Tuesday, April 25, 2006

ബിസ്മി

ബസ്സ്‌ അതിന്റെ സ്റ്റോപ്പിലല്ലാതെ നിറുത്തിയത്‌ ഒരു പോലീസ്‌ സബ്‌ ഇന്‍സ്പെക്റ്റര്‍ക്കു കയറാനായിരുന്നു. അയാളെക്കണ്ടതും പേനകള്‍ നിറച്ച ഇരുമ്പു പെട്ടി മാറത്തടുക്കി ബിസ്മിയലി എഴുന്നേറ്റ്‌ തന്റെ ഇരിപ്പിടം സ്വീകരിക്കാന്‍ ആ യൂണിഫോം ധാരിയെ ക്ഷണിച്ചു."യേഷ്‌ ഖമോണ്‍.."

പോലീസുകാരന്‍ സ്റ്റേഷനു മുന്നില്‍ വണ്ടി നിറുത്തിച്ച്‌ ഒരു നന്ദിവാക്കു പോലും പറയാതെ ഇറങ്ങിപ്പോയിക്കഴിഞ്ഞ്‌ ഞങ്ങള്‍ ഈ വൃദ്ധന്‍ അയാള്‍ക്ക്‌ ഇരിക്കാന്‍ ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കേണ്ടിയിരുന്നില്ലെന്ന് പ്രമേയം പാസ്സാക്കി.
"ഒരു ഏ എസ്‌ ഐ എന്നാല്‍ വെറും ഒരു ക്ലെര്‍ക്ക്‌ അല്ലേ? എന്തിനാണു എഴുപതു വയസ്സായ അലിയാരുകാക്ക പെട്ടിയും കുടുക്കയും താങ്ങി എഴുന്നേറ്റ്‌ എമ്മാനെ ഇരുത്തുന്നത്‌? കെ എസ്‌ ഈ ബിയിലെ ഒരു ക്ലാര്‍ക്കായിരുന്നു വന്നതെങ്കില്‍ ഇങ്ങനെ എഴുന്നേറ്റു കൊടുക്കുമായിരുന്നോ? കാക്കായെപ്പോലുള്ളവരാണീ നാട്ടില്‍ പോലീസിനെ.."

പുള്ളേരേ, ഈ വഴിയോരത്ത്‌ ഓടപ്പുറത്ത്‌ ഞാനെന്റെ കച്ചവടം നടത്തുന്നു. എന്നും കാണുന്ന മുഖങ്ങള്‍ പോലീസുകാര്‍, അവരിലൊരാള്‍ക്ക്‌ എന്റെ മുഖം തിരിച്ചറിയാനായാല്‍.

ചിന്നക്കടയെത്തി. "എല്ലാരും ഇറങ്ങണം." കണ്ടക്റ്റര്‍ അറിയിച്ചു.

"യേഷ്‌ ഖമിംഗ്‌" ബിസ്മിയലി പെട്ടിയെടുത്തു. തുവര്‍ത്ത്‌ തോളിലൊരു ഷാള്‍ പോലെ ഇട്ടു. മുണ്ടു മടക്കി കുത്തി ഇറങ്ങിപ്പോയി.

ബിസ്മി പൌണ്ടന്‍ പേനകള്‍, ഞെക്കുമ്പോ നിബ്ബ്‌ വരികയും വീണ്ടും ഞെക്കുമ്പോളത്‌ ഉള്‍വലിയുകയും ചെയ്യുന്ന ജൂബിലി ആട്ടോമാത്തിക്ക്‌ പേനകള്‍, റീഫില്‍, ക്യാമല്‍ മഷി, ചെല്‍പ്പാര്‍ക്ക്‌ മഷി, റൂളിപ്പെന്‍സില്‍, ഡബ്ബര്‍. എഴുത്തു സാമഗ്രികളെല്ലാം വില്‍പ്പനക്ക്‌ അലിയാരുടെ കയ്യിലുണ്ട്‌. ഒരു ചിലന്തി വല കെട്ടിയിരിക്കുമ്പോലെ ഓടപ്പുറത്തു വിരിച്ച ടാര്‍പ്പാളിനില്‍ ഇതെല്ലാം നിരത്തി തിമിരത്തിന്റെ വെളുത്ത വളയങ്ങള്‍ വീണ കണ്ണാലെ നടന്നു പോകുന്നവരെ നോക്കി ആ കിഴവന്‍ അങ്ങനെ വെയിലിലേക്കു കാല്‍ നീട്ടി കടത്തിണ്ണയിലിരിക്കും.വഴിപോക്കരില്‍ ആരുടെയെങ്കിലും കണ്ണ്‍ പേനകളില്‍ തടഞ്ഞുനിന്നാല്‍ ഉറക്കെ ക്ഷണിക്കും"യേഷ്‌ ഖമോണ്‍!"വിലപേശലൊഴിച്ചാല്‍ അലിയാരുടെ കച്ചവടത്തില്‍ ആര്‍ക്കും കുറ്റമോ കുറവോ കണ്ടുപിടിക്കാനൊന്നുമില്ല.

ചെറുപ്പകാലത്ത്‌ മട്രിക്കുലേഷന്‍ എഴുതാന്‍ താന്‍ അലിയാരുടെ കയ്യില്‍ നിന്നും വാങ്ങിയ അതേ പേന താന്‍ പെന്‍ഷന്‍ മസ്റ്റ്രോള്‍ ഒപ്പിടാനും കൊണ്ടുപോകുന്നെന്നും മറ്റുമുള്ള പഴങ്കഥകള്‍ പറഞ്ഞ്‌ കൊച്ചു മകനു പേനവാങ്ങാന്‍ വരുന്ന സമപ്രായക്കാരെ കാണുമ്പോള്‍ ആ കച്ചവടക്കാരന്‍ സംതൃപ്തിയോടെ പറയും "യേഷ്‌, റൈറ്റ്‌!"

അമ്പതു വര്‍ഷത്തെ റൈറ്റുകളുടെ കഥ ഞങ്ങളോടു പങ്കിടുന്ന ബസ്‌ യാത്രകളിലൊന്നിലാണ്‌ ആദ്യമായി ഒരു റോങ്ങ്‌ കണ്ടെത്തിയതും. ജാസ്മിന്റെ ഫയലില്‍ കുത്തിക്കണ്ട ആ റോങ്ങിനെ താല്‍പ്പര്യപൂര്‍വ്വം ഊരിയെടുത്ത്‌ ബിസ്മിയലി ചോദിച്ചു "പേര്‍ഷ്യേന്നു കൊണ്ടുതന്നതാണോയിത്‌?"

"അല്ല കാക്കാ, ഇതു ബ്യൂട്ടി പാലസില്‍ നിന്നു വാങ്ങിയതാ."

അലി റെയ്നോള്‍ഡ്‌ പേനയെ തുറന്ന് ഗുണപരിശോധന നടത്തി.
യേഷ്‌. ഏറിയാലൊരാറു മാസം. പിന്നെ പിരിച്ചടക്കുന്നയിടത്തുവച്ച്‌ പൊട്ടിപ്പോകും. എത്തര കൊടുത്ത്‌?അഞ്ചു രൂപായോ? യേഷ്‌ ഖമോണ്‍. ആറുമാസത്തേക്കഞ്ചേ .വര്‍ഷത്തേല്‍ പത്ത്‌. മോള്‍ക്ക്‌ അമ്പതു വര്‍ഷം എഴുതണമെങ്കില്‍ അഞ്ഞൂറുരൂപാ. അള്ളോ, ഇതു പറ്റിപ്പാ കച്ചോടം.

ജാസ്മിന്‍ തലയറഞ്ഞു ചിരിച്ചു."പൊന്നലിയാരു കാക്കാ. എന്റെ നാളത്തെക്കാര്യം പോലും എനിക്കറിഞ്ഞൂടാ. അമ്പതു വര്‍ഷത്തേക്കു പേനായോ."

ക്ലാസ്സില്‍ ഞാന്‍ ഒറ്റക്കൊരു ബഞ്ചിലായി . മഞ്ഞ നിറം തുടങ്ങിയ വെയിലിലേക്ക്‌‌ നോക്കി ഉറക്കം തൂങ്ങുമ്പോള്‍ കണ്ണടക്കു മുകളിലൂടെ അലസമായി നോക്കിക്കൊണ്ട്‌ പ്രൊഫസര്‍ വായിച്ചു "hence the decision to s set up a cell to wind up those companies referred to the Board for Industrial and Financial Reconstruction as per the new SICA, for which no viable rehabilitation package could be formulated. Those organizations that cannot keep adrift in the gush of the modern technological.. എഴുന്നേറ്റു. "സര്‍ സുഖമില്ല". ഹാങ്ങോവര്‍ പോലെ ഒരു പരവേശം.

ലേഡി അതലെറ്റ്‌സ്‌ ഹോസ്റ്റല്‍ ജനാലയില്‍ നിന്നും നാലായി മടക്കിയ അരപ്പായ പ്രണയലേഖനം ചിറകുകളാക്കി ഒരു റോട്ടോമാക്ക്‌ പേന താഴെ കൈക്കുമ്പിള്‍ നീട്ടില്‍ നില്‍ക്കുന്ന ചെറുക്കന്റെ നേര്‍ക്ക്‌ പറന്നിറങ്ങി. അവന്‍ ഇതു കണ്ടോടാ ലവ്വ്‌ എന്ന മട്ടില്‍ എന്നെ നോക്കി. എഴുതി എഴുതി പ്രണയം തെളിയട്ടെയെന്ന് രവീണ ഠണ്ടന്‍ അനുഗ്രഹിച്ച കമിതാക്കള്‍.

ഐലണ്ട്‌ എക്സ്‌പ്രസ്സ്‌ വന്നു നിന്നു. പത്തിരുനൂറോളം പേര്‍ ഒരു ജാഥപോലെ ചീനക്കാര്‍ നിര്‍മ്മിച്ച റെയില്‍ച്ചരക്കു പാണ്ടികശാലത്തിണ്ണയിലൂടെ നിരത്തിലെത്തി. എന്നാല്‍ ആരുടെയും കണ്ണുകള്‍ ഓടപ്പുറത്ത്‌ നിരത്തിയ ബിസ്മിയിലും ജൂബിലിയിലും തടഞ്ഞുനില്‍ക്കുന്നില്ല.

"യേഷ്‌ ഖമോണ്‍‍" ബിസ്മിയലി ആശയറ്റ്‌ ആരെയെന്നില്ലാതെ ഉറക്കെ വിളിച്ചു.

തള്ളിവന്ന മഹാജനാവലിയുടെ കീശകള്‍ അലിക്കു നോട്ടുകള്‍ കൊടുക്കാതെ തിരക്കിട്ടു വഴിയിടുക്ക്‌ കടന്നു പുറത്തു പോയി.

വെള്ളിയുടെ നിറമുണ്ടായിരുന്ന വെയില്‍ പെട്ടെന്നു മഞ്ഞയും പിന്നെ ബ്രൌണും ആയി. ബിസ്മിയലി താനറിയാതെ അടച്ചിട്ട കടയുടെ തുരുമ്പു ഷട്ടറിലേക്ക്‌ ചാഞ്ഞു.
"യേഷ്‌?" ഒന്നും കഴിക്കാഞ്ഞിട്ടാവുമോ?

തള്ളി വന്ന ദീര്‍ഘശ്ശ്വാസം പ്രാണവായുവിന്‍ കണികകളൊന്നും അലിക്ക്‌ കൊടുക്കാതെ ‌ നെഞ്ചിന്‍കൂട്‌ കടന്നു പുറത്തു പോയി.
"യേഷ്‌ ഖമിംഗ്‌".ബിസ്മില്ലാഹ്‌.

23 comments:

കണ്ണൂസ്‌ said...

ഇടത്തോട്ടുടുത്ത, നരച്ച പച്ചയില്‍ വലിയ വെളുത്ത കളങ്ങളുള്ള ലുങ്കിയില്‍ അധികം ചെളി പുരണ്ടിരിക്കില്ല. നേര്‍ത്ത കുറ്റിത്താടി വെളുത്തിരിക്കും... തലയില്‍ വെയിലു തടുക്കാന്‍ കെട്ടിയ ചെമ്മണ്ണ്‍ പുരണ്ട വെളുത്ത തോര്‍ത്ത്‌ അലസമായി പകുതി ചുമലിലൂടെ അഴിഞ്ഞു വീണു കിടപ്പുണ്ടാവും. ഇടത്തേ കയ്യിലെ നടുവിരലില്‍, ചുളിഞ്ഞ ചര്‍മ്മത്തോട്‌ ചേര്‍ന്ന് നിറം മങ്ങിയ മോതിരം അമര്‍ന്ന് കിടപ്പുണ്ടാവും.

ഇതല്ലേ ദേവാ ബിസ്മിയലി?

ദൈവമേ.. എന്നെ സങ്കടപ്പെടുത്തിയല്ലോ? ഇനി രണ്ട്‌ ദിവസം എന്നെ ഉറക്കത്തില്‍ വിളിച്ചുണര്‍ത്താന്‍ വരുമല്ലോ യെഷ്‌.. ഖമോണ്‍ എന്ന ശബ്ദം!!

അതുല്യ said...

എനിക്കൊന്നും പറയാനില്ലാ, ഇനി ഇതു പോലെ എഴുതരുതെന്നൊരു ചെറിയ കുറിപ്പൊഴിച്ച്‌. ദേവാ, വേണ്ടായിരുന്നു, നീയും ആ വിളി കേട്ടില്ലേ?

Visala Manaskan said...

എണ്ണം പറഞ്ഞ കഥ. മനോഹരമായിരിക്കുന്നു.

കണ്ണൂസിനെപ്പോലെയൊരു കമന്റെഴുതാന്‍ ആഗ്രഹമുണ്ട്, പക്ഷെ, സര്‍വ്വശക്തനായ ജഗന്നിയന്താവ് എന്നെ അല്പശക്തനാക്കിക്കളഞ്ഞില്ലേ!

.^. ഞാന്‍ നന്നായി എന്നുമാത്രം പറഞ്ഞ്, വക്കാരി സ്റ്റൈല്‍, ഗഡ്മ നിര്‍വ്വഹിക്കുന്നു.

(^ന് പകരം കുത്ത് സങ്കല്പിച്ചാല്‍, ചിലപ്പോള്‍ ആയതിനാല്‍ എന്നര്‍ത്ഥം വരും)

രാജ് said...

കുറച്ചുദിവസങ്ങള്‍ക്കു ശേഷം ബ്ലോഗുകളും കമന്റുകളും അരിച്ചുപെറുക്കി വായിച്ചെടുക്കുകയായിരുന്നു. കുറേനേരം സ്ക്രീനിലേയ്ക്കു നോക്കിയിരുന്നതുകൊണ്ടാണെന്നു തോന്നുന്നു തലവേദനിച്ചിരുന്നു. ദേവന്റെ പോസ്റ്റ് അവസാനമേ കണ്ടുള്ളൂ, വായിക്കാതിരിക്കുവാന്‍ തോന്നിയില്ല, “അസ്തമയങ്ങളിലേയ്ക്കു നടന്നുപോകുന്നതു് ആരൊക്കെയാണു്?” എന്നൊരു ചോദ്യമാണു ശിഷ്ടമുണ്ടായതു്.. ഈ മുഖങ്ങളെമ്പാടും ഞാന്‍ മറന്നിരിക്കുകയായിരുന്നു - മറവി എനിക്കു ഭൂഷണമായിരിക്കുന്നു; നിങ്ങളില്‍ ചിലര്‍ പലതും ഓര്‍മ്മിക്കുവാന്‍ പ്രേരിപ്പിക്കുന്നു, എനിക്കു തീരാത്ത തലവേദനകള്‍ വരുത്തിവയ്ക്കുന്നു.

ചില നേരത്ത്.. said...

കണ്ണൂസിന്റെ കമന്റ് വായിച്ചിവിടെ എത്തുമ്പോള്‍ ഹൃദയഹാരിയായ ഒരു കഥയാകുമെന്നുറപ്പുണ്ടായിരുന്നെങ്കിലും ഇത്രയധികം നോവ് സൃഷ്ടിക്കുമെന്ന് അറിയില്ലായിരുന്നു.

വാക്കുകള്‍ നഷ്ടമാകുന്നു ഈ കഥയെ വിശേഷിപ്പിക്കാന്‍..
ദേവേട്ടാ‍..വളരെ നന്ദി

Kalesh Kumar said...

അരവിന്ദന്റെ മൊത്തം ചില്ലറ വായിച്ച സന്തോഷം മൊത്തൊം പോയി ദേവാ...
ആ‍ര്‍ദ്രം!

ഇനി ഇങ്ങനത്തതൊന്നും എഴുതരുതെന്ന് പറയാന്‍ ഞാനാളല്ല.

മനൂ‍ .:|:. Manoo said...

ദേവരാഗം,

അതെ, ഇനി ഓര്‍മ്മകളില്‍ ഒരു 'യേഷ്‌ ഖമോണ്‍' മുഴങ്ങിക്കൊണ്ടിരിക്കും...

ഇതുപോലുള്ള ഓര്‍മ്മകളെ മനപ്പൂര്‍വ്വം മറക്കാനാണ്‌ എന്നും ശ്രമിച്ചിട്ടുള്ളത്‌. പക്ഷേ...

myexperimentsandme said...

ദേവേട്ടാ.. ഇത് ശരിക്കും നോവ് ആള്‍ജിയയായിപ്പോയി. എന്തൊരു എഴുത്ത്. ...

ബിസ്‌മിയലി കണ്‍‌മുന്‍പില്‍ നിക്കുന്നതുപോലെ... എന്‍ഡിഗ് ശരിക്കും ആര്‍ദ്രം. കൊളുത്തിവലിക്കുന്നു...

കുറുമാന്‍ said...

ദേവേട്ടാ,
പരിജയ സമ്പന്നനായ എഴുത്തുകാരുടെ ബ്ലോഗുകള്‍ വായിച്ച് തുടങ്ങിയിട്ടേ ഉള്ളൂ. എല്ലാ ബ്ലോഗുകളും വായിച്ചു തീര്‍ക്കാന്‍ എത്ര വാരങ്ങള്‍ വേണമെന്നറിയില്ല. ബ്ലോഗുകളെ എനിക്ക് പരിജയപെടുത്തിയത് തന്നെ പെരിങ്ങോടനാണ്. പെരിങ്ങോടന് പ്രത്ര്യെകം നന്ദി. നിങ്ങളുടെ കഥകള്‍ക്കെല്ലാം കമന്റിടാന്‍ എനിക്ക് ദൈര്യം പോരാ.....ഒരു തുടക്കകാരനെ തെറ്റിദ്ധരിക്കരുതേ

aneel kumar said...

:(

സിദ്ധാര്‍ത്ഥന്‍ said...

ഒരു ബിസ്മിയലിയെ എനിക്കുമറിയാം.
പക്ഷേ മോതിരമില്ല വാച്ചുമില്ല ചെരിപ്പില്ല. ഇടത്തോട്ടുടുത്ത മുണ്ടു് മടക്കിക്കുത്തി അതിനു മുകളിലേക്കു് ഷർട്ടിറക്കിയിട്ടിട്ടുള്ള ഒരു രീതി നിങ്ങളധികം കണ്ടിരിക്കാ‍നിടയില്ല. ഞാനെന്റെ ജീവിതത്തിൽ പക്ഷേ ഏറ്റവും കൂടുതൽ കണ്ടിരിക്കുന്നതദ്ദേഹത്തേയാണു്. എന്റെ അച്ഛൻ!

ഇതു പറയുമ്പോൾ പട്ടുപോലെ മിനുത്ത തവിടിന്റെ ഗന്ധം എന്നെ ഗ്രസിക്കുന്നു. മനസ്സിന്റെ ദ്രവിച്ച താളുകളിൽ ഒരു അടഞ്ഞ ഷട്ടറും ചൂടിനാരുകൊണ്ടു് വരിഞ്ഞു കെട്ടിയ ഒരു 25 എച് പി സ്വിസ് മേഡ് മോട്ടറും തുരുമ്പെടുത്തു തുടങ്ങിയ ഒരു പുഴുക്കുതൊട്ടിയും ആദ്യം ബ്രൌൺ നിറത്തിലും പിന്നെ മഞ്ഞയായും പിന്നെ വെള്ളി നിറത്തിലും തെളിയുന്നു.

ദേവാ, അലിയാരു് സർവവ്യാപിയാകുന്നു. തലമുറകളുടെ പാച്ചിലിൽ ചവിട്ടിമെതിക്കപ്പെടുന്നവരെ ഓരോ ഘട്ടത്തിലും വ്യത്യസ്ത രൂപങ്ങളിൽ കാണാം. ഇത്തരം കാര്യങ്ങൾ പറയുന്നതിന്റെ ഗുണം എന്താണെന്നുവച്ചാൽ, ഒരു നൂറു കൊല്ലം കഴിഞ്ഞീബ്ലോഗ് വായിക്കുന്നവനും അലിയാരുടെ രൂപം പറയും. ചിലപ്പോഴതു് കണ്ണൂസ് പറഞ്ഞതിൽ നിന്നു് വ്യത്യസ്തമായിരിക്കുമെന്നു മാത്രം.

evuraan said...

ദേവാ, ബിസ്മി വളരെ നന്നായിരിക്കുന്നു.

Unknown said...

എന്തൊരെഴുത്ത്! അനുഭവങ്ങളുടെ മൂശയില്‍നിന്നും ദേവന്‍ വാര്‍ത്തെടുത്ത പൊള്ളുന്ന കഥാശില്പം!

വഴിയരികില്‍ ദയ കാത്ത് എത്രയോ അലിമാര്‍..

സ്നേഹിതന്‍ said...

നിസ്സഹായതയുടെ ഒരു ചിത്രം പച്ചയായ് വരച്ചിരിയ്ക്കുന്നു!

nalan::നളന്‍ said...

രാവിലെ വന്ന് കടതുറന്ന് നാരങ്ങാമിഠായിയും നെല്ലിക്കാ അച്ചാറും മുന്നില്‍ നിരത്തിവച്ച് യേശ് ഖമാണ്‍ എന്ന് തത്ത പറയണപോലെ പറയണ ബിസ്മിമാരിന്നുമുണ്ടല്ലേ...
ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തി നുള്ളിനോവിക്കുന്നത് ക്രൂരതയാണു് :( ..

ദേവന്‍ said...

എന്തു കമന്റു വരുമെന്നും അതിനു ഞാനെന്തു പ്രതികരിക്കണമെന്നും ഒരു പിടീം ഇല്ലാത്തതുകൊണ്ട്‌ ഈ പോസ്റ്റിട്ടേപ്പിന്നെ കൂമന്‍പള്ളിവഴി വന്നില്ല. എങ്കിലും പിന്മൊഴിത്തേന്മൊഴി കമന്റില്‍ മിക്കതും എനിക്കു കാട്ടിത്തന്നിരുന്നു.

അഭിപ്രായമിട്ടവര്‍ക്കെല്ലാം നന്ദികള്‍ കൊട്ടക്കണക്കിന്‌ . വിശാലന്റെ യൂട്രസ്സു തിരക്കി ഗുളിക പാഞ്ഞു നടന്നതുപോലെ സത്യത്തില്‍ ഇല്ലാത്ത എന്റെ ശൈലി തിരക്കി ഓര്‍മ്മകള്‍ പാഞ്ഞു നടക്കുന്നു കൂട്ടുകാരേ. അബദ്ധം വാ സുബദ്ധം വാ എന്നങ്ങു കീച്ചുന്നു.


എനിക്കു തെളിഞ്ഞത്ര വ്യക്തതയില്‍ കണ്ണൂസിന്റെ കണ്ണിലും ബിസ്മിയലി തെളിഞ്ഞപ്പോള്‍ ഞാന്‍ ചാരിനിന്നുതാര്‍ത്ഥ്യനായി.

സിദ്ധാര്‍ത്ഥാ,
കയ്യെത്തുന്ന ദൂരത്തിനുമപ്പുറത്തിരിക്കുമ്പോഴും ചിന്തയില്‍ കടന്നു വന്നു സുരക്ഷിതത്വബോധവും ശക്തിയും ബോധവും ആത്മവിശ്വാസവുമൊക്കെ തരുന്ന അച്ഛനെന്ന പ്രത്യക്ഷേശ്വരനെക്കുറിച്ച്‌ ആരു എത്രയെഴുതിയാലും എനിക്കു വായിച്ചു മതിവരില്ല കൂട്ടുകാരാ.

Santhosh said...

ഞാന്‍ ഇത് ഇപ്പോഴാണ് കാണുന്നത്...
ബിസ്മിയലി ഇനിമേല്‍ ഒരു ദുഃഖമായി മനസ്സിന്‍റെ ഒരു കോണില്‍.

ദേവന്‍ said...

നന്ദി, സന്തോഷ്‌.

reshma said...

എത്രയോ തവണ നടന്നു പോയിട്ടുണ്ടാവും ആ യേഷ് ഖമോണ്‍ കേള്‍ക്കാന്‍ നിക്കാതെ. ഇനി ഞാനും കാണും.

കരോലിനും സ്റ്റാനും തരാത്തത് ബിസ്മിയലി ഇപ്പോഴും, മൂന്നോനാലോ വായനകള്‍ക്ക് ശേഷവും..

ദേവന്‍ said...

നന്ദി രേഷമ്മേ . ഇതിപ്പോഴാ കണ്ടത്‌. അല്ലാ നാട്ടില്‍ നിന്നും തിരിച്ചെത്തിയോ?

myexperimentsandme said...

അപ്പോള്‍ ഏപ്രിലിലെ പോസ്റ്റിന് ജൂലൈയിലും നന്ദി പറയാമല്ലേ. ഞാനുമൊന്ന് നോക്കട്ടെ :)

simy nazareth said...

ദേവേട്ടാ, ഞാനിവരെയൊന്നും കണ്ടിട്ടില്ല. പണ്ട് പെന്‍സില്‍ ചെത്തിത്തരുന്ന ഒരു തങ്കപ്പന്‍ ചേട്ടനെമാത്രം ഓര്‍മ്മയുണ്ട്.

നല്ല കഥ.

Sanal Kumar Sasidharan said...

സത്യത്തിൽ ഇതുവരെ വായിച്ചില്ലല്ലോ എന്നതിൽ ഒരുമാതിരി കുറ്റബോധം.ബ്ലോഗ് ഒരു കടലാണെന്ന് തോന്നുന്നു.മുങ്ങിയാൽ മുത്തുകിട്ടുന്ന കടൽ