Sunday, August 19, 2007

ജീ കെ കഥകള് 3 : തനിമലയാളം

"ജീ കെ ചേട്ടാ, ചേട്ടന് പറയുന്ന കഥകളെല്ലാം കൂടി ഞാന് ബ്ലോഗില് ഇടാന് പോകുകയാ."
"ബ്ലോഗോ? അത് ഓരോരുത്തര് പേര്സണല് വെബ് സൈറ്റ് പോലെ ഉണ്ടാക്കി ഇടുന്ന സാധനമല്ലേ?"
"അങ്ങനെ ചുമ്മാ വെബ് പേജ് അല്ല, കുറച്ചു ബ്ലോഗ് കാണിച്ചു തരാം." ഞാന് ജീകെയുടെ കമ്പ്യൂട്ടറില് തനിമലയാളം തുറന്നു.
"തനിമലയാളം എന്നാണോ ദേവന്റെ ബ്ലോഗിന്റെ പേര്?"
"അല്ലല്ല, ഇതൊരു മലയാളം ബ്ലോഗ് പിടിയന്. ആരു മലയാളം ബ്ലോഗ് പോസ്റ്റ് ഇട്ടാലും തനിയേ പോയി കണ്ടു പിടിക്കുന്ന ബ്ലോഗാളക്കരണ്ടി."

"തനിമലയാളം എന്നു കണ്ടപ്പോള് വളരെ പഴയൊരു കഥയോര്ത്തുപോയി." ജീ കെ ചിരിച്ചു.

കോളെജു പഠിപ്പ് കഴിഞ്ഞപ്പോള് അതുകൊണ്ട് റെയില്വേ ബുക്കിങ് ക്ലെര്ക്കോ കെ എസ് ഈ ബി ബില് കളക്റ്ററോ ആയി ജീവിതം കഴിക്കേണ്ടിവരുമെന്നും മാസാമാസം രണ്ടായിരം രൂപയുടെ കുടുംബ ബജറ്റ് എഴുതി അതിനു മൂന്നും നാലും റിവിഷനുകള് വീട്ടിലവതരിപ്പിച്ചു മങ്ങിയ മുഖങ്ങള് ഇടയ്ക്ക്കിടെ കാണേണ്ടിവരുന്ന പാവം പിതാജിയുടെ ജീവിതത്തിന്റെ തനിയാവര്ത്തനം തന്നെയാവും തന്റേതെന്നും ജീ കെ ഭയന്നു. തനിക്കീ പീ യെസ്സീ എഴുതി കാത്തു നില്ക്കാന് വയ്യെന്നും വല്ല ബിസിനസ്സും തുടങ്ങാന് പണം തന്നു സഹായിക്കണമെന്നും വീട്ടില് ക്യാപിറ്റല് ബഡ്ജറ്റ് റിക്വസ്റ്റ് അവതരിപ്പിച്ചു. "കയ്യിലുള്ള മൊത്തം സമ്പാദ്യം " എന്ന ലേബലൊട്ടിച്ച പതിനായിരം രൂപ പിതാജി എടുത്തു നീട്ടി, ജീ കെ മടിക്കാതെ വാങ്ങി.

പതിനായിരം രൂപ മൂലധനത്തില് തുടങ്ങാന് വയബിള് പ്രോജക്റ്റ് ആയി തോന്നിയത് ഒരു മില്മ ബൂത്ത് ആണ്. വീടിനു കുറച്ചകലെ കോര്പ്പറേഷന് ബങ്ക് ഒരെണ്ണം അടിച്ചു കൂട്ടി. പെര്മിറ്റ് എടുത്തു. സ്കൂളില് നാലഞ്ചു ക്ലാസ്സ് കൂടെ പഠിക്കുകയും ശേഷം പഠിക്കാന് കൂട്ടാക്കാതെയും ഇരുന്ന അലവിക്കുട്ടിയെ സഹായി ആയി കൂടെ കൂട്ടി. പഴയൊരു അടിച്ചില് ലാംബി സ്കൂട്ടറും തട്ടിക്കൂട്ടി. മൊത്തത്തില് സെറ്റ് അപ്പ് തരക്കേടില്ല. അഞ്ചേഴായിരം കവര് പാലു വില്ക്കുന്നുണ്ട് . ലാഭവിഹിതം മുപ്പതു ശതമാനം അലവിക്ക് കൊടുക്കും. ബാക്കി എഴുപതു മുതല് നൂറു രൂപ വരെ അറ്റാദായം ദിവസത്തില്. അങ്ങനെ രണ്ടുകൊല്ലം പോയി. ജീ കെ അച്ഛന് മുടക്കിയ മുതല് പലിശയടക്കം തിരിച്ചു കൊടുത്തു. അലവി നിക്കാഹു കഴിച്ചു കുടുംബസ്ഥനായി.

പാല് ഡെലിവറി ലോറി എത്തുന്നത് രാത്രി രണ്ടുമണിക്കാണ്, പരിശോധിച്ച് സ്റ്റോക്ക് ഏറ്റെടുത്ത് പൊട്ടിയ കവറുകള് അപ്പോഴേ തിരിയെ കൊടുക്കണം. ഒരു ദിവസം രാത്രി സ്റ്റോക്ക് സ്വീകരിക്കാന് പോയ അലവി അലറിപ്പാഞ്ഞ് വന്നുകേറി.

"ജീക്കേയേ ജീക്കേയേ, നമ്മടെ കടയില് ഒരുത്തന് താറടിക്കുന്നു!!"

"ഹാരെടാ ഹത്" എന്ന് ഒരട്ടഹാസവുമായി കടയുടെ അടുത്തേക്ക് ഓടി. ഒരു താടിക്കാരന് സ്റ്റൂളിട്ട് കയറി നിന്ന് ഇരുമ്പു തൊട്ടിയില് താറു കലക്കിയത് കടയുടെ ബോര്ഡില് ബ്രഷുകൊണ്ട് പുരട്ടുകയാണ്. കൊള്ളാവുന്ന രീതിയില് നടന്നു പോകുന്ന സ്ഥാപനങ്ങളെ താറടിച്ചു കാണിക്കാന് ചിലര്ക്ക് വലിയ ഉത്സാഹമാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, അത് പക്ഷേ വാച്യാര്ത്ഥത്തിലാണെന്ന് തീരെ പ്രതീക്ഷിച്ചില്ല.

കയ്യില് കിട്ടിയത് കടയുടെ നിരയിടുന്ന ഓടാമ്പലാണ്. അടിച്ചു ശീലമില്ലാത്തതിനാലും അരിശം മൂത്തു പോയതിനാലും ആയം ഓവര്ഡോസ് ആയി പോയി . താറടിത്താടി "ഓടിവായോ" എന്നൊരു വിളിയോടെ സ്റ്റൂളും മറിച്ച് നിലത്തു വീണു, നിശ്ചലനായി.

അപ്പുറത്തും ഇപ്പുറത്തുമൊക്കെയുള്ള കടകളില് താറടിച്ചുകൊണ്ടിരുന്ന മൂന്നു നാലു പേര് ഓടിക്കൂടി. ജീ കെ ആയുധം ഭീഷണി രൂപത്തില് ഉയര്ത്തി പിടിച്ച് അവിടെ തന്നെ നിന്നു.
"എന്താടോ ഈ കാട്ടിയത്?" ഒരുത്തന് ചോദിച്ചു.
"അവന് എന്റെ കടയില് താറടിച്ചു, ഞാന് അവനെയടിച്ചു" അയഞ്ഞാല് കൊണ്ടവന്റെ കൂട്ടുകാര് ചമ്മന്തിയാക്കുമെന്ന് കണ്ട് ജീ കെ ഇല്ലാത്ത ധൈര്യം ഉണ്ടെന്ന് നടിച്ചു.

"ആരെയാ താന് അടിച്ചതെന്ന് അറിയാമോടോ? പായിപ്പാടന് മാഷെന്നു കേട്ടിട്ടുണ്ടോടോ?"
"അയ്യോ അങ്ങോരാണോ ഈ കിടക്കുന്നത്? ആളെ മനസ്സിലായില്ല"
"മാഷെങ്ങാണുമായിരുന്നെങ്കില് നിന്നെ ഞാന് കൊന്നേനെ.ഈ കിടക്കുന്നത് മാഷിന്റെ പാര്ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറിയാണ്."

ഓട്ടോ വിളിച്ചു. രക്തസാക്ഷിസ്ഥാനാര്ത്ഥിയെ പൊക്കി ആശുപത്രിയില് കൊണ്ടുപോയി. ആരുടെ അടിയന്തിരമായാലും കടയടയ്ക്കാനൊക്കില്ലെന്ന് പ്രഖ്യാപിച്ച് അലവി മാത്രം കൂടെ പോയില്ല.

തോളെല്ലു പൊട്ടിയെന്നു കണ്ട് ജില്ലാസെക്രട്ടറിയെ ആശുപത്രിക്കാര് അഡ്മിറ്റ് ചെയ്തു. താന് ചെയ്തത് പൂര്ണ്ണമായും ശരിയല്ലെന്ന് ജീകെയും അഡ്മിറ്റ് ചെയ്തു. താറടിക്കാര് ജീകെയെ താല്ക്കാലികമായി ഡിസ്ച്ചാര്ജ്ജ് ചെയ്തു- "ഞങ്ങളങ്ങോട്ടു വരുന്നുണ്ട്" എന്ന മുന്നറിയിപ്പോടെ.

വന്നത് പക്ഷേ, ആ ഞങ്ങളായിരുന്നില്ല. അടുത്ത ദിവസം ഒരോട്ടോയില് സാക്ഷാല് പായിപ്പാടന് മാഷ് മില്മ ബൂത്തിനു മുന്നില് വന്നിറങ്ങി.
"താനോണോ എന്റെയാളിനെ അടിച്ച് എല്ലൊടിച്ചത്?"
"അതങ്ങനെ പറ്റിപ്പോയി."
"പറ്റാന് പോകുന്നത് തനിക്കാ, ഞാന് ഒരു പോലീസ് കേസ് ഫയല് ചെയ്യാന് തീരുമാനിച്ചു."
"സാറേ, എന്റെ കടയുടെ മേല് അയാളു താറടിച്ചിട്ടല്ലേ ഞാന് അടിച്ചത്?"

പായിപ്പാടന് മാഷിനു ദേഷ്യം കയറി.
"എടോ, താന് പത്രമൊന്നും വായിക്കാറില്ലേ? പാര്ട്ടി ഇനി മേലില് കേരളത്തിലെ ബോര്ഡുകളെല്ലാം പച്ചമലയാളത്തിലേ ആകാവൂ എന്നു തീരുമാനിച്ചതും ഒരു മാസത്തിനകം ബോര്ഡുകള് മാറ്റിയെഴുതണമെന്ന് നിര്ദ്ദേശിച്ചതും താന് കണ്ടില്ലായിരുന്നോ? ഇംഗ്ലീഷ് കണ്ടാല് താറടിക്കും. അതൊന്നുമറിയാതെ കടയും തുറന്നിരുന്നിട്ട്, വരുന്നവനെ അടിച്ചു കൊല്ലാന് നോക്കുന്നോ?"

"ഞാനൊന്നുമറിഞ്ഞില്ല മാഷേ, കയ്യബദ്ധം പറ്റിപ്പോയി. അപ്പോ ഇനി മലയാളം ബോര്ഡ് മാഷ് കൊണ്ടു വയ്ക്കും അല്ലേ?"

"എടോ,തന്റെ കടയ്ക്ക് ബോര്ഡ് വേണമെന്നുള്ളത് തന്റെ ആവശ്യം ആണ്. ഇംഗ്ലീഷില് ബോര്ഡുകള് വച്ച് കേരളത്തെ അപമാനിക്കരുതെന്നുള്ളത് പൊതു ജനത്തിന്റ്യെ ആവശ്യവും, മനസ്സിലായോ?"

"മാഷേ, മില്മ എന്നതിന്റെ മലയാളം എന്താ?"
"അത്.. മില്മ എന്നതു ഇംഗ്ലീഷിലെ ചുരുക്കെഴുത്താണ്. പാല് വിതരണ കേന്ദ്രം , അല്ലെങ്കില് പാല് വില്പ്പനശാല എന്ന് വയ്ക്കൂ."
"അപ്പോ ഞാന് മില്മാ പാലാണു വില്ക്കുന്നതെന്ന് നാട്ടുകാര്ക്ക് മനസ്സിലാവൂല്ലാ. അതിനേ കച്ചോടമുള്ളൂ. മില്മേടെ മലയാളം തന്നെ എഴുതണം."
"എന്നാല് താന് മില്മാ പാല് വിതരണകേന്ദ്രം എന്ന് മലയാളത്തിലെഴുത്"
" ശരി സാറേ, ബോര്ഡെഴുതാന് ഒരഞ്ഞൂറു രൂപയെങ്കിലും ചിലവു വരും. ഒരു കവര് പാലു വിറ്റാല് രണ്ടു പൈസയാണു ലാഭം . ഞാന് ഇരുപത്തയ്യായിരം കവറു പാലു വിറ്റാലേ ആ കാശുണ്ടാവൂ."

ഇരുപത്തയ്യായിരം കവര് വില്ക്കാന് ഒരാണ്ടെടുക്കുമെന്ന് കരുതിയിട്ടാവും, പായിപ്പാടന് മാഷിന്റെ മുഖം ദയ കൊണ്ട് വാടി. കുറച്ചു നേരം ആലോചിച്ചു നിന്നിട്ട് പോക്കറ്റിലുള്ളതെല്ലാം വാരി മേശപ്പുറത്തിട്ടു രണ്ടു തവണ എണ്ണി. എന്നിട്ട് മെല്ലെ പറഞ്ഞു.
"എടോ, എന്റെ കയ്യില് മുന്നൂറ്റെഴുപത് രൂപയുണ്ട്. അതില് നിന്നും ഓട്ടോക്കൂലിയായി പത്തെടുത്തു, ബാക്കി താന് വച്ചോ, തികയാത്തത് എവിടെന്നെങ്കിലും ഒപ്പിക്ക്."
"നന്ദി സാര്, ബോര്ഡ് ഇന്നു തന്നെ മാറാം."

അലവി ഒരാട്ടോ വിളിച്ചു നിര്ത്തി. മാഷ് "ഇനി തല്ലുമ്പോള് നോക്കിയും കണ്ടും ഒക്കെ വേണം" എന്നൊരു ഉപദേശവും കൊടുത്ത് പോയി.

"ആ മാഷ് എത്ര നല്ല മനുഷ്യന്, കാറും പത്രാസും, മുദ്രാവാക്യവും അകമ്പടിയും ഒന്നുമില്ലാതെ വന്നു. മൂപ്പരുടെ ജില്ലാസെക്രട്ടറിയെ അടിച്ചത് വലിയ മോശമായി പോയി." അലവിക്ക് താന് മേയ്ഡേ കാള് ചെയ്തതില് കുറ്റബോധം വര്ക്കൗട്ട് ചെയ്യാന് തുടങ്ങി.

"അല്ലലവീ, കറക്റ്റ് സമയത്ത് അടിച്ചതുകൊണ്ട് തുരുമ്പു വീണു തുടങ്ങിയ ബോര്ഡും മാറിക്കിട്ടി, ആ നല്ല മനുഷ്യനെ പരിചയപ്പെടാനും പറ്റി."

ജീ കെ നൂറു രൂപ എടുത്ത് അലവിയെ ഏല്പ്പിച്ചു. " രവി മേശരിയുടെ വര്ക്ക് ഷോപ്പില് പോയി മലയാളം ബോര്ഡ് എഴുതിച്ചോ, രാവിലെ അയാളോട് തന്നെ പറഞ്ഞ് ഉറപ്പിച്ചതാ, നൂറിത്തിരി കൂടിയ റേറ്റാ, എന്നലും രവിമേശിരി പണിഞ്ഞാല് അത് പണിയാ. "

"അപ്പം അടിക്കൂലിയായി മുന്നൂറ്ററുപതീന്നു നൂറു പോയിട്ട് ഇരുന്നൂറ്ററുപത്, അല്യോ ജീക്കേ?"
" കണക്കില് താന് തെളിഞ്ഞല്ലോ അലവീ, തന്റെ മുപ്പതു പേര്സെന്റ് എഴുപത്തെട്ടു രൂപാ മേശേന്നെടുത്തോ."

"ഒറ്റയടിക്ക് ഇരുന്നൂറ്ററുപത്! ജീ ക്കേ കമിഴ്ന്നു വീണാല് കാല്പ്പണം ഒപ്പിക്കും!"
"ഞാനല്ലല്ലോടോ കമിഴ്ന്നു വീണത്, ജില്ലാ സെക്രട്ടറിയല്ലേ."

8 comments:

RR said...

കൊള്ളാം. അപ്പൊ ഈ ജി കെ ശരിക്കും ഉള്ള ആളാണോ :)

മുല്ലപ്പൂ said...

:).
ഇതുപോലൊന്ന് ഇന്നു നടന്നാലോ ?

ഡാലി said...

ജി.കെ തകര്‍ക്കുന്നുണ്ട്.
ഇത്രേം പാവം പാര്‍ട്ടി നേതാക്കളായിരുന്നല്ലേ അക്കാലത്ത്.

യാത്രിക / യാത്രികന്‍ said...

ജീ.കെ.ആള് ഒ.കെ തന്നെ.

myexperimentsandme said...

ഒരു കമ്പിളിക്കേഷനുമില്ലാതെ ആയാസരഹിതനായി വായിച്ച ഒരു പോസ്റ്റായിപ്പോയി ഇത്.

എന്നാലും മില്ലുമ്മയുടെ തനിമലയാളം എന്തായിപ്പോയി? മില്‍മയുടെ ഫുള്‍ ബോട്ടിലെന്താ? മില്‍ക്ക് ഇന്ത്യാ ലാക്ടോസ് മാട് ആട് എന്നോ മറ്റോ ആണോ?

ശാലിനി said...

നല്ല ജി കെ. ജീവിക്കാന്‍ പഠിച്ചവന്‍.

JEOMOAN KURIAN said...

“കയ്യില് കിട്ടിയത് കടയുടെ നിരയിടുന്ന ഓടാമ്പലാണ്. അടിച്ചു ശീലമില്ലാത്തതിനാലും അരിശം മൂത്തു പോയതിനാലും ആയം ഓവര്ഡോസ് ആയി പോയി“

പെട്ടിക്കച്ചവടക്കാരന്റെ ആത്മാര്‍ത്ഥത ശരിക്കും തോന്നിപ്പിച്ചു.

ജ്യോനവന്‍ said...

പുതിയ പുതിയ വെളിച്ചങ്ങളിലേയ്ക്ക് എന്നെ വലിച്ചിട്ടു.
ഒരുപാടു കേട്ടിട്ടുണ്ടെങ്കിലും ഇതുവഴി മനസിരുത്തി ആദ്യമാണ്.
ഏറേയുണ്ട് കണ്ടുതീര്‍ക്കാന്‍......