Thursday, April 12, 2007

ഹീറോയുടെ പേന 3/3

ഭാ‍ഗം ഒന്ന്
ഭാഗം രണ്ട്

പനി. ശരീരം മുഴുവന്‍ നുറുങ്ങി പോകുന്നതുപോലെ.
"നീ എന്തിനാണു ഭയന്നു വിറയ്ക്കുന്നത്‌, ഞങ്ങള്‍ നിന്നെ കൊല്ലില്ല. കീഴടങ്ങിയവരെ വധിക്കുന്ന നാണം കെട്ട പണി ഞങ്ങള്‍ക്കില്ല."
"ഭയമോ? നിന്നെയോ? " ചിരിക്കാന്‍ ശമിച്ചു.

"ഓഹോ, അപ്പോള്‍ തണുത്തിട്ടാണ്‌ ഈ വിറ, അല്ലേ? നിനക്ക്‌ ഈ തണുപ്പ്‌ പറ്റില്ല, കാരണം ഈ മഞ്ഞെല്ലാം എന്റെ സ്വത്താണ്‌, എന്റെ സ്വന്തം"

ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാന്‍ പരിശീലിച്ചതുപോലെ തടങ്കല്‍പ്പാളയം കാക്കുന്ന ചീനക്കാര്‍ തടവുകാരെ മാനസികമായി തകര്‍ക്കുന്നതിലും പ്രാവീണ്യം നേടിയവര്‍ ആയിരുന്നു. അവര്‍ സംഘടിതമായി, ആസൂത്രിതമായി അന്തേവാസികളുടെ ആത്മാഭിമാനം നശിപ്പിച്ചുകൊണ്ടേയിരുന്നു, എന്നാല്‍ അവരെ ദേഹോപദ്രവം ചെയ്യാന്‍ ശ്രമിച്ചുമില്ല.

"തന്ത്രപരമായും സാമ്പത്തികമായും തയ്യാറെടുക്കാതെ ഒരു യുദ്ധത്തിന്‌ ഇറങ്ങിത്തിരിക്കുന്നത്‌ ആത്മഹത്യാപരമാണെന്ന് ചെയര്‍മാന്‍ മാവോയുടെ റെഡ്‌ ബുക്കിലുണ്ട്‌. നിങ്ങള്‍ അതൊന്നും വായിച്ചിട്ടില്ലേ" എന്നാവും ചിലപ്പോള്‍. പിന്നെ "നിങ്ങള്‍ എത്ര മിടുക്കരായ പോരാളികളാണ്‌, എന്നിട്ടും കൊള്ളരുതാത്ത ഗവര്‍ണ്മെന്റിന്റെ താഴെയായത്‌ എന്തൊരു കഷ്ടം" എന്നാവും പിന്നീട്‌.

"അപ്പൂപ്പനെ അവര്‍ ഒരുപാട്‌ അടിച്ചോ?" ഉമ്മിണിക്ക്‌ കരച്ചില്‍ പൊട്ടാന്‍ തുടങ്ങി.

തന്നെ അവര്‍ തല്ലിയതേയില്ല. യുദ്ധത്തടവുകാരെ പീഡിപ്പിക്കരുതെന്ന്
നിര്‍ദ്ദേശമുണ്ടായിരുന്നുകാണണം, എന്നാല്‍ അത്‌ എല്ലായ്പ്പോഴും പാലിച്ചതുമില്ല.

ഒരു കൈവണ്ടിയില്‍ ചോറും കിഴങ്ങു പുഴുങ്ങിയതുമായി കയറിവന്ന കാവല്‍ക്കാരന്‍ എല്ലാവരേയും ഒന്നു ഉഴിഞ്ഞു നോക്കി.
"നിങ്ങള്‍ മഞ്ഞില്‍പ്പെട്ട് മരിക്കാന്‍ പോകുമ്പോള്‍ ഞാന്‍ രക്ഷിച്ചു. നിങ്ങള്‍ക്കു ദാഹിച്ചപ്പോള്‍ വെള്ളം തരുന്നു. തണുക്കുമ്പോള്‍ തീ തരുന്നു. വിശക്കുമ്പോള്‍ ഭക്ഷണം തരുന്നു. ഞാനാണ്‌ നിങ്ങളുടെ ദൈവം. എല്ലാവരും പറയൂ, ആരാണു ഞാന്‍?"

നീയാരാണെന്നു ഞാന്‍ പറയാം. മഞ്ഞിലൂടെയുള്ള യാത്രയില്‍ രക്തയോട്ടം മുഴുവനായി നിലച്ചുപോയതിനാല്‍ ചീഞ്ഞളിഞ്ഞു തുടങ്ങിയ കാലുകള്‍ നിലത്ത്‌ ആഞ്ഞുറപ്പിച്ച്‌ മാത്തുക്കുട്ടി എഴുന്നേറ്റു.
"നീ ഒരു കുണ്ടന്‍. നിന്റെ അച്ഛന്‍ ഒരു ഷണ്ഡന്‍. നിന്റെ അമ്മയും പെങ്ങളും ഭൂലോക വേശ്യകള്‍. നിന്റെ സഹോദരന്‍ കൂട്ടിക്കൊടുപ്പുകാരന്‍."

ഓക്കുമരത്തിന്റെ കാതല്‍ കൊണ്ടു തീര്‍ത്ത റൈഫിള്‍ സ്റ്റോക്ക്‌ മുഖത്താഞ്ഞു പതിച്ചപ്പോള്‍ ഒരു കവിള്‍ ചോരയ്ക്കൊപ്പം മാത്തുക്കുട്ടിയുടെ പല്ലുകളും തെറിച്ചു വീണു.

മിസ്സിംഗ്‌ ഇന്‍ ആക്ഷന്‍. യുദ്ധഭൂവില്‍ നിന്നും കാണാതായി, എന്നാല്‍ മൃതദേഹം കണ്ടെടുക്കപ്പെട്ടിട്ടില്ല, ശത്രുപക്ഷം തടവുകാരാക്കിയവരുടെ പട്ടികയിലും പേരു വന്നിട്ടില്ല. കമ്പി കൈപ്പറ്റിയ ദിനം മുതല്‍ അവരുടെ ആയുസ്സിന്റെ അവസാനം വരെ പീരുമേട്ടിലെ ഒരു വൃദ്ധ ദമ്പതികള്‍ മാത്തുക്കുട്ടിയുടെ വരവിനായി എന്നും പ്രാര്‍ത്ഥിച്ചു. പിന്നെ അയാളെ ആരും ഓര്‍ക്കാതെയായി. അമര്‍ ജവാന്‍ ദീപത്തിനു പോലും ഭാഗാവകാശമില്ലാത്ത മിസ്സിംഗ്‌ മെന്‍ ലിസ്റ്റിലെ വെറുമൊരു പേര്‍-മാത്തുക്കുട്ടി.

വെടി നിര്‍ത്തല്‍ നാളെ പ്രഖ്യാപിക്കും എന്നുകാണിച്ച്‌ ചൈന അയച്ച സന്ദേശം തന്റെ ഓഫീസിലെത്തിയത്‌ അറിയാതെ പണ്ഡിറ്റ്ജി ഇന്ത്യയുടെ സുരക്ഷ അപകടത്തിലാണെന്നും ബംഗാള്‍ ഉള്‍ക്കടലിലേക്ക്‌ ഒരു വിമാനവാഹിനിക്കപ്പല്‍ അയച്ച്‌ സഹായിക്കണമെന്നും അമേരിക്കക്ക്‌ സന്ദേശമെഴുതി. അടുത്ത ദിവസം നേരത്തേ അറിയച്ചതുപോലെ തന്നെ തങ്ങള്‍ ഏകപക്ഷീയമായി വെടി നിറുത്തുന്നെന്നും കീഴടക്കിയ മേഖലകളില്‍ എഴുപതു ശതമാനം നിരുപാധികമായി ഇന്ത്യക്ക്‌ തിരിച്ചു നല്‍കുന്നെന്നും പ്രഖ്യാപിച്ച്‌ ചൌ എന്‍ ലായ്‌ യുദ്ധത്തിലെ നേട്ടത്തിനും മേലേ അന്താരാഷ്ട്ര പ്രതിഛായ ഉയര്‍ത്തുന്നതിലും വിജയം നേടി. എന്നാല്‍ ഇന്ത്യക്കു കൈവിട്ടുപോയ മുപ്പതു ശതമാനം സ്വിറ്റ്‌സര്‍ലന്‍ഡിനോളം വലിപ്പവും ഭംഗിയുമുള്ള ഒരു ഭൂപ്രദേശമായിരുന്നു.

എന്നാല്‍ യുദ്ധത്തടവുകാര്‍ ഇതൊന്നുമറിഞ്ഞില്ല. പക്ഷേ തങ്ങളോടുള്ള സമീപനം പെട്ടെന്നു മൃദുവായതില്‍ നിന്നും യുദ്ധം അവസാനിച്ചെന്ന് അവരൂഹിച്ചു. മാസങ്ങള്‍ കടന്നുപോകും തോറും ക്യാമ്പിലെ തടവുകാരും കാവല്‍ക്കാരും സൌഹൃദമെന്നു തന്നെ പറയാവുന്ന ഒരു ബന്ധത്തിലേക്ക്‌ കൂടുതല്‍ നീങ്ങി.

ചൈനീസ്‌ റെഡ്‌ ക്രോസ്‌ ആദ്യമായി ക്യാമ്പിലെത്തി സുഖവിവരങ്ങള്‍ തിരക്കിയ ദിവസം രാത്രി ഒരു പാറാവുകാരന്‍ അടുത്തു വന്നിരുന്നു.
"എന്താണു നിന്റെ പേര്‍?"
"നാണപ്പന്‍"
"ഞാന്‍ ചാങ്ങ്‌. എന്റെ നാടിനു മകൌ എന്നു പറയും"
"എന്റെ നാടിനു കേരളം എന്നും."
"എനിക്കു ഭാര്യയും ഒരു മകളും ഉണ്ട്‌"
"എനിക്ക്‌ രണ്ട്‌ ആണ്‍കുട്ടികള്‍, പത്തും എട്ടും വയസ്സ്‌"
കുറേ നേരം അവര്‍ സംസാരിച്ചില്ല. പിന്നെ ചാങ്ങ്‌ ശബ്ദം താഴ്ത്തി പറഞ്ഞു.
"നാളെ നിങ്ങളെയെല്ലാം അതിര്‍ത്തി കടത്തി ഇന്ത്യക്കു കൈമാറുകയാണ്‌"
നിലത്തേക്ക്‌ തല കുനിച്ച്‌ ഇരിക്കുന്ന അവന്റെ കൈ പിടിച്ച്‌ കണ്ണുകളിലേക്ക്‌ നോക്കി.
"എനിക്കു നിന്നോട്‌ ഒരു ദേഷ്യവുമില്ല ചാങ്ങ്‌. നീ നിന്റെ ജോലി ചെയ്തു. ഞാനും അതു തന്നെ ചെയ്തു."

അടുത്ത ദിവസം രാവിലെ റെഡ്‌ ക്രോസ്‌ എല്ലാവരോടും സന്തോഷവാര്‍ത്ത അറിയിച്ചു.

ചാങ്ങ്‌ ഒരു തുണിക്കെട്ട്‌ തന്നു. അവന്‍ ഉപയോഗിച്ചിരുന്നതാണ്‌, എങ്കിലും വിലകൂടിയ ഒരു കമ്പിളിപ്പുതപ്പ്‌. പിന്നെ ഒരു തൂവാലപ്പൊതിയില്‍ വഴിയാത്രയില്‍ കഴിക്കാന്‍ ചോറും കിഴങ്ങും ഒരു മുഴുവന്‍ കോഴി വറുത്തതും. ഒരുപക്ഷേ ക്യാമ്പ്‌ ഡ്യൂട്ടി കഴിഞ്ഞതിനു അവനു കിട്ടിയ വിരുന്നായിരിക്കണം പൊതിഞ്ഞെടുത്തു തന്നത്‌. നന്ദി പറഞ്ഞു നടക്കാന്‍ തുടങ്ങുമ്പൊള്‍ ചാങ്ങ്‌ ഒപ്പം നടന്നുകൊണ്ട്‌ രഹസ്യമായി രണ്ടു പേനകള്‍ ഉടുപ്പില്‍ കുത്തിത്തന്നു "ഇതു നിന്റെ മക്കള്‍ക്ക്‌ ഹീറോയുടെ പേന"

റെഡ്‌ ക്രോസ്‌ വാനുകള്‍ പുതിയ അതിര്‍ത്തിയായ ലൈന്‍ ഓഫ്‌ ആക്ച്വല്‍ കണ്ട്രോളില്‍ എത്തിയപ്പോള്‍ ചൈനീസ്‌ പട്ടാളം തടവുകാരെ ഇന്ത്യന്‍ പട്ടാളത്തെ ഏല്‍പ്പിച്ചു പരസ്പരം അഭിവാദ്യം ചെയ്ത്‌ പിരിഞ്ഞു. ആചാരവെടികള്‍ മുഴങ്ങിയില്ല, പതാകകള്‍ പുളഞ്ഞില്ല. തോറ്റവര്‍, പിടിക്കപ്പെട്ടവര്‍, ശത്രുവിന്റെ കൂടെ അജ്ഞാതവാസം കഴിഞ്ഞു വന്നവര്‍.

"നീയൊന്നും കൂറുമാറി ചാരന്മാരായിട്ടല്ലല്ലോ വരവ്‌?" എന്ന പുച്ഛം നിറഞ്ഞ ചോദ്യമെറിഞ്ഞ്‌ ഒരോഫീസര്‍ അവരെ സ്വീകരിച്ചു. രണ്ടു പേര്‍ പിടിച്ചു മാറ്റി നിര്‍ത്തി ശരീരമാകെ തപ്പി നോക്കി.
"ആഹാ ഇവന്‍ ചൈനയില്‍ നിന്നും നമുക്ക്‌ സമ്മാനം കൊണ്ടുവന്നിട്ടുണ്ട്‌" പരിഹാസച്ചിരിയോടെ ഒരുത്തന്‍ കമ്പിളി പിടിച്ചു വാങ്ങി മേശമേല്‍ വച്ചുകൊണ്ടു പറഞ്ഞു.
"പിന്നങ്ങനെയല്ലാതെ, ദൂരയാത്ര കഴിഞ്ഞു വരികയല്ലേ, എന്തെങ്കിലും വാങ്ങി വരാതെയിരിക്കുമോ." രണ്ടാമന്‍ പേനകള്‍ ഊരിയെടുത്ത്‌ അതിലൊന്ന് ഒന്നാമനു ദാനം ചെയ്തു.

ഇതും നിങ്ങള്‍ എടുത്തോളൂ. കോഴി വറുത്തതും ചോറും അവര്‍ക്കു നീട്ടി.

"പുതപ്പ്‌ അവരെടുത്തോട്ടെ, അവിടെ തണുപ്പല്ലേ. പക്ഷേ പേനകള്‍ അപ്പൂപ്പന്‍ ഹീറോ ആയതുകൊണ്ട്‌ ചൈനീസ്‌ ആര്‍മി കൊടുത്തതല്ലേ, ഹൌ കാന്‍ ദേ സ്റ്റീല്‍ ഇറ്റ്‌?" കൊച്ചുപൊടിയനു അരിശം കയറി.

"എടാ, ഹീറോയുടെ പേനയെന്നുവച്ചാല്‍ ഒരു ബ്രാന്‍ഡ്‌ ആണ്‌, പാര്‍ക്കറിന്റെ പെന്‍ എന്നു പറയുമ്പോലെ, അല്ലാതെ അപ്പൂപ്പന്‍ ഹീറോ ആയതുകൊണ്ട്‌ കിട്ടിയ ട്രോഫി എന്നല്ല." ചേട്ടന്‍ അനുജനെ തിരുത്തി.

"എന്നാലും അതെന്തിനാ എടുത്തേ അവര്‍. അതപ്പൂപ്പന്റെ മക്കള്‍ക്കുള്ളതല്ലേ." ഉമ്മിണിമോള്‍ക്ക്‌ വീണ്ടും കരച്ചില്‍ വന്നു.

ഗര്‍ഭപാത്രം ശക്തിയായി സങ്കോചിച്ചപ്പോള്‍ കൊക്കിണി ഞരക്കം പോലെ ഒരു ശബ്ദമുണ്ടാക്കി. എന്നിട്ട്‌ അക്ഷമയായി കുളമ്പ്‌ നിലത്തിട്ടടിച്ചു.
"മക്കള്‍ ഇനി ഇവിടെ നിന്നുകൂടാ, വേഗം വീട്ടില്‍ പോയിക്കോളൂ" നാണൂച്ചാര്‍ കസേരയില്‍ നിന്നെഴുന്നേറ്റ്‌ ഒരു ബീഡി കൂടി കൊളുത്തി.

28 comments:

ദേവന്‍ said...

ശൂരത്വവും ഭീരുത്വവും ക്രൂരതയും കരുണയും സ്വാര്‍ത്ഥതയും സഹാനുഭൂതിയുമെല്ലാം ഒരു ശരാശരി മനുഷ്യനില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മാറിമാറി തെളിയുന്ന സ്വഭാവവിശേഷങ്ങള്‍ മാത്രമാണ്‌. ഹീറോയുടെ പേന എന്ന കുറിപ്പ്‌ ഇവിടെ അവസാനിക്കുന്നു.

അരവിന്ദ് :: aravind said...

വളരെ നന്നായിരിക്കുന്നു ദേവ്‌ജീ....
എഴുത്തിന്റെ ശൈലി വണ്‍‌ ഇന്‍ എ മില്യണ്‍ സംഗതി ആണ് ട്ടോ.

Unknown said...

ദേവേട്ടാ, യുദ്ധം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് ലെബനാന്‍ യുദ്ധമാണെങ്കിലും പണ്ട് ഓര്‍ത്തിരുന്നത് ബര്‍ണാഡ് ഷായുടെ ചോക്ലേറ്റ് ക്രീം സോളിജര്‍ ആയിരുന്നു. യുദ്ധമുഖ്ത്ത് നിന്നും യുദ്ധം ചെയ്ത് ജീവന്‍ കളയുന്നത് വിഡ്ഡീകളാണെന്നും പറഞ്ഞ് ശത്രു രാജ്യത്തെ ഒരു പെണ്ണീന്റെ കിടപ്പുമുറീയില്‍ ഒളിച്ചു താമസിക്കുന്ന പട്ടാളക്കാരന്‍. എനിക്കും ആ അഭിപ്രായം തന്നെ യുദ്ധത്തിലെ ധീരത ആപേക്ഷികമാണ്.

ഇവിടെ യുദ്ധത്തിനിടയ്ക്ക് ഒത്തിരി ഒത്തിരി കാര്യങ്ങള്‍ കണ്ടു. അതില്‍ മറക്കാന്‍ പറ്റാതെ ഇരുന്ന് ഒരു കാര്യം ഈ പട്ടാളകാരുടെ മൃതദേഹം കൊണ്ടു വരുന്നതാണ്. വാര്‍ ഫീല്‍ഡില്‍ നിന്നും നേരിട്ട് സെമിത്തേരിയിലേയ്ക്കാ‍ണ്.വീട്ടിലൊന്നും കൊണ്ട് പോകില്ല. ദിവസം 2 വച്ചെങ്കിലും കാണും. ഒരു ദിവസം ട്രാഫിക് നിയന്ത്രിക്കുന്ന കണ്ടപ്പോഴേ മനസ്സിലായി ദേ ഒരാളു കൂടി എന്ന്. പെട്ടെന്ന് തൊട്ടടുത്ത് ഒരു വിമ്മി കരച്ചില്‍. പട്ടാള കാറുകള്‍ കടന്ന് പോകുന്ന വരെ ഒരു സ്ത്രീ അവിടെ നിന്ന് കരഞ്ഞു. അതു കഴിഞ്ഞ് നടന്നോട് കരഞ്ഞു. അവരുടെ മകനും പട്ടാളത്തില്‍ ആയിരിക്കും. യുദ്ധം എന്നു കേട്ടാല്‍ ആ സ്ത്രീടെ മുഖം പിന്നെ മായില്ല.

ഓണ്‍: കഴിഞ്ഞ ദിവസം വീട്ടില്‍ പുത്തനൊരു ഹീറൊ പേന കണ്ടു. ജെല്‍ പേനകളുടെ കുത്തൊഴുക്കില്‍ ആരും ഉപയോഗിക്കതെ പുത്തനായി തന്നെ കിടന്ന ഒരുവന്‍. അതില്‍ എഴുതിയിരിക്കുന്നു “മെയ്ഡ് ഇന്‍ ചൈന“ അപ്പോ ഈ ഹീറോയുടേ യുഗം ഞാന്‍ ഓര്‍ത്തിരുന്നു. ഇന്നു ഒരു സ്പീക്കര്‍ വാങ്ങാന്‍ പോയപ്പോള്‍ ഞാന്‍ പറഞ്ഞു. “മെയ്ഡ് ഇന്‍ ചൈന“ ഒഴിവാക്കിയേക്കൂ!.

പുള്ളി said...

ദേവേട്ടാ, വ്യത്യസ്തമായ കുറിപ്പ്. അഭിനന്ദനങള്‍.

ഒടുക്കം നാണൂച്ചാര്‍ തിരിച്ചെത്തുമ്പോള്‍ പശ്ചാത്തലത്തില്‍ ‘ബന്ധുവാര് ശത്രുവാര്...” എന്ന ഗാനം.
ഓ. ടോ:വിജയിക്കാതെത്തിയ ആര്‍ക്കാണ് നാം വരവേല്‍പ്പു കൊടുത്തിട്ടുള്ളത്? ക്രിക്കറ്റ് ടീമിനോ? വിറ്റു പെറുക്കി വിസയെടുത്ത് പറ്റിയ്ക്കപ്പെട്ട് ജയിലില്‍‌കഴിഞ്ഞ് പൊതുമാപ്പ് കിട്ടി നാട്ടിലേയ്ക്ക് തിരിച്ചെത്തിയ പാവത്തിനോ? സ്വന്തം രാജ്യത്തിനായി പൊരുതി യുദ്ധതടവുകാരനാക്കപ്പെട്ട നാണൂച്ചാര്‍ക്കോ?
നാമെപ്പോഴും വിജയികളുടെ ഒപ്പമാണ്.

അലിഫ് /alif said...

ദേവന്‍ മാഷേ, മൂന്ന് ഭാഗവും വായിച്ച ശേഷം കമന്‍റിടാന്‍ കാത്തിരിക്കുവായിരുന്നു. പക്ഷെ എന്തെഴുതും, അതാണിപ്പോളത്തെ പ്രശ്നം. ഈയടുത്തിടെ വായിച്ച് വ്യത്യസ്ഥമായൊരു കുറിപ്പ് എന്നൊക്കെ എഴുതിയാലത് മൊത്തം എന്‍റെ വികാരമാവില്ല. മനസ്സിലെവിടേയൊക്കെയോ ഓര്‍മ്മകള്‍ പൂക്കുന്ന പട്ടാളകഥകളുടെ ഉറവിടം ഞാന്‍ തേടുന്നത് കഴിഞ്ഞുപോയൊരു പട്ടാളക്കാരന്‍റെ മകന്‍ ആയതിനാലാവുമോ?!. എന്തായാലും എനിക്കെന്‍റെ ബാല്യത്തിലേക്ക്, ആ കഥകള്‍ കേട്ടുറങ്ങിയ രാവുകളിലേക്ക് ഒരു പ്രയാണമായി ഈ കുറിപ്പുകള്‍. നന്ദി, ആശംസകളും.

Anonymous said...

സുന്ദരം സുന്ദരം സുന്ദരം

കാളിയമ്പി said...

ദേവേട്ടാ..
ഒന്നുമെഴുതാന്‍ തോന്നുന്നില്ല..

വായിച്ചിട്ട് മനസ്സില്‍ ഒരു തരം നിറവ്..

പുറത്ത് നല്ല വെളിച്ചം..പൂക്കളൊക്കെ തണുവിന്റെ പേടി മാറി തലപൊക്കിത്തുടങ്ങി..

ഞാനൊന്ന് നടക്കാന്‍ പോകുന്നു:)

വേണു venu said...

ശ്രീ.ദേവരാജന് മൂന്നു ഭാഗവും വായിച്ചു. നല്ല ഭാഷ. വേറിട്ടു നില്‍ക്കുന്ന ശൈലി
നാണുച്ചാരുടെ കൊച്ചുമക്കള്‍ക്കൊപ്പം തന്നെ കഥ കേട്ടു. യുദ്ധം.യുദ്ധത്തിനു് ഒറ്റ തത്വശാസ്ത്രമേ ഉള്ളൂ. യുദ്ധ്ത്തിന്‍റെ മാത്രം.
സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മാറിമാറി തെളിയുന്ന സ്വഭാവവിശേഷങ്ങള്‍ ശരിക്കും അറിയാന്‍ കഴിയുന്നതു് യുദ്ധ മേഖലയിലാണെന്നു തോന്നുന്നു.
“വഴിയിലൊരു പഴത്തിനോ കിഴങ്ങിനോ മാനത്തു നിന്നും വന്നു വീഴുന്നൊരു പൊതിക്കോ ഒക്കെ ആയിരുന്നു ആദ്യം ആഗ്രഹം. പിന്നെയത്‌ ഒരിലയനക്കം കാണാനായി. ഒരു മനുഷ്യജീവി- ശത്രുവായാല്‍ പോലും മുന്നില്‍ വരാന്‍ കൊതിച്ച്‌“
ജീവിക്കാനുള്ള മനുഷ്യന്‍റെ സ്ഥായിയായ ത്വരയില്‍ ശൂരനും ഭീരുവും ജനിക്കുന്നു. യുധക്കളത്തില്‍ മസ്തിഷ്ക്ക പ്രക്ഷാളനം ചെയ്യപ്പെട്ട മനുഷ്യന്‍ ചെയ്യുന്നതു് താങ്കള്‍ തന്മയത്വമായി എഴുതിയിരിക്കുന്നു, ഇങ്ങനെ: “ദൂരെ കുന്നിന്‍ പുറത്ത്‌ പ്രത്യക്ഷപ്പെട്ട കാക്കി വേഷക്കാരെ കണ്ടപ്പോള്‍ യാന്ത്രികമായി നാണുവും ബയണറ്റ്‌ നീട്ടി മുന്നോട്ടു കുതിച്ചു. ഓടിയടുത്തെന്നാണു കരുതിയത്‌, എന്നാല്‍ വെറുതേ കുറച്ചടികള്‍ നടന്നു കുഴഞ്ഞു വീഴുകയായിരുന്നു. “
യുദ്ധ്ത്തിന്‍റെ ഭീകരത വരികളിലൂടെ വരച്ചു് കാണിച്ചിരിക്കുന്നു.
പാകിസ്ഥാന്‍ യുദ്ധത്തിലെ മിസ്സിംഗ്‌ മെന്‍ ലിസ്റ്റിലെ വെറുമൊരു പേരായി മാറിയ-സ്വന്തം ഭര്‍ത്താവിനെ ഇന്നും കാത്തിരിക്കുന്ന മീസ്സിസ്സു്.ദമയന്തി അഗര്‍വാള്‍ എന്‍റെ അയല്‍ക്കാരിയാണു്.
പാകിസ്ഥാന്‍ ജയിലില്‍ ഇന്നും അദ്ധേഹം ജീവിച്ചിരിപ്പുണ്ടെന്നും , മധുവിധു കഴിഞ്ഞു് യുദ്ധത്തിലേയ്ക്കു് പോയ മേജര്‍ എല്. കെ.അഗര്‍‍വാളിനെ ഈ 75, ം വയസ്സിലും ശുഭാപ്തി വിശ്വാസത്തോടെ അവര്‍‍ കാത്തിരിക്കുന്നു. അനുമോദനങ്ങള്‍.:)
ഓ.ടോ.ഒന്നാം ഭാഗം വായിച്ചു കഴിഞ്ഞപ്പോള്‍‍ ഒരു സംശയം തോന്നിയിരുന്നു. തലക്കെട്ടൂ് ഹീറോയുടെ പേന എങ്ങനെ വന്നു എന്നു്.മൂന്നാം ഭാഗം വായിച്ചു കഴിഞ്ഞപ്പോള്‍‍‍ മനസ്സിലായി.പകരം വേറൊരു തലക്കെട്ടില്ലെന്നു്.

sandoz said...

മൂന്നു ഭാഗവും ഒരുമിച്ചാണു വായിച്ചത്‌.......

ദേവേട്ടന്റെ കുറിപ്പുകള്‍ എന്നോട്‌ സംവദിക്കുന്നത്‌ മിക്കവാറും ഒരു മുഴക്കത്തോടെ ആയിരിക്കും.....ഒരു ആഘോഷത്തോടെ....

പക്ഷേ ഇവിടെ നേരേ തിരിച്ചാണു എനിക്ക്‌ തോന്നിയത്‌.......ഒരു യുദ്ധത്തിന്റെ ബഹളത്തിനിടയിലൂടെ വളരെ നിശബ്ദമായി എന്നിലേക്ക്‌ കഥ നടന്ന് കയറി.....

ദേവേട്ടാ ഇഷ്ടപ്പെട്ടു.....

സു | Su said...

അവസാനിച്ചോ?

എല്ലാം നന്നായിട്ടുണ്ട്.

RR said...

beautiful and touching വേറെ ഒന്നും പറയാനില്ല!

qw_er_ty

സാജന്‍| SAJAN said...

സാധാരണ നടപ്പാതയില്‍ നിന്നും മാറിനടക്കുന്ന ദേവീട്ടന്റെ ശൈലി ആണ്.. ഗംഭീരം..
സമ്മതീച്ചു..
:)

മനോജ് കുമാർ വട്ടക്കാട്ട് said...

യുദ്ധതടവുകാര്‍ക്ക്‌ സമുചിതമായ വരവേല്‍പ്പ്‌!

(ലജ്ജയും രോഷവും)

പ്രിയംവദ-priyamvada said...

മറ്റു പല പൊതു കാര്യങ്ങളിലും (രാഷ്ട്രീയം,വികസനം , മതം )ഉള്ള പകപിഴകളെ പട്ടി ചിന്തിക്കുമ്പോള്‍ അതിനു ഞാന്‍ മാത്രം ആല്ല്ലൊ ഉത്തരവാദി ,എന്റെ പങ്കു ഞാന്‍ നിറവേറ്റുന്നു എന്നൊക്കെ നടിച്ചു ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയുന്നു..
പക്ഷെ എന്തിനൊ വേണ്ടി..എനിക്കും കൂടി വേണ്ടി പോരാടുന്ന പട്ടാളക്കാരുടെ ജീവിതയാതന വല്ലാത്ത കുറ്റബോധം തരുന്നു..ആരുടയോ സ്വാര്‍ത്ഥത ,അധികാര കൊതി ..ഭീരുത്വം ഒക്കെറ്റിനും അവസാനം പിഴ മൂളുന്നതു നാട്ടില്‍ അവരെ കാത്തിരിക്കുന്ന ഭാര്യയോ ,അമ്മയോ,കുട്ടിയോ ഒക്കെ ഉള്ള കുടുംബം.

ഒരു ആശയകുഴപ്പവും ഇല്ലാതില്ലാ.. എന്തിനെങ്കിലും വേണ്ടി ..മതം,രാജ്യം,രാഷ്ട്രിയം എന്തുമാകട്ടെ പ്രാണന്‍ കളയാന്‍ കഴിയുന്നവര്‍ എത്ര നിസ്വാര്‍ത്ഥരായിരിക്കണം ?ഒരു നിസ്സഹായനോ വെറുമൊരു കരുവോ അല്ലെങ്കില്‍ ..സമാധാനകാംഷി എന്നതു ഒരു ഭീരുവിന്റെ സുരക്ഷകവചം മാത്രമല്ലെ..

OT വെറുതെ ചിന്തിക്കാന്‍ നഷ്ടമൊന്നുമില്ലല്ലോ?
പ്രേരണാകുറ്റം ആണു വലിയകുറ്റം, ദേവരാഗം!

Pramod.KM said...

പേനകള്‍ കട്ടെടുക്കാം.പക്ഷെ പൊള്ളുന്ന അനുഭവങ്ങള്‍ ആറ്ക്കും പിടികൊടുക്കാതെ അങ്ങനെ അങ്ങനെ.....
മാത്തുക്കുട്ടിയുടെ ദേശസ്നേഹം കണ്ട് കുളിരു കോരി.
ശക്തമായ ഒരു പ്രമേയം, അതിശക്തമായ ഒരു തൂലികയിലൂടെ പുറത്തേക്കു വന്നപ്പോള്‍ മിഴിവുറ്റതായി...

Unknown said...

മനോഹരമായി ദേവേട്ടാ.

കുതിരവട്ടന്‍ | kuthiravattan said...

:-( വളരെ വളരെ നന്നായിട്ടെഴുതിയിരിക്കുന്നു.
എനിക്കൊരു വലിയഛനുണ്ട്. പട്ടാളത്തിലായിരുന്നു. അദ്ദേഹം ഈ യുദ്ധത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഒരു തോക്കു പോലും കൈയിലില്ലാതെ ഒരു ബാച്ചിനെ യുദ്ധത്തിനയച്ച കഥ. കഥയല്ല സത്യം. പക്ഷേ അദ്ദേഹം നേരിട്ടു പറഞ്ഞതിനോളം തന്നെ ഫീല്‍ ചെയ്തു ഈ കഥ വായിച്ചപ്പോള്‍.

Inji Pennu said...

ദേവേട്ടാ
ദേവേട്ടന്‍ Flags of our Fathers കണ്ടിട്ടുണ്ടൊ? പറ്റുമെങ്കില്‍ ഒന്ന് കാണണേ. അതിലെ ഒരു കോട്ട് ഞാന്‍ ഐ എം ഡി ബീന്ന് കട്ട് ആന്റ് പേസ്റ്റ് ചെയ്യുന്നു..

I finally came to the conclusion that he maybe he was right maybe there are no such things as heroes maybe there are just people like my dad, I finally came to understand why they were so uncomfortable being called heroes. Heroes are something we create, something we need. It's a way for us to understand what is almost incomprehensible, how people could sacrifice so much for us, but for my dad and these men the risks they took, the wounds they suffered, they did that for their buddies, they may have fought for their country but they died for their friends. For the man in front for the man beside him, and if we wish to truly honor these men we should remember them the way they really were the way my dad remembered them.

ദേവന്‍ said...

അരവിന്നങ്കുട്ടീ, നന്ദി.
ഡാലി, അതേ. പട്ടാളത്തില്‍ ചേരുന്നയാള്‍ സാധാരണക്കാരന്‍ തന്നെയാണ്‌. അവന്റെ എന്തിനെന്നു ചോദിക്കാതെ കൊല്ലാനും ആര്‍ക്കു വേണ്ടി എന്നു ചോദിക്കാതെ മരിക്കാനും തയ്യാറുള്ള ഒരാള്‍ ആക്കി എടുക്കുന്നത്‌ നമ്മുടെയൊക്കെ ആവശ്യം. (ഹീറോയുടെ പേന പോലെ ചൈനക്കാരന്‍ ഇന്നു കളിപ്പാട്ട വ്യവസായം കയ്യിലൊതുക്കിക്കളഞ്ഞു!)

പുള്ളിയേ, പടിപ്പുരമാഷേ,
നമ്മള്‍ക്കുവേണ്ടി ജയിക്കാനും കൊല്ലാനുമൊക്കെ പരിശീലിപ്പിച്ച ആ സാധു ഇതു രണ്ടും ചെയ്യാതെ തിരിച്ചുവന്നതിലെ അമര്‍ഷമാവും... തോറ്റ ക്രിക്കറ്റ്‌ റ്റീമിനോടും അതു തന്നെ.

അലീഫ്‌,
നന്ദി. വളരെ സന്തോഷമായി. ഞാനും ഇത്‌ ചെറുപ്പത്തില്‍, എട്ടു പത്തു വയസ്സില്‍ കേട്ട കഥയാണ്‌.

ഗന്ധര്‍വ്വന്മാഷേ, നന്ദി

വേണുമാഷേ,
എത്രയോ അഗര്‍വാളുമാരുടെയും മാത്തുക്കുട്ടിമാരുടെയും കുടുംബം എവിടൊക്കെയോ കാത്തിരിക്കുന്നു. നന്ദി

സാന്‍ഡോസ്‌, സൂ, സാജന്‍, ആര്‍ ആര്‍, നന്ദി

പ്രിയംവദ,
അതേ . പട്ടാളക്കാരന്‍ ജയിക്കുന്നുമില്ല തോല്‍ക്കുന്നുമില്ല, അവന്‍ ജീവിക്കുകയോ മരിക്കുകയോ ചെയ്യുന്നു. ജയിക്കുന്നതും തോല്‍ക്കുന്നതും മനസ്സമാധാനം നേടുന്നതും സുരക്ഷ അനുഭവിക്കുന്നതുമെല്ലാം രാജ്യങ്ങളും അവിടത്തെ താമസക്കാരും.

പ്രമോദേ, ദില്‍ബാ, നന്ദി.

കുതിരേ, ആയുധമില്ലാതെ, തയ്യാറെടുപ്പുകളുമില്ലാതെ അടിസ്ഥാന ഗ്രൌണ്ട്‌ ജോലിയും തീര്‍ക്കാതെ അവരെ മരണക്കെണിയിലേക്ക്‌
തള്ളിയത്‌ ഒരു പരമാബദ്ധമായിരുന്നു. പ്രധാനമായും മിലിട്ടറി ഇന്റലിജന്‍സിന്റെയും രാഷ്ട്രീയ നയത്തിന്റെയും പരാജയം. ഈ പാളിച്ചകളെക്കുറിച്ച്‌ യുദ്ധത്തിനു മുന്‍ നിരയിലുണ്ടായിരുന്ന കേണല്‍ ഡാല്‍വി എഴുതിയ "ഹിമാലയന്‍ ബ്ലണ്ഡര്‍" എന്ന പുസ്തകം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതുമാണ്‌ (ഞാന്‍ വായിച്ചിട്ടില്ല)

എന്നിട്ടും ഇന്ത്യന്‍ പട്ടാളത്തിന്റെ ഏറ്റവും വലിയ ധീരതാ പ്രദര്‍ശനങ്ങള്‍ പലതും നമുക്കവിടെ കാണാനായി...

ഇഞ്ചീ,
ആ പടം ഞാന്‍ കണ്ടിട്ടില്ല, കിട്ടിയാല്‍ കാണാം.

കുട്ടിച്ചാത്തന്‍ said...

നല്ല ക.. കഥയല്ലല്ലോ നടന്ന സംഭവം അല്ലേ?

എതിരന്‍ കതിരവന്‍ said...

ദേവന്‍:

ഒന്നാന്തരം കഥ/കാര്യം. വായിക്കാന്‍ പറ്റിയതില്‍ സന്തോഷം.
ഇറാകില്‍ നിന്നും മുറിവേറ്റും അംഗഭംഗം വന്നും വെറ്റെറന്‍സ് ആശുപത്രിയില്‍ക്കിടക്കുന്നവരെ കാണാന്‍ ആരും ചെല്ലുന്നില്ലെന്നും നിങ്ങള്‍ക്കു പോയി ആശ്വസിപ്പിക്കാന്‍ കൂടാമോ എന്നു ചോദിച്ചുകൊണ്ടുള്ള പൊതു എഴുത്ത് ഞങ്ങള്‍ അമേരിക്കയില്‍ താമസിക്കുന്നവര്‍ക്ക് കിട്ടാറുണ്ട്.ചാകാതെ വരുന്നവര്‍ ഗവണ്മെന്റിന്‍ വലിയ ബാദ്ധ്യ്തയാണ്‍. അവര്‍ക്കുള്ള ചെലവു കൂടൂം. ചത്തവര്‍ക്ക് വീട്ടുകാര്‍ക്ക് ഒറ്റയടീക്ക് ഒരു തുക കൊടുത്താല്‍ മതി.
കൊല്ലാന്‍ പോയവര്‍ ചാകാതെ മടങ്ങിവരുമ്പോള്‍ ചാകുകയായിരുന്നു ഭേദം എന്നു തോന്നുക!ആരു കളിക്കുന്ന കളിയാണിത്?

രാജ് said...

ദേവാ, ‘ഹീറോയുടെ പേന’ ഇക്കാലമത്രയും ഞാന്‍ വായിച്ചിരിക്കുന്ന ചെറുകഥകളില്‍ മികച്ച ഒന്ന്. ഇന്തോ-ചൈന യുദ്ധത്തിനെ കുറിച്ചു ദേവന്‍ പറയുമ്പോഴെല്ലാം എനിക്കൊരുതരം ‘പിടിച്ചുലയ്ക്കല്‍’ അനുഭവപ്പെട്ടിരുന്നു. നന്നായി കഥ പറയുന്നവര്‍ ആ കഥയെ സാക്ഷാത്കരിക്കാറില്ലെന്ന് എവിടെയോ വായിച്ചിരുന്നു, ഒരു പക്ഷെ ദേവന്റെ കാര്യത്തില്‍ ഞാനതു തെറ്റാണെന്ന് തന്നെ പറഞ്ഞു പോകും.

മറ്റൊരാളുടെ ഒരു കമന്റുപോലും വായിക്കാതെ ഒരു കഥ വായിക്കുന്നതിന്റെ സുഖം വേറെയാണുട്ടോ കൂട്ടരെ, ഗൂഗിള്‍ റീഡറിനു സ്തുതി.

ഗുരുസാഗരം വായിച്ചിട്ടില്ലാത്തവര്‍ യുദ്ധത്തിനെ കുറിച്ചു വിജയന്റെ ഭാഷ്യവും ഒന്ന് വായിച്ചിരിക്കേണ്ടതാണ്.

evuraan said...

ദേവഗുരോ,

വന്ദനം.

തൊടുന്ന കഥ. എന്നും ഓര്‍മ്മയില്‍ തിളങ്ങന്നതും.

അങ്ങയില്‍ ബ്ലോഗാസക്തി ഇനിയും കൂടുതല്‍ ശക്തിയായി വളരട്ടെ എന്നു മാത്രം വളരെ സ്വാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

ദേവന്‍ said...

കുട്ടിച്ചാത്താ, നന്ദി . അതേ, കഥയല്ല, നടന്ന സംഭവങ്ങള്‍ ഒരു വൃദ്ധന്‍ എന്നോടു പറഞ്ഞത്‌ . ഒരുപാടുണ്ടായിരുന്നതില്‍ എനിക്ക്‌ ആര്‍മി ഡീക്ലാസ്സിഫൈഡ്‌ ഫയലുകളിലും മറ്റും തപ്പി കണ്ടെത്താന്‍ ആയതു മാത്രം അരിച്ചു പോസ്റ്റാക്കി.

എതിരാ,
താങ്ക്യൂ, അമേരിക്കയില്‍ അംഗഭംഗം വന്നു ജീവിക്കുന്ന പട്ടാളക്കാരന്‍ എന്നു പറഞ്ഞപ്പോള്‍ എന്തോ ഫോറസ്റ്റ്‌ ഗമ്പിലെ ഡാന്‍ ടെയിലറെ ഓര്‍ത്തു- ഒരു ദാരുണ കഥാപാത്രമൊന്നുമല്ലെങ്കിലും.

രാജേ,
ഹെന്റമ്മോ! അത്രക്കൊന്നുമില്ല.
രണ്ടും എഴുതിയ കാലത്തിന്റെ വത്യാസം മാറ്റിയാല്‍ ഗുരുസാഗരം അവതരണത്തിലെ ലാളിത്യത്തിലും വിഷയത്തിന്റെ കെട്ടുറപ്പിലും ഖസാക്കിനെക്കാള്‍ മുകളിലാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്‌.

എവൂരാന്‍ ഗുരോ,
നന്ദി. ദത്തനെത്തിയാല്‍ ബ്ലോഗ്ഗിംഗ്‌ - പ്രധാനമായും കമന്റിംഗ്‌ കുറയ്ക്കേണ്ടിവരും, എന്നാലും പോസ്റ്റുകള്‍ മുടക്കാന്‍ യാതൊരുവിധ ഉദ്ദേശവുമില്ല. ആത്മാര്‍ത്ഥമായി ഞാന്‍ വധശ്രമങ്ങള്‍ മുന്നോട്ടു തന്നെ കൊണ്ടുപോകും :)

കൈയൊപ്പ്‌ said...

മനോഹരമായ അവതരണം...

ഇപ്പോഴാണു വായിച്ചത് എന്നത് എന്റെ അപരാധം!

simy nazareth said...

നല്ല കഥ. നല്ല എഴുത്ത്. ഇഷ്ടപ്പെട്ടു.

Anonymous said...

ഇപ്പോ ഫേസ്ബുക്ക്‌ ലിങ്കീപ്പിടിച്ച്‌ വന്ന് വായിച്ചു. ദേവൻ എഴുത്തും ഞാൻ വായനയും നിറുത്തിയത്‌ കഷ്ടമായിപ്പോയി 😟

Anonymous said...

❤️👍