Wednesday, July 04, 2007

ജീ കെ കഥകള്‍ 1- രോഗശുശ്രൂഷ

കുന്നിന്റെ മുകളില്‍ നിന്നും ജീ കെ തന്റെ കൈകള്‍ വീശി സൂപ്പര്‍മാനെപ്പോലെ, ഒരു സൂപ്പര്‍ പരുന്തിനെപ്പോലെ, താഴേക്ക് പറന്നു. മേലെ ആകാശം, താഴെ ഭൂമി, നടുവില്‍ അപ്പൂപ്പന്‍ താടി പോലെ പാറി നടക്കാന്‍ നല്ല രസം.
"ക്രീ...ങ്" .എന്താത്? പറക്കലിനിടയില്‍ കളസം കീറിയോ?

"ക്രീ..ങ്". നാശം, സ്വപ്നം മുറിഞ്ഞു. ജീ കെ കട്ടിലില്‍ മൂന്നാലുരുണ്ടു. ഫോണ്‍ പിന്നെയും മണിയടിച്ചു.
"ഹലോ?"
"സാറേ, ഞാന്‍ തോമാസാ."
ഏതു തോമാസ്? ആ. ഡ്രൈവര്‍ തോമാസ്. അയാള്‍ക്കെന്താ രാവിലേ? ഓ പൊന്നയ്യായെ കാണാന്‍ പോയിരിക്കുകയായിരുന്നു.

പൊന്നയ്യാ പത്തു മുപ്പതു വര്‍ഷമായി വീട്ടില്‍ ഒരു സഹായി ആയി നില്‍ക്കുന്ന ഒരു തമിഴ്‌നാട്ടുകാരനാണ്‌. പ്രായം വളരെ ആയിട്ടും മക്കളെല്ലാം നല്ല നിലയിലായിട്ടും പൊന്നയ്യാ തിരിച്ചു വീട്ടില്‍ പോകാന്‍ താല്പ്പര്യമൊന്നും കാണിക്കാതെ ഒരു കാരണവരെപ്പോലെ ജീകെയുടെ വീട്ടുകാര്യങ്ങളെല്ലാം നോക്കി നടത്തി അങ്ങനെ ജീവിച്ചു പോരുമ്പോഴാണ്‌ ഒരുദിവസം പനിയും ശര്‍ദ്ദിലുമൊക്കെയായി വീട്ടില്‍ പോകണമെന്ന് പറഞ്ഞത്. ആശുപത്രിയില്‍ കാണിക്കാമെന്ന് പറഞ്ഞപ്പോള്‍ പ്രായമേറുന്നതിന്റെയാണെന്നും കുറച്ചു ദിവസം മക്കളോടൊത്തു താമസിക്കണമെന്നും ഒരാഴ്ച്ചയില്‍ മടങ്ങി വരാമെന്നുമായി പൊന്നയ്യ. കൊടുത്ത കാശും വാങ്ങി നാഗര്‍കോവിലിലേക്ക് ഡിസ്റ്റ്രിബ്യൂഷനു പോയ ലോറിയില്‍ അയാള്‍ വീട്ടില്‍ പോയിട്ട് മാസമൊന്നാകുന്നു. അയാളുടെ വീടുവരെ ഒന്നു പോയി അസുഖം ഭേദമുണ്ടോ എന്ന് തിരക്കാന്‍ തോമാസിനോട് പറഞ്ഞിരുന്നു.

"പൊന്നയ്യായ്ക്ക് എങ്ങനെ ഉണ്ട് ?"
"അതു പറയാനാ വിളിച്ചത്. സാറേ അങ്ങോര്‍ക്ക് അസുഖം വളരെ കൂടുതലാ, സാറൊന്ന് ഇത്രടം വരണം."
ഇത്രടം നൂറ്റമ്പത് കിലോമീറ്റര്‍ ദൂരെയാണ്‌. ഉച്ച കഴിയും എത്തുമ്പോള്‍.
"അവിടെ ഏതാശുപത്രിയിലാ ആള്‍, തോമാസേ?"
"അതാ സാറു വന്നേ പറ്റൂ എന്ന് പറഞ്ഞത്. പൊന്നയ്യയെ ആശുപത്രിയില്‍ ഒന്നും കാണിച്ചിട്ടില്ല, മക്കളും കുറച്ചു ദൈവവിളിക്കാരും ചുറ്റും കൂടിയിരുന്നു പ്രാര്‍ത്ഥിക്കുവാ. നമ്മളെന്തെങ്കിലും ചെയ്തില്ലേല്‍ വീട്ടി കിടന്നയാളു ചാകും സാറേ, വേഗം വാ."
"ശരി, ഞാന്‍ ദാ ഇറങ്ങി."

പറഞ്ഞ ഇടം എത്തുന്നതിനും രണ്ടു കിലോമീറ്റര്‍ അപ്പുറം തന്നെ വഴിവക്കില്‍ കാറുമിട്ട് തോമാസ് കാത്തു നില്പ്പുണ്ടായിരുന്നു. അടുത്ത് ഒരു ബൈക്കിന്റെ പുറത്ത് ജീ കെ ബാറില്‍ "ലാ അറ്റ് ബാര്‍" പരിപാലിക്കാന്‍ നിയമിച്ച സുരേഷും ഇരിപ്പുണ്ട്.
"സുരേഷെന്താ ഇവിടെ?" ബാര്‍ തുറക്കുന്ന സമയം കഴിഞ്ഞല്ലോ, ഇയാള്‍‍ അവധിയെടുത്തോ?
"തോമാച്ചന്‍ ഫോണ്‍ ചെയ്തു വരുത്തിയതാ സാര്‍‌‍."
സുരേഷിന്റെ ആവശ്യം വരും. പൊന്നയ്യനെ ബലപ്രയോഗമില്ലാതെ വിട്ടുകിട്ടില്ല, അവരുടെ കുടുംബം ബലത്ത പെന്തക്കോസ്തുകാരാണ്‌, നാട്ടുകാരാണെങ്കില്‍ വിവരമില്ലാത്ത പാണ്ടികളും, സാറു വരാന്‍ പറഞ്ഞത് അതുകാരണമാണ്‌. നമ്മളിടപെട്ടില്ലെങ്കില്‍ ആ പാവം വയസ്സന്‍ മരുന്നു കിട്ടാതെ മരിക്കും. തോമാസ് വിശദീകരിച്ചു.

ജീ കെ പൊന്നയ്യന്റെ വീട്ടില്‍ കയറിയതും രോഗിയെ നിലത്തു കിടത്തി ചുറ്റും കൂടിയിരുന്നവര്‍ എഴുന്നേറ്റു. പൊന്നയ്യന്റെ മക്കള്‍ക്ക് ജീ കെയെ കണ്ട് പരിചയമുണ്ട്. പലപ്പോഴും പഠിപ്പിനും മറ്റും പണവും വാങ്ങിയിട്ടുണ്ട്.
"അയ്യാ വന്താച്ച്, രൊമ്പ സന്തോഷം. ഉക്കാരുങ്കെ. അയ്യാ അപ്പാവുക്ക് മേല്‍ രൊമ്പ പാശം വച്ചിരുക്കിറ ആള്‌. പ്രാര്‍ത്ഥനയില്‍ അയ്യാവോടെ ഇരുന്താ താന്‍ കടവുള്‍ അതേ കേള്‍ക്കും." ഒരു മകന്‍ മലയാളവും തമിഴുമെല്ലാം ചേര്‍ത്ത് പറഞ്ഞു.

താന്‍ പ്രാര്‍ത്ഥിക്കാന്‍ വന്നതല്ലെന്നും പൊന്നയ്യനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വന്നതാണെന്നും പറഞ്ഞതോടെ തമിഴരുടെ മട്ടു മാറി.
"അപ്പാവെ എങ്കെയും കൊണ്ടു പോക മുടിയാത്. അത് നാങ്കളോടെ തീര്‍പ്പ്. എങ്കളോടെ അപ്പാവുടെ കാര്യം നാങ്കള്‍ പാപ്പോം. നീങ്കള്‍ അതേ പറ്റി യോസിക്കവേണ്ടാം."

ജീ കെ സുരേഷിനെ നോക്കി.
"തോമാച്ചാ, അങ്ങേരെ എടുത്ത് വണ്ടിയേല്‍ കേറ്റ്. ആരാ തടയുന്നേന്ന് ഞാനൊന്ന് കാണട്ടെ." സുരേഷ് മുന്നോട്ടു കയറി നിന്നു.

"ഡായ്, വണ്ടിയേല്‍ ഏറ്റുമാടാ? നാന്‍ യാര്‍ തെരിയുമാ? ഇവങ്ക യാര്‍ തെരിയുമാ, പെരിയ സെയില്‍സ് ടാക്സ് ആഫീസര്‍. ഇവന്‍ മകന്‍ വന്ത് മിന്‍സാര എഞ്ചിനീയര്‍. "
"അവന്റമ്മേടെ ഓഫീസര്‍. വഴീന്നു മാറെടാ." സുരേഷൊന്നു തള്ളിയപ്പോഴേക്ക് തടഞ്ഞവന്‍ ആള്‍ക്കൂട്ടത്തില്‍ വീണ്‌ അപ്രത്യക്ഷമായി.

പൊന്നയ്യനെയും കൊണ്ട് രണ്ടു കാറും ഒരു ബുള്ളറ്റും മിഷന്‍ ഹോസ്പിറ്റലിലെത്തി. അവിടത്തെ ഡോക്റ്ററെ ജീ കേ ക്ക് ചെറിയ പരിചയമുണ്ട്. ആള്‍ അഡ്മിറ്റായി.

"ജീ കെ, നിങ്ങളുടെ സ്റ്റാഫിന്റെ നില ആകെ പരുങ്ങലിലാണ്‌. ഒരു രണ്ടാഴ്ച്ച മുന്നേ എങ്കിലും കിട്ടിയാല്‍ പ്രതീക്ഷക്ക് വകയുണ്ടായിരുന്നു. പ്രായവും വളരെ ഏറിയ രോഗിയല്ലേ, സംശയമാണല്ലോ."

കൂടെ നില്‍ക്കാനും മറ്റും ആളെ ഏര്‍പ്പാടാക്കി, രോഗിയെ ബലം പ്രയോഗിച്ചു ഡിസ്ച്ചാര്‍ജ്ജ് ചെയ്യിക്കാന്‍ ആരെങ്കിലും വന്നാല്‍ വഴങ്ങരുതെന്ന് നിര്‍ദ്ദേശവും കൊടുത്ത് ജീ കെ പുറത്തിറങ്ങി. വണ്ടിയൊരെണ്ണം അവിടെ തന്നെ ഇട്ടു. അത്യാവശ്യത്തിനു എവിടേക്കെങ്കിലും പോകാനോ വരാനോ ആവശ്യം വന്നേക്കും. അത്യാവശ്യം ദേഹരക്ഷ വേണ്ടിവരുമെന്ന് തോന്നിയതിനാല്‍ സുരേഷിനെയും അവിടെ നിര്‍ത്തി.

തോമാസ് ഓടിക്കുന്ന കാറില്‍ ആപ്പു വലിച്ച കപിശ്രേഷ്ഠന്റെ ഭാവത്തില്‍ ജീകേ തലയ്ക്കു കൈ കൊടുത്ത് ഇരുന്നു.
"തോമാസെ, പൊന്നയ്യന്റെ കാര്യം വളരെ സീരിയസ്സ് ആണ്‌. ആളെ കിട്ടുന്ന കാര്യം സംശയമാണെന്നാണു ഡോക്റ്റര്‍ പറയുന്നത്."
"സാറെ, മെഡിക്കല്‍ കോളെജിലോ മറ്റോ കൊണ്ടു പോകണോന്ന് ചോദിച്ചില്ലേ?"
"കൊണ്ടുപോയിട്ടും പ്രയോജനമില്ല, പിന്നെ അത്രയും യാത്രയും താങ്ങില്ല എന്നാണു പറഞ്ഞത്."
"സാറേ. നമ്മളു പെട്ടു പോകുമല്ലോ. അങ്ങോരു പോയാല്‍ സാറിനേം എന്നേം പാണ്ടികളു മിച്ചം വെച്ചേക്കില്ല. മതപ്രശ്നത്തിലല്ലേ കേറി കൈ വച്ചത്. പ്രാര്‍ത്ഥന നമ്മള്‍ തടസ്സപ്പെടുത്തിയാണു പൊന്നയ്യന്‍ മരിച്ചതെന്നേ വരൂ."
"മിണ്ടരുത്! താനൊരാളാ വെറുതേ ഇരുന്ന എന്നെ ഈ പുലിവാല്‍ പിടിപ്പിച്ചത്."

തോമാസ് പിന്നെ മിണ്ടിയില്ല. വഴിവക്കില്‍ ഒരു കുരിശ്ശടിയുടെ മുന്നില്‍ വണ്ടി നിര്‍ത്തി.
"സാറേ, നല്ലവണ്ണം പ്രാര്‍ത്ഥിച്ച് ഒരു നൂറു രൂപ ഇങ്ങു തന്നേ."
"എടോ, താനല്ലേ പറഞ്ഞത് രോഗത്തിനു പ്രാര്‍ത്ഥനയല്ല മരുന്നാണൂ വേണ്ടതെന്ന്?"
"ശവത്തില്‍ കുത്താതെ സാറേ, കാശു താ."
കൊടുത്തു.

പിന്നെ നിര്‍ത്തിയത് വെടിവച്ചാന്‍ കോവിലില്‍. ദയനീയമായി തോമാസ് വീണ്ടും കൈ നീട്ടി.
"പൊന്നയ്യാവുക്ക് രോഗശാന്തി"
അഞ്ചാറു വെടിയൊച്ച മുഴങ്ങി.

വണ്ടിയില്‍ തിരിച്ചു കയറി തോമാസ് മൊബലെടുത്തു .
"ഷഫീക്കേ, എവിടെയാടോ? ആ ഓച്ചിറയില്‍ ലോഡിറക്കി വരുവാന്നോ? വരുന്ന വഴി കടുവാത്തങ്ങള്‍ പള്ളിയില്‍ കയറി പൊന്നയ്യായ്ക്ക് രോഗശാന്തിക്ക് പൈസയിട്ടു പ്രാര്‍ത്ഥിക്കണം. ആ പൈസ ഞാന്‍ വാങ്ങിച്ചു തരാമെന്ന്... ഏതു പൊന്നയ്യായോ? താന്‍ പൊന്നയ്യാ എന്നങ്ങു പറഞ്ഞാ മതി, തങ്ങള്‍ക്ക് ആളെ മനസ്സിലാവും.."

അന്നു രാത്രി കുന്നിനു മുകളില്‍ നിന്നും താഴേക്ക് കൈ വീശി ചാടിയ ജീ കെ പറന്നില്ല. ചക്ക വെട്ടിയിട്ട പോലെ നിലത്തു വന്നു വീണു. വീണയിടത്ത് കുന്തവും വടിവാളും വെട്ടുകത്തിയുമായി കാത്തു നിന്നിരുന്ന ആയിരക്കണക്കിനു പാണ്ടികള്‍ വെളുക്കുവോളം ജീ കെയെ കൊല്ലാനിട്ടോടിച്ചു.

മാസമൊന്നു കഴിഞ്ഞാണ്‌ പൊന്നയ്യനെയും കൂട്ടി വെളുക്കെ ചിരിച്ച് തോമാസ് വീട്ടില്‍ കയറി വന്നത്. ഒരു വെളുപ്പാന്‍ കാലത്ത്.
"സാറും തോമാസും‍ എന്റെ ജീവന്‍ രക്ഷിച്ചു. പ്രാര്‍ത്ഥനയെന്നും പറഞ്ഞ് മക്കളും ധ്യാനക്കാരും കൂടി എന്നെ വീട്ടിലിട്ടിരുന്നെങ്കില്‍ ഞാന്‍ ശത്തു പോയേനെ. ദെണ്ണത്തിനു മരുന്ന് മട്ടും താന്‍ വേണം, പ്രാര്‍ത്ഥന അല്ലൈ." പൊന്നയ്യാ പ്രഖ്യാപിച്ചു.

"എന്തു പറയുന്നു തോമാസേ?" ജീ കെ ചോദിച്ചു.
"അത് പിന്നെ.. വല്യപ്പാ, രോഗത്തിനു മരുന്നു വേണം, പിന്നെ ഒക്കെ ദൈവത്തിന്റെ കയ്യിലല്ലേ, പ്രാര്‍ത്ഥനയും വേണം. താന്‍ പാതി ദൈവം പാതി എന്നൊക്കെ പറയുന്നത് ശരിയാ. ആശുപത്രിയിലെ മരുന്നും പിന്നെ മക്കളുടെയും ഞങ്ങളുടെയും ഒക്കെ പ്രാര്‍ത്ഥന ഫലിച്ചെന്നു കരുതിയാ മതി."

ജീ കെ തിരിച്ചു പോയി കിടന്നു പുതപ്പെടുത്തു മൂടി. നാളെത്രയായി സ്വൈരമായൊന്നു പറന്നു നടന്നിട്ട്.

9 comments:

RR said...

ഇഷ്ടമായി :)

അനോമണി said...

ഹെന്‍‌റെ മനുഷ്യാ...
നിങ്ങളെ കൊണ്ടു വയ്യല്ലോ!!!

ശെഫി said...

നന്നായിരിക്കുന്നു

സാല്‍ജോҐsaljo said...

കഥാകൃത്തേ!

നല്ല കഥ, നല്ല ആശയം, ഇപ്പോഴും ചിന്താഗതി മുരടിച്ചിരിക്കുന്നവര്‍ക്ക് ഒരു നല്ല കൊട്ട്. കഥയുടെ തുടക്കവും ഒടുക്കവും നല്ല പെര്‍ഫക്ഷന്‍. ഒരു നീളന്‍ നോവല്‍ ആയിക്കൂടെ.. ഇത്തിരികൂടെ വര്‍ണ്ണനകള്‍ ഒക്കെയാ‍യി പുതിയൊരെണ്ണം?

സിദ്ധാര്‍ത്ഥന്‍ said...

ജനറല്‍ നോളെജ് കഥകള്‍ എന്നാണോ വിവക്ഷ?
തുടക്കം വളരെ നന്നായി.

ചില നേരത്ത്.. said...

ജി കെ കഥകളെ ,തന്റേടി കഥകള്‍ എന്ന് വായിക്കപ്പെടാനാണ് എനിക്ക് തോന്നുന്നത്. ആളെ പറ്റി ഒന്നും വിവരിച്ചില്ലെങ്കില്‍ പോലും ഒരു തന്റേടി - മനസ്സില്‍ രൂപം കൊണ്ടു.

അശോക് said...

ജീ കെ എന്ന് കേട്ടപ്പോള്‍ ജിദ്ദു കൃഷണമൂര്‍ത്തിയുടെ കഥ വല്ലതുമായിരിക്കുമെന്ന് കരുതിയാണ്‍ വന്നത്.

കഥ ഇഷ്ടപ്പെട്ടു.

കുറുമാന്‍ said...

ജി കെ കഥ ഉഷാര്‍. പണ്ട് ഡെല്‍ഹിയില്‍ മലയാളികളായ ഒരു കൂട്ടാം അന്ധവിശ്വാസികള്‍ മഞ്ഞപിത്തം വന്ന് അവശയായി കിടന്നിരുന്ന പെണ്‍കുട്ടിയുടേ ചുറ്റും നിന്ന് കയ്യടിയും, ഡാന്‍സുമെല്ലാം ചെയ്ത് രോഗം മൂര്‍ച്ചിച്ച് കുട്ടി മരിക്കുമെന്നായപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് (ഞാനടക്കം) ഹോസ്പിറ്റലില്‍ കൊണ്ട് പോയ സംഭവം ഓര്‍മ്മ വന്നു.

ദേവന്‍ said...

ആര്‍ ആര്‍, അനോമണീ, മൂര്‍ത്തി, ശെഫി, നന്ദി.

സാല്‍ജോ, ജീ കേയുടെ കഥകളെ ഒരു സീരിയല്‍ സാഗ ആക്കിയാല്‍ കൊള്ളാമെന്ന (അതി) മോഹത്തില്‍ തുടങ്ങി വച്ചതാണേ. മെച്ചപ്പെടുത്താന്‍ ശ്രമിക്കാംസ്.

സിദ്ധൂ, ഈസോപ്പ് കഥകള്‍ പോലെ ജീ കെയുടെ പഴങ്കഥകളും ഗുണപാഠകഥകള്‍ പോലെ ആണ്‌ ഞാന്‍ കേട്ടിരിക്കുന്നത്. മിക്കവാറും എന്തെങ്കിലും ഒരു ഡിസ്കഷന്‍ നടക്കുമ്പോള്‍ ആരെങ്കിലും "ഇതിപ്പോ ഈ ജീ കെ (+ സാറ്‌, ചേട്ടന്‍, അണ്ണന്‍,മാമന്‍ ) പണ്ടു ചെയ്തതുപോലെ എന്ന് ഫ്ലാഷ് ബാക്ക് ആയി വരുന്നതാണ്‌.

ഇബ്രൂ, "പോവെ പോവെ" (ക്രെഡിറ്റ് ജഗതിക്ക്) ഒരു പിക്‌ചര്‍ വരുംസ്.

അശോക് ജീ, ജിദ്ദു കൃഷ്ണമൂര്‍ത്തി, തന്തൈ പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ എന്നിവരെ വലിയ ഇഷ്ടമണ്‌ എനിക്കും (യോജിക്കുന്നതുകൊണ്ടെന്ന് പറഞ്ഞുകൂടാ, അവരുടെ ചിന്തകള്‍ അത്രയും വ്യക്തമായി പറഞ്ഞതുകൊണ്ട്) പക്ഷേ അവരെ കഥാപാത്രങ്ങളാക്കാനുള്ള ആമ്പിയര്‍ എനിക്കായിട്ടില്ല!

കുറുമാനേ, പ്രാര്‍ത്ഥന കഥകള്‍ കേള്‍ക്കുമ്പോള്‍ ഒരു ഓഷോ കഥയാണ്‌ ഓര്‍മ്മവരുന്നത്.
ഒരു സ്ഥലത്ത് വെള്ളപ്പൊക്കം ഉണ്ടായി. ആളുകള്‍ രക്ഷപെടാന്‍ പല വഴി ഓടി. ഒരു ദൃഢവിശ്വാസി മാത്രം വീട്ടില്‍ ഇരുന്നു. തന്നെ ദൈവം രക്ഷിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

വെള്ളം പൊങ്ങി തുടങ്ങി. അയാളുടെ അയല്‍ വാസികള്‍ ഒരു തോണി തുഴഞ്ഞ് ആ വഴി വന്നു, അയാളോടും കയറാന്‍ പറഞ്ഞു.
"ഞാന്‍ വരുന്നില്ല, എന്നെ ദൈവം രക്ഷിക്കും". അയല്വാസികള്‍ പോയി.
വെള്ളം വീട്ടിനകത്തേക്ക് കയറി. മൂപ്പര്‍ ടെറസില്‍ കയറി നിന്നു. ഫയര്‍ ഫോഴ്സ് ആ വഴി ബോട്ടില്‍ വന്നു. വേഗം കയറിക്കോ മനുഷ്യാ, ഇല്ലെങ്കില്‍ ചത്തു പോകും.
"ഞാന്‍ വരുന്നില്ല, എന്നെ ദൈവം രക്ഷിക്കും". ബോട്ട് പോയി.

ടെറസില്‍ അയാളുടെ കഴുത്തൊപ്പം വെള്ളം കയറി മൂടി. അപ്പോഴാണ്‌ നേവിയുടെ ഹെലിക്കോപ്റ്റര്‍ മേലേ പറന്നത്. അവര്‍ ഒരു കയറേണി താഴേക്കിട്ടുകൊടുത്തു. നമ്മുടെ പുള്ളി ഉണ്ടോ കയറുന്നു.
"ഞാന്‍ വരുന്നില്ല, എന്നെ ദൈവം രക്ഷിക്കും".
അവരും പോയി. വെള്ളം കയറിമൂടി. പറയേണ്ടതില്ലല്ലോ, ഇങ്ങേര്‍ വടിയായി.

മൂപ്പര്‍ സ്വര്‍ഗ്ഗത്തു ചെന്നു, ദൈവത്തിനെ കണ്ട് ആകെ ചൂടായി.
"ദൈവം രക്ഷിക്കുമെന്ന് വിശ്വസിച്ച എന്നെ അങ്ങ് കൈവിട്ടുകളഞ്ഞല്ലോ. ഇതാണോ വിശ്വാസികളോട് ചെയ്യേണ്ടത്?"
ദൈവം അതിലും ഭയങ്കരമായി ചൂടായി.
"ഡാ, നിന്ന് രക്ഷിക്കാന്‍ ആദ്യം ഞാന്‍ തോണി അയച്ചു, പിന്നെ ബോട്ട് അയച്ചു, അവസാനം ഹെലിക്കോപ്റ്റര്‍ വരെ അയച്ചു. നീ അതിലൊന്നും കയറാതെ ചത്തു പോയതിനു ഇപ്പോ എനിക്കായോ കുറ്റം?"