Monday, December 26, 2005

ആനപ്പക

ചെറുപ്പത്തില്‍ കേട്ട ആനക്കഥകളില്‍ മിക്കതിലും നിറഞ്ഞുനിന്നിരുന്ന ഒരമാനുഷിക കഥാപാത്രമാണ്‌ കോടനെന്ന ആനക്കാരന്റേത്‌. എനിക്കോര്‍മ്മവച്ചപ്പോഴേക്ക്‌ അയാള്‍ സ്‍കർ‍‍വി പോലെ എന്തോ മാരകമായ അസ്ഥിരോഗം ബാധിച്ച്‌ തീരെ കിടപ്പായിരുന്നു. ഒരു ചവിട്ടിനു ആനയെ ഇരുത്തി, കണ്ണിൽ‍ നോക്കി ആനയെ വിരട്ടിക്കളഞ്ഞു, മദയാനയെ ഓടിച്ച്‌ ചെളിക്കുഴിയിൽ‍ വീഴിച്ചു പിടിച്ചു എന്നിങ്ങനെ കോടന്റെ വീര സാഹസ കഥകൾ‍ പറമ്പുപണിക്കാരും മറ്റും വർ‍ണ്ണിക്കുമ്പോൾ‍ പറഞ്ഞു പറഞ്ഞു "മൂന്നു ചക്ക മുള്ളോടെ തിന്നെന്ന്" ഒരു അര വിശ്വാസത്തിലാണെങ്കിൽ‍ കൂടി രസം പിടിച്ചിരുന്നു ഞാൻ കേൾ‍ക്കും.

കോടനാട്‌ ആനക്കൂട്ടിലെ ഒരു സാധാരണ ട്രെയിനറായിരുന്നു നാരായണൻ‍. വാരിക്കുഴിയിൽ‍ വീണ ആനകളെ താപ്പാനകളെക്കൊണ്ട്‌ പൊക്കിക്കുക, ആനക്കൂട്ടിലിട്ട്‌ അവരെ മനുഷ്യരെ അനുസരിക്കുന്ന ആട്ടിൻ‍ കുട്ടികളാക്കുക എന്നിത്യാദി പണികളെടുത്ത്‌ കഴിയവേ ഒരിക്കൽ‍ ഒരാന കൂച്ചുവിലങ്ങ്‌ പൊട്ടിച്ച്‌ നാരായണനെ ഓടിച്ചെന്ന് കടന്നു പിടിക്കുകയും തലമണ്ട തുമ്പിക്കൈയ്യാലടിച്ച്‌ കുട്ടികൾ‍ മാങ്ങാ ചപ്പിയ അണ്ടി പോലെ വല്ലാതെ കോടിയ ഒരു ആകൃതിയാക്കുകയുമായിരുന്നു. ചോരയിൽ കുളിച്ച് ബോധം കെട്ടു വീണ ആ സാധു മനുഷ്യനെ പൊറോട്ടക്കു മാവു കൂട്ടും പോലെ കുറെനേരം നിലത്തിട്ടടിച്ചു, ഒടുക്കം മടുത്ത്‌ കിണറ്റിൽ എടുത്തെറിഞ്ഞിട്ട്‌ ആന അതിന്റെ പാട്ടിനു പോയി.

ഇരുപത്തഞ്ചാം വയസ്സിൽ‍ മനുഷ്യനെന്നു പോലും തിരിച്ചറിയാത്ത രൂപത്തിലായി ഫോറസ്റ്റ്‌ ഡിപ്പാർട്ടമെന്റിൽ‍ നിന്നു നേരേ ധർ‍മ്മാശുപത്രിയിലേക്ക്‌ സ്ഥലം മാറ്റപ്പെട്ട നാരായണൻ‍ ഏറെവർ‍ഷം ആശുപത്രിത്തിണ്ണയിൽ‍ ജൈവവും മൃതവുമല്ലാത്തൊരവസ്ഥയിൽ‍ കിടന്നു. എ ല്ലാവരും പ്രതീക്ഷിച്ചപോലെ "ആ കെടപ്പിലങ്ങു പോയ"തൊന്നുമില്ല. പക്ഷേ ആശുപത്രി വിട്ടൈറങ്ങിയ വികൃതരൂപം നാരായണൻ‍ എന്ന ആനക്കാരന്‍ ആയിരുന്നില്ല, കോടനെന്ന ആനക്കാലനായിരുന്നു.

കോടന്‍ ഒരാനയുടെയും പാപ്പാനായില്ല. ഒരു ഉടമസ്ഥനും ആനയെ കോടനെയേല്‍പ്പിക്കാനുള്ള ധൈര്യം വന്നില്ല. പൈശാചികമായൊരു പകയൊന്നുമാത്രമായിരുന്നു അയാളെ മരണക്കിടക്കയിൽ‍ നിന്നും ഞൊണ്ടിയിട്ടാണെങ്കിലും എഴുന്നേൽ‍പ്പിച്ചത്‌. പിന്നെയങ്ങോട്ട്‌ ആനകൾ‍ ഈ പകുതി ചത്ത മനുഷ്യന്റെ മുന്നില്-‍ മുട്ടുകുത്തിയ കഥകൾ മാത്രമായിരുന്നു. പാപ്പാനെ കൊന്ന് കൊലവിളിച്ചു നില്‍ക്കുന്ന കൊമ്പൻ‍ കോടന്റെ കല്ലേറില്‍ ഭയന്ന് ആറ്റില്‍ ചാടിയെന്നും മദമിളകി പട്ടണത്തിലൂടെ ഓടിയ ഭയങ്കരനെ മരത്തിൽ‍ നിന്നും പുറത്തേക്കു ചാടി അടിച്ചിരുത്തിയെന്നും ഭക്ഷണം കഴിക്കാതെ വാശി പിടിച്ച റാണിയെ മുഖത്തടിച്ച്‌ ശാപ്പാടു കഴിപ്പിച്ചെന്നുമൊക്കെ അവിശ്വസനീയമായ കഥകൾ‍. എങ്കിലും ആനക്കഥകൾ‍, പ്രത്യേകിച്ച്‌ ആന മനുഷ്യനോട് തോറ്റ കാര്യം, കേൾ‍ക്കാന്‍ സുഖമല്ലേ. അങ്ങനേ രസിച്ചു കേട്ടുമറന്നു, ഞാൻ ഈ ഭയങ്കരനെ നേരിട്ടൊരിക്കൽ‍ കാണും വരെ.

ശിവനെന്ന കൊമ്പൻ‍ (കടവൂർ‍ ശിവൻ‍കുട്ടി അല്ല, ഞങ്ങളുടെ ലോക്കൽ‍ ശിവൻ‍) സന്ധിവാതം പിടിച്ച്‌ കിടപ്പായിരുന്നു- കിടന്നു കിടന്ന് ബെഡ്‌ സോർ വന്നു പഴുത്തുപോയ അവനെ ഒന്നു മറിച്ചു കിടത്തി മരുന്നുപുരട്ടാൻ‍ നാട്ടുകാർ‍ മൊത്തം വടവും കഴയുമായി ദിവസങ്ങളായി പരിശ്രമത്തിലാണ്‌. ആ സാധു മൃഗം ഓരോ തവണയും വടം ദേഹത്തമരുമ്പോൾ‍ വേദന സഹിക്കാതെ കണ്ണീരൊഴുക്കി, പക്ഷേ നീരുവന്നു വീർ‍ത്ത കാലുകളുയർ‍ത്തി ഒന്നു നിവരാനാകതെ കിടന്നു പുളയാനേ കഴിയുന്നുള്ളു . ക്രെയിൻ‍ അന്നുകാലത്ത്‌ സാധാരണമല്ലല്ലോ. നാട്ടുകാർ‍ കപ്പിയും കയറുമിട്ടുള്ള ശ്രമം നിറുത്തി, ഇതിനെ ഇങ്ങനെ നരകിപ്പിക്കാതെ അങ്ങു വിളിക്കണേ എന്നു പ്രാർ‍ത്ഥനയായി.

അപ്പോഴാണു ആരോ വിളിച്ചു പറഞ്ഞത്‌ "ആണ്ടെടാ കോടൻ‍ വരുന്നു"
വയലിനക്കരെ വേലിപ്പത്തലിൽ‍ പിടിച്ചു പിടിച്ച്‌ നടന്നു വരുന്നു മെല്ലിച്ചു കൂനി, ഒടിഞ്ഞ കുടപോലൊരു വയസ്സൻ‍. വരമ്പത്ത്എത്തിയപ്പോൾ‍ പിടിക്കാനൊന്നുമില്ലാതെ നിന്നും നിരങ്ങിയും ആടിയാടി തപ്പിത്തടയലായി.

"ഡാ ബാവുലേ, മൂപ്പീന്നു തോട്ടിലെങ്ങാണും ഒലിച്ചു പോവും നീ പോയിങ്ങ് വിളിച്ചോണ്ടുവാ" ഒരു കാർ‍ന്നോർ‍ പറഞ്ഞു.

ബാഹുലേയൻ‍ ഒരോട്ടത്തിനു തോട്ടുങ്കരയിൽ‍ ചെന്നു കോടച്ചാരെ പൊക്കിയെടുത്തു കൊണ്ടു വന്നു.
വരുന്ന വരവിലയാൾ‍ വേതാളം പോലെ ഒക്കത്തിരുന്ന് " ഇച്ചെന്തു എത്രകാലമായെടാ ബാവുലേ ചക്രശ്ശാസം വലി തൊടങ്ങീട്ട്‌" എന്നൊക്കെ ചോദിച്ചറിയുന്നുണ്ടായിരുന്നു

ആൽത്തറയിൽ‍ ലാൻ‍ഡ്‌ ചെയ്ത മൂപ്പീന്ന് " എന്റെ ഫഗോതീ"എന്നൊരു വിളിയോടെ ഇരിക്കാനൊരുങ്ങവേ ആന ഞരങ്ങുന്ന സ്വരം കേട്ടു.

ഒരു നിമിഷം കൊണ്ട്‌ കോടൻ‍ ആളാകെ മാറി. ആൽ‍ത്തറയിൽ‍ നിന്നു താഴെച്ചാടി പൂർ‍ണ്ണമായി നിവരാത്ത തന്റെ കാലുകൾ‍ നീട്ടി ഒരോട്ടം- കുരങ്ങൻ‍ പാമ്പിന്റെ പിറകേയോടുമ്പോലെ തത്തി തത്തിയാണെങ്കിലും ബയണറ്റ്‌ ചാര്‍ജ്ജ്‌ ചെയ്യുന്ന പട്ടാളക്കാരന്റെ ഉജ്ജ്വലതയുണ്ടായിരുന്നു അതിന്‌. ക്രോധംകൊണ്ട്‌ അലറിക്കൊണ്ട്‌ അയാള്‍ ശിവനു നേരേയടുത്തു. ആന ജലവും പഴുപ്പും നിറഞ്ഞ കണ്ണാലെ വരുന്നയാളിനെ ഒന്നേ നോക്കിയുള്ളു..

"ഛീ പട്ടീ, എഴുന്നേൽ‍ക്കെടാ " - കോടന്‍ ചുള്ളിക്കമ്പു പരുവമായ കാലുകൊണ്ട്‌ ശിവന്റെ തലയിൽ തൊഴിച്ചു. ഒപ്പം കാർ‍ക്കിച്ച്‌ ഒരു തുപ്പും!

ഒരലർ‍ച്ചയോടെ ആന നിലത്തു നിന്നു പൊങ്ങി. ആ ഒച്ച ഒരു കൊമ്പന്റെ ചിന്നംവിളിയായിരുന്നില്ല, ഇൻ‍ജക്ഷൻ‍ കിട്ടിയ കൈക്കുഞ്ഞിന്റെപോലെ വേദനയും ഭയവും അമ്പരപ്പും കൂടിക്കലർ‍ന്ന ഒരു ദയനീയ ശബ്ദം. അവൻ ‍ദേഹം നിവർ‍ത്തവേ നീരുവന്ന സന്ധികളിൽ‍ അസ്ഥികൾ‍ തമ്മിലുരുമ്മുന്ന ശബ്ദം പഴയ മരക്കതകടയുമ്പോലെ ഉച്ചത്തില്‍ കേട്ടെന്ന് അടുത്തു നിന്നവർ‍ ആണയിട്ടു പറഞ്ഞു.


"കഴുതേടെ മോൻ‍ ഇനി കെടക്കുമ്പ പഴുക്കാത്ത വശം കുത്തി കെടന്നോളും" കോടൻ‍ തിരിച്ച്‌ നടക്കവേ പറഞ്ഞു. "വയലിച്ചെളീലു എറങ്ങി എന്റെ കാലെല്ലാം മരച്ചെടാ, ആരേലും ഒരു കാപ്പിവാങ്ങിച്ചു തരുവോ?"

കുട്ടമ്പിള്ള തന്റെ കടയില്‍ നിന്ന് ഒരു കാപ്പിയുമായി ഇറങ്ങി വരവേ ഒരു തമാശപോലെ ചോദിച്ചു " പത്തിരീം പോത്തെറച്ചീമൊണ്ട്‌ കോടച്ചാരേ, എടുക്കട്ടോ?"

“എനിക്കു പോത്തെറച്ചീടെ പൂതിയെല്ലാം തീർ‍ന്നെടാ.“ ആ വൃദ്ധന്‍ പല്ലില്ലാത്ത വായില്‍ ഒരു ബീഡി തിരുകിക്കോന്റ്‌ ശിവനെ ഒന്നുഴിഞ്ഞു നോക്കി.
"ഈ നായിന്റെ മോൻ‍ ഒടനേ ചാവും. പറ്റുമെങ്കി എവന്റെ ഒരു കഷണം നീ അന്നെനിക്കു മുറിച്ച്‌ കൊണ്ടത്തന്നാമതീടാ"
ജനമതുകേട്ട്‌ ആർ‍ത്തുചിരിച്ചു


"അതു ഞാനേറ്റു കോടച്ചാരേ" കുട്ടൻ‍ പിള്ള ചിരിച്ച്‌ വശം കെട്ട്‌ ഗ്ലാസ്സിലെ കാപ്പി കൈയ്യിൽ തുളുമ്പിച്ചു പറഞ്ഞു.

കോടനു പക്ഷേ അതിലെ തമാശ മനസ്സിലായില്ല.
"ചൊറി വരാത്ത ഭാഗത്തുന്നു മുറിച്ചു തരാമ്പറയണേടാ കുട്ടാ, ഇല്ലേ പുഴു കാണും"

ശിവൻ‍ പിന്നെ അധിക നാള്‍ ജീവിച്ചില്ല, കോടനും. പക്ഷേ ആനയെത്തിന്നാൻ‍ കൊതിക്കുന്ന (ഒരു പക്ഷേ അയാള്‍ അതിനു മുന്നേ തിന്നിരുന്നും കാണും- ചെരിഞ്ഞ ആനകളെ പല തുണ്ടമായി വെട്ടി പലസ്ഥലങ്ങ്നളിലാണല്ലോ അടക്കിയിരുന്നത്‌, ഒരു കഷണം കിട്ടാനാനോ പ്രയാസം) കോടന്റെ മുഖമോർ‍ക്കുമ്പോൾ‍ ഒരു കുളിര്- അറിയാതെ ഞാനൊരിക്കൽ‍ കച്ചിത്തുറുവിനകത്ത് ഉറയൂരുന്ന പാമ്പിനെ
തൊട്ടുപോയപ്പോൾ‍ തോന്നിയ അതേ കുളിര്‌ -ഇന്നും ദേഹത്തില്‍ ഇഴയുന്നു.

24 comments:

Visala Manaskan said...

പ്രേമം മൂർച്ഛിച്ച പിള്ളേർ 'ഐ ലൌ യു' എന്ന് നാല്‌ പേജ്‌ നിറച്ചെഴുതിയയക്കുന്ന പോലെ, അടിപൊളി എന്ന് 100 തവണ എഴുതാനെനിക്ക്‌ തോന്നുന്നു..!

സൂപ്പർ ഡ്യൂപ്പർ പോസ്റ്റിങ്ങ്‌.

വര്‍ണ്ണമേഘങ്ങള്‍ said...

ദേവാ..
ഉഗ്രൻ പോസ്റ്റ്‌..!
ആനപ്പക എന്നായിരുന്നു ഇതുവരെ ചൊല്ല്‌..
ഇനി മുതൽ പാപ്പൻ പക എന്നും കൂടി ചേർക്കുന്നു..!
വായിച്ചിട്‌ ഞാനും ശിവന്റെ രോഗ ശയ്യക്കരികിൽ നിന്നിരുന്ന പോലെ തോന്നി..
ഒപ്പം കോടനെ നേരിൽ കണ്ട മാതിരിയും..!
എനിയ്ക്കറിവുള്ള ചന്ദ്രൻ എന്ന പാപ്പാനെ ഓർമ വന്നു
ചന്ദ്രൻ മുകളിലിരിക്കുമ്പോ കൊമ്പനേതയാലും ശരി, വിരുത്‌ കാട്ടിയാൽ..
മുന്നോട്ട്‌ ചാഞ്ഞ്‌,ഇടത്‌ കൈയിലെ വടി മസ്തകം വഴി താഴേയ്ക്ക്‌ അൽപം ചരിച്ചിറക്കി,വലത്‌ കാൽ ആനച്ചെവിയോട്‌ ചേർത്ത്‌ വെച്ച്‌ ഒറ്റ ഗർജ്ജനമാണ്‌..
"ചെവി ഞാൻ ചവുട്ടിപ്പറിക്കും..!"
ആനയ്ക്ക്‌ ചന്ദ്രനെ വിശ്വാസാമുള്ളതിനാലാകാം അടങ്ങിയേ നിൽക്കൂ പിന്നെ..!
പ്ക്ഷെ ചന്ദ്രന്‌ ആനകളെ വലിയ സ്നേഹമാണെന്നാണ്‌ കേട്ടിട്ടുള്ളത്‌..!

സിദ്ധാര്‍ത്ഥന്‍ said...

സൈക്കളിൽ ഒരിക്കൽ ഒരു ഗജവീരനെ ഓവർറ്റേക്കു് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ അവന്റെ തുമ്പിക്കൈ കൊണ്ടു് സൈക്കളിൽ നിന്നു മറിഞ്ഞു കെട്ടി വീണു് മൂന്നു ദിവസം പനിച്ചു കിടന്ന ധീരനാണുഞാൻ. ആനക്കഥകൾ പറഞ്ഞും വായിച്ചും കേൾക്കുന്നതെല്ലാരെയും പോലെ ഇഷ്ടപ്പെടാൻ കാരണവുമൊരുപക്ഷേ ഈ പേടിയായിരിക്കും. എന്നാൽ ആനക്കരന്റെ പക കേൾക്കുന്നതിതാദ്യം. നന്നായി.

ഇനി ഈ കഥ എല്ലാ ആനകൾക്കും വായിച്ചു കൊടുക്കാൻ ഏർപ്പടാക്കണം. തടിയന്മാരും ഒന്നു പേറ്ടിക്കട്ടെ. പാപ്പാൻ ചോറു കൊലച്ചോറു എന്നൊരു ചൊല്ലും അവർക്കിടയിൽ നടപ്പിൽ വരട്ടെ

അതുല്യ said...

ഒരുപാടു നന്നായിരിക്കുന്നു. ഒരു അര വിശ്വാസത്തിലാണെങ്കിൽ‍ കൂടി....ഉഗ്രൻ വാക്ക്!

എന്നാലും സമകാലീന സംഭവങ്ങൾ കൈകാര്യം ചെയ്യുന്ന ദേവന്റെ രീതിയാണു/ഭാഷയാണു എനിക്ക്‌ കൂടുതൽ വായിയ്ക്കാൻ ഇഷ്ടം.

myexperimentsandme said...

ദേവേട്ടോ.... വായിച്ചിട്ട് എനിക്കുമൊരു കുളിര്.. മേമ്പൊടിയായി അതുല്യേച്ചിയിട്ട ആ പടവുംകൂടി ഓർത്താൽമതി....

പാവം ആന പാവം നാരായണനെ ഇട്ടു കുടഞ്ഞ കാര്യം ആനയുടെ അപ്പോഴത്തെ നിസംഗതയോടുകൂടിത്തന്നെ താങ്കൾ വിവരിച്ചിരിക്കുന്നു.......

സിദ്ധാർത്ഥന്റേതുപോലത്തെ എൻ‌കൌണ്ടറൊന്നും നേരിട്ടിട്ടില്ലെങ്കിലും, ഒരു ദിവസം ഉത്സവപ്പരിപാടികൾ സ്റ്റേജിനടുത്തുനിന്ന് കാണാൻ സ്റ്റേജിന്റെ സൈഡിലുള്ള ആനക്കൊട്ടിലിൽ കയറിനിന്ന് (പൊക്കം തന്നെ പ്രശ്നം)സംഗതികളൊക്കെ ആസ്വദിച്ച് കണ്ടുകൊണ്ടിരിക്കുമ്പോൾ ശൂ.. ശൂ എന്നൊരു ശബ്ദം പുറകിൽനിന്ന് കേട്ടു. കുറേക്കേട്ടുകഴിഞ്ഞപ്പോൾ തിരിഞ്ഞുനോക്കി. ഒരു സാധനം ഇങ്ങിനെ മുന്നോട്ടു വരുന്നു, പുറകോട്ടു പോകുന്നു... പിന്നെയും മുന്നോട്ടു വരുന്നു, ശൂ എന്ന് കേൾക്കുന്നു, പുറകോട്ടു പോകുന്നു. തൊട്ടൂ, തൊട്ടില്ലാ എന്ന സ്റ്റൈലിൽ......മൊത്തം ഇരുട്ടാ‍യതിനുകാരണം, അതിന്റെ അഗ്രം മാത്രമേ കണ്ടുള്ളൂ... ഒരു പത്തു സെക്കന്റ് കഴിഞ്ഞാണ് സംഗതി കത്തിയത്. ആനയണ്ണന്റെ നീളമുള്ള തുമ്പിക്കൈ... ശരിക്കുമൊരു കുളിര് തന്നെയായിരുന്നു അപ്പോൾ

അതുല്യ said...

പണ്ടു ഞാൻ അപ്പുവിനോട്‌ ബേ... മാമൻ (പശു) മ്യാവു മാമൻ... എന്നൊക്കെ പറയുമായിരുന്നു. വക്കാരീടെ ആനയണ്ണൻ എന്നു കേട്ടപ്പോ ....ഉം.. ഉം. പെരുത്ത്‌ ഇഷ്ടായീട്ടോ വക്കാരി..

myexperimentsandme said...

അതുല്യേച്ച്യേ... ആനയണ്ണൻ ഇഷ്ടപ്പെട്ടു എന്നു കേട്ടപ്പോൾ സന്തോഷമായീ.... പക്ഷേ അന്ന് ശരിക്കും പേടിച്ചുപോയി.. ഒരു സെന്റീമീറ്ററുംകൂടി അണ്ണന്റെ തുമ്പിക്കൈക്ക് നീളമുണ്ടായിരുന്നെങ്കിൽ......

Anonymous said...

ആനക്കഥ കൈരളി ടീ വീ യിലെ ഈ ഫോര്‍ എലിഫന്റിനേക്കാളും ഗംഭീരം.

ദേവേട്ട (വക്കാരി അങ്ങനെ വിളിക്കുന്നു,അതോണ്ടു ഞാനും) ഉത്തര മലബാറില്‍ ഉത്‌സവങ്ങള്‍ ആന പതിവില്ല. കളിയാട്ടങ്ങലെ അപേക്ഷിച്ച്‌ ഉത്‌സവങ്ങളും കുറവാണ്‌. ആനകഥ, ആനകമ്പം, പാപ്പാന്മാരുടെ ജീവിതം ഒക്കെ കേട്ടറിവേ ഉള്ളൂ.എങ്കിലും ആസാമിലായിരുന്നപ്പോ ദേവേട്ടന്റെ നാട്ടുകാര്‍ അവിടെ ആനയെ വാങ്ങാന്‍ വരുമായിരുന്നു. പലപ്പോഴും ഫോറസ്റ്റ്‌ ഓഫീസില്‍ കൈക്കൂലി കൊണ്ടു കൊടിത്തിരുന്നത്‌ ഞാനായിരുന്നു

Cibu C J (സിബു) said...

അതി മനോഹരം..

ഒരു ചെറിയ ടെക്നിക്കല്‍ കാര്യം. ഫയര്‍ഫോക്സില്‍ ദേവന്റെ പോസ്റ്റു ശരിക്ക്‌ കാണുന്നില്ല. പ്രതിവിധി എനിക്കറിയില്ല. പ്രശ്നം പറഞ്ഞെന്നേ ഉള്ളൂ :(

reshma said...

കുളിര് എന്ന വാക്കിന്റെ നിർ‍വചനം തന്നെ അട്ടിമറിച്ച പോലെയായി- brilliant narration.

രാജീവ് സാക്ഷി | Rajeev Sakshi said...

നല്ല ഭാഷ. മനോഹരമായ അവതരണ ശൈലി. ഒഴുക്കുള്ള വായന. നന്നായിട്ടുണ്ട്.

കണ്ണൂസ്‌ said...

സിദ്ധുവിന്റേയും വക്കാരിയുടെയും ആന ഇടയലുകള്‍ വായിച്ചപ്പോള്‍, പണ്ടു തരൂര്‍ വേലക്കു പോയ കാര്യം ഓര്‍മ്മ വന്നു പോയി.

കുറച്ചു മങ്കുര്‍ണ്ണി അടിച്ചപ്പോള്‍ വേലക്കാഴ്‌ച്ചയേക്കാള്‍ നല്ലത്‌ ഉറക്കമാണെന്നു തീരുമാനിച്ച്‌ ജീപ്പ്പില്‍ സുഖ നിദ്രയില്‍ ആയിരുന്നു ഞാന്‍. എന്തോ ശബ്ദം കേട്ടു കണ്ണു തുറന്നപ്പോള്‍ കണ്ടത്‌ നാലടി നീളത്തില്‍ പട്ടം കെട്ടിയ ഒരു മുഖം, കഷ്ടിച്ച്‌ നാലടി അകലെ. കല്ലേക്കുളങ്ങര ഗോപാലന്റെ നിരുപദ്രവമായ ഒരു സ്നേഹാന്വേഷണം ആയിരുന്നെങ്കിലും ഞാന്‍ പനിച്ചു കിടന്നത്‌ നാലു ദിവസം.

aneel kumar said...

ഞാനറിയാതെ എന്നെയും ഞാനറിയാത്ത ഒരാനയെയും ചേര്‍ത്തും പിള്ളാരൊരു കഥയുണ്ടാക്കീട്ടുണ്ട്.
വെള്ളയമ്പലത്തുള്ള അമോണിയാ കഞ്ഞിവെള്ളമിക്സ് സേവിച്ചപ്പോള്‍ മച്ചുനന്‍ മധു എല്ലെമ്മെല്‍ വെസ്പ ഞാനോടിച്ചോളാന്‍ പറഞ്ഞു. വീടെത്താ‍ന്‍ ഒരു കിലോമീറ്ററോളമുള്ളപ്പോള്‍ കല്ലമ്പാറയിലെ കൂരിരുളില്‍ എന്തോ കണ്ടു ചവിട്ടിനിര്‍ത്തി.

വീട്ടിലെത്തി സംഭവം കഥയായി‍ കേട്ടറിഞ്ഞത് റിഫ്ലക്റ്ററില്ലാതെ നടത്തിക്കൊണ്ടുപോയൊരാനയുടെ കാലുകള്‍ക്കിടയിലായിരുന്നു ഞങ്ങള്‍ സഡന്‍ ബ്രേക്കിട്ടതെന്നാണ്.
അതില്‍പ്പിന്നെ ആരും വാഹനമോടിക്കാന്‍ തരാതെയുമായി :(

ചില നേരത്ത്.. said...

ദേവേട്ടാ, ഈ ആനക്കഥ വായിച്ചപ്പോള്‍ കോടച്ചാരുടെ അമാനുഷിക റോളിലേക്ക് എങ്ങിനെയോ ബാലന്‍ കെ നായറ് കടന്നു വന്നു.
ആ അതുല്യ പ്രതിഭയ്ക്ക് ദൈവം നിത്യശാന്തി നല്‍കട്ടെ.
-ഇബ്രു-

അതുല്യ said...

എന്നെയാണോ ഇബ്രു ഉദ്ദേശിച്ചത്??

myexperimentsandme said...

അതുല്യേച്ച്യേ........:D

രാജ് said...

ഛെ എനിക്കു് മാത്രം ഒരു ആനക്കഥ പറയാന്‍ ഇല്ല്യാണ്ടെയായി. ഒരു കുഴിയാനക്കഥ മതിയോ കൂട്ടരേ?

myexperimentsandme said...

അത് വൈക്കത്തെങ്ങാണ്ടുള്ള, പിന്നെ ബേപ്പൂർക്കുപോയ ഒരു ഇക്കാക്ക പറഞ്ഞുകഴിഞ്ഞല്ലോ പെരിങ്ങോടരേ... പക്ഷേ പെരിങ്ങോടരല്ലേ, ഒരു പുത്തൻ കുഴിയാനക്കഥയിങ്ങു പോരട്ടേ...

ചില നേരത്ത്.. said...

'അതുല്യ' സ്വറ്ഗ്ഗരാജ്യത്ത് നിന്നല്ലല്ലോ, അപ്പോള്‍ നിങ്ങള്‍ക്കല്ല ആ നിത്യശാന്തി..അത് അങ്ങേറ്ക്ക് തന്നെ.. :)
-ഇബ്രു-

അതുല്യ said...

പെരിങ്ങോടരേ, ആന കഥ പറയാനായില്ലെങ്കിലും, വായിയ്കാൻ കഴിയുമെങ്കിൽ, ആ കൊട്ടാരം ശങ്കുണ്ണിടെ, ഐതിഹ്യമാലയിൽ ഒരു "കോന്നിയിൽ കൊച്ചയ്യപ്പന്റെ" കഥയുണ്ട്‌. സമയം കിട്ടുമെങ്കിൽ വായിയ്കൂ. അവൻ ശരിക്കും ഒരു ആനയണ്ണൻ തന്നെ.

ദേവന്‍ said...

ടി പുസ്തകത്തിലെ ആറന്മുള വലിയ ബാലകൃഷ്ണന്റെ കഥയും നല്ലതാ

ആനയെ കാറിടിച്ച സംഭവം ഒരുപടുണ്ടായിട്ടുണ്ട് അനിലേ. പക്ഷേ LML Vespa 150NV കൊണ്ടിടിച്ചാൽ ആന അതു കൊതുകാണെന്നു വിചാരിച്ച് വാലു വീശിയടിച്ചു ഞെരിച്ചുകളയും.

തുൾസീ ആസാമിയാനയും വീരപ്പന്റെ നീലഗിരിയാനയും വലിപ്പത്തിൽ വത്യാസമുണ്ടെന്ന് ആളുകൾ പറയാറുണ്ട്, എന്തെൻകിലും സത്യം?

ഇബ്രൂ, ബാലൻ കെ നായരുടെ സൌന്ദര്യമൊന്നും കോടച്ചാർക്കില്ലായിരുന്നു (കോടിപ്പോയതിനു ശേഷം) എൻകിലും ശബ്ദം എതാണ്ട് അതു തന്നെ. മദ്യലഹരിയിലും അല്ലാതെയും ആനസ്പർ‍ശമേറ്റവരേ, ട്രെയിൻ ഇടിക്കാൻ പോയാൽ പനി വരില്ല, ആനയോ പുലിയോ ഓടിച്ചാൽ ഉറപ്പായിട്ടു കിടപ്പാകും. എന്താണതിന്റെ ഗുട്ടൻബെർഗ്ഗ്?
(ഫയർ ഫോക്സ് പ്രശ്നമെന്താണെന്നു വല്ല പിടിയുമുണ്ടോ മാലോകരേ?)

Anonymous said...

നന്നായിട്ടുന്ട് !!വായിക്കാന്‍ ഇമ്പമുള്ള കധ ! എനിയും കാത്തിരിക്കുന്നു സസ്നേഹം കൊളാടി

ദേവന്‍ said...

നന്ദി,
കൊളാടി മാഷേ.

ഇസാദ്‌ said...

കലക്കി !! :)