ഒരു ബീര്‍ കൂടി വായിലേക്ക് കമിഴ്ത്തി ലഹരി നനച്ച കണ്ണുകള്‍ നീട്ടി കാരൊലിന്‍ ബാര്‍മേശയുടെ എതിര്‍വശം ഈ കോപ്രായങ്ങളൊക്കെ സഹിച്ച് കഥ കേള്‍ക്കാനിരിക്കുന്നവരെ നോക്കി- കടലിനെയും കാറ്റിനെയും ഇരുട്ടിനെയും പറന്നു തോല്‍പ്പിച്ച് അറ്റ്ലാന്റിക്കിന്റെ ഭീതിദവും വിജനവും കെണികള്‍ നിറഞ്ഞതുമായ വ്യോമപഥങ്ങളിലൂടെ വാറിയര്‍ എന്നയിനം കുഞ്ഞുവിമാനം ഫെറി നടത്തി അറേബ്യയില്‍ എത്തിച്ച കാരൊലിന്റെ സാഹസിക കഥ കേള്‍ക്കാന്‍കാത്തിരിക്കുന്നവര്‍. ക്യാപ്റ്റന്‍ പാത്രിയാര്‍ക്കീസ് എന്ന ഈ ഗ്രീക്കുകാരനു ട്രാന്‍സ്അറ്റ്ലന്റിക് ഫെറി പൈലറ്റ് എന്നാല്‍ കഴിവുറ്റ ഒരു സാഹസിക. ഡേവണ്‍ എന്ന ഈ ഇന്ത്യക്കാരന്റെ കണ്ണില്‍ ഞാന്‍ ന്യൂജേഴ്സിയില്‍ നിന്നും പറന്നെത്തിയ ഒരു അത്ഭുത നായിക.
"N3161P ഫോര്‍ B2" എന്നു കേട്ടതും പാര്‍ക്കിംഗ് ബേ രണ്ടില്‍ സ്വീകരിക്കാനോടിയെത്തിയ ഈ രണ്ടു പേര്
ആകാംഷയോടെ കൈ കൊടുക്കാന്‍ കാത്തു നിന്നത് എതെങ്കിലും ഒരു വയസ്സന് പൈലറ്റിനെയാണ്. വയസ്സുകാലത്ത് കടക്കെണിയിലായിട്ടോ ഇനിയും ഒന്നും സമ്പാദിക്കാനായില്ല എന്ന നിരാശ കൊണ്ടോ ഒരു പ്രൊപെല്ലര്‍ എഞ്ജിനും നാലു സീറ്റുമുള്ള ചെറു വിമാനത്തെ അറ്റ്ലാന്റിക്ക് മരണക്കെണിക്കു കുറുക്കേ ചാടിച്ച് ക്വിക്ക് മണി ഉണ്ടാക്കാന്‍ തുനിഞ്ഞ ഒരാളിനെ.
ഷഡൌണ്‍ ചെക്ക് നടത്തുന്ന തന്നെ ഇവര്‍ അതിശയത്തോടെ നോക്കി നിന്നു. പിന്നെ ഡെവണ്‍ ചോദിച്ചു . "ഗ്രീന്‍ലന്റില്‍ നിന്നും എറ്റെടുത്തതാണോ അതോ.. ആദ്യം മുതല്ക്കേ?"
"നിന്റെ ഈ സുന്ദരി ഫീനിക്സിലെ ഷോപ്പ് വിട്ടതു മുതല്‍ എന്റെ കയ്യിലായിരുന്നു." കാരൊലിന്‍ ചിരിച്ചുകൊണ്ട് താക്കോല്‍ നീട്ടി. "അവളെ ഇനി നീയെടുത്തോ." അവന്റെ കണ്ണുകള്‍ അതിശയം കൊണ്ട് വിടര്‍ന്നിരുന്നു അപ്പോള്‍.
മറ്റൊരു ബീര്‍ ഒഴിഞ്ഞു. മൌനം തികട്ടിയ ലഹരിച്ചിരികള്‍ സഹിക്കാതായപ്പോള്‍ പാത്രിയാര്‍ക്കിസ് ചോദിച്ചു " ട്രാന്‍സ് അറ്റ്ലാന്റിക്ക് ഫെറി പുരുഷന്റെ കുത്തകയാണല്ലോ, എന്തുകൊണ്ടാണത്? ഒരു സ്ത്രീക്ക് എന്തെങ്കിലും അധികമായ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ?"
"ഉണ്ടല്ലോ. സ്ത്രീക്ക് നിങ്ങളെപ്പോലെ പീ ബാഗില്‍ മൂത്രമൊഴിക്കാന്‍ പറ്റില്ല" കാരൊലിന്‍ വീണ്ടും ചിരിച്ചു. "ഇതുപോലത്തെ ചോദ്യം ചോദിക്കാന്‍ നീ ആരു? റ്റീവീ റിപ്പോര്‍ട്ടറോ?"
"കാരൊലിന്‍, നീ എന്തുകൊണ്ട് എയര്‍ലൈനില്‍ ചേരാതെ ഈ പ്രായത്തില്‍ ജീവന് പണയപ്പെടുത്തുന്ന കളിക്കിറങ്ങി? നിനക്കു വീട്ടില്‍ ആരുമില്ലേ?" ഡേവണ്‍ ചോദിച്ചു.
"അങ്ങനെ ചോദിക്ക്." കാരൊലിന്‍ പഴ്സില്‍ നിന്നും മൂന്നു ഫോട്ടോ എടുത്ത് അവര്‍ക്കു നീട്ടി. "ഇത് എന്റെ മകള്‍, ഇത് എന്റെ അമ്മ, ഇത് അമ്മയുടെ അമ്മ.
സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാനും അമ്മയും മാത്രമായിരുന്നു വീട്ടില്‍. ഞെരുക്കമായിരുന്നു പണത്തിന്അമ്മ ഒരിക്കലും പുറത്തൊന്നും പോയിരുന്നില്ല, ഞാനാകട്ടെഎന്നും പുതിയ കാര്യങ്ങള്‍ കാണാന്‍ ആശിച്ചു. അതാ ആ മൂലക്ക് ബീയര്‍ കുടിച്ചിരിക്കുന്ന തടിയന്മാരെ കണ്ടോ? എതു ബാറില്‍ ചെന്നാലും ഇതുപോലെ വയസ്സരെ കാണാം. ഒന്നിനും കൊള്ളാത്ത ഈ കിഴവന്മാര്ക്ക് ഒരിക്കലും പെണ്ണുങ്ങളെ കിട്ടില്ല. ചെറുപ്പക്കാരികള്‍ അടുത്തിരിക്കാന്‍ അവര്‍ എന്തും ചെയ്തു തരും. ഞാന്‍ എവിടെപ്പോയാലും ഈ തരം വയസ്സരെ ഉന്നമിട്ടു തുടങ്ങി. പിന്നെ പഠിത്തം സ്കൂളില്‍ തന്നെ നിറുത്തി എപ്പോഴും ഇവരോടൊപ്പമായി. രാവിലെ തുടങ്ങുന്ന കുടി ബോധം കെട്ട് ആരുടെയെങ്കിലും കിടക്കയില്‍ വീഴും വരെ.
അതങ്ങനെ തുടര്‍ന്നു ഒന്നുരണ്ടു വര്‍ഷം.ഒരിക്കല്‍ എനിക്കു വേണ്ടി രണ്ടു കിഴവന്മാര് തല്ലു കൂടി. ഇടയില്‍ പെട്ടു ഞാന്‍ തല്ലു കൊള്ളുന്നതു കണ്ടപ്പോള്‍ ഒരു ചെറുപ്പക്കാരന് ഓടി വന്നു, എന്നെ കൂട്ടിക്കൊണ്ട് പോയി. എന്റെ ജീവിതത്തിലെ ആദ്യ സുഹൃത്ത് അയാളായി-സ്റ്റാന്‍.
സ്റ്റാന്‍ എന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് പോയി.അതുവരത്തേതുപോലെ ഒരൊഴിഞ്ഞ, പുളിച്ച ബീയറും പഴന്തുണിയും നാറുന്ന മുറിയിലേക്കല്ല,അയളുടെ അമ്മയുടെ അടുത്ത്. "ഇവളെ നമുക്കു നേരേയാക്കണം" സ്റ്റാന്‍ എപ്പോഴും അങ്ങനെയാണ്. ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം, കുടിക്കും വരെ. കുടിച്ചാലോ പിന്നെ എന്തൊരു സംസാരം. "മിണ്ടാതിരിക്ക്" എന്നു പറഞ്ഞു പോകും.
സ്റ്റാന്‍ അരിസോണയിലെ ഒരു ഫ്ലയിംഗ് സ്കൂളില്‍ ഇന്സ്ട്രക്റ്റര് ആയിരുന്നു. എനിക്ക് ഫ്രണ്ട് ഓഫീസില്‍ സഹായികയായി ഒരു ജോലി വാങ്ങി തന്നു. ആ പണം കൊണ്ടും സ്റ്റാനിന്റെ ശമ്പളം കൊണ്ടും ഞാന്‍ ആ സ്കൂളില്‍ ഫ്ലൈയിംഗ് പഠിച്ചു, പി പി എലും പിന്നെ അങ്ങോട്ട് trainer റേറ്റിങ്ങും കിട്ടി, ഞാനും ആ സ്കൂളില്‍ഇന്‍സ്ട്രക്റ്റര്‍ ആയി. രണ്ടുവര്‍ഷം കഴിഞ്ഞു.
ഞാന്‍ മോളെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്റ്റാനിന് അവന്റെ സ്വപ്നമായിരുന്ന അറ്റ്ലാന്റിക്ക് ഫെറിക്ക് അവസരം കിട്ടി. ഈസ്റ്റ് യൂറോപ്യന്‍ എയര്‍ റേസിനുള്ള 65 വിമാനങ്ങളെ എത്തിച്ചു കൊടുക്കുന്നവരില്‍ ഒരാള്‍ ആയിട്ടായിരുന്നു വിളിച്ചത്. റോളര്‍ കോസ്റ്റര്‍ കണ്ട കുട്ടിയെപ്പോലെ സ്റ്റാന്‍ സന്തോഷത്തിലായി. പ്രസവിക്കാന്‍ അവധിയെടുത്ത് വീട്ടിലിരിക്കുന്ന എന്നെ അവന് നിര്‍ബ്ബന്ധിച്ചു കടയില്‍ വിളിച്ചുകൊണ്ടു പോയി ഇമ്മേര്‍ഷന്‍ സ്യൂട്ടും ജാക്കറ്റും വാങ്ങി. ഫെറിക്കുള്ള സെസ്നാകള്‍ നിരന്നു കിടക്കയിടത്ത് അനേകം ആളുകളുടെ ഇടയില്‍ സ്റ്റാനും വലിയ വയറുമായി ഞാനും പരസഹായമില്ലാതെ ഫെറി ടാങ്കുകള്‍ കൊണ്ടുപോകേണ്ട വിമാനത്തിനു ഘടിപ്പിച്ചു. വീട്ടില്‍ നിന്നും നിറയെ ഭക്ഷണം കഴിച്ചു. രണ്ടു പഴം കൂടി വാങ്ങിയിരുന്നു ഞാന്‍. ക്യാനഡയിലെത്തുമ്പോഴേക്ക് അവനു സുഖ ശോധന കഴിഞ്ഞ് അസ്വസ്ഥതകളില്ലാതെ 'കുളം താണ്ടാന്‍' . കൊച്ചു കാസറോളില്‍ ഒലിവ് ഉപ്പിലിട്ടതും, ഒരു കുപ്പി ഓറഞ്ച് ജ്യൂസും ഇവിടന്നേ പൊതിഞ്ഞു കൊടുത്തു വിട്ടു.
ഗൂസ് ബേയില്‍ നിന്നും സ്റ്റാന്‍ വലിയ ആവേശത്തിലാണ് വിളിച്ചത്. "ഡാര്‍ലിംഗ്, എന്തു രസം, ഇവിടെ നിറച്ചു വിമാനങ്ങള്‍. ഞങ്ങള്‍ ഒരു വ്യോമസേനാ ഫോര്മേഷന് പോലെ തോന്നുന്നു. ഓ, പിന്നെ നിന്റെ സൂത്രം ഫലിച്ചു. വയറ്റില്‍ നിന്നും മുഴുവന്‍ പോയി.ഇമ്മേര്‍ഷന്‍ സ്യൂട്ട് ഇട്ടു നില്ക്കുകയാണു ഞാന്‍, ആസകലം ചൊറിയുന്നു ലാറ്റെക്സ് എനിക്കു പിടിക്കുന്നില്ല."
ഗ്രീന്‍ലന്റില്‍ നിന്നു വിളിക്ക് സ്റ്റാന്‍, ഞാന്‍ കാത്തിരിക്കാം..ഞാനന്ന് ഉറങ്ങിയില്ല. ഭയമൊന്നുമില്ലായിരുന്നു. വെറുതേ റ്റീവീ നോക്കി ഇരുന്നു.
ഗ്രീന്‍ലന്റില്‍ നിന്നും കാള്‍ വന്നതും ഓടിപ്പോയി എടുത്തു.തണുത്തു മരവിച്ച ഒരു ശബ്ദം മെല്ലെ പറയുന്നു"അറുപത്തിരണ്ടുപേരേ ഇവിടെ വന്നുള്ളു. അറ്റ്ലാന്റിക്ക് കൊണ്ടുപോയ മൂന്നുപേരില്‍ ഒന്ന് നമ്മുടെ സ്റ്റാന്‍ലി ഫ്രീമാന്‍.."
കുറച്ചു നേരം കഴിഞ്ഞ് ഞാന്‍ സ്റ്റാനിന്റെ അമ്മയെ വിളിച്ചു. "അവന് ആറായിരം അടി വെള്ളത്തിനു താഴെ. ശ്വാസം മുട്ടുന്നു കാരൊലിന്‍" അമ്മ വിതുമ്പി.
സ്റ്റാനില്ലാതെ എനിക്കും ജീവിതം ബാക്കി ഒന്നുമില്ലല്ലോ."കരയരുത് അമ്മ, ഞാന്‍ പറഞ്ഞു. ഞാനാണ് ഇനി അമ്മയുടെ സ്റ്റാന്‍. അടുത്തയാഴ്ച്ച അമ്മക്കൊരു പേരക്കുട്ടി ഉണ്ടാവും. പെണ്‍കുട്ടി. അവളുടെ അച്ഛന് ക്യാപ്റ്റന്‍ സ്റ്റാനും ഞാനാണ്."
കാരൊലിന്‍ മേശപ്പുറത്തേക്കു ചാഞ്ഞു.
"ഇതു നിന്റെ എത്രാമത്തെ ഫെറി, സുഹൃത്തേ?" പാത്രിയാര്‍ക്കീസ് ചോദിച്ചു.കാരൊലിന്‍ എന്നോ സ്റ്റാന്‍ എന്നോ വിളിക്കേണ്ടൂ എന്ന് തിട്ടമില്ലാതെ സുഹൃത്തേ എന്നവന് വിളിച്ചതാണെന്നു തോന്നുന്നു.
"ഇത് എന്റെഇരുപത്തി നാലാം ഉദ്യമം, ഇരുപത്തി മൂന്നാമത്തെ പൂര്‍ത്തിയായ ഫെറി."
Tuesday, June 13, 2006
Subscribe to:
Post Comments (Atom)
21 comments:
കരോലിന്റെ കഥ നന്നായി. സ്റ്റാനിന്റെ ജീവിതം പോയെങ്കിലും സ്റ്റാനിന്റെ ഭാഗവും ജീവിയ്ക്കാന്‍ കരോലിന് തയ്യാറായത് നന്നായി. പോകുന്നവര്‍ ജീവിതം കൊണ്ടുപോകുന്നു. ഓര്‍മകള്‍ വിട്ട് പോകുന്നു. സാഹസികയായ സ്ത്രീയുടെ കഥ.
ദേവന്‍ജീ,
പരിചിതമല്ലാത്ത സാഹചര്യങ്ങളെക്കുറിച്ചായിരുന്നു ആദ്യമെല്ലാം അമ്പരന്നത്... അവ വിവരിയ്ക്കുന്നതിലെ കൈയ്യടക്കം കണ്ടിട്ട്.
തീരുമ്പോഴേയ്ക്കും കാരൊലിന്‍ മാത്രമായി മനസ്സില്‍... പിന്നെ ആ അമ്മയുടെ വിതുമ്പലും.
ഇതൊരു കഥയായ് എഴുതിയതല്ലെന്നുതോന്നുന്നു എന്നുമാത്രം പറഞ്ഞുകൊള്ളട്ടേ...
ദേവേട്ടാ - സ്റ്റാന്റെ കഥ വളരെ ഹൃദ്യമായിരുന്നു. മനോഹരം.
സ്റ്റാന്‍ എന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് പോയി.അതുവരത്തേതുപോലെ ഒരൊഴിഞ്ഞ, പുളിച്ച ബീയറും പഴന്തുണിയും നാറുന്ന മുറിയിലേക്കല്ല,അയളുടെ അമ്മയുടെ അടുത്ത്. "ഇവളെ നമുക്കു നേരേയാക്കണം" സ്റ്റാന്‍ എപ്പോഴും അങ്ങനെയാണ്. ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം, കുടിക്കും വരെ. കുടിച്ചാലോ പിന്നെ എന്തൊരു സംസാരം.
ഓടോ : കുറുമാന് എപ്പോഴും അങ്ങനെയാണ്. ഒന്നോ രണ്ടോ എസ്സേ മാത്രം വെറുതെ പറയും, കുടിക്കും വരെ. കുടിച്ചാലോ പിന്നെ എന്തൊരു സംസാരം??? (എസ്സേ മാറി നോവലാവും):)
ഇത് പോലൊന്ന് ബൂലോഗത്താദ്യമായിട്ട് വായിക്കുകയാണ്.
ഇതൊക്കെയെങ്ങിനെയെഴുതാനാവും എന്നാലോചിക്കുമ്പോഴും കരോലിന് ഒരു വല്ലാത്ത ഓര്‍മ്മയായി എന്റെ കൂടെ നില്ക്കുന്നു.
നൈസ് പോസ്റ്റ്
ടച്ചിംഗ് (കഃട്-വിശാലന്) പോസ്റ്റ് ദേവേട്ടാ. സാധാരണ പോലെ വായിച്ചുതുടങ്ങി. തീര്‍ന്നപ്പോള്‍ കരോലിന് മാത്രമായി മനസ്സില്‍. നല്ല ഡിറ്റര്‍മിനേഷന്‍ (അതിന്റെ മലയാളം എഴുതിയെഴുതിവന്നപ്പോള് കുളമായി)ഉള്ള ആളാണല്ലോ കരോലിന്.
കുറുംസിന്റെ വാ പിന്നെ ജനിച്ചപ്പോള്‍ തൊട്ട് തുറന്നിരിക്കുന്നതാണല്ലോ- അപ്പോപ്പിന്നെ എങ്ങിനെയാ സിപ്പെടുക്കുന്നത്?
ദേവനു്, ഡേവണ്‍ ആയിമാറാതെ എഴുതാമായിരുന്നു ഈ കഥ (കാരൊലിന്‍ “ബാധിച്ചു്” എഴുതിയ പോലെ തോന്നി എനിക്കു്) അതു നല്ലതാണോ ചീത്തയാണോ എന്നറിയില്ല, മുമ്പെഴുതിക്കാണാതിരുന്ന ഒരു ശൈലി തന്ന ചെറുഷോക്കിലാണു ഞാന്‍. ആസ്വദിച്ചുവായിച്ചു.
വിക്കിയിലെ ഈ കുറിപ്പു് വായനയില്‍ കുറയേറെ സഹായിക്കുകയും ചെയ്തു: Ferry flying smaller aircraft, in particular, is a specialised task. The risks associated with flying long distances over near-freezing oceans in small single-engine aircraft at the very limit of their range attract a particular type of pilot.
ദേവേട്ടന്റെ ബിസ്മിയും ഏതാണ്ട് ഇതേ വികാരം തരുന്ന ഒരു “കഥ” അല്ലായിരുന്നോ?
വൌ വൌ..:-)
ഇത് വായിച്ച് കഴിഞ്ഞതും, മലപ്പുറം ഹാജി മഹാനായ ജോജിയില്‍ , തോക്കുമായി വന്നിറങ്ങുന്ന പ്രേം കുമാറിനെ കണ്ട് ജഗതി പുട്ട് വിഴുങ്ങി കണ്ണുതള്ളിയ പോലെ ഇരുന്നു പോയി.
അത്ഭുതം കൊണ്ടാണെന്ന് മാത്രം.
ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടാവാന്‍ ഭാഗ്യവും അത് മനോഹരമായി പങ്കുവയ്കാന് കഴിവും സിദ്ധിച്ച ദേവ്ജീ...ആരാധന തളിച്ച, എന്റെ കുഞ്ഞസൂയപ്പൂക്കള് സ്വീകരിച്ചാലും. :-))
മനോഹരം!
ദേവേട്ടാ..ദേവസ്പര്‍ശം സിദ്ധിച്ച കഥ!!..
ആദ്യ പാരഗ്രാഫിലെ നീണ്ട വാചകങ്ങള്‍ക്കിടയില്‍ നിന്നും ഡേവണെ തിരഞ്ഞ് പിടിച്ച് വായന തുടര്‍ന്ന് അവസാനമെത്തുമ്പോള്‍ ബിസ്മിയലിയില് ദൃശ്യമായ ദേവസ്പര്‍ശം ദര്‍ശിക്കാനായത്.
കഷ്ടപ്പാട് നിറഞ്ഞ ജീവിതങ്ങളില്‍ നിന്ന് ലാഘവത്തോടെ എറിഞ്ഞു വീഴ്ത്തുന്ന മധുരമേറിയ മാമ്പഴമാണ് ദേവേട്ടന്റെ കഥകളോരോന്നും..
ദേവേട്ടാ, ഉഗ്രനായിരിക്കുന്നു, ശരിക്കും മനസ്സില്‍ തട്ടീ.
എത്ര നന്നായി എഴുതിയിരിക്കുന്നു...!!
എവിടെയോ ഒരു ആത്മകഥാംശം ഉള്ള പോലെ... :-)
വിശാലന് പറഞ്ഞതു വളരെ ശരി, ഇതുപോലെ ഒന്നു ബൂലോകത്തു ആദ്യമായാണു വായിക്കുന്നതു, പതിവു നാടന്‍ രീതിയില്‍ നിന്നു വിട്ട്, വേറേ സാഹചര്യങ്ങള്‍.. വളരെ നന്നായി. :)
മനസ്സിലേറെക്കാലം തങ്ങി നില്ക്കുന്ന കഥയും കഥാപാത്രങ്ങളും! മറ്റു കഥകളില്‍ നിന്നും തികച്ചും വ്യത്യസ്തം...
ദേവരാഗത്തിന്റെ മറ്റൊരു സുവര്‍ണ്ണ സ്പര്‍ശം!
ദേവേട്ടാ, നല്ല ഒതുക്കത്തോടെ മനോഹരമായി പറഞ്ഞിരിക്കുന്നു. അതും മനസ്സില്‍ തട്ടുംവിധം.
കൂമന്പള്ളിയില് ഇതുവരെ കാണാത്ത ശൈലി.
ദേവേട്ടാ, മനോഹരമായിരിക്കുന്നു...
പകുതിയെത്തിയപ്പോ “The Adventures of a Reluctant Messiah“ വായിക്കുന്നതു പോലെ തോന്നി...
ഫന്റാബുലസ്...
ഗായത്രിയില്പ്പെട്ടു മരിച്ച രാജുവിന്റെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അവന്റെ അനിയന് വിതുമ്പിക്കൊണ്ട് ചോദിച്ചു. " ഏട്ടക്ക് വെള്ളത്തില്‍ ഒരുപാട് ശ്വാസം മുട്ടിയിട്ടുണ്ടാവുമോ ? എവിടെയാണ് വേദനിച്ചിട്ടുണ്ടാവുക? അവസാന നിമിഷത്തില്‍ പിടഞ്ഞിട്ടുണ്ടാവുമോ" എന്നൊക്കെ. അത് കേട്ടപ്പോള്‍ ഉണ്ടായ പോലെ ഒരു ഫീലിംഗ് ദേവന്റെ ഈ കഥ വായിച്ചപ്പോള്‍.
നന്നായിരിക്കുന്നു.
ദേവേട്ടാ
പണ്ടു എവിടെയോ ഒക്കെ വെച്ചു റഷ്യന്‍ തര്‍ജ്ജിമകളില്‍ ഉണക്ക പന്നിയിറച്ചി എന്നൊക്കെ വായിച്ചതു, ഉപ്പിട്ട ഒലിവുകള്‍ വായിച്ചപ്പോള്‍ ഓര്‍മ്മ വരുന്നു...
എവിടെയോ കേട്ടു മറന്ന ഒരു കഥ പോലെ ഇതു...എവിടെയോ ഏതൊ ലോകത്തു ആയ പോലെ....വളരെ നന്നായിട്ടുണ്ടു..ഇനിയും എഴുതുക....
സൂ,
നന്ദി. ശക്തമായ വ്യക്തിത്വങ്ങളെക്കുറിച്ച് എഴുതാന്‍ രസവുമാണ് എളുപ്പവുമാണ് എന്നതിനാല്‍ കരൊലിനെ തിരഞ്ഞെടുത്തതാണ്.
മഴനൂല്സേ
കഥയായ് എഴുതിയതല്ല, വെറുമൊരു ഡയറിക്കുറിപ്പായി "പുതിയ വിമാനം ഇന്ന് ഫെറി പൂര്‍ത്തിയാക്കി, പൈലറ്റ് ഒരു സ്ത്രീ ആയിരുന്നു, അവരുടെ ഭര്‍ത്താവ് നോര്‍ത്ത് സീ ആക്സിഡന്റില്‍ മരിച്ചതാണ്" എന്നെഴുതാന്‍ രസമില്ലാത്തതുകൊണ്ട് ഇങ്ങനെ വെട്ടി തുന്നി.
കുറുമാനേ
അറിയാമേ, അറിയാം!! ഒക്കെ അറിയാം. (അഥവാ എന്തെങ്കിലും അറിയാതെ എ ബാക്കി ഉണ്ടെങ്കില്‍ അതു കഴിഞ്ഞാഴ്ച്ച വിശാലന് പറഞ്ഞും തന്നു )
വിശാലാ, ഈ പരിപാടി വളരെ എളുപ്പമാ (ദേ എഴുതിയതും അതിന്റെ തന്ത്രം പെരിങ്ങോടന് ക്ലിപ്പിട്ടു കണ്ടില്ലേ) ആ പട്ടയടിനേരം റീവൈന്‍ഡ് ചെയ്ത്, ഞാന്‍ കാരൊലിന്‍ ആയി വീണ്ടും പ്ലേ ചെയ്തു നോക്കി അത്രേയുള്ളു.
വക്കാരിയേ,
ബിസ്മിയും ഇതുപോലെ കാരിക്കേച്ചര്‍ വര ആയിരുന്ന്നു (നമ്മടെ ടൂള്‍ സെറ്റില്‍ കുറച്ച് ആണിയും രണ്ടു ചുറ്റികയും ഒരു സ്ക്രൂ ഡ്രൈവറും. ലിമിറ്റഡ് പരിപാടിയേയുള്ളു വക്കാരിയപ്പാ)
രാജേ
കാരൊലിന്‍ ബാധ ഒരൊളിച്ചോട്ടമായിരുന്നു. ഒരു കഥ മിനുക്കാന്‍ ശ്രമിച്ചില്ല (ഡി എസ് പി ഞെട്ടിയാലോ) ശ്രമിച്ചാല്‍ നടക്കുമോ എന്നു ചോദിച്ചാല്‍ അറിഞ്ഞും കൂടാ. ഇതൊരു എളുപ്പ വഴി ആയി തോന്നി. പഴയ പരിപാടികള്‍ ആവര്‍ത്തിക്കാതിരിക്കന്‍ ശ്രമിച്ചു നോക്കിയതാണ്.
പഴയതും പരീക്ഷണങ്ങളായതുകൊണ്ട് "നഷ്ടപ്പെടുവാനില്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ.." പാടിക്കൊണ്ട് അങ്ങു പടച്ചു വിടുന്നു.
ഫെറി വിക്കിയതിനു നന്ദി. സാദാ പൈലറ്റിനും മിലിട്ടറി അക്രോബാറ്റിനും വരെ ബഹുമാനമാണ് ഫെറിക്കാരെ, പ്രത്യേകിച്ച് നോര്‍ത്ത് അറ്റ്ലാന്റിക്ക് ഫെറി കാലനോട് നടത്തുന്ന വെല്ലുവിളിയാണ്. കാറ്റ്, അന്ത്രീക്ഷത്തില്‍ ഐസ് - മഞ്ഞല്ല, ഐസ്, ഇത് ഫ്യൂവല്‍ ലൈന്‍ മരവിപ്പിച്ച് ചക്ക വെട്ടിയിടുമ്പോലെ കുഞ്ഞു വിമാനം നിലത്തിട്ടുകളയും. ഇതെല്ലാം പോരാഞ്ഞ് വി എഫ് ആര് അല്ലതെ ഒരാശയ വിനിമയവും ഇല്ല. ഈ രാജ്യത്തേക്കു തന്നെയുള്ള ഒരു ഫെറി ഉദ്യമത്തില്‍ ഒരു സെസ്ന ചുഴലിക്കാറ്റിന്റെ കണ്ണില്‍ പെട്ടു. വെള്ളത്തില്‍ നിന്നും പൊക്കാനായെങ്കിലും ബാക്കി കിട്ടിയ ഡെര്‍ബി പണ്ട് എന്റെ എക്സ്ഹോസ്റ്റ് ഫാനില്‍ എടുത്തു ചാടിയ അണ്ണാന്റെ പരുവം ആയിരുന്നു. സമുദ്രം തിന്ന ഫെറി പൈലറ്റുമാര്‍ നിരവധിയാണ്.
അരവിന്നന്‍ കുട്ടീ,
ഹെന്റമ്മോ അത്രേമില്ല. എന്നാലും സ്നേഹം കൊണ്ട് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ എന്താ സുഖം!
കലേഷേ
നന്ദി നേരിട്ട് വന്ന് അറിയിക്കുന്നതായിരിക്കും ഉടന്‍.
ഇബ്രൂ നന്ദി
ആദ്യത്തെ നീണ്ട വാചകങ്ങള്‍ ഒരു പാരയാണെന്ന് രാജും പണ്ട് പറഞ്ഞതാ. അതെന്തോ അങ്ങനേ വരുന്നുള്ളു..
തണുപ്പാ
സന്തോഷം
ബിരിയാണി
നന്ദ്യാലാ. ഉവ്വ്. പേരുകള്‍ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറ്റി. ഒരു ഇന്ത്യന്‍ ടച്ച് വരാന്‍ വേണ്ടി ഒന്നു രണ്ട്
ഫോണ്‍ കാള്‍ ഇട്ടു അത്രേയൊക്കെ കളഞ്ഞാല്‍, ഇതൊരു സംഭവ കഥ ആക്കി. ( and then I came to know he lost to NA എന്ന സ്വാഭാവിക ഡയലോഗിനെ ഞാന്‍ "അമ്മാവന് ഇന്നലെ രാത്രീ ഒരു ഏനക്കേടുപോലെ.. " സ്റ്റൈല്‍ ആക്കി)
ബിന്ദൂ നന്ദി, നന്ദൂ ബിന്ദി.
സ്നേഹിതരേ ഞാന്‍ കുറേ നാളായിട്ട് നൊവാള്‍ജിയ ഇട്ടു കളിക്കുകയായിരുന്നു, അതോണ്ട് കളം മാറിയതാണേ.
ആദി,
നന്ദി The Adventures of a Reluctant Messiah ഞാന്‍ വായിചിട്ടില്ല കേട്ടോ, നന്ദി ഒരെണ്ണം അങ്ങു കീച്ചിയെന്നേയുള്ളു.
കണ്ണൂസേ
എന്റെ ഒരു കസിനും അതുപോലെ കല്ലടയാറു കൊണ്ടു പോയതാണ്. buried under 6000 feet of freezing water എന്നു പറഞ്ഞപ്പോള്‍ ഞാനും ആ ആറിനേയും അതില്‍ പിടഞ്ഞു തീര്‍ന്ന അവനേയും ഓര്‍ത്തു.
അടിപൊളി മച്ചാനേ
അപ്പോ വായിക്കും, എഴുതില്ലാന്നേയുള്ളു അല്ലേ (ഞങ്ങള്‍ കുറച്ചു വിവാദമൊക്കെ ഉണ്ടാക്കി നോക്കി മച്ചാന് റിയാക്റ്റ് ചെയ്യുമോന്നറിയാന്.. ങേ ഹേ..)
എല്‍ ജി
ഉണക്ക പന്നിയിറച്ചി? ആ കഥ എതോ കുഗ്രാമത്തില്‍ നിന്നും വ്ലാഡിമിര്‍ ലെനിനെ കാണാന്‍ മോസ്ക്കോക്കുപോയ പോയ കര്ഷകന് പഖോമോവിന്റെ കഥ ആണോ? സ്കൂളില്‍ പഠിച്ചത്?
ഒലിവ് പിക്കിള്‍ അറ്റ്ലാന്റിക്ക് ഫെറിയിലെ സ്ഥിരം ഭക്ഷണമാ (ഇതും ഒരു "തൂശനിലാ മുറിച്ച് വച്ച് തുമ്പപ്പൂ ചോരു വ്വിളമ്പി" റ്റച് വരുത്തിയതാ. അവരൊന്നും പറഞ്ഞില്ല. സ്റ്റാന്‍ലി ചിലപ്പോ ഗൂസ് ബേ വിമാനത്താവളത്തില്‍
വച്ച് ഒരു കുപ്പി ഒലിവും വാങ്ങി പോയതാവും :)) ഒലിവ് കഴിച്ചാല്‍ അത്യാവശ്യം ഊര്‍ജ്ജം കിട്ടുകയും ചെയ്യും മുടിഞ്ഞ സ്യൂട്ടിനകത്ത് അപ്പിയിടുകയോ മൂത്രമൊഴിക്കുകയോ ചെയ്യേണ്ട ദയനീയാവസ്ഥ ഉണ്ടാകുകയും ഇല്ല എന്നാണു വിശ്വാസം.
ദേവേട്ടാ, ഇങ്ങനെ ഹൃദ്യമായി എഴുതാനുള്ള ഗുട്ടന്‍സ് ഒന്നു വെളിപ്പെടുത്തി തരുമോ? (രഹസ്യമായിട്ട് മതി).. എല്ലാരും വാരിക്കോരി നിറച്ച ആശംസാ-കൂടയില്‍ എന്റേയും കൂടി അനുമോദനങ്ങള്‍ വെച്ചോട്ടെ...
അനുമോദനങ്ങള്‍ക്ക് നന്ദി ഏറനാടാ (സത്യമായിട്ടും എനിക്കൊരു ഗുട്ടന്‍സും അറിയാമ്മേലായേ)
Post a Comment