Saturday, January 14, 2006

നാമക്രിയ

വിദേശനാമ സ്വാംശീകരണത്തിന്റെ അവശ്യകതയെന്നോ മറ്റോ തലക്കെട്ടിൽ ജീമെയിൽ സർക്കുലറായി ഒരു സിദ്ധാർത്ഥോപെരിങ്ങോടം നടക്കുന്നത് കണ്ടപ്പോൾ മുതൽ സ്വാഭാവിക സ്വാംശീകരണ നിയമാവലിയെ തപ്പുകയാണു ഞാൻ.

അ(ഡി)ലൈഡ്
കൊല്ലത്ത് ആദ്യമായി വന്ന വിദേശപദങ്ങൾ കമ്പനിപ്പേരുകളായിരുന്നു. ലീല, സരസു, ഉണ്ണൂണ്ണി എന്നിങനെ ഒറ്റപ്പേരുകള് ശീലിച്ച കൊല്ലത്തുകാർക്ക് കമ്പനികളുടെ ക്രിസ്ത്യൻ പേർ- നടുപ്പേർ- വംശപ്പേർ-തണ്ടപ്പേർ സഞ്ചയം തലവേദനയായി. ഓട്ടാപ്പീസ് എന്നു പറയുമ്പോലെ ആസ്പിൻ വാൾ & ക്രോസ്സ് ഫീൽഡ് കാഷ്യൂ ലിമിറ്റെഡ് എൽ എൽ സീ എന്നു പറയാനാകില്ലല്ലോ. ഏറ്റവും അന്യമായ പദത്തെ കൊല്ലത്തുകാർ പ്രൈമറി കീ ആക്കി. ഒരു മനുഷ്യനും മാൻ‍ ജാതിയും ഇല്ലാത്തൊരു പൊന്തക്കാട്ടിൽ ദാസ് പ്രാൺലാൽ എന്നൊരു ഗുജറാത്തി സേഠ് ലക്ഷ്മി സ്റ്റാർച്ച് ഫാക്റ്ററി തുടങ്ങുന്നു- നാട്ടുകാർക്ക് ലക്ഷ്മിയെ അറിയാം, ഫാക്റ്ററിയേയും. അന്യൻ സ്റ്റാർച്ചാണ്. സ്റ്റാർച്ച് മുക്കിൽ അങ്ങനെ ഒരു സ്റ്റാർച്ച് കമ്പനിയുണ്ടായി. ഇതേ നിയമത്താൽ കേരളാ സെറാമിക്സ് എന്നത് വെറും സെറാമിക്സ് ആയി(കേരളമാർക്കാ അറിഞ്ഞുകൂടാത്തത്?). വെയിറ്റേമിനുട്ട്, ഈ നെയിമിങ് കൺവെൻഷൻ ഉൽപ്പന്നത്തിന്റെ പേരിനാൽ കമ്പനി അറിയുന്നുവെന്നും വന്നുകൂടേ? സ്റ്റാർച്ച് ഉണ്ടാക്കുന്ന കമ്പനി സ്റ്റാർച്ച്, സെറാമിക്ക് ഉണ്ടാക്കുന്ന കമ്പനി സെറാമിക്സ് എന്ന്? നൈഷദ്ധം- കുണ്ടറയിലെ Kerala Electricals & allied Industrieസ് Limited എന്ന കമ്പനിയുടെ ലോക്കലൈസ്‍ഡ് പേർ എന്തെന്ന് കണ്ടുപിടിക്കുക : ആദ്യപദം – കേരളാ .. ഓ നമുക്കറിയാവുന്നതാ. രണ്ടാമത്തത് എലക്രട്രിക്ക് – അതു വിളക്ക്-അറിയാം. ആൻഡ്, ഇൻഡസ്റ്റ്ട്രി, ലിമിറ്റഡ് എന്നതൊക്കെ കമ്പനികൾ സാധാരണയായി വയ്ക്കുന്ന പൊടിപ്പും തൊങ്ങലും.. അപ്പോ പിന്നെ അപരിചിതൻ ആർ? അലൈഡ് . അങ്ങനെ ആ കമ്പനിക്കും നാടൻ പേരായി. “പയ്യൻ അലൈഡിലെ ജോലിക്കാരനാ, അലൈഡിനടുത്ത് 5 സെന്റ് വസ്തു.. (അലിൻഡ്, ഐയ്യാറീ തുടങ്ങി പുത്തൻ ചുണ്ടന്മാർക്ക് ഈ നിയമം ബാധകമായില്ല)

സുസ്‍കീ
ഞാൻ വാരസ്സോപ്പിനു പകരം ഇന്ന് സർഫിട്ടു തുണി കഴുകി എന്നും മമ്മൂഞ്ഞിന്റെ മോൻ സിസ്സർ വലിക്കും എന്നും ഒക്കെ വിപണിയിൽ മേൽക്കോയ്മയുള്ളവന്റെ ബ്രാൻഡിനെ ജെനെറിക് പേരാക്കുന്നത് ആഗോള പ്രതിഭാസമാണല്ലോ (സീറോക്സ് കോപ്പി, സെലോഫേൻ ടേപ്, പോസ്റ്റ് ഇറ്റ് പാഡ് മുതൽ വാക്ക്മാൻ വരെ)

എസ്മാരിയോ, യമഹാ, കാവസാക്കി എന്നിവരൊക്കെ കേരളത്തിലെത്തുന്നതിനും വളരെ മുൻപേ Outboard Engine എന്ന യന്ത്ര-വള്ളം തുഴച്ചിൽക്കാരനെ ആദ്യമായി മലയാളിക്കു പരിചയപ്പെടുത്തിയത് സുസുകി എന്ന ജാപ്പ്നീസ് കമ്പനിയായിരുന്നു ആ നന്ദിക്ക് കടാപ്പൊറം ഈ സാധനത്തിനെ “സുസ്കീ“ എന്നു മലയാളത്തിൽ വിളിച്ചു.
കൊല്ലത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്റ്ററായിരിക്കവേ ശ്രീ. പ്രസാദ് ചന്ദ്രനു കിട്ടിയ ഒരപേക്ഷാ ഫോറത്തിൽ നിന്ന് [ബ്രാക്കറ്റിലുള്ളത് എന്റെ കമന്റ്]

30/11/1988
ബഹുമാനപ്പെട്ട ജായിന്റ് ഡെപ്യൂട്ടി അസ്സിസ്റ്റന്റു ഡയറക്റ്റർക്ക് , [ജായിന്റും അസ്സിസ്റ്റന്റും അപേക്ഷകൻ ബഹുമാനം ഇത്തിരി കൂടാൻ വേണ്ടി കനിഞ്ഞനുവദിച്ച ബഹുമതികൾ] മൂദാക്കര നികർത്തിൽ ആഗസ്തി [ശരിയായ പേരല്ല, ഞാൻ മാറ്റി] എഴുതുന്ന അപേക്ഷാ ഫാറം[ഫാറമൊന്നുമില്ല വെള്ളക്കടലാസിലാണെഴുത്ത്, ഒരു ഗമക്ക് പറഞ്ഞതാ].

വള്ളക്കാർക്ക് കൊടുക്കാൻ ഗവേണ്മെന്റ് അനുവദിച്ച 50 ലക്ഷം രൂപയിൽ നിന്ന് (അരമന രഹസ്യം = അങ്ങാടിപ്പാട്ട് ഫണ്ട് അനുവദിച്ചതിന്റെ എല്ലാ വിവരവും അപേക്ഷകനുണ്ട്) എനിക്കും ഒരു ലാൺ തരാൻ അഭ്യർത്തിക്കുന്നു (രാഷ്ട്രീയക്കാരിൽ നിന്നു കിട്ടിയ വാക്ക്). ആ പണം എനിക്ക് ഒരു യമഹായുടെ സുസ്‍കീ വാങ്ങാനാണ് . (യമഹായും സുസുകിയും അമാൽഗമേറ്റ് ചെയ്തെന്ന് ആരും സംശയിക്കരുതേ, യമഹായുടെ ഔട്ട് ബോർഡ് എഞ്ജിൻ വാങ്ങാൻ എന്നു പച്ചമലയാളത്തിൽ പറഞ്ഞതാ)
വിശ്വസ്തൻ,
ആഗസ്തി നികർത്തിൽ
മൂദാക്കര, കൊല്ലം

കൂ.
ഒരുതരത്തിലൊക്കെ നമ്മൾ ജീവിച്ചുപോകവേ സായിപ്പന്മാർ കൊല്ലത്ത് ക്രൌഥർ മേസണിക്ക് ഹാൾ നിർമ്മിച്ചു:- കീപ്പദമില്ലെന്നതോ പോകട്ടേ, വായിൽക്കൊള്ളാവുന്ന ഒരു പദം പോലുമില്ല. അറ്റ കൈക്ക് പരിഭാഷ തന്നെ . “കൂതറ മിഷ്യൻ ഹാൾ“!! കൊല്ലമെന്ന സുന്ദരൻ പേരിനെ കോയിലോൺ ആക്കിയ വൃത്തികെട്ട സായിപ്പിനെ വെറും കൂതറയാക്കി കൊല്ലത്തുകാർ മധുരമായി പ്രതികാരം ചെയ്തു. [തറ-വൃത്തികെട്ടവൻ എന്ന അർത്ഥത്തിലൂള്ളത്- പോസിറ്റീവ്, കാതറ കമ്പാരറ്റീവ് & കൂതറ സൂപ്പർലേറ്റീവ് എന്ന് ശബ്ദതാരാവലിയിൽ കാണുന്നു.]

ടൂറിസ്റ്റുകൾക്കൊരു ടിപ്പ് :
കൊല്ലം റെയിൽ‍വേ/ബസ് സ്റ്റേഷനുകളിൽ നിന്നും ആട്ടോ വിളിച്ച് ക്രൌഥർ മേസണിക് ഹാളിൽ പോകാൻ ചാർജ്ജ് 25 രൂപയും കൂതറ മിഷ്യൻ വരെ പോകാൻ 10 രൂപയുമാണ് ചാർജ്ജ് – കൂതറ മിഷ്യൻ അറിയാവുന്നവനു കൊല്ലം നഗരം നല്ല പരിചയമാണെന്ന് ആട്ടോക്കാർക്കറിയാം.

9 comments:

അതുല്യ said...

ദാക്ഷായണി ബിസ്കറ്റ്‌........

ഇങ്ങനെ എഴുതാൻ വശമുള്ള ദേവൻ എന്തിനാ സി.ഏ ക്കു ചേർന്നത്?? നാലും മൂന്ന് എഴു കൂട്ടിയിരുന്ന അഞ്ചു കൊല്ലം പാഴാക്കി.

ദേവന്‍ said...

യത്ഥാർത്ത ജീവിതതിലെ ജോക്കൊരെണ്ണം അതുല്യക്കു ഡെഡിക്കേറ്റുന്നു:

എന്റെ സീനിയർ വർഗ്ഗീസ് ഈപ്പൻ ബസ്സിൽ കേറിയപ്പോൾ ഒരപ്പാപ്പൻ അടുത്തുവന്നിരുന്ന് സൂക്ഷിച്ചു നോക്കിയിട്ട്-
വ: “നീ ചൂരത്തോട്ടിലെ ഈപ്പന്റെ മോനല്ലിയോടാ?”
ഈ: “അതെ വെല്ലിപ്പാ”
വ: “നീയെന്തുവാ ചെയ്യുന്നേ”
ഈ: “ഞാൻ സീ ഏ ക്കു പടിക്കുവാ”
വ: “പ്രീഡിഗ്രീക്കു നല്ല മാർക്കു വാങ്ങിയാരുന്നേൽ ബി ഏ ക്കു പോയിക്കൂടാരുന്നോ.. വായി നോക്കി നടന്നിട്ട്.. ങാ ഇനി അഡ്മിസ്ഷൻ കിട്ടിയതേലും തോക്കാതെ പടിക്ക്”

Kalesh Kumar said...

ദേവോ, അതുല്യേച്ചി പറഞ്ഞ കാര്യം ഞാൻ നേരത്തെ തന്നെ ആലോചിച്ചിട്ടുള്ളതാ.
വി.കെ.എന്നിന്റെ ഒരു ഒഴിവുണ്ട് കേരളത്തിൽ....
ആ ലെവലിന്റെയടുത്ത് നിൽക്കുന്ന സംഭവങ്ങൾ കാച്ചുന്നയാളല്ലേ? :)

Kumar Neelakandan © (Kumar NM) said...

ദേവാ,

കൂമൻപള്ളി. ഇതൊരു വ്യത്യസ്തമായ ബ്ലോഗാണ്. നിങ്ങളുടേത് വ്യത്യസ്തമായ ഭാഷയും.
ഈ ബ്ലോഗ് എന്നും ഇതുപോലെ ആക്ടീവായിരുന്നോട്ടെ. എഴുതുക എഴുതി എഴുതി കയറുക.

evuraan said...

ദേവാ,

:)
നന്നായിരിക്കുന്നു.

ട്രങ്ക് പെട്ടി, പോസ്റ്റ് തൂണ്, ക്യാച്ച് പിടിത്തം, എന്ന പോലെ, “യമഹായ്ടെ സുസ്കീ”-യും...

myexperimentsandme said...

യമഹാടെ സുസുക്കി.....:)) ഫ്രിഡ്‌ജും, ജീപ്പുമൊക്കെ ഈ ഗണത്തിൽ പെട്ടതാണല്ലോ... ഏവൂരാൻ പറഞ്ഞതുപോലെ പോസ്റ്റ് കാലും....

സുസുക്കീം, യോക്കഹോമായുമൊക്കെ ഇവിടുത്തെ സാധാരണ നാമധേയങ്ങൾ.. കാവാസാക്കി ഇവിടുത്തെ ഒരു സ്ഥലം.ജപ്പാൻ കാരന്റെ ചിന്തയും കുറച്ചു കാശുമുണ്ടായിരുന്നേൽ നമുക്കും ആക്കാമായിരുന്നു, ദാക്ഷായണീ ബിസ്ക്കറ്റ് ഒരു അന്താരാഷ്ട്ര ബ്രാൻഡ്. അതല്ലേൽ നല്ല പളപളാന്നു തിളങ്ങുന്ന പുതുപുത്തൻ കാറുകൾ... ബ്രാൻഡ് നേം, കുട്ടപ്പൻ.. കുട്ടപ്പൻ കാറുകളുടെ എതിരാളി, വേൾഡ് നമ്പ്ര് ടു- പരമൂ കാറുകൾ, ലോനപ്പൻ ലോറികൾ.. ആലോചിച്ചു നോക്കിക്കേ, കടയിൽ പോയി ഒരു പുതുപുത്തൻ ലാപ്‌ടോ‍പ്പ് വാങ്ങിക്കൊണ്ടു വരുന്നൂ... സംഗതി തുറന്നപ്പോൾ സ്ക്രീനിന് കീഴിൽ ഒത്തനടുക്കായി ബ്രാൻഡ് നേം തിളങ്ങുന്നു, ...തവളക്കുഴി. ഒന്നും വേണ്ട സാമ്പാറു വണ്ടിയിറക്കിയവന്മാരല്ലേ.....

ചതിക്കാന്ത ചന്തുവിലെ സലീംകുമാർ ഡയലോഗ്..

“ഇത് പണ്ട് തിരുവിതാം‌കൂർ ഭരിച്ചുകൊണ്ടിരുന്ന ഒരു മഹാരാജാവിന്റെ കൊട്ടാരമാണ്.. രാജാവിന്റെ പേര്, ശശി"

കുമാർ പറഞ്ഞതുപോലെ, തികച്ചും വ്യത്യസ്ത്ഥമായ ബ്ലോഗ്. ഒരൊറ്റക്കാര്യത്തിലേ തർക്കമുള്ളൂ... ആഴ്ചയിൽ ഒന്നെങ്കിലും വെച്ച് സംഗതി ഇങ്ങു പോരണം.

രാജീവ് സാക്ഷി | Rajeev Sakshi said...

മനോഹരം. പോസ്റ്റുകളുടെ എണ്ണം കൂട്ടാനുള്ള ഭീമഹര്‍ജിയില്‍ ഞാനും വിരലടയാളം പതിപ്പിക്കുന്നു.

ദേവന്‍ said...

എല്ലാരൂടെ പ്രെഷറു പിടിച്ചതിനാൽ നാട്ടിൽ പോകുന്നതിനു മുന്നേ ഒരു പോസ്റ്റൂടെ ഞാൻ പോസ്റ്റി (സ്നേഹം, പ്രോത്സാഹനം ഒക്കെ പണ്ടേ എന്റെയൊരു വീക്നെസ്സാ)
ബ്ലോഗ് സെൻഡ് അയച്ചാൽ വരുന്നില്ല മന്റുകളെന്ന്കിൽ കൃത്യമായി വരാൻ പ്രാർത്ഥിക്കുന്നു.
എസ് കൃഷ്ണകുമാറിന്റെ സ്വത്തുക്കൾ കണ്ട് അയൽക്കാരൻ പ്രാർത്ഥിച്ച ആ പ്രാർത്ഥന ആകാമല്ലേ?
ദൈവമേ കൈ തൊഴാം, K. കുമാർ ആകണം
പാവമാം എന്നെ നീ കാൽ കുമാറാക്കണം..
വക്കാരീ,
ഡിക്റ്റക്റ്റീവ് ചെല്ലപ്പനും സ്പൈ വിങ് തലവൻ നാണു ആശാനും എന്നു കഥയെഴുതിയപോലെയായി ലോനപ്പൻ കാറ്.
വക്കാരിയുടെ പുഷ്പശരം കൊണ്ട് എന്റെ ഈ മരുഭൂവിലെ തപസ്സിളകിപ്പോയി.. നാട്ടിപ്പോകുന്നതിനു മുന്നേ.. ഈ പോസ്റ്റുംകൂടെ ഇരിക്കട്ടെ.
വക്കാരീ,
നാട്ടിലുള്ള കൂട്ടുകാരേ
കൂട്ടിലുള്ള നാട്ടുകാരേ
ആരേൻകിലും കൂമൻപള്ളിക്കു വരുന്നുണ്ടേൽ, എന്റെ പ്രൊഫൈലിൽ കാണും വിലാസത്തിലേക്ക് എഴുത്തയക്കൂ

Anonymous said...

"കൂട്ടിലുള്ള നാട്ടുകാര്‍"
അക്ഷരങ്ങള്‍ക്കൊണ്ടൊരമ്മാനമാട്ടം