Saturday, February 19, 2011

ഭ്രാന്ത്

അമ്മേ, ഒരു കഥ.
അമ്മ വീട്ടുചിലവ് എഴുതുന്ന നോട്ട്ബുക്ക് അടച്ചു എന്റയടുത്ത് വന്നിരുന്നു.അമ്മ പറയുന്ന കഥകളെല്ലാം അമ്മയുടെ കുട്ടിക്കാലമാണ്‌. അത് മിക്കതും കേട്ടു കഴിഞ്ഞു.

ഞാന്‍ കിട്ടുമേശിരിയുടെ കഥ പറഞ്ഞിട്ടുണ്ടോ?
ഇല്ല.

നമ്മടെ രാമന്‍ മേശിരിയില്ലേ, അയാളുടെ അപ്പനായിരുന്നു കിട്ടുമേശിരി. വല്യ പേരുകേട്ട പണിക്കാരന്‍ ആയിരുന്നു. അന്ന് സായിപ്പന്മാര്‍ക്കും ദിവാനും ഒക്കെയേ കാറുള്ളൂ, ഇവിടങ്ങളില്‍ ആര്‍ക്കുമില്ല, കാറിന്റെ പണികള്‍, തോക്കിന്റെ പണികള്‍, മില്ലിലെ നൂല്‍ നൂക്കുന്ന യന്ത്രം, കമ്പനികളിലെ ആവി എഞ്ചിനുകള്‍ ഇതിനെയൊക്കെ പണി ചെയ്യാന്‍ കൊല്ലത്ത് കിട്ടുമേശിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്നിട്ട്?
അങ്ങനെ വലിയ വലിയ പണിയൊക്കെ എടുത്തിട്ടായിരിക്കും കിട്ടുമേശിരിക്ക് ചെറിയ പ്രശ്നങ്ങള്‍ തുടങ്ങി. തന്നത്താനെ എന്തോ ഒരു വലിയ യന്ത്രം ഉണ്ടാക്കാന്‍ തുടങ്ങി മേശിരി. വേറേ എല്ലാ പണിയും നിര്‍ത്തി. എല്ലാ ദിവസവും ഈ യന്ത്രമുണ്ടാക്കലാണ്‌ പണി. ഉറക്കവുമില്ല, രാത്രിയും ഇതിന്റെ അടുത്താണ്‌ ഇരിപ്പ്. കുറേ പൈസയുണ്ടായിരുന്നു അതൊക്കെ കൊടുത്ത് ഇതിനു സാധനങ്ങള്‍ വാങ്ങി, ദൂരെ മദിരാശിയിലും ഒക്കെ പോയി കൊണ്ടുവരും. വീടു പണയം വച്ചു, പറമ്പു വിറ്റു. ഇതെന്താ ഇങ്ങേര്‍ ഉണ്ടാക്കുന്നതെന്ന് ഒരുപാടു പേര്‍ വന്നു നോക്കി, ഒടുക്കമാണു മനസ്സിലായത് അതങ്ങനെ ഒന്നുമല്ല, കിട്ടുമേശിരിക്ക് ഭ്രാന്തായതാണെന്ന്.

ജോര്‍ജ്ജ് വൈദ്യരെ വിളിച്ച് കാണിച്ചു. അപ്പോഴേക്ക് മേശിരി പണിയെടുക്കുന്നിടത്ത് ആരെങ്കിലും ചെന്നാല്‍ വലിയ വാളെടുത്ത് ഓടിക്കുന്ന അവസ്ഥയായിരുന്നു. പിടിച്ച് ആമത്തില്‍ തളച്ച് മരുന്നു കൊടുക്കാന്‍ വൈദ്യരു പറഞ്ഞു. ആമം എന്താണെന്നറിയുമോ മോന്‌?

ഇല്ല.
ആമം വലിയ തടികൊണ്ട് ഉള്ള രണ്ട് പലകയാണ്‌ അതിന്റെ ഉള്ളില്‍ കാലു വയ്ക്കാന്‍ ഇടമുണ്ട്, കാലുകള്‍ അതിനകത്ത് ആക്കി പൂട്ടുകൊണ്ട് പൂട്ടും.

കഷ്ടം.
മേശിരീടെ പ്രാന്തന്‍ യന്ത്രം പൊളിച്ചു കളയേണ്ടെന്ന് വൈദ്യരു പറഞ്ഞു, അതില്‍ നോക്കി കിടന്നാല്‍ ബഹളം വയ്ക്കുകയും കരയാതെയും കിടന്നോളുമത്രേ. കുറേക്കാലം ആമത്തില്‍ കിടന്നു, മരുന്നും കൊടുത്തു.

എന്നിട്ട്?
അന്ന് ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. ഒരു ദിവസം സ്കൂള്‍ വിട്ടു വന്നപ്പോള്‍ കിട്ടുമേശിരി എന്നെ വിളിച്ചു "മോളേ, ഇതിലേയൊന്നു വരണേ" എന്ന്. ആമത്തില്‍ കിടക്കുന്ന ആള്‍ എന്തു ചെയ്യാനാ, ഞാന്‍ കേറിച്ചെന്നു.

"മോളേ, മേശിരിക്കു ചെവി ചൊറിഞ്ഞിട്ടു തീരെ വയ്യാ, മോളുടെ തലയിലെ ഒരു സ്ലൈഡ് എനിക്ക് തരുമോ?"
ഞാന്‍ ഒരു സ്ലൈഡ് ഊരി മേശിരിക്കു കൊടുത്തു.
എന്നിട്ടോ?

മേശിരി കൊല്ലപ്പണിക്കാരനല്ലേ, ആ സ്ലൈഡ് ഇട്ട് പൂട്ടു തുറന്നിട്ട് ഓടിക്കളഞ്ഞു.
അയ്യോ.

ഞാന്‍ നിലവിളിച്ചുകൊണ്ട് ഓടി. ആളുകള്‍ വന്നപ്പോള്‍ മേശിരി ആ പ്രാന്തന്‍ യന്ത്രത്തിന്റെ മുകളില്‍ കയറിയിരിക്കുകയാണ്‌. എല്ലാവരൂടെ പിടിച്ചു കെട്ടി തിരികെ ആമത്തിലാക്കി. പിന്നെ ഒരുപാട് കാലമൊന്നും കിട്ടുമേശിരി ജീവിച്ചിരുന്നില്ല...


ഒരിക്കലും കണ്ടിട്ടില്ലാത്ത കിട്ടുമേശിരിയെ ഞാനങ്ങു മറന്നു. പക്ഷേ രാമന്‍ മേശിരിയെ ഞാന്‍ എന്നും ശ്രദ്ധിച്ചിരുന്നു. ആരും ചെയ്യാത്ത പണികള്‍ മേശിരിക്കു വലിയ താല്പര്യമാണ്‌. പ്രൊജക്റ്റര്‍, വീഡിയോ ക്യാമറ, പ്രിന്റിങ്ങ് പ്രസ്സ്, റേഡിയോ, ടേപ്പ് റിക്കോര്‍ഡര്‍, മോട്ടോര്‍ ബൈക്കുകള്‍, കാര്‍-നാട്ടില്‍ ആരും റിപ്പയര്‍ ചെയ്യാത്തതും എവിടെയും ശരിയാക്കാന്‍ രാമന്‍ മേശിരിയെ ആണ്‌ വിളിക്കാറ്‌. നാട്ടില്‍ യന്ത്രങ്ങളും അവയുടെ ഉപഭോക്താക്കളും വര്‍ദ്ധിച്ചതോടെ രാമന്‍ മേശിരിക്ക്  പണികള്‍ മറ്റു പലരെയും പഠിപ്പിച്ചു കൊടുക്കലായി പ്രധാന പണി. റേഡിയോ വര്‍ക്ക്ഷോപ്പ്, ഓട്ടൊമൊബൈല്‍ വര്‍ക്ക് ഷോപ്പ്, എലട്രീഷ്യന്‍-രാമന്‍ മേശിരി ഒരു എഞ്ചിനീയറിംഗ് കോളേജ് ആയി. അപ്പോഴും ആരും ചെയ്യാത്തത് എന്തെങ്കിലും പുതിയതായി വരും. ഒരു പമ്പിന്റെ കപ്പാസിറ്റര്‍, ഒരു എയര്‍ ജെറ്റ് ലൂമിന്റെ ബോബിന്‍... മേസ്തിരിയുടെ വരുമാനം അതില്‍ നിന്നായി.

ഞാന്‍ വലുതായി പട്ടണത്തില്‍ ജോലിക്കു പോയി. പിന്നെ വേറേ സംസ്ഥാനത്ത്, വേറേ രാജ്യത്ത്. മേസ്തിരി വയസ്സായി. ഐ. ടി ഐയും പോളിയും പഠിച്ചവര്‍ കടകള്‍ തുടങ്ങി. മേസ്തിരി പഠിപ്പിക്കലിനെക്കാള്‍ പഠിക്കാന്‍ തുടങ്ങി. ഐ എസ് ആര്‍ ഓയിലെ എഞ്ചിനീയര്‍ ആയി എന്റെ ക്ലാസ്സില്‍ പഠിച്ച സാജന്‍. അവന്‍ റോക്കറ്റ് നിര്‍മ്മിക്കുന്ന കാര്യം പറയുമ്പോള്‍ രാമന്‍ മേശിരി കൊച്ചുകുട്ടിയെപ്പോലെ വായ പൊളിച്ചിരിക്കും. പിന്നെ നോട്ടുബുക്കില്‍ ചിലതൊക്കെ എഴുതിയെടുക്കും, പടങ്ങളും വരയ്ക്കും. ഷാജി മര്‍ച്ചന്റ് നേവിയില്‍ പോയി. അവന്റെ അടുത്തു നിന്നാണ്‌ നാവിഗേഷന്‍ പ്ലോട്ടര്‍, കോമ്പസ് തുടങ്ങിയയുടെ പണി മേശിരി മനസ്സിലാക്കിയത്.

രാമന്‍ മേശിരിയെ ഞാന്‍ അവസാനം കാണുന്നത് ചേച്ചി വീടുവയ്ക്കുന്ന സമയത്താണ്‌. നിലമ്പൂരിലെ പഴയൊരു വീട് പൊളിച്ചതില്‍ നിന്നാണ്‌ ജനലും വാതിലും വീടിനു വയ്ച്ചത്. മുന്‍‌വാതിലിനു പടുകൂറ്റന്‍ ഒരു പൂട്ടുണ്ട്. അതിന്റെ താക്കോല്‍ ഇല്ല. താക്കോല്‍ പണിയണം, പൂട്ട് വര്‍ക്ക് ചെയ്യുന്ന രീതിയില്‍ ആക്കുകയും വേണം.

അതിന്റെ പുറം മാത്രം അങ്ങനെ നിറുത്തി അകത്ത് വേറൊരുതരം പൂട്ട് വയ്ക്കാം, വീടിന്റെ എഞ്ചിനീയര്‍ പറഞ്ഞു.
വേണ്ട, നമുക്ക് രാമന്‍ മേശിരിയെ വിളിക്കാം, ഞാന്‍ പറഞ്ഞു.

രാമന്‍ മേശിരി തീരെ വൃദ്ധനായിക്കഴിഞ്ഞിരുന്നു. ഓട്ടോയിലാണ്‌ വന്നത്. പൂട്ട് കണ്ട് വളരെ രസിച്ചു.
"ഇതിലൊക്കെ പണിയാന്‍ പറ്റുന്നത് ഒരു ഭാഗ്യമാണ്‌. ഞാന്‍ താക്കോലുണ്ടാക്കി രണ്ട് ദിവസം കഴിഞ്ഞു വരാം."

ഇപ്പോഴത്തെ പൂട്ടിനെക്കാളൊക്കെ നല്ലത് പണ്ടത്തേതായിരുന്നു എന്നാണോ മേശിരി? ഞാന്‍ തിരക്കി.
"അങ്ങനല്ല കുഞ്ഞേ, ഇന്നലത്തെ പൂട്ടിനെക്കാള്‍ മെച്ചപ്പെട്ടതാണ്‌ ഇന്ന് ഇറങ്ങുന്നത്. അതിലും നല്ലത് നാളെ ഇറങ്ങും. ഇത് പത്തിരുന്നൂറു വര്‍ഷം മുന്നേ, നമ്മളാരും കണ്ടിട്ടില്ലാത്ത ആളുകള്‍ ചെയ്ത പണിയാണ്‌, അതിലൊക്കെ എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നത് ഭാഗ്യമെന്ന്."

ഞാന്‍ തിരിച്ചു കൊണ്ടുവിടാം, ഞാന്‍ പറഞ്ഞു. മേസ്തിരി എന്റെ കൂടെ വണ്ടിയില്‍ കയറി. മുപ്പതു കൊല്ലമായി എന്നെ അലട്ടിയിരുന്ന കാര്യം ഞാന്‍ അന്നാണ്‌ മേശീരിയോട് ചോദിച്ചത്.

"കിട്ടു മേശിരി ഉണ്ടാക്കിയിരുന്ന യന്ത്രം എന്തായിരുന്നു രാമ്മേശിരീ, അറിയുമോ?"
"അപ്പനു പ്രാന്തൊന്നുമായിരുന്നില്ല. പക്ഷേ ഞാന്‍ അന്ന് ചെറുതല്ലേ, കൊച്ചു കുട്ടി. എന്തായിരുന്നതെന്ന് എനിക്കു മനസ്സിലായില്ല. ആര്‍ക്കും. ഇപ്പോ ആലോചിക്കുമ്പ, അതിനു വലിയൊരു ഡയനമോ ഉണ്ടായിരുന്നു. ഒരു പക്ഷേ, അതൊരു കാറ്റാടിയന്ത്രം ആയിരുന്നിരിക്കും. വൈദ്യുതി ഉണ്ടാക്കുന്ന കാറ്റാടിയന്ത്രം അറിയുമോ?"
"അറിയാം."

"ഇപ്പോഴത്തെ കുട്ടികള്‍ക്ക് എല്ലാം അറിയാം." മേശിരി സന്തോഷിച്ചു. "ഇതൊക്കെ ഇന്റെര്‍നെറ്റില്‍ കിട്ടും അല്ലേ?"
"കിട്ടും മേശിരി. ഇപ്പോഴത്തെ കാലത്ത് ജീവിച്ചിരുന്നെങ്കില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന് തോന്നുന്നോ?"

"അതില്ല കുഞ്ഞേ, പണ്ടുള്ളവര്‍ ഒത്തിരി ചെയ്തതിന്റെ ഫലമാണ്‌ ഇപ്പോഴുള്ളത്. ഇന്നു നിങ്ങളു ചെയ്യുന്നതിന്റെ ഫലം ഇതിലും നല്ലതായി നാളെ വരും. അതങ്ങനെ പോകും അതാണ്‌ പുരോഗതി. നമ്മളൊക്കെ പണ്ട് കുന്തവും പിടിച്ച് ഗുഹയില്‍ താമസിച്ചിരുന്ന കാലത്തു നിന്ന് ഇവിടെയായതും ഇനി പോണതും അങ്ങനെയാണ്‌."

ശരിയാണ്‌.
"ഇവിടിറക്കിയാല്‍ മതി, കടേല്‍ കേറണം. രണ്ടീന്ന് മൂന്നിലോട്ട് മാറുമ്പ ഗീയറിനൊരു പിടിത്തമുണ്ട് കുഞ്ഞേ."
മേശിരിയൊന്ന് നോക്കുന്നോ?
ഇല്ല. ഉമയനെല്ലൂരെ ഇതിന്റെ സര്‍‌വീസ് സ്റ്റേഷനില്‍ കാണിക്കണം എന്ന് പറഞ്ഞതാ.