Thursday, March 08, 2007

Police Story 4- മാതൃകം

"ഗാന്ധീ ഡാ , ഞാനിപ്പോ വിചാരിക്കുന്നത്‌ എനിക്ക്‌ എപ്പോഴെങ്കിലും ഭ്രാന്തു വന്നുപോയാല്‍ പിന്നെ ഒരിക്കലും സുഖമാവരുതേ എന്നാണ്‌ . ഒന്നുമില്ലെങ്കില്‍ ഭ്രാന്തു പിടിച്ചിരിക്കുന്നവനു മനസ്സിലാവുകയെങ്കിലും ഇല്ലല്ലോ ഭാര്യേം മക്കളും എഴുതി തള്ളിയെന്നും നാട്ടുകാരു വഴീലിട്ട്‌ കുരങ്ങു കളിപ്പിക്കുകയാണെന്നും. ഭേദമായാല്‍ പിന്നെ അറിഞ്ഞുകൊണ്ടുതന്നെ ഇതെല്ലാം അനുഭവിക്കണം."
രമേഷ്‌ പുതപ്പില്‍ നിന്നും തലയൊന്നുപുറത്തേക്കിട്ട്‌ പറഞ്ഞു. ഗാന്ധിയും തനിക്ക്‌ ഭ്രാന്തു വന്നാല്‍ എന്തു ചെയ്യുമെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു.

രമേഷ്‌ അന്ന് ഉച്ചക്കു പുറത്തു പോകുമ്പോള്‍ വഴിയില്‍ വെയിലത്ത്‌ ഒരു വൃദ്ധ ഇരിപ്പുണ്ടായിരുന്നു. സന്ധ്യക്കു മടങ്ങുമ്പോഴും അവര്‍ അതേ ഇരിപ്പാണെന്നു കണ്ട്‌ പോയി കാര്യങ്ങള്‍ തിരക്കി. ക്യാമ്പിനോട്‌ തൊട്ടടുത്തു നില്‍ക്കുന്ന മെന്റല്‍ ഹെല്‍ത്ത്‌ സെന്ററില്‍ നിന്നും തലേന്ന് ഡിസ്ച്ചാര്‍ജ്ജ്‌ ആയതാണ്‌ അവര്‍. രണ്ടു മൂന്നു മാസമേ ആയിട്ടുള്ളു മക്കള്‍ അവരെ അവിടെ കൊണ്ടാക്കിയിട്ട്‌ എന്ന് കേട്ടതില്‍ നിന്നും ഡിപ്രഷനോ മറ്റൊ അല്ലാതെ അവര്‍ക്ക്‌ ഭ്രാന്തൊന്നുമായിരുന്നില്ലെന്നും തോന്നി. സാധാരണ ഇങ്ങനെ സുഖപ്പെട്ടിട്ടും ആരും കൂട്ടിക്കൊണ്ടു പോകാന്‍ വരാത്തവര്‍ ശിഷ്ട ജീവിതം 'ഊളന്‍ പാറകള്‍' ആയി ഒടുക്കി തീര്‍ക്കുകയാണു പതിവ്‌. ഇവര്‍ എന്തോ, പുറത്തു വന്നു.

കുമാര്‍ ചായക്കടയില്‍ നിന്നും ചീനിയും ചിപ്പിയും വാങ്ങിക്കൊടുത്തത്‌ കഴിക്കാന്‍ അവര്‍ മടിച്ചു. നാട്ടില്‍ പോകാനുള്ള വഴിച്ചിലവ്‌ തങ്ങള്‍ നല്‍കാമെന്ന് പോലീസുകാര്‍ പറഞ്ഞപ്പോള്‍ ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. അവര്‍ക്ക്‌ നാട്ടില്‍ പോകണമെന്നില്ല. മക്കളെല്ലാം നല്ല നിലയില്‍ ജീവിക്കുന്നവരാണ്‌, തന്നെ സ്വീകരിക്കില്ല. വഴിയില്‍ കിടന്ന് മരിക്കുകയാണെങ്കില്‍ അത്‌ ആരും അറിയാത്തൊരു സ്ഥലത്തായിക്കോട്ടെ, താന്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍, താന്‍ താലോലിച്ച കുട്ടികളുടെ കല്ലേറു കൊണ്ട്‌ വേണ്ട.

ഏറെ നേരം എന്തു വേണമെന്നാലോചിച്ച്‌ എല്ലാവരും ചേര്‍ന്ന് അവരെ ക്യാന്റീന്‍ ഹെല്‍പ്പര്‍ ആയി ക്യാമ്പില്‍ നിര്‍ത്താന്‍ തീരുമാനിച്ചു. അറുപത്തഞ്ച്‌ വയസ്സുള്ള അവരോട്‌ എന്തെങ്കിലും ജോലി ചെയ്യാന്‍ പറയുന്നത്‌ കഷ്ടമാണ്‌, എങ്കിലും ക്യാമ്പിലൊരാളെ വെറുതേ താമസിപ്പിക്കാന്‍ പറ്റില്ലല്ലോ. ബന്ധുക്കളാരെങ്കിലും കൂട്ടിക്കൊണ്ടു പോകാനെത്തുംവരെ അവരെ അവിടെ നിറുത്തുന്ന കാര്യം നാടാരെക്കൊണ്ട്‌ സമ്മതിപ്പിക്കാന്‍ എളുപ്പമായിരുന്നു- വാറ്റുസംഭവത്തിനു ശേഷം ഗാന്ധി വേണ്ടെന്നു പറയുന്നതെന്തും നാടാര്‍ ചെയ്യും. വൃദ്ധയെ ക്യാന്റീനില്‍ ഒരു സൂക്ഷിപ്പുകാരിയായി നിറുത്താമെന്ന് കോണ്‍സ്റ്റാബുലറി അപേക്ഷിച്ചതും ഗാന്ധി എതിര്‍ത്തു.
"അത്‌ ശരിയാവൂല. ഒന്നാമത്‌ വയസ്സായവരാ, എന്തെങ്കിലും പറ്റിയാല്‍ നമ്മളു കറങ്ങും. പിന്നെ പഴേ അസൂം തിരിച്ചു വന്നാ ആരു സമാധാനം പറയും സാറേ?"
അത്‌ ഫലിച്ചു. അവര്‍ ക്യാമ്പ്‌ വാസിയായി.

വീടിനെക്കുറിച്ച്‌ അവരോടൊന്നും ചോദിക്കരുതെന്ന പൊതു തീരുമാനത്തിലുറച്ച്‌ ആരും അവരുടെ പേരുപോലും ചോദിച്ചില്ല. കുമാര്‍ ആ മുത്തശ്ശിക്ക്‌ അന്നത്തെ ഹിറ്റ്‌ ചിത്രത്തിലെ ബാലകഥാപാത്രതിന്റെ പേരിട്ടു - മാമാട്ടിക്കുട്ടിയമ്മ. ചിലര്‍ അത്ര നീട്ടിവിളിച്ചില്ല. കുട്ടിയമ്മയാക്കി, ചിലര്‍ കുട്ടീ എന്നും പിന്ന്നെ മംസ്‌ എന്നും അമ്മെയെന്നുമൊക്കെ വിളിച്ചു. ഒടുക്കം അമ്മയെന്ന പേരു മാത്രം നിന്നു.

ആദ്യം ക്യാന്റീനിലെ നിഴലുകളില്‍ ഒളിച്ചുകളിച്ചു അമ്മ. പിന്നെ ആഞ്ഞിലിത്തണലിലെ തമാശപ്പാട്ടുകളുടെയും മിമിക്രിത്തമാശകളുടെയൂം കേള്‍വിക്കാരിയായി, നാട്ടു വൈദ്യവും തുന്നലുമൊക്കെയായി പോലീസുകാരുടെ ചെറു പ്രശ്നങ്ങള്‍ക്ക്‌ പരിഹാരകാര്‍മ്മികയായി. പിന്നെപ്പിന്നെ ക്യാമ്പിലുള്ളവര്‍ വീടുവയ്ക്കുമ്പോഴും പെണ്ണുകാണാന്‍ പോകുമ്പോഴുമൊക്കെ അമ്മയുടെ ഉപദേശം കൂടി വാങ്ങിയേ ഇറങ്ങിത്തിരിക്കൂ എന്നായി. പുലര്‍ച്ചെ മുഴങ്ങുന്ന ബ്യൂഗിള്‍ പോലെ, ബാന്‍ഡ്‌ മാസ്റ്റര്‍ വര്‍ഗീസിന്റെ ബാഗ്‌ പൈപ്പ്‌ കച്ചേരി പോലെ, നാഴികയളന്നു മുട്ടുന്ന കിണ്ണത്തിന്റെ ഒച്ചപോലെ അമ്മ ക്യാമ്പിന്റെ സ്വന്തമായി.

നാളൊട്ടു കഴിഞ്ഞ്‌ തിരഞ്ഞെടുപ്പു കരുതല്‍ വിന്യാസം കഴിഞ്ഞ്‌ തമിഴ്‌ നാട്ടില്‍ നിന്നും കേരളത്തിലേക്കു മടങ്ങവേ ബസ്സില്‍ വച്ച്‌ നാടാര്‍ ചോദിച്ചു
"ആരെങ്കിലും ആ സ്ത്രീയുടെ കാര്യം പത്രത്തില്‍ കൊടുത്തിരുന്നോ?" താനുമായി പത്തോ പന്ത്രണ്ടോ വയസ്സുമാത്രം
വത്യാസമുണ്ടായിരുന്ന അവരെ അമ്മ എന്നു നാടാര്‍ വിളിച്ചിരുന്നില്ല. മാമാട്ടുക്കുട്ടിയമ്മ എന്ന വിളി പരിഹാസമായി തോന്നിയതിനാല്‍ അങ്ങനെയും വിളിച്ചിരുന്നില്ല.

എല്ലാവരും പരസ്പരം നോക്കി. മൂവായിരം പേരുള്ള ക്യാമ്പില്‍ നാലോ അഞ്ചോ പത്രമേ വരുന്നുള്ളു. മിക്കവരും വായിക്കാറില്ല. നാടാര്‍ പോക്കറ്റില്‍ നിന്നും ഒരു ഫാക്സ്‌ സന്ദേശം കാട്ടി. ഉള്ളടക്കമിങ്ങനെ. വാരികയില്‍ വന്ന റിപ്പോര്‍ട്ടില്‍ നിന്നും ഞങ്ങളുടെ അമ്മ .... അവിടെയുണ്ടെന്ന് അറിഞ്ഞു. ബുദ്ധിസ്ഥിരതയില്ലാത്ത സ്ത്രീയാണ്‌, എത്രയും പെട്ടെന്ന് താഴെക്കാണുന്ന വിലാസത്തില്‍ എത്തിക്കുക.... എന്ന് മക്കള്‍...

"അമ്മേടെ കാര്യം പത്രത്തില്‍ വന്നിരുന്നു. വീട്ടുകാര്‍ അങ്ങോട്ട്‌ അയക്കാന്‍ പറഞ്ഞിട്ടുണ്ട്‌, പോകണോ?" ക്യാമ്പിലെത്തിയതും രമേഷ്‌ തിരക്കി.

അവര്‍ക്കൊട്ടുമാലോചിക്കാനില്ലായിരുന്നു.
"വേണ്ടാ മോനെ. പുറത്തറിഞ്ഞ നാണക്കേടുകൊണ്ട്‌ കൂട്ടിക്കൊണ്ടു പോകാന്‍ നോക്കുന്നതാണവര്‍, ഞാന്‍ പോയാല്‍ ഒന്നുകില്‍ അവര്‍ കൊല്ലും, അല്ലെങ്കില്‍ തിരികെ ആശുപത്രിയിലാക്കും."

ഫാക്സിനു മറുപടിയൊന്നുമയക്കേണ്ടതില്ലെന്ന് നാടാര്‍ സ്വന്തം റിസ്കില്‍ തീരുമാനിച്ചു.


ആഴ്ച്ചയൊന്നു കഴിഞ്ഞ്‌ വരാന്തയില്‍ വിസിലുകളൊന്നുമില്ലാതെയുയര്‍ന്ന ബൂട്ടുകളുടെ ചടപട ഗാന്ധിയെ ഉച്ചയുറക്കത്തില്‍ നിന്നുണര്‍ത്തി. പുറത്തിറങ്ങി നോക്കുമ്പോള്‍ ഒരു കാര്‍ ഗ്രൌണ്ടില്‍ എത്തിയിട്ടുണ്ട്‌. അതില്‍ നിന്നിറങ്ങി നില്‍ക്കുന്നു ഒരു സ്ത്രീയും പുരുഷനും. ചുറ്റും കുറേ ക്യാമ്പ്‌ വാസികള്‍. കുറച്ചു മാറി വോളിബാള്‍ നെറ്റിടാന്‍ നാട്ടിയ തൂണില്‍ ചാരി തലകുനിച്ച്‌ അമ്മ നില്‍പ്പുണ്ട്‌.

"ഞങ്ങള്‍ അഡ്വക്കേറ്റിനെ കണ്ടിരുന്നു. മെന്റലി ഡിസേബിള്‍ഡ്‌ ആയ അമ്മയെ കസ്റ്റഡിയില്‍ വയ്ക്കേണ്ട ഉത്തരവാദിത്തവും അവകാശവും മക്കള്‍ക്കായതുകൊണ്ട്‌..." ആഗത പറയേണ്ടതെന്തെന്ന് അഡ്വക്കേറ്റ്‌ വ്യക്തമായി ഉപദേശിച്ചു കൊടുത്തു തന്നെ വിട്ടിരിക്കുന്നതെന്ന് സംശയമില്ല.

"ഭാ തേവിടിച്ചി, അമ്മയെ കൊണ്ടു പോകാന്‍ വന്നിരിക്കുന്നു. ഏതു സ്ഥലത്തു നിന്നാണു നീ നിയമം കൊരക്കുന്നതെന്ന് അറിയാമോ? അടിനാഭിക്കൊരു ചവിട്ടു തന്ന് കല്ലും കെട്ടി നെയ്യാര്‍ഡാമിലിട്ടാല്‍ നിന്നെയെല്ലാം മുതല പോലും കാണില്ല... " എന്നു തുടങ്ങി വളരെ നീണ്ട മറുപടി അവസാനിക്കും മുന്നേ തന്നെ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദമുയര്‍ന്നു.

അമ്മ തലയുയര്‍ത്തി നോക്കി. ആരാണതു പറഞ്ഞതെന്ന് മനസ്സിലായില്ല. എല്ലാ മുഖങ്ങളിലും അതു പറഞ്ഞെന്ന ഭാവം.
"കാറു കിടന്നിടത്ത്‌ ടയര്‍ മാര്‍ക്കു പോലും ഇല്ലല്ലോടേ." എന്ന് ഗാന്ധി വിജയം വിളംബരം ചെയ്തു.

അമ്മ പോസ്റ്റിലെ പിടിവിട്ട്‌ നിവര്‍ന്നു ദൂരെ സെന്‍ട്രി ഗേറ്റിലേക്ക്‌ നോക്കി. എന്നിട്ട്‌ ആ വാചകം ആവര്‍ത്തിച്ചു.
"തേവിടിശ്ശി. അമ്മയെ കൊണ്ടുപോകാന്‍ വന്നിരിക്കുന്നു."

8 comments:

ദേവന്‍ said...

കണ്ണൂസേ,
വീട്ടില്‍ വന്നപ്പോള്‍ തരാനൊന്നുമില്ലായിരുന്നു. ഇപ്പോഴും അതുപോലെ തന്നെയെന്നു പറയാന്‍ നാണം തോന്നിയിട്ട്‌ എടുത്തു മേശപ്പുറത്തു വയ്ക്കുന്നു ഈ ഞെക്കിപ്പഴുപ്പിച്ച പഴം.

എന്നാണാവോ "എന്നെ തുറന്നു വിടൂ" എന്നാര്‍ത്ത്‌ അക്ഷരങ്ങള്‍ വിരല്‍ത്തുമ്പിലേക്ക്‌ ഓടിയെത്തുക.

സസ്നേഹം
ദേവന്‍.

അഭയാര്‍ത്ഥി said...
This comment has been removed by the author.
അഭയാര്‍ത്ഥി said...

അതേ കൂമന്‍ പള്ളിയില്‍ ഒരു പാട്‌ പള്ളിയുറങ്ങുന്നുണ്ട്‌.
നിദ്രക്കും ജാഗരത്തിനു മിടയില്‍. കെട്ടുപൊട്ടിച്ചവ വരാതിരിക്കില്ല.
മുന്നില്‍ പണിതിട്ടുള്ള ഫാര്‍മസിയും , സ്റ്റുഡിയോവും. കൂടാതെ ആഫീസ്‌ ബ്ലോഗിംഗ്‌ എന്ന വേതാളവും താത്കാലിക തടസ്സങ്ങള്‍ തന്നെ.
വൈറ്റ്‌ ഹൗസിനടുത്ത്‌ ഫാര്‍മസി പാടില്ലെന്നും, വൈറ്റ്‌ ഹൗസില്‍ ഫോട്ടോഗ്രാഫി നിഷിദ്ധമെന്നും, ആപ്പീസിനുള്ളില്‍ നിര്‍ബന്ധമായും 2 മണിക്കൂറെങ്കിലും ബ്ലോഗണമെന്ന
നിയമവും കൊണ്ടു വന്നാല്‍ ഒരു പക്ഷേ....
ഒന്നും വേണ്ടാ അല്ലെ...
എല്ലാ നദിയും പടിഞ്ഞാട്ട്‌ എംകിലും കബനി കിഴക്കോട്ടൊഴുകുന്നുവല്ലോ.
അനനുകരണീയമായ ആ ശൈല്യില്‍ കൂമന്‍ പള്ളി പാടമാകവെ നൈതലാമപലുകളും, ചുവന്ന താമരപ്പൂക്കളും...
കരയിലെ വൈറ്റ്‌ ഹൗസും...
നമുക്ക്‌ കാക്കാം
ഗ്രാന്‍ഡില്‍ ഗ്രാന്‍ഡായി പറഞ്ഞ കണ്ണൂസെ
ഗ്രാന്‍ഡായിരിക്കുന്നില്ലെ

വിചാരം said...

ദേവേട്ടാ വായിച്ചു
നന്നായിരിക്കുന്നു പോലീസ് സ്റ്റോറി 4
ഉമ്മയുടെ കാല്‍‍പാദത്തിനടിയിലാണ സ്വര്‍ഗ്ഗമെന്ന് പഠിപ്പിച്ച തത്വസംഹിതയോടെനിക്ക് ഒത്തിരി കടപ്പാടുണ്ട് (സ്വര്‍ഗ്ഗത്തിലെനിക്ക് വിശ്വാസമില്ലെങ്കിലും )ആ വചനത്തില്‍ ആത്മാര്‍ത്ഥതയുണ്ട്

അതുല്യ said...

അമ്മമ്മാര്‍ കുട്ടികളെ വെറുക്കാതിരിയ്കട്ടെ, തിരിച്ചങ്ങോട്ടും അത്‌ പോലെ.
ഇന്ന് തമാശിയ്കാനാവില്ല.
ഈ പോസ്റ്റിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും.
തിരിച്ച്‌ പോകുന്നു.

(ഗന്ധര്‍വാ, ഷാര്‍ജയ്കല്ലേ കൊണ്ട്‌ പോണേ? ഇത്രേം വേണോ? അപ്പോ അബുദാബിയ്കെങ്ങാനുമാണേലു ലീവെടുത്ത്‌ കമന്റിയേനേ അല്ലേ? )

ദേവന്‍ said...

ഗന്ധര്‍വ്വരേ, ഹെന്റമ്മോ! നന്ദി.
വിചാരം, അതുല്യ
നന്ദി. ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരുടെ കാലം കഴിയുകയാണെന്നാണു തോന്നുന്നത്‌. ആദ്യം സമൂഹമെന്ന ബോധം പോയി. ഇപ്പോള്‍ കുടുംബമെന്ന ബോധവും ഇല്ലാതെയായി വരുന്നു. കറവമുറ്റിയ പശുവിനെ ഇറച്ചിക്കാരനു കൊടുക്കുന്ന നിര്‍വ്വികാരതയോടെ അമ്മയെ തെരുവിലിറക്കുന്ന കാലത്തിലൂടെ "ഞാന്‍" മാത്രം എന്ന ബോധത്തില്‍ സഞ്ചരിക്കുന്നവരുടെ കാലവും എത്തി.

Visala Manaskan said...

അമ്മ തലയുയര്‍ത്തി നോക്കി. ആരാണതു പറഞ്ഞതെന്ന് മനസ്സിലായില്ല. എല്ലാ മുഖങ്ങളിലും അതു പറഞ്ഞെന്ന ഭാവം.

ഇതും നന്നായി. എഴുതുവാന്‍ സമയം കണ്ടെത്തു പ്രിയ ദേവാ.

ഒരു മിനിറ്റ് മുന്‍പ് ഞാന്‍ വീണ്ടും കണ്ടുപിടിച്ച രണ്ട് സത്യങ്ങള്‍.

1. ദേവന്റെ എഴുത്ത്, സ്റ്റാന്ഡേഡ് എഴുത്ത്!
2. എന്നും മിനിമം ഗ്യാരണ്ടിയിലെഴുതുന്നവന്‍ ദേവന്‍.

ആശമ സഖാക്കള്‍

P Das said...

പഴുത്ത പ്ലാവില വീഴുമ്പോള്‍.....