Saturday, February 19, 2011

ഭ്രാന്ത്

അമ്മേ, ഒരു കഥ.
അമ്മ വീട്ടുചിലവ് എഴുതുന്ന നോട്ട്ബുക്ക് അടച്ചു എന്റയടുത്ത് വന്നിരുന്നു.അമ്മ പറയുന്ന കഥകളെല്ലാം അമ്മയുടെ കുട്ടിക്കാലമാണ്‌. അത് മിക്കതും കേട്ടു കഴിഞ്ഞു.

ഞാന്‍ കിട്ടുമേശിരിയുടെ കഥ പറഞ്ഞിട്ടുണ്ടോ?
ഇല്ല.

നമ്മടെ രാമന്‍ മേശിരിയില്ലേ, അയാളുടെ അപ്പനായിരുന്നു കിട്ടുമേശിരി. വല്യ പേരുകേട്ട പണിക്കാരന്‍ ആയിരുന്നു. അന്ന് സായിപ്പന്മാര്‍ക്കും ദിവാനും ഒക്കെയേ കാറുള്ളൂ, ഇവിടങ്ങളില്‍ ആര്‍ക്കുമില്ല, കാറിന്റെ പണികള്‍, തോക്കിന്റെ പണികള്‍, മില്ലിലെ നൂല്‍ നൂക്കുന്ന യന്ത്രം, കമ്പനികളിലെ ആവി എഞ്ചിനുകള്‍ ഇതിനെയൊക്കെ പണി ചെയ്യാന്‍ കൊല്ലത്ത് കിട്ടുമേശിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്നിട്ട്?
അങ്ങനെ വലിയ വലിയ പണിയൊക്കെ എടുത്തിട്ടായിരിക്കും കിട്ടുമേശിരിക്ക് ചെറിയ പ്രശ്നങ്ങള്‍ തുടങ്ങി. തന്നത്താനെ എന്തോ ഒരു വലിയ യന്ത്രം ഉണ്ടാക്കാന്‍ തുടങ്ങി മേശിരി. വേറേ എല്ലാ പണിയും നിര്‍ത്തി. എല്ലാ ദിവസവും ഈ യന്ത്രമുണ്ടാക്കലാണ്‌ പണി. ഉറക്കവുമില്ല, രാത്രിയും ഇതിന്റെ അടുത്താണ്‌ ഇരിപ്പ്. കുറേ പൈസയുണ്ടായിരുന്നു അതൊക്കെ കൊടുത്ത് ഇതിനു സാധനങ്ങള്‍ വാങ്ങി, ദൂരെ മദിരാശിയിലും ഒക്കെ പോയി കൊണ്ടുവരും. വീടു പണയം വച്ചു, പറമ്പു വിറ്റു. ഇതെന്താ ഇങ്ങേര്‍ ഉണ്ടാക്കുന്നതെന്ന് ഒരുപാടു പേര്‍ വന്നു നോക്കി, ഒടുക്കമാണു മനസ്സിലായത് അതങ്ങനെ ഒന്നുമല്ല, കിട്ടുമേശിരിക്ക് ഭ്രാന്തായതാണെന്ന്.

ജോര്‍ജ്ജ് വൈദ്യരെ വിളിച്ച് കാണിച്ചു. അപ്പോഴേക്ക് മേശിരി പണിയെടുക്കുന്നിടത്ത് ആരെങ്കിലും ചെന്നാല്‍ വലിയ വാളെടുത്ത് ഓടിക്കുന്ന അവസ്ഥയായിരുന്നു. പിടിച്ച് ആമത്തില്‍ തളച്ച് മരുന്നു കൊടുക്കാന്‍ വൈദ്യരു പറഞ്ഞു. ആമം എന്താണെന്നറിയുമോ മോന്‌?

ഇല്ല.
ആമം വലിയ തടികൊണ്ട് ഉള്ള രണ്ട് പലകയാണ്‌ അതിന്റെ ഉള്ളില്‍ കാലു വയ്ക്കാന്‍ ഇടമുണ്ട്, കാലുകള്‍ അതിനകത്ത് ആക്കി പൂട്ടുകൊണ്ട് പൂട്ടും.

കഷ്ടം.
മേശിരീടെ പ്രാന്തന്‍ യന്ത്രം പൊളിച്ചു കളയേണ്ടെന്ന് വൈദ്യരു പറഞ്ഞു, അതില്‍ നോക്കി കിടന്നാല്‍ ബഹളം വയ്ക്കുകയും കരയാതെയും കിടന്നോളുമത്രേ. കുറേക്കാലം ആമത്തില്‍ കിടന്നു, മരുന്നും കൊടുത്തു.

എന്നിട്ട്?
അന്ന് ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. ഒരു ദിവസം സ്കൂള്‍ വിട്ടു വന്നപ്പോള്‍ കിട്ടുമേശിരി എന്നെ വിളിച്ചു "മോളേ, ഇതിലേയൊന്നു വരണേ" എന്ന്. ആമത്തില്‍ കിടക്കുന്ന ആള്‍ എന്തു ചെയ്യാനാ, ഞാന്‍ കേറിച്ചെന്നു.

"മോളേ, മേശിരിക്കു ചെവി ചൊറിഞ്ഞിട്ടു തീരെ വയ്യാ, മോളുടെ തലയിലെ ഒരു സ്ലൈഡ് എനിക്ക് തരുമോ?"
ഞാന്‍ ഒരു സ്ലൈഡ് ഊരി മേശിരിക്കു കൊടുത്തു.
എന്നിട്ടോ?

മേശിരി കൊല്ലപ്പണിക്കാരനല്ലേ, ആ സ്ലൈഡ് ഇട്ട് പൂട്ടു തുറന്നിട്ട് ഓടിക്കളഞ്ഞു.
അയ്യോ.

ഞാന്‍ നിലവിളിച്ചുകൊണ്ട് ഓടി. ആളുകള്‍ വന്നപ്പോള്‍ മേശിരി ആ പ്രാന്തന്‍ യന്ത്രത്തിന്റെ മുകളില്‍ കയറിയിരിക്കുകയാണ്‌. എല്ലാവരൂടെ പിടിച്ചു കെട്ടി തിരികെ ആമത്തിലാക്കി. പിന്നെ ഒരുപാട് കാലമൊന്നും കിട്ടുമേശിരി ജീവിച്ചിരുന്നില്ല...


ഒരിക്കലും കണ്ടിട്ടില്ലാത്ത കിട്ടുമേശിരിയെ ഞാനങ്ങു മറന്നു. പക്ഷേ രാമന്‍ മേശിരിയെ ഞാന്‍ എന്നും ശ്രദ്ധിച്ചിരുന്നു. ആരും ചെയ്യാത്ത പണികള്‍ മേശിരിക്കു വലിയ താല്പര്യമാണ്‌. പ്രൊജക്റ്റര്‍, വീഡിയോ ക്യാമറ, പ്രിന്റിങ്ങ് പ്രസ്സ്, റേഡിയോ, ടേപ്പ് റിക്കോര്‍ഡര്‍, മോട്ടോര്‍ ബൈക്കുകള്‍, കാര്‍-നാട്ടില്‍ ആരും റിപ്പയര്‍ ചെയ്യാത്തതും എവിടെയും ശരിയാക്കാന്‍ രാമന്‍ മേശിരിയെ ആണ്‌ വിളിക്കാറ്‌. നാട്ടില്‍ യന്ത്രങ്ങളും അവയുടെ ഉപഭോക്താക്കളും വര്‍ദ്ധിച്ചതോടെ രാമന്‍ മേശിരിക്ക്  പണികള്‍ മറ്റു പലരെയും പഠിപ്പിച്ചു കൊടുക്കലായി പ്രധാന പണി. റേഡിയോ വര്‍ക്ക്ഷോപ്പ്, ഓട്ടൊമൊബൈല്‍ വര്‍ക്ക് ഷോപ്പ്, എലട്രീഷ്യന്‍-രാമന്‍ മേശിരി ഒരു എഞ്ചിനീയറിംഗ് കോളേജ് ആയി. അപ്പോഴും ആരും ചെയ്യാത്തത് എന്തെങ്കിലും പുതിയതായി വരും. ഒരു പമ്പിന്റെ കപ്പാസിറ്റര്‍, ഒരു എയര്‍ ജെറ്റ് ലൂമിന്റെ ബോബിന്‍... മേസ്തിരിയുടെ വരുമാനം അതില്‍ നിന്നായി.

ഞാന്‍ വലുതായി പട്ടണത്തില്‍ ജോലിക്കു പോയി. പിന്നെ വേറേ സംസ്ഥാനത്ത്, വേറേ രാജ്യത്ത്. മേസ്തിരി വയസ്സായി. ഐ. ടി ഐയും പോളിയും പഠിച്ചവര്‍ കടകള്‍ തുടങ്ങി. മേസ്തിരി പഠിപ്പിക്കലിനെക്കാള്‍ പഠിക്കാന്‍ തുടങ്ങി. ഐ എസ് ആര്‍ ഓയിലെ എഞ്ചിനീയര്‍ ആയി എന്റെ ക്ലാസ്സില്‍ പഠിച്ച സാജന്‍. അവന്‍ റോക്കറ്റ് നിര്‍മ്മിക്കുന്ന കാര്യം പറയുമ്പോള്‍ രാമന്‍ മേശിരി കൊച്ചുകുട്ടിയെപ്പോലെ വായ പൊളിച്ചിരിക്കും. പിന്നെ നോട്ടുബുക്കില്‍ ചിലതൊക്കെ എഴുതിയെടുക്കും, പടങ്ങളും വരയ്ക്കും. ഷാജി മര്‍ച്ചന്റ് നേവിയില്‍ പോയി. അവന്റെ അടുത്തു നിന്നാണ്‌ നാവിഗേഷന്‍ പ്ലോട്ടര്‍, കോമ്പസ് തുടങ്ങിയയുടെ പണി മേശിരി മനസ്സിലാക്കിയത്.

രാമന്‍ മേശിരിയെ ഞാന്‍ അവസാനം കാണുന്നത് ചേച്ചി വീടുവയ്ക്കുന്ന സമയത്താണ്‌. നിലമ്പൂരിലെ പഴയൊരു വീട് പൊളിച്ചതില്‍ നിന്നാണ്‌ ജനലും വാതിലും വീടിനു വയ്ച്ചത്. മുന്‍‌വാതിലിനു പടുകൂറ്റന്‍ ഒരു പൂട്ടുണ്ട്. അതിന്റെ താക്കോല്‍ ഇല്ല. താക്കോല്‍ പണിയണം, പൂട്ട് വര്‍ക്ക് ചെയ്യുന്ന രീതിയില്‍ ആക്കുകയും വേണം.

അതിന്റെ പുറം മാത്രം അങ്ങനെ നിറുത്തി അകത്ത് വേറൊരുതരം പൂട്ട് വയ്ക്കാം, വീടിന്റെ എഞ്ചിനീയര്‍ പറഞ്ഞു.
വേണ്ട, നമുക്ക് രാമന്‍ മേശിരിയെ വിളിക്കാം, ഞാന്‍ പറഞ്ഞു.

രാമന്‍ മേശിരി തീരെ വൃദ്ധനായിക്കഴിഞ്ഞിരുന്നു. ഓട്ടോയിലാണ്‌ വന്നത്. പൂട്ട് കണ്ട് വളരെ രസിച്ചു.
"ഇതിലൊക്കെ പണിയാന്‍ പറ്റുന്നത് ഒരു ഭാഗ്യമാണ്‌. ഞാന്‍ താക്കോലുണ്ടാക്കി രണ്ട് ദിവസം കഴിഞ്ഞു വരാം."

ഇപ്പോഴത്തെ പൂട്ടിനെക്കാളൊക്കെ നല്ലത് പണ്ടത്തേതായിരുന്നു എന്നാണോ മേശിരി? ഞാന്‍ തിരക്കി.
"അങ്ങനല്ല കുഞ്ഞേ, ഇന്നലത്തെ പൂട്ടിനെക്കാള്‍ മെച്ചപ്പെട്ടതാണ്‌ ഇന്ന് ഇറങ്ങുന്നത്. അതിലും നല്ലത് നാളെ ഇറങ്ങും. ഇത് പത്തിരുന്നൂറു വര്‍ഷം മുന്നേ, നമ്മളാരും കണ്ടിട്ടില്ലാത്ത ആളുകള്‍ ചെയ്ത പണിയാണ്‌, അതിലൊക്കെ എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നത് ഭാഗ്യമെന്ന്."

ഞാന്‍ തിരിച്ചു കൊണ്ടുവിടാം, ഞാന്‍ പറഞ്ഞു. മേസ്തിരി എന്റെ കൂടെ വണ്ടിയില്‍ കയറി. മുപ്പതു കൊല്ലമായി എന്നെ അലട്ടിയിരുന്ന കാര്യം ഞാന്‍ അന്നാണ്‌ മേശീരിയോട് ചോദിച്ചത്.

"കിട്ടു മേശിരി ഉണ്ടാക്കിയിരുന്ന യന്ത്രം എന്തായിരുന്നു രാമ്മേശിരീ, അറിയുമോ?"
"അപ്പനു പ്രാന്തൊന്നുമായിരുന്നില്ല. പക്ഷേ ഞാന്‍ അന്ന് ചെറുതല്ലേ, കൊച്ചു കുട്ടി. എന്തായിരുന്നതെന്ന് എനിക്കു മനസ്സിലായില്ല. ആര്‍ക്കും. ഇപ്പോ ആലോചിക്കുമ്പ, അതിനു വലിയൊരു ഡയനമോ ഉണ്ടായിരുന്നു. ഒരു പക്ഷേ, അതൊരു കാറ്റാടിയന്ത്രം ആയിരുന്നിരിക്കും. വൈദ്യുതി ഉണ്ടാക്കുന്ന കാറ്റാടിയന്ത്രം അറിയുമോ?"
"അറിയാം."

"ഇപ്പോഴത്തെ കുട്ടികള്‍ക്ക് എല്ലാം അറിയാം." മേശിരി സന്തോഷിച്ചു. "ഇതൊക്കെ ഇന്റെര്‍നെറ്റില്‍ കിട്ടും അല്ലേ?"
"കിട്ടും മേശിരി. ഇപ്പോഴത്തെ കാലത്ത് ജീവിച്ചിരുന്നെങ്കില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന് തോന്നുന്നോ?"

"അതില്ല കുഞ്ഞേ, പണ്ടുള്ളവര്‍ ഒത്തിരി ചെയ്തതിന്റെ ഫലമാണ്‌ ഇപ്പോഴുള്ളത്. ഇന്നു നിങ്ങളു ചെയ്യുന്നതിന്റെ ഫലം ഇതിലും നല്ലതായി നാളെ വരും. അതങ്ങനെ പോകും അതാണ്‌ പുരോഗതി. നമ്മളൊക്കെ പണ്ട് കുന്തവും പിടിച്ച് ഗുഹയില്‍ താമസിച്ചിരുന്ന കാലത്തു നിന്ന് ഇവിടെയായതും ഇനി പോണതും അങ്ങനെയാണ്‌."

ശരിയാണ്‌.
"ഇവിടിറക്കിയാല്‍ മതി, കടേല്‍ കേറണം. രണ്ടീന്ന് മൂന്നിലോട്ട് മാറുമ്പ ഗീയറിനൊരു പിടിത്തമുണ്ട് കുഞ്ഞേ."
മേശിരിയൊന്ന് നോക്കുന്നോ?
ഇല്ല. ഉമയനെല്ലൂരെ ഇതിന്റെ സര്‍‌വീസ് സ്റ്റേഷനില്‍ കാണിക്കണം എന്ന് പറഞ്ഞതാ.

Saturday, September 18, 2010

ലോകം

അണ്ണാച്ചിയുടെ ബാര്‍ബര്‍ഷോപ്പിനും നവധാര ലൈബ്രറിക്കും നടുവിലായിരുന്നെന്ന് തോന്നുന്നു ബാലന്‍ സാറിന്റെ പ്രസ്. നല്ല ഓര്‍മ്മയില്ല.

നിരയിട്ട ഒരു മുറി കട. അവിടെ വൈദ്യുതിയൊന്നുമില്ല, ബാലന്‍ സാര്‍ എപ്പോഴും ഇരുട്ടത്താണ്‌. എന്തെങ്കിലും പണിയുണ്ടെങ്കില്‍ രണ്ടു മൂന്നു നിര മാറ്റി വയ്ക്കും. രാത്രി ജോലിയുണ്ടെങ്കില്‍ മെഴുകുതിരി കത്തിച്ചു വയ്ക്കും. ബാലന്‍ സാര്‍ ഒറ്റയ്ക്കാണ്‌. ആരോടും സംസാരിച്ചു കണ്ട ഓര്‍മ്മയില്ല.

മില്ലില്‍ നെല്ലു കുത്താന്‍ പോയ പൊന്നന്‍ ആണ്‌ ഒരു ദിവസം പുസ്തകം വാങ്ങി വന്നത്. പൊന്നനു എഴുത്തും വായനയും അറിയാത്തതുകാരണം വീട്ടില്‍ കൊണ്ടു വന്നു. ബാലന്‍ സാറിന്റെ പാട്ടുപുസ്തകം വാങ്ങിച്ച്, ഒന്ന് വായിച്ചു കേള്‍പ്പിക്കാമോ.

ക്വാര്‍ട്ടര്‍ സൈസില്‍ നൂലുകൊണ്ട് തുന്നിക്കെട്ടിയ എട്ടു പത്ത് പേജ് "ലോകം- തിരുനെല്ലൂര്‍ ബാലന്‍, വില ഇരുപത്തഞ്ചു പൈ."

ചുവന്ന മഷിയില്‍ അച്ചടിച്ച പുസ്തകം. അതിലെ വരികളും ഓര്‍മ്മയില്ല. എനിക്കഞ്ചാറു വയസ്സു കാണുമായിരിക്കും അന്ന്, പൊന്നന്റെ ഹെര്‍ക്കുലീസ് സൈക്കിളും അതില്‍ ബാലന്‍സ് ചെയ്ത വലിയൊരു ചാക്ക് അരിയുമാണ്‌ കൂടുതല്‍ വ്യക്തമായി ഓര്‍ക്കുന്നത്.

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ ചേട്ടനോട് ചോദിച്ചു. ബാലന്‍ സാറിന്റെ കവിത ഓര്‍ക്കുന്നോ?
"അക്ഷരഹീനന്‍ ദൈവമിരുട്ടത്ത് അച്ചു നിരത്തും ലോകം
.... മിശിഹാപുത്രന്മാരുടെ ലോകം
.....
ചുട്ടിത്തോര്‍ത്തിന്‍ പഴുതുകളെണ്ണും നഗ്നന്മാരുടെ ലോകം...
....
കരിമീന്‍ കുഴിയില്‍ മുങ്ങി കൈപ്പന്‍ പരലു പിടിക്കും ലോകം..."

മറന്നെടാ. ബാലന്‍‌സാറിന്റെ ലോകം അധികമാര്‍ക്കും അറിയില്ല. മരുന്നുവാങ്ങാന്‍ വേണ്ടി പ്രസ് ആക്രിക്കാര്‍ക്ക് വിറ്റെന്ന് തോന്നുന്നു. ആ മുറിയില്‍ തന്നെ മരിച്ചെന്നാണോ അതോ വേറെവിടെയോ.

ബാലന്‍ സാറിനു വീടുണ്ടായിരുന്നോ?
ഉവ്വ്. തിരുനെല്ലൂര്‍ കരുണാകരന്റെ ജ്യോഷ്ഠന്‍ ആയിരുന്നു. വേറൊന്നും അറിയില്ല. പണ്ടേ മരിച്ചില്ലേ.

Wednesday, September 08, 2010

സ്മരണിക

ഡേ, നില്ല്, പറയട്ട്.
എന്തുവാ?

നമ്മടെ അയ്യങ്കാരു മരിച്ചു, ഇന്ന് രാവിലേ.
ഹാവൂ, സോറി, അയ്യോ.

ബുള്ളറ്റിനില്‍ കൊടുക്കണ്ടേ, ഇവിടത്തെ ഒരു പഴേ അന്തേവാസിയല്ലേ?
വേണം, ചരമക്കോളം തന്നായിക്കോട്ട് ഫോട്ടോ സഹിതം.

അതല്ല, ഒരു കുറിപ്പു വേണം, മക്കളൊക്കെ കളഞ്ഞിട്ട് പോയെങ്കിലും അയ്യങ്കാരു കോളനീല്‍ പത്തെഴുപത് കൊല്ലം ജീവിച്ച ഒരു സഹജീവിയല്ലേ, മരണക്കുറിപ്പ് ഒരു സ്മരണക്കുറിപ്പ് മാതിരി.
അയ്യങ്കാര്‍ സ്മരണയോ? സോറി, മരിച്ചവരെക്കുറിച്ച് മോശമായി എഴുതുന്നത് ശരിയല്ലല്ലോ.

നല്ലത് ഒന്നുമില്ലേ, ആര്‍ക്കും?
നിനക്ക് അയ്യങ്കാരെ അറിയത്തില്ലെന്നുണ്ടോടേ?

ഓക്കെ. എല്ലാരും വട്ടം കൂടിയിരി, ഉള്ള സ്മരണകള്‍ കുടഞ്ഞിട്, ദാ വാദ്ധ്യാരും വരുന്നുണ്ട്, സമപ്രായന്‍ അല്ലേ അങ്ങേര്‍ക്ക് കൂടുതല്‍ സ്മരണ കാണുമായിരിക്കും.

സ്റ്റാര്‍ട്ട്.

അതിപ്പം... അയ്യങ്കാര്‍ ഇവിടങ്ങളില്‍ ഒക്കെ ഇംഗ്ലീഷ് ട്യൂഷന്‍ എടുത്തിരുന്നു. രാവിലേ തന്നെ കുളിച്ചു ചാരോം വാരിത്തേച്ച് അമ്പലത്തില്‍ വരും എന്നിട്ട് അവിടൊക്കെ ചുറ്റി നിന്ന് തൊഴാന്‍ വരുന്നവരെ ഒക്കെ ഇങ്ങനെ ഇടത്തേ കൈ- അയ്യങ്കാര്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ആയിരുന്നു- കാട്ടി വിളിക്കും.

"ഡേ, നിന്റെ പൊണ്ണ് ഇപ്പ അഞ്ചാം ക്ലാസ്സിലല്ലേ? ഞാന്‍ ഈ മാസം 'നോട്ട് ഒണ്‍ളീ ബട്ട് ആള്‍സോ', 'ഇഫ് ദെന്‍ എല്‍സ്' ഒക്കെയാണു പഠിപ്പിക്കുന്നത്, കണ്ടിപ്പായിട്ടും എന്റെ ക്ലാസ്സില്‍ വിടണം" എന്നോ മറ്റോ പറയും. പഠിച്ചിട്ടില്ലാത്ത ആ സാധുക്കക്കള്‍ ഇതൊക്കെ എന്തോ വലിയ ഇംഗ്ലീഷ് സാഹിത്യ പുസ്തകങ്ങള്‍ ആണെന്നു കരുതി അയ്യങ്കാരുടെ അടുത്ത് ട്യൂഷനു പറഞ്ഞയക്കും. "

ഓക്കേ, ഒന്നാമത്തെ പോയിറ്റ് നോട്ടഡ്- അയ്യങ്കാര്‍ ഇംഗ്ലീഷ് ഭാഷാ പണ്ഡിതനും തന്റെ അറിവ് അടുത്ത തലമുറയ്ക്കു പകര്‍ന്നുകൊടുക്കുന്നതില്‍ ഉത്സുകനും ആയിരുന്നു.


അടുത്തയാള്‍ പങ്കു വയ്ക്കു ഓര്‍മ്മ.

ഹും. നമ്മള്‍ ഇങ്ങനെ വഴിയേ നടന്നു പോകുമ്പോള്‍ ഞണ്ട് മാളത്തിന്റെ വക്കില്‍ ഇരിക്കുന്നതുപോലെ വീട്ടിന്റെ വാതില്പ്പടിയില്‍ ഇരുന്നിട്ട് അയ്യങ്കാര്‍ ഇടം കൈ കൊണ്ട് മാടി വിളിക്കും. എന്തോ അത്യാവശ്യം എന്നു കരുതി നമ്മളു കഷ്ടപ്പെട്ട് റോഡും ക്രോസ് ചെയ്ത് ചെല്ലുമ്പോള്‍ ഇങ്ങേര്‍
"നിന്റെ അയലത്തെ സരസ്വതീടെ മകള്‍ ഒരു ഓട്ടോ ഡ്രൈവറുമായി പ്രേമത്തിലാണെന്നു കേട്ടത് ഉള്ളത് തന്നേ?" " നിന്റെ മാമന്‍ ഉണ്ടല്ലോ ആ കുടികാരന്‍, അയ്യാള്‍ ഇപ്പോഴും ബാറില്‍ തല്ലു പിടി ഉണ്ടാക്കാറുണ്ടോ" എന്നിങ്ങനെ വീക്കു വച്ചു കൊടുക്കാന്‍ തോന്നുന്ന തരം ചോദ്യങ്ങള്‍ ചോദിക്കും

റൈറ്റ്. കോളനിയില്‍ എല്ലാവരെയും സ്വന്തം ബന്ധുക്കളെപ്പോലെ കണ്ടിരുന്ന അയ്യങ്കാര്‍ അവരുടെ വിശേഷങ്ങള്‍ തിരക്കി അറിയാന്‍ പ്രത്യേക താല്പ്പര്യം കാണിച്ചിരുന്നു.

പിള്ളേരേ, എനിക്കു തിരക്കുണ്ട് പോകണം, എനിക്കു പറയാനുള്ളത് വേഗം കുറിച്ചോ.
പറഞ്ഞോ വാദ്ധ്യാരങ്കിളേ.

എഴുതിക്കോ. അയ്യങ്കാര്‍ വലിയ സംഗീതപ്രേമിയും ആയിരുന്നു. ഇദ്ദേഹത്തിന്റെ താളബോധത്തെക്കുറിച്ച് ചെമ്പൈ കച്ചേരിക്കിടെ പരാമര്ച്ച്ചിട്ടുണ്ട്.

അങ്കിളു രാവിലേ സിസ്സറിനു പകരം വേറേ വല്ലോം ആണോ വലിച്ചത്? നമ്മടെ അയ്യങ്കാരെക്കുറിച്ച് ചെമ്പൈ, അതും കച്ചേരിക്കിടെ? ഇമ്പോസ്സിബിള്‍.
ഇത് എഴുതാനുള്ള മാറ്റര്‍ അല്ലേടേ.

അപ്പോ ശരിക്കും എന്തായിരുന്നു?
ആനന്ദ വല്ലീശ്വരം അമ്പലത്തില്‍ പണ്ട് ചെമ്പൈയുടെ കച്ചേരി. അയ്യങ്കാരു മുന്നറ്റത്തു വന്നു സ്ഥാനം പിടിച്ചു. ലെഫ്റ്റ് ഹാന്‍ഡ് കൊണ്ട് ഒരേയടി താളം, ഓച്ചറക്കളിക്ക് തുടയില്‍ അടിക്കുന്ന പോലെ.

എന്നിട്ട്?
ചെമ്പൈ യേലാ നീ ദയ റാദു പാടി വരികയായിരുന്നു, ഒറ്റ നിര്‍ത്ത്- എന്നിട്ട് കൈ ചൂണ്ടി പാലക്കാടന്‍ തമിഴില്‍ "യോ, താളം തൊലൈത്ത് വിടാമല്‍ ദയവ് ശെയ്ത് ഇറങ്കി പോങ്കയ്യാ."

Monday, June 30, 2008

Police Story 5- വകുപ്പ്

ചുമ്മ ഇറങ്ങി നടന്നു. (എല്ലാ പണിക്കും ചുമ്മ എന്ന പ്രിഫിക്സ് വയ്ക്കാന്‍ പറ്റുന്ന സമയമാണല്ലോ അവധിക്കാലം.) മുന്നില്‍ വന്നു പെട്ടത് വകുപ്പ് വാസുവണ്ണന്‍. പുള്ളിയും ചുമ്മ നടക്കുവാണത്രേ, കഴിഞ്ഞ മാസം അടുത്തൂണ്‍ പറ്റി. സ്വസ്ഥം.


വകുപ്പ് വാസുവണ്ണന്റെ റിട്ടയര്‍മെന്റ് കേരളാ പോലീസിനൊരു തീരാനഷ്ടമാണെന്ന് ഞാന്‍ വേലിപ്പത്തലില്‍ പിടിച്ച് ആണയിട്ട് പറഞ്ഞു. പുള്ളി മര്യാദച്ചിരി ചിരിച്ചെങ്കിലും ഞാന്‍ പറഞ്ഞത് കാര്യമായിത്തന്നെയായിരുന്നു. വാസുവദ്യമല്ല, വാസുസാറല്ല, വാസുപ്പോലീസല്ല, വാസുവണ്ണനാണ്‌- ജെന്റില്‍മാന്‍ കണ്‍സ്റ്റബിള്‍. ഇടിയന്‍ വാസുവണ്ണനല്ല, തെറിയന്‍ വാസുവണ്ണനല്ല, അഞ്ഞൂറാന്‍ വാസുവണ്ണനുമല്ല, ആള്‍ വകുപ്പ് വാസുവണ്ണനാണ്‌- വകുപ്പുകളുടെ കൃത്യതയാലെ പാറപോലെ ഉറച്ച കേസ്സുകള്‍ എഴുതി കൃത്യമായി കുറ്റവാളിയെ കോടതി ജയിലിലും നിരപരാധിയെ കുടുംബത്തും പറഞ്ഞു വിടുമെന്ന് ഉറപ്പാക്കുന്ന കര്‍മ്മകുശലന്‍.

വാസുവണ്ണന്റെ സര്‌വീസ് സ്റ്റോറി എഴുതിയാല്‍ അലാസിനിയുടെ ശിവകാശികളെക്കാള്‍ വലിപ്പമുണ്ടാകമ്മെന്നതിനാല്‍ ഞാന്‍ അതിനു മുതിരുന്നില്ല, എങ്കിലും ആളെ ഒന്നു പരിചയപ്പെടേണ്ടേ?

***********
രാവിലേ അടാപിടി മഴ, നീളന്‍ കാലന്‍ കുടയും ചൂടി സ്റ്റേഷനിലേക്ക് മെല്ലെ നടന്നു പോകുന്നവഴി കവലയില്‍ ജാഥ പോയ വകുപ്പില്‍ ട്രാഫിക്ക് ബ്ലോക്കും. ഗതാഗത നിയന്ത്രണം റൈറ്ററുടെ പണിയല്ലെന്ന് തള്ളാവുന്നതേയുള്ളു, എന്നാലും നമ്മുടെ സ്വന്തം കവലയല്ലേ, നമ്മുടെ സ്വന്തം സ്റ്റേഷനതിര്‍ത്തിയിലെ പ്രജകള്‍ രാവിലേ ജോലിക്കു പോകാന്‍ കിടന്നു തള്ളുന്ന തള്ളല്ലേ. വാസുവണ്ണന്‍ നടുക്കോട്ടു കയറി വണ്ടികളെ അച്ചടക്കം പഠിപ്പിക്കാന്‍ തുടങ്ങി.

ഒന്നൊഴിഞ്ഞു വന്ന ഗ്യാപ്പിലൂടെ ദാ പാഞ്ഞു പോയി ഒരു ബീക്കണ്‍ വച്ച അംബാസഡര്‍. പോയിക്കഴിഞ്ഞപ്പോഴാണ്‌ ഐ ജിയാണെന്നു പോലും മനസ്സിലായത്. ഷിറ്റ്. സാരമില്ല, ഒരബദ്ധം ഏതു പോലീസുകാരനും പറ്റും.

വൈകിട്ട് മൂന്നരയോടെ എവിടെയോ പോയ ഐജി റിട്ടേണ്‍ ട്രിപ്പില്‍ സ്റ്റേഷനില്‍ കയറിച്ചെന്നു. രാവിലെ കവലയില്‍ ആരായിരുന്നെന്ന് തിരക്കി. വാസുവണ്ണന്‍ ഹാജരാക്കപ്പെട്ടു.

"ഔട്ട് ഡോര്‍ ഡ്യൂട്ടി ടൈമില്‍ മഴയാണെങ്കില്‍ എന്തു ചെയ്യണം?" ഐജി ആളു നേരേവാ നേരേ പോ ആണല്ലോ.
"സര്‍. റെയിന്‍ കോട്ട് ധരിക്കണം സര്‍." വാസുവണ്ണന്‍ തറപ്പിച്ചു.
"റെയിന്‍ കോട്ട് എടുത്തില്ലെന്നു വയ്ക്കുക, കുട പിടിച്ചു നിന്ന് ജോലി ചെയ്യാമോ?"
"റെയിന്‍ കോട്ട് ഇല്ലെങ്കില്‍ നനയണം സര്‍. ഡ്യൂട്ടിയില്‍ കുട ഉപയോഗിക്കരുതെന്ന് റൂളുണ്ട് സര്‍."
" ആ റൂള്‍ നല്ലതുപോലെ അറിയാം അല്ലേ?"
"യെസ്സര്‍."
"എന്നിട്ടാണോ നിങ്ങള്‍ രാവിലെ കുട പിടിച്ച് ജം‌ഗ്ഷനില്‍ നില്‍ക്കുന്നത് കണ്ടത്?"
"കുട? ഓഹ്! ഞാന്‍ രാവിലേ സ്റ്റേഷനിലേക്ക് വരുമ്പോള്‍ കവലയില്‍ നിന്നും ഒരു നിവര്‍ത്തിയ കുട കളഞ്ഞു കിട്ടി സര്‍. ഉദ്ദേശം പത്തരമണിക്ക്, ആരുടെയോ കയ്യില്‍ നിന്നും പറന്നു വന്നതായിരിക്കും. പത്ത് അമ്പത്തഞ്ചിനു ഞാന്‍ അത് ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് രെജിസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട് സര്‍. ഒരു മിനുട്ട്.."വാസുവണ്ണന്‍ പോയി ജെരിസ്റ്ററുമായി വന്നു.

"18/04/1981- സെന്റ് ജോര്‍ജ്ജ് ജെന്റ്സ് അംബ്രല്ല സിംഗിള്‍ ഫോള്‍ഡ്." ഇതല്ലേ സാറു കണ്ടത്, അടുത്ത ലോട്ടില്‍ കോടതില്‍ കൊടുക്കാനുള്ളതാണു സര്‍, കുട ഇപ്പോള്‍ ഇവിടെയിരിപ്പുണ്ട്."

ഐജി പുറകോട്ട് ചാഞ്ഞു.
"എന്താ പേര്‌?"
"വാസുദേവന്‍ എന്നാണ്‌ സര്‍"
"നിങ്ങളെ പോലെ പ്രൊആക്റ്റീവും ക്രിയേറ്റീവുമായ ആളുകളാണു ഡിപ്പാര്‍ട്ട്മെന്റിന്റെ സ്വത്ത്, നല്ലകാര്യങ്ങള്‍ക്കും ഈ കഴിവുകള്‍ ഉപയോഗിക്കണം."
"നന്ദി സര്‍. തീര്‍ച്ചയായും സര്‍."

***************************
"മിസ്റ്റര്‍ വാസുദേവന്‍, ദിസ് ഈസ് സി ഐ"
"സര്‍"
"ഞാന്‍ വിളിച്ചത്.... എന്റെ അനുജന്‍ വീട് വയ്ക്കുകയാണ്‌ രണ്ട് ലോഡ് ബ്രിക്സ് ഇറക്കിക്കൊടുക്കണമല്ലോ."
"ശ്രമിക്കാം സാര്‍."
"താന്‍ ശ്രമിച്ചാല്‍ നടക്കുമെന്ന് എനിക്കറിയാം."
"എനിക്കറിയില്ല, ശ്രമിക്കാം സാര്‍."

"ആരാ വാസു വിളിച്ചത്?"
"സി ഐ ആണു എസ്സൈ സാറേ. അങ്ങേരുടെ അനിയനു വീടു വയ്ക്കാന്‍ ചുടുകട്ട ഞാനെറക്കിക്കൊടുക്കണമെന്ന്."
"നിങ്ങളു വിളിച്ചാല്‍ കട്ട സന്തോഷത്തോടെ കൊണ്ടെത്തിക്കാത്ത ചൂളക്കാര്‌ ഇവിടെ ഇല്ലല്ലോ. കൊട്, ആ *** ഒരാര്‍ത്തിപ്പണ്ടാരമാ."
"എസ്സൈ സാറേ, ഞാന്‍ വിളിച്ചുപറഞ്ഞാല്‍ ആളുകട്ടയിറക്കുന്നത് ഇതുവരെ ഞാന്‍ ഇങ്ങനെ ഒന്നും ആരോടും ചോദിച്ചിട്ടില്ലാത്തോണ്ടും പിന്നെ ഭയന്നിട്ടുമല്ലിയോ. അയ്യാക്കു വേണേ തന്നത്താന്‍ തെണ്ടിക്കോട്ട്, എനിക്കു വയ്യ."
"പണി കിട്ടുമേ, ഇത്രയും തറയായൊരു സീഐയ്യെ ഞാന്‍ കണ്ടിട്ടേയില്ല."
"അയ്യാളു തറയായാല്‍ ഞാന്‍ കുഴിത്തറയാകും, സാറു നോക്കിക്കോ."

കട്ടയ്ക്ക് വീണ്ടും രണ്ടുവിളി വന്നു, ശ്രമിക്കുമെന്ന് വാസുവണ്ണം പറയുകയും ചെയ്തു. നാലാം തവണ ആയപ്പോള്‍ "ഞാന്‍ വിളിച്ചിട്ട് ആരും തരുന്നില്ല, പിന്നെയും ഇങ്ങനെ കൈക്കൂലി ചോദിക്കാന്‍ എനിക്കുവയ്യാ സാറേ." എന്നായി. സര്‍ക്കിളിനു അടികിട്ടിയതുപോലെ ആയി.

പ്രതീക്ഷിച്ച മിന്നല്‍ പരിശോധന നടന്നു. വാസുവണ്ണന്‍ ഗേറ്റിലെ തട്ടുകടയില്‍ നിന്നു ചായകുടിക്കുമ്പോഴായിരുന്നു സര്‍ക്കിളിന്റെ ജീപ്പ് അകത്തേക്കു പോയത്. ഇതല്ലെങ്കില്‍ ബൂട്ടിനു പോളിഷ് പോരെന്നോ ബയണറ്റില്‍ തുരുമ്പെന്നോ മഹസ്സര്‍ ഫയലില്‍ പാറ്റയെന്നോ എഴുതിക്കോളും, ചെറ്റ.

ഡി വൈ എസ് പി ഒരു പഴയ ആളാണ്‌, വാസുവണ്ണനെയും സര്‍ക്കിളിനെയും നല്ലതുപോലെ അറിയും, പക്ഷേ റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി എടുക്കേണ്ടേ.
"വാസുദേവാ"
"സാര്‍."
"ഡ്യൂട്ടി സമയത്ത് പുറത്തു പോയി എന്നാണു പരാതി."
"പുറത്തൊന്നും പോയില്ല സാര്‍, ഗേറ്റു വരെയേ പോയുള്ളു, ഒരു ചായ കുടിക്കാന്‍."
"ഗേറ്റുവരെ പോയാല്‍ ഡ്യൂട്ടി ആബ്സന്‍സ് റിപ്പോര്‍ട്ട് വരുമോടോ?"
"വരും സര്‍, സര്‍ക്കിള്‍ ഇന്‍സ്പക്റ്റര്‍ സാര്‍ എന്നോട് കൈക്കൂലി വാങ്ങിക്കൊടുക്കാന്‍ പറഞ്ഞു, ഞാന്‍ അതു ചെയ്യാത്തതിനു എന്നെ മനപ്പൂര്വ്വം ദ്രോഹിക്കുന്നതാണ്‌."
"ഷട്ട് അപ്പ്!. അനാവശ്യം പറയുന്നോ? നിങ്ങളൊരുപാട് സര്വ്വീസുള്ള സ്റ്റാഫല്ലേ? തെളിയിക്കാന്‍ പറ്റാത്ത ആരോപണം ഉന്നയിക്കുന്നത് ഇന്‍ഡിസിപ്ലിന്‍ ആണെന്നറിയില്ലേ? അതും ഒരു ഉയര്‍ന്ന റാങ്കുള്ള ആളെപ്പറ്റി?"
"ഞാന്‍ തെളിവു കൊണ്ടുവന്നിട്ടുണ്ട് സാര്‍."
"കൈക്കൂലി ചോദിച്ചതിനു തെളിവോ? എന്താ തനിക്ക് സി ഐ കത്തെഴുതിയോ? "
"അല്ല സാര്‍. ഇതാ കഴിഞ്ഞ മൂന്നു മാസത്തെ കമ്യൂണിക്കേഷന്‍ ജേര്‍ണല്‍. പതിമൂന്ന്, പതിനാറ്‌ പത്തൊമ്പത് ഇരുപത്താറ്‌ തീയതികളില്‍ സീ ഐയും ഞാനും അദ്ദേഹത്തിന്റെ അനുജന്റെ വീട്ടില്‍ ചുടുകട്ട ഇറക്കിക്കൊടുക്കുന്നതിനെപ്പറ്റി സംസാരിച്ചത് ഞാന്‍ തന്നെ ജേര്‍ണലിലെഴുതിയിട്ടുണ്ട് സാര്‍. എല്ലാ ദിവസത്തെയും ജേ൪ണല്‍ കോപ്പി സര്‍ക്കിളോഫീസിലും ഫാക്സ് ചെയ്യുന്നതല്ലേ സാര്‍, ഇങ്ങനെ ഒരു സം‌ഭാഷണം നടന്നില്ലെങ്കില്‍ അദ്ദേഹം അത് ഒബ്ജെക്റ്റ് ചെയ്യുമായിരുന്നല്ലോ. ഇന്‍സ്പക്ഷന്‍ നടന്ന് അവസാന സംഭാഷണം നടന്ന ഇരുപത്താറാം തീയതി കഴിഞ്ഞ് രണ്ടു ദിവസമായപ്പോഴാണ്‌ സാര്‍"

"വാസൂ?"
"സാറേ?"
"താന്‍ ഫാക്സ് ചെയ്യുന്ന ജേര്‍ണല്‍ കോപ്പിയൊന്നും സി ഐ വായിക്കാറില്ലഎന്ന് ഇത്രയും ധൈര്യത്തില്‍ താനെങ്ങനെ ഉറപ്പിച്ചെടോ?"
"ഓ, അനിയനു ചുടുകട്ടയും അമ്മായിയമ്മയ്ക്ക് അരഞ്ഞാണവും തിരക്കി നടക്കുന്നവര്‍ക്ക് ആപ്പീസു പേപ്പറുകള്‍ വായിക്കാന്‍ സമയം കിട്ടുവോ സാറേ?"
"ഹ ഹ. താന്‍ പോയിക്കോ, മെമ്മോ പുറകേയുണ്ട്."
"എനിക്കല്ലല്ലോ, സി ഐക്കല്ലേ?"
"അതു ചോദിക്കാനുണ്ടോടോ"

Saturday, January 05, 2008

ആകാശഗീതം

ഷോപ്പിങ്ങ് കാര്‍ട്ടുകള്‍ നിറച്ച് സാധനങ്ങള്‍ വാങ്ങി ഫെസ്റ്റിവല്‍ ടൂറിസ്റ്റുകള്‍ പരസ്പരം ഞെരുക്കി വഴിയുണ്ടാക്കി നടന്നു പോകുന്നതിനിടയില്‍ ഞങ്ങളങ്ങനെ വെറുതേ പോകുമ്പോഴാണ്‌ സിക്കുവിന്റെ വിളിയും ബോംബോയുടെ മുഴക്കവും കേട്ടത്. മഹാവാണിഭനഗരത്തില്‍ ഏറെയൊന്നും പേരുടെ കണ്ണില്‍ പെടാത്തൊരു മൂലയില്‍ ഹനാക്കുകള്‍ പാടുന്നു. അവരെ എനിക്കോ വിദ്യക്കോ മനസ്സിലായില്ല. പരുന്തിന്‍ തൂവല്‍ വച്ച തൊപ്പിയില്‍ നിന്നും വാദ്യോപകരണങ്ങളില്‍ നിന്നും അവര്‍ ഇന്‍‌ക ഗായകരാണെന്നു പിടികിട്ടി.

ആള്‍ക്കൂട്ടത്തിനുള്ള സംഗീതമായിരുന്നു അവരപ്പോള്‍ പാടിയിരുന്നത്.

"ഒരു പ്രത്യേകതരം സിക്കുവാണല്ലോ അത്?" ഞാന്‍ വിദ്യയോട് ചോദിച്ചു.
മലയാളത്തില്‍ നിന്നും സിക്കുവെന്ന വാക്കു മാത്രം പിടിച്ചെടുത്ത് അടുത്തു നിന്നൊരു വയസ്സായ മദാമ്മ പറഞ്ഞു. അത് ഒരു പ്രത്യേകതരം സിക്കുവാണ്‌. റോണ്‍ഡഡോര്‍ എന്നു പേര്‍. ഇക്വഡോറിന്റെ ദേശീയവാദ്യോപകരണം. ഹനാക്ക് ഇക്വഡോര്‍ സ്വദേശികളാണ്‌.
ആ പാട്ട് തീര്‍ന്നു. നിങ്ങള്‍ക്കെല്ലാം ആരോഗ്യവും സന്തോഷവും സമ്പത്തും തരാന്‍ സൂര്യഭഗവാനോടൊരു പ്രാര്‍ത്ഥനയാണിനി. ഹനാക്കിലൊരുവള്‍ ചരന്‍‌ഗോയില്‍ ശ്രുതിമീട്ടി. റെയിന്‍ സ്റ്റിക്കുകള്‍ മൃദുവായൊരു താളം കൊട്ടി.

ഇന്‍‌കകളുടെ ഈ പാട്ട് എനിക്കറിയാം. ചെറുവള്ളിക്കാവില്‍ അതു കേട്ടിട്ടുണ്ട്.

"ദേവനെന്നവരും വിദ്യയമ്മയും അവരുടെ മക്കളും മരിച്ച പിതൃക്കളും
ഇവര്‍ക്കായ് ജനിക്കാനായ് വരുന്നോരുള്ളലവരും അവര്‍ പോറ്റും പശുക്കളും
അവര്‍ക്കുള്ള മരങ്ങളും അതിനുള്ള നിലം താനും
അറിയാതെ ചെയ്തുപോയ പാപങ്ങളെല്ലാമേ പൊറുക്കേണം മഹാനാഗം
അവരോട് പൊറുക്കാനായ് ചൊല്ലേണം നീ പോയി
മണ്ണാറശ്ശാല വാഴും മഹാനാഗരാജനോടും..."

ഗോത്രങ്ങളേ മരിക്കുന്നുള്ളു, അതിന്റെ ഗീതം മരിക്കില്ല. ഒരു സംഗീതവും മരിക്കുന്നില്ല, ഗായകരേ മരിക്കുന്നുള്ളു. വല്ലാത്ത സ്പാനിഷ് ചുവയുള്ള ഇംഗ്ലീഷില്‍ ഒരു ഗായകന്‍ പറഞ്ഞു. ഹനാക്ക് നാളെ മരിച്ചു പോകും, പക്ഷേ ഈ പാട്ടുകള്‍ പോവില്ല, മഹാഗായകര്‍ എന്നോ പഛാമാമയില്‍ പാടിയിരുന്ന ഈ പാട്ടുകള്‍ ഇന്ന് ഞങ്ങള്‍ പാടുന്നു. നാളെയത് ഹനക്ക് പഛായില്‍ നിന്നീമണ്ണിലിറങ്ങുന്ന കുഞ്ഞുങ്ങള്‍ പാടും.

"ഭാഗ്യമാണിവനെയും കുടുംബത്തെയും ജീവനോടെ പിടിക്കാന്‍ കഴിഞ്ഞത്" സ്പാനിഷ് വൈസ്‌റോയ് അട്ടഹസിച്ചു. " ട്യുപാക്ക് അമരുവിന്റെ കൈകാലുകള്‍ ഓരോന്നായി നാലു കുതിരകളോട് പൂട്ടി അവറ്റയെ നാലു ദിക്കിലേക്ക് പായിക്ക്. ഇന്‍‌ക ഗോത്രത്തിനു തലവനത്രേയിവന്‍. ഇവന്റെ നാലായി കീറിയ ശരീരവുമായി കുതിരകള്‍ അവന്റെ പ്രജകള്‍ക്കു മുന്നിലോടുന്നത് തടയാന്‍ സൂര്യഭഗവാനിറങ്ങി വരുമോയെന്ന് അവര്‍ കാണട്ടെ."

വെടിയൊച്ച മുഴങ്ങിയപ്പോള്‍ കുതിരകള്‍ നാലുഭാഗത്തേക്കും ചിതറിയോടി. ട്യുപാക്ക് അമരു രണ്ടാമന്‍ പക്ഷേ ഒരു കൂറ്റന്‍ ചിലന്തി അതിന്റെ വലയില്‍ കിടക്കും പോലെ നടുവില്‍ ബലം പിടിച്ചു കിടന്നതേയുള്ളു . ചാട്ടയടിയും കത്തിക്കുത്തുമേറ്റ കുതിരകള്‍ പ്രാണശക്തി മുഴുവനെടുത്തെങ്കിലും ആ ഉരുക്കുമനുഷ്യനെ വലിച്ചു കീറാനവര്‍ക്കായില്ല.

"അവന്റെ തലവെട്ടും മുന്നേ ഈ നശിച്ച പ്രാര്‍ത്ഥനപ്പാട്ടുകള്‍ പാടുന്നവരുടെ നാവറുത്തുമാറ്റ്, ഇല്ലെങ്കില്‍ അവന്‍ തലപോയാലും ചത്തെന്നു വരില്ല" ഭയന്നുപോയ ഒരു സ്പാനിഷ് ജെനറല്‍ ഉത്തരവിട്ടു.

മാച്ചുപിക്‌ചുവില്‍ കേയ് പച്ചയേയും ഉക്കു പച്ചയേയും പുണര്‍ന്ന് ഹനാക്ക് പാടി. മരിച്ചവര്‍ക്കു വേണ്ടി, പ്രാര്‍ത്ഥിക്കാന്‍ നാവില്ലാതെ കഴുമരത്തിലേക്ക് നടക്കുന്നവര്‍ക്കു വേണ്ടി, ആ ഗീതം ഭയന്നവര്‍ക്കു വേണ്ടി. ആ ഗീതമിനിയുയരരുതെന്ന് ശാസനമിറക്കിയ രാജാവിനു വേണ്ടി.ശ്രോതാവിന്റെ പാപങ്ങള്‍ പൊറുക്കാന്‍ വേണ്ടി. പിതൃക്കള്‍ക്കു വേണ്ടി, ജനിക്കാനിരിക്കുന്നവര്‍ക്കു വേണ്ടി. എല്ലാവരെയും സൂര്യന്‍ അനുഗ്രഹിക്കട്ടെ.

Sunday, August 19, 2007

ജീ കെ കഥകള് 3 : തനിമലയാളം

"ജീ കെ ചേട്ടാ, ചേട്ടന് പറയുന്ന കഥകളെല്ലാം കൂടി ഞാന് ബ്ലോഗില് ഇടാന് പോകുകയാ."
"ബ്ലോഗോ? അത് ഓരോരുത്തര് പേര്സണല് വെബ് സൈറ്റ് പോലെ ഉണ്ടാക്കി ഇടുന്ന സാധനമല്ലേ?"
"അങ്ങനെ ചുമ്മാ വെബ് പേജ് അല്ല, കുറച്ചു ബ്ലോഗ് കാണിച്ചു തരാം." ഞാന് ജീകെയുടെ കമ്പ്യൂട്ടറില് തനിമലയാളം തുറന്നു.
"തനിമലയാളം എന്നാണോ ദേവന്റെ ബ്ലോഗിന്റെ പേര്?"
"അല്ലല്ല, ഇതൊരു മലയാളം ബ്ലോഗ് പിടിയന്. ആരു മലയാളം ബ്ലോഗ് പോസ്റ്റ് ഇട്ടാലും തനിയേ പോയി കണ്ടു പിടിക്കുന്ന ബ്ലോഗാളക്കരണ്ടി."

"തനിമലയാളം എന്നു കണ്ടപ്പോള് വളരെ പഴയൊരു കഥയോര്ത്തുപോയി." ജീ കെ ചിരിച്ചു.

കോളെജു പഠിപ്പ് കഴിഞ്ഞപ്പോള് അതുകൊണ്ട് റെയില്വേ ബുക്കിങ് ക്ലെര്ക്കോ കെ എസ് ഈ ബി ബില് കളക്റ്ററോ ആയി ജീവിതം കഴിക്കേണ്ടിവരുമെന്നും മാസാമാസം രണ്ടായിരം രൂപയുടെ കുടുംബ ബജറ്റ് എഴുതി അതിനു മൂന്നും നാലും റിവിഷനുകള് വീട്ടിലവതരിപ്പിച്ചു മങ്ങിയ മുഖങ്ങള് ഇടയ്ക്ക്കിടെ കാണേണ്ടിവരുന്ന പാവം പിതാജിയുടെ ജീവിതത്തിന്റെ തനിയാവര്ത്തനം തന്നെയാവും തന്റേതെന്നും ജീ കെ ഭയന്നു. തനിക്കീ പീ യെസ്സീ എഴുതി കാത്തു നില്ക്കാന് വയ്യെന്നും വല്ല ബിസിനസ്സും തുടങ്ങാന് പണം തന്നു സഹായിക്കണമെന്നും വീട്ടില് ക്യാപിറ്റല് ബഡ്ജറ്റ് റിക്വസ്റ്റ് അവതരിപ്പിച്ചു. "കയ്യിലുള്ള മൊത്തം സമ്പാദ്യം " എന്ന ലേബലൊട്ടിച്ച പതിനായിരം രൂപ പിതാജി എടുത്തു നീട്ടി, ജീ കെ മടിക്കാതെ വാങ്ങി.

പതിനായിരം രൂപ മൂലധനത്തില് തുടങ്ങാന് വയബിള് പ്രോജക്റ്റ് ആയി തോന്നിയത് ഒരു മില്മ ബൂത്ത് ആണ്. വീടിനു കുറച്ചകലെ കോര്പ്പറേഷന് ബങ്ക് ഒരെണ്ണം അടിച്ചു കൂട്ടി. പെര്മിറ്റ് എടുത്തു. സ്കൂളില് നാലഞ്ചു ക്ലാസ്സ് കൂടെ പഠിക്കുകയും ശേഷം പഠിക്കാന് കൂട്ടാക്കാതെയും ഇരുന്ന അലവിക്കുട്ടിയെ സഹായി ആയി കൂടെ കൂട്ടി. പഴയൊരു അടിച്ചില് ലാംബി സ്കൂട്ടറും തട്ടിക്കൂട്ടി. മൊത്തത്തില് സെറ്റ് അപ്പ് തരക്കേടില്ല. അഞ്ചേഴായിരം കവര് പാലു വില്ക്കുന്നുണ്ട് . ലാഭവിഹിതം മുപ്പതു ശതമാനം അലവിക്ക് കൊടുക്കും. ബാക്കി എഴുപതു മുതല് നൂറു രൂപ വരെ അറ്റാദായം ദിവസത്തില്. അങ്ങനെ രണ്ടുകൊല്ലം പോയി. ജീ കെ അച്ഛന് മുടക്കിയ മുതല് പലിശയടക്കം തിരിച്ചു കൊടുത്തു. അലവി നിക്കാഹു കഴിച്ചു കുടുംബസ്ഥനായി.

പാല് ഡെലിവറി ലോറി എത്തുന്നത് രാത്രി രണ്ടുമണിക്കാണ്, പരിശോധിച്ച് സ്റ്റോക്ക് ഏറ്റെടുത്ത് പൊട്ടിയ കവറുകള് അപ്പോഴേ തിരിയെ കൊടുക്കണം. ഒരു ദിവസം രാത്രി സ്റ്റോക്ക് സ്വീകരിക്കാന് പോയ അലവി അലറിപ്പാഞ്ഞ് വന്നുകേറി.

"ജീക്കേയേ ജീക്കേയേ, നമ്മടെ കടയില് ഒരുത്തന് താറടിക്കുന്നു!!"

"ഹാരെടാ ഹത്" എന്ന് ഒരട്ടഹാസവുമായി കടയുടെ അടുത്തേക്ക് ഓടി. ഒരു താടിക്കാരന് സ്റ്റൂളിട്ട് കയറി നിന്ന് ഇരുമ്പു തൊട്ടിയില് താറു കലക്കിയത് കടയുടെ ബോര്ഡില് ബ്രഷുകൊണ്ട് പുരട്ടുകയാണ്. കൊള്ളാവുന്ന രീതിയില് നടന്നു പോകുന്ന സ്ഥാപനങ്ങളെ താറടിച്ചു കാണിക്കാന് ചിലര്ക്ക് വലിയ ഉത്സാഹമാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്, അത് പക്ഷേ വാച്യാര്ത്ഥത്തിലാണെന്ന് തീരെ പ്രതീക്ഷിച്ചില്ല.

കയ്യില് കിട്ടിയത് കടയുടെ നിരയിടുന്ന ഓടാമ്പലാണ്. അടിച്ചു ശീലമില്ലാത്തതിനാലും അരിശം മൂത്തു പോയതിനാലും ആയം ഓവര്ഡോസ് ആയി പോയി . താറടിത്താടി "ഓടിവായോ" എന്നൊരു വിളിയോടെ സ്റ്റൂളും മറിച്ച് നിലത്തു വീണു, നിശ്ചലനായി.

അപ്പുറത്തും ഇപ്പുറത്തുമൊക്കെയുള്ള കടകളില് താറടിച്ചുകൊണ്ടിരുന്ന മൂന്നു നാലു പേര് ഓടിക്കൂടി. ജീ കെ ആയുധം ഭീഷണി രൂപത്തില് ഉയര്ത്തി പിടിച്ച് അവിടെ തന്നെ നിന്നു.
"എന്താടോ ഈ കാട്ടിയത്?" ഒരുത്തന് ചോദിച്ചു.
"അവന് എന്റെ കടയില് താറടിച്ചു, ഞാന് അവനെയടിച്ചു" അയഞ്ഞാല് കൊണ്ടവന്റെ കൂട്ടുകാര് ചമ്മന്തിയാക്കുമെന്ന് കണ്ട് ജീ കെ ഇല്ലാത്ത ധൈര്യം ഉണ്ടെന്ന് നടിച്ചു.

"ആരെയാ താന് അടിച്ചതെന്ന് അറിയാമോടോ? പായിപ്പാടന് മാഷെന്നു കേട്ടിട്ടുണ്ടോടോ?"
"അയ്യോ അങ്ങോരാണോ ഈ കിടക്കുന്നത്? ആളെ മനസ്സിലായില്ല"
"മാഷെങ്ങാണുമായിരുന്നെങ്കില് നിന്നെ ഞാന് കൊന്നേനെ.ഈ കിടക്കുന്നത് മാഷിന്റെ പാര്ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറിയാണ്."

ഓട്ടോ വിളിച്ചു. രക്തസാക്ഷിസ്ഥാനാര്ത്ഥിയെ പൊക്കി ആശുപത്രിയില് കൊണ്ടുപോയി. ആരുടെ അടിയന്തിരമായാലും കടയടയ്ക്കാനൊക്കില്ലെന്ന് പ്രഖ്യാപിച്ച് അലവി മാത്രം കൂടെ പോയില്ല.

തോളെല്ലു പൊട്ടിയെന്നു കണ്ട് ജില്ലാസെക്രട്ടറിയെ ആശുപത്രിക്കാര് അഡ്മിറ്റ് ചെയ്തു. താന് ചെയ്തത് പൂര്ണ്ണമായും ശരിയല്ലെന്ന് ജീകെയും അഡ്മിറ്റ് ചെയ്തു. താറടിക്കാര് ജീകെയെ താല്ക്കാലികമായി ഡിസ്ച്ചാര്ജ്ജ് ചെയ്തു- "ഞങ്ങളങ്ങോട്ടു വരുന്നുണ്ട്" എന്ന മുന്നറിയിപ്പോടെ.

വന്നത് പക്ഷേ, ആ ഞങ്ങളായിരുന്നില്ല. അടുത്ത ദിവസം ഒരോട്ടോയില് സാക്ഷാല് പായിപ്പാടന് മാഷ് മില്മ ബൂത്തിനു മുന്നില് വന്നിറങ്ങി.
"താനോണോ എന്റെയാളിനെ അടിച്ച് എല്ലൊടിച്ചത്?"
"അതങ്ങനെ പറ്റിപ്പോയി."
"പറ്റാന് പോകുന്നത് തനിക്കാ, ഞാന് ഒരു പോലീസ് കേസ് ഫയല് ചെയ്യാന് തീരുമാനിച്ചു."
"സാറേ, എന്റെ കടയുടെ മേല് അയാളു താറടിച്ചിട്ടല്ലേ ഞാന് അടിച്ചത്?"

പായിപ്പാടന് മാഷിനു ദേഷ്യം കയറി.
"എടോ, താന് പത്രമൊന്നും വായിക്കാറില്ലേ? പാര്ട്ടി ഇനി മേലില് കേരളത്തിലെ ബോര്ഡുകളെല്ലാം പച്ചമലയാളത്തിലേ ആകാവൂ എന്നു തീരുമാനിച്ചതും ഒരു മാസത്തിനകം ബോര്ഡുകള് മാറ്റിയെഴുതണമെന്ന് നിര്ദ്ദേശിച്ചതും താന് കണ്ടില്ലായിരുന്നോ? ഇംഗ്ലീഷ് കണ്ടാല് താറടിക്കും. അതൊന്നുമറിയാതെ കടയും തുറന്നിരുന്നിട്ട്, വരുന്നവനെ അടിച്ചു കൊല്ലാന് നോക്കുന്നോ?"

"ഞാനൊന്നുമറിഞ്ഞില്ല മാഷേ, കയ്യബദ്ധം പറ്റിപ്പോയി. അപ്പോ ഇനി മലയാളം ബോര്ഡ് മാഷ് കൊണ്ടു വയ്ക്കും അല്ലേ?"

"എടോ,തന്റെ കടയ്ക്ക് ബോര്ഡ് വേണമെന്നുള്ളത് തന്റെ ആവശ്യം ആണ്. ഇംഗ്ലീഷില് ബോര്ഡുകള് വച്ച് കേരളത്തെ അപമാനിക്കരുതെന്നുള്ളത് പൊതു ജനത്തിന്റ്യെ ആവശ്യവും, മനസ്സിലായോ?"

"മാഷേ, മില്മ എന്നതിന്റെ മലയാളം എന്താ?"
"അത്.. മില്മ എന്നതു ഇംഗ്ലീഷിലെ ചുരുക്കെഴുത്താണ്. പാല് വിതരണ കേന്ദ്രം , അല്ലെങ്കില് പാല് വില്പ്പനശാല എന്ന് വയ്ക്കൂ."
"അപ്പോ ഞാന് മില്മാ പാലാണു വില്ക്കുന്നതെന്ന് നാട്ടുകാര്ക്ക് മനസ്സിലാവൂല്ലാ. അതിനേ കച്ചോടമുള്ളൂ. മില്മേടെ മലയാളം തന്നെ എഴുതണം."
"എന്നാല് താന് മില്മാ പാല് വിതരണകേന്ദ്രം എന്ന് മലയാളത്തിലെഴുത്"
" ശരി സാറേ, ബോര്ഡെഴുതാന് ഒരഞ്ഞൂറു രൂപയെങ്കിലും ചിലവു വരും. ഒരു കവര് പാലു വിറ്റാല് രണ്ടു പൈസയാണു ലാഭം . ഞാന് ഇരുപത്തയ്യായിരം കവറു പാലു വിറ്റാലേ ആ കാശുണ്ടാവൂ."

ഇരുപത്തയ്യായിരം കവര് വില്ക്കാന് ഒരാണ്ടെടുക്കുമെന്ന് കരുതിയിട്ടാവും, പായിപ്പാടന് മാഷിന്റെ മുഖം ദയ കൊണ്ട് വാടി. കുറച്ചു നേരം ആലോചിച്ചു നിന്നിട്ട് പോക്കറ്റിലുള്ളതെല്ലാം വാരി മേശപ്പുറത്തിട്ടു രണ്ടു തവണ എണ്ണി. എന്നിട്ട് മെല്ലെ പറഞ്ഞു.
"എടോ, എന്റെ കയ്യില് മുന്നൂറ്റെഴുപത് രൂപയുണ്ട്. അതില് നിന്നും ഓട്ടോക്കൂലിയായി പത്തെടുത്തു, ബാക്കി താന് വച്ചോ, തികയാത്തത് എവിടെന്നെങ്കിലും ഒപ്പിക്ക്."
"നന്ദി സാര്, ബോര്ഡ് ഇന്നു തന്നെ മാറാം."

അലവി ഒരാട്ടോ വിളിച്ചു നിര്ത്തി. മാഷ് "ഇനി തല്ലുമ്പോള് നോക്കിയും കണ്ടും ഒക്കെ വേണം" എന്നൊരു ഉപദേശവും കൊടുത്ത് പോയി.

"ആ മാഷ് എത്ര നല്ല മനുഷ്യന്, കാറും പത്രാസും, മുദ്രാവാക്യവും അകമ്പടിയും ഒന്നുമില്ലാതെ വന്നു. മൂപ്പരുടെ ജില്ലാസെക്രട്ടറിയെ അടിച്ചത് വലിയ മോശമായി പോയി." അലവിക്ക് താന് മേയ്ഡേ കാള് ചെയ്തതില് കുറ്റബോധം വര്ക്കൗട്ട് ചെയ്യാന് തുടങ്ങി.

"അല്ലലവീ, കറക്റ്റ് സമയത്ത് അടിച്ചതുകൊണ്ട് തുരുമ്പു വീണു തുടങ്ങിയ ബോര്ഡും മാറിക്കിട്ടി, ആ നല്ല മനുഷ്യനെ പരിചയപ്പെടാനും പറ്റി."

ജീ കെ നൂറു രൂപ എടുത്ത് അലവിയെ ഏല്പ്പിച്ചു. " രവി മേശരിയുടെ വര്ക്ക് ഷോപ്പില് പോയി മലയാളം ബോര്ഡ് എഴുതിച്ചോ, രാവിലെ അയാളോട് തന്നെ പറഞ്ഞ് ഉറപ്പിച്ചതാ, നൂറിത്തിരി കൂടിയ റേറ്റാ, എന്നലും രവിമേശിരി പണിഞ്ഞാല് അത് പണിയാ. "

"അപ്പം അടിക്കൂലിയായി മുന്നൂറ്ററുപതീന്നു നൂറു പോയിട്ട് ഇരുന്നൂറ്ററുപത്, അല്യോ ജീക്കേ?"
" കണക്കില് താന് തെളിഞ്ഞല്ലോ അലവീ, തന്റെ മുപ്പതു പേര്സെന്റ് എഴുപത്തെട്ടു രൂപാ മേശേന്നെടുത്തോ."

"ഒറ്റയടിക്ക് ഇരുന്നൂറ്ററുപത്! ജീ ക്കേ കമിഴ്ന്നു വീണാല് കാല്പ്പണം ഒപ്പിക്കും!"
"ഞാനല്ലല്ലോടോ കമിഴ്ന്നു വീണത്, ജില്ലാ സെക്രട്ടറിയല്ലേ."

Saturday, July 28, 2007

സാധു

ഒന്ന്
"അമ്മവഴിയുള്ള കാരണവന്മാര്‍ ഒരുപാട് ക്രൂരതകള്‍ ചെയ്തിട്ടുണ്ട്."
പണിക്കര്‍ ഭര്‍ത്താവിനോട് പറഞ്ഞു. "നാട്ടിലുള്ളവര്‍ മനസ്സു നിറഞ്ഞ് അനുഗ്രഹിക്കണം അനപത്യദു:ഖം മാറാന്‍"
ഭാര്യയും ഭര്‍ത്താവും പരസ്പരം നോക്കി.

"ഇപ്പോഴത്തെ കാലത്ത് മനസ്സു നിറയുന്നവരില്ല. എനിക്ക് നിങ്ങളമ്പതു രൂപ തന്നാല്‍ ഞാന്‍ ഇയാള്‍ നൂറു രൂപ തന്നില്ലല്ലോഎന്നേ ആലോചിക്കൂ. അതുകൊണ്ട്-" പണിക്കര്‍ ഇരുവരെയും നോക്കി. "- അടുത്ത വീടുകളിലെല്ലാമുള്ള കുട്ടികളെ വിളിച്ച് സദ്യയും മിഠായിയും കൊടുക്കൂ. അവര്‍ നിറഞ്ഞ് ചിരിക്കുന്നത് കാണാം. ഇപ്പോഴൊക്കെ കുഞ്ഞുങ്ങള്‍ക്കേ അനുഗ്രഹിക്കാന്‍ കഴിവുള്ള മനസ്സുള്ളൂ. ങാ. ആ ഉമ്മണനുംകൂടി ചോറുകൊടുക്കാന്‍ മറക്കേണ്ട."

കുട്ടികള്‍ നിറച്ചൂണുകഴിഞ്ഞ് തട്ടത്തില്‍ നിന്നും ചോക്കലേറ്റുകളെടുത്ത് കൂട്ടമായി കലപില പറഞ്ഞോടി. ഉമ്മണന്‍ കൈ കഴുകി കാക്കി നിക്കറില്‍ തുടച്ച് അവിടെ നിന്നതേയുള്ളു.
"ഉമ്മണാ, നിനക്ക് പായസം ഒരു കുപ്പിയിലാക്കി തരട്ടേ , കൊണ്ടുപോവാന്‍?"
ഭര്‍ത്താവ് ചോദിച്ചു.

അയാള്‍ തല കുലുക്കി.
"വേറെന്തെങ്കിലും വേണോ?" ഭാര്യ തിരക്കി.
"പത്തിരീം എറച്ചീം വേണം" തന്റെ ഭീമാകാരമായ ശരീരം ചുരുക്കി ഉമ്മണന്‍ ആശയോടെ പറഞ്ഞു.

"അമ്പലത്തിലെങ്ങനാടാ പത്തിരീം ഇറച്ചീം ? ഇതു കൊടുത്ത് ഇന്നും നാളെയും ഒക്കെ നീ കുട്ടമ്പിള്ളേടെ കടേന്നു വാങ്ങിച്ചു കഴിച്ചോ. " ഭര്‍ത്താവ് മൂന്നു നാലു പത്തിന്റെ നോട്ടുകള്‍ നീട്ടി.
ഉമ്മണന്‍ മഞ്ഞപ്പല്ലുകളെല്ലാം പുറത്തു കാട്ടി ചിരിച്ചു.

"ഡാ, ഇവര്‍ക്ക് വേഗം മക്കളുണ്ടാവട്ടേന്ന് പ്രാര്‍ത്ഥിക്ക്" വിളമ്പുകാരന്‍ പറഞ്ഞു.
"വേഗം മക്കളുണ്ടാവും കേട്ടോ ഇവരേ."

അടുത്ത ദിവസം രാവിലേ പത്രമെടുക്കാന്‍ ഗേറ്റിലെത്തിയ ഭര്‍ത്താവ് അവിടെ
കാത്തു നില്‍ക്കുന്ന ഉമ്മണനെ കണ്ടു.
"മക്കള്‍ ഉണ്ടായോ ഇവരേ?"

പിന്നെ എപ്പോള്‍ ഇവരെ കണ്ടാലും ഉമ്മണന്‍ മക്കളെ തിരക്കി. കാലം കുറെ കഴിഞ്ഞ് ഇവര്‍ ഒരു കുഞ്ഞുവാവയെ കാട്ടിക്കൊടുക്കും വരെ.

രണ്ട്
പട്ടിണി കിടന്നു കിടന്ന് ഉമ്മണന്റെ കുടല്‍ മുഴുവന്‍ പുണ്ണുപിടിച്ചു പോയി.വിശന്നാല്‍ അവന്‍ ചോര ശര്‍ദ്ദിക്കും. വേദനിച്ചു നിലവിളിച്ച് വഴിയേ ഓടും,പിന്നെ നിലത്തു കിടന്നുരുളും. സാംസ്കാരിക വേദികളും ക്ലബ്ബുകളുമൊക്കെ ഉമ്മണനെ ചികിത്സിക്കാന്‍ വര്‍ഷാവര്‍ഷം തുക നീക്കിവച്ചു. അതിനൊന്നും അവന്റെ രോഗത്തിന്റെ കാഠിന്യമൊന്നു കുറയ്ക്കാന്‍ പോലും കഴിഞ്ഞില്ല. ശര്‍ദ്ദില്‍ സഹിക്ക വയ്യാതെ വരുമ്പോള്‍ അവന്‍ കടകളില്‍ കൈ നീട്ടും. കടകളൊന്നും തുറന്നില്ലെങ്കില്‍ സ്കൂള്‍ കുട്ടികളുടെ ചോറുപൊതി തട്ടിപ്പറിച്ചുകൊണ്ടോടും. ചോറു പോയ കുട്ടികള്‍ സന്തോഷിച്ചു. അവരെയന്ന്സാറടിക്കില്ല. പരീക്ഷ ദിനമാണെങ്കിലോ, രക്ഷപ്പെട്ടു.

ഒരു പിറന്നാള്‍ സദ്യ വിളമ്പുമ്പോഴോ, എന്തിന്‌ ആദായവിലയ്ക്ക് കുറേ നല്ല മീന്‍ കിട്ടിയ ദിവസം ഉണ്ണാനിരുന്നാലോ മതി, കേള്‍ക്കാം ദൂരെ റോഡിലെങ്ങോ ഒരലര്‍ച്ച:
"വിശക്കുന്നെറേ.. വിശന്നിട്ടു ചാവുന്നറേ..."

വീട്ടുകാരന്‍ എഴുന്നേറ്റ് പോയി നാറുന്ന ഉടുപ്പില്‍ ചോരയും തുപ്പലുമൊഴുക്കി ഭയാനകരൂപിയായി നില്‍ക്കുന്ന ഉമ്മണനു ഒരില ചോറു വയ്ച്ചുകൊടുക്കും, തെരുവിലോ കടയോരത്തോ അവനെവിടെ നില്‍ക്കുന്നോ അവിടെ. വിശന്നാല്‍ ഉമ്മണനു പിന്നെ നടക്കാനാവില്ല. നിന്ന നില്പ്പില്‍ അല്ലെങ്കില്‍ കിടന്ന കിടപ്പില്‍ അതു കഴിച്ചു തീര്‍ക്കുമ്പോള്‍ അവന്റെ വിളി നില്‍ക്കും.

മൂന്ന്
കോളേജില്‍ മെഡലുകള്‍ക്കൊപ്പം റെസ്‌ലിങ്ങിലെ കേമത്തം നല്‍കിയ ഞണ്ടെന്ന പട്ടം പുതുമണമുള്ള യൂണിഫോമില്‍ നക്ഷത്രങ്ങള്‍ക്കൊപ്പമണിഞ്ഞ ഇന്‍‌സ്പെക്റ്റര്‍ ചാര്‍ജ്ജെടുത്ത് ദിനമധികമായിട്ടില്ല, എങ്കിലും അയാളെ എല്ലാവരും അറിഞ്ഞു പെരുമാറാന്‍ പഠിച്ചുകഴിഞ്ഞതാണ്‌. രാത്രി രണ്ടു മണിക്ക് നടുറോഡില്‍ കണ്ടാല്‍ മുക്കുടിയനെന്ന് തോന്നുന്ന രൂപം പുലമ്പിക്കൊണ്ട് നില്‍ക്കുന്നത് തന്റെ ശാസനങ്ങളോടുള്ള വെല്ലുവിളിയായാണ്‌ ഞണ്ടു രാജീവിനു തോന്നിയത്. ജീപ്പ് നിര്‍ത്തി സത്വത്തെ വിരല്‍ ഞൊടിച്ചു അടുത്തു വിളിച്ചു.

"എന്താടാ രാത്രി വഴിയില്‍ നില്‍ക്കുന്നത്?"
"വിശന്നിട്ട്."

എന്തൊരു ധിക്കാരവും പരിഹാസവും! ഞണ്ട് റോഡിലേക്ക് ചാടിയിറങ്ങി.
"കള്ളം പറയുന്നോടാ റാസ്കല്‍? വിളച്ചിലെടുത്താലുണ്ടല്ലോ..."
ഏകവും കേവലവുമായ പരമസത്യത്തെ, തന്റെ വിശപ്പിനെ, ചോദ്യം ചെയ്തത് ഉമ്മണനു താങ്ങാവുന്നതിലുമപ്പുറത്തായിരുന്നു. ഇരുമുഷ്ടികളും ജീപ്പിന്റെ ബോണറ്റിലിടിച്ച് അവനട്ടഹസിച്ചു:
"സത്യമായിട്ടും എനിക്കു വിശക്കുന്നെറാ പട്ടീ."

സെല്ലിലെ അഴികളില്‍ തലയറഞ്ഞ് മൂക്കിലൂടെയും വായിലൂടെയും ചോരയൊലിപ്പിച്ച് ഉമ്മണന്‍ നിലവിളിച്ചു.
"വിശന്നിട്ടു ചാവാന്‍ പോണെറാ പട്ടികളേ, അയ്യോ."

ഞണ്ടിന്റെ ലാത്തിക്കും ചൂരലിനും ലെതര്‍ ബെല്‍റ്റിനും ആ ശബ്ദത്തെ അടക്കാന്‍ കഴിയാതായപ്പോള്‍ പോലീസുകാര്‍ അവന്റെ കയ്യും കാലും കൂട്ടി കെട്ടി വായില്‍ തുണി തിരുകി.

പബ്ലിക്ക് ന്യൂയിസന്‍സിനൊരു ജാമ്യമെടുക്കാന്‍ സേതു വക്കീലിനും കഴിയാതെ വന്നപ്പോള്‍ നാട്ടുകാര്‍ രാഷ്ട്രീയ സ്വാധീനം തേടി. അവനെ എടുത്തു തോളിലിട്ട് ഉണ്ണൂണ്ണി മാപ്ല സ്റ്റേഷന്‍ പടിയിറങ്ങുമ്പോള്‍ ഉമ്മണന്‍‍ നീരുകെട്ടി വീര്‍ത്ത കണ്ണുകള്‍ വലിച്ചു തുറന്ന് പോര്‍ച്ചിലിട്ടിരുന്ന ഞണ്ടിന്റെ ജീപ്പിനു നേരേ നോക്കി.
"നിന്നെ കാലന്‍ പാമ്പു കൊത്തുമെറാ."

കൈതാകോടിയില്‍ ചെന്ന് പാപ്പനെ കീഴടക്കുക ആരും ഉദ്യമിക്കാത്ത കാര്യമാണെന്ന് കൂടെയുള്ളവരെല്ലാം മുന്നറിയിപ്പു കൊടുത്തിട്ടും ഞണ്ടിന്റെ ആത്മവിശ്വാസത്തിനു ഒരു കുറവുമുണ്ടായില്ല, ഒരു ചെറ്റപ്പുരയില്‍ മൂടിപ്പുതച്ചു കിടന്നിരുന്ന പാപ്പന്‍ മിന്നലിനെക്കാള്‍ വേഗത്തില്‍ ഒരു തള്ളിന്‌ ഞണ്ടിനെ നിലത്തിട്ടുകൊണ്ട് ചാടിയെഴുന്നേല്‍ക്കും‌വരെ. വീണയിടത്തുനിന്നും കുതിച്ചെഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ തന്റെ ഇറുക്കുകാലുകള്‍ ശക്തിയെല്ലാം വാര്‍ന്ന് കുഴഞ്ഞുപോകുന്നതെന്തെന്ന് അയാള്‍ അതിശയിച്ചു.

"വലിച്ചൂരാന്‍ നോക്കാതെ ആശുപത്രീല്‍ കൊണ്ടുപോയാല്‍ അവന്റെ ജീവന്‍ കെടന്നോളുമെടാ"
എന്ന് പിന്നാലെയോടുന്ന പോലീസുകാരോട് വിളിച്ചു പറഞ്ഞ് പാപ്പന്‍ കൈതാകോടി കായലിലേക്ക് ഊളിയിട്ടശേഷമേ ഞണ്ട് തന്റെ വയറില്‍ പിടിയോളം തറഞ്ഞു കയറിയ ലാന്‍സലോട്ട് കത്തിയും നിലത്തൊഴുകിപ്പരക്കുന്ന ചോരയും കണ്ടുള്ളു.

കാലന്‍ പാമ്പുകള്‍ ആ സര്‍ക്കിളില്‍ തീരെ ഇല്ലാത്തതിനാല്‍ ദൈവം പ്ലാനില്‍ ഒരു ഭേദഗതി വരുത്തിയതാണെന്നായിരുന്നു ചായക്കട കുട്ടന്‍ പിള്ളയുടെ വിശകലനം. പക്ഷേ ഉണ്ണൂണ്ണി മാപ്ല നിരീക്ഷിച്ചത് ഉമ്മണന്‍ കാലന്‍ പാമ്പെന്നു പറഞ്ഞത് പാമ്പായി നടക്കുന്ന ഒരു കാലമാടന്‍ എന്നുദ്ദേശിച്ചാണെന്ന് ആവും ദൈവം മനസ്സിലാക്കിയതെന്നും നാക്കു ശരിക്കു തിരിയാത്ത അവന്‍ "കൊത്തും" എന്നു പറഞ്ഞത് "കുത്തും" എന്നാണു കേട്ടത് എന്നുമായിരുന്നു. അനുമാനങ്ങളില്‍ വ്യത്യാസമുണ്ടായെങ്കിലും മേലില്‍ കൈതാകോടി പാപ്പനെ കാലന്‍പാമ്പ് പാപ്പന്‍ എന്നാണു വിളിക്കേണ്ടതെന്ന തീരുമാനത്തിനു നൂറു ശതമാനം വോട്ടും കിട്ടി.

Sunday, July 15, 2007

ജി കെ കഥകള്‍ 2- അയിത്തം

ദിസ് സെയില്‍ ഡീഡ് ഡേറ്റഡ്.. എക്സിക്യൂട്ടഡ് ബിറ്റ്വീന്‍ ഗോപകുമാര്‍ ...ആന്‍ഡ് മുരുകേശന്‍ കുമരന്‍ റിസൈഡിങ്ങ്.. ഹീയറിനാഫ്റ്റര്‍"

നില്ല് വക്കീലേ. ജീ കെ ആധാരപാരായണത്തിനിടയില്‍ കയറി. രേഖകളില്‍ ഞാന്‍ ഗോപകുമാര്‍ അല്ല, ഗോപകുമാരന്‍ നായര്‍. തിരുത്തിക്കോ.

"അത് കുഴപ്പമില്ല സര്." വക്കീല്‍ പറഞ്ഞു.
"ഇതിപ്പോ ഡ്രാഫ്റ്റല്ലേ, കുഴപ്പം ഉണ്ടെങ്കിലും ഇല്ലെങ്കിലും തിരുത്തി ശരിയാക്കാമല്ലോ?"
"സാറേ, ഉള്ള കാര്യം പറയാം. ഇവിടത്തെ രെജിസ്റ്റ്രാര്‍ പിന്നോക്ക ജാതിയില്‍ പെട്ടയാളാണ്‌. നായര്‍, അയ്യര്‍, മുതലിയാര്‍, തേവര്‍ എന്നൊക്കെ കണ്ടാല്‍ ആധാരം രെജിസ്റ്റര്‍ ചെയ്യാന്‍ വെറുതേ താമസിപ്പിക്കുകയും സാറിനെ ഇട്ടു തെക്കു വടക്കു നടത്തുകയും ചെയ്യും. വെറുതേ ഒരു നായരു ചേര്‍ക്കാന്‍ വസ്തു വില്പ്പന താമസിപ്പിക്കണോ?"

"എന്ത്? എന്റെ മുഴുവന്‍ പേര്‍ ചേര്‍ത്താല്‍ വസ്തു കൈമാറ്റം ചെയ്യില്ലെന്നോ? എന്നാല്‍ പിന്നെ അതൊന്നു കണ്ടിട്ടു തന്നെ കാര്യം. വക്കീലു ധൈര്യമായി നായര്‍ എന്ന് അടിച്ചു ചേര്‍ത്തോ, ഇയാള്‍ രെജിസ്റ്റര്‍ ചെയ്യുമോ ഇല്ലയോ എന്ന് ഞാന്‍ നോക്കട്ടെ."

സാറു വെറുതേ ചൂടാവണ്ട. രെജിസ്റ്റ്രാരെ ഇങ്ങനെ ആക്കി കളഞ്ഞത് ഈ നാട്ടുകാര്‍ തന്നെയാണ്‌. അക്കഥ കേട്ടാല്‍ ചിലപ്പോ സാറു വിശ്വസിക്കുക പോലുമില്ല, ഈ തമിഴുനാട് കേരളം പോലെ അല്ലല്ലോ. എന്തായാലും പറയാം. രെജിസ്ദ്റ്റാര്‍ പുതിയതായി ഇവിടെ ജോയിന്‍ ചെയ്യാന്‍ വന്നപ്പോള്‍ കുറച്ചു ലോക്കല്‍ ആളുകളുടെ കൂടെ ഭക്ഷണം കഴിക്കാന്‍ ഇവിടെയുള്ള ഒരു ഹോട്ടലില്‍ പോയി. കൂട്ടിക്കൊണ്ടു പോയ ആളുകള്‍ക്ക് ഇദ്ദേഹം ഏതു ജാതിക്കാരന്‍ ആണെന്ന് തിരക്കാനുള്ള വിവരക്കേട് ഇല്ലായിരുന്നു, പക്ഷേ ഹോട്ടലുടമയ്ക്ക് അത് പിടി കിട്ടി. എല്ലാവര്‍ക്കും ചോറു വിളമ്പി, പക്ഷേ കറികള്‍ വിളമ്പി വിളമ്പി വന്ന് ഒടുക്കം റെജിസ്റ്റ്രാര്‍ക്കു മാത്രം വിളമ്പിയില്ല. കൂടെ വന്നവര്‍ അപ്പോഴേക്ക് കഴിച്ചു തുടങ്ങിയിരുന്നു. പുള്ളിക്കും വിളമ്പാന്‍ പറഞ്ഞപ്പോള്‍ കറിയൊക്കെ കഴിഞ്ഞു, എന്നു പറഞ്ഞ് വിളമ്പുകാരന്‍ അകത്തു കയറിപ്പോയി. കൂടെ വന്നവര്‍ക്ക് കാര്യം മനസ്സിലായത് അപ്പോഴാണ്‌. എല്ലാവരും ഊണു നിര്‍ത്തി ഇറങ്ങി പോയി. അതില്‍ തീര്‍ന്നില്ല, അടുത്ത അപമാനം ഇദ്ദേഹം താമസിക്കാന്‍ വീടു വാടകയ്ക്ക് കിട്ടാനായി .."

"ഇതൊക്കെ ഏതു കാലത്ത് നടന്ന കഥയാണു വക്കീലേ?" ജീ കെ അന്തം വിട്ടു പോയി.
"കഴിഞ്ഞ വര്‍ഷം. സാറിനു വിശ്വസിക്കാന്‍ പറ്റില്ല ഈ ഗ്രാമത്തിലെ കാര്യമെന്ന് ഞാനാദ്യമേ പറഞ്ഞില്ലേ, അതാണു നാടുകള്‍ തമ്മിലുള്ള വത്യാസം."

"ശരി, വക്കീല്‍ നായര്‍ എന്നു ചേര്‍ത്തോ, ഞാന്‍ സംസാരിക്കാം റെജിസ്റ്റട്രാറോട്."
"ശരി സാറിന്റെ ഇഷ്ടം, ഞാന്‍ പറഞ്ഞെന്നേയുള്ളു."

രെജിസ്റ്റ്രാറോഫീസില്‍ എത്തി. ആധാരം കൊടുത്തു കാത്തിരുന്നു. ഉച്ച കഴിഞ്ഞു. ആരുമില്ലാഞ്ഞിട്ടും തന്നെ വിളിക്കുന്നില്ല. നാലുമണിയായപ്പോള്‍ വിളിച്ചു.

"ഗോപ കുമാരന്‍ നായര്‍ അല്ലേ?" തമിഴു ചുവയ്ക്കുന്ന മലയാളത്തില്‍ റെജിസ്റ്റ്രാര്‍ പറഞ്ഞ ആ വാചകത്തില്‍ നായരില്‍ ഒരു കടുപ്പം അനുഭവപ്പെട്ടു.
"അതേ."
"ഡീഡ് ഞാന്‍ ഒന്നു പഠിക്കട്ടെ, പോയിട്ട് നാളെ രാവിലെ വരൂ."
"ഓഹ്. അതു ബുദ്ധിമുട്ടായല്ലോ. എന്റെ വീട് തിരുവനന്തപുരത്താണ്‌. ഇന്നു പോയി പോയി നാളെ രാവിലെ തിരിച്ചെത്താന്‍ ‍ ബുദ്ധിമുട്ട്. ഇവിടെ തങ്ങാന്‍ തീരെ താല്പ്പര്യമില്ല. റൂം ചോദിക്കുമ്പോള്‍ തിരിച്ചു ജാതിയും കുടുംബവും ചോദിക്കുന്ന ലോഡ്ജ് ഉള്ള നശിച്ചൊരു നാട്."

രജിസ്റ്റ്രാര്‍ അറിയാതെ പഴയ ഹോട്ടല്‍ സംഭവം പറഞ്ഞുപോയി. ആദ്യമായി കേള്‍ക്കുന്നെന്ന് അഭിനയിച്ച് ജീ കെ മുഴുവന്‍ കേട്ടു.

"ഓ ഹോ. കാര്യങ്ങള്‍ അത്ര വഷളാണോ ഇവിടെ? സാറു വിഷമിക്കേണ്ട, അവനിട്ട് ഒരു പണി കൊടുത്തിട്ട് ബാക്കി കാര്യം."

അവിടെ ഇരുന്നു തന്നെ സുരേഷിനെ വിളിച്ചു ഈ ഏരിയയില്‍ ചെറിയ ഡോസ് കൊടുക്കാന്‍ പറ്റുന്ന ലോക്കല്‍ പാര്‍ട്ടികളെ വല്ലതും പരിചയമുണ്ടോ എന്ന് തിരക്കി. ഇങ്ങനെ ഒരു പട്ടിക്കാട് കേട്ടിട്ടില്ലാത്ത സുരേഷ് അടുത്തു ഏതാണു നഗരമെന്ന് തിരക്കി.
"നാഗര്‍ കോവില്‍."
"ഓഹോ, നാഗര്‍കോവില്‍ വേലായുധന്‍ എന്നൊരാളുണ്ട്. നമ്മുടെ മലയാളി തന്നെ, അബ്കാരി ഫീല്‍ഡില്‍ ആണ്‌, അടുത്തറിയാം. എന്താ പരിപാടി?"
"പ്രത്യേകിച്ചൊന്നുമില്ല, അയാള്‍ ഒന്നിത്രടം വരാന്‍ പറയുക. ഇവിടെ ഒരു ലക്ഷ്മി ഹോട്ടല്‍ ഉണ്ട്. ചില ജാതിക്കാരെ അവിടെ കയറ്റില്ലെന്ന്. ഈ ഏരിയയിലെ അങ്ങനെയുള്ള ജാതിയില്‍ പെട്ട നാലഞ്ചാളെയും വിളിച്ച് ഭക്ഷണം കഴിക്കാന്‍ കയറുക. വിളമ്പുകാരന്‍ അവര്‍ക്കു വിളമ്പില്ല, അവനെക്കൊണ്ട് വിളമ്പിക്കണം. അത്രേയുള്ളു."

"അത്രേയുള്ളോ? വേലായുധന്‍ സ്വന്തം ആളാ, ഒരു ചിലവും വരില്ല." സുരേഷ് പറഞ്ഞു.
"അതു വേണ്ട, രൊക്കം പൈസ കൊട്. ഇല്ലെങ്കില്‍ നാളെ അയാള്‍ നമുക്ക് ബാദ്ധ്യതയാവും."

റെജിസ്റ്റ്രാര്‍ ഇതെല്ലാം കൗതുകം നിറഞ്ഞ സന്തോഷത്തില്‍ നോക്കി ഇരിപ്പായിരുന്നു.
"നിങ്ങള്‍ ആരാണ്‌? ഈ ഗുണ്ടകളെ എല്ലാം എന്തിനു കൊണ്ടു നടക്കുന്നു?" അദ്ദേഹം ചോദിച്ചു പോയി.

"ഹേയ്, ഗുണ്ടകളെ ഒന്നും കൊണ്ടു നടക്കുന്നില്ലല്ലോ ഞാന്‍. പിന്നെ ചെയ്യുന്ന കച്ചവടത്തില്‍ ബാര്‍ ഹോട്ടലുകളും അതുപോലെ കുറേശ്ശെ വിരട്ടു പണി ചെയ്യേണ്ട ചില കാര്യങ്ങളുമൊക്കെയുണ്ട്. അതുകൊണ്ട് ഈ സുരേഷിനെപ്പോലെ ഒന്നു രണ്ടാള്‍ ആവശ്യമാണ്‌."

"താങ്കളെ കണ്ടതില്‍ വളരെ സന്തോഷം. ഡീഡ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്."
"സാറിനെ പരിചയപ്പെട്ടതില്‍ എനിക്കും സന്തോഷം. എന്തോ വളരെ നല്ല കാര്യം ചെയ്ത ഒരു സംതൃപ്തിയും തോന്നുന്നു."
"ഹ ഹ. തല്ലാണോ നല്ല കാര്യം?"
"ചില കാര്യങ്ങളില്‍‍ തല്ലോളം നല്ല മറ്റൊരു കാര്യവുമില്ല സാര്‍." ജീ കെയും ചിരിച്ചു

Wednesday, July 04, 2007

ജീ കെ കഥകള്‍ 1- രോഗശുശ്രൂഷ

കുന്നിന്റെ മുകളില്‍ നിന്നും ജീ കെ തന്റെ കൈകള്‍ വീശി സൂപ്പര്‍മാനെപ്പോലെ, ഒരു സൂപ്പര്‍ പരുന്തിനെപ്പോലെ, താഴേക്ക് പറന്നു. മേലെ ആകാശം, താഴെ ഭൂമി, നടുവില്‍ അപ്പൂപ്പന്‍ താടി പോലെ പാറി നടക്കാന്‍ നല്ല രസം.
"ക്രീ...ങ്" .എന്താത്? പറക്കലിനിടയില്‍ കളസം കീറിയോ?

"ക്രീ..ങ്". നാശം, സ്വപ്നം മുറിഞ്ഞു. ജീ കെ കട്ടിലില്‍ മൂന്നാലുരുണ്ടു. ഫോണ്‍ പിന്നെയും മണിയടിച്ചു.
"ഹലോ?"
"സാറേ, ഞാന്‍ തോമാസാ."
ഏതു തോമാസ്? ആ. ഡ്രൈവര്‍ തോമാസ്. അയാള്‍ക്കെന്താ രാവിലേ? ഓ പൊന്നയ്യായെ കാണാന്‍ പോയിരിക്കുകയായിരുന്നു.

പൊന്നയ്യാ പത്തു മുപ്പതു വര്‍ഷമായി വീട്ടില്‍ ഒരു സഹായി ആയി നില്‍ക്കുന്ന ഒരു തമിഴ്‌നാട്ടുകാരനാണ്‌. പ്രായം വളരെ ആയിട്ടും മക്കളെല്ലാം നല്ല നിലയിലായിട്ടും പൊന്നയ്യാ തിരിച്ചു വീട്ടില്‍ പോകാന്‍ താല്പ്പര്യമൊന്നും കാണിക്കാതെ ഒരു കാരണവരെപ്പോലെ ജീകെയുടെ വീട്ടുകാര്യങ്ങളെല്ലാം നോക്കി നടത്തി അങ്ങനെ ജീവിച്ചു പോരുമ്പോഴാണ്‌ ഒരുദിവസം പനിയും ശര്‍ദ്ദിലുമൊക്കെയായി വീട്ടില്‍ പോകണമെന്ന് പറഞ്ഞത്. ആശുപത്രിയില്‍ കാണിക്കാമെന്ന് പറഞ്ഞപ്പോള്‍ പ്രായമേറുന്നതിന്റെയാണെന്നും കുറച്ചു ദിവസം മക്കളോടൊത്തു താമസിക്കണമെന്നും ഒരാഴ്ച്ചയില്‍ മടങ്ങി വരാമെന്നുമായി പൊന്നയ്യ. കൊടുത്ത കാശും വാങ്ങി നാഗര്‍കോവിലിലേക്ക് ഡിസ്റ്റ്രിബ്യൂഷനു പോയ ലോറിയില്‍ അയാള്‍ വീട്ടില്‍ പോയിട്ട് മാസമൊന്നാകുന്നു. അയാളുടെ വീടുവരെ ഒന്നു പോയി അസുഖം ഭേദമുണ്ടോ എന്ന് തിരക്കാന്‍ തോമാസിനോട് പറഞ്ഞിരുന്നു.

"പൊന്നയ്യായ്ക്ക് എങ്ങനെ ഉണ്ട് ?"
"അതു പറയാനാ വിളിച്ചത്. സാറേ അങ്ങോര്‍ക്ക് അസുഖം വളരെ കൂടുതലാ, സാറൊന്ന് ഇത്രടം വരണം."
ഇത്രടം നൂറ്റമ്പത് കിലോമീറ്റര്‍ ദൂരെയാണ്‌. ഉച്ച കഴിയും എത്തുമ്പോള്‍.
"അവിടെ ഏതാശുപത്രിയിലാ ആള്‍, തോമാസേ?"
"അതാ സാറു വന്നേ പറ്റൂ എന്ന് പറഞ്ഞത്. പൊന്നയ്യയെ ആശുപത്രിയില്‍ ഒന്നും കാണിച്ചിട്ടില്ല, മക്കളും കുറച്ചു ദൈവവിളിക്കാരും ചുറ്റും കൂടിയിരുന്നു പ്രാര്‍ത്ഥിക്കുവാ. നമ്മളെന്തെങ്കിലും ചെയ്തില്ലേല്‍ വീട്ടി കിടന്നയാളു ചാകും സാറേ, വേഗം വാ."
"ശരി, ഞാന്‍ ദാ ഇറങ്ങി."

പറഞ്ഞ ഇടം എത്തുന്നതിനും രണ്ടു കിലോമീറ്റര്‍ അപ്പുറം തന്നെ വഴിവക്കില്‍ കാറുമിട്ട് തോമാസ് കാത്തു നില്പ്പുണ്ടായിരുന്നു. അടുത്ത് ഒരു ബൈക്കിന്റെ പുറത്ത് ജീ കെ ബാറില്‍ "ലാ അറ്റ് ബാര്‍" പരിപാലിക്കാന്‍ നിയമിച്ച സുരേഷും ഇരിപ്പുണ്ട്.
"സുരേഷെന്താ ഇവിടെ?" ബാര്‍ തുറക്കുന്ന സമയം കഴിഞ്ഞല്ലോ, ഇയാള്‍‍ അവധിയെടുത്തോ?
"തോമാച്ചന്‍ ഫോണ്‍ ചെയ്തു വരുത്തിയതാ സാര്‍‌‍."
സുരേഷിന്റെ ആവശ്യം വരും. പൊന്നയ്യനെ ബലപ്രയോഗമില്ലാതെ വിട്ടുകിട്ടില്ല, അവരുടെ കുടുംബം ബലത്ത പെന്തക്കോസ്തുകാരാണ്‌, നാട്ടുകാരാണെങ്കില്‍ വിവരമില്ലാത്ത പാണ്ടികളും, സാറു വരാന്‍ പറഞ്ഞത് അതുകാരണമാണ്‌. നമ്മളിടപെട്ടില്ലെങ്കില്‍ ആ പാവം വയസ്സന്‍ മരുന്നു കിട്ടാതെ മരിക്കും. തോമാസ് വിശദീകരിച്ചു.

ജീ കെ പൊന്നയ്യന്റെ വീട്ടില്‍ കയറിയതും രോഗിയെ നിലത്തു കിടത്തി ചുറ്റും കൂടിയിരുന്നവര്‍ എഴുന്നേറ്റു. പൊന്നയ്യന്റെ മക്കള്‍ക്ക് ജീ കെയെ കണ്ട് പരിചയമുണ്ട്. പലപ്പോഴും പഠിപ്പിനും മറ്റും പണവും വാങ്ങിയിട്ടുണ്ട്.
"അയ്യാ വന്താച്ച്, രൊമ്പ സന്തോഷം. ഉക്കാരുങ്കെ. അയ്യാ അപ്പാവുക്ക് മേല്‍ രൊമ്പ പാശം വച്ചിരുക്കിറ ആള്‌. പ്രാര്‍ത്ഥനയില്‍ അയ്യാവോടെ ഇരുന്താ താന്‍ കടവുള്‍ അതേ കേള്‍ക്കും." ഒരു മകന്‍ മലയാളവും തമിഴുമെല്ലാം ചേര്‍ത്ത് പറഞ്ഞു.

താന്‍ പ്രാര്‍ത്ഥിക്കാന്‍ വന്നതല്ലെന്നും പൊന്നയ്യനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വന്നതാണെന്നും പറഞ്ഞതോടെ തമിഴരുടെ മട്ടു മാറി.
"അപ്പാവെ എങ്കെയും കൊണ്ടു പോക മുടിയാത്. അത് നാങ്കളോടെ തീര്‍പ്പ്. എങ്കളോടെ അപ്പാവുടെ കാര്യം നാങ്കള്‍ പാപ്പോം. നീങ്കള്‍ അതേ പറ്റി യോസിക്കവേണ്ടാം."

ജീ കെ സുരേഷിനെ നോക്കി.
"തോമാച്ചാ, അങ്ങേരെ എടുത്ത് വണ്ടിയേല്‍ കേറ്റ്. ആരാ തടയുന്നേന്ന് ഞാനൊന്ന് കാണട്ടെ." സുരേഷ് മുന്നോട്ടു കയറി നിന്നു.

"ഡായ്, വണ്ടിയേല്‍ ഏറ്റുമാടാ? നാന്‍ യാര്‍ തെരിയുമാ? ഇവങ്ക യാര്‍ തെരിയുമാ, പെരിയ സെയില്‍സ് ടാക്സ് ആഫീസര്‍. ഇവന്‍ മകന്‍ വന്ത് മിന്‍സാര എഞ്ചിനീയര്‍. "
"അവന്റമ്മേടെ ഓഫീസര്‍. വഴീന്നു മാറെടാ." സുരേഷൊന്നു തള്ളിയപ്പോഴേക്ക് തടഞ്ഞവന്‍ ആള്‍ക്കൂട്ടത്തില്‍ വീണ്‌ അപ്രത്യക്ഷമായി.

പൊന്നയ്യനെയും കൊണ്ട് രണ്ടു കാറും ഒരു ബുള്ളറ്റും മിഷന്‍ ഹോസ്പിറ്റലിലെത്തി. അവിടത്തെ ഡോക്റ്ററെ ജീ കേ ക്ക് ചെറിയ പരിചയമുണ്ട്. ആള്‍ അഡ്മിറ്റായി.

"ജീ കെ, നിങ്ങളുടെ സ്റ്റാഫിന്റെ നില ആകെ പരുങ്ങലിലാണ്‌. ഒരു രണ്ടാഴ്ച്ച മുന്നേ എങ്കിലും കിട്ടിയാല്‍ പ്രതീക്ഷക്ക് വകയുണ്ടായിരുന്നു. പ്രായവും വളരെ ഏറിയ രോഗിയല്ലേ, സംശയമാണല്ലോ."

കൂടെ നില്‍ക്കാനും മറ്റും ആളെ ഏര്‍പ്പാടാക്കി, രോഗിയെ ബലം പ്രയോഗിച്ചു ഡിസ്ച്ചാര്‍ജ്ജ് ചെയ്യിക്കാന്‍ ആരെങ്കിലും വന്നാല്‍ വഴങ്ങരുതെന്ന് നിര്‍ദ്ദേശവും കൊടുത്ത് ജീ കെ പുറത്തിറങ്ങി. വണ്ടിയൊരെണ്ണം അവിടെ തന്നെ ഇട്ടു. അത്യാവശ്യത്തിനു എവിടേക്കെങ്കിലും പോകാനോ വരാനോ ആവശ്യം വന്നേക്കും. അത്യാവശ്യം ദേഹരക്ഷ വേണ്ടിവരുമെന്ന് തോന്നിയതിനാല്‍ സുരേഷിനെയും അവിടെ നിര്‍ത്തി.

തോമാസ് ഓടിക്കുന്ന കാറില്‍ ആപ്പു വലിച്ച കപിശ്രേഷ്ഠന്റെ ഭാവത്തില്‍ ജീകേ തലയ്ക്കു കൈ കൊടുത്ത് ഇരുന്നു.
"തോമാസെ, പൊന്നയ്യന്റെ കാര്യം വളരെ സീരിയസ്സ് ആണ്‌. ആളെ കിട്ടുന്ന കാര്യം സംശയമാണെന്നാണു ഡോക്റ്റര്‍ പറയുന്നത്."
"സാറെ, മെഡിക്കല്‍ കോളെജിലോ മറ്റോ കൊണ്ടു പോകണോന്ന് ചോദിച്ചില്ലേ?"
"കൊണ്ടുപോയിട്ടും പ്രയോജനമില്ല, പിന്നെ അത്രയും യാത്രയും താങ്ങില്ല എന്നാണു പറഞ്ഞത്."
"സാറേ. നമ്മളു പെട്ടു പോകുമല്ലോ. അങ്ങോരു പോയാല്‍ സാറിനേം എന്നേം പാണ്ടികളു മിച്ചം വെച്ചേക്കില്ല. മതപ്രശ്നത്തിലല്ലേ കേറി കൈ വച്ചത്. പ്രാര്‍ത്ഥന നമ്മള്‍ തടസ്സപ്പെടുത്തിയാണു പൊന്നയ്യന്‍ മരിച്ചതെന്നേ വരൂ."
"മിണ്ടരുത്! താനൊരാളാ വെറുതേ ഇരുന്ന എന്നെ ഈ പുലിവാല്‍ പിടിപ്പിച്ചത്."

തോമാസ് പിന്നെ മിണ്ടിയില്ല. വഴിവക്കില്‍ ഒരു കുരിശ്ശടിയുടെ മുന്നില്‍ വണ്ടി നിര്‍ത്തി.
"സാറേ, നല്ലവണ്ണം പ്രാര്‍ത്ഥിച്ച് ഒരു നൂറു രൂപ ഇങ്ങു തന്നേ."
"എടോ, താനല്ലേ പറഞ്ഞത് രോഗത്തിനു പ്രാര്‍ത്ഥനയല്ല മരുന്നാണൂ വേണ്ടതെന്ന്?"
"ശവത്തില്‍ കുത്താതെ സാറേ, കാശു താ."
കൊടുത്തു.

പിന്നെ നിര്‍ത്തിയത് വെടിവച്ചാന്‍ കോവിലില്‍. ദയനീയമായി തോമാസ് വീണ്ടും കൈ നീട്ടി.
"പൊന്നയ്യാവുക്ക് രോഗശാന്തി"
അഞ്ചാറു വെടിയൊച്ച മുഴങ്ങി.

വണ്ടിയില്‍ തിരിച്ചു കയറി തോമാസ് മൊബലെടുത്തു .
"ഷഫീക്കേ, എവിടെയാടോ? ആ ഓച്ചിറയില്‍ ലോഡിറക്കി വരുവാന്നോ? വരുന്ന വഴി കടുവാത്തങ്ങള്‍ പള്ളിയില്‍ കയറി പൊന്നയ്യായ്ക്ക് രോഗശാന്തിക്ക് പൈസയിട്ടു പ്രാര്‍ത്ഥിക്കണം. ആ പൈസ ഞാന്‍ വാങ്ങിച്ചു തരാമെന്ന്... ഏതു പൊന്നയ്യായോ? താന്‍ പൊന്നയ്യാ എന്നങ്ങു പറഞ്ഞാ മതി, തങ്ങള്‍ക്ക് ആളെ മനസ്സിലാവും.."

അന്നു രാത്രി കുന്നിനു മുകളില്‍ നിന്നും താഴേക്ക് കൈ വീശി ചാടിയ ജീ കെ പറന്നില്ല. ചക്ക വെട്ടിയിട്ട പോലെ നിലത്തു വന്നു വീണു. വീണയിടത്ത് കുന്തവും വടിവാളും വെട്ടുകത്തിയുമായി കാത്തു നിന്നിരുന്ന ആയിരക്കണക്കിനു പാണ്ടികള്‍ വെളുക്കുവോളം ജീ കെയെ കൊല്ലാനിട്ടോടിച്ചു.

മാസമൊന്നു കഴിഞ്ഞാണ്‌ പൊന്നയ്യനെയും കൂട്ടി വെളുക്കെ ചിരിച്ച് തോമാസ് വീട്ടില്‍ കയറി വന്നത്. ഒരു വെളുപ്പാന്‍ കാലത്ത്.
"സാറും തോമാസും‍ എന്റെ ജീവന്‍ രക്ഷിച്ചു. പ്രാര്‍ത്ഥനയെന്നും പറഞ്ഞ് മക്കളും ധ്യാനക്കാരും കൂടി എന്നെ വീട്ടിലിട്ടിരുന്നെങ്കില്‍ ഞാന്‍ ശത്തു പോയേനെ. ദെണ്ണത്തിനു മരുന്ന് മട്ടും താന്‍ വേണം, പ്രാര്‍ത്ഥന അല്ലൈ." പൊന്നയ്യാ പ്രഖ്യാപിച്ചു.

"എന്തു പറയുന്നു തോമാസേ?" ജീ കെ ചോദിച്ചു.
"അത് പിന്നെ.. വല്യപ്പാ, രോഗത്തിനു മരുന്നു വേണം, പിന്നെ ഒക്കെ ദൈവത്തിന്റെ കയ്യിലല്ലേ, പ്രാര്‍ത്ഥനയും വേണം. താന്‍ പാതി ദൈവം പാതി എന്നൊക്കെ പറയുന്നത് ശരിയാ. ആശുപത്രിയിലെ മരുന്നും പിന്നെ മക്കളുടെയും ഞങ്ങളുടെയും ഒക്കെ പ്രാര്‍ത്ഥന ഫലിച്ചെന്നു കരുതിയാ മതി."

ജീ കെ തിരിച്ചു പോയി കിടന്നു പുതപ്പെടുത്തു മൂടി. നാളെത്രയായി സ്വൈരമായൊന്നു പറന്നു നടന്നിട്ട്.

Thursday, April 12, 2007

ഹീറോയുടെ പേന 3/3

ഭാ‍ഗം ഒന്ന്
ഭാഗം രണ്ട്

പനി. ശരീരം മുഴുവന്‍ നുറുങ്ങി പോകുന്നതുപോലെ.
"നീ എന്തിനാണു ഭയന്നു വിറയ്ക്കുന്നത്‌, ഞങ്ങള്‍ നിന്നെ കൊല്ലില്ല. കീഴടങ്ങിയവരെ വധിക്കുന്ന നാണം കെട്ട പണി ഞങ്ങള്‍ക്കില്ല."
"ഭയമോ? നിന്നെയോ? " ചിരിക്കാന്‍ ശമിച്ചു.

"ഓഹോ, അപ്പോള്‍ തണുത്തിട്ടാണ്‌ ഈ വിറ, അല്ലേ? നിനക്ക്‌ ഈ തണുപ്പ്‌ പറ്റില്ല, കാരണം ഈ മഞ്ഞെല്ലാം എന്റെ സ്വത്താണ്‌, എന്റെ സ്വന്തം"

ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാന്‍ പരിശീലിച്ചതുപോലെ തടങ്കല്‍പ്പാളയം കാക്കുന്ന ചീനക്കാര്‍ തടവുകാരെ മാനസികമായി തകര്‍ക്കുന്നതിലും പ്രാവീണ്യം നേടിയവര്‍ ആയിരുന്നു. അവര്‍ സംഘടിതമായി, ആസൂത്രിതമായി അന്തേവാസികളുടെ ആത്മാഭിമാനം നശിപ്പിച്ചുകൊണ്ടേയിരുന്നു, എന്നാല്‍ അവരെ ദേഹോപദ്രവം ചെയ്യാന്‍ ശ്രമിച്ചുമില്ല.

"തന്ത്രപരമായും സാമ്പത്തികമായും തയ്യാറെടുക്കാതെ ഒരു യുദ്ധത്തിന്‌ ഇറങ്ങിത്തിരിക്കുന്നത്‌ ആത്മഹത്യാപരമാണെന്ന് ചെയര്‍മാന്‍ മാവോയുടെ റെഡ്‌ ബുക്കിലുണ്ട്‌. നിങ്ങള്‍ അതൊന്നും വായിച്ചിട്ടില്ലേ" എന്നാവും ചിലപ്പോള്‍. പിന്നെ "നിങ്ങള്‍ എത്ര മിടുക്കരായ പോരാളികളാണ്‌, എന്നിട്ടും കൊള്ളരുതാത്ത ഗവര്‍ണ്മെന്റിന്റെ താഴെയായത്‌ എന്തൊരു കഷ്ടം" എന്നാവും പിന്നീട്‌.

"അപ്പൂപ്പനെ അവര്‍ ഒരുപാട്‌ അടിച്ചോ?" ഉമ്മിണിക്ക്‌ കരച്ചില്‍ പൊട്ടാന്‍ തുടങ്ങി.

തന്നെ അവര്‍ തല്ലിയതേയില്ല. യുദ്ധത്തടവുകാരെ പീഡിപ്പിക്കരുതെന്ന്
നിര്‍ദ്ദേശമുണ്ടായിരുന്നുകാണണം, എന്നാല്‍ അത്‌ എല്ലായ്പ്പോഴും പാലിച്ചതുമില്ല.

ഒരു കൈവണ്ടിയില്‍ ചോറും കിഴങ്ങു പുഴുങ്ങിയതുമായി കയറിവന്ന കാവല്‍ക്കാരന്‍ എല്ലാവരേയും ഒന്നു ഉഴിഞ്ഞു നോക്കി.
"നിങ്ങള്‍ മഞ്ഞില്‍പ്പെട്ട് മരിക്കാന്‍ പോകുമ്പോള്‍ ഞാന്‍ രക്ഷിച്ചു. നിങ്ങള്‍ക്കു ദാഹിച്ചപ്പോള്‍ വെള്ളം തരുന്നു. തണുക്കുമ്പോള്‍ തീ തരുന്നു. വിശക്കുമ്പോള്‍ ഭക്ഷണം തരുന്നു. ഞാനാണ്‌ നിങ്ങളുടെ ദൈവം. എല്ലാവരും പറയൂ, ആരാണു ഞാന്‍?"

നീയാരാണെന്നു ഞാന്‍ പറയാം. മഞ്ഞിലൂടെയുള്ള യാത്രയില്‍ രക്തയോട്ടം മുഴുവനായി നിലച്ചുപോയതിനാല്‍ ചീഞ്ഞളിഞ്ഞു തുടങ്ങിയ കാലുകള്‍ നിലത്ത്‌ ആഞ്ഞുറപ്പിച്ച്‌ മാത്തുക്കുട്ടി എഴുന്നേറ്റു.
"നീ ഒരു കുണ്ടന്‍. നിന്റെ അച്ഛന്‍ ഒരു ഷണ്ഡന്‍. നിന്റെ അമ്മയും പെങ്ങളും ഭൂലോക വേശ്യകള്‍. നിന്റെ സഹോദരന്‍ കൂട്ടിക്കൊടുപ്പുകാരന്‍."

ഓക്കുമരത്തിന്റെ കാതല്‍ കൊണ്ടു തീര്‍ത്ത റൈഫിള്‍ സ്റ്റോക്ക്‌ മുഖത്താഞ്ഞു പതിച്ചപ്പോള്‍ ഒരു കവിള്‍ ചോരയ്ക്കൊപ്പം മാത്തുക്കുട്ടിയുടെ പല്ലുകളും തെറിച്ചു വീണു.

മിസ്സിംഗ്‌ ഇന്‍ ആക്ഷന്‍. യുദ്ധഭൂവില്‍ നിന്നും കാണാതായി, എന്നാല്‍ മൃതദേഹം കണ്ടെടുക്കപ്പെട്ടിട്ടില്ല, ശത്രുപക്ഷം തടവുകാരാക്കിയവരുടെ പട്ടികയിലും പേരു വന്നിട്ടില്ല. കമ്പി കൈപ്പറ്റിയ ദിനം മുതല്‍ അവരുടെ ആയുസ്സിന്റെ അവസാനം വരെ പീരുമേട്ടിലെ ഒരു വൃദ്ധ ദമ്പതികള്‍ മാത്തുക്കുട്ടിയുടെ വരവിനായി എന്നും പ്രാര്‍ത്ഥിച്ചു. പിന്നെ അയാളെ ആരും ഓര്‍ക്കാതെയായി. അമര്‍ ജവാന്‍ ദീപത്തിനു പോലും ഭാഗാവകാശമില്ലാത്ത മിസ്സിംഗ്‌ മെന്‍ ലിസ്റ്റിലെ വെറുമൊരു പേര്‍-മാത്തുക്കുട്ടി.

വെടി നിര്‍ത്തല്‍ നാളെ പ്രഖ്യാപിക്കും എന്നുകാണിച്ച്‌ ചൈന അയച്ച സന്ദേശം തന്റെ ഓഫീസിലെത്തിയത്‌ അറിയാതെ പണ്ഡിറ്റ്ജി ഇന്ത്യയുടെ സുരക്ഷ അപകടത്തിലാണെന്നും ബംഗാള്‍ ഉള്‍ക്കടലിലേക്ക്‌ ഒരു വിമാനവാഹിനിക്കപ്പല്‍ അയച്ച്‌ സഹായിക്കണമെന്നും അമേരിക്കക്ക്‌ സന്ദേശമെഴുതി. അടുത്ത ദിവസം നേരത്തേ അറിയച്ചതുപോലെ തന്നെ തങ്ങള്‍ ഏകപക്ഷീയമായി വെടി നിറുത്തുന്നെന്നും കീഴടക്കിയ മേഖലകളില്‍ എഴുപതു ശതമാനം നിരുപാധികമായി ഇന്ത്യക്ക്‌ തിരിച്ചു നല്‍കുന്നെന്നും പ്രഖ്യാപിച്ച്‌ ചൌ എന്‍ ലായ്‌ യുദ്ധത്തിലെ നേട്ടത്തിനും മേലേ അന്താരാഷ്ട്ര പ്രതിഛായ ഉയര്‍ത്തുന്നതിലും വിജയം നേടി. എന്നാല്‍ ഇന്ത്യക്കു കൈവിട്ടുപോയ മുപ്പതു ശതമാനം സ്വിറ്റ്‌സര്‍ലന്‍ഡിനോളം വലിപ്പവും ഭംഗിയുമുള്ള ഒരു ഭൂപ്രദേശമായിരുന്നു.

എന്നാല്‍ യുദ്ധത്തടവുകാര്‍ ഇതൊന്നുമറിഞ്ഞില്ല. പക്ഷേ തങ്ങളോടുള്ള സമീപനം പെട്ടെന്നു മൃദുവായതില്‍ നിന്നും യുദ്ധം അവസാനിച്ചെന്ന് അവരൂഹിച്ചു. മാസങ്ങള്‍ കടന്നുപോകും തോറും ക്യാമ്പിലെ തടവുകാരും കാവല്‍ക്കാരും സൌഹൃദമെന്നു തന്നെ പറയാവുന്ന ഒരു ബന്ധത്തിലേക്ക്‌ കൂടുതല്‍ നീങ്ങി.

ചൈനീസ്‌ റെഡ്‌ ക്രോസ്‌ ആദ്യമായി ക്യാമ്പിലെത്തി സുഖവിവരങ്ങള്‍ തിരക്കിയ ദിവസം രാത്രി ഒരു പാറാവുകാരന്‍ അടുത്തു വന്നിരുന്നു.
"എന്താണു നിന്റെ പേര്‍?"
"നാണപ്പന്‍"
"ഞാന്‍ ചാങ്ങ്‌. എന്റെ നാടിനു മകൌ എന്നു പറയും"
"എന്റെ നാടിനു കേരളം എന്നും."
"എനിക്കു ഭാര്യയും ഒരു മകളും ഉണ്ട്‌"
"എനിക്ക്‌ രണ്ട്‌ ആണ്‍കുട്ടികള്‍, പത്തും എട്ടും വയസ്സ്‌"
കുറേ നേരം അവര്‍ സംസാരിച്ചില്ല. പിന്നെ ചാങ്ങ്‌ ശബ്ദം താഴ്ത്തി പറഞ്ഞു.
"നാളെ നിങ്ങളെയെല്ലാം അതിര്‍ത്തി കടത്തി ഇന്ത്യക്കു കൈമാറുകയാണ്‌"
നിലത്തേക്ക്‌ തല കുനിച്ച്‌ ഇരിക്കുന്ന അവന്റെ കൈ പിടിച്ച്‌ കണ്ണുകളിലേക്ക്‌ നോക്കി.
"എനിക്കു നിന്നോട്‌ ഒരു ദേഷ്യവുമില്ല ചാങ്ങ്‌. നീ നിന്റെ ജോലി ചെയ്തു. ഞാനും അതു തന്നെ ചെയ്തു."

അടുത്ത ദിവസം രാവിലെ റെഡ്‌ ക്രോസ്‌ എല്ലാവരോടും സന്തോഷവാര്‍ത്ത അറിയിച്ചു.

ചാങ്ങ്‌ ഒരു തുണിക്കെട്ട്‌ തന്നു. അവന്‍ ഉപയോഗിച്ചിരുന്നതാണ്‌, എങ്കിലും വിലകൂടിയ ഒരു കമ്പിളിപ്പുതപ്പ്‌. പിന്നെ ഒരു തൂവാലപ്പൊതിയില്‍ വഴിയാത്രയില്‍ കഴിക്കാന്‍ ചോറും കിഴങ്ങും ഒരു മുഴുവന്‍ കോഴി വറുത്തതും. ഒരുപക്ഷേ ക്യാമ്പ്‌ ഡ്യൂട്ടി കഴിഞ്ഞതിനു അവനു കിട്ടിയ വിരുന്നായിരിക്കണം പൊതിഞ്ഞെടുത്തു തന്നത്‌. നന്ദി പറഞ്ഞു നടക്കാന്‍ തുടങ്ങുമ്പൊള്‍ ചാങ്ങ്‌ ഒപ്പം നടന്നുകൊണ്ട്‌ രഹസ്യമായി രണ്ടു പേനകള്‍ ഉടുപ്പില്‍ കുത്തിത്തന്നു "ഇതു നിന്റെ മക്കള്‍ക്ക്‌ ഹീറോയുടെ പേന"

റെഡ്‌ ക്രോസ്‌ വാനുകള്‍ പുതിയ അതിര്‍ത്തിയായ ലൈന്‍ ഓഫ്‌ ആക്ച്വല്‍ കണ്ട്രോളില്‍ എത്തിയപ്പോള്‍ ചൈനീസ്‌ പട്ടാളം തടവുകാരെ ഇന്ത്യന്‍ പട്ടാളത്തെ ഏല്‍പ്പിച്ചു പരസ്പരം അഭിവാദ്യം ചെയ്ത്‌ പിരിഞ്ഞു. ആചാരവെടികള്‍ മുഴങ്ങിയില്ല, പതാകകള്‍ പുളഞ്ഞില്ല. തോറ്റവര്‍, പിടിക്കപ്പെട്ടവര്‍, ശത്രുവിന്റെ കൂടെ അജ്ഞാതവാസം കഴിഞ്ഞു വന്നവര്‍.

"നീയൊന്നും കൂറുമാറി ചാരന്മാരായിട്ടല്ലല്ലോ വരവ്‌?" എന്ന പുച്ഛം നിറഞ്ഞ ചോദ്യമെറിഞ്ഞ്‌ ഒരോഫീസര്‍ അവരെ സ്വീകരിച്ചു. രണ്ടു പേര്‍ പിടിച്ചു മാറ്റി നിര്‍ത്തി ശരീരമാകെ തപ്പി നോക്കി.
"ആഹാ ഇവന്‍ ചൈനയില്‍ നിന്നും നമുക്ക്‌ സമ്മാനം കൊണ്ടുവന്നിട്ടുണ്ട്‌" പരിഹാസച്ചിരിയോടെ ഒരുത്തന്‍ കമ്പിളി പിടിച്ചു വാങ്ങി മേശമേല്‍ വച്ചുകൊണ്ടു പറഞ്ഞു.
"പിന്നങ്ങനെയല്ലാതെ, ദൂരയാത്ര കഴിഞ്ഞു വരികയല്ലേ, എന്തെങ്കിലും വാങ്ങി വരാതെയിരിക്കുമോ." രണ്ടാമന്‍ പേനകള്‍ ഊരിയെടുത്ത്‌ അതിലൊന്ന് ഒന്നാമനു ദാനം ചെയ്തു.

ഇതും നിങ്ങള്‍ എടുത്തോളൂ. കോഴി വറുത്തതും ചോറും അവര്‍ക്കു നീട്ടി.

"പുതപ്പ്‌ അവരെടുത്തോട്ടെ, അവിടെ തണുപ്പല്ലേ. പക്ഷേ പേനകള്‍ അപ്പൂപ്പന്‍ ഹീറോ ആയതുകൊണ്ട്‌ ചൈനീസ്‌ ആര്‍മി കൊടുത്തതല്ലേ, ഹൌ കാന്‍ ദേ സ്റ്റീല്‍ ഇറ്റ്‌?" കൊച്ചുപൊടിയനു അരിശം കയറി.

"എടാ, ഹീറോയുടെ പേനയെന്നുവച്ചാല്‍ ഒരു ബ്രാന്‍ഡ്‌ ആണ്‌, പാര്‍ക്കറിന്റെ പെന്‍ എന്നു പറയുമ്പോലെ, അല്ലാതെ അപ്പൂപ്പന്‍ ഹീറോ ആയതുകൊണ്ട്‌ കിട്ടിയ ട്രോഫി എന്നല്ല." ചേട്ടന്‍ അനുജനെ തിരുത്തി.

"എന്നാലും അതെന്തിനാ എടുത്തേ അവര്‍. അതപ്പൂപ്പന്റെ മക്കള്‍ക്കുള്ളതല്ലേ." ഉമ്മിണിമോള്‍ക്ക്‌ വീണ്ടും കരച്ചില്‍ വന്നു.

ഗര്‍ഭപാത്രം ശക്തിയായി സങ്കോചിച്ചപ്പോള്‍ കൊക്കിണി ഞരക്കം പോലെ ഒരു ശബ്ദമുണ്ടാക്കി. എന്നിട്ട്‌ അക്ഷമയായി കുളമ്പ്‌ നിലത്തിട്ടടിച്ചു.
"മക്കള്‍ ഇനി ഇവിടെ നിന്നുകൂടാ, വേഗം വീട്ടില്‍ പോയിക്കോളൂ" നാണൂച്ചാര്‍ കസേരയില്‍ നിന്നെഴുന്നേറ്റ്‌ ഒരു ബീഡി കൂടി കൊളുത്തി.

Tuesday, April 10, 2007

ഹീറോയുടെ പേന 2/3

ചെഡോങ്ങില്‍ സ്വന്തം ചെക്ക്‌ പോസ്റ്റിലേക്ക്‌ പോയ അസ്സാം റൈഫിളിന്റെ പീരങ്കിപ്പട ക്യാപ്റ്റന്‍ രവി ഐപ്പ്‌ വെടിയേറ്റു തെറിച്ചു വീഴുന്നത്‌ കണ്ട്‌ തരിച്ചു പോയി. ഫോര്‍വേഡ്‌ ചെക്ക്‌ പോസ്റ്റുകള്‍ മിക്കതും ചീനക്കാര്‍ പിടിച്ചടക്കിയത്‌ അസ്സാം റൈഫിളുകള്‍ പോലും അറിഞ്ഞിരുന്നില്ല. പീരങ്കികളും യന്ത്രത്തോക്കുകളും നിറച്ച വാഹനങ്ങളുമായി മേഖലയാകെ കയ്യേറിയ ചൈനീസ്‌ പട്ടാളത്തിനു മുന്നില്‍ എണ്ണത്തില്‍ പോലും പിടിച്ചു നില്‍ക്കാന്‍ തണുപ്പും പട്ടിണിയും കൊണ്ട്‌ വലയുന്ന ഇന്ത്യന്‍ കാലാളുകള്‍ക്ക്‌ കഴിയുമായിരുന്നില്ല.ബര്‍മ്മയെന്ന സ്വപ്നമുപേക്ഷിച്ച്‌ അവശേഷിച്ച സിഖുകാരും ഗ്രനേഡിയറുകളും പാതകള്‍ വിട്ട്‌ വെറും മഞ്ഞിലൂടെ ഭൂട്ടാനിലേക്ക്‌ നടന്നു നീങ്ങി.

പലായനം ചെയ്യുന്നവര്‍ ബാക്കിയെല്ലായിടങ്ങളിലും തങ്ങള്‍ വിജയിക്കുകയാണെന്ന് വെറുതേ വിശ്വസിച്ചു. സത്യത്തില്‍ ചുഷൂലില്‍ ചൈനക്കു കനത്ത നാശനഷ്ടമുണ്ടാക്കിയ കുമയൂണുകളും മഹറുകളുമൊഴികെ എല്ലാവരും മരിച്ചു വീഴുകയോ മുറിവേറ്റും അല്ലാതെയും പിടിക്കപ്പെടുകയോ പിന്നാക്കം പായുകയോ ആയിരുന്നു. കീഴടങ്ങാന്‍ കൂട്ടാക്കാതെ പഞ്ചാബികളും രജപുത്രരും മദ്രാസികളും ദോഗ്രകളുമൊക്കെ "അവസാന ബുള്ളറ്റ്‌ വരെ, അവസാന ശ്വാസം വരെ" എന്നലറി പിടഞ്ഞു വീണു.

മഞ്ഞ്‌, വെറും മഞ്ഞ്‌. വഴിയിലൊരു പഴത്തിനോ കിഴങ്ങിനോ മാനത്തു നിന്നും വന്നു വീഴുന്നൊരു പൊതിക്കോ ഒക്കെ ആയിരുന്നു ആദ്യം ആഗ്രഹം. പിന്നെയത്‌ ഒരിലയനക്കം കാണാനായി. ഒരു മനുഷ്യജീവി- ശത്രുവായാല്‍ പോലും മുന്നില്‍ വരാന്‍ കൊതിച്ച്‌ രാത്രിയും പകലും ഇരുട്ടിന്റെ വത്യാസം കൊണ്ടു പോലും തിരിച്ചറിയാനാവാത്ത മലമടക്കുകളിയൂടെ ഗ്രനേഡുകളില്ലാത്ത ഗ്രനേഡിയറുകളും ബയണറ്റര്‍ മാത്രമായ റൈഫിളുകാരും ഉണ്ട തീര്‍ന്ന പീരങ്കികള്‍ വഴിയിലുപേക്ഷിച്ച കാലാള്‍പ്പടയും സംഘം ചേര്‍ന്നു നടന്നു. തണുപ്പും വിശപ്പും ദാഹവും മൂലം മരിച്ചു വീണവരെ തിരിഞ്ഞു നോക്കാതെ. ഒരാഴ്ച്ചകൊണ്ട്‌ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയിട്ടും എന്തിനെന്നറിയാതെ, എന്തിലേക്കെന്നറിയാതെ അവര്‍ നടന്നും ഇഴഞ്ഞും നിരങ്ങിയും പോയിക്കൊണ്ടേയിരുന്നു.

ശത്രുതയും സ്നേഹവും വിജയവും പരാജവും ജീവിതവും മരണവും ശരിയും തെറ്റും ധൈര്യവും ഭയവുമൊക്കെ തമ്മില്‍ ഒരു ഭേദവുമില്ലാത്ത അസംബന്ധങ്ങളായി തോന്നി അവര്‍ക്ക്‌. എന്നിട്ടും ദൂരെ കുന്നിന്‍ പുറത്ത്‌ പ്രത്യക്ഷപ്പെട്ട കാക്കി വേഷക്കാരെ കണ്ടപ്പോള്‍ യാന്ത്രികമായി നാണുവും ബയണറ്റ്‌ നീട്ടി മുന്നോട്ടു കുതിച്ചു. ഓടിയടുത്തെന്നാണു കരുതിയത്‌, എന്നാല്‍ വെറുതേ കുറച്ചടികള്‍ നടന്നു കുഴഞ്ഞു വീഴുകയായിരുന്നു.

മിറ്റ്‌സുബിഷി പിക്കപ്പിന്റെ ലോഹ പ്ലാറ്റ്ഫോമില്‍ കഴിയുന്നിടത്തോളം ദേഹം അമര്‍ത്തിപ്പിടിച്ചു കമിഴ്ന്നു കിടന്നു. ചൂട്‌. സ്വര്‍ണ്ണത്തെക്കാള്‍, സ്വര്‍ഗ്ഗത്തെക്കാള്‍, വിജയത്തെക്കാള്‍ വിലയുള്ള ചൂട്‌. അത്‌ നെഞ്ചിന്‍ കൂടിലേക്ക്‌ അരിച്ചു കയറിയപ്പോള്‍ ശാസ്വകോശത്തിന്റെ അറകളിലുറഞ്ഞ പഴുപ്പ്‌ ഉരുകി മൂക്കിലൂടെയും വായിലൂടെയും തറയിലേക്കൊഴുകിപ്പോയി. ഒരു വീര്‍പ്പ്‌ ശ്വാസം നിറച്ച പ്രാണവായുവുമായി രക്തം സിരകളിലേക്ക്‌ ഇരച്ചു പാഞ്ഞു. മതി. ഇനിയൊന്നും വേണമെന്നില്ല.

അടിവാരവുമിറങ്ങി കാതങ്ങളോളം പിന്നിട്ടുകഴിഞ്ഞശേഷം തടവുകാരുടെ കൈകള്‍ നൂല്‍ക്കമ്പികള്‍ പിരിച്ച്‌ കൂട്ടിക്കെട്ടി. പിന്നെ കുടിക്കാന്‍ വെള്ളവും അവര്‍ക്കു നല്‍കി. കമ്പിമുള്ളുകൊണ്ട്‌ വേലികെട്ടിയ യന്ത്രത്തോക്കുകള്‍ സ്ഥാപിച്ച കാവല്‍മാടങ്ങളുള്ള തടങ്കല്‍ പാളയത്തില്‍ വടിവൊത്ത ഹിന്ദി സംസാരിക്കുന്നൊരു ചീനപ്പട്ടാളക്കാരന്‍ അവര്‍ക്ക്‌ സ്വാഗതമരുളി
"ആയുധവും ആരോഗ്യവും അത്മവീര്യവുമില്ലാത്ത കൊള്ളരുതാത്തവരേ, ഇന്ത്യക്കാരേ, നിങ്ങള്‍ക്ക്‌ സ്വാഗതം. ആയുസ്സിന്റെ ശിഷ്ടകാലം കോമാളികളായി ഞങ്ങളെ രസിപ്പിച്ച്‌ ഇവിടെ ജീവിക്കുക നിങ്ങള്‍."

അവന്റെ മുഖത്തു തുപ്പാനാഗ്രഹിച്ചു. പക്ഷേ അനങ്ങിയതുപോലുമില്ല. ആയുധവും ആരോഗ്യവുമില്ലാത്ത യുദ്ധത്തടവുകാരുടെ ആത്മവീര്യം പണ്ടേ കെട്ടടങ്ങിയിരുന്നു. ഖത്വാളിനോടും മല്‍ക്കിയത്‌ സിംഗിനോടും റാവുവിനോടും അസൂയ തോന്നി. പിന്നെ ഗ്രനേഡിയറുകളുടെ പോര്‍വിളി മെല്ലെ ഉരുവിട്ടു "സര്‍വ്വദാ ശക്തിശാലി"

Sunday, April 08, 2007

ഹീറോയുടെ പേന 1/3

നാണൂച്ചാര്‌ വീട്ടില്‍ നിന്നും എരുത്തിലിലേക്ക്‌ ഒരു വയര്‍ വലിച്ച്‌ ഹോള്‍ഡറിട്ട്‌ ബള്‍ബ്‌ തൂക്കി. പഴയ തുണികള്‍ ശേഖരിച്ച്‌ വച്ചു. ചാണകം പറ്റിപ്പിടിച്ച തറയിലെ കല്ലുകള്‍ക്കു മീതേ വെള്ളമൊഴിച്ച്‌ കഴുകിയിട്ടു. കൊക്കിണിയുടെ പ്രസൂതീഗേഹം സജ്ജമായി. കൂമന്‍പള്ളിയില്‍ ഒരു പശുവിനു പ്രസവം ഇന്നു രാത്രി തന്നെയുണ്ടാവുമെന്ന് അറിയിച്ച് ആളയച്ചു വിളിപ്പിച്ചപ്പോള്‍ തന്നെ ഒരു കുപ്പി എള്ളെണ്ണയും വാങ്ങി മാങ്കൊമ്പും ഒടിച്ചു കൊണ്ടു വന്നു. പഴമ്പായ വേണ്ട. പശുവിന്‍ മാച്ച്‌ പാലമരക്കൊമ്പില്‍ തൂക്കുന്നത്‌ ഒരന്ധവിശ്വാസമാണെന്നും അത്‌ മണ്ണില്‍ കുഴിച്ചിടുകയാണു ശുചിത്വബോധമുള്ളവര്‍ ചെയ്യേണ്ടതെന്നും ഈ വീട്ടുകാര്‍ പറയുന്നു. ഓരോരുത്തര്‍ക്ക്‌ ഓരോ വിശ്വാസം. കൊക്കിണി നിന്നുറങ്ങുന്നു. നാണൂച്ചാര്‍ ഒരു ഇരുമ്പു കസേര കൊണ്ടിട്ട്‌ ഇരുന്ന് ഒരു ബീഡി കൊളുത്തി.

"അപ്പൂപ്പാ, അപ്പൂപ്പന്‍ കഥ പറഞ്ഞു തരുമ്ന്ന് പറഞ്ഞല്ലോ." മൂന്നു കുട്ടികള്‍ ഓടിവന്ന് ചുറ്റും കൂടി.
"മക്കളേതാ?"
"ബാംഗ്ലൂരിലെയാ. ഞാന്‍ പൊടിയന്‍, ഇവന്‍ കൊച്ചുപൊടിയന്‍, ഇവള്‍ ഉമ്മിണി" പത്തുവയസ്സുകാരന്‍ ഏട്ടുഴുവയസ്സുകാരനെയും ആറുവയസ്സുകാരിയേയും പരിചയപ്പെടുത്തുന്ന ജോലി കൂടി ഏറ്റെടുത്ത്‌ ചേട്ടന്‍ ചമഞ്ഞു.
"എന്നാ വന്നേ?"
"ഒരാഴ്ച്ചയായി."
"ഏതു കഥയാ മക്കള്‍ക്ക്‌ കേള്‍ക്കണ്ടേ? പഞ്ചതന്ത്രം വേണോ സിന്ധുബാദ്‌ കപ്പലോടിച്ച കഥ‍ വേണോ?"

"അതൊന്നും വേണ്ട, അപ്പൂപ്പന്‍ യുദ്ധം ചെയ്ത കഥയാ നല്ലതെന്ന് പറഞ്ഞു പയ്യന്‍ അണ്ണന്‍."

യുദ്ധത്തിന്റെ കഥ എവിടെ തുടങ്ങുന്നു? ഭാര്യയേയും കുട്ടികളേയും വീട്ടിലാക്കി എങ്ങോട്ടെന്നില്ലാതെ പുറപ്പെടുമ്പോള്‍ ഒരു ജോലി തരമാക്കണമെന്നു മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു. യാത്ര ചെയ്യും തോറും കൌതുകം കൂടി വന്നു. പുതിയ പട്ടണങ്ങള്‍, ഭാഷകള്‍, ആളുകള്‍, കാഴ്ച്ചകള്‍. അംബാലയില്‍ എത്തിപ്പെടും വരെ. കൂലിപ്പട്ടാളം എന്നതിലെ കൂലി എന്ന വാക്ക്‌ വല്ലാത്തൊരാകര്‍ഷണമായി.

"അപ്പൂപ്പാ, ഇന്ത്യ നല്ലതല്ലേ?"
സംശയമെന്താ മോനേ. നാണൂച്ചാര്‍ ചിരിച്ചു പോയി.
"പിന്നെ ആരാ ഇന്ത്യയോട്‌ യുദ്ധം ചെയ്തത്‌? പാകിസ്ഥാനാണോ?"

മക്മഹോന്‍ രേഖ ചൈന അംഗീകരിക്കുന്നില്ല, എങ്കിലും മാനിക്കുന്നുന്നെന്നും എന്നാല്‍ അതു കടന്നും കയറിവന്ന് ഇന്ത്യ ചൈനയുടെ മണ്ണില്‍ ചെക്ക്‌ പോസ്റ്റുകള്‍ സ്ഥാപിക്കുന്നത്‌ കണ്ട്‌ കയ്യും കെട്ടി നില്‍ക്കില്ലെന്നും ചൌവ്വന്‍ ലായി. ബാര്‍ബര്‍ ബാലന്‍ പത്രമെടുത്ത്‌ ദൂരെയെറിഞ്ഞു. "ജവഹരിലാല്‍ പറയുന്നത്‌ നുണയാണെന്ന് നമ്മള്‍ വിശ്വസിക്കുമെന്നാ ഈ കമ്യൂണിസ്റ്റുകളുടെ വിചാരം!"

"അപ്പൂപ്പാ, എത്ര വിമാനമുണ്ടായിരുന്നു നിങ്ങള്‍ക്ക്‌?"

സിയാച്ചിനില്‍ കോവര്‍ കഴുതകളും പട്ടാളക്കാരും ചുമട്ടുകാരുമെല്ലാം ഭാരം ചുമന്ന് മലകയറി. കൊടും തണുപ്പില്‍ കയ്യിലുള്ള പുതപ്പുകള്‍ മൂന്നും നാലും ചേര്‍ന്ന് പുതച്ചു. അതും തികയാതെ വന്നപ്പോള്‍ കഴുതകളെ കെട്ടിപ്പിടിച്ചു നടന്നു.
വഴിവക്കില്‍ ഒരിലപോലും വിശക്കുമ്പോള്‍ തിന്നാനില്ലാതെ.

കാര്‍പോ ല പാത ശത്രുക്കള്‍ പിടിച്ചെടുത്തിരിക്കുകയാണ്‌ . അസംഖ്യം ചൈനക്കാര്‍ യന്ത്രത്തോക്കുള്‍ നാട്ടിയ കാവല്‍പ്പുരകളും ബങ്കറുമായി അതു കാക്കുന്നു. തല്‍ക്കാലത്തേക്കെങ്കിലും മടങ്ങിപ്പോകണം.

തോറ്റോടുകയോ? ബഹദൂര്‍ ഖത്വാള്‍ നിന്ന് ജ്വലിച്ചു. ഗൂര്‍ഖയുടെ പട്ടി പോലും പിന്നോട്ടൊരടി നടന്നിട്ടില്ല. ചുരത്തിനു താഴെ അനന്തമായി നീളുന്ന നീല നിറമുള്ള മഞ്ഞിലേക്ക്‌ ഖത്വാള്‍ തോക്കു നീട്ടി. അമ്മേ, നിന്റെ മാറില്‍ കൈ വച്ചവന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഗൂര്‍ഖകള്‍ക്ക്‌ പിന്‍ തിരിയാനാവില്ല. വീരസ്വര്‍ഗ്ഗം ഞങ്ങള്‍ക്കു വേണ്ട, ഇനിയൊരു ജന്മം കൂടി തന്നാല്‍ മതി, നിനക്കു വേണ്ടി ഒരിക്കല്‍ കൂടി മരിക്കാന്‍. "ആയോ.. ഗൂര്‍ഖാലീ.." ശ്രോതാവിന്റെ രക്തം വെള്ളമാക്കുന്ന ഗൂര്‍ഖാ പോര്‍വിളി മുഴങ്ങി. ഇതാവരുന്നു ഗൂര്‍ഖകള്‍, പിന്നോട്ടൊരടി നടക്കാന്‍ മനസ്സില്ലാത്തവര്‍. യന്ത്രത്തോക്കുകളുടെ ഇടമുറിയാത്ത ഗര്‍ജ്ജനത്തിനുള്ളില്‍ വേര്‍തിരിഞ്ഞു കേട്ട എന്‍ഫീല്‍ഡ് റൈഫിളൊച്ചകള്‍ കുറഞ്ഞു കുറഞ്ഞ്‌ ഒടുക്കം തീരെയില്ലാതെയാകുമ്പോഴും ഒറ്റ ഗൂര്‍ഖയും പിന്നോട്ടൊരടി നടന്നില്ല. ഒരാര്‍ത്തനാദവും ഉയര്‍ത്തിയുമില്ല. അവസാനത്തെ ശത്രുവും മാംസത്തുണ്ടുകളായി ചിതറി വീണിട്ടും ചീനക്കാര്‍ വിജയാരവം മുഴക്കിയില്ല. ആഹ്ലാദിക്കാനൊന്നുമില്ലായിരുന്നു. വിജയിച്ചെന്നു തന്നെ അവര്‍ക്ക് തോന്നിയില്ല.

പിന്‍ തിരിഞ്ഞവരും മടങ്ങുകയല്ലായിരുന്നു. വാഹനങ്ങളെത്താത്ത പാതകളിലൂടെ അവര്‍ ബര്‍മ്മാ അതിര്‍ത്തിയിലേക്ക് പോയി.

Thursday, March 08, 2007

Police Story 4- മാതൃകം

"ഗാന്ധീ ഡാ , ഞാനിപ്പോ വിചാരിക്കുന്നത്‌ എനിക്ക്‌ എപ്പോഴെങ്കിലും ഭ്രാന്തു വന്നുപോയാല്‍ പിന്നെ ഒരിക്കലും സുഖമാവരുതേ എന്നാണ്‌ . ഒന്നുമില്ലെങ്കില്‍ ഭ്രാന്തു പിടിച്ചിരിക്കുന്നവനു മനസ്സിലാവുകയെങ്കിലും ഇല്ലല്ലോ ഭാര്യേം മക്കളും എഴുതി തള്ളിയെന്നും നാട്ടുകാരു വഴീലിട്ട്‌ കുരങ്ങു കളിപ്പിക്കുകയാണെന്നും. ഭേദമായാല്‍ പിന്നെ അറിഞ്ഞുകൊണ്ടുതന്നെ ഇതെല്ലാം അനുഭവിക്കണം."
രമേഷ്‌ പുതപ്പില്‍ നിന്നും തലയൊന്നുപുറത്തേക്കിട്ട്‌ പറഞ്ഞു. ഗാന്ധിയും തനിക്ക്‌ ഭ്രാന്തു വന്നാല്‍ എന്തു ചെയ്യുമെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു.

രമേഷ്‌ അന്ന് ഉച്ചക്കു പുറത്തു പോകുമ്പോള്‍ വഴിയില്‍ വെയിലത്ത്‌ ഒരു വൃദ്ധ ഇരിപ്പുണ്ടായിരുന്നു. സന്ധ്യക്കു മടങ്ങുമ്പോഴും അവര്‍ അതേ ഇരിപ്പാണെന്നു കണ്ട്‌ പോയി കാര്യങ്ങള്‍ തിരക്കി. ക്യാമ്പിനോട്‌ തൊട്ടടുത്തു നില്‍ക്കുന്ന മെന്റല്‍ ഹെല്‍ത്ത്‌ സെന്ററില്‍ നിന്നും തലേന്ന് ഡിസ്ച്ചാര്‍ജ്ജ്‌ ആയതാണ്‌ അവര്‍. രണ്ടു മൂന്നു മാസമേ ആയിട്ടുള്ളു മക്കള്‍ അവരെ അവിടെ കൊണ്ടാക്കിയിട്ട്‌ എന്ന് കേട്ടതില്‍ നിന്നും ഡിപ്രഷനോ മറ്റൊ അല്ലാതെ അവര്‍ക്ക്‌ ഭ്രാന്തൊന്നുമായിരുന്നില്ലെന്നും തോന്നി. സാധാരണ ഇങ്ങനെ സുഖപ്പെട്ടിട്ടും ആരും കൂട്ടിക്കൊണ്ടു പോകാന്‍ വരാത്തവര്‍ ശിഷ്ട ജീവിതം 'ഊളന്‍ പാറകള്‍' ആയി ഒടുക്കി തീര്‍ക്കുകയാണു പതിവ്‌. ഇവര്‍ എന്തോ, പുറത്തു വന്നു.

കുമാര്‍ ചായക്കടയില്‍ നിന്നും ചീനിയും ചിപ്പിയും വാങ്ങിക്കൊടുത്തത്‌ കഴിക്കാന്‍ അവര്‍ മടിച്ചു. നാട്ടില്‍ പോകാനുള്ള വഴിച്ചിലവ്‌ തങ്ങള്‍ നല്‍കാമെന്ന് പോലീസുകാര്‍ പറഞ്ഞപ്പോള്‍ ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. അവര്‍ക്ക്‌ നാട്ടില്‍ പോകണമെന്നില്ല. മക്കളെല്ലാം നല്ല നിലയില്‍ ജീവിക്കുന്നവരാണ്‌, തന്നെ സ്വീകരിക്കില്ല. വഴിയില്‍ കിടന്ന് മരിക്കുകയാണെങ്കില്‍ അത്‌ ആരും അറിയാത്തൊരു സ്ഥലത്തായിക്കോട്ടെ, താന്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍, താന്‍ താലോലിച്ച കുട്ടികളുടെ കല്ലേറു കൊണ്ട്‌ വേണ്ട.

ഏറെ നേരം എന്തു വേണമെന്നാലോചിച്ച്‌ എല്ലാവരും ചേര്‍ന്ന് അവരെ ക്യാന്റീന്‍ ഹെല്‍പ്പര്‍ ആയി ക്യാമ്പില്‍ നിര്‍ത്താന്‍ തീരുമാനിച്ചു. അറുപത്തഞ്ച്‌ വയസ്സുള്ള അവരോട്‌ എന്തെങ്കിലും ജോലി ചെയ്യാന്‍ പറയുന്നത്‌ കഷ്ടമാണ്‌, എങ്കിലും ക്യാമ്പിലൊരാളെ വെറുതേ താമസിപ്പിക്കാന്‍ പറ്റില്ലല്ലോ. ബന്ധുക്കളാരെങ്കിലും കൂട്ടിക്കൊണ്ടു പോകാനെത്തുംവരെ അവരെ അവിടെ നിറുത്തുന്ന കാര്യം നാടാരെക്കൊണ്ട്‌ സമ്മതിപ്പിക്കാന്‍ എളുപ്പമായിരുന്നു- വാറ്റുസംഭവത്തിനു ശേഷം ഗാന്ധി വേണ്ടെന്നു പറയുന്നതെന്തും നാടാര്‍ ചെയ്യും. വൃദ്ധയെ ക്യാന്റീനില്‍ ഒരു സൂക്ഷിപ്പുകാരിയായി നിറുത്താമെന്ന് കോണ്‍സ്റ്റാബുലറി അപേക്ഷിച്ചതും ഗാന്ധി എതിര്‍ത്തു.
"അത്‌ ശരിയാവൂല. ഒന്നാമത്‌ വയസ്സായവരാ, എന്തെങ്കിലും പറ്റിയാല്‍ നമ്മളു കറങ്ങും. പിന്നെ പഴേ അസൂം തിരിച്ചു വന്നാ ആരു സമാധാനം പറയും സാറേ?"
അത്‌ ഫലിച്ചു. അവര്‍ ക്യാമ്പ്‌ വാസിയായി.

വീടിനെക്കുറിച്ച്‌ അവരോടൊന്നും ചോദിക്കരുതെന്ന പൊതു തീരുമാനത്തിലുറച്ച്‌ ആരും അവരുടെ പേരുപോലും ചോദിച്ചില്ല. കുമാര്‍ ആ മുത്തശ്ശിക്ക്‌ അന്നത്തെ ഹിറ്റ്‌ ചിത്രത്തിലെ ബാലകഥാപാത്രതിന്റെ പേരിട്ടു - മാമാട്ടിക്കുട്ടിയമ്മ. ചിലര്‍ അത്ര നീട്ടിവിളിച്ചില്ല. കുട്ടിയമ്മയാക്കി, ചിലര്‍ കുട്ടീ എന്നും പിന്ന്നെ മംസ്‌ എന്നും അമ്മെയെന്നുമൊക്കെ വിളിച്ചു. ഒടുക്കം അമ്മയെന്ന പേരു മാത്രം നിന്നു.

ആദ്യം ക്യാന്റീനിലെ നിഴലുകളില്‍ ഒളിച്ചുകളിച്ചു അമ്മ. പിന്നെ ആഞ്ഞിലിത്തണലിലെ തമാശപ്പാട്ടുകളുടെയും മിമിക്രിത്തമാശകളുടെയൂം കേള്‍വിക്കാരിയായി, നാട്ടു വൈദ്യവും തുന്നലുമൊക്കെയായി പോലീസുകാരുടെ ചെറു പ്രശ്നങ്ങള്‍ക്ക്‌ പരിഹാരകാര്‍മ്മികയായി. പിന്നെപ്പിന്നെ ക്യാമ്പിലുള്ളവര്‍ വീടുവയ്ക്കുമ്പോഴും പെണ്ണുകാണാന്‍ പോകുമ്പോഴുമൊക്കെ അമ്മയുടെ ഉപദേശം കൂടി വാങ്ങിയേ ഇറങ്ങിത്തിരിക്കൂ എന്നായി. പുലര്‍ച്ചെ മുഴങ്ങുന്ന ബ്യൂഗിള്‍ പോലെ, ബാന്‍ഡ്‌ മാസ്റ്റര്‍ വര്‍ഗീസിന്റെ ബാഗ്‌ പൈപ്പ്‌ കച്ചേരി പോലെ, നാഴികയളന്നു മുട്ടുന്ന കിണ്ണത്തിന്റെ ഒച്ചപോലെ അമ്മ ക്യാമ്പിന്റെ സ്വന്തമായി.

നാളൊട്ടു കഴിഞ്ഞ്‌ തിരഞ്ഞെടുപ്പു കരുതല്‍ വിന്യാസം കഴിഞ്ഞ്‌ തമിഴ്‌ നാട്ടില്‍ നിന്നും കേരളത്തിലേക്കു മടങ്ങവേ ബസ്സില്‍ വച്ച്‌ നാടാര്‍ ചോദിച്ചു
"ആരെങ്കിലും ആ സ്ത്രീയുടെ കാര്യം പത്രത്തില്‍ കൊടുത്തിരുന്നോ?" താനുമായി പത്തോ പന്ത്രണ്ടോ വയസ്സുമാത്രം
വത്യാസമുണ്ടായിരുന്ന അവരെ അമ്മ എന്നു നാടാര്‍ വിളിച്ചിരുന്നില്ല. മാമാട്ടുക്കുട്ടിയമ്മ എന്ന വിളി പരിഹാസമായി തോന്നിയതിനാല്‍ അങ്ങനെയും വിളിച്ചിരുന്നില്ല.

എല്ലാവരും പരസ്പരം നോക്കി. മൂവായിരം പേരുള്ള ക്യാമ്പില്‍ നാലോ അഞ്ചോ പത്രമേ വരുന്നുള്ളു. മിക്കവരും വായിക്കാറില്ല. നാടാര്‍ പോക്കറ്റില്‍ നിന്നും ഒരു ഫാക്സ്‌ സന്ദേശം കാട്ടി. ഉള്ളടക്കമിങ്ങനെ. വാരികയില്‍ വന്ന റിപ്പോര്‍ട്ടില്‍ നിന്നും ഞങ്ങളുടെ അമ്മ .... അവിടെയുണ്ടെന്ന് അറിഞ്ഞു. ബുദ്ധിസ്ഥിരതയില്ലാത്ത സ്ത്രീയാണ്‌, എത്രയും പെട്ടെന്ന് താഴെക്കാണുന്ന വിലാസത്തില്‍ എത്തിക്കുക.... എന്ന് മക്കള്‍...

"അമ്മേടെ കാര്യം പത്രത്തില്‍ വന്നിരുന്നു. വീട്ടുകാര്‍ അങ്ങോട്ട്‌ അയക്കാന്‍ പറഞ്ഞിട്ടുണ്ട്‌, പോകണോ?" ക്യാമ്പിലെത്തിയതും രമേഷ്‌ തിരക്കി.

അവര്‍ക്കൊട്ടുമാലോചിക്കാനില്ലായിരുന്നു.
"വേണ്ടാ മോനെ. പുറത്തറിഞ്ഞ നാണക്കേടുകൊണ്ട്‌ കൂട്ടിക്കൊണ്ടു പോകാന്‍ നോക്കുന്നതാണവര്‍, ഞാന്‍ പോയാല്‍ ഒന്നുകില്‍ അവര്‍ കൊല്ലും, അല്ലെങ്കില്‍ തിരികെ ആശുപത്രിയിലാക്കും."

ഫാക്സിനു മറുപടിയൊന്നുമയക്കേണ്ടതില്ലെന്ന് നാടാര്‍ സ്വന്തം റിസ്കില്‍ തീരുമാനിച്ചു.


ആഴ്ച്ചയൊന്നു കഴിഞ്ഞ്‌ വരാന്തയില്‍ വിസിലുകളൊന്നുമില്ലാതെയുയര്‍ന്ന ബൂട്ടുകളുടെ ചടപട ഗാന്ധിയെ ഉച്ചയുറക്കത്തില്‍ നിന്നുണര്‍ത്തി. പുറത്തിറങ്ങി നോക്കുമ്പോള്‍ ഒരു കാര്‍ ഗ്രൌണ്ടില്‍ എത്തിയിട്ടുണ്ട്‌. അതില്‍ നിന്നിറങ്ങി നില്‍ക്കുന്നു ഒരു സ്ത്രീയും പുരുഷനും. ചുറ്റും കുറേ ക്യാമ്പ്‌ വാസികള്‍. കുറച്ചു മാറി വോളിബാള്‍ നെറ്റിടാന്‍ നാട്ടിയ തൂണില്‍ ചാരി തലകുനിച്ച്‌ അമ്മ നില്‍പ്പുണ്ട്‌.

"ഞങ്ങള്‍ അഡ്വക്കേറ്റിനെ കണ്ടിരുന്നു. മെന്റലി ഡിസേബിള്‍ഡ്‌ ആയ അമ്മയെ കസ്റ്റഡിയില്‍ വയ്ക്കേണ്ട ഉത്തരവാദിത്തവും അവകാശവും മക്കള്‍ക്കായതുകൊണ്ട്‌..." ആഗത പറയേണ്ടതെന്തെന്ന് അഡ്വക്കേറ്റ്‌ വ്യക്തമായി ഉപദേശിച്ചു കൊടുത്തു തന്നെ വിട്ടിരിക്കുന്നതെന്ന് സംശയമില്ല.

"ഭാ തേവിടിച്ചി, അമ്മയെ കൊണ്ടു പോകാന്‍ വന്നിരിക്കുന്നു. ഏതു സ്ഥലത്തു നിന്നാണു നീ നിയമം കൊരക്കുന്നതെന്ന് അറിയാമോ? അടിനാഭിക്കൊരു ചവിട്ടു തന്ന് കല്ലും കെട്ടി നെയ്യാര്‍ഡാമിലിട്ടാല്‍ നിന്നെയെല്ലാം മുതല പോലും കാണില്ല... " എന്നു തുടങ്ങി വളരെ നീണ്ട മറുപടി അവസാനിക്കും മുന്നേ തന്നെ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദമുയര്‍ന്നു.

അമ്മ തലയുയര്‍ത്തി നോക്കി. ആരാണതു പറഞ്ഞതെന്ന് മനസ്സിലായില്ല. എല്ലാ മുഖങ്ങളിലും അതു പറഞ്ഞെന്ന ഭാവം.
"കാറു കിടന്നിടത്ത്‌ ടയര്‍ മാര്‍ക്കു പോലും ഇല്ലല്ലോടേ." എന്ന് ഗാന്ധി വിജയം വിളംബരം ചെയ്തു.

അമ്മ പോസ്റ്റിലെ പിടിവിട്ട്‌ നിവര്‍ന്നു ദൂരെ സെന്‍ട്രി ഗേറ്റിലേക്ക്‌ നോക്കി. എന്നിട്ട്‌ ആ വാചകം ആവര്‍ത്തിച്ചു.
"തേവിടിശ്ശി. അമ്മയെ കൊണ്ടുപോകാന്‍ വന്നിരിക്കുന്നു."

Sunday, November 05, 2006

ഐ ലവ്‌ യൂ ഡാ...‌

മീനം രാശിയില്‍ പിറന്ന സ്ത്രീകള്‍ക്ക്‌ സ്ത്രൈണതയും കാല്‍പ്പനികതയും പക്കുവടയില്ലായ്മയും ഒക്കെ ലേശം കൂടുതല്‍ ആണെന്ന് അമേരിക്കന്‍ ജ്യോതിഷ- മണിരത്നം ശ്രീമതി ലിന്‍ഡാ നല്ലവന്‍ എഴുതിയ പുസ്തകത്തില്‍ കണ്ടിട്ടുണ്ട്‌. രണ്ടു മീന്‍ ചിഹ്നം രാശ്യാധിപനായി വന്നാല്‍ ലേശമേ കൂടുതല്‍ വരുത്തുകയുള്ളെങ്കില്‍ എന്റെ പഴേ സഹപ്രവര്‍ത്തക ഭാഗ്യശ്രീ വിശ്വാമിത്രന് ചാളച്ചാകര സമയത്ത്‌ ട്രോളിംഗ്‌ നടത്തി മടങ്ങുന്ന ബോട്ടായിരിക്കണം നക്ഷത്ര ചൂഡാമണിയുടെ രൂപത്തില്, അത്രയും ലേശങ്ങളെ കൂട്ടി വച്ചാലേ ഇവളുടെ ഫെമിനിയും റോ- മാന്റിസും എത്തൂ. ഇങ്ങനെയുള്ളവരെ പരിചയമില്ലാത്തവര്‍ കരുതുന്നുണ്ടാവും ആളുകള്‍ രാവിലേ ഇവള്‍ കയറി വരുമ്പോള്‍ പട്ടിടെ പിന്നാലെ പപ്പി പോകും പോലെ മുക്കി മൂളി പിന്നാലെ ചെല്ലുമെന്ന്. തെറ്റി. ഇതു വരുന്നതു കണ്ടാല്‍ ആളുകള്‍ കസേര വിട്ടോടും. ഒരു ചരമക്കോളം കണ്ടാല്‍ കരയുന്ന, ഒരു വണ്ടിയുടെ ടയര്‍ കീയോ വിളിച്ചാല്‍ എഴുന്നേറ്റോടുന്ന, നമ്മള്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ ഇന്നലെ കണ്ട സിനിമയിലെ രംഗം ഓര്‍ത്ത്‌ കണ്ണടച്ചിരുട്ടാക്കുന്ന വരവര്‍ണ്ണിനിയെ സിനിമയില്‍ കണ്ടാല്‍ ശാലീന ശാലിനിയെന്നൊക്കെ തോന്നും. എന്നാല്‍ നേരിട്ടു പരിചയമുള്ളവര്‍ക്കറിയാം ഇതു സാര്‍ക്കോപ്റ്റസ്‌ സ്കാബൈ ആണെന്ന്‌. ഇവളോട്‌ അഞ്ചു മിനുട്ട്‌ പടയിഴകിയാല്‍ ചൊറി വന്നു പിരാന്താകും എതു 24x7 ഡ്രൂളിംഗ്‌ വനിതാലോലുപനും.

ദുബായി ബാച്ചിക്കാലം. എന്റെ മുറിയുടെ മറ്റേ മുറിക്ക്‌ തല്‍ക്കാല്‍ കാ അവകാശി പത്രത്താളില്‍ നിന്നും വീണു കിട്ടിയ ടെലിവിഷക്കമ്പനിക്ക്‌ ആനിനിര്‍ന്നിമേഷന്‍ ചെയ്യുന്ന ഒരു മദ്ധ്യവയസ്കര മൂസ്സ്‌. പേരു മധു. ഒന്നു രണ്ട്‌ രാത്രികളില്‍ ഉറക്കം തൂങ്ങിക്കൊണ്ട്‌ നടത്തിയ ശകലം വാക്കാങ്കളിയുടെ പരിചയം മാത്രം. മധുവേട്ടന്റെ നാടെവിടെയാ? വീടെവിടെയാ.. ആ.

(ഹാവൂ രണ്ടു കഥാപാത്രങ്ങളേയും ഇരുന്നൂറു ബ്ലോഗ്‌ വായനക്കാരേം ഫിനിഷ്‌ ആക്കി ഞാന്‍, എന്തൊരു ആത്മഹര്‍ഷം.)

ഞാന്‍ വന്നിട്ട്‌ ആദ്യത്തെ ദുബായി വാണിജ്യമഹോത്സവം. ലതൊന്നു കാണാനും റോഡ്‌ ബ്ലോക്കില്‍ കിടക്കാനും മധുവണ്ണാച്ചിക്ക്‌ പൂതി വന്ന്. മധുവണ്ണാച്ചീടെ കൂടെ പോകാന്‍ ദേവന്‍ ചെക്കനും പൂതി വന്ന്. കാരണം സിമ്പിള്‍ (അല്ലാതെ ബാക്റ്റീരിയ അല്ല). അങ്ങേര്‍ക്കു വണ്ടി ഉണ്ട്‌, എനിക്കില്ല. ആരെങ്കിലും കരുതിയോ ഭാഗ്യശ്രീയെ ഞാന്‍ ഒപ്പം കൂട്ടിയെന്ന്? കരുതിയോ? ച്ഛേയ്‌. ആ റോള്‍സ്‌ റോയിസിന്റെ ഒരു കുറിയെടുക്കാന്‍ പിരിവെടുത്ത നേരം കുമാരി “കഞ്ഞിയാണവള്‍ കല്ലല്ലിരുമ്പല്ല“ നമ്രതാ ശിരോദ്കര്‍ ആയി എന്നോടു കുന്തം കുന്തം മന്ത്രിച്ചു " അവിടെ ശംഖില്‍ പേരു കൊത്തുന്ന ആളുകള്‍ ഉണ്ട്. അവരെക്കൊണ്ട്‌ എനിക്കൊരെണ്ണം".. ബാക്കി മംബ്ലിങ്ങില്‍ നിമജ്ഞമായിപ്പോയി. ( ബാക്കി തിരിഞ്ഞില്ല എന്നു പറഞ്ഞാലും മതി, പക്ഷേ എനിക്കു ബുജിയാകണ്ടേ.)

മധു ചന്ദ്രികയുടെ പറക്കും തളികയില്‍ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഞങ്ങളെത്തി. എന്തൊരു ഫെസ്റ്റിവല്‍. ആനമയിലൊട്ടകം, ഹാന്‍ഡി ക്രാഫ്റ്റ്‌. ഹാന്‍ഡില്‍ ഡ്രാഫ്റ്റ്‌ ഉള്ളവനു എന്തെല്ലാം ചെയ്യാം അവിടെ.

പലേ നാടുകളിലെ പവിലിയണ്‍ പിന്നോട്ട്‌ തള്ളി ഞാനും മധുവും മുന്നേറുമ്പോള്‍ അതാ കടന്നുവരുന്നു ശംഖു കട. കടയിലിരുന്നു ശംഖു കടയുന്നു ശംഖുവരയന്‍ കഴുത്തുള്ള ഒരമ്മായി. അവര്‍ക്കു ചുറ്റും ഓര്‍ഡറുമായി ഒരാള്‍ വീതമുള്ള ഇരുന്നൂറു ക്യൂവായി കസ്റ്റമേര്‍സ്‌ നിന്ന് കടച്ചിലിനു ആവേശം പകരുന്നു. ശ്രീക്കു ഭാഗ്യം ഉണ്ടെങ്കില്‍ ഇതിനിടയില്‍ തള്ളിക്കേറി ഒരെണ്ണം തരാക്കാന്‍ എനിക്കും കഴിഞ്ഞേക്കാം.

വഴിയില്‍ തട്ടിക്കൂട്ടിയ ടെമ്പന്‍ പബ്ലിക്ക്‌ ബൂത്തില്‍ തലകടത്തി അവളെ വിളിച്ച്‌ ആരുടെ പേരാണു ശംഖില്‍ വേണ്ടതെന്ന് തിരക്കി.
"ദേവന്‍, എനിക്കു പേരല്ല വേണ്ടത്‌. മൈ ഡാര്‍ലിംഗ്‌, ഐ ലവ്‌ യൂ എന്നാ. എന്റെ ബോയ്‌ ഫ്രണ്ടിനു ഒരു സര്‍പ്രൈസ്‌ കൊടുക്കാന്‍".

ഫോണിലൂടെ കൊഞ്ചലില്‍ ചാലിച്ച പാരയായി ഒലിച്ചൊലിച്ചു വന്ന ഉത്തരം ഭഗദത്തന്റെയോ മറ്റോ നേരേ വന്ന അമ്പുപോലെ വന്നു തൊട്ട ചെവി മുതല്‍ എല്ലാം തകര്‍ത്ത്‌ എങ്ങാണ്ടൂടൊക്കെ കറങ്ങി പണ്ടം പണ്ടാരടക്കി എന്റെ ശരീരം വിട്ട്‌ ബഹളത്തില്‍ ലയിച്ചു. ഇക്കണ്ട പുരുഷാരത്തിനു നടുക്കു നിന്ന് ഞാന്‍ ഇക്കിളവിയോട്‌ "ഡാര്‍ലിംഗ്‌ ഐ..." കടവുളേ, കട കണ്ടെന്നു പറയും മുന്നേ ഭാഗ്യശ്രീയോട്‌ എന്താ എഴുതേണ്ടതെന്ന് ചോദിക്കാനുള്ള ബോധം എനിക്കു തരാഞ്ഞതെന്തേ.

കണി കണിശമായി വരിയളന്നു നാട്ടിയ സോഡിയം വേപ്പര്‍ ലാമ്പുകള്‍ കൊച്ചമ്മ ക്ലബ്ബിലെ തിരുവാതിര പോലെ ഒരടുക്കും ചിട്ടയുമില്ലാതെ എനിക്കു ചുറ്റും കറങ്ങാന്‍ തുടങ്ങി. ഞാന്‍ ഒരു ചെറ്റ..... മറച്ച കൂരയില്‍ ഇരുന്നു.

"മധുച്ചേട്ടാ, പേനയുണ്ടോ?"
" പെട്ടെന്നിപ്പന്തിനാടോ ഉവ്വേ പേനാ?"
"ശംഖില്‍ കൊത്തിക്കാനുള്ള മാറ്റര്‍ കൊടുക്കാനാ."
"അതു പറഞ്ഞാല്‍ മതിയെടോ. എല്ലാരുമതാണല്ലോ ചെയ്യുന്നത്‌"
"ഹ. ഇതങ്ങനെ ഉറക്കെപ്പറയാന്‍ പറ്റുന്ന കാര്യമല്ല."
"ശംഖിലെന്നാത്തിനാ തെറിയെഴുതുന്നത്‌? കൂടോത്രം വല്ലോം ആന്നോ??"
"തെറിയല്ലെന്ന്. ഐ ലവ്‌ യൂ ഡാര്‍ലിംഗ്‌ എന്ന് എഴുതിക്കണം. ഞാനതെങ്ങനെ.."

"മനസ്സിലായി. ഇത്രയും കട കണ്ടിട്ടും ഒരു മൈന്‍ഡുമില്ലാതെ വിട്ട നീ പെട്ടെന്ന് ഇവിടെ വടവുന്നത്‌ കണ്ടപ്പോഴേ മനസ്സിലായി നീ ആള്‌ ആന്റിസോഷ്യല്‍ ആണെന്ന്."
"ആന്റി സോഷ്യലോ?"
"ആ. നീ ആന്റിമാരെ കണ്ടാല്‍ ഉടനേ സോഷ്യല്‍ ആകുന്ന ടൈപ്പ്‌ ആണെന്ന്. അമ്മാമ്മേ കൊണ്ട്‌ അവന്റെ ഒരു ഐ ലവ്‌ യൂ എഴുതിക്കല്‍."
" പൊന്നു മധുച്ചേട്ടാ. ഞാന്‍ അപ്പീസില്‍ വച്ച്‌ ഏറ്റുപോയ കുരിശ്ശാണിത്‌. മാറ്റര്‍ ഇതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അപ്പോഴേ ഒഴിഞ്ഞുകളഞ്ഞേനെ."

ഒരു കംബോഡിയന്‍ കടയില്‍ നിന്നും തടിയില്‍ കൊത്തുപണി ചെയ്ത്‌ വൃത്തികേടാക്കിയ ഒരു പേന വാങ്ങി. ചുണ്ടക്കാ കാല്‍പ്പണം, ചുമട്ടു കൂലി മുക്കാപ്പണം, പേന ഇരുപത്തഞ്ചു പണം. വഴിയില്‍ നിന്നും കിട്ടിയ നോട്ടീസില്‍ മാറ്ററെഴുതി. ഇവിടെ ഒരു ബീര്‍ പാര്‍ളര്‍ ഉണ്ടായിരുന്നെങ്കില്‍, ഡച്ച്‌
കറേജിന്‌.

കുറിപ്പടിയും പണവും തൈപ്പൂയക്കാവടിക്കിളവിക്കു കൈമാറി. മാറി നില്‍ക്കാന്‍ ഭാവിക്കുമ്പോള്‍ അവര്‍ ക്രോസ്സ്‌ തുടങ്ങി. ശംഖ്‌ തിരഞ്ഞെടുക്കൂ, ഫോണ്ട്‌ തിരഞ്ഞെടുക്കൂ... എനിക്കു മേലാ. ആളുകള്‍ തുറിച്ചു നോക്കുമ്പോലെ.
"നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ള ശംഖില്‍ തോന്നിയപടി എഴുതിന്‍" ഞാന്‍ പറഞ്ഞു.
"അതെന്താ?" അമ്മായിക്ക്‌ അതും അറിയണം.

"അതു പിന്നെ... ഹം..ഇതെനിക്കല്ല.. സുഹൃത്തിനു കൊടുക്കാനാ"
എനിക്ക്‌ എന്താ പറ്റിയതെന്നറിയില്ല. "ഈ" ഞാന്‍ ഉദ്ദേശിച്ചിരുന്നോ. ഈയുടെ കൈ ചൂണ്ടലും ഉദ്ദേശിച്ചിരുന്നോ. ഞാന്‍ ചൂണ്ടിയ "ഈ"യുടെ നേര്‍ക്കു തിരിഞ്ഞവരെല്ലാം കണ്ടത്‌ വേഗം നടന്നു പോകുന്ന മധുച്ചേട്ടന്റെ പിറകുവശം ആണ്‌.

ശംഖും പൊതിഞ്ഞു വാങ്ങി ഒരു ലക്ഷം ആളുകള്‍ക്കിടയില്‍ ബാഷ്പമായ മധുവിനെ പൊതിരെ പരതി ഞാന്‍. പുള്ളിയുടേത്‌ ഒഴികെ ബാക്കി എല്ലാത്തരം പൊടികളും പാറുന്നത്‌ കാണാനും ശ്വസിക്കാനും ആയി.

ഒടുക്കം കിട്ടി. സ്വന്തം വണ്ടിയില്‍ ചാരി നിന്ന് സിഗററ്റ്‌ പുകച്ചു തള്ളുന്നുണ്ട്‌. എന്നെക്കണ്ട്‌ കുറ്റി നിലത്തിട്ട്‌ ആഞ്ഞ്‌ അഞ്ചാറു ചവിട്ടി കെടുത്തിയെങ്കിലും പുള്ളി പിന്നെയും പുകഞ്ഞു:
"നീയെനിക്ക്‌ ഐ ലവ്‌ യൂ എഴുതിച്ചുതരും അല്ലേഡാ?"

Tuesday, October 24, 2006

പ്രലംഭം

"എടാ ഒന്നു വിളിച്ചു പറയെടാ മൂങ്ങേ, അല്ലെങ്കില്‍ ചാണകമല്ല സബ്ജിയാണു വില്‍ക്കാന്‍ നിരത്തി വച്ചിരിക്കുന്നതെന്ന് ഇരുട്ടത്ത്‌ ആളുകള്‍ അറിയില്ല. ഒരു മണ്ണെണ വിളക്കു വാങ്ങരുതോ നീ?"ഇറച്ചി വെട്ടുകാരന്‍ പീര്‍മുഹമ്മദിന്റെ ഉപദേശം.

മഹേഷിനു സമാധാനമായി. താനെന്നാണു പുതിനയും മേത്തിയും കച്ചവടം തുടങ്ങിയതെന്ന് അന്വേഷിച്ചില്ല. അതിലത്ഭുതവുമില്ല. മഹേശ്വര ക്ഷേത്ര നടയില്‍ നിന്നും തന്നെ കണ്ടെത്തിയ മുത്തശ്ശിയോടൊപ്പം ലോട്ടറിക്കച്ചവടം തുടങ്ങിയതാണ്‌ നടന്നു തുടങ്ങിയ പ്രായത്തില്‍. പിന്നെ ലോറി കഴുകുന്ന പണി ചെയ്തു, ഹോട്ടലില്‍ വിളമ്പുകാരനായി, ഈ മുക്കില്‍ തന്നെ ഇളനീരു കച്ചവടം തുടങ്ങി...എന്തെല്ലാം ചെയ്തു.

ഇരുട്ടായിട്ടും തെരുവുവിളക്കുകള്‍ തെളിഞ്ഞിട്ടില്ല. "ഞാന്‍ കണ്ടിട്ടുള്ള എല്ലാ നാടിനും വൈദ്യുതി നല്‍കുന്നത്‌ നമ്മുടെ മുന്നിലെ ഡാം ആണ്‌. പക്ഷേ നമുക്കിരുട്ടേയുള്ളു. പ്രതിഷേധിക്കണം, സമരം ചെയ്യണം" ഭത്ര പണ്ട്‌ കമ്പനിപ്പടിക്കല്‍ പ്രസംഗിക്കാറുണ്ടായിരുന്നു. അവന്റെ പാര്‍ട്ടി ഭരണത്തിലായതില്‍ പിന്നെ ആ പ്രസംഗമില്ല. "ഞാന്‍ പറഞ്ഞാല്‍ വലിയവര്‍ കേള്‍ക്കില്ല" എന്നൊരു നിരാശപുരണ്ട ഒഴിവുമാത്രം. ഇപ്പോള്‍ രാഷ്ട്രീയവുമില്ല.

ഭത്രയാണ്‌ ആദ്യം ഇതിനു തയ്യാറായതും. പക്ഷേ അവന്‌ അമ്മയുണ്ട്‌, ഭാര്യയും കുഞ്ഞുമുണ്ട്‌. ഇവന്‍ ഓടിക്കളഞ്ഞാല്‍ അവരെന്തു ചെയ്യും. തനിക്കു ഇട്ടിട്ടോടാന്‍ ഈ തെരുവു മാത്രമേയുള്ളു. ദൂരെയേതെങ്കിലും നഗരത്തില്‍ എന്തെങ്കിലും പണി ചെയ്ത്‌ കാലം കഴിക്കാന്‍ ബുദ്ധിമുട്ടു വരില്ലായിരിക്കും. നൂറ്റിമുപ്പത്‌ രൂപയുണ്ട്‌ കയ്യില്‍. ഇപ്പോള് ഇലകള്‍ വിറ്റു കിട്ടുന്നതും നേരേ ഡ്രോയറിന്റെ പോക്കറ്റിലിടുകയാണ്‌. അതൊരു പതിനഞ്ചെങ്കിലും കാണാതിരിക്കില്ല.

താനാണ്‌ ഭത്രയെ ആദ്യം നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചതും. ഇന്നലെ ശ്രീപതി, ഇന്നു നാരു. അവന്‍ പോയാല്‍ നാളെ മറ്റൊരാള്‍. കൊന്നിട്ടെന്തു നേടാന്‍.
"ഇന്നലെ ശ്രീപതിയെ ആരും കൊന്നില്ല, അതുകൊണ്ട്‌ ഇന്ന് നാരുവുണ്ടായി. അവനെ ഒടുക്കിയാല്‍ പിന്നെ ആരും ധൈര്യപ്പെടില്ല. ഇനി ആരെങ്കിലും ഉണ്ടായാല്‍ തന്നെ അവന്‍ കൊള്ളക്കാരെപ്പോലെ മാന്യനായിരിക്കും." ഭത്രക്കുറപ്പുണ്ട്‌. കൊള്ളക്കാരോട്‌ ഗ്രാമീണര്‍ക്ക്‌ ശത്രുതയൊന്നുമില്ല. അവര്‍ കാടുകളില്‍ താമസിച്ച്‌ വലിയ പണക്കാരെ ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടു പോയും പണമുണ്ടാക്കുന്നു. ഗ്രാമവാസികളെ ഉപദ്രവിച്ചു കിട്ടുന്ന ചെറു മുതലിലൊന്നും അവര്‍ക്കു താല്‍പ്പര്യമില്ല. ഗ്രാമത്തില്‍ വരാറുതന്നെയില്ല.

നാരു തന്നെ ദ്രോഹിച്ചിട്ടില്ല. അവനു വേണ്ടതൊന്നും- പൊന്നും പെണ്ണും പണവുമൊന്നും തന്റെ പക്കലില്ല. ഒരിക്കല്‍ വെറുതേ തല്ലിയിട്ടുണ്ട്‌. അതിപ്പോള്‍ ചന്തയിലിരിക്കുന്നവരെ പോലീസും വെറുതേ തല്ലാറില്ലേ.

പക്ഷേ സഹിക്കാനാവുന്നില്ല. ഗ്രാമത്തിലാര്‍ക്കും ആര്‍ക്കും പുറത്തിറങ്ങി നടക്ക വയ്യ. ഒന്നുകില്‍ അവന്റെ ആളുകള്‍, അല്ലെങ്കില്‍ അവന്റെയാളെന്നു വെറുതേ പറഞ്ഞു നടക്കുന്നവര്‍. ഒളിച്ചിരുന്ന് അവനെ വകവരുത്താനെന്തു വഴിയെന്ന് ഭത്ര ഒരുപാടാലോചിച്ചു. സാക്ഷിയൊന്നുമില്ലെങ്കില്‍ പോലീസ്‌ കേസെഴുതി തള്ളുമെന്ന് ഉറപ്പാണത്രേ. അവര്‍ക്കും ആശ്വാസമാവുകയേയുള്ളു. നാരു കൌശലക്കാരനാണ്‌. അവന്‍ ആള്‍ക്കൂട്ടത്തിനു നടുവിലേ പ്രത്യക്ഷപ്പെടൂ. താമസം കൂടി ചന്തക്കുള്ളിലെ പീടികയിലാണ്‌. കടമുറിക്കുള്ളില്‍ നിന്നും ഒരു നിലവിളി കേട്ടാല്‍ ചന്തയില്‍ നില്‍ക്കുന്നവര്‍ അത്‌ തങ്ങളുടെ മകളോ ഭാര്യയോ സഹോദരിയോ ആകരുതെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്‌ കേട്ടില്ലെന്നു നടിക്കും.

താന്‍ തയ്യാറെന്ന് ഭത്രയോടു പറഞ്ഞപ്പോള്‍ അവനാദ്യം സമ്മതിച്ചില്ല. "നീയും എന്റെ പ്രായമല്ലേ. നിനക്കും ജീവിക്കണ്ടേ" എന്നൊക്കെ അവന്‍ സങ്കടപ്പെട്ടു. തനിക്കെന്തു പോകാന്‍.

ഈ മൂല മനപ്പൂര്‍വ്വം തിരഞ്ഞെടുത്തതാണ്‌. ഇവിടെ കുതറിയോടാനിടമില്ല. ഇത്രയടുത്ത്‌ വെറുതേ നിന്നാല്‍ നാരുവിന്റെ ആളുകള്‍ ശ്രദ്ധിക്കും. അതിനിന്നൊരു പുതിനാപത്ര വില്‍പ്പനയും. ഒരൊറ്റ വെട്ട്‌. അതൊഴിയാനവനു കഴിഞ്ഞാല്‍ വീഴുന്നത്‌ തന്റെ ശവമാണ്‌. വലിയ കരുത്തനാണവന്‍.

ചിലപ്പോള്‍ ഇന്ന് അവന്‍ പുറത്തിറങ്ങില്ലായിരിക്കും. ഇറങ്ങാതിരുന്നെങ്കിലെന്നും ഇടക്കു തോന്നുന്നുണ്ട്‌. കൂടുതലും അവന്‍ വരണമെന്നു തന്നെ. തീരട്ടെ ഇവിടെ നരകം, നാടുവിട്ടു പോകാന്‍ ഒരു പ്രചോദനവുമായി. എന്നെങ്കിലും പണമുണ്ടായാല്‍ തിരിച്ചു വരണോ? അറിയില്ല. ചിലപ്പോള്‍ വരുമ്പോ ആരുമോര്‍ത്തില്ലെന്നും വരാം. ഹേയ്‌ ഭത്ര ഓര്‍ക്കും, നന്ദിയോടെ.

പാട്ടവിളക്കിന്റെ വെളിച്ചത്തില്‍ ആടിന്റെ എല്ലുകള്‍ കൊത്തി നുറുക്കുന്ന പീര്‍ മുഹമ്മദിനെ നോക്കി ഇരുട്ടിലൊളിപ്പിച്ച ഒരു ചിരി ചിരിച്ചു. പ്രാര്‍ത്ഥിക്കൂ വയസ്സാ നീ. നിനക്കു ഭാഗ്യമുണ്ടെങ്കില്‍ നാളെ മുതല്‍ നിന്റെ പണത്തിനു വിഹിതം പറ്റാനാരും വരില്ല. പണം തരാതെ ഒരുത്തനും ഇറച്ചിപ്പൊതി ചോദിക്കില്ല. ഒക്കെ സ്വരുക്കൂട്ടി നീയൊരു വലിയ ബംഗളാവു വയ്ക്ക്‌. അതില്‍ വൈദ്യുതി വെളിച്ചത്തില്‍ പേരക്കുട്ടികളെ കളിപ്പിച്ച്‌ സുഖമായി ഇരിക്ക്‌.

പീടികയുടെ വാതില്‍ തുറന്നൊരപരിചിതന്‍ വേഗത്തില്‍ ഇറങ്ങി നടന്നു പോയി. നിമിഷം അത്‌ തുറന്നു വെറുതേ കിടന്നു. പിന്നെ ആദ്യം നിഴലായും പിന്നെ ആള്‍ രൂപമായും നാരു ഇറയത്തെത്തി. അവിടെ നിന്ന് കണ്ണെത്തുന്ന ദൂരം മുഴുവന്‍ ഒന്നു പഠിച്ചു.

അവന്‍ വഴിയിലേക്ക്‌ ആദ്യത്തെ ചുവടു വച്ചതും കൈ അറിയാതെ പായയുടെ അടിയിലൊളിപ്പിച്ച പട്ടാക്കത്തിയിലേക്ക്‌ നീങ്ങി. അരുത്‌. അവന്‍ തൊട്ടു മുന്നിലെത്തും വരെ ഒരു ചെറുവിരല്‍ പോലുമനങ്ങരുത്‌. പിന്നെയൊരുനിമിഷവും ചിന്തിക്കുകയുമരുത്‌. കത്തിയോങ്ങുമ്പോള്‍ അവനുണ്ടാക്കുന്നതുപോലെ ആക്രോശങ്ങളാകരുത്‌, ദൈവനാമമേ വായില്‍ വരാവൂ. ചെയ്ത പാപങ്ങള്‍ ദൈവം പൊറുത്ത്‌ അവന്‍ സ്വര്‍ഗ്ഗത്തു പോകട്ടെ.

Tuesday, June 13, 2006

സ്റ്റാനിന്റെ ഇരുപത്തിനാലാം തവണ

ഒരു ബീര്‍ കൂടി വായിലേക്ക്‌ കമിഴ്ത്തി ലഹരി നനച്ച കണ്ണുകള്‍‍ നീട്ടി കാരൊലിന്‍ ബാര്‍മേശയുടെ എതിര്‍വശം ഈ കോപ്രായങ്ങളൊക്കെ സഹിച്ച്‌ കഥ കേള്‍ക്കാനിരിക്കുന്നവരെ നോക്കി- കടലിനെയും കാറ്റിനെയും ഇരുട്ടിനെയും പറന്നു തോല്‍പ്പിച്ച്‌ അറ്റ്‌ലാന്റിക്കിന്റെ ഭീതിദവും വിജനവും കെണികള്‍ നിറഞ്ഞതുമായ വ്യോമപഥങ്ങളിലൂടെ വാറിയര്‍ എന്നയിനം കുഞ്ഞുവിമാനം ഫെറി നടത്തി അറേബ്യയില്‍ എത്തിച്ച കാരൊലിന്റെ സാഹസിക കഥ കേള്‍ക്കാന്‍കാത്തിരിക്കുന്നവര്‍. ക്യാപ്റ്റന്‍ പാത്രിയാര്‍ക്കീസ്‌ എന്ന ഈ ഗ്രീക്കുകാരനു ട്രാന്‍സ്‌അറ്റ്ലന്റിക്‌ ഫെറി പൈലറ്റ്‌ എന്നാല്‍ കഴിവുറ്റ ഒരു സാഹസിക. ഡേവണ്‍ എന്ന ഈ ഇന്ത്യക്കാരന്റെ കണ്ണില്‍ ഞാന്‍ ന്യൂജേഴ്സിയില്‍ നിന്നും പറന്നെത്തിയ ഒരു അത്ഭുത നായിക.

"N3161P ഫോര്‍ B2" എന്നു കേട്ടതും പാര്‍ക്കിംഗ്‌ ബേ രണ്ടില്‍ സ്വീകരിക്കാനോടിയെത്തിയ ഈ രണ്ടു പേര്‍
‍ ആകാംഷയോടെ കൈ കൊടുക്കാന്‍ കാത്തു നിന്നത്‌ എതെങ്കിലും ഒരു വയസ്സന്‍ പൈലറ്റിനെയാണ്‌. വയസ്സുകാലത്ത്‌ കടക്കെണിയിലായിട്ടോ ഇനിയും ഒന്നും സമ്പാദിക്കാനായില്ല എന്ന നിരാശ കൊണ്ടോ ഒരു പ്രൊപെല്ലര്‍ എഞ്ജിനും നാലു സീറ്റുമുള്ള ചെറു വിമാനത്തെ അറ്റ്ലാന്റിക്ക്‌ മരണക്കെണിക്കു കുറുക്കേ ചാടിച്ച്‌ ക്വിക്ക്‌ മണി ഉണ്ടാക്കാന്‍ തുനിഞ്ഞ ഒരാളിനെ.

ഷഡൌണ്‍ ചെക്ക്‌ നടത്തുന്ന തന്നെ ഇവര്‍ അതിശയത്തോടെ നോക്കി നിന്നു. പിന്നെ ഡെവണ്‍ ചോദിച്ചു . "ഗ്രീന്‍ലന്റില്‍ നിന്നും എറ്റെടുത്തതാണോ അതോ.. ആദ്യം മുതല്‍ക്കേ?"

"നിന്റെ ഈ സുന്ദരി ഫീനിക്സിലെ ഷോപ്പ്‌ വിട്ടതു മുതല്‍ എന്റെ കയ്യിലായിരുന്നു." കാരൊലിന്‍ ചിരിച്ചുകൊണ്ട്‌ താക്കോല്‍ നീട്ടി. "അവളെ ഇനി നീയെടുത്തോ." അവന്റെ കണ്ണുകള്‍ അതിശയം കൊണ്ട്‌ വിടര്‍ന്നിരുന്നു അപ്പോള്‍.

മറ്റൊരു ബീര്‍ ഒഴിഞ്ഞു. മൌനം തികട്ടിയ ലഹരിച്ചിരികള്‍ സഹിക്കാതായപ്പോള്‍ പാത്രിയാര്‍ക്കിസ്‌ ചോദിച്ചു " ട്രാന്‍സ്‌ അറ്റ്‌ലാന്റിക്ക്‌ ഫെറി പുരുഷന്റെ കുത്തകയാണല്ലോ, എന്തുകൊണ്ടാണത്‌? ഒരു സ്ത്രീക്ക്‌ എന്തെങ്കിലും അധികമായ ബുദ്ധിമുട്ട്‌ അനുഭവപ്പെടാറുണ്ടോ?"

"ഉണ്ടല്ലോ. സ്ത്രീക്ക്‌ നിങ്ങളെപ്പോലെ പീ ബാഗില്‍ മൂത്രമൊഴിക്കാന്‍ പറ്റില്ല" കാരൊലിന്‍ വീണ്ടും ചിരിച്ചു. "ഇതുപോലത്തെ ചോദ്യം ചോദിക്കാന്‍ നീ ആരു? റ്റീവീ റിപ്പോര്‍ട്ടറോ?"

"കാരൊലിന്‍, നീ എന്തുകൊണ്ട്‌ എയര്‍ലൈനില്‍ ചേരാതെ ഈ പ്രായത്തില്‍ ജീവന്‍ പണയപ്പെടുത്തുന്ന കളിക്കിറങ്ങി? നിനക്കു വീട്ടില്‍ ആരുമില്ലേ?" ഡേവണ്‍ ചോദിച്ചു.

"അങ്ങനെ ചോദിക്ക്‌." കാരൊലിന്‍ പഴ്സില്‍ നിന്നും മൂന്നു ഫോട്ടോ എടുത്ത്‌ അവര്‍ക്കു നീട്ടി. "ഇത്‌ എന്റെ മകള്‍, ഇത്‌ എന്റെ അമ്മ, ഇത്‌ അമ്മയുടെ അമ്മ.

സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാനും അമ്മയും മാത്രമായിരുന്നു വീട്ടില്‍. ഞെരുക്കമായിരുന്നു പണത്തിന്‌അമ്മ ഒരിക്കലും പുറത്തൊന്നും പോയിരുന്നില്ല, ഞാനാകട്ടെഎന്നും പുതിയ കാര്യങ്ങള്‍ കാണാന്‍ ആശിച്ചു. അതാ ആ മൂലക്ക്‌ ബീയര്‍ കുടിച്ചിരിക്കുന്ന തടിയന്മാരെ കണ്ടോ? എതു ബാറില്‍ ചെന്നാലും ഇതുപോലെ വയസ്സരെ കാണാം. ഒന്നിനും കൊള്ളാത്ത ഈ കിഴവന്മാര്‍ക്ക്‌ ഒരിക്കലും പെണ്ണുങ്ങളെ കിട്ടില്ല. ചെറുപ്പക്കാരികള്‍ അടുത്തിരിക്കാന്‍ അവര്‍ എന്തും ചെയ്തു തരും. ഞാന്‍ എവിടെപ്പോയാലും ഈ തരം വയസ്സരെ ഉന്നമിട്ടു തുടങ്ങി. പിന്നെ പഠിത്തം സ്കൂളില്‍ തന്നെ നിറുത്തി എപ്പോഴും ഇവരോടൊപ്പമായി. രാവിലെ തുടങ്ങുന്ന കുടി ബോധം കെട്ട്‌ ആരുടെയെങ്കിലും കിടക്കയില്‍ വീഴും വരെ.

അതങ്ങനെ തുടര്‍ന്നു ഒന്നുരണ്ടു വര്‍ഷം.ഒരിക്കല്‍ എനിക്കു വേണ്ടി രണ്ടു കിഴവന്മാര്‍ തല്ലു കൂടി. ഇടയില്‍ പെട്ടു ഞാന്‍ തല്ലു കൊള്ളുന്നതു കണ്ടപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടി വന്നു, എന്നെ കൂട്ടിക്കൊണ്ട്‌ പോയി. എന്റെ ജീവിതത്തിലെ ആദ്യ സുഹൃത്ത്‌ അയാളായി-സ്റ്റാന്‍.

സ്റ്റാന്‍ എന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ട്‌ പോയി.അതുവരത്തേതുപോലെ ഒരൊഴിഞ്ഞ, പുളിച്ച ബീയറും പഴന്തുണിയും നാറുന്ന മുറിയിലേക്കല്ല,അയളുടെ അമ്മയുടെ അടുത്ത്‌. "ഇവളെ നമുക്കു നേരേയാക്കണം" സ്റ്റാന്‍ എപ്പോഴും അങ്ങനെയാണ്‌. ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം, കുടിക്കും വരെ. കുടിച്ചാലോ പിന്നെ എന്തൊരു സംസാരം. "മിണ്ടാതിരിക്ക്‌" എന്നു പറഞ്ഞു പോകും.

സ്റ്റാന്‍ അരിസോണയിലെ ഒരു ഫ്ലയിംഗ്‌ സ്കൂളില്‍ ഇന്‍സ്ട്രക്റ്റര്‍ ആയിരുന്നു. എനിക്ക്‌ ഫ്രണ്ട്‌ ഓഫീസില്‍ സഹായികയായി ഒരു ജോലി വാങ്ങി തന്നു. ആ പണം കൊണ്ടും സ്റ്റാനിന്റെ ശമ്പളം കൊണ്ടും ഞാന്‍ ആ സ്കൂളില്‍ ഫ്ലൈയിംഗ്‌ പഠിച്ചു, പി പി എലും പിന്നെ അങ്ങോട്ട്‌ trainer റേറ്റിങ്ങും കിട്ടി, ഞാനും ആ സ്കൂളില്‍ഇന്‍സ്ട്രക്റ്റര്‍ ആയി. രണ്ടുവര്‍ഷം കഴിഞ്ഞു.

ഞാന്‍ മോളെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ സ്റ്റാനിന്‌ അവന്റെ സ്വപ്നമായിരുന്ന അറ്റ്ലാന്റിക്ക്‌ ഫെറിക്ക്‌ അവസരം കിട്ടി. ഈസ്റ്റ്‌ യൂറോപ്യന്‍ എയര്‍ റേസിനുള്ള 65 വിമാനങ്ങളെ എത്തിച്ചു കൊടുക്കുന്നവരില്‍ ഒരാള്‍ ആയിട്ടായിരുന്നു വിളിച്ചത്‌. റോളര്‍ കോസ്റ്റര്‍ കണ്ട കുട്ടിയെപ്പോലെ സ്റ്റാന്‍ സന്തോഷത്തിലായി. പ്രസവിക്കാന്‍ അവധിയെടുത്ത്‌ വീട്ടിലിരിക്കുന്ന എന്നെ അവന്‍ നിര്‍ബ്ബന്ധിച്ചു കടയില്‍ വിളിച്ചുകൊണ്ടു പോയി ഇമ്മേര്‍ഷന്‍ സ്യൂട്ടും ജാക്കറ്റും വാങ്ങി. ഫെറിക്കുള്ള സെസ്നാകള്‍ നിരന്നു കിടക്കയിടത്ത്‌ അനേകം ആളുകളുടെ ഇടയില്‍ സ്റ്റാനും വലിയ വയറുമായി ഞാനും പരസഹായമില്ലാതെ ഫെറി ടാങ്കുകള്‍ കൊണ്ടുപോകേണ്ട വിമാനത്തിനു ഘടിപ്പിച്ചു. വീട്ടില്‍ നിന്നും നിറയെ ഭക്ഷണം കഴിച്ചു. രണ്ടു പഴം കൂടി വാങ്ങിയിരുന്നു ഞാന്‍. ക്യാനഡയിലെത്തുമ്പോഴേക്ക്‌ അവനു സുഖ ശോധന കഴിഞ്ഞ്‌ അസ്വസ്ഥതകളില്ലാതെ 'കുളം താണ്ടാന്‍' . കൊച്ചു കാസറോളില്‍ ഒലിവ്‌ ഉപ്പിലിട്ടതും, ഒരു കുപ്പി ഓറഞ്ച്‌ ജ്യൂസും ഇവിടന്നേ പൊതിഞ്ഞു കൊടുത്തു വിട്ടു.

ഗൂസ്‌ ബേയില്‍ നിന്നും സ്റ്റാന്‍ വലിയ ആവേശത്തിലാണ്‌ വിളിച്ചത്‌. "ഡാര്‍ലിംഗ്‌, എന്തു രസം, ഇവിടെ നിറച്ചു വിമാനങ്ങള്‍. ഞങ്ങള്‍ ഒരു വ്യോമസേനാ ഫോര്‍മേഷന്‍ പോലെ തോന്നുന്നു. ഓ, പിന്നെ നിന്റെ സൂത്രം ഫലിച്ചു. വയറ്റില്‍ നിന്നും മുഴുവന്‍ പോയി.ഇമ്മേര്‍ഷന്‍ സ്യൂട്ട്‌ ഇട്ടു നില്‍ക്കുകയാണു ഞാന്‍, ആസകലം ചൊറിയുന്നു ലാറ്റെക്സ്‌ എനിക്കു പിടിക്കുന്നില്ല."

ഗ്രീന്‍ലന്റില്‍ നിന്നു വിളിക്ക്‌ സ്റ്റാന്‍, ഞാന്‍ കാത്തിരിക്കാം..ഞാനന്ന് ഉറങ്ങിയില്ല. ഭയമൊന്നുമില്ലായിരുന്നു. വെറുതേ റ്റീവീ നോക്കി ഇരുന്നു.

ഗ്രീന്‍ലന്റില്‍ നിന്നും കാള്‍ വന്നതും ഓടിപ്പോയി എടുത്തു.തണുത്തു മരവിച്ച ഒരു ശബ്ദം മെല്ലെ പറയുന്നു"അറുപത്തിരണ്ടുപേരേ ഇവിടെ വന്നുള്ളു. അറ്റ്‌ലാന്റിക്ക്‌ കൊണ്ടുപോയ മൂന്നുപേരില്‍ ഒന്ന് നമ്മുടെ സ്റ്റാന്‍ലി ഫ്രീമാന്‍.."

കുറച്ചു നേരം കഴിഞ്ഞ്‌ ഞാന്‍ സ്റ്റാനിന്റെ അമ്മയെ വിളിച്ചു. "അവന്‍ ആറായിരം അടി വെള്ളത്തിനു താഴെ. ശ്വാസം മുട്ടുന്നു കാരൊലിന്‍" അമ്മ വിതുമ്പി.

സ്റ്റാനില്ലാതെ എനിക്കും ജീവിതം ബാക്കി ഒന്നുമില്ലല്ലോ."കരയരുത്‌ അമ്മ, ഞാന്‍ പറഞ്ഞു. ഞാനാണ്‌ ഇനി അമ്മയുടെ സ്റ്റാന്‍. അടുത്തയാഴ്ച്ച അമ്മക്കൊരു പേരക്കുട്ടി ഉണ്ടാവും. പെണ്‍കുട്ടി. അവളുടെ അച്ഛന്‍ ക്യാപ്റ്റന് സ്റ്റാനും ഞാനാണ്‌."

കാരൊലിന്‍ മേശപ്പുറത്തേക്കു ചാഞ്ഞു.

"ഇതു നിന്റെ എത്രാമത്തെ ഫെറി, സുഹൃത്തേ?" പാത്രിയാര്‍ക്കീസ്‌ ചോദിച്ചു.കാരൊലിന്‍ എന്നോ സ്റ്റാന്‍ എന്നോ വിളിക്കേണ്ടൂ എന്ന് തിട്ടമില്ലാതെ സുഹൃത്തേ എന്നവന്‍ വിളിച്ചതാണെന്നു തോന്നുന്നു.

"ഇത്‌ എന്റെഇരുപത്തി നാലാം ഉദ്യമം, ഇരുപത്തി മൂന്നാമത്തെ പൂര്‍ത്തിയായ ഫെറി."

Monday, June 05, 2006

പൈതൃകം

ഭാരതീയ വിദേശമന്ത്രാലയത്തിന്റെ ഇദ്ദേശത്തുള്ള ആപ്പീസില്‍ കുതിരയെടുപ്പു പോലെ ആളുകള്‍ തിക്കുന്നു. എല്ലാ കൌണ്ടറിലും മനുഷ്യച്ചങ്ങല തൂങ്ങിക്കിടപ്പുണ്ട്‌. ചെറുതെന്നു തോന്നിയ ഒരെണ്ണത്തില്‍ ഞാന്‍ കയറി നിന്നതും അടുത്ത ക്യൂ ചെറുതായി, അങ്ങോട്ടുമാറിയപ്പോള്‍ ആദ്യത്തേതു വേഗം നീങ്ങാന്‍ തുടങ്ങി. ഹ. കള; കിട്ടിയേടത്തു നിന്നു.

കൌണ്ടര്‍ അധികാരി ടിപ്പിക്കല്‍ തിരുവല്ലാക്കാരന്‍ ഐപ്പു ചേട്ടന്‍. നരച്ച മീശ. ദേ ഇപ്പോ ഞാന്‍ റിട്ടയര്‍ ചെയ്യും എന്നു പറയുന്ന മുഖം. ആരേയും ശ്രദ്ധിക്കുന്നില്ലെങ്കിലും നാട്ടിലെപ്പോലെ ഉറക്കമല്ല, ഇടക്കൊക്കെ പണിയെടുക്കുന്നുണ്ട്‌.

വല്ലാത്ത മണം. ക്യൂവില്‍ എന്റെ തൊട്ടു മുന്നിലെ കണ്ണിയായി നില്‍ക്കുന്ന സത്വം കോക്‌ ടെയില്‍ പെര്‍ഫ്യൂം അടിച്ചു വന്നിരിക്കുന്നു. കരിയോയില്‍ പുരട്ടി വിട്ട ഹിപ്പോപ്പൊട്ടാമസ്‌ പോലെ സുന്ദരകളേബരം ലെതര്‍ ജാക്ക്റ്റില്‍ പൊതിഞ്ഞ്‌ മുകളിലൂടെപട്ടിച്ചങ്ങല കെട്ടിയിരിക്കുന്നു. നാലഞ്ചു നിറത്തില്‍ മുടി. എന്തൊക്കെ ചെയ്തിട്ടും മുഖത്തെ ആ മലബാര്‍ ടച്ച്‌! അതു മാറില്ലല്ലോ..
ഇവന്‍ എന്തു പണിയെടുത്തു ജീവിക്കുന്നെന്നാലോചിച്ചിട്ട്‌ എനിക്കൊരു കണ്‍ക്ലൂഷനെത്താന്‍ കഴിയും മുന്നേ അവന്‍ ജനാലക്കല്‍ എത്തി.

പേര്‌? പെരിയ കൌണ്ടര്‍ വാഴും ഐപ്പ്‌
എക്സ്യൂസ്‌ മീ? സത്വന്‍
ഓ മലയാളി അല്ലിയോ.
നാം?
ഉം?
ഹിന്ദിയും അല്ലേ, ഐപ്പേട്ടന്‍ ആംഗലേയത്തില്‍ പ്രവേശിച്ചു
നെയിം പ്ലീസ്‌
റോനന്‍
ഇത്തവണ എക്സ്യൂസ്‌ മീ പറഞ്ഞത്‌ ഐപ്പേട്ടന്‍ ആണ്‌.
"റോ-ന-ണ്‍. റോമിയോ , ഓസ്‌കാര്‍, നവംബര്‍, ആല്‍ഫാ, നവംബര്‍" കൂടത്തില്‍ ഇവന്‍ ആരെടാ മന്ദബുദ്ധി എന്ന രീതിയില്‍ ഒരു നോട്ടവും.

ഐപ്പു ചേട്ടന്‍ ഫൊണറ്റിക്ക്‌ ആല്‍ഫബറ്റ്‌ ആദ്യമായി കേട്ടതാണെന്നു തോന്നുന്നു, ഒന്നും മനസ്സിലാകാതെ ചമ്മി. പിന്നെ പാസ്സ്‌ പോര്‍ട്ട്‌ ചോദിച്ചു വാങ്ങി അതു നോക്കി പേരെഴുതി . റോണന്‍ കോണ്‍സുലര്‍ ഓഫീസിനെ പുശ്ച്ചം നിറഞ്ഞ കണ്ണാലെ വട്ടത്തില്‍ ഉഴിഞ്ഞു.

"ഫാദേര്‍സ്‌ നെയിം?" ആത്മ വിശ്വാസം പോയ ഐപ്പേട്ടന്‍ ദുര്‍ബ്ബലമായ ശബ്ദത്തില്‍ ചോദിച്ചു.
"മതുപിലാ"
സോറീ?!
"മതുപിലാ, മൈക്ക്‌, ആല്‍ഫാ, ടാംഗോ, യൂണിഫോം.."
അയ്യോ. ഗുമസ്തേട്ടന്‍ മരിച്ചാല്‍ ഈ ആപ്പീസിനു അവധിയാകും, ഞാന്‍ കണ്ണൂസ്‌ നാട്ടില്‍ നിന്നും ഇത്രയൂം ദൂരം താണ്ടി കുറുമാന്‍ നാടുവരെ നാളെയും വരണം. ഇടപെടണം. റെസ്ക്യൂവര്‍ ആയി ഞാന്‍ ഇടപെട്ടു
"സാറേ മാതുപിള്ള എന്ന ഈ ആള്‍ പറഞ്ഞത്‌"
റോണന്‍ കുത്തു കൊണ്ട പോലെ ഒന്നു പുളഞ്ഞു.
"ആന്നോ? വീട്ടുപേര്‍ എന്താ?" വരമ്പത്തു നിന്നും തേക്കു കണ്ടത്തിലേക്ക്‌ വഴുതിയിറങ്ങിയ വരാലിനെപ്പോലെ ഗുമസ്ത്ജി ജീവിതം ആഞ്ഞുള്‍ക്കൊണ്ടുകൊണ്ട്‌ ചോദിച്ചു
"തണ്ണിത്തൊടി" ഇത്തവണ റോണനു മലയാളവും മനസ്സിലായി അവന്‍ പറഞ്ഞത്‌ ഐപ്പിനും
നല്ലപോലെ മനസ്സിലായി- റേഡിയോ കാള്‍ ഇല്ലാതെ തന്നെ.

റോണന്റെ ഊഴം കഴിഞ്ഞു ഞാന്‍ കൌണ്ടറിലെത്തി. പക്ഷേ, എന്നെ പരിചരിക്കും മുന്നേ ഐപ്പ്‌ മൈക്ക്‌
എടുത്ത്‌ ഒരൊറ്റ അനൌണ്‍സ്‌മന്റ്‌
"തണ്ണിത്തൊടി വീട്ടില്‍ മാതു പിള്ള മകന്‍ റോനന്‍, പ്ലീസ്‌ റിട്ടേണ്‍ റ്റു കൌണ്ടര്‍" ജനക്കൂട്ടം മുഴുവന്‍ റിട്ടേണിയെ നോക്കുമ്പോള്‍ പരസ്യമായി അപ്പനു വിളി കേട്ടമാതിരി അപമാനം കൊണ്ട്‌ മുഖം കുനിച്ച്‌ മാതു പിള്ളക്കു പൊടിച്ച പാഴ്‌ തിരിച്ച്‌ കൌണ്ടറിലെത്തി,
ഐപ്പു പറഞ്ഞ സ്ഥലത്ത്‌ ഒപ്പിട്ടു, പോകാന്‍ പറഞ്ഞതും ആവിയായി മറഞ്ഞു. ഞാന്‍ ചിരിച്ചു പോയി.
എനിക്കത്ര ചിരിയും മറ്റും വരുന്നില്ല, ഐപ്പുസാര്‍ പറഞ്ഞു
അതെന്താ സാറേ?
ആ മാതുപിള്ള മരിച്ചിട്ടില്ലെങ്കില്‍ അയാള്‍ വഴിയിലോ മറ്റോ ആയിരിക്കും. തണ്ണിത്തൊടി വീട്ടില്‍ നിന്നും അയാളെ ഈ ചെറുക്കന്‍ അടിച്ചിറക്കി കാണുംഎന്നത്‌ ഉറപ്പാണ്‌. എതു തന്തക്കും നാളെ ഇതുപോലെ വരാം.

"ആരും മതുപിലയായി ജനിക്കുന്നില്ല സാര്‍, വൃത്തികെട്ട ഈ സമൂഹ..." എന്ന ഡയലോഗ്‌ എനിക്കു വായില്‍ വന്നു. ഐപ്പു ചൂടാകുമെന്ന് ഭയന്ന് പറയാതെ അടക്കിക്കളഞ്ഞു

(അരവിന്നന്‍ കുട്ടി പറയുമ്പോലെ തീരെ നേരമില്ലെങ്കിലും എന്റെ ബ്ലോഗ്ഗെഴുത്ത്‌ മരിച്ചിട്ടില്ലെന്ന് സ്വയം ഒരു ഉറപ്പിനു ഞാന്‍ ഈ
റോണനെ ഇറക്കി വിട്ടോട്ടേ ഇവിടെ)

Tuesday, April 25, 2006

ബിസ്മി

ബസ്സ്‌ അതിന്റെ സ്റ്റോപ്പിലല്ലാതെ നിറുത്തിയത്‌ ഒരു പോലീസ്‌ സബ്‌ ഇന്‍സ്പെക്റ്റര്‍ക്കു കയറാനായിരുന്നു. അയാളെക്കണ്ടതും പേനകള്‍ നിറച്ച ഇരുമ്പു പെട്ടി മാറത്തടുക്കി ബിസ്മിയലി എഴുന്നേറ്റ്‌ തന്റെ ഇരിപ്പിടം സ്വീകരിക്കാന്‍ ആ യൂണിഫോം ധാരിയെ ക്ഷണിച്ചു."യേഷ്‌ ഖമോണ്‍.."

പോലീസുകാരന്‍ സ്റ്റേഷനു മുന്നില്‍ വണ്ടി നിറുത്തിച്ച്‌ ഒരു നന്ദിവാക്കു പോലും പറയാതെ ഇറങ്ങിപ്പോയിക്കഴിഞ്ഞ്‌ ഞങ്ങള്‍ ഈ വൃദ്ധന്‍ അയാള്‍ക്ക്‌ ഇരിക്കാന്‍ ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കേണ്ടിയിരുന്നില്ലെന്ന് പ്രമേയം പാസ്സാക്കി.
"ഒരു ഏ എസ്‌ ഐ എന്നാല്‍ വെറും ഒരു ക്ലെര്‍ക്ക്‌ അല്ലേ? എന്തിനാണു എഴുപതു വയസ്സായ അലിയാരുകാക്ക പെട്ടിയും കുടുക്കയും താങ്ങി എഴുന്നേറ്റ്‌ എമ്മാനെ ഇരുത്തുന്നത്‌? കെ എസ്‌ ഈ ബിയിലെ ഒരു ക്ലാര്‍ക്കായിരുന്നു വന്നതെങ്കില്‍ ഇങ്ങനെ എഴുന്നേറ്റു കൊടുക്കുമായിരുന്നോ? കാക്കായെപ്പോലുള്ളവരാണീ നാട്ടില്‍ പോലീസിനെ.."

പുള്ളേരേ, ഈ വഴിയോരത്ത്‌ ഓടപ്പുറത്ത്‌ ഞാനെന്റെ കച്ചവടം നടത്തുന്നു. എന്നും കാണുന്ന മുഖങ്ങള്‍ പോലീസുകാര്‍, അവരിലൊരാള്‍ക്ക്‌ എന്റെ മുഖം തിരിച്ചറിയാനായാല്‍.

ചിന്നക്കടയെത്തി. "എല്ലാരും ഇറങ്ങണം." കണ്ടക്റ്റര്‍ അറിയിച്ചു.

"യേഷ്‌ ഖമിംഗ്‌" ബിസ്മിയലി പെട്ടിയെടുത്തു. തുവര്‍ത്ത്‌ തോളിലൊരു ഷാള്‍ പോലെ ഇട്ടു. മുണ്ടു മടക്കി കുത്തി ഇറങ്ങിപ്പോയി.

ബിസ്മി പൌണ്ടന്‍ പേനകള്‍, ഞെക്കുമ്പോ നിബ്ബ്‌ വരികയും വീണ്ടും ഞെക്കുമ്പോളത്‌ ഉള്‍വലിയുകയും ചെയ്യുന്ന ജൂബിലി ആട്ടോമാത്തിക്ക്‌ പേനകള്‍, റീഫില്‍, ക്യാമല്‍ മഷി, ചെല്‍പ്പാര്‍ക്ക്‌ മഷി, റൂളിപ്പെന്‍സില്‍, ഡബ്ബര്‍. എഴുത്തു സാമഗ്രികളെല്ലാം വില്‍പ്പനക്ക്‌ അലിയാരുടെ കയ്യിലുണ്ട്‌. ഒരു ചിലന്തി വല കെട്ടിയിരിക്കുമ്പോലെ ഓടപ്പുറത്തു വിരിച്ച ടാര്‍പ്പാളിനില്‍ ഇതെല്ലാം നിരത്തി തിമിരത്തിന്റെ വെളുത്ത വളയങ്ങള്‍ വീണ കണ്ണാലെ നടന്നു പോകുന്നവരെ നോക്കി ആ കിഴവന്‍ അങ്ങനെ വെയിലിലേക്കു കാല്‍ നീട്ടി കടത്തിണ്ണയിലിരിക്കും.വഴിപോക്കരില്‍ ആരുടെയെങ്കിലും കണ്ണ്‍ പേനകളില്‍ തടഞ്ഞുനിന്നാല്‍ ഉറക്കെ ക്ഷണിക്കും"യേഷ്‌ ഖമോണ്‍!"വിലപേശലൊഴിച്ചാല്‍ അലിയാരുടെ കച്ചവടത്തില്‍ ആര്‍ക്കും കുറ്റമോ കുറവോ കണ്ടുപിടിക്കാനൊന്നുമില്ല.

ചെറുപ്പകാലത്ത്‌ മട്രിക്കുലേഷന്‍ എഴുതാന്‍ താന്‍ അലിയാരുടെ കയ്യില്‍ നിന്നും വാങ്ങിയ അതേ പേന താന്‍ പെന്‍ഷന്‍ മസ്റ്റ്രോള്‍ ഒപ്പിടാനും കൊണ്ടുപോകുന്നെന്നും മറ്റുമുള്ള പഴങ്കഥകള്‍ പറഞ്ഞ്‌ കൊച്ചു മകനു പേനവാങ്ങാന്‍ വരുന്ന സമപ്രായക്കാരെ കാണുമ്പോള്‍ ആ കച്ചവടക്കാരന്‍ സംതൃപ്തിയോടെ പറയും "യേഷ്‌, റൈറ്റ്‌!"

അമ്പതു വര്‍ഷത്തെ റൈറ്റുകളുടെ കഥ ഞങ്ങളോടു പങ്കിടുന്ന ബസ്‌ യാത്രകളിലൊന്നിലാണ്‌ ആദ്യമായി ഒരു റോങ്ങ്‌ കണ്ടെത്തിയതും. ജാസ്മിന്റെ ഫയലില്‍ കുത്തിക്കണ്ട ആ റോങ്ങിനെ താല്‍പ്പര്യപൂര്‍വ്വം ഊരിയെടുത്ത്‌ ബിസ്മിയലി ചോദിച്ചു "പേര്‍ഷ്യേന്നു കൊണ്ടുതന്നതാണോയിത്‌?"

"അല്ല കാക്കാ, ഇതു ബ്യൂട്ടി പാലസില്‍ നിന്നു വാങ്ങിയതാ."

അലി റെയ്നോള്‍ഡ്‌ പേനയെ തുറന്ന് ഗുണപരിശോധന നടത്തി.
യേഷ്‌. ഏറിയാലൊരാറു മാസം. പിന്നെ പിരിച്ചടക്കുന്നയിടത്തുവച്ച്‌ പൊട്ടിപ്പോകും. എത്തര കൊടുത്ത്‌?അഞ്ചു രൂപായോ? യേഷ്‌ ഖമോണ്‍. ആറുമാസത്തേക്കഞ്ചേ .വര്‍ഷത്തേല്‍ പത്ത്‌. മോള്‍ക്ക്‌ അമ്പതു വര്‍ഷം എഴുതണമെങ്കില്‍ അഞ്ഞൂറുരൂപാ. അള്ളോ, ഇതു പറ്റിപ്പാ കച്ചോടം.

ജാസ്മിന്‍ തലയറഞ്ഞു ചിരിച്ചു."പൊന്നലിയാരു കാക്കാ. എന്റെ നാളത്തെക്കാര്യം പോലും എനിക്കറിഞ്ഞൂടാ. അമ്പതു വര്‍ഷത്തേക്കു പേനായോ."

ക്ലാസ്സില്‍ ഞാന്‍ ഒറ്റക്കൊരു ബഞ്ചിലായി . മഞ്ഞ നിറം തുടങ്ങിയ വെയിലിലേക്ക്‌‌ നോക്കി ഉറക്കം തൂങ്ങുമ്പോള്‍ കണ്ണടക്കു മുകളിലൂടെ അലസമായി നോക്കിക്കൊണ്ട്‌ പ്രൊഫസര്‍ വായിച്ചു "hence the decision to s set up a cell to wind up those companies referred to the Board for Industrial and Financial Reconstruction as per the new SICA, for which no viable rehabilitation package could be formulated. Those organizations that cannot keep adrift in the gush of the modern technological.. എഴുന്നേറ്റു. "സര്‍ സുഖമില്ല". ഹാങ്ങോവര്‍ പോലെ ഒരു പരവേശം.

ലേഡി അതലെറ്റ്‌സ്‌ ഹോസ്റ്റല്‍ ജനാലയില്‍ നിന്നും നാലായി മടക്കിയ അരപ്പായ പ്രണയലേഖനം ചിറകുകളാക്കി ഒരു റോട്ടോമാക്ക്‌ പേന താഴെ കൈക്കുമ്പിള്‍ നീട്ടില്‍ നില്‍ക്കുന്ന ചെറുക്കന്റെ നേര്‍ക്ക്‌ പറന്നിറങ്ങി. അവന്‍ ഇതു കണ്ടോടാ ലവ്വ്‌ എന്ന മട്ടില്‍ എന്നെ നോക്കി. എഴുതി എഴുതി പ്രണയം തെളിയട്ടെയെന്ന് രവീണ ഠണ്ടന്‍ അനുഗ്രഹിച്ച കമിതാക്കള്‍.

ഐലണ്ട്‌ എക്സ്‌പ്രസ്സ്‌ വന്നു നിന്നു. പത്തിരുനൂറോളം പേര്‍ ഒരു ജാഥപോലെ ചീനക്കാര്‍ നിര്‍മ്മിച്ച റെയില്‍ച്ചരക്കു പാണ്ടികശാലത്തിണ്ണയിലൂടെ നിരത്തിലെത്തി. എന്നാല്‍ ആരുടെയും കണ്ണുകള്‍ ഓടപ്പുറത്ത്‌ നിരത്തിയ ബിസ്മിയിലും ജൂബിലിയിലും തടഞ്ഞുനില്‍ക്കുന്നില്ല.

"യേഷ്‌ ഖമോണ്‍‍" ബിസ്മിയലി ആശയറ്റ്‌ ആരെയെന്നില്ലാതെ ഉറക്കെ വിളിച്ചു.

തള്ളിവന്ന മഹാജനാവലിയുടെ കീശകള്‍ അലിക്കു നോട്ടുകള്‍ കൊടുക്കാതെ തിരക്കിട്ടു വഴിയിടുക്ക്‌ കടന്നു പുറത്തു പോയി.

വെള്ളിയുടെ നിറമുണ്ടായിരുന്ന വെയില്‍ പെട്ടെന്നു മഞ്ഞയും പിന്നെ ബ്രൌണും ആയി. ബിസ്മിയലി താനറിയാതെ അടച്ചിട്ട കടയുടെ തുരുമ്പു ഷട്ടറിലേക്ക്‌ ചാഞ്ഞു.
"യേഷ്‌?" ഒന്നും കഴിക്കാഞ്ഞിട്ടാവുമോ?

തള്ളി വന്ന ദീര്‍ഘശ്ശ്വാസം പ്രാണവായുവിന്‍ കണികകളൊന്നും അലിക്ക്‌ കൊടുക്കാതെ ‌ നെഞ്ചിന്‍കൂട്‌ കടന്നു പുറത്തു പോയി.
"യേഷ്‌ ഖമിംഗ്‌".ബിസ്മില്ലാഹ്‌.

Tuesday, April 11, 2006

Police Story-3 ഗാന്ധിമാര്‍ഗ്ഗം

ഗാന്ധി ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ടു പത്തു മിനുട്ടായി. ബസ്സോ ജീപ്പോ വരുന്നില്ല. നിരാശനായി കയ്യിലിരുന്ന സിഗററ്റ്‌ ബൂട്ടിനടിയിലിട്ടു ഞെരിച്ചണച്ച്‌ വഴിയരുകില്‍ കിടന്ന ആട്ടോയില്‍ കയറി.

"എന്നെ ക്യാമ്പില്‍ വിട്ടേക്കു"

പറ്റെവെട്ടിയ മുടിയും കര്‍ക്കശമായ നോട്ടവുമായി ഒരെണ്ണം വടവി വരുന്നതു കണ്ടപ്പോഴേ ആട്ടോക്കാരന്‍ നിനച്ചതാ പോലീസാണെന്ന്. പിന്നേ, ചില്ലിക്കാശിനു ഇക്കണ്ട ദൂരമത്രേം പോകാന്‍ വട്ടല്ലേ അവന്‌.

"പെട്രോളില്ലല്ലോ സാറേ".

കലി കയറാതെ എന്തു ചെയ്യും?

"പെട്രോളില്ലാതെ ഈ വഴിയരുകില്‍ ഇതെന്തിനാടാ പയലേ? എന്നാ പിന്നെ ഇതൊരു കംഫര്‍ട്ടു സ്റ്റേഷനായി ഉപയോഗിക്കാം" ഒരമ്പതു പൈസാത്തുട്ട്‌ ഡ്രൈവറുടെ നേരേ എറിഞ്ഞ്‌ ഗാന്ധി ആട്ടോയില്‍ മൂത്രമൊഴിച്ചു!

ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മെന്‍, മീറ്റ്‌ റിസര്‍വ്വ്‌ പോലീസ്‌ കോണ്‍സ്റ്റബിള്‍ മിസ്റ്റര്‍ ഗാന്ധി:- പാവം മഹാത്മാവിനെ ദഹിപ്പിച്ചത്‌ നന്നായി. അടക്കം ചെയ്തതായിരുന്നെങ്കില്‍ ഹേ റാം എന്നു പറഞ്ഞു കിടന്ന രാഷ്ട്രപിതാവ്‌ സ്വന്തം കുടുമ്മപ്പേരു എഴുതി വാങ്ങി കുട്ടിച്ചോറാക്കുന്ന പോലീസുകാരനെ കണ്ട്‌ ഹറാം എന്നു പറഞ്ഞ്‌ എഴുന്നേറ്റോടി വന്നേനെ. എതോ ഗാന്ധിയനു പിറന്ന ഈ തലതെറിച്ചോനും സാക്ഷാല്‍ ഗാന്ധിയുമായി ആകെയുള്ള മലബന്ധം ഇരുവരുടെയും മദ്യവിരോധം മാത്രം.

സര്‍പ്പബലി
3000 ചെറുപ്പക്കാര്‍, അരോഗ ദൃഢഗാത്രര്‍, ജഗജില്ലികള്‍ - മാത്രം വസിക്കുന്നൊരു സ്ഥലം. അവിടെ ഒന്നു വിലസണേല്‍ ചില്ലറ നമ്പരൊന്നും പോരാ കയ്യില്‍. ആട്ടുകല്ലിന്‍ കുഴവി എടുത്ത്‌ മുതുകത്തു വച്ചു 301 പുഷ്‌ അപ്പെടുക്കും എന്നൊക്കെയാ ഓരോരുത്തരുടെ വീരവാദം. എന്നാല്‍ വെറും ഒരാവറേജ്‌ തടിയുടെ ഓണറായ ഗാന്ധിയാണവിടെ ഹീറോ. 2999 പേര്‍ക്കും ഇല്ലാത്ത ഒരു മുതലേ ഗാന്ധിക്കുള്ളൂ. നിഷ്കളങ്കത. അതും ഒറിജിനലല്ല. വെറും കാക്കപ്പൊന്നായ നിഷ്കളങ്കത. അതെടുത്ത്‌ എന്‍ക്യാഷ്‌ ചെയ്ത്‌ ആടിനെ പട്ടിയാക്കിയും പട്ടിയെ ചിക്കനാക്കിയും ഇയാള്‍ ക്യാമ്പില്‍ ആര്‍മ്മാദിച്ചു. അവസരത്തിനൊത്ത്‌ പൊട്ടനായും ചെട്ടിയായും മാറുന്ന ഗാന്ധിയന്‍ തന്ത്രങ്ങള്‍ക്കു മുന്നില്‍ അടിപതറാത്ത പോലീസുകാരനില്ലെന്ന് സര്‍വീസ്‌ ചരിത്രം കാക്കി അക്ഷരങ്ങളില്‍ കുറിച്ചു വച്ചിരിക്കുന്നു.

ട്രെയിനര്‍ നാടാര്‍ക്ക്‌ ചില തുറുപ്പു ചീട്ടുകളുണ്ട്‌, കൂടെ ഭയങ്കര പക്ഷപാതവും. അന്യം നിന്നു പോകുന്ന ചില കളരി മര്‍മ്മ പ്രയോഗങ്ങള്‍- "വെറും കൈ" എന്നൊക്കെ പറയുന്നത്‌- നാടാര്‍ക്കറിയാം. അതില്‍ നിന്നിത്തിരി പഠിക്കണേല്‍ ഗുരു ദക്ഷിണയായി സ്കോച്ചു വിസ്കീ, ട്രിവാന്‍ഡ്രം കോര്‍ണര്‍ ചിക്കന്‍ ഒക്കെ വയ്ക്കണമെന്നു മാത്രം. ബറ്റാലിയനില്‍ കൈയ്യില്‍ കാശുള്ളവന്‍ കളരി പഠിച്ചു, കാശില്ലാത്തവന്‍ കവാത്തും.

ആറരയടി പൊക്കവും നാലടി വീതിയും പോന്ന ഗുരുവിന്റെ ഗുരുകളേബരം മെയിന്റൈന്‍ ചെയ്യാന്‍ മെസ്സിലെ ചോറും ശിഷ്യരുടെ ചട്ടീല്‍ കൈയിട്ടുവാരുന്നതും പോരാത്തതിനാല്‍ അദ്ദേഹം വൈകിട്ട്‌ ഒരു ബൈക്ക്‌ റൈഡ്‌ നടത്താറുണ്ട്‌ - ഒറ്റക്ക്‌. തട്ടുകടയിലെ പോത്തിറച്ചി, അതു ദഹിക്കാന്‍ മൂന്നു പിടി ചാരായവും ഇതിന്റെയെല്ലാം അസിഡിറ്റി പോകണമെങ്കില്‍ രണ്ടു കവര്‍ മില്‍മ ഫുള്‍ ക്രീമിലും, ജീവിതം എന്തൊരു ചിലവാണപ്പോ.

ഈ മനുഷ്യന്‍ എല്ലാ ദിവസവും കള്ളുകുടിയോ? ഗാന്ധിയന്‍ രക്തം തിളച്ചു. നാടാരെ ഉപദേശിച്ചാല്‍ തെറിയും ചോദ്യം ചെയ്താല്‍ മരണവും ഉറപ്പ്‌. പരാതിപ്പെടാന്‍ വകുപ്പുമില്ല. എന്നാലും വെയര്‍ ദെയറീസേ വില്ല് ദെയറീസേ വെയര്‍ എന്നല്ലേ വില്ലടിമച്ചാന്‍പാട്ട്‌.

ഗാന്ധിക്ക്‌ വേ ആയി അവതരിച്ചത്‌ കമാന്‍ഡന്റ്‌ സാക്ഷാല്‍ ജയച്ചന്ദ്ര വര്‍മ്മ. ഹനുമാന്റെ മുഖലക്ഷണം മാത്രമല്ല, ഭക്തിയും ഉള്ളയാള്‍. അണ്ണാന്റെ മുതുകിലെ പോലെ ഭസ്മം കൊണ്ട്‌ അഞ്ചാറു വരയുണ്ടത്രെ മൂപ്പര്‍ക്ക്‌ ( "മൈ വേടക്കമ്മാന്‍ഡ്‌" [my word o' command] എന്ന് ഇടക്കിടക്കു ഗര്‍ജ്ജിക്കാറുള്ള വര്‍മ്മയെ ഗാന്ധി [രഹസ്യമായി]വിളിക്കുന്നത്‌ വേടക്കമാന്‍ഡര്‍ എന്നാണ്‌).

വര്‍മ്മസ്സാര്‍ കയറിവന്നത്‌ ഒരു വൈകുന്നേരം. നാടാര്‍ ഫൂഡ്‌ & ബിവറേജ്‌ സപ്ലിമെന്റിനു പുറത്തുമാറിയ നേരം. ഏ എസ്സ്‌ ഐ പ്രസന്നന്‍ ആരതിയായി നിലംകുലുക്കി സല്യൂട്ടൊരെണ്ണം തന്റെ പരമാവധി ശക്തിയെടുത്ത്‌ അടിച്ചു.

"സീ ഐ ക്യാമ്പിലില്ലേ?" വര്‍മ്മ കുശലം പോലെ തിരക്കി

"നാടാര്‍ സാര്‍ നൂറും പാലും കഴിക്കാന്‍ പോയിരിക്കുകയാണു സാര്‍" ഗാന്ധി ചാടി പറഞ്ഞു.

ഐസുമുട്ടായി വിഴുങ്ങിയപോല്‍ ഭക്തമാനസം കുളിര്‍ത്തു. " ഒരു ക്രിസ്ത്യാനിയായ നാടാര്‍ ശനിയും ഞായറും പള്ളിയില്‍ പോകുന്നതിനു പുറമേ നാഗാരാധനയും നടത്തുന്നുണ്ടല്ലേ? കണ്ടു പഠിക്കുക, ഭക്തി എന്താണെന്ന്, അയാള്‍ക്കു നല്ലതേ വരൂ.എന്നാല്‍ നീയൊക്കെ ഇങ്ങനെ ബീഡിയും വലിച്ച്‌ തേരാപ്പാരാ..ആട്ടേ, എതു കാവിലാ നാടാരു നൂറും പാലും കഴിക്കാന്‍ പോയത്‌?"

"സര്‍. പാലു മില്‍മയുടെ ബൂത്തില്‍ നിന്നാണു പുള്ളി കഴിക്കുക.. നൂറ്‌.. അതു സാറിനറിയാമല്ലോ ഡെയിലി ബാറില്‍ പോകാനുള്ള ശമ്പളമൊന്നും സീ ഐ യുടെ സ്കെയിലില്‍ ഇല്ലല്ലോ സാര്‍.. ഷാപ്പില്‍ നിന്നാ നൂറു കഴിക്കുന്നത്‌. നാടാര്‍ സാര്‍ നല്ല അദ്ധ്വാനിയാണു സര്‍, മൂപ്പര്‍ക്കെന്തെങ്കിലും അഡീഷണല്‍ അലവന്‍സ്‌ കൊടുത്താല്‍ ഷാപ്പൊഴിവാക്കി വല്ല ബാറില്‍ പോയിക്കോളും".

വേടക്കമാന്‍ഡര്‍ "ശിവ ശിവാ" എന്നു വിളിച്ച്‌ വേഗം മഹീന്ദ്ര കമാന്‍ഡര്‍ വണ്ടിയില്‍ സ്ഥലം വിട്ടു. ദീര്‍ഘ സര്‍വീസ്‌ കണക്കിലെടുത്ത്‌ നാടാര്‍ക്ക്‌ കുടിച്ച്‌ വാഹനമോടിച്ചതിനും ക്യാമ്പില്‍ മദ്യപിച്ചു വന്നതിനും അച്ചടിച്ച താക്കീതില്‍ ഒതുങ്ങി ശിക്ഷ.

"എന്തു തന്തയില്ലാഴികയാ ഗാന്ധീ ഈ കാട്ടിയേ?" കിട്ടിയ മെമോ വീശിക്കാട്ടി നാടാര്‍ പല്ലു ഞെരിച്ചു.

"സാറിനു വല്ല അലവന്‍സും കൂട്ടി കിട്ടിയാ സുഖമായി വൈകുന്നേരം ഈ പന്ന ചാരായത്തിനു പകരം വിസ്കിയോ ബ്രാണ്ടിയോ മറ്റോ അടിക്കാമല്ലോ എന്നു കരുതി പറഞ്ഞതാ" നിഷ്കളങ്കത മുഖത്തു വിരിച്ചിട്ട്‌ ഗാന്ധി പറഞ്ഞു "കെട്ടതു ഞാന്‍ നിരുവിക്കത്തില, സത്യം".

സത്യമായിരിക്കുമോ.. അതോ ഇവന്‍ വഹിക്കുകയാണോ? സീ ഐക്കു ഒന്നും മനസ്സിലായില്ല.

നിലംപരിശ്‌
KeraLa Police - Sabarimala Bandobust എന്നടിച്ച കാര്‍ഡ്‌ കയ്യില്‍ കിട്ടിയതും തുടങ്ങി ഗാന്ധിക്കു ഡിപ്രഷന്‍. കട്ടിപ്പണിയാണു ശബരിമലയില്‍- മഞ്ഞ്‌, മല, ആളെ ചുമന്നു പടികയറ്റം ഓട്ടം, ചാട്ടം.. ഇതിനെല്ലാം പുറമേ പോലീസ്‌ ജീവിതവും പറ്റില്ല. വെജിറ്റേറിയന്‍ ശാപ്പാട്‌, നോ സ്മോക്കിംഗ്‌, അശ്ലീലം വിളിക്കാന്‍ തീരെയും പാടില്ല.. ബന്തവസ്സ്‌ പോലീസിന്നു മൃതിയെക്കാള്‍ ഭയാനകം. സര്‍ക്കാര്‍ ശീട്ടു തന്നതല്ലേ, പോകാതെ പറ്റില്ല. സോപ്പിട്ട്‌ മുങ്ങാമെന്നുവച്ചാല്‍ മെമോ സംഭവത്തിനു ശേഷം ട്രെയിനറുമായി തീരെ നല്ല ബന്ധവുമില്ല.

നാടാര്‍ക്കും ചുണക്കുട്ടന്മാര്‍ക്കും ശബരിമല ഡ്യൂട്ടി ട്രെക്കിംഗ്‌ ക്യാമ്പ്‌ പോലെ വലിയ ഇഷ്ടമാണ്‌. അവരവിടെ ഓടിച്ചാടി നടക്കവേ ഒരു മത്സരമായി. ബാക്ക്‌ പാക്‌ (15 കിലോയുണ്ട്‌) സഹിതം പമ്പ മുതല്‍ സന്നിധാരം വരെ നെട്ടനെ കിടക്കുന്ന മല മൂന്നു തവണ നോണ്‍ സ്റ്റോപ്പ്‌ ഓടിക്കയറുകയും ഓടി ഇറങ്ങുകയും ചെയ്യുന്നവര്‍ക്ക്‌ ഒരാഴ്ച്ച ഓഫ്‌. വീട്ടില്‍ പോയി ചുമ്മാ ഉറങ്ങാന്‍ ചുമ്മാ ഓഫ്‌.


14 ആംഡ്‌ പോലീസുകാര്‍ ഓടി. ഇവന്മാര്‍ വഴീല്‍ നില്‍ക്കുന്നില്ലാ എന്ന് പാറാവുകാര്‍ മോണിറ്റര്‍ ചെയ്തു. 5 പേര്‍ പൂര്‍ത്തിയാക്കി കെട്ടും കെട്ടി നാട്ടില്‍ പോയി. പ്രലോഭനം സഹിക്കവയ്യാതെ ഗാന്ധി നാടാരുടെ ടെന്റില്‍ കയറിച്ചെന്നു

"ന്താടോ?" നാടാര്‍ക്ക്‌ പഴേപോലെ ഒരു മൈന്‍ഡ്‌ ഇല്ല മെമ്മോക്കു ശേഷം.

"സര്‍, എനിക്കു ഈ നോണ്‍ സ്റ്റോപ്പൊന്നും ഒക്കില്ല സാര്‍. പക്ഷേ സാറിനു വേണ്ടി ആര്‍ക്കും ഒക്കാത്ത ഒന്നൊപ്പിക്കാനൊക്കും."
" എന്താണത്‌" ഗൌരവം ഇത്തിരി കുറഞ്ഞു.

"എന്റെ നാട്ടില്‍ സ്കോച്ച്‌ തോറ്റുപോകുന്ന വാറ്റുണ്ട്‌ സാര്‍. ഫേയിമസ്‌ സാധനം"
മദ്യവിരുദ്ധരുടെ നേതാവ്‌ സാക്ഷാല്‍ ഗാന്ധിയാണതു പറയുന്നത്‌!. നാടാരു വീണു പോയി. അങ്ങത്തെ ആ വീഴ്ച്ചയില്‍ നിന്നെഴുന്നേല്‍ക്കും മുന്നേ ഗാന്ധി മുങ്ങി. കഥയറിഞ്ഞവര്‍ മൂക്കത്തു വിരല്‍ വച്ചു. പിന്നെ രഹസ്യമായി വാറ്റിന്റെ ഷെയറും ചോദിച്ചു.ശബരിമലയിലെ മഞ്ഞില്‍ സ്മാള്‍ ഇസ്‌ ബ്യൂട്ടിഫുള്‍! മാലാഖയെപ്പോലെ ഗാന്ധി കയ്യില്‍ ചാരായക്കുപ്പീമായി പറന്നു വരുന്നത്‌ സ്വപ്നം കണ്ടാണതേ നാടാരുടെ ബറ്റാലിയന്‍ E മുഴുവന്‍ ഉറങ്ങിയത്‌.

ദിവസം എഴു കഴിഞ്ഞു. ഓട്ടക്കാരും ഗാന്ധിയും അവരവരുടെ വീടുകളില്‍ നിന്നും അച്ചാറും മീന്‍ വറുത്തതുമൊക്കെയായി തിരിച്ചെത്തി. സംഭവം പരസ്യമായിരുന്നെങ്കിലും ചോദിക്കുന്നതു വാറ്റല്ലേ. നാടാര്‍ ടെന്റിന്റെ ഒരരികില്‍ കൊണ്ടു പോയി അടക്കത്തില്‍ ചോദിച്ചു
"സാധനം എന്ത്യേടോ?"

ഗാന്ധി "ഞാനറിഞ്ഞില്ലാ അമ്മേ" എന്നു പറയുമ്പോ കുഞ്ഞിനു മുഖത്തു വരുന്ന ഭാവം എടുത്തണിഞ്ഞു"അതു പിന്നെ സാറേ വാറ്റുകാരന്റെ അമ്മായിയമ്മ മരിച്ചു പോയി. ചാവുപുലയുള്ള വീട്ടില്‍ വാറ്റാന്‍ പാടില്ലാത്രേ. അതുകൊണ്ട്‌ ചത്തവരുടെ 41 കഴിയാതെ സാധനം കിട്ടില്ല. ഞാനിങ്ങു പോന്നു"

പ്രകോപിതമാവുമ്പോള്‍ തേളു വാലു ചുഴറ്റുന്നതുപോലെ സ്വാഭാവികമായൊരു പ്രതികരണമാവാം, നാടാരുടെ മാരകമായ വെറും കൈ ഒരു ലാന്‍സലോട്ടു കഠാരിയുടെ രൂപമെടുത്ത്‌ ഗാന്ധിയുടെ പതക്കരളിനു നേരേ ഉയര്‍ന്നു. "വാറ്റു വാങ്ങി കൊടുക്കാത്തതിനു കോണ്‍സ്റ്റബിളിനെ മേലധികാരി അടിച്ചുകൊന്നു" എന്ന വാര്‍ത്ത പത്രത്തില്‍ വന്നാലുള്ള ഭവിഷ്യത്തോര്‍ത്തപ്പോള്‍ ആ കൈ ഉയര്‍ന്നയത്ര വേഗത്തില്‍ തന്നെ താഴുകയും ചെയ്തു.

Monday, April 03, 2006

Police Story 2- ഉത്തരവുകള്‍

പരമാധികാരത്തിന്റെ പ്രഭവസ്ഥാനത്ത്‌ വെറും നിശബ്ദതയും അടച്ചുറപ്പിച്ചതിന്നുള്ളില്‍ ചുറ്റിത്തിരിയുന്ന ശൈത്യവാതവും പിന്നെ മദ്യശാലയിലേതു പോലെ അശ്ലീലമായ ഒരുതരം അരണ്ട വെളിച്ചവുമാണെന്നത്‌ ക്യാമ്പിലെ ആഞ്ഞിലി മരത്തണലിലിട്ട തുരുമ്പിച്ച ഇരുമ്പു കസേരയിലിരുന്നുകൊണ്ട്‌ വാഹനങ്ങളുടെയും പാത്രം കഴുകുന്നതിന്റേയും ഒച്ചക്കു മുകളിലൂടെ ട്രെയിനര്‍ നാടാര്‍ വിളിച്ചു കൂക്കുക്കുന്ന ആജ്ഞാരൂപമാര്‍ന്ന ഔദ്യോഗികനിര്‍ദ്ദേശങ്ങള്‍ കേട്ടു മാത്രം ശീലിച്ചതിനാലാവാം, കുമാറിനെ വല്ലാതെ അലോസരപ്പെടുത്തി.

ജെന്റില്‍മാന്‍ എന്ന സ്ഥാനപ്പേരു കിട്ടിയ വടക്കേയിന്ത്യക്കാരന്‍ മേധാവി സല്യൂട്ടടിച്ചു നിന്ന അയാളെ ഏറെനേരം മനപ്പൂര്‍വ്വം ശ്രദ്ധിക്കുന്നില്ലെന്ന് നടിച്ച്‌ എത്ര നിസ്സാരനാണെന്ന് നിശബ്ദതകൊണ്ടയാളെ ഓര്‍മ്മപ്പെടുത്തിയ ശേഷം കണ്ണട മുഖത്തു വച്ചു ചെരിഞ്ഞൊന്നു നോക്കി.

കോണ്‍സ്റ്റബിള്‍..
യെസ്‌ സര്?
‍ഹും. 16 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഞാനാദ്യമായാണ്‌ ഒരു സാധാരണ കോണ്‍സ്റ്റബിളിനെ വിശദീകരണത്തിനു എന്റെ ഓഫീസില്‍ വിളിക്കുന്നത്‌, വടിവൊത്ത ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞു. അതില്‍ നിന്നു തന്നെ നീ ചെയ്തത്‌ എത്ര ഗുരുതരമായ കാര്യമെന്ന് നിനക്കു മനസ്സിലായല്ലോ .

ചാക്കു പോലത്തെ പരുത്ത സ്റ്റോര്‍ ഇഷ്യൂ തുണിയിലൂടെ അരിച്ചു കയറുന്ന തണുപ്പില്‍ കുമാറിനു നെഞ്ചു വേദനിച്ചു.

നീ കോടാലികൊണ്ട്‌ ഒരു പൌരന്റെ കാലു വെട്ടി. എത്ര ഹീനമായ പ്രവര്‍ത്തി. അവനവകാശപ്പെട്ട അവന്റെ നാട്ടില്‍ അവന്‍ തരുന്ന ശമ്പളം വാങ്ങിക്കുന്ന നീ അവന്റെ കാലു തന്നെ വെട്ടി! നീ മനുഷ്യനോ മൃഗമോ? ഒരു പട്ടി പോലും മറ്റൊരു പട്ടിയോട്‌ ഇങ്ങനെ ചെയ്യില്ല. ജെന്റില്‍മാന്റെ ശബ്ദം നാടാരുടേതു പോലെ ഉയരുകയോ കയര്‍ക്കുകയോ ചെയ്തില്ല കുമാറിനോട്‌. ഒരു കോടതി വിധി വായനപോലെ അത്‌ സാത്വികതയില്ലതെ നിര്‍വികാരതയും തണുപ്പും നിറഞ്ഞ്‌ അയാളുടെ നേര്‍ക്കെത്തിക്കൊണ്ടിരുന്നു.

സര്‍, വേട്ടിയാളന്‍ ഒരു സാധാരണ പൌരനെന്നതിനെക്കാള്‍ ഗൂണ്ടാത്തലവനെന്ന്..

ഛുപ്പ്‌! വേട്ടിയാളനോ? നായെയെ വിളിക്കുമ്പോലെ ഇരട്ടപ്പേരുകള്‍ പറയാന്‍ നാണമില്ലേ. ആ മനുഷ്യനൊരു പേരുണ്ടെടോ.

ആ മനുഷ്യനൊരു പേരുണ്ട്‌. അയാള്‍ക്ക്‌ ജനാധിപതിയുടെ അളിയനെന്ന വിലാസമുണ്ട്‌. എനിക്ക്‌ വെറുമൊരു നമ്പര്‍. അയാള്‍ക്ക്‌ സിവിലിയന്റെ മനുഷ്യാവകാശങ്ങളുണ്ട്‌.. എനിക്കോ? പീ സീ കുമാര്‍ പറയാന്‍ ആഗ്രഹിച്ചു.

പാമ്പിനെപോലെ തണുപ്പും കാളിമയുമുള്ള അധികാരത്തിന്റെ ഔന്നത്യമേ, ദയവുണ്ടായി കേള്‍ക്കണമിത്‌, വേട്ടിയാളന്‍ മനുഷ്യനല്ല, ഭരണകേന്ദ്രത്തിലിരുന്ന് നിന്റെ നേര്‍ക്കു കാര്‍ക്കിച്ചു തുപ്പുന്നവന്‍ നിനക്കു ദൈവമായതിനാല്‍ അയാളുടെ അളിയനായ രാക്ഷസ്സനെ നിനക്കു മാലാഖയായി തോന്നുന്നുണ്ടാവാം. അസ്സാള്‍ട്ട്‌ റൈഫിളേന്തിയ പാറാവുകാര്‍ പടിപ്പുരയും അകത്തളവും കാക്കുന്ന അന്തപ്പുരത്തിലിരിക്കുന്ന നീ തുരുത്തിയിലെ വാറ്റുകേന്ദ്രവും അതിനെ ഭരിക്കുന്ന ഗൂണ്ടാ സംഘത്തേയും ഇതുവരെ കണ്ടിട്ടില്ല. നീ അവിടത്തെ തെരുവില്‍ ചോര ചിന്തുന്നത്‌ കണ്ടില്ല. ആ നശിച്ച ദിവസം ആ തുറയില്‍ കാലില്‍ പിടിച്ച്‌ പാറയിലടിച്ചു കൊല്ലപ്പെട്ട കുഞ്ഞിന്റെ നിലവിളിയും പോലീസ്‌ ക്ലബിലോ നിന്റെ അന്തപ്പുരത്തിലോ വരെ എത്തിയിട്ടുമുണ്ടാവില്ല.

ഔഗ്യോഗികതവുടെ ചുവന്ന മുദ്രയണിഞ്ഞ നിന്റെ ഫൂള്‍സ്‌ കാപ്പ്‌ പേപ്പര്‍ ഇണ്ടാസ്‌ ഞങ്ങളോടു ആവശ്യപ്പെടുന്നു ഈ ചെയ്തതെല്ലാം ആരുത്തരവിട്ടിട്ടാണെന്ന് എഴുതി ബോധിപ്പിക്കാന്‍.


ആരുത്തരവിട്ടിട്ടായിരുന്നു എസ്‌ ഐ ഹക്കീം തെരുവില്‍ തല തല്ലിക്കീറുന്നവരുടെ നിലവിളിയും കുടിലുകള്‍ കത്തിയുയരുന്ന തീയും കണ്ടതെന്നോ?ദൈവം.

ആരുത്തരവിട്ടിട്ടയിരുന്നു 4 മനുഷ്യരും 2 ലാത്തിയും ഒരു റിവോള്‍വറും മാത്രമുള്ള ഒരു ജീപ്പില്‍ ഹക്കീം അങ്ങോട്ടു പോകാന്‍ തീരുമാനിച്ചതെന്നോ? നീ പഠിച്ചിട്ടില്ലേ, ശിങ്കാരവേലു എഴുതിയ പാഠപുസ്തകം? അതില്‍ പരതുക -മനസ്സാക്ഷി, ചുമതലാബോധം, കൂട്ടായ്മ, അര്‍പ്പണബോധം എന്നീ വാക്കുകള്‍ക്ക്‌. ഹക്കീം എന്തിനു തിരിച്ചെന്നും ഞങ്ങളെന്തിനു കൂടെ പോയെന്നും സ്വയം ബോധ്യപ്പെടുത്തുക.

അടിയും ചവിട്ടും കൊണ്ടു ചോരതുപ്പി എല്ലുകള്‍ നുറുങ്ങി വീണ എസ്‌ ഐ ഹക്കീമിനെ ജീപ്പിലിട്ട്‌ അവിറ്റെന്നിന്നും രക്ഷിക്കാന്‍ പീ സീ ഗോപനോട്‌ ഉത്തരവിട്ടത്‌ അവന്റെ സഹജാവബോധം. വലിയ ലഹളക്കും കൊള്ളിവയ്പ്പിനും പുകയ്ക്കും തീയ്ക്കും നടുവില്‍ ഒറ്റപ്പെട്ടാല്‍ എങ്ങനെയുണ്ടാവുമെന്ന് നീ അനുഭവിച്ചിട്ടില്ലല്ലോ? അനുഭവിച്ചാല്‍ നിനക്കും ആ ബോധമുണരും.

ബാക്കിയായ രണ്ടുപേര്‍- ഞാനും കോണ്‍സ്റ്റബിള്‍ ആന്റണിയും- പുറത്തോടു പുറം ചേര്‍ന്നു നിന്ന് കയ്യില്‍ കിട്ടിയ ലാത്തിയും തടിക്കഷണവുമയി ഇരുവശത്തുകൂടിയും അലറിപ്പാഞ്ഞു വരുന്ന ജനത്തിന്റെ അടിയും വെട്ടും ഏറും തടുക്കാന്‍ ഉത്തരവായത്‌ സ്വരക്ഷക്കു പരതുന്ന ഇരുവരുടെ പ്രാണന്‍.

എന്റെ കഴുത്തിനു നേരേ വീശപ്പെട്ട കോടാലിക്കു മുന്നില്‍ ബുള്ളറ്റ്‌ പ്രൂഫ്‌ ഹെല്‍മറ്റിട്ട തല കാട്ടി എന്റെ ജീവന്‍ രക്ഷിക്കാന്‍ ആന്റണിയോടുത്തരവിട്ടത്‌ വയസ്സുകാലത്ത്‌ ചിത കത്തിക്കാനൊരുത്തന്‍ ബാക്കി കാണണമെന്നാഗ്രഹിക്കുന്ന എന്റെ അമ്മ.

കോടാലിയോങ്ങി നില്‍ക്കുന്ന നേതാവിനോടത്‌ പിടിച്ചു വാങ്ങി ഒരൊറ്റ വെട്ടിനവന്റെ കാലു തുണ്ടമാക്കി ജനത്തെ വിരട്ടിയോടിക്കാനും അങ്ങനെ എനിക്കും ആന്റണിക്കും രക്ഷപ്പെടാനൊരു പഴുത്‌ തെളിക്കാനും എന്നോടുത്തരവിട്ടതോ? ഇനിയും പള്ളിയില്‍ കൊണ്ടു പോയി ഒരു പേരിട്ടിട്ടില്ലാത്ത ആന്റണിയുടെ കുഞ്ഞ്‌. നീ പോയി കാരണം ചോദിക്ക്‌.

കയ്യില്‍ കിട്ടിയ അച്ചടിച്ച കടലാസ്സില്‍ ഡിസ്മിസ്സല്‍ എന്നും ടെര്‍മിനേഷന്‍ എന്നും വാക്കുകളില്ലെന്നു മാത്രം ഉറപ്പു വരുത്തി കുമാര്‍ ഇറങ്ങി വെയിലില്‍ കുറെ നേരം നിന്നു.

"എസ്സൈക്കെങ്ങനെ കുമാറേ, പണിയെടുത്തു ജീവിക്കാന്‍ കഴിയുമോ" എന്നൊരു കുശലം ചോദിച്ച സെന്റ്രിയോട്‌ ഉത്തരമറിയാത്തതുകൊണ്ട്‌ വെറുതേ തലയാട്ടി കാണിച്ചു.

"ഇയാളേ ലോക്കലിലോട്ടു തട്ടിയല്ലേ, ഒരു തരത്തില്‍ നന്നായി സര്‍വീസ്‌ ബെനിഫിറ്റെല്ലാം പോയാലും ജീവഭയമില്ലാതെ ഉറങ്ങാമല്ലോ" അയാള്‍ തുടര്‍ന്നു.

"അതേ, അമ്മ ഒറ്റക്കല്ലേ, എനിക്കവരുടെ കൂടെ നില്‍ക്കുകയും ചെയ്യാം" കുമാര്‍ പുറത്തേക്കു നടന്നു.

"വേട്ടിയാളന്‍ തവളയെപ്പോലെ ചാടി നടന്നുപോകുന്നത്‌ നമുക്കൊരു ദിവസം പോയൊന്നു കാണേണ്ടേ" സെന്റ്രി പിറകില്‍ നിന്നും ഒരനുമോദനം പോലെ വിളിച്ചു പറഞ്ഞു. ഇവരുടെ ഓര്‍മ്മയില്‍ തനിക്കൊരു ഹീറോ ഇമേജ്‌ കിടക്കട്ടെ, കുമാര്‍ വെറുതേ ചിരിച്ചു.