടന്നു പോകുന്നതിനിടയില്‍ ഞങ്ങളങ്ങനെ വെറുതേ പോകുമ്പോഴാണ്‌ സിക്കുവിന്റെ വിളിയും ബോംബോയുടെ മുഴക്കവും കേട്ടത്. മഹാവാണിഭനഗരത്തില്‍ ഏറെയൊന്നും പേരുടെ കണ്ണില്‍ പെടാത്തൊരു മൂലയില്‍ ഹനാക്കുകള്‍ പാടുന്നു. അവരെ എനിക്കോ വിദ്യക്കോ മനസ്സിലായില്ല. പരുന്തിന്‍ തൂവല്‍ വച്ച തൊപ്പിയില്‍ നിന്നും വാദ്യോപകരണങ്ങളില്‍ നിന്നും അവര്‍ ഇന്‍‌ക ഗായകരാണെന്നു പിടികിട്ടി.

ആള്‍ക്കൂട്ടത്തിനുള്ള സംഗീതമായിരുന്നു അവരപ്പോള്‍ പാടിയിരുന്നത്.

"ഒരു പ്രത്യേകതരം സിക്കുവാണല്ലോ അത്?" ഞാന്‍ വിദ്യയോട് ചോദിച്ചു.
മലയാളത്തില്‍ നിന്നും സിക്കുവെന്ന വാക്കു മാത്രം പിടിച്ചെടുത്ത് അടുത്തു നിന്നൊരു വയസ്സായ മദാമ്മ പറഞ്ഞു. അത് ഒരു പ്രത്യേകതരം സിക്കുവാണ്‌. റോണ്‍ഡഡോര്‍ എന്നു പേര്‍. ഇക്വഡോറിന്റെ ദേശീയവാദ്യോപകരണം. ഹനാക്ക് ഇക്വഡോര്‍ സ്വദേശികളാണ്‌.
ആ പാട്ട് തീര്‍ന്നു. നിങ്ങള്‍ക്കെല്ലാം ആരോഗ്യവും സന്തോഷവും സമ്പത്തും തരാന്‍ സൂര്യഭഗവാനോടൊരു പ്രാര്‍ത്ഥനയാണിനി. ഹനാക്കിലൊരുവള്‍ ചരന്‍‌ഗോയില്‍ ശ്രുതിമീട്ടി. റെയിന്‍ സ്റ്റിക്കുകള്‍ മൃദുവായൊരു താളം കൊട്ടി.

ഇന്‍‌കകളുടെ ഈ പാട്ട് എനിക്കറിയാം. ചെറുവള്ളിക്കാവില്‍ അതു കേട്ടിട്ടുണ്ട്.

"ദേവനെന്നവരും വിദ്യയമ്മയും അവരുടെ മക്കളും മരിച്ച പിതൃക്കളും
ഇവര്‍ക്കായ് ജനിക്കാനായ് വരുന്നോരുള്ളലവരും അവര്‍ പോറ്റും പശുക്കളും
അവര്‍ക്കുള്ള മരങ്ങളും അതിനുള്ള നിലം താനും
അറിയാതെ ചെയ്തുപോയ പാപങ്ങളെല്ലാമേ പൊറുക്കേണം മഹാനാഗം
അവരോട് പൊറുക്കാനായ് ചൊല്ലേണം നീ പോയി
മണ്ണാറശ്ശാല വാഴും മഹാനാഗരാജനോടും..."

ഗോത്രങ്ങളേ മരിക്കുന്നുള്ളു, അതിന്റെ ഗീതം മരിക്കില്ല. ഒരു സംഗീതവും മരിക്കുന്നില്ല, ഗായകരേ മരിക്കുന്നുള്ളു. വല്ലാത്ത സ്പാനിഷ് ചുവയുള്ള ഇംഗ്ലീഷില്‍ ഒരു ഗായകന്‍ പറഞ്ഞു. ഹനാക്ക് നാളെ മരിച്ചു പോകും, പക്ഷേ ഈ പാട്ടുകള്‍ പോവില്ല, മഹാഗായകര്‍ എന്നോ പഛാമാമയില്‍ പാടിയിരുന്ന ഈ പാട്ടുകള്‍ ഇന്ന് ഞങ്ങള്‍ പാടുന്നു. നാളെയത് ഹനക്ക് പഛായില്‍ നിന്നീമണ്ണിലിറങ്ങുന്ന കുഞ്ഞുങ്ങള്‍ പാടും.

"ഭാഗ്യമാണിവനെയും കുടുംബത്തെയും ജീവനോടെ പിടിക്കാന്‍ കഴിഞ്ഞത്" സ്പാനിഷ് വൈസ്‌റോയ് അട്ടഹസിച്ചു. " ട്യുപാക്ക് അമരുവിന്റെ കൈകാലുകള്‍ ഓരോന്നായി നാലു കുതിരകളോട് പൂട്ടി അവറ്റയെ നാലു ദിക്കിലേക്ക് പായിക്ക്. ഇന്‍‌ക ഗോത്രത്തിനു തലവനത്രേയിവന്‍. ഇവന്റെ നാലായി കീറിയ ശരീരവുമായി കുതിരകള്‍ അവന്റെ പ്രജകള്‍ക്കു മുന്നിലോടുന്നത് തടയാന്‍ സൂര്യഭഗവാനിറങ്ങി വരുമോയെന്ന് അവര്‍ കാണട്ടെ."

വെടിയൊച്ച മുഴങ്ങിയപ്പോള്‍ കുതിരകള്‍ നാലുഭാഗത്തേക്കും ചിതറിയോടി. ട്യുപാക്ക് അമരു രണ്ടാമന്‍ പക്ഷേ ഒരു കൂറ്റന്‍ ചിലന്തി അതിന്റെ വലയില്‍ കിടക്കും പോലെ നടുവില്‍ ബലം പിടിച്ചു കിടന്നതേയുള്ളു . ചാട്ടയടിയും കത്തിക്കുത്തുമേറ്റ കുതിരകള്‍ പ്രാണശക്തി മുഴുവനെടുത്തെങ്കിലും ആ ഉരുക്കുമനുഷ്യനെ വലിച്ചു കീറാനവര്‍ക്കായില്ല.

"അവന്റെ തലവെട്ടും മുന്നേ ഈ നശിച്ച പ്രാര്‍ത്ഥനപ്പാട്ടുകള്‍ പാടുന്നവരുടെ നാവറുത്തുമാറ്റ്, ഇല്ലെങ്കില്‍ അവന്‍ തലപോയാലും ചത്തെന്നു വരില്ല" ഭയന്നുപോയ ഒരു സ്പാനിഷ് ജെനറല്‍ ഉത്തരവിട്ടു.

മാച്ചുപിക്‌ചുവില്‍ കേയ് പച്ചയേയും ഉക്കു പച്ചയേയും പുണര്‍ന്ന് ഹനാക്ക് പാടി. മരിച്ചവര്‍ക്കു വേണ്ടി, പ്രാര്‍ത്ഥിക്കാന്‍ നാവില്ലാതെ കഴുമരത്തിലേക്ക് നടക്കുന്നവര്‍ക്കു വേണ്ടി, ആ ഗീതം ഭയന്നവര്‍ക്കു വേണ്ടി. ആ ഗീതമിനിയുയരരുതെന്ന് ശാസനമിറക്കിയ രാജാവിനു വേണ്ടി.ശ്രോതാവിന്റെ പാപങ്ങള്‍ പൊറുക്കാന്‍ വേണ്ടി. പിതൃക്കള്‍ക്കു വേണ്ടി, ജനിക്കാനിരിക്കുന്നവര്‍ക്കു വേണ്ടി. എല്ലാവരെയും സൂര്യന്‍ അനുഗ്രഹിക്കട്ടെ.

11 comments:

ദേവന്‍ said...

അവര്‍ അവനെ ഛന്നഭിന്നമാക്കാന്‍ ആഗ്രഹിക്കും, നടക്കില്ല.
അവര്‍ അവനെ പിച്ചിച്ചീന്താന്‍ ശ്രമിക്കും, സാധിക്കില്ല.
അവരവനെ വധിക്കാന്‍ നോക്കും, കഴിയില്ല.
പീഡനത്തിന്റെ മൂന്നാം നാള്‍ മിഴിപൂട്ടുമ്പോഴവന്‍ മരിച്ചെന്നു നിനച്ചുവോ?
"സ്വാതന്ത്ര്യമീലോകത്തിനാകെ" എന്നലറി തിരിച്ചു വരുമവന്‍-
അവനമരനാണ്‌, സ്വാതന്ത്ര്യത്തിനു മരണമില്ലീയുലകില്‍"
എസ്തഫാനോ സാവേദ്ര

mludgardo.blogspot.com/2007/12/tupac-amaru-ii.html

അഭയാര്‍ത്ഥി said...

ചെന്നു ഞാന്‍ ആരാമത്തില്‍ നവ്യമാം പ്രഭാതത്തില്‍
പൊന്നു വാഗ്ദാനം കൊണ്ട്‌....
പത്തില്‍ പടിച്ച ജിയുടെ കവിത.
ചിറകുകള്‍ വലയില്‍ പെട്ടനങ്ങാന്‍ കഴിയാതെ
പിടയും പൂമ്പാറ്റതന്‍ ധിക്കാരം സഹിക്കാതെ
കാലുകള്‍ക്കിടയിലാണെട്ടുദിക്കുകള്‍
നാശമേലുകില്ലൊരുനാളുമെന്ന ഗര്‍വ്വത്തോടെ
ഇരിക്കുന്ന എട്ടുകാലി രാജാക്കന്മാര്‍.

അവരുടെ നിരാലസ്യ ക്രൗര്യമോലുന്ന കണ്ണുകളെ വഞ്ചിക്കാന്‍
ആര്‍ക്കാകും....
എംകിലും അന്തരീക്ഷത്തിന്റെ നിശ്വാസവായുവില്‍ വലയും ഗര്‍വ്വവും തകര്‍ന്ന
എട്ടുകാലി നമ്മെ ഓര്‍മ്മിപ്പിക്കുന്നു...
കാലഗതിയില്‍ മണ്മറഞ്ഞ സാമ്രാജ്യങ്ങളെ കളിമണ്ണായ ക്രൗര്യങ്ങളെ..

അല്ല മാഷെ കവിത താല്‍പ്പര്യമില്ലെന്ന്‌ പറഞ്ഞിട്ട്‌ അസ്സല്‍ കവിതയാണല്ലൊ
എഴുതുന്ന ഗദ്യമെല്ലാം.
കമന്റിടാതെങ്ങിനെ .....

Satheesh said...

ദേവേട്ടാ, ആ വിക്കിയുടെ ലിങ്ക് തന്നത് correct അല്ല. ശരിക്കുള്ളതിതാ:- http://en.wikipedia.org/wiki/Tupac_Amaru_II
ഇതിനെ പറ്റി എന്തെങ്കിലും പറയാന്‍ ഞാന്‍ ആളല്ല. അറിവില്ല എന്നത് തന്നെ കാരണം.
PS: ഇന്നലത്തെ മലയാളീ ബ്ലോഗര്‍ ഗസല്‍ സന്ധ്യയില്‍ കൂടി (കേള്‍ക്കുമ്പം കൊതിയാവുന്നില്ല്ലേ, സിംഗപ്പൂര്‍ കാര്‍ ബ്ലോഗ് മീറ്റ് നടത്താറില്ല, ഗസല്‍ സന്ധ്യകള്‍ മാത്രം!) ഞങ്ങള്‍ ചര്‍ച്ച ചെയ്ത ഒരു വിഷയമായിരുന്നു ദേവേട്ടന്റെ അറിവിന്റെ പരപ്പ്. ഇന്നിതാ തികച്ചും വേറിട്ടൊരു പോസ്റ്റ്!

ഗുപ്തന്‍ said...

ദേവേട്ടാ ഇത് വളരെ നന്നായി. മനസ്സുതൊടുന്ന എഴുത്ത്.

ദിലീപ് വിശ്വനാഥ് said...

ദേവേട്ടാ.. കൊള്ളാം. നല്ല ഒരു പോസ്റ്റ്. ഇതൊക്കെ ആദ്യമായാണ് കേ‌ള്‍ക്കുന്നത്.

ദേവന്‍ said...

സതീഷേ ലിങ്ക് തിരുത്തിത്തന്നതിനു നന്ദി, സംഭവം ശരിയാക്കിയിട്ടുണ്ട്. സംഗീതം പോയിട്ട് ഹിന്ദി പോലും മാലൂം നഹി ആയ ഞാന്‍ ഗസല്‍ സന്ധ്യയില്‍ വിഷയമായെങ്കില്‍ ഞാന്‍ പുലികളുടെ സാന്നിദ്ധ്യം മണക്കുന്നു. ഏതു പുലികളുടെ? പച്ച ക്യാനിന്മേല്‍ വരച്ചു വച്ച പുലികളുടെ.

അഭയാര്‍ത്ഥിമാഷേ, നന്ദി. കവിതയുടെ കാര്യം ഞാന്‍ ശരിക്കു പറഞ്ഞതാ. (പോയ സാമ്രാജ്യങ്ങളുടെയൊക്കെ കാര്യമോര്‍ത്താല്‍ ഇന്നുള്ളതൊക്കെ സ്വര്‍ഗ്ഗമാ. )

ഗുപ്താ, വാല്‍മീകി, നന്ദി.

G.MANU said...

ഗോത്രങ്ങളേ മരിക്കുന്നുള്ളു, അതിന്റെ ഗീതം മരിക്കില്ല. ഒരു സംഗീതവും മരിക്കുന്നില്ല, ഗായകരേ മരിക്കുന്നുള്ളു.

nalla post ji..
njangal kElkkaathava iniyum varatte

കണ്ണൂരാന്‍ - KANNURAN said...

പുതിയ അറിവുകള്‍.. നന്ദി.

ഹരിശ്രീ said...

മികച്ച പോസ്റ്റ്,

പുതിയ അറിവുകള്‍ക്ക് നന്ദി

ആശംസകള്‍

ഉഗാണ്ട രണ്ടാമന്‍ said...

തികച്ചും വേറിട്ടൊരു പോസ്റ്റ്!പുതിയ അറിവുകള്‍.. നന്ദി...

കാളിയമ്പി said...

ചെറുവള്ളിക്കാവിലെ പാട്ട് ഞങ്ങള്‍ കേട്ടതിന്റെ രണ്ട് ചിത്രങ്ങളിവിടെ http://www.orkut.com/Album.aspx?uid=15385890802048116200&aid=1

സ്പാനിഷ് ജനറലിന്റെ അലര്‍ച്ചയില്‍ സ്വന്തം ഭാഷ പോലും മറന്ന മറാന്നുപോയവര്‍.