Tuesday, April 11, 2006

Police Story-3 ഗാന്ധിമാര്‍ഗ്ഗം

ഗാന്ധി ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ടു പത്തു മിനുട്ടായി. ബസ്സോ ജീപ്പോ വരുന്നില്ല. നിരാശനായി കയ്യിലിരുന്ന സിഗററ്റ്‌ ബൂട്ടിനടിയിലിട്ടു ഞെരിച്ചണച്ച്‌ വഴിയരുകില്‍ കിടന്ന ആട്ടോയില്‍ കയറി.

"എന്നെ ക്യാമ്പില്‍ വിട്ടേക്കു"

പറ്റെവെട്ടിയ മുടിയും കര്‍ക്കശമായ നോട്ടവുമായി ഒരെണ്ണം വടവി വരുന്നതു കണ്ടപ്പോഴേ ആട്ടോക്കാരന്‍ നിനച്ചതാ പോലീസാണെന്ന്. പിന്നേ, ചില്ലിക്കാശിനു ഇക്കണ്ട ദൂരമത്രേം പോകാന്‍ വട്ടല്ലേ അവന്‌.

"പെട്രോളില്ലല്ലോ സാറേ".

കലി കയറാതെ എന്തു ചെയ്യും?

"പെട്രോളില്ലാതെ ഈ വഴിയരുകില്‍ ഇതെന്തിനാടാ പയലേ? എന്നാ പിന്നെ ഇതൊരു കംഫര്‍ട്ടു സ്റ്റേഷനായി ഉപയോഗിക്കാം" ഒരമ്പതു പൈസാത്തുട്ട്‌ ഡ്രൈവറുടെ നേരേ എറിഞ്ഞ്‌ ഗാന്ധി ആട്ടോയില്‍ മൂത്രമൊഴിച്ചു!

ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മെന്‍, മീറ്റ്‌ റിസര്‍വ്വ്‌ പോലീസ്‌ കോണ്‍സ്റ്റബിള്‍ മിസ്റ്റര്‍ ഗാന്ധി:- പാവം മഹാത്മാവിനെ ദഹിപ്പിച്ചത്‌ നന്നായി. അടക്കം ചെയ്തതായിരുന്നെങ്കില്‍ ഹേ റാം എന്നു പറഞ്ഞു കിടന്ന രാഷ്ട്രപിതാവ്‌ സ്വന്തം കുടുമ്മപ്പേരു എഴുതി വാങ്ങി കുട്ടിച്ചോറാക്കുന്ന പോലീസുകാരനെ കണ്ട്‌ ഹറാം എന്നു പറഞ്ഞ്‌ എഴുന്നേറ്റോടി വന്നേനെ. എതോ ഗാന്ധിയനു പിറന്ന ഈ തലതെറിച്ചോനും സാക്ഷാല്‍ ഗാന്ധിയുമായി ആകെയുള്ള മലബന്ധം ഇരുവരുടെയും മദ്യവിരോധം മാത്രം.

സര്‍പ്പബലി
3000 ചെറുപ്പക്കാര്‍, അരോഗ ദൃഢഗാത്രര്‍, ജഗജില്ലികള്‍ - മാത്രം വസിക്കുന്നൊരു സ്ഥലം. അവിടെ ഒന്നു വിലസണേല്‍ ചില്ലറ നമ്പരൊന്നും പോരാ കയ്യില്‍. ആട്ടുകല്ലിന്‍ കുഴവി എടുത്ത്‌ മുതുകത്തു വച്ചു 301 പുഷ്‌ അപ്പെടുക്കും എന്നൊക്കെയാ ഓരോരുത്തരുടെ വീരവാദം. എന്നാല്‍ വെറും ഒരാവറേജ്‌ തടിയുടെ ഓണറായ ഗാന്ധിയാണവിടെ ഹീറോ. 2999 പേര്‍ക്കും ഇല്ലാത്ത ഒരു മുതലേ ഗാന്ധിക്കുള്ളൂ. നിഷ്കളങ്കത. അതും ഒറിജിനലല്ല. വെറും കാക്കപ്പൊന്നായ നിഷ്കളങ്കത. അതെടുത്ത്‌ എന്‍ക്യാഷ്‌ ചെയ്ത്‌ ആടിനെ പട്ടിയാക്കിയും പട്ടിയെ ചിക്കനാക്കിയും ഇയാള്‍ ക്യാമ്പില്‍ ആര്‍മ്മാദിച്ചു. അവസരത്തിനൊത്ത്‌ പൊട്ടനായും ചെട്ടിയായും മാറുന്ന ഗാന്ധിയന്‍ തന്ത്രങ്ങള്‍ക്കു മുന്നില്‍ അടിപതറാത്ത പോലീസുകാരനില്ലെന്ന് സര്‍വീസ്‌ ചരിത്രം കാക്കി അക്ഷരങ്ങളില്‍ കുറിച്ചു വച്ചിരിക്കുന്നു.

ട്രെയിനര്‍ നാടാര്‍ക്ക്‌ ചില തുറുപ്പു ചീട്ടുകളുണ്ട്‌, കൂടെ ഭയങ്കര പക്ഷപാതവും. അന്യം നിന്നു പോകുന്ന ചില കളരി മര്‍മ്മ പ്രയോഗങ്ങള്‍- "വെറും കൈ" എന്നൊക്കെ പറയുന്നത്‌- നാടാര്‍ക്കറിയാം. അതില്‍ നിന്നിത്തിരി പഠിക്കണേല്‍ ഗുരു ദക്ഷിണയായി സ്കോച്ചു വിസ്കീ, ട്രിവാന്‍ഡ്രം കോര്‍ണര്‍ ചിക്കന്‍ ഒക്കെ വയ്ക്കണമെന്നു മാത്രം. ബറ്റാലിയനില്‍ കൈയ്യില്‍ കാശുള്ളവന്‍ കളരി പഠിച്ചു, കാശില്ലാത്തവന്‍ കവാത്തും.

ആറരയടി പൊക്കവും നാലടി വീതിയും പോന്ന ഗുരുവിന്റെ ഗുരുകളേബരം മെയിന്റൈന്‍ ചെയ്യാന്‍ മെസ്സിലെ ചോറും ശിഷ്യരുടെ ചട്ടീല്‍ കൈയിട്ടുവാരുന്നതും പോരാത്തതിനാല്‍ അദ്ദേഹം വൈകിട്ട്‌ ഒരു ബൈക്ക്‌ റൈഡ്‌ നടത്താറുണ്ട്‌ - ഒറ്റക്ക്‌. തട്ടുകടയിലെ പോത്തിറച്ചി, അതു ദഹിക്കാന്‍ മൂന്നു പിടി ചാരായവും ഇതിന്റെയെല്ലാം അസിഡിറ്റി പോകണമെങ്കില്‍ രണ്ടു കവര്‍ മില്‍മ ഫുള്‍ ക്രീമിലും, ജീവിതം എന്തൊരു ചിലവാണപ്പോ.

ഈ മനുഷ്യന്‍ എല്ലാ ദിവസവും കള്ളുകുടിയോ? ഗാന്ധിയന്‍ രക്തം തിളച്ചു. നാടാരെ ഉപദേശിച്ചാല്‍ തെറിയും ചോദ്യം ചെയ്താല്‍ മരണവും ഉറപ്പ്‌. പരാതിപ്പെടാന്‍ വകുപ്പുമില്ല. എന്നാലും വെയര്‍ ദെയറീസേ വില്ല് ദെയറീസേ വെയര്‍ എന്നല്ലേ വില്ലടിമച്ചാന്‍പാട്ട്‌.

ഗാന്ധിക്ക്‌ വേ ആയി അവതരിച്ചത്‌ കമാന്‍ഡന്റ്‌ സാക്ഷാല്‍ ജയച്ചന്ദ്ര വര്‍മ്മ. ഹനുമാന്റെ മുഖലക്ഷണം മാത്രമല്ല, ഭക്തിയും ഉള്ളയാള്‍. അണ്ണാന്റെ മുതുകിലെ പോലെ ഭസ്മം കൊണ്ട്‌ അഞ്ചാറു വരയുണ്ടത്രെ മൂപ്പര്‍ക്ക്‌ ( "മൈ വേടക്കമ്മാന്‍ഡ്‌" [my word o' command] എന്ന് ഇടക്കിടക്കു ഗര്‍ജ്ജിക്കാറുള്ള വര്‍മ്മയെ ഗാന്ധി [രഹസ്യമായി]വിളിക്കുന്നത്‌ വേടക്കമാന്‍ഡര്‍ എന്നാണ്‌).

വര്‍മ്മസ്സാര്‍ കയറിവന്നത്‌ ഒരു വൈകുന്നേരം. നാടാര്‍ ഫൂഡ്‌ & ബിവറേജ്‌ സപ്ലിമെന്റിനു പുറത്തുമാറിയ നേരം. ഏ എസ്സ്‌ ഐ പ്രസന്നന്‍ ആരതിയായി നിലംകുലുക്കി സല്യൂട്ടൊരെണ്ണം തന്റെ പരമാവധി ശക്തിയെടുത്ത്‌ അടിച്ചു.

"സീ ഐ ക്യാമ്പിലില്ലേ?" വര്‍മ്മ കുശലം പോലെ തിരക്കി

"നാടാര്‍ സാര്‍ നൂറും പാലും കഴിക്കാന്‍ പോയിരിക്കുകയാണു സാര്‍" ഗാന്ധി ചാടി പറഞ്ഞു.

ഐസുമുട്ടായി വിഴുങ്ങിയപോല്‍ ഭക്തമാനസം കുളിര്‍ത്തു. " ഒരു ക്രിസ്ത്യാനിയായ നാടാര്‍ ശനിയും ഞായറും പള്ളിയില്‍ പോകുന്നതിനു പുറമേ നാഗാരാധനയും നടത്തുന്നുണ്ടല്ലേ? കണ്ടു പഠിക്കുക, ഭക്തി എന്താണെന്ന്, അയാള്‍ക്കു നല്ലതേ വരൂ.എന്നാല്‍ നീയൊക്കെ ഇങ്ങനെ ബീഡിയും വലിച്ച്‌ തേരാപ്പാരാ..ആട്ടേ, എതു കാവിലാ നാടാരു നൂറും പാലും കഴിക്കാന്‍ പോയത്‌?"

"സര്‍. പാലു മില്‍മയുടെ ബൂത്തില്‍ നിന്നാണു പുള്ളി കഴിക്കുക.. നൂറ്‌.. അതു സാറിനറിയാമല്ലോ ഡെയിലി ബാറില്‍ പോകാനുള്ള ശമ്പളമൊന്നും സീ ഐ യുടെ സ്കെയിലില്‍ ഇല്ലല്ലോ സാര്‍.. ഷാപ്പില്‍ നിന്നാ നൂറു കഴിക്കുന്നത്‌. നാടാര്‍ സാര്‍ നല്ല അദ്ധ്വാനിയാണു സര്‍, മൂപ്പര്‍ക്കെന്തെങ്കിലും അഡീഷണല്‍ അലവന്‍സ്‌ കൊടുത്താല്‍ ഷാപ്പൊഴിവാക്കി വല്ല ബാറില്‍ പോയിക്കോളും".

വേടക്കമാന്‍ഡര്‍ "ശിവ ശിവാ" എന്നു വിളിച്ച്‌ വേഗം മഹീന്ദ്ര കമാന്‍ഡര്‍ വണ്ടിയില്‍ സ്ഥലം വിട്ടു. ദീര്‍ഘ സര്‍വീസ്‌ കണക്കിലെടുത്ത്‌ നാടാര്‍ക്ക്‌ കുടിച്ച്‌ വാഹനമോടിച്ചതിനും ക്യാമ്പില്‍ മദ്യപിച്ചു വന്നതിനും അച്ചടിച്ച താക്കീതില്‍ ഒതുങ്ങി ശിക്ഷ.

"എന്തു തന്തയില്ലാഴികയാ ഗാന്ധീ ഈ കാട്ടിയേ?" കിട്ടിയ മെമോ വീശിക്കാട്ടി നാടാര്‍ പല്ലു ഞെരിച്ചു.

"സാറിനു വല്ല അലവന്‍സും കൂട്ടി കിട്ടിയാ സുഖമായി വൈകുന്നേരം ഈ പന്ന ചാരായത്തിനു പകരം വിസ്കിയോ ബ്രാണ്ടിയോ മറ്റോ അടിക്കാമല്ലോ എന്നു കരുതി പറഞ്ഞതാ" നിഷ്കളങ്കത മുഖത്തു വിരിച്ചിട്ട്‌ ഗാന്ധി പറഞ്ഞു "കെട്ടതു ഞാന്‍ നിരുവിക്കത്തില, സത്യം".

സത്യമായിരിക്കുമോ.. അതോ ഇവന്‍ വഹിക്കുകയാണോ? സീ ഐക്കു ഒന്നും മനസ്സിലായില്ല.

നിലംപരിശ്‌
KeraLa Police - Sabarimala Bandobust എന്നടിച്ച കാര്‍ഡ്‌ കയ്യില്‍ കിട്ടിയതും തുടങ്ങി ഗാന്ധിക്കു ഡിപ്രഷന്‍. കട്ടിപ്പണിയാണു ശബരിമലയില്‍- മഞ്ഞ്‌, മല, ആളെ ചുമന്നു പടികയറ്റം ഓട്ടം, ചാട്ടം.. ഇതിനെല്ലാം പുറമേ പോലീസ്‌ ജീവിതവും പറ്റില്ല. വെജിറ്റേറിയന്‍ ശാപ്പാട്‌, നോ സ്മോക്കിംഗ്‌, അശ്ലീലം വിളിക്കാന്‍ തീരെയും പാടില്ല.. ബന്തവസ്സ്‌ പോലീസിന്നു മൃതിയെക്കാള്‍ ഭയാനകം. സര്‍ക്കാര്‍ ശീട്ടു തന്നതല്ലേ, പോകാതെ പറ്റില്ല. സോപ്പിട്ട്‌ മുങ്ങാമെന്നുവച്ചാല്‍ മെമോ സംഭവത്തിനു ശേഷം ട്രെയിനറുമായി തീരെ നല്ല ബന്ധവുമില്ല.

നാടാര്‍ക്കും ചുണക്കുട്ടന്മാര്‍ക്കും ശബരിമല ഡ്യൂട്ടി ട്രെക്കിംഗ്‌ ക്യാമ്പ്‌ പോലെ വലിയ ഇഷ്ടമാണ്‌. അവരവിടെ ഓടിച്ചാടി നടക്കവേ ഒരു മത്സരമായി. ബാക്ക്‌ പാക്‌ (15 കിലോയുണ്ട്‌) സഹിതം പമ്പ മുതല്‍ സന്നിധാരം വരെ നെട്ടനെ കിടക്കുന്ന മല മൂന്നു തവണ നോണ്‍ സ്റ്റോപ്പ്‌ ഓടിക്കയറുകയും ഓടി ഇറങ്ങുകയും ചെയ്യുന്നവര്‍ക്ക്‌ ഒരാഴ്ച്ച ഓഫ്‌. വീട്ടില്‍ പോയി ചുമ്മാ ഉറങ്ങാന്‍ ചുമ്മാ ഓഫ്‌.


14 ആംഡ്‌ പോലീസുകാര്‍ ഓടി. ഇവന്മാര്‍ വഴീല്‍ നില്‍ക്കുന്നില്ലാ എന്ന് പാറാവുകാര്‍ മോണിറ്റര്‍ ചെയ്തു. 5 പേര്‍ പൂര്‍ത്തിയാക്കി കെട്ടും കെട്ടി നാട്ടില്‍ പോയി. പ്രലോഭനം സഹിക്കവയ്യാതെ ഗാന്ധി നാടാരുടെ ടെന്റില്‍ കയറിച്ചെന്നു

"ന്താടോ?" നാടാര്‍ക്ക്‌ പഴേപോലെ ഒരു മൈന്‍ഡ്‌ ഇല്ല മെമ്മോക്കു ശേഷം.

"സര്‍, എനിക്കു ഈ നോണ്‍ സ്റ്റോപ്പൊന്നും ഒക്കില്ല സാര്‍. പക്ഷേ സാറിനു വേണ്ടി ആര്‍ക്കും ഒക്കാത്ത ഒന്നൊപ്പിക്കാനൊക്കും."
" എന്താണത്‌" ഗൌരവം ഇത്തിരി കുറഞ്ഞു.

"എന്റെ നാട്ടില്‍ സ്കോച്ച്‌ തോറ്റുപോകുന്ന വാറ്റുണ്ട്‌ സാര്‍. ഫേയിമസ്‌ സാധനം"
മദ്യവിരുദ്ധരുടെ നേതാവ്‌ സാക്ഷാല്‍ ഗാന്ധിയാണതു പറയുന്നത്‌!. നാടാരു വീണു പോയി. അങ്ങത്തെ ആ വീഴ്ച്ചയില്‍ നിന്നെഴുന്നേല്‍ക്കും മുന്നേ ഗാന്ധി മുങ്ങി. കഥയറിഞ്ഞവര്‍ മൂക്കത്തു വിരല്‍ വച്ചു. പിന്നെ രഹസ്യമായി വാറ്റിന്റെ ഷെയറും ചോദിച്ചു.ശബരിമലയിലെ മഞ്ഞില്‍ സ്മാള്‍ ഇസ്‌ ബ്യൂട്ടിഫുള്‍! മാലാഖയെപ്പോലെ ഗാന്ധി കയ്യില്‍ ചാരായക്കുപ്പീമായി പറന്നു വരുന്നത്‌ സ്വപ്നം കണ്ടാണതേ നാടാരുടെ ബറ്റാലിയന്‍ E മുഴുവന്‍ ഉറങ്ങിയത്‌.

ദിവസം എഴു കഴിഞ്ഞു. ഓട്ടക്കാരും ഗാന്ധിയും അവരവരുടെ വീടുകളില്‍ നിന്നും അച്ചാറും മീന്‍ വറുത്തതുമൊക്കെയായി തിരിച്ചെത്തി. സംഭവം പരസ്യമായിരുന്നെങ്കിലും ചോദിക്കുന്നതു വാറ്റല്ലേ. നാടാര്‍ ടെന്റിന്റെ ഒരരികില്‍ കൊണ്ടു പോയി അടക്കത്തില്‍ ചോദിച്ചു
"സാധനം എന്ത്യേടോ?"

ഗാന്ധി "ഞാനറിഞ്ഞില്ലാ അമ്മേ" എന്നു പറയുമ്പോ കുഞ്ഞിനു മുഖത്തു വരുന്ന ഭാവം എടുത്തണിഞ്ഞു"അതു പിന്നെ സാറേ വാറ്റുകാരന്റെ അമ്മായിയമ്മ മരിച്ചു പോയി. ചാവുപുലയുള്ള വീട്ടില്‍ വാറ്റാന്‍ പാടില്ലാത്രേ. അതുകൊണ്ട്‌ ചത്തവരുടെ 41 കഴിയാതെ സാധനം കിട്ടില്ല. ഞാനിങ്ങു പോന്നു"

പ്രകോപിതമാവുമ്പോള്‍ തേളു വാലു ചുഴറ്റുന്നതുപോലെ സ്വാഭാവികമായൊരു പ്രതികരണമാവാം, നാടാരുടെ മാരകമായ വെറും കൈ ഒരു ലാന്‍സലോട്ടു കഠാരിയുടെ രൂപമെടുത്ത്‌ ഗാന്ധിയുടെ പതക്കരളിനു നേരേ ഉയര്‍ന്നു. "വാറ്റു വാങ്ങി കൊടുക്കാത്തതിനു കോണ്‍സ്റ്റബിളിനെ മേലധികാരി അടിച്ചുകൊന്നു" എന്ന വാര്‍ത്ത പത്രത്തില്‍ വന്നാലുള്ള ഭവിഷ്യത്തോര്‍ത്തപ്പോള്‍ ആ കൈ ഉയര്‍ന്നയത്ര വേഗത്തില്‍ തന്നെ താഴുകയും ചെയ്തു.

13 comments:

ചില നേരത്ത്.. said...

മനോഹരമായ കഥ!!.
ദേവേട്ടാ.. പോലീസ് കഥകള്‍ക്ക് പോലീസ് ശൌര്യം.
എന്ത് കൈകൂലി തന്നാലാണീ രചനാസങ്കേതം പഠിപ്പിച്ചു തരിക?
എനിക്കറിയം.. മൌനം വിലസിയ, ചെറിയ കൂടികാഴ്ചയില്‍ എനിക്കൊന്നും പഠിക്കാനില്ലെന്ന്.

ഇളംതെന്നല്‍.... said...

ദേവേട്ടാ... പോലീസ്‌ കഥകള്‍ തകര്‍ക്കുന്നുണ്ട്‌ ....

അതുല്യ said...

ദേവാ, പോസ്റ്റ്‌ അബോര്‍ട്ടെഡ്‌.

പണ്ട്‌ ഇതു പോലെ ഒരു ഏമാന്‍ കുേറച്ച്‌ പേരേ ജീപ്പ്‌ കൊടുത്ത്‌ മല കയറ്റിയിറക്കി.

ആദ്യം എത്തിയവനു പാരിതോഷികം 500 രുപ, സമ്മാനം കിട്ടിയവനോട്‌ ഏമാന്‍ :

നീ ഇത്‌ വച്ച്‌ എന്തു ചെയ്യും? ഒരു ബോണസ്‌ പോലെ കിട്ടിയതല്ലേ?

അവന്‍: സാറെ, ആര്‍.ട്ടി.യോ യ്കിത്‌ കൊടുത്ത്‌ ലൈസന്‍സ്‌ ഒപ്പിയ്കാമോന്ന് നോക്കട്ടെ, എന്നാ ആ പണിയങ്ങട്‌ തീരുമല്ലോ.

Visala Manaskan said...

‘അണ്ണാന്റെ മുതുകിലെ പോലെ ഭസ്മം കൊണ്ട്‌ അഞ്ചാറു വരയുണ്ടത്രെ മൂപ്പര്‍ക്ക്‌ ‘

മറ്റൊരു ദേവരാഗം ഗംഭീരന്‍ പോസ്റ്റ്.
വളരെ നന്നായിട്ടുണ്ട്

Kumar Neelakandan © (Kumar NM) said...

ദേവാ, പതിവുപോലെ.

Santhosh said...

നന്നായി. സ്വദേശ/വിദേശ പൊലീസ് കഥകള്‍ ഇനിയും സ്റ്റോക്കുണ്ടെന്നെഴുതിക്കണ്ടു. എല്ലാം പോരട്ടെ!

സസ്നേഹം,
സാന്തോഷ്

ശനിയന്‍ \OvO/ Shaniyan said...

ഹാ‍ഹാ! ശബരിമലയില്‍ പോവുമ്പോള്‍ നമ്മുടെ പുലിപ്പോലീസെങ്ങനെ പൂച്ചപ്പോലീസാവുന്നു എന്ന് അദ്ഭുതപ്പെടാറുണ്ട്.

പോലീസ് സ്റ്റോറികളൊരു സീരീസാക്കി നമ്മുടെ ജാക്കിയച്ചായന്‍ അയച്ചാലോ മാഷേ?

Unknown said...

ആട്ടോയില്‍ മുള്ളുന്ന ഗാന്ധി കൊള്ളാം. നാടിനു ചേര്‍ന്നവന്‍ തന്നെ.

പയ്യന്‍ കഥകള്‍ പോലെ,
ബ്രിഗേഡിയര്‍ കഥകള്‍ പോലെ,
പോലീസ് കഥകളും പുസ്തകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഖണ്ഡശ്ശ: പോരട്ടെ!

അരവിന്ദ് :: aravind said...

ഹി ഹി ഹി...
സര്‍വ്വീസ് സ്റ്റോറികള്‍ കലക്കുന്നുണ്ട് ദേവ് ജീ..:-)
കുലുങ്ങി ചിരിച്ചു . :-))

എഴുത്തിന്റെ ആ ശൈലി...ഉം ഉം...അനുപമം.

ദേവന്‍ said...

ഇബ്രൂ, തെന്നലേ, അതുല്യേ, വിശാലാ, കുമാറേ, സന്തോഷേ, ശനിയാ, യാത്രാമൊഴിയേ, അരവിന്ദേ, നന്ദി.

ഇബ്രൂ,
ബച്ചനും കണ്ട കൊച്ചനും എല്ലാം കിട്ടിയ ദേശീയ പുരസ്കാരം ഒരെണ്ണം കിട്ടിയപ്പോ സൂപ്പര്‍ നടനു സര്‍വഞ്ജപീഠം കയറിയെന്നും ഇനിയിപ്പോ അന്താരാഷ്ട്രത്തിലൊക്കെ അറിയപ്പെടുന്ന ഒരു പെരിച്ചാഴി ആകണമെന്നും ഒരു വെളിവുകേടു തോന്നി. മൂപ്പര്‍ എതോ പട്ടക്കടയില്‍ താടിയും ബീഡിയുമായിരുന്ന ഒരു സഞ്ചി മൃഗത്തെ പൊക്കി നിര്‍മ്മാതാക്കളെ അത്യന്താധുനികന്‍ വീശി നിലം പരിശാക്കി. എല്ലാവരും ഡിസ്കഷനെന്ന താടിത്തിരുവിളയാട്ടത്തില്‍ നിലമ്പരിശായി.

ലൊക്കേഷനില്‍ ഒന്നാം ദിവസം. സൂപ്പറിനെ നമ്മുടെ താടിച്ചേട്ടന്‍ പൊരി വെയിലില്‍ ഒരു വയലില്‍ കൊണ്ടു നിര്‍ത്തി. "നെറ്റിയില്‍ കൈ ചേര്‍ത്ത്‌ ദൂരേക്കു നോക്കു ചേട്ടാ".

സൂപ്പര്‍ നോക്കി. "കുഞ്ഞിഞ്ഞു നിന്നു നോക്കു" . നോക്കി. "ചക്രവാള സീമയിളെക്ക്‌ നോക്കു" സീമയെ നോക്കി. മുകളിലേക്കും ദൂരേക്കും അകലേക്കും അരികത്തേക്കും ചാഞ്ഞും ചരിഞ്ഞും നിവര്‍ന്ന്നും കിടന്നും ഒക്കെ നോക്കിച്ചു. രാവിലെ ഉച്ചയായി, വൈകുന്നേരമായി. നോട്ടമൊരിടത്തും എത്തുന്നില്ല.

തെങ്ങും മൂട്ടില്‍ കുടപിടിച്ചിരുന്ന് ഇതെല്ലാം കാണുന്ന പ്രൊഡ്യൂസര്‍മാര്‍ ആര്‍ കെ യും മണിയന്‍ പിള്ള രാജുവും അങ്ങോട്ടുമിങ്ങോട്ടും നോക്കി.
"ആര്‍ക്കെ ചേട്ടാ. എനിക്കറിയാന്മേലാഞ്ഞിട്ടു ചോദിക്കുവാ, ഇങ്ങേരിതെന്താ നോക്കണേ?" രാജു
ചോദിച്ചു.
"നമ്മടെ പടം എവിടെ പോയി എന്നാ നോക്കുന്നതെന്ന് തന്നെ തോന്നണത്‌" ആര്‍ കെ പറഞ്ഞു. "ഇതിവിടെ വച്ചു നിര്‍ത്തിയാല്‍ ഇനിയുള്ള പൈസയെങ്കിലും നഷ്ടമാകത്തില്ല രാജുവേ"

നാടാചാര്യന്‍ "നമ്മടെ പടം എവിടെ പോയി" എന്നു വയലില്‍ കിടന്നു നോക്കിയതു പോലെ "എന്റെ ശൈലി എവിടെ പോയി" എന്നു ബ്ലോഗ്ഗില്‍ കിടന്നു തിരക്കുന്നതാണു ഇബ്രൂ ഈ എഴുത്ത്‌.

അതുല്യേ,
മോക്ക്‌ വാര്‍ അറിയുമല്ലോ.ബീ എസ്‌ എഫില്‍ ഒരെണ്ണം നടക്കുമ്പോള്‍ ഒരു നക്ഷത്രധാരിയുടെ ജീപ്പിന്റെ വീലൊരെണ്ണം ഓടയില്‍ വീണു. അടുത്ത്‌ നിലത്തു കിടക്കുന്നവരെ വിളിച്ചു മൂപ്പര്‍
"കണ്‍സ്റ്റാബുലറി, എഴുന്നേറ്റു വന്നെന്റെ വ്ണ്ടി തള്ളിക്കയറ്റ്‌"
പിള്ളേരുണ്ടോ കുലുങ്ങുന്നു
"ഞങ്ങള്‍ വെടികൊണ്ട്‌ ചത്തു കിടക്ക്കുകയാണു സര്‍ എഴുന്നേല്‍ക്കുന്നതെങ്ങനെ?"
ഉവ്വോ? കമാണ്ടര്‍ കുരച്ചു "ഡ്രൈവര്‍, ഈ ശവങ്ങള്‍ വാരി ജീപ്പിന്റെ ടയറിന്റെ അടിയില്‍ ഓടയില്‍ ഇടൂ, വീലിനു ട്രാക്ഷന്‍ കിട്ടട്ടേ"
(പഴയ ആര്‍ ഡി തമാശ- എനിക്കൊരു ക്രെഡിറ്റുമില്ല)
ശനിയാ, കേരളാ പോലീസില്‍ ഇഷ്ടംപോലെ ജാക്കിചാന്മാരും ക്ലിന്റ്‌ ഈസ്റ്റ്‌ വൂഡും അര്‍നോള്‍ഡ്‌ ശിവശങ്കരനും മുതല്‍ ബഡ്‌ സ്പെന്‍സര്‍ വരെ ഉണ്ട്‌. നമ്മളതില്‍ പുലിക്കോടന്മാരെയും സ്മാര്‍ട്ട്‌ വിജയന്മാരെയും ഇരുംബന്മാരെയും ഐ എം വിജയന്‍ മാരെയും സിബി മാത്യൂമാരെയും അതുപോലെ മാദ്ധ്യമങ്ങല്‍ വാഴ്ത്തിയതും താശ്ത്തിയതുമായ ചിലരെ മാത്രമറിയുന്നെന്നേയുള്ളു.

ഓ ടോ
അഖിലേന്ത്യാ
ശരാശരിയുടെ ഇരട്ടി കുറ്റകൃത്യ നിരക്കാണ്‌ 2003 ഇല്‍ ദൈവത്തിന്റെ വീട്ടുവളപ്പില്‍ രേഖപ്പെടുത്തിയത്‌. ഇതില്‍ പൊലീസിന്റെ പങ്കെത്ര, രാഷ്ട്രീയക്കാരന്റെ പങ്കെത്ര, പൌരബോധമില്ലാത്ത സിവിലിയന്റെ പങ്കെത്ര ഭരണകൂടത്തിന്റെ പങ്കെത്ര എന്ന് അളക്ക്കാന്‍ സംവിധാനമൊന്നും ഇല്ലാത്തതിനാല്‍ മൊത്തത്തില്‍ അത്‌ കാക്കിയുടെ മുകളിലെ കറയായി.

അതുല്യ said...

Mockup um Tactics Exercise um ഒക്കെ അവിടെ നിക്കട്ടേ. പൌരബോധമില്ലാത്ത സിവിലിയന്ന്ന് പറഞ്ഞതു ഏതു സ്കേയിലിലു തൂക്കി? (പന്ത്രണ്ടിഞ്ചോ? പത്തോ?) 18 കൊല്ലം ഞാനും ബോധത്തോടു കൂടി തന്നെയാണു സൈനീക സേനയ്കു ഉല്‍ബോധനം നടത്തിയത്‌. പാതിയണഞ്ഞ കണ്ണുകളോടു കൂടി Mar.Operations റുമില്‍ മോക്കപ്പിന്റെ ബ്രീഫിനും ഡിബ്രീഫിനും ഒക്കെ രാത്രി 3 മണിയ്കു കൈകുഞ്ഞിനെ വിട്ട്‌ ദേവന്‍ പറഞ്ഞ പൌരബോധമില്ലാത്ത ഞാന്‍ ഇരുന്നിട്ടുണ്ട്‌. വിഷു കഴിഞ്ഞാ നന്നാവണമ്ന്ന് കരുതിയതാ.. എവിടെ.! എപ്പൊഴും ഒന്നു അതുല്യ ഒടക്കില്ലാ, ദേവന്‍ എഴുതുമ്പോ മാത്രം. അതിനു ദേവന്‍ എന്നും എഴുതുന്നത്‌ ആരുടെ കുറ്റം.

ദേ.. പറഞ്ഞേക്കാം, മില്‍.ഫോഴ്സിനെ തൊട്ടുള്ള കളി വേണ്ടാ. വീട്ടിലുള്ളവരെൊക്കെ സമാധാനമായി ബോംബു തലയിലു വിഴാതെ കിടന്നുറങ്ങുന്നത്‌ മൂത്രം പോലും ഫ്രീസായി പോകുന്ന അവസ്ഥയിലെ തണുപ്പില്‍ കുറെ ബോധമില്ലാത്ത ആളുകള്‍ ആ വേലിക്കെട്ടില്‍ തലതാഴ്ത്ത്ത്താതെ നിക്കണതു കൊണ്ടാ. മേടിച്കിട്ടിരിയ്കുന്ന തിരുവന്തപുരത്തേ സ്ഥലം ലീവിനു പോകുമ്പോ അവിടെ തന്നെ കാണണതും അവരുള്ളതു കൊണ്ടാണേ....

വേണ്ടാ വേണ്ടാന്ന് വയ്കുമ്പോ....

ദേവന്‍ said...

ഇപ്പോ അടഞ്ഞ കണ്ണുമായിട്ടിരിക്കുകയാണോ? അതോ ഇഞ്ചിനീരാണെന്നു പറഞ്ഞ്‌ ഹെനിക്കന്‍ എടുത്തടിച്ചിട്ട്‌ ജോലിക്കു വന്നതാണോ? ക്രൈം ഏരിയാ സിവിലിയന്‍ എന്നു വച്ചാല്‍ പട്ടാളക്കാരന്‍ അല്ല അടി നടന്നതിന്റെ അങ്ങേതിലെ പരമു, താഴേ വീട്ടിലെ മാത്തുണ്ണീ ലൈന്‍ മാന്‍ ഐപ്പ്‌, മീന്‍കൊണ്ട്‌ അതിലേ പോയ വാസു ഒക്കെ ആണ്‌. ഇവരും തണുപ്പും മാര്‍ഷലും കൈക്കുഞ്ഞും തമ്മിലെന്താ ബന്ധം?

അതു പോകട്ടെ. ലോകത്തേറ്റവും കഷ്ടപ്പാടു നിറഞ്ഞ ജോലികള്‍ക്കെല്ലാം യൂണിഫോം ഉണ്ട്‌. പട്ടാളക്കാരനും ബോംബ്‌ സ്ക്വാഡുകാരനും എന്നതൊക്കെ ശരി... വലിയ ത്യാഗം നിറഞ്ഞ ജോലിയാണതെന്നതും ശരി. പക്ഷേ ജീവന്റെയും സ്വത്തിന്റെന്യും സംരക്ഷകര്‍ പട്ടാളമല്ല. അതു ചെയ്യുന്നത്‌ സര്‍ക്കാര്‍ ആണ്‌ (വോ മ്മദെ കാണ്‍ഗ്രസ്സ്‌ സര്‍ക്കാരു തന്നെ ഇപ്പം ചെയ്യണത്‌) നാളെ തിരുവനന്തപുരം നിരോധിത മേഖലയായി ആറ്റക്കോയ പ്രഖ്യാപിച്ചാല്‍ എന്റെ നെഞ്ചത്തേക്ക്‌ തോക്കെടുക്കുത്തു ചൂണ്ടുന്നതും ഇതേ പട്ടാളക്കാരന്‍ തന്നെ. പാകിസ്ഥാനു തിരവന്തപുരം എഴുതി കൊടുത്താല്‍ അവിടം നിലം പരിശാക്കി ലവനെ ഇങ്ങോട്ടു കയറ്റി വിടുന്നതും ഇതേ പട്ടാളം തന്നെ. മിലിട്ടറി ഒരു ഉപകരണം മാത്രമാണു സാര്‍. ഒന്നിച്ചു ചിരിച്ചു പുകയും വലിച്ച്‌ തീവണ്ടി കയറിയ ആളിന്റെ ട്രൈക്കളര്‍ പുതപ്പിച്ച പെട്ടിയിലടച്ചു തിരിച്ചു വാങ്ങേണ്ടി വന്നത്‌ മറന്നിട്ടോന്നുമല്ല പറഞ്ഞത്‌.
നമ്മള്‍ പലതും വികാരങ്ങളുടെ പുറത്ത്‌ മറന്നു പോകുന്നെന്നു പറഞ്ഞതാ.

അതുല്യുക്കു പിടി കിട്ടാത്ത ആ പൌരബോധം ഇല്ലാത്ത സിവിലിയന്‍ ആരാണെന്നു ഒരു ഉദാഹരണത്താലെ പറഞ്ഞുതരാം.

ഇന്നലെ രാത്രി ഇബ്രുവിനോട്‌ ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ പെട്ടെന്നൊരു സൈറണ്‍ . നോക്കുമ്പോ റോഡില്‍ നിന്നും ഒരു പോലീസ്‌ ജീപ്പ്‌ അലറിക്കൂവി മണി എക്സ്ചേഞ്ജിന്റെ കതകിലൂടെ അകത്തേക്കു പായുന്നു. സിവിക്‌ സെന്‍സ്‌ ഉള്ളവന്‍ ആ എരിയയില്‍ നിന്നും മാറി നിന്ന് പോലീസിനു അവരുടെ ജോലി ചെയ്യാന്‍ സൌകര്യം ഉണ്ടാക്കി. ചങ്കും മത്തങ്ങേം തിരിച്ചാറിയാന്‍ മേലാത്തവര്‍ റോഡില്‍ നിന്നും ബാങ്കിന്റെ ചുറ്റും തടിച്ചു കൂടി അതൊരു ബാങ്ക്‌ കൊള്ള ശ്രമം ആണെങ്കില്‍ കള്ളനു രക്ഷപെടാനും പോലീസിനു ജോലി ചെയ്യാനും പറ്റാത്ത സാഹചര്യം ഉണ്ടാക്കി. (എന്തായിരുന്നവിടെ എന്നെനിക്കറിഞ്ഞൂടാ, ഇന്നത്തെ പത്രത്തില്‍ എന്തെങ്കിലും?)

അതുല്യ said...

സൈനീകകാര്യങ്ങള്‍ പറയുമ്പോ, സിവിലിയന്‍ എന്നൊക്കെ പറഞ്ഞാ അര്‍ഥം മാറില്ലേ? പൌരബോധം ഇല്ലാത്ത പൊതു ജനം ന്ന പറയേണ്ടത്‌. ഉമേഷ്ജീ, നോട്ട്‌ ദ പോയിന്റ്‌... സിവിലിയന്ന്ന് ഇനി മിണ്ടിയാ....