"എടാ ഒന്നു വിളിച്ചു പറയെടാ മൂങ്ങേ, അല്ലെങ്കില്‍ ചാണകമല്ല സബ്ജിയാണു വില്‍ക്കാന്‍ നിരത്തി വച്ചിരിക്കുന്നതെന്ന് ഇരുട്ടത്ത് ആളുകള്‍ അറിയില്ല. ഒരു മണ്ണെണ വിളക്കു വാങ്ങരുതോ നീ?"ഇറച്ചി വെട്ടുകാരന്‍ പീര്‍മുഹമ്മദിന്റെ ഉപദേശം.
മഹേഷിനു സമാധാനമായി. താനെന്നാണു പുതിനയും മേത്തിയും കച്ചവടം തുടങ്ങിയതെന്ന് അന്വേഷിച്ചില്ല. അതിലത്ഭുതവുമില്ല. മഹേശ്വര ക്ഷേത്ര നടയില്‍ നിന്നും തന്നെ കണ്ടെത്തിയ മുത്തശ്ശിയോടൊപ്പം ലോട്ടറിക്കച്ചവടം തുടങ്ങിയതാണ് നടന്നു തുടങ്ങിയ പ്രായത്തില്‍. പിന്നെ ലോറി കഴുകുന്ന പണി ചെയ്തു, ഹോട്ടലില്‍ വിളമ്പുകാരനായി, ഈ മുക്കില്‍ തന്നെ ഇളനീരു കച്ചവടം തുടങ്ങി...എന്തെല്ലാം ചെയ്തു.
ഇരുട്ടായിട്ടും തെരുവുവിളക്കുകള്‍ തെളിഞ്ഞിട്ടില്ല. "ഞാന്‍ കണ്ടിട്ടുള്ള എല്ലാ നാടിനും വൈദ്യുതി നല്‍കുന്നത് നമ്മുടെ മുന്നിലെ ഡാം ആണ്. പക്ഷേ നമുക്കിരുട്ടേയുള്ളു. പ്രതിഷേധിക്കണം, സമരം ചെയ്യണം" ഭത്ര പണ്ട് കമ്പനിപ്പടിക്കല്‍ പ്രസംഗിക്കാറുണ്ടായിരുന്നു. അവന്റെ പാര്‍ട്ടി ഭരണത്തിലായതില്‍ പിന്നെ ആ പ്രസംഗമില്ല. "ഞാന്‍ പറഞ്ഞാല്‍ വലിയവര്‍ കേള്‍ക്കില്ല" എന്നൊരു നിരാശപുരണ്ട ഒഴിവുമാത്രം. ഇപ്പോള്‍ രാഷ്ട്രീയവുമില്ല.
ഭത്രയാണ് ആദ്യം ഇതിനു തയ്യാറായതും. പക്ഷേ അവന് അമ്മയുണ്ട്, ഭാര്യയും കുഞ്ഞുമുണ്ട്. ഇവന്‍ ഓടിക്കളഞ്ഞാല്‍ അവരെന്തു ചെയ്യും. തനിക്കു ഇട്ടിട്ടോടാന്‍ ഈ തെരുവു മാത്രമേയുള്ളു. ദൂരെയേതെങ്കിലും നഗരത്തില്‍ എന്തെങ്കിലും പണി ചെയ്ത് കാലം കഴിക്കാന്‍ ബുദ്ധിമുട്ടു വരില്ലായിരിക്കും. നൂറ്റിമുപ്പത് രൂപയുണ്ട് കയ്യില്‍. ഇപ്പോള് ഇലകള്‍ വിറ്റു കിട്ടുന്നതും നേരേ ഡ്രോയറിന്റെ പോക്കറ്റിലിടുകയാണ്. അതൊരു പതിനഞ്ചെങ്കിലും കാണാതിരിക്കില്ല.
താനാണ് ഭത്രയെ ആദ്യം നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചതും. ഇന്നലെ ശ്രീപതി, ഇന്നു നാരു. അവന്‍ പോയാല്‍ നാളെ മറ്റൊരാള്‍. കൊന്നിട്ടെന്തു നേടാന്‍.
"ഇന്നലെ ശ്രീപതിയെ ആരും കൊന്നില്ല, അതുകൊണ്ട് ഇന്ന് നാരുവുണ്ടായി. അവനെ ഒടുക്കിയാല്‍ പിന്നെ ആരും ധൈര്യപ്പെടില്ല. ഇനി ആരെങ്കിലും ഉണ്ടായാല്‍ തന്നെ അവന്‍ കൊള്ളക്കാരെപ്പോലെ മാന്യനായിരിക്കും." ഭത്രക്കുറപ്പുണ്ട്. കൊള്ളക്കാരോട് ഗ്രാമീണര്‍ക്ക് ശത്രുതയൊന്നുമില്ല. അവര്‍ കാടുകളില്‍ താമസിച്ച് വലിയ പണക്കാരെ ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടു പോയും പണമുണ്ടാക്കുന്നു. ഗ്രാമവാസികളെ ഉപദ്രവിച്ചു കിട്ടുന്ന ചെറു മുതലിലൊന്നും അവര്‍ക്കു താല്‍പ്പര്യമില്ല. ഗ്രാമത്തില്‍ വരാറുതന്നെയില്ല.
നാരു തന്നെ ദ്രോഹിച്ചിട്ടില്ല. അവനു വേണ്ടതൊന്നും- പൊന്നും പെണ്ണും പണവുമൊന്നും തന്റെ പക്കലില്ല. ഒരിക്കല്‍ വെറുതേ തല്ലിയിട്ടുണ്ട്. അതിപ്പോള്‍ ചന്തയിലിരിക്കുന്നവരെ പോലീസും വെറുതേ തല്ലാറില്ലേ.
പക്ഷേ സഹിക്കാനാവുന്നില്ല. ഗ്രാമത്തിലാര്‍ക്കും ആര്‍ക്കും പുറത്തിറങ്ങി നടക്ക വയ്യ. ഒന്നുകില്‍ അവന്റെ ആളുകള്‍, അല്ലെങ്കില്‍ അവന്റെയാളെന്നു വെറുതേ പറഞ്ഞു നടക്കുന്നവര്‍. ഒളിച്ചിരുന്ന് അവനെ വകവരുത്താനെന്തു വഴിയെന്ന് ഭത്ര ഒരുപാടാലോചിച്ചു. സാക്ഷിയൊന്നുമില്ലെങ്കില്‍ പോലീസ് കേസെഴുതി തള്ളുമെന്ന് ഉറപ്പാണത്രേ. അവര്‍ക്കും ആശ്വാസമാവുകയേയുള്ളു. നാരു കൌശലക്കാരനാണ്. അവന്‍ ആള്‍ക്കൂട്ടത്തിനു നടുവിലേ പ്രത്യക്ഷപ്പെടൂ. താമസം കൂടി ചന്തക്കുള്ളിലെ പീടികയിലാണ്. കടമുറിക്കുള്ളില്‍ നിന്നും ഒരു നിലവിളി കേട്ടാല്‍ ചന്തയില്‍ നില്‍ക്കുന്നവര്‍ അത് തങ്ങളുടെ മകളോ ഭാര്യയോ സഹോദരിയോ ആകരുതെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് കേട്ടില്ലെന്നു നടിക്കും.
താന്‍ തയ്യാറെന്ന് ഭത്രയോടു പറഞ്ഞപ്പോള്‍ അവനാദ്യം സമ്മതിച്ചില്ല. "നീയും എന്റെ പ്രായമല്ലേ. നിനക്കും ജീവിക്കണ്ടേ" എന്നൊക്കെ അവന്‍ സങ്കടപ്പെട്ടു. തനിക്കെന്തു പോകാന്‍.
ഈ മൂല മനപ്പൂര്‍വ്വം തിരഞ്ഞെടുത്തതാണ്. ഇവിടെ കുതറിയോടാനിടമില്ല. ഇത്രയടുത്ത് വെറുതേ നിന്നാല്‍ നാരുവിന്റെ ആളുകള്‍ ശ്രദ്ധിക്കും. അതിനിന്നൊരു പുതിനാപത്ര വില്‍പ്പനയും. ഒരൊറ്റ വെട്ട്. അതൊഴിയാനവനു കഴിഞ്ഞാല്‍ വീഴുന്നത് തന്റെ ശവമാണ്. വലിയ കരുത്തനാണവന്‍.
ചിലപ്പോള്‍ ഇന്ന് അവന്‍ പുറത്തിറങ്ങില്ലായിരിക്കും. ഇറങ്ങാതിരുന്നെങ്കിലെന്നും ഇടക്കു തോന്നുന്നുണ്ട്. കൂടുതലും അവന്‍ വരണമെന്നു തന്നെ. തീരട്ടെ ഇവിടെ നരകം, നാടുവിട്ടു പോകാന്‍ ഒരു പ്രചോദനവുമായി. എന്നെങ്കിലും പണമുണ്ടായാല്‍ തിരിച്ചു വരണോ? അറിയില്ല. ചിലപ്പോള്‍ വരുമ്പോ ആരുമോര്‍ത്തില്ലെന്നും വരാം. ഹേയ് ഭത്ര ഓര്‍ക്കും, നന്ദിയോടെ.
പാട്ടവിളക്കിന്റെ വെളിച്ചത്തില്‍ ആടിന്റെ എല്ലുകള്‍ കൊത്തി നുറുക്കുന്ന പീര്‍ മുഹമ്മദിനെ നോക്കി ഇരുട്ടിലൊളിപ്പിച്ച ഒരു ചിരി ചിരിച്ചു. പ്രാര്‍ത്ഥിക്കൂ വയസ്സാ നീ. നിനക്കു ഭാഗ്യമുണ്ടെങ്കില്‍ നാളെ മുതല്‍ നിന്റെ പണത്തിനു വിഹിതം പറ്റാനാരും വരില്ല. പണം തരാതെ ഒരുത്തനും ഇറച്ചിപ്പൊതി ചോദിക്കില്ല. ഒക്കെ സ്വരുക്കൂട്ടി നീയൊരു വലിയ ബംഗളാവു വയ്ക്ക്. അതില്‍ വൈദ്യുതി വെളിച്ചത്തില്‍ പേരക്കുട്ടികളെ കളിപ്പിച്ച് സുഖമായി ഇരിക്ക്.
പീടികയുടെ വാതില്‍ തുറന്നൊരപരിചിതന്‍ വേഗത്തില്‍ ഇറങ്ങി നടന്നു പോയി. നിമിഷം അത് തുറന്നു വെറുതേ കിടന്നു. പിന്നെ ആദ്യം നിഴലായും പിന്നെ ആള്‍ രൂപമായും നാരു ഇറയത്തെത്തി. അവിടെ നിന്ന് കണ്ണെത്തുന്ന ദൂരം മുഴുവന്‍ ഒന്നു പഠിച്ചു.
അവന്‍ വഴിയിലേക്ക് ആദ്യത്തെ ചുവടു വച്ചതും കൈ അറിയാതെ പായയുടെ അടിയിലൊളിപ്പിച്ച പട്ടാക്കത്തിയിലേക്ക് നീങ്ങി. അരുത്. അവന്‍ തൊട്ടു മുന്നിലെത്തും വരെ ഒരു ചെറുവിരല്‍ പോലുമനങ്ങരുത്. പിന്നെയൊരുനിമിഷവും ചിന്തിക്കുകയുമരുത്. കത്തിയോങ്ങുമ്പോള്‍ അവനുണ്ടാക്കുന്നതുപോലെ ആക്രോശങ്ങളാകരുത്, ദൈവനാമമേ വായില്‍ വരാവൂ. ചെയ്ത പാപങ്ങള്‍ ദൈവം പൊറുത്ത് അവന്‍ സ്വര്‍ഗ്ഗത്തു പോകട്ടെ.
Tuesday, October 24, 2006
Subscribe to:
Post Comments (Atom)
27 comments:
ഹോളി ദിവസമാണ്. ഭാംഗ് കഴിച്ചു കിറുങ്ങിയവര്‍ വാഹങ്ങങ്ങള്‍ തടഞ്ഞു നിറുത്തി ഉള്ളിലേക്കു ചാമ്പുന്നത് ചായമായിരിക്കില്ല, ഇമല്‍ഷന്‍ പെയിന്റോ മുളകുപൊടി കലക്കിയ വെള്ളമോ ആയിരിക്കും. വയസ്സന്‍ ടാക്സി ഡ്രൈവര്‍ കാറിന്റെ ചില്ലുകള്‍ കയറ്റിയിട്ടു. അടച്ച കാര്‍ ലിഫ്റ്റിന്റെ കൂടു പോലെ ശരിക്കുള്ളതിലും പരസ്പരം അടുത്താണ് തങ്ങളെന്ന് തോന്നിപ്പിച്ചു.
"മോന്റെ പേര്‍?"
"ദേവന്‍"
"കൂടെയുള്ള പേര്‍?"
"എന്റെ കൂടെ ആരും ഇന്നില്ല. ഞാന്‍ മാത്രം." മുറിഞ്ഞ ഹിന്ദി വാക്കുകള്‍ വ്യാകരണത്തിന്റെ നിയമങ്ങള്‍ പാലിക്കാതെ പണിപ്പെട്ടു ചേര്‍ത്തു കൂട്ടി ഞാന്‍ പറഞ്ഞു.
"അതല്ല, പേരിന്റെ കൂടെയുള്ള പേരെന്താ?"
"ദേവന്‍ കരുണാകരന്‍"
"ചാച്ചയുടെ പേരെന്താ?"
"മഹേഷ്"
"കൂടെയുള്ള പേരോ?"
"കൂടെ പേരില്ല. ആകെയുള്ളത് മുത്തശ്ശിയായിരുന്നു. അവര്‍ക്കു പേരുകളൊന്നുമില്ല."
"പേരില്ലാത്ത ആളോ?"
"അവരെ ആരും പേരു വിളിച്ചു ഞാന്‍ കേട്ടിട്ടില്ല. ചിലപ്പോ പേരുണ്ടാകും, എനിക്കറിയില്ല."
"എവിടെയാണു ഈ പേരില്ലാത്ത മുത്തശ്ശിയുള്ള നാട്?"
"അവരെനിക്കു പതിനഞ്ചു വയസ്സുള്ളപ്പോള്‍ മരിച്ചു. എനിക്കു 26 വയസ്സായപ്പോ ഞാന്‍ ഗ്രാമം വിട്ടു പോന്നു. പിന്നെ പോയിട്ടില്ല"
[മഹേഷ് പറഞ്ഞ നാടിനെക്കുറിച്ച് ഞാന്‍ കേട്ടിട്ടുപോലുമില്ല. ഞാന്‍ അത് എനിക്കറിയുന്ന ഒറീസ്സയിലെ ഒരു ഗ്രാമമാക്കി]
നല്ല കഥ, ദേവാ. പക്ഷേ, പൂര്‍ത്തിയാകാതെ അവസാനിച്ചതു പോലെ തോന്നി. കമന്റു കൂടി ചേര്‍ത്തു വായിച്ചപ്പോഴാണു കൊന്നെന്നും നാടു വിട്ടെന്നും ഒക്കെ മനസ്സിലായതു്. കമന്റിലെ ഡയലോഗ് കൂടി കഥയില്‍ ചേര്‍ത്തുകൂടേ?
ദേവരാഗമേ കഥ ഇഷ്ടമായി....ഉമേഷ്ജിയുടെ കമന്റിനോടു യോജിയ്ക്കുന്നു..കഥ അപൂര്‍ണ്ണമാണെന്നൊരു തോന്നല്‍..ശൈലിയും പശ്ചാത്തലവും ഇഷ്ടപ്പെട്ടു...
ദേവേട്ടാ, നന്നായിട്ടുണ്ട്!
കമന്റൂടെ വായിച്ചപ്പം ഒന്നൂടെ നന്നായി!
നല്ല എഴുത്തു്!
കഥ വായിച്ചു.കൊന്നോ ഇല്യോ എന്നു പറയാഞ്ഞത് കഷ്ടമായി.കൊന്നു എന്നല്യോ ധ്വനി..?
നന്നായിരിക്കുന്നു ദേവരാഗം, മുറിഞ്ഞ് പൊയ വാക്കുകള്‍ തീര്‍ക്കുന്ന ചിത്രങ്ങളുടെ കഥ പറഞ്ഞ് തന്നത് മനസ്സിലാവുന്നു, പ്രാര്‍ത്ഥിച്ചു കൊണ്ടറുത്തത് കൊണ്ടാവും ആ പഴി കിട്ടാതെ രക്ഷപെട്ടത്.
ശുഭപര്യവസായി ആയതില്‍ ഒത്തിരി സന്തോഷം.
-പാര്‍വതി.
ദേവേട്ടാ, നന്നായിട്ടോ. പക്ഷെ മുഴുവനാകുന്നതിന്നുമുന്‍പ് പെട്ടെന്നെഴുതി അവസാനിപ്പിച്ചുവോ എന്നൊരു ശങ്ക.
"അവരെനിക്കു പതിനഞ്ചു വയസ്സുള്ളപ്പോള്‍ മരിച്ചു. എനിക്കു 26 വയസ്സായപ്പോ ഞാന്‍ ഗ്രാമം വിട്ടു പോന്നു. പിന്നെ പോയിട്ടില്ല"
ഈ സംഭാഷണത്തിനു മുമ്പുള്ള ഫ്ലാഷ് ബാക്കിലൂടെ പറഞ്ഞ കഥയും ശൈലിയും ഇഷ്ടപ്പെട്ടു.
പോസ്റ്റും കമന്റും കൂടി ബന്ധപ്പെടുത്തികൊണ്ടൊരു ബ്ലോഗ് പരീക്ഷണമോ, അതോ കമന്റില്ലാതെ പോസ്റ്റുകള്‍ക്കര്‍ത്ഥമുണ്ടാവുകയീല്ലന്നൊരു സന്ദേശമോ. എന്തായാലും ദേവേട്ടാ, നന്നായിരിക്കുന്നു. കഥയെക്കാളും എന്നിക്കിഷ്ടമായത് ആ ശൈലിയാണ്.
നല്ല കഥ, ഇഷ്ടപ്പെട്ടു.
കമന്റില്‍ ക്ലൈമാക്സ് കൊടുത്തത് കൂടുതല്‍ ഇഷ്ടമായി.
ദേവാ കഥ ഇഷ്ടമായി. പക്ഷേ തലക്കെട്ടിന്റെ അര്‍ത്ഥമെന്താ? ആ കമന്റൊന്നും ഇല്ലാതെ തന്നെ കഥ പൂര്‍ണ്ണം. കൊല്ലപ്പെടേണ്ടവനു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ട് കൊടുവാളെട്ടുത്തു വീശുന്നവന്‍, നല്ലവന്‍. സിനിമ കാണുമ്പോലെ ഇന്ററാക്ടീവ്.
ദേവാ..കഥ മനോഹരം. പരിണാമ ഗുപ്തിയെ വായനക്കാരന് വിട്ട് കൊടുത്ത് കഥ അവസാനിപ്പിച്ചത് എനിക്കിഷ്ടപ്പെട്ടു. കമന്റ് കൂടി കഥയിലേക്ക് ചേര്‍ക്കുന്നത് കഥയുടെ രസം കളയും എന്നെനിക്ക് തോന്നുന്നു.അഭിനന്ദനങ്ങള്‍.
ദേവേട്ടാ അസ്സലായിരിക്കുന്നു...
ദേവേട്ടാ... കഥ പറഞ്ഞ ശൈലിയും കഥയും ഇഷ്ടമായി.
ദേവേട്ടന്റെ കഥയുടെ ശൈലി എനിക്ക് ഇഷ്‌ടമാണ്. താങ്കള്‍ പ്രസാധന രംഗത്തും ഒന്ന് ശ്രമിക്കണമെന്ന് പറഞ്ഞോട്ടെ.
അച്ചടിമാധ്യമങ്ങളെന്നും എക്കാലത്തും സധാരണക്കാരുടെ കൂടെയാണ്. (ബ്ലോഗുകളെ തരംതാഴ്‌ത്തുകയല്ല; ബ്ലോഗ് കമ്പ്യൂട്ടര്‍ സാക്ഷരര്‍ക്കുപോലും പരിചിതമായി വരുവാന്‍ ഇത്തിരി വൈകുമെന്നാണെന്റെ വീക്ഷണം)
പോസ്റ്റും കമന്‍റും ചേര്‍ന്നു പറഞ്ഞൊരു കഥ... ഇഷ്ടമായി ഈ ശൈലി.
ദേവേട്ടാ,
നല്ല ശൈലി. എനിക്കിഷ്ടമായി. :-)
ദേവ്ജി,
കൊലപാതകത്തിന്റെ ഭീകരമായ സൌന്ദര്യം,പത്മരാജന്റെ പെരുവഴിയമ്പലത്തിന്റെ തിരക്കഥ വായിച്ച ഓര്‍മ ഉണര്‍ത്തുന്നു.ഇഷ്ടമായി.
ആ തയ്യാറെടുപ്പ് ഗംഭീരമായിരുന്നു!
1."ഞാന്‍ കണ്ടിട്ടുള്ള എല്ലാ നാടിനും വൈദ്യുതി നല്‍കുന്നത് നമ്മുടെ മുന്നിലെ ഡാം ആണ്. പക്ഷേ നമുക്കിരുട്ടേയുള്ളു. പ്രതിഷേധിക്കണം, സമരം ചെയ്യണം"
2."അവന്റെ പാര്‍ട്ടി ഭരണത്തിലായതില്‍ പിന്നെ ആ പ്രസംഗമില്ല."
3"ഞാന്‍ പറഞ്ഞാല്‍ വലിയവര്‍ കേള്‍ക്കില്ല,എന്നൊരു നിരാശപുരണ്ട ഒഴിവുമാത്രം"
യാഥാര്‍ത്ഥ്യങ്ങള്‍
കഥ വായിച്ചു തീരുമ്പോള്‍ ഒരു ത്രികോണത്തിനകത്ത് മറ്റൊരു ത്രികോണമുള്ള ഒരു ചക്രം/യന്ത്രം തെളിഞ്ഞുവരുന്നതുപോലെ തോന്നി. മാനഭംഗപ്പെടുത്തപ്പെട്ട ഗ്രാമങ്ങളും വൈദ്യുതി കുടിച്ചു മദിക്കുന്ന നഗരങ്ങളും ഇരുട്ടുമൂലയിലിരുന്ന് എല്ലാം കാണുന്ന മഹേശ്വരനും ചേര്‍ന്ന വലിയൊരു ത്രികോണം. അതിനകത്ത് അലമുറയിടുന്ന പെണ്ണുങ്ങളും ആക്രോശിക്കുന്ന തെരുവുതെമ്മാടിയും ഇരുട്ടുമൂലയില്‍ ആയുധവുമായിരിക്കുന്ന ദൈവത്തിന്റെ പേരുള്ള ചെറുപ്പക്കാരനും ചേര്‍ന്ന ചെറിയൊരു ത്രികോണവും. ബോലോ ബം!
ധൈര്യം കൂടിയിട്ട് ആള്‍ത്തിരക്കിനു നടുവില്‍ ഒളിച്ചിരിക്കുന്ന ശൂരനെക്കുറിച്ചുള്ള നിരീക്ഷണവും ഉചിതമായി.
ഗുരുക്കള്‍, അരവിശിവ, കലേഷ്, നരന്‍, വിഷ്ണുപ്രസാദ്, പാര്‍വതി, കുറുമാന്‍, വേണുമാഷ്, ചെണ്ടക്കാരന്‍, ഉത്സവം, കൂമന്‍സ്, അനംഗന്‍, ഇത്തിരി, സൂര്യോദയം, ഏറനാടന്‍, അഗ്രജന്‍, ദില്‍, മുസാഫിര്‍ മാഷ്, നളന്‍, ഡാലി, രാജേഷ് വര്‍മ്മ,
കമന്റിട്ട് ഈ പോസ്റ്റിനെ റേറ്റ് ചെയ്ത നിങ്ങള്‍ക്കെല്ലാം നന്ദി. ഗുരുക്കള്‍ മുതല്‍ നാല്വര്‍ കമന്റിനെ കഥയിലാക്കാന്‍ പറഞ്ഞപ്പോള്‍ അങ്ങനെ ചെയ്ത് തുടങ്ങിയതാണ്, പക്ഷേ കുറേപ്പേര്‍ ഇങ്ങനെയായാലും മതിയെന്നും പറഞ്ഞതു കേട്ടപ്പോള്‍. "എന്തായാലും പബ്ലീഷ് ചെയ്ത്, ഇനി എന്തരോ വരട്ട്." എന്ന് ആയി..
കൂമന്‍സേ,
പ്രലംഭമെന്നാല്‍ ചതി എന്നാണ് അര്‍ത്ഥം. വാരിക്കുഴി എന്നും അര്‍ത്ഥമുണ്ടോ എന്ന് സംശയം. അമ്മൂമ്മ പണ്ട് പലേ ആനകളുടെയും കാര്യങ്ങള്‍ "അവന്‍ പ്രലംഭമറിയാത്തതിനാല്‍ മനസ്സില്‍ പക വരില്ല" എന്നൊക്കെ പറഞ്ഞിട്ടുണ്ട്, അതായത് കാട്ടില്‍ നടക്കുമ്പോള്‍ വാരിക്കുഴിയില്‍ വീണ വന്യേട്ടനല്ല, പകരം നാട്ടില്‍ പിറന്ന നാഗരികന്‍ ആന ആണെന്ന്.
മുന്നത്തെ പോസ്റ്റ് "വിപ്രലംഭം". ഇത് "പ്രലംഭം". അടുത്തത് ലംഭം. ശേഷം ഭം. അതായത് സ്റ്റോക്ക് തീര്‍ന്നെന്ന്! :)
ഡാലി,
ഹിരാക്കുഡ് ഡാമിന്റെ ഉമ്മറത്തെ ഗ്രാമത്തിന് അതും നാല്‍കോ മുതലായ വ്യവസായ ഭീമന്മാര്‍ നില്‍ക്കുന്ന ഗ്രാമത്തിന് ദിവസം എട്ടുമണിക്കൂര്‍ പവര്‍ കട്ട് ആയിരുന്നു ഞാന്‍ കാണുമ്പോള്‍. പവര്‍ക്കട്ട് സമയത്ത് ഒരിക്കല്‍ കള്ളന്മാര്‍ എട്ടു കിലോമീറ്റര്‍
വൈദ്യുത കമ്പി അടിച്ചു കോണ്ട് പോയി ആഴ്ച്ചകളോളം കറണ്ടേ ഇല്ലാതിരുന്നിട്ടുണ്ട്.
വര്‍മ്മ കഥയെ ഒരു യന്ത്രമായി കണ്ടത് എനിക്കിഷ്ടപ്പെട്ടു. മഹേഷ് കൊന്ന നാരു ദാദ അങ്ങനെ ആയിരുന്നോ എന്തോ, ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒളിച്ചു നില്‍ക്കുന്ന, ഉറങ്ങാന്‍ പോലും ഒറ്റയാകാത്ത ദാദമാരെ ചിലരെ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. ശരിയായ സൈക്കോ അല്ലാത്ത മനുഷ്യരെല്ലാം ഓരോ തവണ അരുതാത്തത് പ്രവര്‍ത്തിക്കുമ്പോഴും ഭയം ഏറിയേറി വരുകയേയുള്ളു എന്ന് തോന്നുന്നു.
ഒരാഴ്ച മുമ്പു ഞാനിട്ട കമന്റ് പിന്മൊഴിയില്‍ ഇന്നു വന്നിരിക്കുന്നു! ബ്ലോഗര്‍ ഡോട്ട് കോമില്‍ എന്തരക്കയോ ചീഞ്ഞു നാറുന്ന്.
കഥയുടെ അവസാനം വായനക്കാരന്റെ തീരുമാനത്തിനു വിട്ടു എന്നാണാദ്യം തോന്നിയത്. എന്നാല്‍ ദേവേട്ടന്റെ കമന്റ് കൂട്ടി വായിച്ചപ്പോള്‍ കഥ അതിന്റെ പൂര്‍ണ്ണതയിലെത്തി. അതങ്ങിനെ ചെയ്തത് ഒരു വ്യത്യസ്തതയുമായി
വോ, ആ കമന്റ് വേണ്ടായിരുന്നു. (ഏത് കമന്റെന്നാണോ :). കഥ നിറുത്തിയിടത്തുതന്നെ പൂര്‍ണ്ണം, ഠ ആയിരുന്നു. രോമാഞ്ചമുണര്‍ത്തുന്ന എന്‍ഡിങ്ങ്.
കം, തകം, പാതകം, കൊലപാതകം, വാഴക്കൊലപാതകം - അതുപോലെ പ്രലംഭം, വിപ്രലംഭം, ഭം! :)
കഥ അപൂർണ്ണമായി നിറുത്തിയത് നന്നായി.വായനക്കാരന് ചിന്തിക്കാൻ ഒരു അവസരമാകും.കഥക്ക് ശേഷം നൽകിയ കമന്റ് വേണ്ടായിരുന്നു.അപൂർണ്ണതയുടെ ഭംഗി നഷ്ടമായത് പോലെ
Post a Comment