Sunday, July 15, 2007

ജി കെ കഥകള്‍ 2- അയിത്തം

ദിസ് സെയില്‍ ഡീഡ് ഡേറ്റഡ്.. എക്സിക്യൂട്ടഡ് ബിറ്റ്വീന്‍ ഗോപകുമാര്‍ ...ആന്‍ഡ് മുരുകേശന്‍ കുമരന്‍ റിസൈഡിങ്ങ്.. ഹീയറിനാഫ്റ്റര്‍"

നില്ല് വക്കീലേ. ജീ കെ ആധാരപാരായണത്തിനിടയില്‍ കയറി. രേഖകളില്‍ ഞാന്‍ ഗോപകുമാര്‍ അല്ല, ഗോപകുമാരന്‍ നായര്‍. തിരുത്തിക്കോ.

"അത് കുഴപ്പമില്ല സര്." വക്കീല്‍ പറഞ്ഞു.
"ഇതിപ്പോ ഡ്രാഫ്റ്റല്ലേ, കുഴപ്പം ഉണ്ടെങ്കിലും ഇല്ലെങ്കിലും തിരുത്തി ശരിയാക്കാമല്ലോ?"
"സാറേ, ഉള്ള കാര്യം പറയാം. ഇവിടത്തെ രെജിസ്റ്റ്രാര്‍ പിന്നോക്ക ജാതിയില്‍ പെട്ടയാളാണ്‌. നായര്‍, അയ്യര്‍, മുതലിയാര്‍, തേവര്‍ എന്നൊക്കെ കണ്ടാല്‍ ആധാരം രെജിസ്റ്റര്‍ ചെയ്യാന്‍ വെറുതേ താമസിപ്പിക്കുകയും സാറിനെ ഇട്ടു തെക്കു വടക്കു നടത്തുകയും ചെയ്യും. വെറുതേ ഒരു നായരു ചേര്‍ക്കാന്‍ വസ്തു വില്പ്പന താമസിപ്പിക്കണോ?"

"എന്ത്? എന്റെ മുഴുവന്‍ പേര്‍ ചേര്‍ത്താല്‍ വസ്തു കൈമാറ്റം ചെയ്യില്ലെന്നോ? എന്നാല്‍ പിന്നെ അതൊന്നു കണ്ടിട്ടു തന്നെ കാര്യം. വക്കീലു ധൈര്യമായി നായര്‍ എന്ന് അടിച്ചു ചേര്‍ത്തോ, ഇയാള്‍ രെജിസ്റ്റര്‍ ചെയ്യുമോ ഇല്ലയോ എന്ന് ഞാന്‍ നോക്കട്ടെ."

സാറു വെറുതേ ചൂടാവണ്ട. രെജിസ്റ്റ്രാരെ ഇങ്ങനെ ആക്കി കളഞ്ഞത് ഈ നാട്ടുകാര്‍ തന്നെയാണ്‌. അക്കഥ കേട്ടാല്‍ ചിലപ്പോ സാറു വിശ്വസിക്കുക പോലുമില്ല, ഈ തമിഴുനാട് കേരളം പോലെ അല്ലല്ലോ. എന്തായാലും പറയാം. രെജിസ്ദ്റ്റാര്‍ പുതിയതായി ഇവിടെ ജോയിന്‍ ചെയ്യാന്‍ വന്നപ്പോള്‍ കുറച്ചു ലോക്കല്‍ ആളുകളുടെ കൂടെ ഭക്ഷണം കഴിക്കാന്‍ ഇവിടെയുള്ള ഒരു ഹോട്ടലില്‍ പോയി. കൂട്ടിക്കൊണ്ടു പോയ ആളുകള്‍ക്ക് ഇദ്ദേഹം ഏതു ജാതിക്കാരന്‍ ആണെന്ന് തിരക്കാനുള്ള വിവരക്കേട് ഇല്ലായിരുന്നു, പക്ഷേ ഹോട്ടലുടമയ്ക്ക് അത് പിടി കിട്ടി. എല്ലാവര്‍ക്കും ചോറു വിളമ്പി, പക്ഷേ കറികള്‍ വിളമ്പി വിളമ്പി വന്ന് ഒടുക്കം റെജിസ്റ്റ്രാര്‍ക്കു മാത്രം വിളമ്പിയില്ല. കൂടെ വന്നവര്‍ അപ്പോഴേക്ക് കഴിച്ചു തുടങ്ങിയിരുന്നു. പുള്ളിക്കും വിളമ്പാന്‍ പറഞ്ഞപ്പോള്‍ കറിയൊക്കെ കഴിഞ്ഞു, എന്നു പറഞ്ഞ് വിളമ്പുകാരന്‍ അകത്തു കയറിപ്പോയി. കൂടെ വന്നവര്‍ക്ക് കാര്യം മനസ്സിലായത് അപ്പോഴാണ്‌. എല്ലാവരും ഊണു നിര്‍ത്തി ഇറങ്ങി പോയി. അതില്‍ തീര്‍ന്നില്ല, അടുത്ത അപമാനം ഇദ്ദേഹം താമസിക്കാന്‍ വീടു വാടകയ്ക്ക് കിട്ടാനായി .."

"ഇതൊക്കെ ഏതു കാലത്ത് നടന്ന കഥയാണു വക്കീലേ?" ജീ കെ അന്തം വിട്ടു പോയി.
"കഴിഞ്ഞ വര്‍ഷം. സാറിനു വിശ്വസിക്കാന്‍ പറ്റില്ല ഈ ഗ്രാമത്തിലെ കാര്യമെന്ന് ഞാനാദ്യമേ പറഞ്ഞില്ലേ, അതാണു നാടുകള്‍ തമ്മിലുള്ള വത്യാസം."

"ശരി, വക്കീല്‍ നായര്‍ എന്നു ചേര്‍ത്തോ, ഞാന്‍ സംസാരിക്കാം റെജിസ്റ്റട്രാറോട്."
"ശരി സാറിന്റെ ഇഷ്ടം, ഞാന്‍ പറഞ്ഞെന്നേയുള്ളു."

രെജിസ്റ്റ്രാറോഫീസില്‍ എത്തി. ആധാരം കൊടുത്തു കാത്തിരുന്നു. ഉച്ച കഴിഞ്ഞു. ആരുമില്ലാഞ്ഞിട്ടും തന്നെ വിളിക്കുന്നില്ല. നാലുമണിയായപ്പോള്‍ വിളിച്ചു.

"ഗോപ കുമാരന്‍ നായര്‍ അല്ലേ?" തമിഴു ചുവയ്ക്കുന്ന മലയാളത്തില്‍ റെജിസ്റ്റ്രാര്‍ പറഞ്ഞ ആ വാചകത്തില്‍ നായരില്‍ ഒരു കടുപ്പം അനുഭവപ്പെട്ടു.
"അതേ."
"ഡീഡ് ഞാന്‍ ഒന്നു പഠിക്കട്ടെ, പോയിട്ട് നാളെ രാവിലെ വരൂ."
"ഓഹ്. അതു ബുദ്ധിമുട്ടായല്ലോ. എന്റെ വീട് തിരുവനന്തപുരത്താണ്‌. ഇന്നു പോയി പോയി നാളെ രാവിലെ തിരിച്ചെത്താന്‍ ‍ ബുദ്ധിമുട്ട്. ഇവിടെ തങ്ങാന്‍ തീരെ താല്പ്പര്യമില്ല. റൂം ചോദിക്കുമ്പോള്‍ തിരിച്ചു ജാതിയും കുടുംബവും ചോദിക്കുന്ന ലോഡ്ജ് ഉള്ള നശിച്ചൊരു നാട്."

രജിസ്റ്റ്രാര്‍ അറിയാതെ പഴയ ഹോട്ടല്‍ സംഭവം പറഞ്ഞുപോയി. ആദ്യമായി കേള്‍ക്കുന്നെന്ന് അഭിനയിച്ച് ജീ കെ മുഴുവന്‍ കേട്ടു.

"ഓ ഹോ. കാര്യങ്ങള്‍ അത്ര വഷളാണോ ഇവിടെ? സാറു വിഷമിക്കേണ്ട, അവനിട്ട് ഒരു പണി കൊടുത്തിട്ട് ബാക്കി കാര്യം."

അവിടെ ഇരുന്നു തന്നെ സുരേഷിനെ വിളിച്ചു ഈ ഏരിയയില്‍ ചെറിയ ഡോസ് കൊടുക്കാന്‍ പറ്റുന്ന ലോക്കല്‍ പാര്‍ട്ടികളെ വല്ലതും പരിചയമുണ്ടോ എന്ന് തിരക്കി. ഇങ്ങനെ ഒരു പട്ടിക്കാട് കേട്ടിട്ടില്ലാത്ത സുരേഷ് അടുത്തു ഏതാണു നഗരമെന്ന് തിരക്കി.
"നാഗര്‍ കോവില്‍."
"ഓഹോ, നാഗര്‍കോവില്‍ വേലായുധന്‍ എന്നൊരാളുണ്ട്. നമ്മുടെ മലയാളി തന്നെ, അബ്കാരി ഫീല്‍ഡില്‍ ആണ്‌, അടുത്തറിയാം. എന്താ പരിപാടി?"
"പ്രത്യേകിച്ചൊന്നുമില്ല, അയാള്‍ ഒന്നിത്രടം വരാന്‍ പറയുക. ഇവിടെ ഒരു ലക്ഷ്മി ഹോട്ടല്‍ ഉണ്ട്. ചില ജാതിക്കാരെ അവിടെ കയറ്റില്ലെന്ന്. ഈ ഏരിയയിലെ അങ്ങനെയുള്ള ജാതിയില്‍ പെട്ട നാലഞ്ചാളെയും വിളിച്ച് ഭക്ഷണം കഴിക്കാന്‍ കയറുക. വിളമ്പുകാരന്‍ അവര്‍ക്കു വിളമ്പില്ല, അവനെക്കൊണ്ട് വിളമ്പിക്കണം. അത്രേയുള്ളു."

"അത്രേയുള്ളോ? വേലായുധന്‍ സ്വന്തം ആളാ, ഒരു ചിലവും വരില്ല." സുരേഷ് പറഞ്ഞു.
"അതു വേണ്ട, രൊക്കം പൈസ കൊട്. ഇല്ലെങ്കില്‍ നാളെ അയാള്‍ നമുക്ക് ബാദ്ധ്യതയാവും."

റെജിസ്റ്റ്രാര്‍ ഇതെല്ലാം കൗതുകം നിറഞ്ഞ സന്തോഷത്തില്‍ നോക്കി ഇരിപ്പായിരുന്നു.
"നിങ്ങള്‍ ആരാണ്‌? ഈ ഗുണ്ടകളെ എല്ലാം എന്തിനു കൊണ്ടു നടക്കുന്നു?" അദ്ദേഹം ചോദിച്ചു പോയി.

"ഹേയ്, ഗുണ്ടകളെ ഒന്നും കൊണ്ടു നടക്കുന്നില്ലല്ലോ ഞാന്‍. പിന്നെ ചെയ്യുന്ന കച്ചവടത്തില്‍ ബാര്‍ ഹോട്ടലുകളും അതുപോലെ കുറേശ്ശെ വിരട്ടു പണി ചെയ്യേണ്ട ചില കാര്യങ്ങളുമൊക്കെയുണ്ട്. അതുകൊണ്ട് ഈ സുരേഷിനെപ്പോലെ ഒന്നു രണ്ടാള്‍ ആവശ്യമാണ്‌."

"താങ്കളെ കണ്ടതില്‍ വളരെ സന്തോഷം. ഡീഡ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്."
"സാറിനെ പരിചയപ്പെട്ടതില്‍ എനിക്കും സന്തോഷം. എന്തോ വളരെ നല്ല കാര്യം ചെയ്ത ഒരു സംതൃപ്തിയും തോന്നുന്നു."
"ഹ ഹ. തല്ലാണോ നല്ല കാര്യം?"
"ചില കാര്യങ്ങളില്‍‍ തല്ലോളം നല്ല മറ്റൊരു കാര്യവുമില്ല സാര്‍." ജീ കെയും ചിരിച്ചു

10 comments:

ദേവന്‍ said...

ഇന്ന് ഒന്നു രണ്ട് പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍ത്ത കഥയാണ്‌ . ആദ്യത്തെ രണ്ടു പോസ്റ്റും യാദൃ ആയി വന്നു പെട്ടതാണ്‌, ആളുകള്‍ക്ക് ജീ കെ എന്നാല്‍ ഒരു തല്ലുപിടിക്കാരന്‍ എന്ന ഇമേജ് കിട്ടിയെങ്കില്‍ യാദൃശ്ചികണ്ണന്റെ കുറ്റമാണേ.

Pramod said...

:) കൊള്ളാം , നന്നായിരിക്കുന്നു ദേവേട്ടാ. കുറേ നാളായി താങ്കളുടെ പോസ്റ്റുകളൊന്നും കാണാറില്ലല്ലോ, ദത്തനും അമ്മയും തിരിച്ചെത്തിയതു കൊണ്ടു സമയം കിട്ടാറില്ലായിരിക്കും അല്ലേ?...

RR said...

ജി കെ ആളു കൊള്ളാലോ :)

സു | Su said...

രണ്ടാം ഭാഗവും ഇഷ്ടമായി. :)

സു | Su said...

ആദ്യത്തെ കഥ വായിച്ചപ്പോള്‍, ജി.കെ.യ്ക്ക് അടി കിട്ടുമായിരിക്കും എന്നു വിചാരിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ടു. പ്രാര്‍ത്ഥന തന്നെ. ഇവിടെ എത്തിയപ്പോള്‍ തല്ലുകൊടുത്താലേ ചില കാര്യങ്ങള്‍ നന്നാവൂ എന്ന്. ഹിഹി.

Kaithamullu said...

എന്റെ തിറുമള്‍ദേബാ, ഈ ജീക്കേ നമ്മള്‍ക്കിട്ട് തീറെ പിടി കൊടുക്കുന്നിള്ളള്ളോ...ബരട്ടെ, ഇനിയും ബരട്ടെ,രണ്ട് കണ്ണും അടച്ച് കാത്തിറിക്കും നമ്മള്‍, അപ്പോ പിടി കൊടുക്കാണ്ടിറിക്യാന്‍ വയ്ക്യോ?

അപ്പു ആദ്യാക്ഷരി said...

വായിച്ചു ദേവേട്ടാ. :-)

ഡാലി said...

ജി.കെ ഫാന്‍സ് ചേര്‍ന്ന് ജി.കെ കമ്യൂണിറ്റി തുടങ്ങേണ്ടി വരോ?:)

വേണു venu said...

വായിച്ചു. ഇഷ്ടപ്പെട്ടു.:)

ദേവന്‍ said...

പ്രമോദേ, അതേ. ഞാന്‍ ഇപ്പോള്‍ ഗൂഗിള്‍ ഡോക്യുമെന്റ് ആയി എന്തെങ്കിലും അടിച്ചിടുമെന്നേ. എന്നിട്ട് ആഴ്ച്ചയില്‍ ഒരുമണിക്കൂറ് ബ്ലോഗു വായനയും. ആപ്പീസില്‍ പുതിയ പ്രോജക്റ്റണ്‌. വീട്ടില്‍ വരുന്നതേ താമസിച്ച്, വന്നാല്‍ പിന്നെ സമയവുമില്ല :)

ആര്‍ ആര്‍, സൂ, നന്ദി. അതേ തല്ലി നന്നാക്കുന്നത് പിള്ളേരെ മാത്രമല്ലെന്നാണു ജീ കെ പറയുന്നത്.

കൈതമുള്ളു ചേട്ടാ, തിരുമല മഹാദേവന്റെ ഉമ്മറത്ത് തന്നെയാണ്‌ ജീ കെ താമസിക്കുന്നത്!!
അപ്പൂ, വേണുമാഷേ, നന്ദി.
കത്യൂഷ കണ്ട ഡാലീ, ജീ കേ കമ്യൂണിറ്റി ഓര്‍ക്കുട്ടിലാണെങ്കില്‍ എനിക്കു ജോയിന്‍ ചെയ്യാന്‍ പറ്റൂല്ലാ കേട്ടോ. ഓര്‍ക്കുട്ട് ഇവിടെ ബ്ലോക്കായി.