Tuesday, April 10, 2007

ഹീറോയുടെ പേന 2/3

ചെഡോങ്ങില്‍ സ്വന്തം ചെക്ക്‌ പോസ്റ്റിലേക്ക്‌ പോയ അസ്സാം റൈഫിളിന്റെ പീരങ്കിപ്പട ക്യാപ്റ്റന്‍ രവി ഐപ്പ്‌ വെടിയേറ്റു തെറിച്ചു വീഴുന്നത്‌ കണ്ട്‌ തരിച്ചു പോയി. ഫോര്‍വേഡ്‌ ചെക്ക്‌ പോസ്റ്റുകള്‍ മിക്കതും ചീനക്കാര്‍ പിടിച്ചടക്കിയത്‌ അസ്സാം റൈഫിളുകള്‍ പോലും അറിഞ്ഞിരുന്നില്ല. പീരങ്കികളും യന്ത്രത്തോക്കുകളും നിറച്ച വാഹനങ്ങളുമായി മേഖലയാകെ കയ്യേറിയ ചൈനീസ്‌ പട്ടാളത്തിനു മുന്നില്‍ എണ്ണത്തില്‍ പോലും പിടിച്ചു നില്‍ക്കാന്‍ തണുപ്പും പട്ടിണിയും കൊണ്ട്‌ വലയുന്ന ഇന്ത്യന്‍ കാലാളുകള്‍ക്ക്‌ കഴിയുമായിരുന്നില്ല.ബര്‍മ്മയെന്ന സ്വപ്നമുപേക്ഷിച്ച്‌ അവശേഷിച്ച സിഖുകാരും ഗ്രനേഡിയറുകളും പാതകള്‍ വിട്ട്‌ വെറും മഞ്ഞിലൂടെ ഭൂട്ടാനിലേക്ക്‌ നടന്നു നീങ്ങി.

പലായനം ചെയ്യുന്നവര്‍ ബാക്കിയെല്ലായിടങ്ങളിലും തങ്ങള്‍ വിജയിക്കുകയാണെന്ന് വെറുതേ വിശ്വസിച്ചു. സത്യത്തില്‍ ചുഷൂലില്‍ ചൈനക്കു കനത്ത നാശനഷ്ടമുണ്ടാക്കിയ കുമയൂണുകളും മഹറുകളുമൊഴികെ എല്ലാവരും മരിച്ചു വീഴുകയോ മുറിവേറ്റും അല്ലാതെയും പിടിക്കപ്പെടുകയോ പിന്നാക്കം പായുകയോ ആയിരുന്നു. കീഴടങ്ങാന്‍ കൂട്ടാക്കാതെ പഞ്ചാബികളും രജപുത്രരും മദ്രാസികളും ദോഗ്രകളുമൊക്കെ "അവസാന ബുള്ളറ്റ്‌ വരെ, അവസാന ശ്വാസം വരെ" എന്നലറി പിടഞ്ഞു വീണു.

മഞ്ഞ്‌, വെറും മഞ്ഞ്‌. വഴിയിലൊരു പഴത്തിനോ കിഴങ്ങിനോ മാനത്തു നിന്നും വന്നു വീഴുന്നൊരു പൊതിക്കോ ഒക്കെ ആയിരുന്നു ആദ്യം ആഗ്രഹം. പിന്നെയത്‌ ഒരിലയനക്കം കാണാനായി. ഒരു മനുഷ്യജീവി- ശത്രുവായാല്‍ പോലും മുന്നില്‍ വരാന്‍ കൊതിച്ച്‌ രാത്രിയും പകലും ഇരുട്ടിന്റെ വത്യാസം കൊണ്ടു പോലും തിരിച്ചറിയാനാവാത്ത മലമടക്കുകളിയൂടെ ഗ്രനേഡുകളില്ലാത്ത ഗ്രനേഡിയറുകളും ബയണറ്റര്‍ മാത്രമായ റൈഫിളുകാരും ഉണ്ട തീര്‍ന്ന പീരങ്കികള്‍ വഴിയിലുപേക്ഷിച്ച കാലാള്‍പ്പടയും സംഘം ചേര്‍ന്നു നടന്നു. തണുപ്പും വിശപ്പും ദാഹവും മൂലം മരിച്ചു വീണവരെ തിരിഞ്ഞു നോക്കാതെ. ഒരാഴ്ച്ചകൊണ്ട്‌ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയിട്ടും എന്തിനെന്നറിയാതെ, എന്തിലേക്കെന്നറിയാതെ അവര്‍ നടന്നും ഇഴഞ്ഞും നിരങ്ങിയും പോയിക്കൊണ്ടേയിരുന്നു.

ശത്രുതയും സ്നേഹവും വിജയവും പരാജവും ജീവിതവും മരണവും ശരിയും തെറ്റും ധൈര്യവും ഭയവുമൊക്കെ തമ്മില്‍ ഒരു ഭേദവുമില്ലാത്ത അസംബന്ധങ്ങളായി തോന്നി അവര്‍ക്ക്‌. എന്നിട്ടും ദൂരെ കുന്നിന്‍ പുറത്ത്‌ പ്രത്യക്ഷപ്പെട്ട കാക്കി വേഷക്കാരെ കണ്ടപ്പോള്‍ യാന്ത്രികമായി നാണുവും ബയണറ്റ്‌ നീട്ടി മുന്നോട്ടു കുതിച്ചു. ഓടിയടുത്തെന്നാണു കരുതിയത്‌, എന്നാല്‍ വെറുതേ കുറച്ചടികള്‍ നടന്നു കുഴഞ്ഞു വീഴുകയായിരുന്നു.

മിറ്റ്‌സുബിഷി പിക്കപ്പിന്റെ ലോഹ പ്ലാറ്റ്ഫോമില്‍ കഴിയുന്നിടത്തോളം ദേഹം അമര്‍ത്തിപ്പിടിച്ചു കമിഴ്ന്നു കിടന്നു. ചൂട്‌. സ്വര്‍ണ്ണത്തെക്കാള്‍, സ്വര്‍ഗ്ഗത്തെക്കാള്‍, വിജയത്തെക്കാള്‍ വിലയുള്ള ചൂട്‌. അത്‌ നെഞ്ചിന്‍ കൂടിലേക്ക്‌ അരിച്ചു കയറിയപ്പോള്‍ ശാസ്വകോശത്തിന്റെ അറകളിലുറഞ്ഞ പഴുപ്പ്‌ ഉരുകി മൂക്കിലൂടെയും വായിലൂടെയും തറയിലേക്കൊഴുകിപ്പോയി. ഒരു വീര്‍പ്പ്‌ ശ്വാസം നിറച്ച പ്രാണവായുവുമായി രക്തം സിരകളിലേക്ക്‌ ഇരച്ചു പാഞ്ഞു. മതി. ഇനിയൊന്നും വേണമെന്നില്ല.

അടിവാരവുമിറങ്ങി കാതങ്ങളോളം പിന്നിട്ടുകഴിഞ്ഞശേഷം തടവുകാരുടെ കൈകള്‍ നൂല്‍ക്കമ്പികള്‍ പിരിച്ച്‌ കൂട്ടിക്കെട്ടി. പിന്നെ കുടിക്കാന്‍ വെള്ളവും അവര്‍ക്കു നല്‍കി. കമ്പിമുള്ളുകൊണ്ട്‌ വേലികെട്ടിയ യന്ത്രത്തോക്കുകള്‍ സ്ഥാപിച്ച കാവല്‍മാടങ്ങളുള്ള തടങ്കല്‍ പാളയത്തില്‍ വടിവൊത്ത ഹിന്ദി സംസാരിക്കുന്നൊരു ചീനപ്പട്ടാളക്കാരന്‍ അവര്‍ക്ക്‌ സ്വാഗതമരുളി
"ആയുധവും ആരോഗ്യവും അത്മവീര്യവുമില്ലാത്ത കൊള്ളരുതാത്തവരേ, ഇന്ത്യക്കാരേ, നിങ്ങള്‍ക്ക്‌ സ്വാഗതം. ആയുസ്സിന്റെ ശിഷ്ടകാലം കോമാളികളായി ഞങ്ങളെ രസിപ്പിച്ച്‌ ഇവിടെ ജീവിക്കുക നിങ്ങള്‍."

അവന്റെ മുഖത്തു തുപ്പാനാഗ്രഹിച്ചു. പക്ഷേ അനങ്ങിയതുപോലുമില്ല. ആയുധവും ആരോഗ്യവുമില്ലാത്ത യുദ്ധത്തടവുകാരുടെ ആത്മവീര്യം പണ്ടേ കെട്ടടങ്ങിയിരുന്നു. ഖത്വാളിനോടും മല്‍ക്കിയത്‌ സിംഗിനോടും റാവുവിനോടും അസൂയ തോന്നി. പിന്നെ ഗ്രനേഡിയറുകളുടെ പോര്‍വിളി മെല്ലെ ഉരുവിട്ടു "സര്‍വ്വദാ ശക്തിശാലി"

8 comments:

ദേവന്‍ said...

ഹീറോയുടെ പേന രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ബൂലോഗര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിഷുദിനാശംസകള്‍

മനോജ് കുമാർ വട്ടക്കാട്ട് said...

യുദ്ധമുഖത്തേയ്ക്‌ തള്ളിയിടപ്പെടുന്ന പട്ടാളക്കാരന്റെ ഗതികേടിന്റെ ബലത്തില്‍ നാം സുഖമായുറങ്ങുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
പട്ടാളക്കഥകള് മുക്കാല്‍ ഭാഗോം പൊങ്ങച്ചം എന്ന വിശ്വാസം മാറുന്നോന്നൊരു സംശയം?

ഇതൊരു ഒപ്പ് മാത്രാണേ.ഇവിടെ ഒന്നും പറയാന്‍ പോലും തോന്നുന്നീല്ല.

Unknown said...

നന്നായിട്ടുണ്ട് ദേവേട്ടാ. കോപ്പിറൈറ്റില്ലാത്ത ചൈനീസ് പൊത്തകം കൂടി നോക്കട്ടെ കൂടുതല്‍ ഉള്‍ക്കാഴ്ചയ്ക്ക്. :)

പുള്ളി said...

വായിച്ചു. അടുത്തതിനായി കാത്തിരിയ്ക്കുന്നു. മിലിട്ടറിയായാലും സിവിലിയനായലും പ്രാണവായുവിന്റെയും ഭക്ഷണത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും വില ഈ എഴുതിയ ക്രമത്തില്‍തന്നെ.
വിഷു ആശംസകള്‍!

സാജന്‍| SAJAN said...

ഇതും നന്നായിട്ടുണ്ട്

ദേവന്‍ said...

അതെ പടിപ്പുര, സമൂഹമെന്ന വന്യമൃഗം പട്ടാളക്കാരനെ ട്രെഞ്ചിലേക്കും മൈന്‍ഫീല്‍ഡിലേക്കും ഇറക്കിവിടുന്നു എന്നാണ്‌ ആനന്ദ്‌ പറയുന്നത്‌.

ദില്‍ബൂ,
ഇന്ത്യയില്‍ നിരോധിക്കപ്പെട്ട മറ്റൊരു പുസ്തകമുണ്ട്‌- കൌള്‍ ഫൌള്‍ കാണിച്ചതിന്റെ തിക്തഫലങ്ങളെക്കുറിച്ച്‌ ഇന്ത്യന്‍ ആര്‍മിയിലെ ബ്രിഗേഡിയര്‍ ഡാല്വി എഴുതിയ "ഹിമാലയന്‍ ബ്ലണ്ടര്‍" സംഭവം പക്ഷേ എന്റെ അടുക്കലില്ല. ഉണ്ടായാലും ഞാന്‍ അതില്‍ നിന്നും ഒന്നും എടുക്കില്ല.

പുള്ളി,
പട്ടാളക്കാരനും സാധാരണക്കാരന്‍ തന്നെ. അല്ലാതെയാകുന്നത്‌ അവനെ നമ്മള്‍ അങ്ങനെ വേഷം കെട്ടിക്കുമ്പോള്‍ മാത്രമാണ്‌.

കുട്ടിച്ചാത്താ, സാജന്‍, നന്ദി. അവസാനഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

അമ്പഴയ്ക്കാട്ട് ശങ്കരൻ said...

Please contribute your creative writings to malayaalam.com