മീനം രാശിയില്‍ പിറന്ന സ്ത്രീകള്‍ക്ക് സ്ത്രൈണതയും കാല്‍പ്പനികതയും പക്കുവടയില്ലായ്മയും ഒക്കെ ലേശം കൂടുതല്‍ ആണെന്ന് അമേരിക്കന്‍ ജ്യോതിഷ- മണിരത്നം ശ്രീമതി ലിന്‍ഡാ നല്ലവന്‍ എഴുതിയ പുസ്തകത്തില്‍ കണ്ടിട്ടുണ്ട്. രണ്ടു മീന്‍ ചിഹ്നം രാശ്യാധിപനായി വന്നാല്‍ ലേശമേ കൂടുതല്‍ വരുത്തുകയുള്ളെങ്കില്‍ എന്റെ പഴേ സഹപ്രവര്‍ത്തക ഭാഗ്യശ്രീ വിശ്വാമിത്രന് ചാളച്ചാകര സമയത്ത് ട്രോളിംഗ് നടത്തി മടങ്ങുന്ന ബോട്ടായിരിക്കണം നക്ഷത്ര ചൂഡാമണിയുടെ രൂപത്തില്‍, അത്രയും ലേശങ്ങളെ കൂട്ടി വച്ചാലേ ഇവളുടെ ഫെമിനിയും റോ- മാന്റിസും എത്തൂ. ഇങ്ങനെയുള്ളവരെ പരിചയമില്ലാത്തവര്‍ കരുതുന്നുണ്ടാവും ആളുകള്‍ രാവിലേ ഇവള് കയറി വരുമ്പോള്‍ പട്ടിടെ പിന്നാലെ പപ്പി പോകും പോലെ മുക്കി മൂളി പിന്നാലെ ചെല്ലുമെന്ന്. തെറ്റി. ഇതു വരുന്നതു കണ്ടാല്‍ ആളുകള്‍ കസേര വിട്ടോടും. ഒരു ചരമക്കോളം കണ്ടാല്‍ കരയുന്ന, ഒരു വണ്ടിയുടെ ടയര്‍ കീയോ വിളിച്ചാല്‍ എഴുന്നേറ്റോടുന്ന, നമ്മള് സംസാരിച്ചുകൊണ്ടു നില്ക്കുമ്പോള് ഇന്നലെ കണ്ട സിനിമയിലെ രംഗം ഓര്‍ത്ത് കണ്ണടച്ചിരുട്ടാക്കുന്ന വരവര്‍ണ്ണിനിയെ സിനിമയില്‍ കണ്ടാല്‍ ശാലീന ശാലിനിയെന്നൊക്കെ തോന്നും. എന്നാല്‍ നേരിട്ടു പരിചയമുള്ളവര്‍ക്കറിയാം ഇതു സാര്‍ക്കോപ്റ്റസ് സ്കാബൈ ആണെന്ന്. ഇവളോട് അഞ്ചു മിനുട്ട് പടയിഴകിയാല്‍ ചൊറി വന്നു പിരാന്താകും എതു 24x7 ഡ്രൂളിംഗ് വനിതാലോലുപനും.
ദുബായി ബാച്ചിക്കാലം. എന്റെ മുറിയുടെ മറ്റേ മുറിക്ക് തല്‍ക്കാല്‍ കാ അവകാശി പത്രത്താളില്‍ നിന്നും വീണു കിട്ടിയ ടെലിവിഷക്കമ്പനിക്ക് ആനിനിര്‍ന്നിമേഷന്‍ ചെയ്യുന്ന ഒരു മദ്ധ്യവയസ്കര മൂസ്സ്. പേരു മധു. ഒന്നു രണ്ട് രാത്രികളില്‍ ഉറക്കം തൂങ്ങിക്കൊണ്ട് നടത്തിയ ശകലം വാക്കാങ്കളിയുടെ പരിചയം മാത്രം. മധുവേട്ടന്റെ നാടെവിടെയാ? വീടെവിടെയാ.. ആ.
(ഹാവൂ രണ്ടു കഥാപാത്രങ്ങളേയും ഇരുന്നൂറു ബ്ലോഗ് വായനക്കാരേം ഫിനിഷ് ആക്കി ഞാന്‍, എന്തൊരു ആത്മഹര്‍ഷം.)
ഞാന്‍ വന്നിട്ട് ആദ്യത്തെ ദുബായി വാണിജ്യമഹോത്സവം. ലതൊന്നു കാണാനും റോഡ് ബ്ലോക്കില്‍ കിടക്കാനും മധുവണ്ണാച്ചിക്ക് പൂതി വന്ന്. മധുവണ്ണാച്ചീടെ കൂടെ പോകാന്‍ ദേവന് ചെക്കനും പൂതി വന്ന്. കാരണം സിമ്പിള്‍ (അല്ലാതെ ബാക്റ്റീരിയ അല്ല). അങ്ങേര്‍ക്കു വണ്ടി ഉണ്ട്, എനിക്കില്ല. ആരെങ്കിലും കരുതിയോ ഭാഗ്യശ്രീയെ ഞാന്‍ ഒപ്പം കൂട്ടിയെന്ന്? കരുതിയോ? ച്ഛേയ്. ആ റോള്‍സ് റോയിസിന്റെ ഒരു കുറിയെടുക്കാന്‍ പിരിവെടുത്ത നേരം കുമാരി “കഞ്ഞിയാണവള്‍ കല്ലല്ലിരുമ്പല്ല“ നമ്രതാ ശിരോദ്കര് ആയി എന്നോടു കുന്തം കുന്തം മന്ത്രിച്ചു " അവിടെ ശംഖില്‍ പേരു കൊത്തുന്ന ആളുകള്‍ ഉണ്ട്. അവരെക്കൊണ്ട് എനിക്കൊരെണ്ണം".. ബാക്കി മംബ്ലിങ്ങില്‍ നിമജ്ഞമായിപ്പോയി. ( ബാക്കി തിരിഞ്ഞില്ല എന്നു പറഞ്ഞാലും മതി, പക്ഷേ എനിക്കു ബുജിയാകണ്ടേ.)
മധു ചന്ദ്രികയുടെ പറക്കും തളികയില്‍ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഞങ്ങളെത്തി. എന്തൊരു ഫെസ്റ്റിവല്‍. ആനമയിലൊട്ടകം, ഹാന്‍ഡി ക്രാഫ്റ്റ്. ഹാന്‍ഡില്‍ ഡ്രാഫ്റ്റ് ഉള്ളവനു എന്തെല്ലാം ചെയ്യാം അവിടെ.
പലേ നാടുകളിലെ പവിലിയണ്‍ പിന്നോട്ട് തള്ളി ഞാനും മധുവും മുന്നേറുമ്പോള്‍ അതാ കടന്നുവരുന്നു ശംഖു കട. കടയിലിരുന്നു ശംഖു കടയുന്നു ശംഖുവരയന്‍ കഴുത്തുള്ള ഒരമ്മായി. അവര്‍ക്കു ചുറ്റും ഓര്‍ഡറുമായി ഒരാള്‍ വീതമുള്ള ഇരുന്നൂറു ക്യൂവായി കസ്റ്റമേര്‍സ് നിന്ന് കടച്ചിലിനു ആവേശം പകരുന്നു. ശ്രീക്കു ഭാഗ്യം ഉണ്ടെങ്കില്‍ ഇതിനിടയില്‍ തള്ളിക്കേറി ഒരെണ്ണം തരാക്കാന്‍ എനിക്കും കഴിഞ്ഞേക്കാം.
വഴിയില്‍ തട്ടിക്കൂട്ടിയ ടെമ്പന്‍ പബ്ലിക്ക് ബൂത്തില്‍ തലകടത്തി അവളെ വിളിച്ച് ആരുടെ പേരാണു ശംഖില്‍ വേണ്ടതെന്ന് തിരക്കി.
"ദേവന്, എനിക്കു പേരല്ല വേണ്ടത്. മൈ ഡാര്‍ലിംഗ്, ഐ ലവ് യൂ എന്നാ. എന്റെ ബോയ് ഫ്രണ്ടിനു ഒരു സര്‍പ്രൈസ് കൊടുക്കാന്‍".
ഫോണിലൂടെ കൊഞ്ചലില്‍ ചാലിച്ച പാരയായി ഒലിച്ചൊലിച്ചു വന്ന ഉത്തരം ഭഗദത്തന്റെയോ മറ്റോ നേരേ വന്ന അമ്പുപോലെ വന്നു തൊട്ട ചെവി മുതല്‍ എല്ലാം തകര്‍ത്ത് എങ്ങാണ്ടൂടൊക്കെ കറങ്ങി പണ്ടം പണ്ടാരടക്കി എന്റെ ശരീരം വിട്ട് ബഹളത്തില്‍ ലയിച്ചു. ഇക്കണ്ട പുരുഷാരത്തിനു നടുക്കു നിന്ന് ഞാന്‍ ഇക്കിളവിയോട് "ഡാര്‍ലിംഗ് ഐ..." കടവുളേ, കട കണ്ടെന്നു പറയും മുന്നേ ഭാഗ്യശ്രീയോട് എന്താ എഴുതേണ്ടതെന്ന് ചോദിക്കാനുള്ള ബോധം എനിക്കു തരാഞ്ഞതെന്തേ.
കണി കണിശമായി വരിയളന്നു നാട്ടിയ സോഡിയം വേപ്പര്‍ ലാമ്പുകള്‍ കൊച്ചമ്മ ക്ലബ്ബിലെ തിരുവാതിര പോലെ ഒരടുക്കും ചിട്ടയുമില്ലാതെ എനിക്കു ചുറ്റും കറങ്ങാന്‍ തുടങ്ങി. ഞാന്‍ ഒരു ചെറ്റ..... മറച്ച കൂരയില്‍ ഇരുന്നു.
"മധുച്ചേട്ടാ, പേനയുണ്ടോ?"
" പെട്ടെന്നിപ്പന്തിനാടോ ഉവ്വേ പേനാ?"
"ശംഖില്‍ കൊത്തിക്കാനുള്ള മാറ്റര്‍ കൊടുക്കാനാ."
"അതു പറഞ്ഞാല്‍ മതിയെടോ. എല്ലാരുമതാണല്ലോ ചെയ്യുന്നത്"
"ഹ. ഇതങ്ങനെ ഉറക്കെപ്പറയാന്‍ പറ്റുന്ന കാര്യമല്ല."
"ശംഖിലെന്നാത്തിനാ തെറിയെഴുതുന്നത്? കൂടോത്രം വല്ലോം ആന്നോ??"
"തെറിയല്ലെന്ന്. ഐ ലവ് യൂ ഡാര്‍ലിംഗ് എന്ന് എഴുതിക്കണം. ഞാനതെങ്ങനെ.."
"മനസ്സിലായി. ഇത്രയും കട കണ്ടിട്ടും ഒരു മൈന്‍ഡുമില്ലാതെ വിട്ട നീ പെട്ടെന്ന് ഇവിടെ വടവുന്നത് കണ്ടപ്പോഴേ മനസ്സിലായി നീ ആള് ആന്റിസോഷ്യല്‍ ആണെന്ന്."
"ആന്റി സോഷ്യലോ?"
"ആ. നീ ആന്റിമാരെ കണ്ടാല്‍ ഉടനേ സോഷ്യല്‍ ആകുന്ന ടൈപ്പ് ആണെന്ന്. അമ്മാമ്മേ കൊണ്ട് അവന്റെ ഒരു ഐ ലവ് യൂ എഴുതിക്കല്‍."
" പൊന്നു മധുച്ചേട്ടാ. ഞാന്‍ അപ്പീസില് വച്ച് ഏറ്റുപോയ കുരിശ്ശാണിത്. മാറ്റര്‍ ഇതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അപ്പോഴേ ഒഴിഞ്ഞുകളഞ്ഞേനെ."
ഒരു കംബോഡിയന്‍ കടയില്‍ നിന്നും തടിയില്‍ കൊത്തുപണി ചെയ്ത് വൃത്തികേടാക്കിയ ഒരു പേന വാങ്ങി. ചുണ്ടക്കാ കാല്‍പ്പണം, ചുമട്ടു കൂലി മുക്കാപ്പണം, പേന ഇരുപത്തഞ്ചു പണം. വഴിയില്‍ നിന്നും കിട്ടിയ നോട്ടീസില്‍ മാറ്ററെഴുതി. ഇവിടെ ഒരു ബീര്‍ പാര്‍ളര്‍ ഉണ്ടായിരുന്നെങ്കില്‍, ഡച്ച്
കറേജിന്.
കുറിപ്പടിയും പണവും തൈപ്പൂയക്കാവടിക്കിളവിക്കു കൈമാറി. മാറി നില്ക്കാന് ഭാവിക്കുമ്പോള്‍ അവര്‍ ക്രോസ്സ് തുടങ്ങി. ശംഖ് തിരഞ്ഞെടുക്കൂ, ഫോണ്ട് തിരഞ്ഞെടുക്കൂ... എനിക്കു മേലാ. ആളുകള്‍ തുറിച്ചു നോക്കുമ്പോലെ.
"നിങ്ങള്‍ക്ക് ഇഷ്ടമുള്ള ശംഖില്‍ തോന്നിയപടി എഴുതിന്" ഞാന്‍ പറഞ്ഞു.
"അതെന്താ?" അമ്മായിക്ക് അതും അറിയണം.
"അതു പിന്നെ... ഹം..ഇതെനിക്കല്ല.. സുഹൃത്തിനു കൊടുക്കാനാ"
എനിക്ക് എന്താ പറ്റിയതെന്നറിയില്ല. "ഈ" ഞാന്‍ ഉദ്ദേശിച്ചിരുന്നോ. ഈയുടെ കൈ ചൂണ്ടലും ഉദ്ദേശിച്ചിരുന്നോ. ഞാന്‍ ചൂണ്ടിയ "ഈ"യുടെ നേര്‍ക്കു തിരിഞ്ഞവരെല്ലാം കണ്ടത് വേഗം നടന്നു പോകുന്ന മധുച്ചേട്ടന്റെ പിറകുവശം ആണ്.
ശംഖും പൊതിഞ്ഞു വാങ്ങി ഒരു ലക്ഷം ആളുകള്‍ക്കിടയില്‍ ബാഷ്പമായ മധുവിനെ പൊതിരെ പരതി ഞാന്‍. പുള്ളിയുടേത് ഒഴികെ ബാക്കി എല്ലാത്തരം പൊടികളും പാറുന്നത് കാണാനും ശ്വസിക്കാനും ആയി.
ഒടുക്കം കിട്ടി. സ്വന്തം വണ്ടിയില്‍ ചാരി നിന്ന് സിഗററ്റ് പുകച്ചു തള്ളുന്നുണ്ട്. എന്നെക്കണ്ട് കുറ്റി നിലത്തിട്ട് ആഞ്ഞ് അഞ്ചാറു ചവിട്ടി കെടുത്തിയെങ്കിലും പുള്ളി പിന്നെയും പുകഞ്ഞു:
"നീയെനിക്ക് ഐ ലവ് യൂ എഴുതിച്ചുതരും അല്ലേഡാ?"
Sunday, November 05, 2006
Subscribe to:
Post Comments (Atom)
20 comments:
[പീ ജി വോഡൌസിന്റെ ആരാധകരെല്ലാം ജീവിതത്തില്‍ എപ്പോഴെങ്കിലും അറിഞ്ഞോ അറിയാതെയോ ആ രീതി അനുകരിച്ച് ഒരുവരിയെങ്കിലും എഴുതുംഎന്നാണു വയ്പിന്.
സാക്ഷാല്‍ വി കെ എന്‍ " she drinks like a School of Fish- അവള് ഒരു മത്സ്യവിദ്യാലയം പോലെ കുടിക്കുന്നു" എന്നൊക്കെ പലപ്പോഴായി ക്രെഡിറ്റിയ കൃത്യം ‘കാതികനും ഗായകനുമല്ലാത്തത്തത്ത എതിയ കതാകാതന്‘ ദേവനും ചെയ്യാനൊരു പൂതി. പഴകിപ്പുളിച്ച ഓര്‍മ്മകളില്‍ വാനില എസ്സന്‍സും ചേര്‍ത്ത് തട്ടിക്കൂട്ടിയ
ഇപ്പോസ്റ്റിന്റെ ഒന്നു രണ്ടു മൂന്നു വരികളില്‍ ആ മഹാനു ഉരുപ്പടിയുടെ ശൈലി സ്വതന്ത്ര തോന്ന്യാസിയായി അനുകരിച്ച് ഞാനും ഇതാ ആ ആ കണക്കില്‍ കയറാനൊരു ...]
ഇതിനു തേങ്ങ എന്റെ വക.
*
"ആ. നീ ആന്റിമാരെ കണ്ടാല്‍ ഉടനേ സോഷ്യല്‍ ആകുന്ന ടൈപ്പ് ആണെന്ന്"
അതു കലക്കീട്ടോ
*
വെറുതേ തെറ്റിദ്ധരിക്കപ്പെട്ടൂ അല്ലേ... (അതോ ഞാന്‍ ഈ പൊസ്റ്റിന്യാണോ തെറ്റിദ്ധരിച്ചത്...)
:-)
ഹാഹാ ഈ മധുവണ്ണന്‍ ആള് കൊള്ളാമല്ലോ, ഈ റ്റൈപ്പ് റൂംമേറ്റിനെ ഒന്നെടുക്കാനുണ്ടോ ഷാര്‍ജാ പ്രവിശ്യയില്‍?
രാവിലേതന്നെ ചിരിപ്പിച്ചു....:)
(തലവാചകം കണ്ടപ്പോള്‍ തോന്നിയതു..... ഇതെന്തുപറ്റി ആശാനു )
പെരിങ്ങോടരു പറഞ്ഞോണം, ഒരെണ്ണം എടുക്കാനുണ്ടാവുമോ?
മനുഷ്യനെക്കൊണ്ട് മിനിമം മുന്ന് തവണയെങ്കിലും പോസ്റ്റ് വായിപ്പിച്ചേ അടങ്ങൂ ല്ലേ?
:)
ഹി ഹി ഹി. എന്നാലും പാവം മധുവേട്ടന്. “ഈ” കൊണ്ട് കുടുക്കിലായി.
ആ ഭാഗ്യശ്രീയ്ക്ക് ഇത് ആര്‍ക്ക് കൊടുക്കാന്‍ ആയിരുന്നു? ;)
രണ്ടു പ്രാവശ്യം വായിക്കേണ്ടിവന്നു ദേവേട്ടാ ---
ഇക്കണ്ട പുരുഷാരത്തിനു നടുക്കു നിന്ന് ഞാന്‍ ഇക്കിളവിയോട് "ഡാര്‍ലിംഗ് ഐ... പറഞ്ഞില്ലാല്ലോ, ഭാഗ്യം.......അല്ലേലിപ്പോ???
ദേവം
ഒരു “താത്പര്യമുള്ളവര്‍ കൈപൊക്ക്” ക്ലബ് ഉണ്ടാക്കാനുള്ള ശ്രമമാണോ..? ;-).
പെരിങോടന് കക്ഷം ചൊറിയുകയാണെന്ന വ്യാജേന മറുകൈ പൊക്കിപിടിച്ചിട്ടുണ്ട് !! :-D
ഹ ഹ ഹ ദേവേട്ടാ ഇത് കലക്കി.
ഹാഹഹ!
എന്താ എഴുത്ത് ദേവ് ജീ.....ഗംഭീരം എന്നു പറഞ്ഞാല്‍ കുറയും.
വാക്കുകള്‍ കൊണ്ട് അമ്മാനമാടാന്‍ ഇവിടെ ദേവ്ജിയെ കഴിഞ്ഞേയുള്ളു ആരും.
മജസ്റ്റിക് പോസ്റ്റ്.
എന്തൊരു എഴുത്താണിത് ദേവേട്ടാ.. വാക്കുകളുടെ അനിര്ഗ്ഗളത.. കലക്കന്‍ പോസ്റ്റ്.
ദേവ്ജി,
അതി സുന്ദരമായ എഴുത്ത്,5 H.P യുടെ പമ്പില്‍ നിന്നും വെള്ളം വരുന്ന പോലെയല്ലെ വാക്കുകള്‍ പ്രവഹിക്കുന്നത്.
അടിപൊളി ദേവേട്ടാ.
ദേവേട്ടാ,
എന്താ ആ ചിന്തകളുടെ ഒരു ഫ്ലോ... കലക്കി.
ആന്റി-സോഷ്യല്‍ അല്ലേ? :-)
ആന്റിസോഷ്യല്‍ ബാചില് ഓര്‍മ്മകള്‍ കലക്കി, മധുവണ്ണന്‍ തന്നെ സ്റ്റാറ്.കൊത്തുപണിചെയ്ത് വൃത്തികേടാക്കിയ ആ ‘തടിയന്’ പേന ഇപ്പോഴുമുണ്ടോ?
ദേവേട്ടാ, കിടിലന്‍!
ആന്റി സോഷ്യല്‍ കലക്കി!
“ലിന്‍ഡാ നല്ലാണ്“ അല്ലേ?
ദേവന്‍സ്,
നന്നായിട്ടുണ്ട്.
ദിവാ,
തേങ്ങക്കു നന്ദി. പോസ്റ്റല്ല ഞാന്‍ തന്നെയാണു തെറ്റിദ്ധരൊക്കപ്പെട്ടത്.
പെരിങ്ങോടവിശാലമനസ്കരേ,
എന്തിനാ മധുവണ്ണനെ? ഐ ലവ് യൂ എഴുതിക്കൊടുക്കാനാ? നമ്മടെ ചന്തുവും കൂട്ടരും ഒറ്റപ്പോക്കു പോകാന്‍ പോകുന്നതുപോലെ റ്റീവിയില്‍ കുറേ ചാനല്‍ തുടങ്ങിയ നേരം മധു നാട്ടില്‍ കേറിപ്പോയി.
സു,
ഞാന്‍ ചോദിച്ചില്ല. ഇനി എനിക്കെങ്ങാന്‍ തന്നാലോ? അക്കാലത്ത് പെണ്ണന്വേഷിക്കുകയായിരുന്നു എന്നത് ശരി. പക്ഷേ സൌന്ദര്യമുള്ള എന്തിനേം കെട്ടുമെങ്കില്‍ ഞാന്‍ ഒരു മഴവില്ലിനു താലികെട്ടിയേനെ.
കുറുമാനേ
അതു പറഞ്ഞില്ല, പക്ഷേ മധുവിനോട് പറഞ്ഞ എഫക്റ്റ് ഉണ്ടായില്ലേ. ഇതില്‍ക്കൂടുതല്‍ എന്തു പറ്റാനാ.
മറിയം,
അയ്യയ്യേ ഞാന്‍ "സ്ട്രെയിറ്റ്" ഫോര്‍വേര്‍ഡാ. (ബൂലോഗത്തുണ്ടോ ഇപ്പോഴും?)
അലിഫേ,
ആ പേന ഇപ്പോഴും ഉണ്ട്. എന്റെ ജീവിതത്തില്‍ ആദ്യമായി ഒരാള്‍ക്ക് ഐ ലവ് യു എഴുതിയ പേനയല്ലേ (കൊല്ലത്തു പോകുമ്പോള്‍ ഫോട്ടോ പിടി നടത്താന്‍ മറക്കണ്ടാ)
പട്ടേരി, ബാബുമാഷ്, ഇത്തിരി, അരവീ, മേനോനേ, സുല്ലേ, ദില്‍ബാ കലേഷേ, സാന്‍ഡോസ് (പഴേ കാത്സ്യം സാന്‍ഡോസിന്റെ ഓര്‍മ്മ) നന്ദി.
:)
‘ഞാന്‍ ഒരു ചെറ്റ.........മറച്ച കൂരയില്‍ ഇരുന്നു’. നര്‍മ്മം അസ്സലായിരിക്കുന്നു. എന്നാലും പാവം മധുചേട്ടനു അവസാനം ഒരു i love you എഴുതി കിട്ടി.
ഞാന്‍ ബ്ലോഗില്‍ ഹരിശ്രീ കുറിക്കുന്നേ ഉള്ളു. ദേവേട്ടന്റെ എഴുത്തുകള്‍ പിടിച്ചിരുത്തി എന്നെ ഇവിടെ.
Post a Comment