ഭാരതീയ വിദേശമന്ത്രാലയത്തിന്റെ ഇദ്ദേശത്തുള്ള ആപ്പീസില് കുതിരയെടുപ്പു പോലെ ആളുകള്‍ തിക്കുന്നു. എല്ലാ കൌണ്ടറിലും മനുഷ്യച്ചങ്ങല തൂങ്ങിക്കിടപ്പുണ്ട്. ചെറുതെന്നു തോന്നിയ ഒരെണ്ണത്തില്‍ ഞാന്‍ കയറി നിന്നതും അടുത്ത ക്യൂ ചെറുതായി, അങ്ങോട്ടുമാറിയപ്പോള്‍ ആദ്യത്തേതു വേഗം നീങ്ങാന്‍ തുടങ്ങി. ഹ. കള; കിട്ടിയേടത്തു നിന്നു.
കൌണ്ടര്‍ അധികാരി ടിപ്പിക്കല്‍ തിരുവല്ലാക്കാരന് ഐപ്പു ചേട്ടന്. നരച്ച മീശ. ദേ ഇപ്പോ ഞാന്‍ റിട്ടയര്‍ ചെയ്യും എന്നു പറയുന്ന മുഖം. ആരേയും ശ്രദ്ധിക്കുന്നില്ലെങ്കിലും നാട്ടിലെപ്പോലെ ഉറക്കമല്ല, ഇടക്കൊക്കെ പണിയെടുക്കുന്നുണ്ട്.
വല്ലാത്ത മണം. ക്യൂവില്‍ എന്റെ തൊട്ടു മുന്നിലെ കണ്ണിയായി നില്ക്കുന്ന സത്വം കോക് ടെയില്‍ പെര്‍ഫ്യൂം അടിച്ചു വന്നിരിക്കുന്നു. കരിയോയില്‍ പുരട്ടി വിട്ട ഹിപ്പോപ്പൊട്ടാമസ് പോലെ സുന്ദരകളേബരം ലെതര്‍ ജാക്ക്റ്റില്‍ പൊതിഞ്ഞ് മുകളിലൂടെപട്ടിച്ചങ്ങല കെട്ടിയിരിക്കുന്നു. നാലഞ്ചു നിറത്തില്‍ മുടി. എന്തൊക്കെ ചെയ്തിട്ടും മുഖത്തെ ആ മലബാര്‍ ടച്ച്! അതു മാറില്ലല്ലോ..
ഇവന് എന്തു പണിയെടുത്തു ജീവിക്കുന്നെന്നാലോചിച്ചിട്ട് എനിക്കൊരു കണ്‍ക്ലൂഷനെത്താന്‍ കഴിയും മുന്നേ അവന് ജനാലക്കല്‍ എത്തി.
പേര്? പെരിയ കൌണ്ടര്‍ വാഴും ഐപ്പ്
എക്സ്യൂസ് മീ? സത്വന്
ഓ മലയാളി അല്ലിയോ.
നാം?
ഉം?
ഹിന്ദിയും അല്ലേ, ഐപ്പേട്ടന്‍ ആംഗലേയത്തില്‍ പ്രവേശിച്ചു
നെയിം പ്ലീസ്
റോനന്
ഇത്തവണ എക്സ്യൂസ് മീ പറഞ്ഞത് ഐപ്പേട്ടന്‍ ആണ്.
"റോ-ന-ണ്. റോമിയോ , ഓസ്കാര്‍, നവംബര്‍, ആല്‍ഫാ, നവംബര്‍" കൂടത്തില്‍ ഇവന് ആരെടാ മന്ദബുദ്ധി എന്ന രീതിയില്‍ ഒരു നോട്ടവും.
ഐപ്പു ചേട്ടന് ഫൊണറ്റിക്ക് ആല്‍ഫബറ്റ് ആദ്യമായി കേട്ടതാണെന്നു തോന്നുന്നു, ഒന്നും മനസ്സിലാകാതെ ചമ്മി. പിന്നെ പാസ്സ് പോര്‍ട്ട് ചോദിച്ചു വാങ്ങി അതു നോക്കി പേരെഴുതി . റോണന്‍ കോണ്‍സുലര്‍ ഓഫീസിനെ പുശ്ച്ചം നിറഞ്ഞ കണ്ണാലെ വട്ടത്തില്‍ ഉഴിഞ്ഞു.
"ഫാദേര്‍സ് നെയിം?" ആത്മ വിശ്വാസം പോയ ഐപ്പേട്ടന്‍ ദുര്‍ബ്ബലമായ ശബ്ദത്തില്‍ ചോദിച്ചു.
"മതുപിലാ"
സോറീ?!
"മതുപിലാ, മൈക്ക്, ആല്‍ഫാ, ടാംഗോ, യൂണിഫോം.."
അയ്യോ. ഗുമസ്തേട്ടന്‍ മരിച്ചാല്‍ ഈ ആപ്പീസിനു അവധിയാകും, ഞാന്‍ കണ്ണൂസ് നാട്ടില്‍ നിന്നും ഇത്രയൂം ദൂരം താണ്ടി കുറുമാന് നാടുവരെ നാളെയും വരണം. ഇടപെടണം. റെസ്ക്യൂവര്‍ ആയി ഞാന്‍ ഇടപെട്ടു
"സാറേ മാതുപിള്ള എന്ന ഈ ആള് പറഞ്ഞത്"
റോണന്‍ കുത്തു കൊണ്ട പോലെ ഒന്നു പുളഞ്ഞു.
"ആന്നോ? വീട്ടുപേര് എന്താ?" വരമ്പത്തു നിന്നും തേക്കു കണ്ടത്തിലേക്ക് വഴുതിയിറങ്ങിയ വരാലിനെപ്പോലെ ഗുമസ്ത്ജി ജീവിതം ആഞ്ഞുള്‍ക്കൊണ്ടുകൊണ്ട് ചോദിച്ചു
"തണ്ണിത്തൊടി" ഇത്തവണ റോണനു മലയാളവും മനസ്സിലായി അവന് പറഞ്ഞത് ഐപ്പിനും
നല്ലപോലെ മനസ്സിലായി- റേഡിയോ കാള്‍ ഇല്ലാതെ തന്നെ.
റോണന്റെ ഊഴം കഴിഞ്ഞു ഞാന്‍ കൌണ്ടറിലെത്തി. പക്ഷേ, എന്നെ പരിചരിക്കും മുന്നേ ഐപ്പ് മൈക്ക്
എടുത്ത് ഒരൊറ്റ അനൌണ്‍സ്മന്റ്
"തണ്ണിത്തൊടി വീട്ടില്‍ മാതു പിള്ള മകന് റോനന്, പ്ലീസ് റിട്ടേണ്‍ റ്റു കൌണ്ടര്‍" ജനക്കൂട്ടം മുഴുവന്‍ റിട്ടേണിയെ നോക്കുമ്പോള്‍ പരസ്യമായി അപ്പനു വിളി കേട്ടമാതിരി അപമാനം കൊണ്ട് മുഖം കുനിച്ച് മാതു പിള്ളക്കു പൊടിച്ച പാഴ് തിരിച്ച് കൌണ്ടറിലെത്തി,
ഐപ്പു പറഞ്ഞ സ്ഥലത്ത് ഒപ്പിട്ടു, പോകാന്‍ പറഞ്ഞതും ആവിയായി മറഞ്ഞു. ഞാന്‍ ചിരിച്ചു പോയി.
എനിക്കത്ര ചിരിയും മറ്റും വരുന്നില്ല, ഐപ്പുസാര്‍ പറഞ്ഞു
അതെന്താ സാറേ?
ആ മാതുപിള്ള മരിച്ചിട്ടില്ലെങ്കില്‍ അയാള്‍ വഴിയിലോ മറ്റോ ആയിരിക്കും. തണ്ണിത്തൊടി വീട്ടില്‍ നിന്നും അയാളെ ഈ ചെറുക്കന് അടിച്ചിറക്കി കാണുംഎന്നത് ഉറപ്പാണ്. എതു തന്തക്കും നാളെ ഇതുപോലെ വരാം.
"ആരും മതുപിലയായി ജനിക്കുന്നില്ല സാര്‍, വൃത്തികെട്ട ഈ സമൂഹ..." എന്ന ഡയലോഗ് എനിക്കു വായില്‍ വന്നു. ഐപ്പു ചൂടാകുമെന്ന് ഭയന്ന് പറയാതെ അടക്കിക്കളഞ്ഞു
(അരവിന്നന്‍ കുട്ടി പറയുമ്പോലെ തീരെ നേരമില്ലെങ്കിലും എന്റെ ബ്ലോഗ്ഗെഴുത്ത് മരിച്ചിട്ടില്ലെന്ന് സ്വയം ഒരു ഉറപ്പിനു ഞാന്‍ ഈ
റോണനെ ഇറക്കി വിട്ടോട്ടേ ഇവിടെ)
Monday, June 05, 2006
Subscribe to:
Post Comments (Atom)
22 comments:
കലക്കി ദേവ് ജീ :-)
റോനന് മാതുപിലയെപ്പോലെ എനിക്ക അര്‍വിന്ദ് കുറ്റ്പാന് ആക്കാമായിരുന്നു...
ഇപ്പ്ഴാ കത്ത്യേ ...;-))
ഓ.ടോ .
പണ്ട് കൂടെ വര്‍ക്ക് ചെയ്തു കൊണ്ടിരുന്ന ഒരുവന്റെ പേരാണ് Appappanayadu Somasundram. അവന്റെ അപ്പാപ്പനായാഡു എന്ന പേരിന്റെ അര്‍ത്ഥം അവന്റപ്പനു പോലും തിട്ടമുണ്ടാകാനിടയില്ല.
കക്ഷിക്കെന്തായാലും ഒരു യു.എസ്സ് ട്രിപ്പൊത്തു.
അങ്ങോട്ട് വരുന്ന കക്ഷിയുടെ പേര് ഇന്ത്യയില്‍ നിന്ന് മാനേജര്‍ ഫോണില്‍ വിളിച്ച് അമേരിക്കയിലെ മദാമ്മയോട് പറയുകയാണ്. മദാമ്മക്ക് പേരും വിവരങ്ങളും എഴുതിയെടുക്കണം. ഇന്‍വിറ്റേഷന്‍ ലെറ്റര്‍ അയക്കാന്‍. സംഗതി സ്പീക്കര്‍ ഫോണില്‍. ഞങ്ങളെല്ലാവരും ചുറ്റും.
മാനേജര്‍ : Appappanayadu Somasundram ... Appappanayadu ..App...app...a..na..ya..du
മദാമ്മ : സോറി..ഐ കാന്റ് ഗെറ്റ് ഇറ്റ്. കുഡ് യു സ്പെല്‍ ദ നേയിം പ്ലീസ്?
മാനേജര്‍ : ഓ.കെ.
(ഒന്ന് ശ്വാസം വിട്ട്)
A for apple, P for pineapple, P for pineapple, A for apple, P for pineapple, P for pineapple, A for apple...
മദാമ്മ: കണ്ട്രോള് പോയ സ്വരത്തില്‍ അലറി.
സ്റ്റോപ്പ് സ്റ്റോപ്പ് സ്റ്റോപ്പ്...ഐ ലോസ്റ്റ് ഇറ്റ്...
ഹൌ മെനി ആപ്പിള്‍സ് ആന്റ് ഹൌ മെനി പൈനാപ്പിള്‍സ് ???
ഞങ്ങളുടെ കൂട്ടച്ചിരിക്കിടയില്‍ മദാമ്മയുടെ ഹലൊ ഹലോയും മാനേജറുടെ ചമ്മിച്ചിരിയും മുങ്ങിപ്പോയി.
കൊള്ളാം ദേവേട്ടാ, കലക്കി.
വല്ലാത്ത മണം. ക്യൂവില്‍ എന്റെ തൊട്ടു മുന്നിലെ കണ്ണിയായി നില്ക്കുന്ന സത്വം കോക് ടെയില്‍ പെര്‍ഫ്യൂം അടിച്ചു വന്നിരിക്കുന്നു. കരിയോയില്‍ പുരട്ടി വിട്ട ഹിപ്പോപ്പൊട്ടാമസ് പോലെ സുന്ദരകളേബരം ലെതര്‍ ജാക്ക്റ്റില്‍ പൊതിഞ്ഞ് മുകളിലൂടെപട്ടിച്ചങ്ങല കെട്ടിയിരിക്കുന്നു. നാലഞ്ചു നിറത്തില്‍ മുടി. എന്തൊക്കെ ചെയ്തിട്ടും മുഖത്തെ ആ മലബാര്‍ ടച്ച്! അതു മാറില്ലല്ലോ..
ദേ ദീ സാദനം വായിച്ചെന്റെ അടപ്പിളകി.....
പോരാത്തതിന്നരവിന്ദന്റെ കമന്റും.....
ദേവ്ജീ നീണാള്‍ പോസ്റ്റുക
ഹൊ! അപ്പോള്‍ ഇവിടെ ആളനക്കം ഉണ്ടല്ലേ?
ഞാന്‍ കരുതി ദേവന് കൂമന്‍പള്ളിയും പൂട്ടി പൂച്ചക്കുട്ടിയേയും കൊണ്ട് ആയുരാരോഗ്യത്തിലേക്ക് പോയി എന്ന്.
എന്തായാലും വന്നത് നന്നായി.
ദേവ്ജീ
ബിസ്മിയലിയുടെ ഗദ്ഗദം മാറിയതിപ്പോഴാ..കലക്കി..
ഫലിതത്തിന്റെ ദേവസ്പര്‍ശം ആസ്വദിക്കുന്നു.മനോഹരം ..കുറുമാന് പറഞ്ഞത് പോലെ ദേവ്ജീ നീണാള്‍ പോസ്റ്റുക..
ദേവാ ദുബായിലും ടിപ്പിക്കല്‍ ഗുമസ്തനോ? പണ്ടൊരിക്കല്‍ ദുബായ് ഇന്ത്യന്‍ കൌണ്സുലേറ്റിലേയ്ക്കു ഫോണ്‍ വിളിച്ചതോര്‍ക്കുന്നു.
ഞാന്‍: ഹലോ, ഹലോ, കൌണ്സുലേറ്റല്ലേ
അപ്പുറത്തുള്ള അമ്മച്ചി: വോ, തന്നെ.
ഞാന്‍: എന്റെ പാസ്പോര്‍ട്ട് വെള്ളത്തില്‍ വീണു നനഞ്ഞുപൊയ്
അമ്മച്ചി: അതിനു്?
ഞാന്‍: അല്ല അതൊന്നു മാറ്റി കിട്ടണമായിരുന്നു
അമ്മച്ചി: അതെന്തിനാ, വായിക്കാന്‍ പറ്റുന്നില്ലേ?
ഞാന്‍: ഉവ്വു പക്ഷെ ഇമിഗ്രേഷന്‍ കൌണ്ടറില്‍ വ്യാജ്യ പാസ്പോര്‍ട്ട് കാരന്റെ ട്രീറ്റ്മെന്റ് എനിക്കു കിട്ടുന്നു. ഇനി അവരതോ മറ്റോ തിരസ്കരിച്ചെങ്കിലോ?
അമ്മച്ചി: അതൊന്നും പറ്റില്ല, ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ പ്രോപ്പര്ട്ടിയാണു്
ഞാന്‍: അല്ല അഥവാ അവര്‍...
അമ്മച്ചി: (സിംഹിണിയായി മാറി) തന്നോടല്ലേ ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ പ്രോപ്പര്‍ട്ടി *@#((&$(&$
ഞാന്‍: (ങേ! അത്രയും വലിയ ഇണ്ടാസാണോ ഈ ഗവ. ഓഫ് ഇന്ത്യയുടെ) ഭഗവാനേ ഡ്യൂട്ടി ഓഫീസര്‍ക്കു എന്നിലൊരു കള്ളലക്ഷണം ആരോപിക്കുവാന്‍ തോന്നരുതേ..
അതിനുശേഷം ഗവ. ഓഫ് ഇന്ത്യയുടെ ശമ്പളം പറ്റുന്നവരോട് ഞാന്‍ സംസാരിക്കുന്നതു നിര്‍ത്തി.
അരവിന്ദന്റെ ഏ ഫോര്‍ ആപ്പിള്‍, പീ ഫോര്‍ പൈനാപ്പിള്‍ ഗാനാലാപം കേട്ടു ചിരിച്ചു ചിരിച്ചു ചാവാറായി :)
ഇങ്ങനത്തെ കൊറെയെണ്ണം എവിടെയും കാണും.
സംഗതി എന്തരായാലും ഏറ്റ്. അരവിന്ദന്റെ ഓട്ടോയാണെങ്കി അതിലും ഏറ്റ വിറ്റ് :)
ആരും പെണങ്ങില്ല എന്കില് ഒരു നിരീക്ഷണം: കാസര്ഗോട്ടുന്നും പിന്നെ കോയിക്കോട്ടുന്നും ഉള്ള മല്ബാറികളെയാണ് ഇങ്ങനത്തെ പ്രോട്ടോടയ്പ്പായി കൂടുതലും കണ്ടീര്ക്കണേ. ഞാന്‍ ഓടീീീീീ.
നല്ല തമാശ:) അരവിന്നന്‍ കുട്ടീടെ അപ്പാപ്പന് ഗംഭീരം :) :)
'ഫലിതത്തിന്റെ ദേവസ്പര്‍ശം' ഇബ്രാന്റെ വാക്കുകള്‍ കടമെടുക്കുന്നു. സൂപ്പര്‍ പോസ്റ്റ്.
എത്ര തിരക്കുണ്ടായാലും പോസ്റ്റാന്‍ തോന്നുന്ന ആ ‘ഇത് ‘ അതിനെന്റെ സലാം ഗുരു ദേവാ.
അരവിന്ദന്സ്.! അടിപൊളീ കമന്റ് ഇഷ്ടാ.
മാസപ്പടി മാതുപിള്ളയുടെ പുത്രനെയാവുമോ ദേവന് കണ്ടത്? :)
നന്നായിട്ടുണ്ട്.
ദേവഗുരോ, കലക്കന്‍!
എന്താ ഇപ്പം കൂടുതല്‍ ആയുരാരോഗ്യത്തിലാണല്ലോ കൂടുതല്‍ ശ്രദ്ധ?
സമയമില്ലേലും സാരമില്ല ഉണ്ടാക്കി ഇതുപോലത്തെ പോസ്റ്റുകള്‍ ഇടയ്ക്കിടെ ഇട്.
എം എ ധവാന് എന്ന് ശ്രീനിവാസന് പറഞ്ഞത് ഓര്മ വന്നു.
:) ദേവാ നന്നായി.
പേരു മാറ്റം മലയാളിക്കു മാത്രം ഒന്നുമല്ല എന്നു തോന്നുന്നു, ഇവിടെ വരുന്ന തൊണ്ണൂറ്റിയൊന്‍പതു ശതമാനം ചൈനാക്കാരും 'ഹിയന്ഷിയങ്കോ' എന്നൊക്കെയുള്ള പേരൊക്കെ മാറ്റി വല്ല പീറ്റര്‍ എന്നൊ സണ്ണി എന്നൊ ഒക്കെ ആക്കുന്നുണ്ട്. പക്ഷേ.. ജാട... അതു നമ്മുടെ... മാത്രം സ്വന്തം. പോസ്റ്റും അരവിന്ദന്റെ കമ്മന്റും കൊള്ളാം.
തരം കിട്ടിയാല്‍ അച്ഛന് അമ്മയെ കളിയാക്കുന്നതാണു, ന്യൂസ് എഡിറ്റര്‍.. വി.കേശവന് എന്നുള്ളതു അമ്മ വി. കെ ശവന്‍ എന്നു വായിച്ചു എന്നു. പാവം അമ്മ, അങ്ങനെ വായിച്ചില്ല എന്നതു ഞങ്ങള്‍ക്കു മാത്രം അറിയാം.
(ഇതിലെ കമന്റിനുള്ള വിന്‍ഡോയില്‍ മാറ്റം വരുത്തണേ...)
അരവിന്ദാ,
ചിരിച്ചു കുടലുപൊട്ടുമെന്നു പേടിയുള്ളതുകൊണ്ടു് അരവിന്ദന്റെ പോസ്റ്റുകള്‍ തയ്യാറെടുപ്പോടു കൂടിയേ വായിക്കാറുള്ളൂ. കമന്റിലും ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യും? ആപ്പിള്‍, പൈനാപ്പിള്‍... ഹാ, ഹാ, ഹഹാ...
അരവിന്ദന്റെ കമന്റിനു ശേഷമാണു് ദേവന്റെ പോസ്റ്റു വായിച്ചതു്. കലക്കി ദേവാ. ഐപ്പുചേട്ടന്റെ വിവരണമാണു് എനിക്കു കൂടുതല്‍ ഇഷ്ടപ്പെട്ടതു്.
ദേവേട്ടന്റെ തമാശ പോസ്റ്റുകളൊന്നും കാണുന്നില്ലല്ലോ എന്നോര്ത്തിരുന്നപ്പോഴാ . ഇതു കലക്കി. മാതുപിള്ള തനയന്റെ ചമ്മി വളിച്ച മോന്തായം...
ദേവാ, നമിച്ചു! ഇജ്ജാതി പ്യാരുമാറ്റക്കാരെക്കുറിച്ച് ധാരാളം വിറ്റുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും, ഈ എഴുത്തിന്റെ ഒരു ശൈലി ഒന്നു വേറെ തന്നെ..
അരവിന്ദന്റെ കമന്റ് വായിച്ചു ചിരിച്ചു വശംകെട്ടു..ആപ്പിള്‍.. പൈനാപ്പിള്‍..പൈനാപ്പിള്‍..ആപ്പിള്‍..പിന്നേം. പൈനപ്പിള്..ഹോ..ഞാന്‍ വഴിയേ നടന്നപ്പോഴും ഓര്‍ത്തു ചിരിച്ചു പോയി..ഇനി എന്റെ തെലുങ്കന് ഫ്രണ്ട് വിളിക്കുമ്പോള്‍ ഈ വിറ്റ് പറഞ്ഞ് കൊടുക്കണം..അവനും അനുഭവിക്കട്ടെ..
ഇത്രയും വരില്ലെങ്കിലും ഇവിടെ ഒരു മധുരൈവീരന്, വീരത്തമിഴന്, പെരിയകറുപ്പന് പരമേശ്വരന് (പി.പരമേശ്വരന്)ഒരിക്കല്‍ ഫോണില്‍ വിളിച്ച മദാമ്മയോട് പേരു സ്പെല്‍ ചെയ്തു തുടങ്ങി..
പി ഫാാാര്....പെരിയകറുപ്പന്...
ദേവാ... ഈ ജാതികളെ വളരെയധികം കണ്ടിട്ടുണ്ട്... നേരില്‍ക്കണ്ട അനുഭവം. അരവിന്ദന്റെ കമന്റ് വായിച്ച് ചിരിച്ച് വശം കെട്ടു.
സ്പെല്ലിംഗിന്റെ കാര്യം പറയുമ്പോള്‍ രണ്ട് തമാശകള്‍ ഓര്‍മവരുന്നു.
ഒരുവന്, തനിമലയാളി, അതിരസികനായ എന്റെ സുഹൃത്ത് ദേവപ്രസാദ്. ഒരിക്കല്‍ യാന്ത്രികമായി D ഫോര്‍ ഡേവിഡ്, E ഫോര്‍ എക്കോ എന്നിങ്ങനെ പറഞ്ഞുപറഞ്ഞ് അവസാനത്തെ D യ്ക്ക് D ഫോര്‍ ദേവപ്രസാദ് എന്നു തന്നെ കാച്ചി.
രണ്ടാമത്തേത്, ഒരു തമിഴ് സുഹൃത്തിന്റെ കാര്യമാണ്. ഇഷ്ടന്റെ പേര് കൃഷ്ണകുമാര്‍ പാര്‍ത്ഥസാരഥി. സ്പെല്‍ ചെയ്തു തുടങ്ങുകയാണ്:
കൃഷ്ണ: K ഫോര്‍ കങ്കാരൂ...
മദാമ്മ: എന്തോന്ന്?
കൃഷ്ണ: K ഫോര്‍ കങ്കാരൂ...
മദാമ്മ: അതെന്ത് സാധനം?
കൃഷ്ണ: ദ ജമ്പിങ് അനിമല്‍ യു സീ ഇന്‍ ആസ്ത്രേലിയ ആന്‍ഡ് ആള്...
മദാമ്മ: $%&*
കൃഷ്ണ: ഓക്കെ, K ഫോര്‍ കീബോഡ്...
ദേവേട്ടന്റെ റോനന് മതുപിലായും അര്മന്ദന്റെ എ ഫോറാപ്പിള്-പി ഫോര്‍
പൈനാപ്പിള്‍-പി ഫോര്‍ പൈനാപ്പിള്‍, എ ഫോറാപ്പിള് പിന്നേം എ
ഫോറാപ്പിള്......... രണ്ടും ഒന്നിനൊന്നിനൊന്നിനൊന്നു (ദേവേട്ടനില്‍
തുടങ്ങി അര്മന്ദനില് നിന്നു) മെച്ച് ഹൈ.. ഹും.. ഹെ..ഹൈ.. അല്ല ഹും.
അടിപൊളി. മര്‍ഫിയണ്ണന്‍ എന്നേം എത്ര പ്രാവശ്യമാ വലച്ചിരിക്കുന്നത്... ആ
ക്യൂവില്‍ നിക്കുമ്പോള്‍ ദോ ഈ ക്യൂ പായുന്നു. ഓടി ഈ ക്യൂവില്‍. എല്ലാം
ഓക്കേ. ഒന്നുകില്‍ തൊട്ടുമുമ്പില്‍ നിക്കുന്നവന് ഇതിന്റെകൂടെ അതും
അതിന്റെ കൂടെ മറ്റേതും പിന്നെ രണ്ടിന്റേം കൂടെ വേറെയേതാണ്ടും
കണ്‍ഫ്യൂഷനായി-അങ്ങിനത്തെ കോമ്പിനേഷന്‍ ജീവിതത്തിലാദ്യമായി കേള്‍ക്കുന്ന
ഐപ്പുചേട്ടന്‍ വാ പൊളിച്ചാലോചിച്ച് തലചൊറിഞ്ഞ്.. അതേ,
അതെന്താണെന്നുവെച്ചാല്‍.... ആദ്യക്യൂവില് എന്റെ പിന്നില്‍ നാപ്പതാമതു
നിന്നവനും കാര്യം സാധിച്ച് വീട്ടിലെത്തും....
കോഴിവാല് പെര്‍ഫ്യൂം വെച്ച് ആളെ നോക്കുക പോലും ചെയ്യാതെ
അറിയണമെന്നുണ്ടെങ്കില്‍ ചാലക്കുടിയില്‍ വന്നാല്‍ മതി (പണ്ട്). അവിടെ
സതേണ്‍ വിമാനസാങ്കേതികവിവരമില്ലായ്മ സ്കൂളില്‍ പഠിക്കുന്ന നീഗ്രോ
അണ്ണന്മാര്ക്കൊക്കെ ഒരൊറ്റ മണം. ഒരു ദിവസം കോട്ടയം സ്റ്റാന്റില്‍
നിന്നും ബസ്സില്‍ കയറിയ എന്റെ സുഹൃത്ത് തിരിഞ്ഞുപോലും നോക്കാതെ
പറഞ്ഞു-ചാലക്കുടീലെ നീഗ്രോ ഒരെണ്ണം ബസ്സിന്റെ പുറകിലുണ്ടെന്ന്.
ഈ പരസ്യവിളി നമ്മുടെ സകല അഡ്രസ്സും കളയുന്ന വേറൊരു വേദി ഹോട്ടലാണ്. അധികം
പബ്ലിസിറ്റിയൊന്നും കൊടുക്കാതെ പറുവട്ടയും ആട്ടിങ്കരളുമടിക്കാമെന്ന്
വച്ച് ഒരു മൂലയ്ക്കിരുന്ന് വെയിറ്ററുടെ ചെവിയില്‍ ആര്ഡര് കൊടുക്കും.
ലെവനത് നല്ല അനുസരണയോടെ കേക്കും. ഒന്നുകൂടി നമ്മളേക്കാളും പതുക്കെ
നമ്മളോടു തന്നെ ചോദിച്ച് കണ്‍ഫേം ചെയ്യും. എല്ലാം കഴിഞ്ഞ് അടുക്കളയെ
നോക്കി ഒരൊറ്റ കൂവലാണ്.
"ദേ ഈ മൂലയ്ക്കിരിക്കുന്ന ചേട്ടന് ആറുപൊറോട്ടയും കരളുഫ്രൈയ്യും"
(ലതുപോലൊരു സീന്‍ കല്ല്യാണസൌഗന്ധികമെന്നോ മറ്റോ ഉള്ള മുകേഷ് ആനി
ശ്രീനിവാസന് സിനിമയില്‍ വന്നിരുന്നു. സ്വതവേ വെജിറ്റേറിയനായ
ശ്രീനിവാസന് വീട്ടില്‍ ഒളിച്ച് താമസിപ്പിച്ചിരിക്കുന്ന ഗുണ്ടയ്ക്ക്
കോയിബിരിയാണി വാങ്ങിക്കാന്‍ പമ്മിപ്പമ്മി ഹോട്ടലിന്റെ കൌണ്ടറില്‍ നിന്ന്
വളരെ പതുക്കെ ആര്ഡര് കൊടുത്ത്, കാശെല്ലാം വാങ്ങിച്ച് ബില്ലും
കൊടുത്തിട്ട് കാഷ്യറണ്ണന് ഒരൊറ്റ കൂവല്‍-ഈ നിക്കുന്ന സാറിന് ഒരു നാലു
ചിക്കന്‍ ബിരിയാണി.
ഒരിക്കല്‍ ഒരു മദാമ്മയോട് ഞാനെന്റെ പേര് വിശദീകരിച്ചു. വി ഫോര്‍
വാലന്റയിന്‍ എന്നു പറഞ്ഞപ്പോള്‍ അവര്‍ ചിരിച്ച ചിരി......
Senthamizhan -- I want to book tickets to Madras.
Madamma -- Can you please spell that for me?
Senthamizhan -- No problem... M for Madras, oops sorry sorry Chennai...
--sree
നിശാഗന്ധി തമ്പിയുടെ മകള്‍ എന്റെ സീനിയര്‍ ആയി കോളേജില്‍ പഠിച്ചിരുന്നു. ആ കുട്ടിക്ക് അഭിനയഭ്രാന്തു മൂത്തപ്പോള്‍ തമ്പി അവളെ നായികയാക്കി ഒരു പടം എടുത്തു. പേര് ഓര്‍ക്കുന്നില്ല. കാരണം ഓര്‍മ്മയില്‍ നില്ക്കാന് മാത്രം ആ പടം ഓടിയില്ല. കാരണം വ്യക്തം- നായികയാകാനുള്ള കഴിവോ സൌന്ദര്യമോ ആ കുട്ടിക്ക് ഇല്ലായിരുന്നു. തമ്പിയുടെ മകള്‍ ആയി എന്ന കാരണം ഒന്നുകൊണ്ട് മാത്രം അവളങ്ങു നായികയായതണ്.
റോണനും അതുപോലെ ഒരു പോസ്റ്റിന്റെ നായകനാകാനുള്ള "ആമ്പിയര്‍" ഇല്ല. നിങ്ങള്‍ക്ക് മലയാളം ബ്ലോഗിനോടുള്ള വാത്സല്യം കൊണ്ട് റോണന്റെ പോസ്റ്റും ഓടി.
റോണനുള്ള കുറവ് ആദ്യ കമന്റായ അരവിന്നന്റെ പൈനാപ്പിള്‍സ് ആന്‍ഡ് ആപ്പിള്‍സ് തീര്‍ത്തു. ഹെന്റമ്മോ.ഈ കൊച്ചന് ആളെ ചിരിപ്പിച്ചു കൊല്ലും
കുറുമാനേ. നന്റ്രി. പെര്‍ഫ്യൂം കള്ളമല്ല കേട്ടോ, കുറഞ്ഞത് ഒരഞ്ചെണ്ണമെങ്കിലും ഒന്നിചടിച്ചതാവും. വക്കാരി എങ്ങാണ്ടു പറഞ്ഞപോലെ കൊച്ചിന്റെ മൂത്രം തുടക്കുന്ന തുണീടെ മണം..
ഞാന്‍ ഇവിടുണ്ട് കുമാറേ, അനന്തിരവത്തി മാത്രം ഈ വഴി വരുന്നില്ല (ഈ കഥകളൊക്കെ അവള് നൂറ്റൊന്നു തവണ കേട്ടതാ..)ശനിയന്‍ എതോ റ്റീച്ചറുടെ കാര്യം തിരക്കിയ അന്നു ബ്ലോഗ്ഗേന്നു മുങ്ങിയതാ.
ഇബ്രൂ
നന്ദി (ബിസ്മിയലിയെക്കുറിച്ച് എഴുതാതെ ഇരിക്കാന്‍ വയ്യാത്തതുകൊണ്ട് എഴുതിപ്പോയതാ. റോണനെക്കുറിച്ചെങ്കിലും എഴുതാതെയിരുന്നാല്‍
എഴുതാതെയായിപ്പോകുമല്ലോ എന്നു കരുതിയാണ് ഇത് എഴുതിയത്.
പെരിങ്ങോ,
കൈപ്പന്‍ ചുരക്കാ കാശിക്കു കൊന്റുപോയാല് മധുരിക്കില്ലാന്നു പറഞ്ഞപോലെ ഇവിടേം ലവര് ലതുപോലെ തന്നെ0
(എന്തെങ്കിലും കാര്യത്തിനു ആ അമ്മച്ചിയെ ഏല്‍പ്പിക്കുന്ന പാസ്പ്പോര്‍ട്ട് എല്ലാം ഒരു വലിയ കുട്ടയില്‍ ഇട്ടിട്ട് ഗുരുവായൂരു കുഞ്ഞുങ്ങള്‍ കുന്നിക്കുരു വാരുമ്പോലെ ഇളക്കി ഇളക്കി അതില്‍ നിന്നും നമ്മുടേത് എടുത്ത് ഒരു തരലുണ്ട്, കണ്ണു തള്ളിപ്പോകും )
അനിലേട്ടാ,
അതു തന്നെ. നമ്മള് തിരുവിതാംകൂറുകാര്‍ നല്ല മര്യാദക്കാരാ.
വിശാലാ
നന്ദി (സഹതാപം സപ്പോര്ട്ടാക്കിയതാണോ? എനിക്കൊരു കോണ്ഫിഡസ് വരുന്നില്ല)
എവൂരാനേ,
ആകാന്‍ വഴിയില്ല. ഈ ചെക്കന്റെ അപ്പനല്ലെ, മാസപ്പടി പോയിട്ട് ഒരു അഞ്ചിന്റെ തുട്ട് പോലും കയ്യില്‍ ഇല്ലാതെ വലയുന്ന മാതുപിള്ളയാവും അത്.
കലേഷേ
നന്ദി."ആരോഗ്യം" എഴുതാന്‍ പ്രത്യേകിച്ച്മൂഡ് വേണ്ടാ, പഴമ്പുരാണം പറയാന്‍ അതു വേണം എന്നതാണു സത്യം.
വര്‍ണ്ണം മാഷേ
വക്കാരി നാട്ടിലോട്ട് പോയ ഒരു രാജപ്പന് ആര് ഏ ജപ്പാന് ആയെന്നും കേള്‍ക്കുന്നു
സൂ,
നന്ദി
ബിന്ദൂ
കെ ശവന്‍ കലക്കി (കമന്റിന്റെ വിന്‍ഡോ മാറ്റാം. ആദി HTML റ്റ്യൂഷന് ക്ലാസ് തീര്‍ക്കട്ടെ ആദ്യം)
ഗുരുക്കളേ
നന്ദി. അതു തന്നെ അരവിന്നന്‍ കുട്ടി മനുഷ്യേനെ ചിരിപ്പിച്ചു കൊല്ലും.. ഹെല്‍ത് വാണിംഗ് ഇടണം.
കുട്ട്യേടത്തിയേ
അവന്റെ ചമ്മിയ മുഖം ഒന്നു ഫോട്ടോ എടുക്കാന്‍ എനിക്കു
കഴിഞ്ഞില്ലല്ലോ കോണ്‍സുലേറ്റില്‍ പടം പിടി മനാ ഹേ ഹൂം ഹോ.
യാത്രാമൊഴിയേ,
നന്റ്രി. റോണനെ ആരു കണ്ടാലും അടിച്ചു കൊല്ലാന്‍ ശ്രമിക്കും അത്ര നല്ല ചെക്കനാ
(പെരിയകറുപ്പനും സന്തോഷിന്റെ ദേവപ്രസാദും കൂട്ടുകാര്‍ ആണോ?)
സന്തോഷേ
കങ്കാരൂ.. അതു ഞാനും പറഞ്ഞു ശീലിച്ചതാ. ശീലം കൊണ്ട് എന്റെ ക്ലാസ്സിലെ ഒരു ചെറുക്കന് ശീമയിലെ സൂപ്പര്‍മാര്‍കറ്റ് മുഴുവന്‍ "പൊട്ടറ്റോ" തിരക്കി നടന്നു അവസ്സാനം ഇംഗ്ലണ്ടില്‍ ഉരുളക്കിഴങ്ങില്ല എന്ന് അനുമാനിച്ചു.
വക്കാരിയേ. മര്‍ഫിയെ എന്റെ ജീവിതത്തില്‍ എപ്പോഴും ഓര്‍ക്കും.
(കല്യാണ സൌഗന്ധിക ബിരിയാണിപോലെ ധീം തരികിട തോമില്‍ രാജു ജൌളിക്കടയില്‍ കയറുമ്പോള്‍ കാമുകി ലിസിയും കൂട്ടുകാരികളും സാരി നോക്കി നില്‍പ്പുണ്ട്0 രാജു രഹസ്യമായി ഒരു സെയിത്സ് മാനെ വിളിച്ചിട്ട് അടക്കത്തില്‍
"അതേ, എനിക്കൊരു അണ്ടര്‍വെയര്‍ വേണം"
ചെക്കന് ശംഖു വിളിക്കുമ്പ്പൊലെ ആഞ്ഞ് ഒരൊറ്റ കൂക്ക്
"ടേ രാമൂ ഈ സാറിനു ഒരു ജെട്ടി എടുത്തു കൊടുത്തേ.."
ശ്രീ
എം ഫോര്‍ ചെന്നൈ അസ്സലായി.. ഈ പാണ്ടികളുടെ ഒരു കാര്യം.
മെഡിക്കല്‍ കോളെജ് ഹോസ്റ്റലില്‍ എന്റെ സഹമുറിയന് ഇല്ലിനൊയിക്കാരന് മലയാളി..ആദ്യ രാത്രി..സീനിയേഴ്സ് വന്ന് തനി മലയാളി എന്ന പരിഗണന വച്ച് എനിക്ക് രണ്ടടി ആദ്യം..അമേരിക്കക്കാരനെന്ന പരിഗണന വച്ച് അവന് അടിയില്ല..ഞാന്‍ മനസ്സില്‍ പിരാകി..അടുത്ത ചോദ്യം അവനോട്..”എന്തുവാടാ നിന്റെ പേര്?”..ഉ.. “കൊഴിയന് ധോട്ടുപ്പുഴം”.ഠേ..ഠേ.. അവനും കിട്ടി രണ്ടെണ്ണം..ഒരു സീനിയര്‍ ആക്രൊശിച്ചു..“ശരിക്കും പറയെടാ”..എന്റെ മനസ്സ് കുളിര്‍ത്തു..അവന് പറഞ്ഞതെന്തെന്നോ..“കുരിയന്‍ തോട്ടുപ്പുറം”:)
Post a Comment